അമേരിക്കന്‍ ഐക്യനാടുകള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അമേരിക്കന്‍ ഐക്യനാടുകള്‍
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു(In God We Trust)
ദേശീയ ഗാനം: The Star-Spangled Banner
തലസ്ഥാനം വാഷിംഗ്‌ടണ്‍ ഡി.സി.
രാഷ്ട്രഭാഷ ഇംഗ്ലീഷ്‌, സ്പാനിഷ്
ഗവണ്‍മന്റ്‌
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്‌
പ്രസിഡന്‍ഷ്യല്‍ ജനാധിപത്യം‌
ജോര്‍ജ് ബുഷ്
ഡിക് ചെനി
രൂപീകരണം ജൂലൈ 4, 1776
വിസ്തീര്‍ണ്ണം
 
9,629,091ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
 • ജനസാന്ദ്രത
 
281,421,906(2000)
32/ച.കി.മീ
നാണയം ഡോളര്‍ (USD)
ആഭ്യന്തര ഉത്പാദനം $1,22,77,583 (1)
പ്രതിശീര്‍ഷ വരുമാനം $43,555 (3)
സമയ മേഖല UTC (-)5-(-)10
ഇന്റര്‍നെറ്റ്‌ സൂചിക .us, .gov
ടെലിഫോണ്‍ കോഡ്‌ ++1

അമേരിക്കന്‍ ഐക്യനാടുകള്‍ അഥവാ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ അമേരിക്ക വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലുളള 50 സംസ്ഥാനങ്ങള്‍ ചേര്‍ന്നുള്ള ഫെഡറല്‍ റിപബ്ലിക്ക്‌ ആണ്‌. യു.എസ്‌.എ., യു.എസ്‌., അമേരിക്ക എന്നിങ്ങനെയും അറിയപ്പെടുന്നു. ആംഗലേയത്തില്‍ United States of America, U.S.A. കാനഡ, മെക്സിക്കോ എന്നിവയാണ്‌ അമേരിക്കയുടെ അയല്‍ രാജ്യങ്ങള്‍. റഷ്യ, ബഹാമസ്‌ എന്നീ രാജ്യങ്ങളുമായി സമുദ്രാതിര്‍ത്തിയുമുണ്ട്‌. അലാസ്ക, ഹവായി എന്നിവയൊഴികെ 48 സംസ്ഥാനങ്ങളും മെക്സിക്കോയ്ക്കും കാനഡയ്ക്കുമിടയിലുള്ള ഭൂപ്രദേശത്ത്‌ വ്യാപിച്ചു കിടക്കുന്നു. വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ മൂന്നാമത്തെ രാജ്യമാണിത്‌. സാമ്പത്തികമായും രാഷ്ടീയമായും ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമാണ്‌ അമേരിക്കന്‍ ഐക്യനാടുകള്‍.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

അമേരിഗോ വെസ്പൂച്ചി യുടെ ഓര്‍മ്മയ്ക്കായാണ് അമേരിക്ക എന്ന പേര്‍ വന്നത് എന്നാണ് പാരമ്പര്യമായി കരുതിപ്പോരുന്നത്. എന്നാല്‍ ചെമ്പന്‍ ഏറിക് (Eric the Red) എന്നാ ആദ്യകാല നാവികന്റെ പേരിലാണ് ഈ പ്രദേശത്തിന് ആ പേര്‍ വിണത് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. സ്കാന്‍ഡിനേവിയന്‍ ഭാഷയില്‍ ആമ്റ്റ് എന്നാല്‍ ജില്ല എന്നാണ് (സ്ഥലം) അതിന്റെ കൂടെ ഏറിക്ക് എന്നു ചേര്‍ത്ത് അമ്റ്റേറിക്ക എന്ന് എറിക്കിന്റെ സ്ഥലം എന്നര്‍ത്ഥത്തില്‍ വിളിച്ചു വന്നത് അമേരിക്ക ആയി പരിമണിച്ചു എന്നാണ് കരുതുന്നത്.

എന്നാല്‍ വേറേ ചിലര്‍ ഓമെറിക്കേ (Ommerike (oh-MEH-ric-eh)) നോക്കെത്താദൂരത്തെ തീരം എന്നര്ത്ഥമുള്ള പഴയ നോര്‍ഡിക്ക് ഭാഷയില്‍ നിന്നാണ് ഈ പേര് വന്നതെന്നാണ് കരുതുന്നത്. വേറേ ചിലര്‍ ആകട്ടേ Ommerike എന്ന വാക്ക് സ്വര്‍ഗ്ഗരാജ്യം എന്ന ഗോത്തിക്ക് വാക്കില്‍ നിന്നാണ് ഉത്ഭവിച്ചത് എന്നാണ് കരുതുന്നത്. [1]

[തിരുത്തുക] ചരിത്രം

[തിരുത്തുക] കണ്ടെത്തല്‍

1492-ല് സ്പാനീഷ് സര്‍ക്കാരിന്റെ കീഴില്‍ കപ്പിത്താനായി സേവനം ചെയ്തിരുന്ന ക്രിസ്റ്റഫര്‍ കൊളംബസ് ഇപ്പോഴത്തെ ബഹാമാസ് ദ്വീപുകള്‍ കണ്ടെത്തുന്നതോടെ അമേരിക്കയുടെ ആധിനിക ചരിത്രം തുടങ്ങുകയായി. ഇന്ത്യ യിലേക്കുള്ള സമുദ്രമാര്‍ഗ്ഗം തേടിയാണ് അദ്ദേഹം പുറപ്പെട്ടത്.എന്നാല്‍ അതിനു മുന്‍പേ തന്നെ കുടിയേറ്റങ്ങള്‍ ആരംഭിച്ചിരുന്നു. ചെമ്പന്‍ ഏറിക് എന്നയാളുടെ നേതൃത്വത്തില്‍ ഒരു സംഘം വൈക്കിങ്ങുകള്‍ പത്താം ശതകത്തിലോ മറ്റോ വടക്കന്‍ അമേരിക്കയുടെ തീരങ്ങളില്‍ ചെന്നിറങ്ങിയതായും തെളിവുകള്‍ ഉണ്ട്.

[തിരുത്തുക] പുരാതന കാലം

കുടിയേറ്റങ്ങളുടെ ചരിത്ര ഭൂമിയാണ്‌ അമേരിക്ക. പതിനായിരം മുതല്‍ നാല്‍പതിനായിരം വരെ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തുടങ്ങിയതാണ്‌ ഈ കുടിയേറ്റ ചരിത്രം[2]. ഏഷ്യയില്‍ നിന്നുള്ള മംഗോളി വംശജരാണ്‌ അമേരിക്കയിലേക്ക്‌ ആദ്യമെത്തിയത്‌ എന്നു കരുതപ്പെടുന്നു. ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്കയില്‍ എത്തിയപ്പോള്‍ ഇന്ത്യയുടേ എതോ തീരത്താണ് തങ്ങള്‍ എന്നാണ് അവര്‍ കരുതിയത്. അതിനാല്‍ അവിടെ കണ്ട ഈ വര്‍ഗ്ഗക്കാരെ അവര്‍ ഇന്ത്യക്കാര്‍ എന്ന് വിളിച്ചു. ഇവര്‍ ക്രമേണ ഈ ഭൂഖണ്ഡത്തിന്റെ സ്വാഭാവിക ജനതയായി മാറി. ജനസംഖ്യയില്‍ മൂന്നുകോടിയോളമുണ്ടായിരുന്ന ഇവര്‍ക്ക് നിയതമായ സംസ്കാരവും ജീവിത രീതികളുമുണ്ടായിരുന്നതായി ആധുനിക കാലത്ത് നടത്തിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും മറഞ്ഞ് സ്വൈര്യമായി കഴിഞ്ഞിരുന്ന സ്വാഭാവിക ജനതയുടെ ചരിത്രം അവസാനിക്കുന്നത് യൂറോപ്യന്‍ കുടിയേറ്റത്തോടെയാണ്.

