സംഗീതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങള്‍ കൊണ്ട് ഹൃദയത്തില്‍ ആനന്ദം ജനിപ്പിക്കുന്നതാണ് സംഗീതം.സംഗീതം എന്നതിന് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. ആദിമമനുഷ്യന് ഇരകളെ ആകര്‍ഷിക്കുവാനും, മറ്റുമായി ചില പ്രത്യേകതരത്തിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കിയിരുന്നു. എല്ലാ ജീവജാലങ്ങളെയും ഒരുപോലെ രസിപ്പിക്കുന്ന ശക്തി സംഗീതത്തിന് ഉണ്ട്. ശ്രോതാക്കളില്‍ വികാരങ്ങള്‍ ഉളവാക്കുന്ന സംഗീതം സന്തോഷം,ദു:ഖം,താരാട്ട് എന്നിവ പ്രകടിപ്പിക്കാനും ഉപയോഗിക്കുന്നു. മഴ പെയ്യിക്കാനും രോഗശമനത്തിനും വരെ സംഗീതത്തെ ഉപയോഗിക്കാമെന്ന് ചിലര്‍ വിശ്വസിക്കുന്നു. ജനങ്ങളുടെ സാംസ്കാരികപുരോഗതിയിലും സംഗീതം സുപ്രധാന പങ്ക് വഹിക്കുണുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ഭാരതീയ സംഗീതം
ഭാരതത്തില്‍ ആധുനികസംഗീതത്തെ ഹിന്ദുസ്ഥാനി,കര്‍ണാടകം എന്നു രണ്ടായി തരംതിരിക്കാം. ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലുള്ള കര്‍ണാടകസംഗീതത്തില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന കച്ചേരികളുടെ ഘടനയില്‍ ഒരുപാട് വ്യത്യാസം ഇന്നുണ്ട്. ജനപ്രിയ ഗായകരുടെ ശൈലി സവിശേഷതകള്‍ കൊണ്ട് എന്നും സമ്പന്നമാണ് കര്‍ണാടകസംഗീതം.പഴയ ശൈലികള്‍ ചിലത് നിലനില്‍ക്കുന്നുണ്ടെങ്ങിലും പുതിയ തലമുറയിലെ പല ഗായകരും തങ്ങളുടെ നിരന്തര പരിശ്രമത്താല്‍ സ്വന്തം ശൈലി രൂപപ്പെടുത്തുന്നുണ്ടു.
മുമ്പ് സംഗീതകച്ചേരികള്‍ 5 മണിക്കൂറോളം ദൈര്‍ഘ്യമുണ്ടായിരുന്നത് ഇന്ന് 3 മണിക്കൂറില്‍ താഴെ ഒതുങ്ങുന്നു. പല താളങ്ങളില്‍ ഉള്ള രാഗം-താനം- പല്ലവിയും വിസ്തരിച്ച മറ്റൊര് പ്രധാന കീര്‍ത്തനവും കച്ചേരികളില്‍ നിര്‍ബന്ധമായിരുന്നു. ഇന്നത്തെ സദസ്സുകളില്‍ പല്ലവി പ്രയോഗിക്കുന്നുവെങ്കിലും സ്വാഭാവികമായി രാഗമാലിക സ്വരത്തിലേക്ക് വഴിമാറുന്നു. ആസ്വാദകരുടെ ആസ്വാദനരീതിയില്‍ വന്ന മാറ്റങ്ങള്‍ തന്നെയാവാം പഴയ ശൈലികള്‍ ഉപയോഗിക്കാതിരിക്കാനുള്ള പ്രധാന കാരണം.
സംഗീതം അഭ്യസിക്കുന്നവരെ പ്രോത്സാഹിക്കാനും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുമായി ധാരാളം സംഗീതോത്സവങ്ങള്‍ സംഘടിപ്പിക്കുന്നു. ഇത്തരം വേദികളില്‍ ശോഭിക്കുന്ന പല കലാകാരന്മാരും സംഗീതലോകത്ത് പിന്നീട് ശ്രദ്ധിക്കപ്പെടുന്നു
[തിരുത്തുക] സോപാന സംഗീതം
മലയാളിയുടെ ‘ദേശി’ സംഗീത ധാരയില്‍ ഏറ്റവുമധികം പ്രകീര്‍തിക്കപ്പെടുന്ന പ്രസ്ഥാനമാണ് സോപാനസംഗീതം. ‘മാര്‍ഗി’ പാരമ്പര്യമുള്ള ഹിന്തുസ്ഥാനി-കര്‍ണാടക സംഗീത പദ്ധതികളുടെ ബലിഷ്ടമായ മുന്നേറ്റം മൂലം നാനാരൂപത്തില്‍ പുലര്‍ന്ന് പോന്ന ‘ദേശി’ സംഗീതത്തിന് കേരളത്തില്‍തന്നെയല്ല ഇന്ത്യയിലെ ഇതരദേശങ്ങളിലും വല്ലാത്ത ക്ഷീനം തട്ടിയിട്ടുണ്ടു.