[തിരുത്തുക] യൂറോപ്യന്‍ അധിനിവേശങ്ങള്‍

അധിനിവേശത്തെ സൂചിപ്പിക്കുന്ന ദേശീയ ഭൂപടം, ഒറീഗോണും മറ്റും ഉള്‍പ്പെടുത്തിയിട്ടില്ല
അധിനിവേശത്തെ സൂചിപ്പിക്കുന്ന ദേശീയ ഭൂപടം, ഒറീഗോണും മറ്റും ഉള്‍പ്പെടുത്തിയിട്ടില്ല

അമേരിക്ക എന്ന ഭൂപ്രദേശത്തിന്റെ ഗതി മാറ്റിയെഴുതിയ അധിനിവേശങ്ങളായിരുന്നു പിന്നീട്‌. ക്രിസ്തുവര്‍ഷം 1500നും 1600നും ഇടയില്‍ ഇന്നത്തെ അമേരിക്കയുടെ തെക്കുപടിഞ്ഞാറായി വന്നുവാസമുറപ്പിച്ച സ്പാനിഷ്‌ കുടിയേറ്റക്കരാണ്‌ ആദ്യമെത്തിയ യൂറോപ്യന്മാര്‍. സാന്റാഫേ, ഫ്ലോറിഡയിലെ സെന്റ്‌.അഗസ്റ്റിന്‍ എന്നിവയായിരുന്നു പ്രധാന സ്പാനിഷ്‌ താവളങ്ങള്‍. വിര്‍ജീനിയയിലെ ജയിംസ്‌ ടൌണിലാണ്‌ ഇംഗ്ലീഷുകാര്‍ 1607-ല്‍ ആദ്യമായി വന്നു താവളമടിച്ചത്‌.104 പേരുള്ള ഒരു സംഘമായിരുന്നു അത്. ആ കേന്ദ്ര ബിന്ദുവിനു ചൂറ്റുമായി അമേരിക്ക വളര്‍ന്ന് പന്തലിക്കാന്‍ തുടങ്ങി. പിന്നീടുള്ള ദശകങ്ങളില്‍ ഫ്രഞ്ചുകാരും ഡച്ചുകാരും പല പ്രദേശങ്ങളും കൈക്കലാക്കി. 1820 നും 1910 നും ഇടയ്ക്ക് 280 ലക്ഷം അധിനിവേശകര്‍ ഇവിടെ എത്തി. ഇതില്‍ 87ലക്ഷം പേര്‍ 1900 മുതല്‍ പത്തു വര്‍ഷം കൊണ്ടാണ് എത്തിയത്. മിനിറ്റിന് മൂന്നുപേര്‍ എന്ന മട്ടില്‍ ജനങ്ങള്‍ ഇവിടേയ്ക്ക് അക്കാലത്ത് ഇറങ്ങിക്കൊണ്ടിരുന്നു. മതപീഡനങ്ങളിലും മറ്റും ഭയന്നും തൊഴിലുതേടിയുമാണ് അവര്‍ പ്രധാനമായും ഇവിടേയ്ക്ക് എത്തിയത്. അമേരിക്ക സ്വാതന്ത്ര്യവും വേഗത്തില്‍ പണക്കാരനാകാനുള്ള സൗകര്യവും അവര്‍ക്ക് ഒരുക്കിക്കൊടുത്തു.

[തിരുത്തുക] സ്പെയിന്‍‍കാര്‍

പതിനാറാം ശതകത്തില്‍ ഏറ്റവും വലിയ യൂറൊപ്യന്‍ ശക്തിയായിരുന്ന സ്പെയിന്‍ കൊളംബസിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് അമേരിക്കയിലേയ്ക്ക് മൂന്നു വട്ടം യാത്ര ചെയ്തു. എന്നാല്‍ അമേരിക്കയുടെ മധ്യ ദക്ഷിണ ഭാഗത്തേയ്ക്കാണ് അവര്‍ പോയത്. കടല്‍ക്കാറ്റിന്റെ ഗതിയാണ് അവരെ തെക്കോട്ട് നയിച്ചത്. അമേരിക്കയുടെ മധ്യ ദക്ഷിണ ഭാഗങ്ങളിലേയ്ക്കും വെസ്റ്റ് ഇന്‍ഡീസ് ദ്വീപ്, മെക്സിക്കോ എന്നിവിടങ്ങളിലേയ്ക്കുമാണ് അവര്‍ അവര്‍ പ്രധാനമായും പോയത്. അമേരിക്കയൂടെ മറ്റു ഭാഗങ്ങള്‍ അവരെ സംബന്ധിച്സിടത്തോളം അജ്ഞാതമായിരുന്നു. അമൂല്യമായ സമ്പത്ത് കണ്ടെത്തിയതോടെ മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും അവര്‍ തങ്ങളുടെ കോളനിവത്കരണം തുടങ്ങി. 1521-ല് മെക്സിക്കോ കീഴടക്കി, 1531നു ശേഷം പെറുവും കൈവശപ്പെടുത്തി. 1538-ല് അമേര്‍ക്കയുടെ മധ്യ ഭാഗത്ത് ഫ്ലോറിഡയില്‍, ഡിസ്സോട്ടായുടെ നേതൃത്വത്തില്‍ അവര്‍ ഒരു കോളനി സ്ഥാപിച്ചു. 1513-ല് അവിടെ എത്തിയ ഒരു സ്പാനീഷ സഞ്ചാരിയൂടെ ഒര്‍മ്മകായാണ് അത് സ്ഥാപിച്ചത്. അത് കണ്ടെത്തിയ നാള്‍ കുരുത്തോല പെരുന്നാള്‍ ദിനമായിരുന്നു(സ്പാനിഷില്‍ പാസ്കാവാ ഫ്ലോറിഡ) അതിനാല്‍ ഫ്ലോറിഡ എന്ന് പേര് വയ്ക്കുകയുംചെയ്തു.

[തിരുത്തുക] ഫ്രഞ്ചുകാര്‍

അമേരിക്കയിലേത്തിയ രണ്ടാമത്തെ യൂറോപ്യന്‍ ശക്തി. സ്പെയിന്‍‍കരനായ പിസെറോ പെറുവില്‍ എത്തിയ അതേ സമയത്ത് ഷാക്ക് കാത്തിയേര്‍(Jaqueus Cartier)എന്ന നാവികന്‍ സെന്‍റ് ലോറന്‍സ് ഉള്‍ക്കടലില്‍ അമേരിക്കയുടെ പൂര്‍വ്വ തീരങ്ങള്‍ കണ്ടെത്താന്‍ ശ്രമം നടത്തുകയായിരുന്നു. 1585-ല് അദ്ദേഹം ഇന്നത്തെ ക്യൂബെക്ക് സ്തിതി ചെയ്യുന്ന സ്ഥലം വരെ എത്തിച്ചേര്‍ന്നു. എന്നാല്‍ 1603-ലാണ് ഫ്രഞ്ചുകാര്‍ ഇവിടേയ്ക്ക് കാര്യമായി പ്രവേശിക്കാന്‍ തുടങ്ങിയത്. 1608-ല് സാമുവെല്‍ ഷാമ്പ്ലെയിന്‍ ക്യൂബെക്കില്‍ ആദ്യത്തെ ഫ്രഞ്ചു കോളനി സ്ഥാപിച്ചു. 1669-ല് ഒഹായോ നദി കണ്ടു പിടിച്ചു, മിസിസിപ്പിയുടെ തീരത്തുകൂടെ അവര്‍ അധിനിവേശം തുടര്‍ന്നു. മിസിസിപ്പിയുടെ പതനപ്രദേശത്ത് എത്തിച്ചേര്‍ന്ന ലെസല്ലോ എന്ന ഫ്രഞ്ചു കപ്പിത്താന്‍ ഈ സ്ഥലത്തിന് ഫ്രഞ്ചു രാജാവിനോട് (ലൂയി) ഉള്ള ആദര സൂചകമായി ലൂയിസിയാന എന്ന് പെരിട്ടു. 1718- ഈ തിരങ്ങളില്‍ തന്നെ ന്യൂ ഓര്‍ലിയന്‍സ് എന്ന നഗരം ഉയര്‍ന്നു. ഈ പ്രദേശം മൊത്തം ഫ്രഞ്ചുകാര്‍ക്ക് അധീനത്തിലായി.

[തിരുത്തുക] ഇംഗ്ലീഷുകാര്‍

മേയ്ഫ്ലവര്‍ എന്ന കപ്പല്‍ പ്ലിമത്ത് തീരത്ത്. വരച്ചത് വില്ല്യം ഹാല്‍‍സാല്‍ 1882. 1620-ല് മത പീഡനത്തില്‍ നിന്ന് ഒളിച്ചോടിയ തീര്‍ത്ഥാടകരേയും വഹിച്ച് മേയ്ഫ്ലവര്‍ പുതിയ ലോകത്തെത്തി
മേയ്ഫ്ലവര്‍ എന്ന കപ്പല്‍ പ്ലിമത്ത് തീരത്ത്. വരച്ചത് വില്ല്യം ഹാല്‍‍സാല്‍ 1882. 1620-ല് മത പീഡനത്തില്‍ നിന്ന് ഒളിച്ചോടിയ തീര്‍ത്ഥാടകരേയും വഹിച്ച് മേയ്ഫ്ലവര്‍ പുതിയ ലോകത്തെത്തി

ഹെന്‍‍റി ഏഴാമന്റെ പ്രോത്സാഹനത്തോടെ ജോണ്‍ കാബട്ട് എന്ന നാവികന്‍ ന്യൂഫൌണ്ട് ലാന്‍ഡില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ കാര്യമായ സമ്പത്ത് ഇല്ലാത്തതിനാല്‍ പുതിയ ലോകത്തില്‍ വല്യ തതല്പര്യമൊന്നും ഇംഗ്ലീഷുകാര്‍ കാണിച്ചില്ല. എന്നാല്‍ കനകം നിറഞ്ഞ ഇന്‍ഡീസ് ദ്വീപുകളില്‍ നിന്ന് സ്പെയിന്‍‍കാര്‍ ഉണ്ടാക്കി ഉണ്ടാക്കിയ നേട്ടത്തെക്കുറിച്ച് അവര്‍ വേവലാതിപെട്ടില്ല. എലിസബത്ത് രാജ്ഞിയുടെ കാലത്തും വലിയ പ്രാധാന്യം കല്പിക്കപ്പെട്ടില്ല. എന്നല്‍ ഹെന്‍‍റി എട്ടാമന്റെ കാലത്ത് കടല്‍കൊള്ള മൂലം ധാരാളം സമ്പത്ത് വന്ന് ചേര്‍ന്നത് പുതിയ ലോകത്തേയ്ക്ക് ഒരെത്തിനോട്ടം അനിവാര്യമാക്കി. 1585-ല് അവര്‍ ആദ്യമായി അധിനിവേശത്തിന് ശ്രമിച്ചെങ്കിലും പരാജയമായൈരുന്നു. പിന്നീട് ജെയിംസ് ഒന്നാമന്റെ കാലത്ത് ഇംഗ്ലണ്ടിലെ ധനികരായ വ്യാപാരികള്‍ ലണ്ടന്‍ കമ്പനി എന്ന പേരില്‍ വടക്കേ അമേരിക്കയുമായി വ്യാപാരം നടത്താന്‍ ആരംഭിച്ചു. പിന്നീട് ഇത് വിര്‍ജീനിയാ കമ്പനി എന്നാക്കി. 1607-ല് 104 പേരുമായി അവര്‍ വിര്‍ജീനിയ എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. ജെയിംസ് ടൌണ്‍ എന്ന പേരില്‍ കുടിയിരിപ്പ് ആരംഭിച്ചു. രോഗവും ഇന്ത്യക്കാരുടെ ആക്രമണവും വളരേയേറെപ്പേരെ കൊന്നൊടുക്കി. ചിലര്‍ മടങ്ങിപ്പോയി എങ്കിലും വീണ്ടും വീണ്ടും കുടിയേറ്റങ്ങള്‍ നടന്നു കൊണ്ടിരുന്നു. 1620-ല് മത തീവ്രവാദികള്‍ എന്ന് അന്ന് അറിയപ്പെട്ടിരുന്ന് മറ്റൊരു വിഭാഗം ഇംഗ്ലണ്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കു ശേഷം അമേരിക്കയിലേക്ക് പുറപ്പെട്ടു. മേയ്ഫ്ലവര്‍ എന്ന കപ്പലില്‍ അവര്‍ മസ്സാച്ച്യുസെറ്റ്സിലെ പ്ലിമത്തിലാണ് എത്തിപ്പെട്ടത്. 1628 മുതല്‍ മസ്സാച്ച്യൂസെറ്റ്സ് കോളനി വന്‍ ശക്തിയായി വളര്‍ന്നു തുടങ്ങി. അവര്‍ ഇംഗ്ലണ്ടിലെ ലിങ്കണ്‍ഷയറിലെ ബോസ്റ്റണില്‍ നിന്ന് വന്നവരായിരുന്നതിനാല്‍ ആസ്ഥലത്തിന് ബോസ്റ്റണ്‍ എന്ന് നാമകരണം ചെയ്തു. എന്നാല്‍ അമേരിക്കയില്‍ മത പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനെത്തിയ അവര്‍ തന്നെ മത പീഡകരായി ഭരണം തുടര്‍ന്നു. ഇംഗ്ലീഷുകാര്‍ തുടര്‍ന്ന് നിരവധി കോളനികള്‍ സ്ഥാപിച്ചു. ഇവയില്‍ റോഡ് ദ്വീപുകള്‍, കണക്റ്റിക്കട്ട്, ന്യൂ പ്ലിമത്ത് എന്നിവ ഉള്‍പ്പെടും. ഇവര്‍ പിന്നീട് കണ്ടെത്തിയ ഹഡ്സണ്‍ നദിയുടെ തീരങ്ങളിലും ആവാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഇവരുടെ കൂടെ സ്വീഡന്‍‍കാരും ഹോളണ്ടുകാരും ഉണ്ടായിരുന്നു. പിന്നീട് സ്ഥലത്തിന്റെ പേരിലും അവകാശങ്ങളുടെ പേരിലും ഇംഗ്ലീഷുകാര്‍ സ്വീഡന്‍‍കാരും ഡച്ചുകാരുമായും യുദ്ധങ്ങള്‍ നടത്തി.

[തിരുത്തുക] ബ്രിട്ടനെതിരെ പടയൊരുക്കം

പ്രഥമ യു.എസ്. പ്രസിഡന്റ് ജോര്‍ജ് വാഷിംഗ്ടണ്‍
പ്രഥമ യു.എസ്. പ്രസിഡന്റ് ജോര്‍ജ് വാഷിംഗ്ടണ്‍

അപ്പലേച്ച്യന്‍ പര്‍വ്വതനിരകളുടെ കിഴക്കു ഭാഗത്താണ് ആദ്യത്തെ കുടിയിരിപ്പുകള്‍ (settlements) ആരംഭിച്ചത്. ആദ്യത്തെ പതിമൂന്നു കോളനികളും ഈ സമതലത്തൈലാണ് വികസിച്ചത്. എന്നാല്‍ കാലക്രമേണ അപ്പലേച്ച്യന്‍ മലകള്‍ക്കപ്പുറത്തേയ്ക്ക് അതിര്‍ത്തികള്‍ കടന്നു ചെന്നിരുന്നു. റോഡുകളും റെയില്‍ പാതകളും വ്യാപാരം സുഗമമാക്കി. യൂറോപ്യന്‍ രാജ്യങ്ങളുടെ കോളനികളായി കുഴപ്പങ്ങളില്ലാതെ കഴിയുകയായിരുന്നു ഇവിടുത്തെ ജനത. എന്നാല്‍ ഫ്രഞ്ച്‌-ഇന്ത്യന്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ ഫ്രാന്‍സിനുമേല്‍ വിജയം നേടിയതോടെ കഥയാകെ മാറി. കരീബിയന്‍ ദ്വീപുകളൊഴികെ വടക്കേ അമേരിക്കയിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഫ്രാന്‍സിനു നഷ്ടമാവുകയും ചെയ്തു. ഈ വിജയത്തിനുശേഷം യുദ്ധച്ചിലവെന്ന പേരില്‍ ബ്രിട്ടണ്‍ 13 കോളനികളില്‍ നികുതിപ്പിരിവ് നടപ്പാക്കി. എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലോ മറ്റ് അധികാരസ്ഥാപനങ്ങളിലോ പ്രാതിനിധ്യമില്ലാത്തതിനാല്‍ നികുതി ചുമത്തുന്നത് അന്യായമാണെന്ന് ഈ കോളനിയിലെ തദ്ദേശീയരായ ജനങ്ങള്‍ വാദിച്ചു. ഈ പ്രതിഷേധം ബ്രിട്ടനെതിരെയുള്ള പടയൊരുക്കമായി മാറി. കോളനികള്‍ നടത്തിയ ഈ വിപ്ലവ മുന്നേറ്റം കൊളോണിയല്‍ ശക്തികളുടെ ആധിപത്യം മിക്കവാറും അവസാനിപ്പിച്ചു.