ശ്രീകോവിലിന്റെ ചവിട്ടുപടികള്‍(സോപാനം)ക്ക് സമീപം നിന്ന് അമ്പലവാസികളായ മാരാരോ പൊതുവാളോ ഇടയ്ക്ക് വായിച്ച് പാടുന്ന ദേവതാസ്തുതികളായിട്ടാണ് സോപാന സംഗീതം അറിയപ്പെടുന്നതു. ജയദേവരുടെ ഗീതഗോവിന്ദം ചരിത്രത്തിന്റെ ഏതോ സന്ധിയില്‍ സോപാനപ്പാട്ടിന്റെ ഭാഗമായി തീര്‍ന്നു. കൈരളീഭക്തരായ സംഗീതസൈദ്ധാന്തികര്‍ ഇതിന്റെ പ്രകൃതം ഇങ്ങനെ സംക്ഷേപിക്കുന്നു. ‘അ’ കാരത്തില്‍ ഉള്ള രാഗാലാപനം,ജീവസ്വരങ്ങളില്‍ ഒതുങ്ങുന്ന വ്യവഹാരം,സാഹിത്യ സ്ഫുടത,ഉടനീളം ഭക്തിഭാവം,അകന്നകന്ന് വരുന്ന ഗമകം,‘ഭൃഗ’കളുടെ അഭാവം,പരിചിത രാഗങ്ങളില്‍ മാത്രം പെരുമാറ്റം-ഇത്രയുമായാല്‍ സോപാന സംഗീതമായി.
[തിരുത്തുക] കേരള സംഗീതം
കൃഷ്ണനാട്ടം,കഥകളി,മോഹിനിയാട്ടം,തുള്ളല്‍,കൈകൊട്ടിക്കളി എന്നിവയില്‍ ആന് പൂര്‍വികര്‍ സോപാനസംഗീതത്തിന്റെ മൂര്‍ത്തഭാവങ്ങള്‍ ദര്‍ശിക്കുന്നത്. കഥകളിപ്പാട്ടും തുള്ളല്പാട്ടുകളുമാണ് സോപാനസംഗീതത്തിന്റെ സാരം നമ്മെ ബോദ്ധ്യപ്പെടുത്താനുതകുന്ന രണ്ട് വാമൊഴിത്തഴക്കങ്ങള്‍. നിരവധി കേരളീയ ഗാനങ്ങളുടെയും താളങ്ങളുടെയും പേരുകള്‍ നൂറ്റിയൊന്ന് ആട്ടക്കഥകളിലും അറുപത് തുള്ളല്‍ക്കഥകളിലുമായി ചിതറിക്കിടപ്പുണ്ടെങ്കിലും അവയില്‍ ബഹുപൂരിപക്ഷവും കാലപ്രവാഹത്തില്‍ വിസ്മൃതമായി കഴിഞ്ഞു. ശേഷിക്കുന്നവയാണ് കാനക്കുറിഞ്ഞി,പുറനിര,ഗൌളിപന്ത്,പാടി,നവരസം,ഘണ്ടാരം,ദു:ഖഘണ്ടാരം എന്നീ രാഗങ്ങളും ലക്ഷ്മാ,മര്‍മ്മം,കുണ്ടനായ്യി എന്നീ താളങ്ങളും. രാഗങ്ങളില്‍ ‘സാമന്തമലഹരി’ അറിവിലുണ്ടെങ്കിലും പ്രയോഗത്തില്‍ നിന്ന് എന്നോ മഞ്ഞുപോയിരിക്കുന്നു. ശാസ്ത്രീയമായി ഇനിയും സ്വരപ്പെടുത്തി കഴിഞ്ഞിട്ടില്ലാത്ത ഈ രാഗങ്ങളുടെയും വിന്യാസഭേദം സൂക്ഷ്മതരമാക്കിയിട്ടില്ലാത്ത താളങ്ങളുടെയും പിന്ബലത്തിലാണ് ഇന്ന് ‘കേരള സംഗീത’മെന്ന സങ്കല്പം കുടിക്കൊള്ളുന്നത്.
[തിരുത്തുക] കഥകളി സംഗീതം
മലയാള ഗാനസംസ്കാരത്തിന്റെ മുഴുവന്‍ ചമല്‍ക്കാരവും നമ്മെ അറിയിക്കാന്‍ പ്രാപ്തമായ വിശിഷ്ടമണ്ഡലമാണ് കഥകളി സംഗീതം.കഥകളിപ്പാട്ടില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടുകളിലുണ്ടായ കര്‍ണാടകസംഗീതാധിഷ്ടിതമായ വ്യത്യനങ്ങളെ പരിഗണിക്കാതെതന്നെ ‘അഭിനയ സംഗീത’മെന്ന നിലയില്‍ അതിനവകാശപ്പെടാവുന്ന നേട്ടങ്ങള്‍ പലതുണ്ട്. കളിയരങ്ങില്‍ ‘നവരസ’ങ്ങളെ പാട്ടിലേയ്ക്ക് പരാവര്‍ത്തനം ചെയ്യുന്ന പൊന്നാനി-ശങ്കിടി ഗായകര്‍ വാസ്തവത്തില്‍ മലയാളിയുടെ സംഗീത പാരമ്പര്യം സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നതു. ഉച്ചാരണത്തിലും ഭാവോല്പാദനത്തിനും ഭാവപകര്‍ച്ചകളിലും ബദ്ധ ശുദ്ധമായ കഥകളി സംഗീതത്തിന് കേരളസംഗീതത്തിന്റെ പ്രാതിനിധ്യം വഹിക്കാന്‍ കെല്പും അര്‍ഹതയുമുണ്ടു.