[തിരുത്തുക] സപ്തവത്സരയുദ്ധങ്ങള്‍

പ്രധാന ലേഖനം: സപ്തവത്സരയുദ്ധങ്ങള്‍

പതിനെട്ടാം ശതകത്തില്‍ ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും തമ്മില്‍ മൂന്ന് വന്‍‍കിട യുദ്ധങ്ങള്‍ നടന്നു.) ജോര്‍ജ്ജ് വാഷിങ്ടണ്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഈ കാലത്താണ്. ഇംഗ്ലീഷുകാര്‍ അപ്പലേച്ച്യന്‍ പര്‍വ്വതനിരകള്‍ കടന്നപ്പോള്‍ ഫ്രഞ്ചുകാര്‍ ഒഹായോ നദീ തീരത്തേയ്ക്ക് വ്യാപിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ അവസാനത്തെ യുദ്ധം 1756-ല് തുടങ്ങിയ സപ്തവത്സര യുദ്ധം ആയിരുന്നു. ഈ യുദ്ധങ്ങളില്‍ ആദ്യ പരാജയത്തിന് ശേഷം ബ്രിട്ടീഷുകാര്‍ ഫ്രഞ്ചുകാരെ അപ്പാടെ പരാജയപ്പെടുത്തി. ഒട്ടുമിക്ക ഫ്രഞ്ച് അധീന പ്രദേശങ്ങളും ഇംഗ്ലീഷുകാര്‍ പിടിച്ചെടുത്തു. ഇത് അമേരിക്കന്‍ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. യുദ്ധം അവസാനിപ്പിച്ച് 1763-ല് പാരീസ് ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടു.

[തിരുത്തുക] അമേരിക്കന്‍ വിപ്ലവം

കോണ്ടിനെന്‍റല്‍ കോണ്‍ഗ്രസില്‍ കരടു സമിതി അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപന രേഖ സമര്‍പ്പിക്കുന്നു ചിത്രം വരച്ചത് ജോണ്‍ ട്രുമ്പുള്‍ 1817–1819
കോണ്ടിനെന്‍റല്‍ കോണ്‍ഗ്രസില്‍ കരടു സമിതി അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപന രേഖ സമര്‍പ്പിക്കുന്നു ചിത്രം വരച്ചത് ജോണ്‍ ട്രുമ്പുള്‍ 1817–1819
പ്രധാന ലേഖനം: അമേരിക്കന്‍ വിപ്ലവം

വിപ്ലവ സംബന്ധിയയ സംഭവങ്ങള്‍ 1763 നു ശേഷമുള്ള 20 വര്‍ഷങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇംഗ്ലണ്ടിലെ സര്‍ക്കാരിന് വ്യാപാരമേഖലയിലല്ലാതെ കോളനികളുടെ മേല്‍ നിയന്ത്രണമുണ്ടായിരുന്നില്ല. കോളനിവാസികള്‍ എല്ലാം തന്നെ ഊര്‍ജ്ജ്വ സ്വലരും അധ്വാനശീലരും ആയിരുന്നു. അവര്‍ക്ക് വേണ്ടുന്ന നിയമങ്ങള്‍ അവര്‍ ഉണ്ടാക്കിയ ജനകീയ അസംബ്ലികള്‍ നിര്‍മ്മിച്ചു പോന്നു. എന്നാല്‍ കോളനികളിലെ ഗവര്‍ണ്ണര്‍മാരെ നിയമിച്ചിരുന്നത് ഇംഗ്ലണ്ടിലെ രാജാവായിരുന്നു. ഗര്‍ണ്ണര്‍മാരും അസംബ്ലികളും അധികാരത്തിനായി മത്സരം ഉണ്ടായികൊണ്ടിരുന്നു. റം എന്ന മദ്യമുണ്ടാക്കിയിരുന്ന മൊളാസ്സസിനുമേല്‍ ഇംഗ്ലീഷ് സര്‍ക്കാര്‍ ചുമത്തിയ ചുങ്കം മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചു. ഇത്തരം പല വ്യാപാര നിയമങ്ങളും കോളനികളിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടായിത്തോന്നിത്തുടങ്ങി. പിന്നീട് ഗ്രെന്‍‍വില്‍ സ്റ്റാമ്പു നിയമം പ്രതിഷേധത്തിന്റെ തീ ആളിക്കത്തിച്ചു. നിരവധി പേര്‍ പങ്കെടുത്ത സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കപ്പെട്ടു. കോളനിവാസികളുടെ മേല്‍ നികുതി ചുമത്താന്‍ ബ്രിട്ടന് അധികാരമില്ല എന്നായിരുന്നു അവരുടെ അവകാശ വാദം. 1773 നോര്‍ത്ത് പ്രഭുവിന്റെ നിര്‍ദ്ദേശ പ്രകാരം തേയില നികുതി നിയമം പാസ്സാക്കപ്പെട്ടു. ഒരുപാടു തേയില ബ്രിട്ടീഷ് കമ്പനിയായ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈവശം ഉണ്ടായിരുന്നു. ഇത് അമേരിക്കക്കാര്‍ക്ക് കള്ളക്കടത്തലിലൂടെ ലഭിക്കുന്ന തേയിലയേക്കാല്‍ വില കുറച്ച് വില്‍കാമെന്നായിരുന്ന് അവര്‍ വിചാരിച്ചത്. എന്നാല്‍ 1773-ല് തേയില കപ്പലുകള്‍ ബോസ്റ്റണ്‍ തുറമുഖത്തെത്തിയപ്പോള്‍ തേയില വാങ്ങാന്‍ ആരും എത്തിയില്ല. ഇന്ത്യന്‍ വര്‍ഗ്ഗക്കാരുടെ വേഷം ധരിച്ച ഒരു വലിയ ജനക്കൂട്ടം തേയിലക്കപ്പലുകളില്‍ ഒന്നടങ്കം പ്രവേശിച്ച തേയിലപ്പെട്ടികള്‍ കടലിലേയ്ക്ക് മറച്ചിട്ടു. ഈ സംഭവം ബോസ്റ്റണ്‍ ടീ പാര്‍ട്ടി എന്ന സംഘം ആണ് നിര്‍വ്വഹിച്ചത്. കോളനികളുടെ ആദ്യത്തെ പ്രതിനിധി യോഗം 1774-ല് ഫിലാഡെല്‍ഫിയയില്‍ വച്ച് കോണ്ടിനെന്‍റല്‍ കോണ്‍ഗസ് എന്ന പേരില്‍ ആരംഭിച്ചു. പില്‍ക്കാലത്തെ സ്വാതന്ത്ര്യസമരത്തിലും ഐക്യനാടുകളുടെ ഭരണചരിത്രത്തിലും പ്രമുഖമായ പങ്കു വഹിച്ച ജോര്‍ജ് വാഷിംഗ്ടണ്‍ (വെര്‍ജീനിയ), സാമുവല്‍ ആഡംസ് (മസ്സാച്ചുസെറ്റ്സ്), ജോണ്‍ ജേയ് (ന്യൂ ഇംഗ്ലണ്ട്) തുടങ്ങിയ വ്യക്തികള്‍ അന്ന് പങ്കെടുത്തിരുന്നു. 1776-ല്‍ 13 കോളനികള്‍ ചേര്‍ന്ന് ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് യുണെറ്റഡ് സ്റ്റേറ്റ്സ് എന്ന പേരില്‍ ലോകത്തിലെ ആദ്യത്തെ കേന്ദ്രീകൃത ജനാധിപത്യ രാജ്യം സ്ഥാപിച്ചു. തുടക്കത്തില്‍ പലരാജ്യങ്ങളുടെ കൂട്ടായ്മ എന്ന നിലയിലായിരുന്നു പ്രവര്‍ത്തനമെങ്കിലും 1789-ല്‍ ഭരണഘടനാനുസൃതമായ ഫെഡറല്‍ സ്വഭാവം കൈവരിച്ചു. ആദ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങള്‍

  • വിര്‍ജീനിയ
  • ന്യൂയോര്‍ക്ക്
  • മസാച്ചുസെറ്റ്സ്
  • നോര്‍ത്ത് കരോലിന
  • കണക്റ്റിക്കട്ട്
  • സൗത്ത് കരോലിന
  • ഡിലാവര്‍
  • പെന്‍സില്‍വാനിയ
  • മേരിലാന്‍ഡ്
  • റോഡ് ഐലന്‍ഡ്
  • ന്യൂഹാംഷയര്‍
  • ജോര്‍ജിയ
  • ന്യൂജേഴ്സി

[തിരുത്തുക] അമേരിക്കന്‍ ആഭ്യന്തര യുദ്ധം

ഗെറ്റിസ് ബര്‍ഗ് യുദ്ധം കല്ലി വര്‍ച്ച ചിത്രം കറിയറും അയ്വ്സും, 1863ലെ ഈ യുദ്ധം നിര്‍ണ്ണായകമായ വഴിത്തിരിവായിരുന്നു. യുദ്ധത്തിലെ ജയംരാജ്യത്തെ ഒറ്റക്കെട്ടായി നില്‍കാന്‍ സഹായിച്ചു
ഗെറ്റിസ് ബര്‍ഗ് യുദ്ധം കല്ലി വര്‍ച്ച ചിത്രം കറിയറും അയ്വ്സും, 1863ലെ ഈ യുദ്ധം നിര്‍ണ്ണായകമായ വഴിത്തിരിവായിരുന്നു. യുദ്ധത്തിലെ ജയംരാജ്യത്തെ ഒറ്റക്കെട്ടായി നില്‍കാന്‍ സഹായിച്ചു

1750 ആയപ്പോഴേക്കും ഇംഗ്ലീഷ് കോളനികളില്‍ ആകെ ജനസംഖ്യ പതിനഞ്ചു ലക്ഷം ആയിരുന്നും അതില്‍ തന്നെ മൂനു ലക്ഷം പേര്‍ അടിമപ്പണിക്ക് ആഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന നീഗ്രോകള്‍ ആയിരുന്നു. അടിമത്തത്തെച്ചൊല്ലിയാണ് അമേരിക്കയില്‍ ആദ്യത്തെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലായിരുന്നു ഇത്. വടക്കുള്ള സംസ്ഥാനങ്ങള്‍ അടിമപ്പണിക്ക് എതിരായിരുന്നെങ്കില്‍ കൃഷി മുഖ്യ തൊഴിലാക്കിയിരുന്ന തെക്കന്‍ പ്രദേശങ്ങള്‍ അടിമപ്പണി ഒരു അനിവാര്യതയായി കണക്കാക്കി. ഈ തര്‍ക്കം ആഭ്യന്തര കലാപമായി. 1861-ല്‍ ഏഴ് വടക്കന്‍ സംസ്ഥാനങ്ങള്‍ അമേരിക്കയില്‍നിന്നും വിട്ടുപോന്നു. ഇത് ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചു. ഈ യുദ്ധത്തിനിടയിലാണ് എബ്രഹാം ലിങ്കണ്‍ ചരിത്രപ്രസിദ്ധമായ ‘അടിമത്ത വിമോചന പ്രഖ്യാപനം’ നടത്തിയത്. ഫെഡറല്‍ സ്വഭാവത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചാണ് ആഭ്യന്തരയുദ്ധം അവസാനിക്കുന്നത്. ഏതായാലും സംസ്ഥാനങ്ങളേക്കാള്‍ ഫെഡറല്‍ ഗവണ്‍‌മെന്റിന്റെ അധികാരങ്ങള്‍ക്ക് പ്രാധാന്യമേറി [3].

[തിരുത്തുക] വിപുലീകരണം

പത്തൊന്‍‌പതാം നൂറ്റാണ്ടില്‍ കൂടുതല്‍ പ്രദേശങ്ങള്‍ സംസ്ഥാനങ്ങളായി ചേര്‍ക്കപ്പെട്ടു. തുടക്കം മുതലുണ്ടായിരുന്ന 13 കിഴക്കന്‍ സംസ്ഥാനങ്ങളിലും കുടിയേറ്റം മൂലം ജനസംഖ്യ പെരുകിയതോടെ കൂടുതല്‍ പ്രദേശങ്ങള്‍ വെട്ടിപ്പിടിക്കാന്‍ തുടങ്ങി. അമേരിക്കയിലെ യഥാര്‍ഥ ജനതയായ അമേരിക്കന്‍ ഇന്ത്യക്കാര്‍ മിക്കവയും തെക്കു പടിഞ്ഞാറ് ഭാഗങ്ങളിലായിരുന്നു വ്യാപിച്ചിരുന്നത്. മൂന്നു കോടിയോളമുണ്ടായിരുന്ന ഇവരില്‍ അധികവും യൂറോപ്യന്‍ കുടിയേറ്റം സമ്മാനിച്ച സാംക്രമിക രോഗങ്ങള്‍മൂലം ചത്തൊടുങ്ങി. ശേഷിച്ച പ്രദേശങ്ങള്‍ പുതിയ ‘’യുണൈറ്റഡ് സ്റ്റേറ്റ്സ്‘’ വെട്ടിപ്പിടിച്ചു. പത്തൊന്‍‌പതാം നൂറ്റാണ്ടിന്റെ അവസാനത്തൊടെ ഒട്ടുമിക്ക അമേരിക്കന്‍ ഇന്ത്യന്‍ പ്രദേശങ്ങളും നാമാവശേഷമായി. അമേരിക്കന്‍ ഇന്ത്യക്കാര്‍ ന്യൂനപക്ഷമായി ചുരുക്കപ്പെടുകയും ചെയ്തു. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള മിക്കപ്രദേശങ്ങളും യുണൈറ്റഡ് സ്റ്റേറ്റ്സിനു കീഴിലായി.

[തിരുത്തുക] വന്‍ശക്തിയായി വളരുന്നു

ഇരുപതാം നൂറ്റാണ്ടിലാണ് അമേരിക്ക ആഗോള ശക്തിയായി വളര്‍ന്നു വന്നത്. വ്യാവസായിക, സാങ്കേതിക മേഖലകളില്‍ കൈവരിച്ച വളര്‍ച്ച അമേരിക്കയുടെ കുതിച്ചുകയറ്റത്തിനു കാരണമായി. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളായിരുന്നു അമേരിക്കയുടെ കുതിച്ചുകയറ്റത്തിന് മറ്റൊരു കാരണം. രണ്ട് ലോക മഹായുദ്ധങ്ങളിലും അവര്‍ പങ്കെടുത്തെങ്കിലും സ്വന്തം ഭൂമിയില്‍ പടവെട്ടേണ്ടി വന്നില്ല. സഖ്യകക്ഷികളുടെ മണ്ണിലായിരുന്നു അവരുടെ പോരാട്ടങ്ങളത്രയും. ഇതിനാല്‍ യുദ്ധത്തിന്റെ ദുരിതങ്ങള്‍ അമേരിക്കയെ സ്പര്‍ശിച്ചതേയില്ല. എന്നാല്‍ അതുവരെ മേധാവിത്വം പുലര്‍ത്തിയിരുന്ന യൂറോപ്യന്‍ രാജ്യങ്ങളാ‍കട്ടെ യുദ്ധത്തിന്റെ അനന്തരഫലമായി വെട്ടിമുറിക്കപ്പെടുകയും സാമ്പത്തികമായി തളരുകയും ചെയ്തു. 1929 മുതല്‍ 1939 വരെ ലോകമെമ്പാടും രൂപംകൊണ്ട സാമ്പത്തിക മാന്ദ്യവും അമേരിക്കയ്ക്ക് പോറലേല്‍പ്പിച്ചില്ല. ചുരുക്കത്തില്‍ 1950കളില്‍ ആഗോള സമ്പത്തിന്റെ സിംഹഭാഗവും കേന്ദ്രീകരിച്ചിരുന്നത് അമേരിക്കയിലായിരുന്നു.