[തിരുത്തുക] കര്‍ണാടക സംഗീതം കേരളത്തില്‍
തമിഴ്നാടിനോട് തൊട്ട്കിടക്കുന്ന തിരുവനന്തപുരത്തും പാലക്കാട്ടുമാണ് കര്‍ണാടക സംഗീതം അതിന്റെ ശക്തി-ചൈതന്യം തെളിയിച്ചത്. പാലക്കാടിനെ ആവാസഭൂമിയാക്കിയ തമിഴ് ബ്രാഹ്മണ സമൂഹങ്ങളാണ് കാവേരിയുടെ ‘കീര്‍ത്തനക്കാറ്റ്’ കൊച്ചിയിലും തെക്കേ മലബാറിലും വ്യാപിപ്പിച്ചത്. നൂറ്റാണ്ടുകളായി തമിഴ് സംസ്കാരത്തിന്റെ മായികപ്രഭാവത്തില്‍ കഴിഞ്ഞ്പോരുന്ന തിരുവനന്തപുരവും പരിസര പ്രദേശങ്ങളും സ്വാതി തിരുനാളിന്റെ കാലം മുതല്‍ക്ക് കര്‍ണാടകസംഗീതത്തിന്‍റേയും ദേവദാസി നൃത്തമായ ഭരതനട്യത്തിന്‍റേയും വിലാസഭൂമിയായി മാറി. തിരുവിതാംകൂരിലെ ക്ഷേത്രസംഗീതസംസ്കാരത്തിന് ഇളക്കം തട്ടിയത് പതിനെട്ടാം നൂറ്റാണ്ടോടെയാവണം. നാഗസ്വരവും തവിലും അമ്പലങ്ങളില്‍ നിര്‍ബന്ധമായി. സോപാന സംഗീതം നാലമ്പലത്തില്‍ ഒതുങ്ങി.
[തിരുത്തുക] സമകാലികസംഗീതം
‘ദേശി’ സംഗീതത്തിന്റെ എണ്ണമറ്റ കൈവഴികളെ തിരസ്കരിച്ചുകൊണ്ടുള്ള ഒരു ഏകാത്മകദര്‍ശനമാണ് കേരളത്തില്‍ ഇന്ന് നമുക്ക് അനുഭവിക്കാനാവുക. കര്‍ണാടകസംഗീതത്തിന്റെയും ഓരളവുവരെ ഹിന്ദുസ്ഥാനിസംഗീതത്തിന്റെയും വശ്യതയില്‍ വീണ് പോയ മലയാളികളുടെ രുചിബോധം നിരവധി നാട്ട് വൈവിദ്ധ്യങ്ങളെ ഓര്‍മകളില്‍ നിന്ന് പോലും അകറ്റികഴിഞ്ഞു. വടക്കന്‍പാട്ടിന്റെ ഈണങ്ങളും ,പടയണിയുടെ ഗോത്രഭാവഗംഭീരമായ ശീലുകളും, പുള്ളുവന്‍പാട്ടിന്റെ പരുക്കന്‍ സ്വരഗതികളും, കൈകൊട്ടിക്കളിപാട്ടിന്റെ നിരങ്കുശമായ ഒഴുക്കും പൊതുജനാഭിരുചിയില്‍ നിന്ന് മിക്കവാറും മാറികഴിഞ്ഞു. ഭാരതീയവും പാശ്ചാത്യവുമായ ഈണങ്ങളെ താല്‍കാലികവിഭ്രമം സൃഷ്ടിക്കാനുതകും വണ്ണം ചലച്ചിത്ര-ലളിതഗാനങ്ങളില്‍ വിനിവേശിപ്പിക്കുന്നവരുടെ പിന് ഗാമികളാവാനാണ് ഇളംതലമുറക്കാരുടെ ശ്രമം. [1].
[തിരുത്തുക] സഗീതം ഹിന്ദുമതത്തില്‍
ഹിന്ദുമതം സംഗീതത്തിന് കൂടുതല്‍ പ്രാധാന്യം കൽപ്പിക്കുന്നു. ശിവന്‍ നാദാത്മകനും,ശക്തി നാദസ്വരൂപിനിയുമാണു. ദേവതകളെല്ലാം സംഗീത ഉപകരണങ്ങള്‍ വായിച്ചിരുന്നതായി നാം സങ്കൽപ്പിക്കുന്നു. ശ്രീ കൃഷ്ണഭഗവാനും വേണുഗാന വിശാരദനായിരുന്നു.
[തിരുത്തുക] പ്രമാണാധാരസൂചിക
- ↑ ഭക്തപ്രിയ- ഗുരുവായൂര്‍ ദേവസ്വം പ്രസിദ്ധികരണം