[തിരുത്തുക] ശീതയുദ്ധം

സോവ്യറ്റ് യൂണിയനില്‍ നിന്നുമാത്രമാണ് ഈ കാലഘട്ടത്തില്‍ അമേരിക്ക കാര്യമായ വെല്ലുവിളി നേരിട്ടത്. ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ അതിശക്തമായ മത്സരം ഉടലെടുത്തു. ലോകം രണ്ട് വന്‍ ശക്തികള്‍ക്കു കീഴിലായി വിഭജിക്കപ്പെട്ടു. സോവ്യറ്റ് യൂണിയനും അമേരിക്കയും തമ്മില്‍ നിലനിന്നിരുന്ന കിടമത്സരത്തെ ‘ശീതയുദ്ധം‘ എന്നാണ് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ 1990കളില്‍ സോവ്യറ്റ് യൂണിയന്‍ ശിഥിലമായതോടെ അമേരിക്കന്‍ ഐക്യനാടുകള്‍ ആഗോള പൊലീസായി വളര്‍ന്നു. സമസ്ത മേഖലകളിലും അമേരിക്കന്‍ അധീശത്വം നിലവില്‍‌വന്നു. രാജ്യാന്തര പ്രശ്നങ്ങളില്‍ അമേരിക്ക ഇടപെടാന്‍ തുടങ്ങി. മിക്കയിടങ്ങളിലും അമേരിക്കയുടെ ഇടപെടലുകള്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു.

[തിരുത്തുക] ഇരുപത്തൊന്നാം നൂറ്റാണ്ടില്‍

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മറ്റൊരു വെല്ലുവിളിയാണ് അമേരിക്കയ്ക്കു മുന്നിലുള്ളത്-ഇസ്ലാമിക തീവ്രവാദം. 2001 സെപ്റ്റംബര്‍ 11ന് ന്യൂയോര്‍ക്കിലെ ലോകവ്യാപാര കേന്ദ്രത്തിനു നേരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണം ഈ രാജ്യത്തിന്റെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ചു. അമേരിക്കന്‍ ജനത ചരിത്രത്തില്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി ഈ ആക്രമണം വിലയിരുത്തപ്പെടുന്നു. സെപ്റ്റംബര്‍ 11ലെ തിരിച്ചടിക്കുശേഷം അമേരിക്ക രാജ്യാന്തര തലത്തില്‍ നടത്തിയ ഇടപെടലുകളാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രധാന സംഭവങ്ങള്‍. അമേരിക്കന്‍ ജനതയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു എന്ന ന്യായത്തിന്റെ പിന്‍‌ബലത്തില്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ ആക്രമണങ്ങളായിരുന്നു ഇത്. പ്രത്യേകിച്ച് ന്യായീകരണങ്ങളൊന്നുമില്ലാതിരുന്നിട്ടും അമേരിക്ക നടത്തിയ ആക്രമണങ്ങളെ എതിര്‍ക്കാന്‍ ഭൂമുഖത്ത് ആരും തന്നെയില്ല എന്നത് ഈ നൂറ്റാണ്ടിലും അവരുടെ ആധിപത്യത്തിന് അടിവരയിടുന്നു.

[തിരുത്തുക] ഭൂമിശാസ്ത്രം

അമേരിക്കന്‍ ഐക്യനാടുകളുടെ ഉപഗ്രഹ ചിത്രം
അമേരിക്കന്‍ ഐക്യനാടുകളുടെ ഉപഗ്രഹ ചിത്രം

അമേരിക്കന്‍ ഐക്യനാടുകളുടേ പ്രത്യേകത അതിന്റെ ഭൂപ്രകൃതിയാണ്. അലാസ്കയും ഹാവായിയും ഉള്‍പ്പടേ ആകെ വിസ്തൃതി ച. മൈലാണ്. റഷ്യ ഒഴികെയുള്ള യൂറോപ്പിന്റെ വിസ്തൃതി ഇതിന്റെ പകുതിയേ വരൂ.[4] ടെക്സാസ് എന്ന സംസ്ഥാനത്തിന്‍ ഇംഗ്ലണ്ടിന്റെ ഇരട്ടി വലിപ്പമുണ്ട്. എന്നാല്‍ ഒരു രാജ്യത്തിന്റെ വിസ്തൃതി മാത്രം നോക്കി ആരും അങ്ങോട്ട് കുടിയേറാറില്ല. അമേരിക്കയൂടെ സമശീതോഷ്ണ വും വൈവിധ്യമാര്‍ന്നതുമായ കാലവസ്ഥയയണ് കൂടിയേറ്റക്കാരെ ആകര്‍ഷിച്ചത്.

വടക്ക് കാനഡ,(അതിര്‍ത്തി-3000 മൈല്‍) തെക്ക് മെക്സിക്കോ എന്നിവയാണ് അമേരിക്കയുടെ കരാതിര്‍ത്തികള്‍. റഷ്യ, ബഹാമാസ് എന്നീ രാജ്യങ്ങളുമായി ജലാതിര്‍ത്തിയുമുണ്ട്. കിഴക്കും പടിഞ്ഞാറും തെക്കും സമുദ്രത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഇതിന് 1500 മൈല്‍ നീളമുണ്ട്. പടിഞ്ഞാറ് പസഫിക് മഹാസമുദ്രം, ബെറിങ്ങ് കടല്‍, വടക്കു കിഴക്ക് ആര്‍ട്ടിക് മഹാസമുദ്രം, കിഴക്ക്, തെക്കുകിഴക്ക് ഭാഗങ്ങളിലായി അറ്റ്ലാന്റിക് മഹാസമുദ്രം, മെക്സിക്കന്‍ കടല്‍, കരീബിയന്‍ കടല്‍ എന്നിവയാണ് പ്രധാന സമുദ്രാതിര്‍ത്തികള്‍. 50 സംസ്ഥാനങ്ങളില്‍ 48 എണ്ണവും കാനഡയ്ക്കും മെക്സിക്കോയ്ക്കുമിടയിലുള്ള ഭൂപ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. ഈ 48 സംസ്ഥാനങ്ങളില്‍ നിന്ന് അകലെ വടക്കുപടിഞ്ഞാറായാണ് അലാസ്കയുടെ സ്ഥാനം. കാനഡ അലാസ്കയെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നു. പസഫിക് മഹാസമുദ്രത്തിലുള്ള ദ്വീപു സമൂഹമാണ് മറ്റൊരു സംസ്ഥാനമായ ഹവായി. ഭൂപ്രകൃതിയുടെ വ്യത്യാസങ്ങള്‍ക്കൊണ്ട് ശ്രദ്ധേയമാണ് അമേരിക്കന്‍ ഐക്യനാടുകള്‍. അതിശൈത്യ പ്രദേശങ്ങള്‍, തടാകപ്രദേശങ്ങള്‍, പീഠഭൂമികള്‍, മരുഭൂമികള്‍, മഴക്കാടുകള്‍, മലനിരകള്‍ എന്നു തുടങ്ങി ഭൂപ്രകൃതിയുടെ എല്ലാ വിഭാഗങ്ങളും ഇവിടെ കൈകോര്‍ക്കുന്നു. മൂന്ന് ലക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ഒന്ന്, അപ്പലേച്യന്‍ പര്‍വ്വത നിര, കിഴക്കേ കടല്‍ അതിര്‍ത്തിയുടെ അത്ര തന്നെ പരന്നു കിടക്കുന്നു. രണ്ട്, ഈ പര്‍വ്വത്നിര്‍ക്ക് പടിഞ്ഞാറുള്ള മിസ്സിസ്സിപ്പി നദിയുടെ താഴ്വാരങ്ങള്‍ മുന്നാമത്, ഈ താഴ്വാരത്തിനും പടിഞ്ഞാറെ തീരത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന റോക്കീസ് പര്‍വ്വത നിരകള്‍. ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തിലാണ്. ഇതിലെ തന്നെ ചില കൊടുമുടികള്‍ 14000 അടിയോളം ഉയരമുള്ളവയാണ്. അലാസ്കയും ഹാവയിയും ഒഴിച്ചുള്ള പ്രദേശങ്ങള്‍ സമശീതോഷ്ണ മേഖലയില്‍ സ്ഥിതി ചെയ്യുന്നു. എന്നാല്‍ 24 ഡിഗ്രിയോളം അക്ഷാംശ പരിധിയും 35 ഡിഗ്രിയോളം രേഖാംശ പരിധിയും ഉള്ളതിനാല്‍ ഒരേ കാലത്ത് തന്നെ ഒരു ഭൂഭാഗത്ത് മഞ്ഞും മറ്റൊരിടത്ത് അത്യുഷണവും അനുഭവപ്പെടുന്നു.

[തിരുത്തുക] കാലാവസ്ഥ

48 ഐക്യ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ മേഖലകള്‍
48 ഐക്യ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ മേഖലകള്‍

ഭൂപ്രകൃതിയിലെ വ്യത്യാസം മൂലം കാലാവസ്ഥയിലും ഏകീകൃത സ്വഭാവമില്ല.തെക്കന്‍ സംസ്ഥാനങ്ങളധികവും(ഉദാ:ഫ്ലോറിഡ, അരിസോണ) ഉഷ്ണമേഖലകളാണെങ്കില്‍ വടക്ക് അലാസ്കയിലെത്തുമ്പോള്‍ അതിശൈത്യമായി. തെക്കും പസഫിക് തീരത്തുമുള്ള സംസ്ഥാനങ്ങളിലൊഴികെ മിക്കയിടങ്ങളിലും ഈര്‍പ്പം കുറഞ്ഞ അന്തരീക്ഷവുമാണ്. ഫ്ലോറിഡ, ടെക്സാസ്, ലൂസിയാന, ന്യൂമെക്സിക്കോ, അരിസോണ, കാ‍ലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടുന്നു. ആര്‍ട്ടിക് സമുദ്രത്തോടു ചേര്‍ന്നുകിടക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തണുത്ത ദിനങ്ങളാണധികവും. അറ്റ്ലാന്റിക് മഹാസമുദ്രത്തില്‍ നിന്നും രൂപം കൊള്ളുന്ന ചുഴലിക്കാറ്റാണ് കാലാവസ്ഥയുടെ ഗതി മാറ്റുന്ന മറ്റൊരു പ്രധാന ഘടകം. വര്‍ഷത്തില്‍ പത്തിലേറെത്തവണ ഇത്തരം ചുഴലിക്കൊടുങ്കാറ്റുകള്‍ രൂപം കൊള്ളുന്നുണ്ട്.

[തിരുത്തുക] ഔദ്യോഗികം

അമേരിക്കന്‍ ഐക്യനാടുകളുടെ ഒരു ഔദ്യോഗിക ചിഹ്നമായി അംഗീകരിക്കപ്പെട്ട മനുഷ്യരൂപമാണ്‌ അങ്കിള്‍ സാം.

[തിരുത്തുക] സംസ്ഥാനങ്ങള്‍

സംസ്ഥാനം തലസ്ഥാനം പ്രമുഖ നഗരം
അരിസോണ ഫീനിക്സ് ഫീനിക്സ്
അലബാമ മോണ്ട്ഗോമറി ബെര്‍മിങ്‌ഹാം
അലാസ്ക ജുനെയു ആങ്കറേജ്
അര്‍ക്കന്‍സാസ് ലിറ്റില്‍ റോക്ക് ലിറ്റില്‍ റോക്ക്
ഐയോവ ഡെ മൊയിന്‍ ഡെ മൊയിന്‍
ഇന്ത്യാന ഇന്ത്യാനാപൊളിസ് ഇന്ത്യാനപൊളിസ്
ഇല്ലിനോയി സ്പ്രിങ്ഫീല്‍ഡ് ഷിക്കാഗോ
ഐഡഹോ ബോയിസ് ബോയിസ്
ഒക്‍ലഹോമ ഒക്‍ലഹോമ സിറ്റി ഒക്‍ലഹോമ സിറ്റി
ഒഹായോ കൊളംബസ് സിന്‍സിനാറ്റി
ഒറിഗണ്‍ സലേം പോര്‍ട്ട്‌ലാന്റ്
കന്‍സാസ് ടൊപേക്ക വിച്ചിറ്റ
കെന്റക്കി ഫ്രാങ്ക്ഫര്‍ട്ട് ലൂയിസ്‌വില്‍
കാലിഫോര്‍ണിയ സാക്രമന്റോ ലോസ് അഞ്ചലസ്
കണക്റ്റിക്കട്ട് ഹാര്‍ട്ട്ഫോര്‍ഡ് ബ്രിജ്പോര്‍ട്ട്
കൊളറാഡോ ഡെന്‍‌വര്‍ ഡെന്‍‌വര്‍
ജോര്‍ജിയ അറ്റ്‌ലാന്റ അറ്റ്ലാന്റ
ടെക്സാസ് ഓസ്റ്റിന്‍ ഡാലസ്
ടെന്നിസി നാഷ്‌വില്‍ മെംഫിസ്
ഡെലാവയര്‍ ഡോവര്‍ വില്‍മിങ്ടണ്‍
നെബ്രാസ്ക ലിങ്കണ്‍ ഒമാഹ
നെവാഡ കാഴ്‌സണ്‍ സിറ്റി ലാസ് വെഗാസ്
ന്യൂഹാംഷെയര്‍ കോണ്‍കോര്‍ഡ് മാഞ്ചസ്റ്റര്‍
ന്യൂജേഴ്സി ട്രെന്റണ്‍ നെവാര്‍ക്ക്
ന്യൂമെക്സിക്കോ സാന്റാഫേ അല്‍ബുക്കര്‍ക്ക്
ന്യൂയോര്‍ക്ക് ആല്‍ബനി ന്യൂ യോര്‍ക്ക് നഗരം, ന്യൂ യോര്‍ക്ക്
നോര്‍ത്ത് കാരലൈന റാലീ ഷാര്‍ലറ്റ്
നോര്‍ത്ത് ഡക്കോട്ട ബിസ്മാര്‍ക്ക് ഫാര്‍ഗോ
പെന്‍‌സില്‍‌വാനിയ ഹാരിസ്ബര്‍ഗ് ഫിലഡെല്‍ഫിയ
ഫ്ലോറിഡ ടെലഹസീ മിയാമി
മസാച്യുസെറ്റ്സ് ബോസ്റ്റണ്‍ ബോസ്റ്റണ്‍
മെയിന്‍ ഒഗസ്റ്റ പോര്‍ട്ട്‌ലാന്റ്
മേരിലാന്‍‌ഡ് അന്നപോളിസ് ബാള്‍ട്ടിമോര്‍
മിനസോട്ട സെന്റ് പോള്‍ മിന്നെപൊളിസ്
മിസിസിപ്പി ജാക്സണ്‍ ജാക്സണ്‍
മിസോറി ജെഫേഴ്സണ്‍ സിറ്റി കന്‍‌സാസ് സിറ്റി
മിഷിഗണ്‍ ലാന്‍‌സിങ് ഡിട്രോയിറ്റ്
മൊന്റാന ഹെലേന ബില്ലിംഗ്സ്
യൂറ്റാ സാള്‍ട്ട്‌ലേക്ക് സിറ്റി സാള്‍ട്ട്‌ ലേക്ക് സിറ്റി
റോഡ് ഐലന്റ് പ്രൊവിഡന്‍‌സ് പ്രൊവിഡന്‍സ്
ലൂസിയാന ബാറ്റണ്‍ റോ ന്യൂ ഓര്‍ലിയന്‍സ്
വാഷിങ്ടണ്‍ ഒളിമ്പ്യ സിയാറ്റില്‍
വിസ്ക്കോണ്‍സിന്‍ മാഡിസണ്‍ മില്‍‌വോക്കി
വെര്‍മണ്ട് മോണ്ട്പിലീര്‍ ബര്‍ലിങ്ടണ്‍
വെര്‍ജീനിയ റിച്ച്മണ്ട് വെര്‍ജീനിയ ബീച്ച്
വെസ്റ്റ് വെര്‍ജീനിയ ചാള്‍സ്ടണ്‍ ചാള്‍സ്ടണ്‍
വയോമിങ് ചയാന്‍ ചയാന്‍
സൗത്ത് കാരലൈന കൊളംബിയ കൊളംബിയ
സൗത്ത് ഡക്കോട്ട പിയറി സിയുസ് ഫോള്‍സ്
ഹവായി ഹൊണോലൂലു ഹൊണോലൂലു

[തിരുത്തുക] ഭരണക്രമം

പ്രധാന ലേഖനം: അമേരിക്കന്‍ ഭരണ സംവിധാനം

പ്രസിഡന്റ് കേന്ദ്രീകൃത ജനാധിപത്യ രാജ്യമാണ് അമേരിക്ക. അമേരിക്കന്‍ ഭരണക്രമത്തെ മൂന്നായി തിരിക്കാം. ഫെഡറല്‍ ഗവണ്‍‌മെന്റുകള്‍, സംസ്ഥാന ഗവണ്‍‌മെന്റുകള്‍, പ്രാദേശിക ഗവണ്‍‌മെന്റുകള്‍. മൂന്നു തലങ്ങളിലേക്കും വോട്ടെടുപ്പിലൂടെയാണ് ആളെ കണ്ടെത്തുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ സംവിധാനങ്ങളിലൊന്നായി അമേരിക്കയെ വിശേഷിപ്പിക്കാമെങ്കിലും സാര്‍വത്രിക വോട്ടവകാശം ഏറെ വൈകിയാണ് ഇവിടെ നടപ്പാക്കിയത് എന്നതു വിസ്മരിച്ചുകൂടാ. തുടക്കത്തില്‍ വെള്ളക്കാര്‍ക്കു മാത്രമായിരുന്നു വോട്ടവകാശം. 1870-ല്‍ ഭരണഘടനയുടെ പതിനഞ്ചാം ഭേദഗതിയിലൂടെ കറുത്തവര്‍ക്കും വോട്ടവകാശം നല്‍കി. സ്ത്രീകള്‍ക്ക് വോട്ടവകാശത്തിനായി ഇരുപതാം നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടി വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഭരണഘടനയുടെ പത്തൊന്‍പതാം ഭേദഗതിയിലൂടെയാണ് ഇത് സാധ്യമാക്കിയത്. കുറ്റവാളികള്‍ക്ക് ഇന്നും വോട്ടവകാശമില്ല.

[തിരുത്തുക] ഫെഡറല്‍ ഗവണ്‍‌മെന്റ്

ഫെഡറല്‍ ഗവണ്‍‌മെന്റിനെ (കേന്ദ്ര ഗവണ്‍‌മെന്റ്) മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. നിയമനിര്‍മ്മാണ വിഭാഗം, ഭരണ നിര്‍വഹണ വിഭാഗം, നീതിന്യായ വിഭാഗം. യഥാക്രമം പ്രതിനിധി സഭ(ഹൌസ് ഓഫ് റെപ്രസെന്റേറ്റീവ്സ്), പ്രസിഡന്റ്, സുപ്രീം കോടതി എന്നിവയാണ് ഇവയെ നയിക്കുന്നത്. പ്രതിരോധം, വിദേശകാര്യം, നാണയം, സംസ്ഥാനങ്ങള്‍ തമ്മിലുള്ള വാണിജ്യ ബന്ധങ്ങളുടെ ഏകോപനം, പൗരാവകാശ സംരംക്ഷണം എന്നീ ചുമതലകളാണ് ഭരണഘടന ഫെഡറല്‍ ഗവണ്‍‌മെന്റിനു നല്‍കുന്നത്. മറ്റെല്ലാ പ്രധാന അധികാരങ്ങളും സംസ്ഥാന ഗവണ്‍‌മെന്റുകളുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ സാമൂഹിക ക്ഷേമം വിദ്യാഭ്യാസം എന്നീ മേഖലകളിലേക്കും ഫെഡറല്‍ അധികാര സീമ ചിലപ്പോള്‍ വ്യാപിക്കാറുണ്ട്.

[തിരുത്തുക] സംസ്ഥാന ഗവണ്‍‌മെന്റുകള്‍

ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നത് സംസ്ഥാന ഗവണ്‍‌മെന്റുകളാണ്. ഓരോ സംസ്ഥാനത്തിനും സ്വന്തം ഭരണഘടനയും നിയമസംഹിതകളുമുണ്ട്. ഓരോ സംസ്ഥാനത്തിന്റെയും ഭരണഘടനകള്‍ തമ്മില്‍ പ്രകടമായ അന്തരവുമുണ്ട്. ഉദാഹരണത്തിന് കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളില്‍ ജനപ്രതിനിധിയെ തിരിച്ചുവിളിക്കാനുള്ള സംവിധാനമുണ്ട്. നിയമവാഴ്ച, സമ്പത്ത്, വിദ്യാഭ്യാസം എന്നിവയിലും ഓരോ സംസ്ഥാനത്തെയും നിയമങ്ങള്‍ തമ്മില്‍ ഒട്ടേറെ വ്യത്യാസങ്ങളുണ്ട്. ഗവര്‍ണറാണ് സംസ്ഥാന ഭരണത്തലവന്‍. നെബ്രാസ്ക ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ദ്വൈമണ്ഡല നിയമനിര്‍മ്മാണ സഭയാണ്.

[തിരുത്തുക] പ്രാദേശിക ഗവണ്‍‌മെന്റുകള്‍

സംസ്ഥാന ഗവണ്‍‌മെന്റുകള്‍ക്കു താഴെയായി കൌണ്ടി, സിറ്റി, ടൌണ്‍ എന്നിങ്ങനെ പ്രാദേശിക ഭരണ സംവിധാനങ്ങളുണ്ട്. ഗതാഗത നിയന്ത്രണം, ജലവിതരണം എന്നിങ്ങനെയുള്ള ചുമതലകളാണ് പ്രധാനമായും പ്രാദേശിക ഗവണ്‍‌മെന്റുകള്‍ക്കുള്ളത്.

[തിരുത്തുക] കുറ്റകൃത്യങ്ങള്‍

ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ്‌ അമേരിക്ക. ഓരോ 17 സെക്കന്റിലും ഒരു കുറ്റകൃത്യം നടക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്ന ഇവിടെ ഓരോ ദിവസവും 1871 സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നതായി സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. [5]

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] ആധാര സൂചിക

  1. ജൊനാഥന്‍ കോഹന്‍ , THE NAMING OF AMERICA: FRAGMENTS WE'VE SHORED AGAINST OURSELVES, uhmc.sunysb.edu എന്ന സൈറ്റില്‍
  2. "Paleoamerican Origins". 1999. Smithsonian Institution. ശേഖരിച്ച തീയതി:മാര്‍ച്ച് 1, 2007.
  3. De Rosa, Marshall L. The Politics of Dissolution: The Quest for a National Identity and the American Civil War. Page 266. Transaction Publishers: 1 January 1997. ISBN
  4. സി.പി. ഹില്‍., പരിഭാഷപ്പെടുത്തിയത്. കുട്ടനാട് കെ. രാമകൃഷ്ണപിള്ള; അമേരിക്കന്‍ ഐക്യനാടിന്റെ ചരിത്രം; താള്‍ 3 കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള ജൂണ്‍ 2000.
  5. http://www.ojp.usdoj.gov/ovc/publications/infores/clergy/general.htm

[തിരുത്തുക] കൂടുതല്‍ അറിവിന്

ആശയവിനിമയം
ഇതര ഭാഷകളില്‍