ശാന്തസമുദ്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാസമുദ്രങ്ങളില്‍ ഏറ്റവും വലുതാണ് ശാന്തമഹാസമുദ്രം അഥവാ പസഫിക് മഹാസമുദ്രം. ഏകദേശം 16,62,40,000 ച.കി.മീ. വിസ്തീര്‍ണ്ണമുള്ള ഈ സമുദ്രം ഭൂമിയില്‍ മൊത്തം ജലത്തിന്റെ നാല്പത്തിയാറു ശതമാനം ഉള്‍ക്കൊള്ളുന്നു. ഭൂഗോളത്തിന്റെ മൂന്നിലൊന്നു ഭാഗത്തോളം ഇത് വ്യാപിച്ചു കിടക്കുന്നു. മഹാസമുദ്രങ്ങളില്‍ ഏറ്റവും ആഴമേറിയ സമുദ്രമാണ് പസഫിക് ( ശാന്തമഹാസമുദ്രം ). ഒരു ത്രികോണ ആകൃതിയാണ് ഈ സമുദ്രത്തിനുള്ളത്. വടക്കേയറ്റം ആര്‍ട്ടിക്കും, പടിഞ്ഞാറുഭാഗത്ത് ഏഷ്യ, ഓസ്ട്രേലിയ വന്‍കരകളും കിഴക്കുഭാഗത്ത് വടക്കേ അമേരിക്ക, തെക്കേ അമേരിക്ക വന്‍ കരകളും, തെക്കു ഭാഗത്ത് അന്റാര്‍ട്ടിക്കയും സ്ഥിതിചെയ്യുന്നു. ശരാശരി 4500 മീറ്ററിലധികം ആഴം ഈ സമുദ്രത്തിനുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ഭൂമിശാസ്ത്രം
അന്റാര്‍ട്ടിക്കയിലെ റോസ് കടല്‍ മുതല്‍ ബെറിംഗ് കടല്‍ വരെ തെക്കുവടക്കായും ഇന്തോനേഷ്യന്‍ തീരം മുതല്‍ കൊളംബിയന്‍ തീരം വരെ കിഴക്കു പടിഞ്ഞാറായുമാണ് ഈ സമുദ്രം സ്ഥിതി ചെയ്യുന്നത്.
ധാരാളം ഗര്‍ത്തങ്ങളും, കിടങ്ങുകളും ഉള്‍ക്കൊള്ളുന്ന പസഫിക്കാണ് ഭുമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശമായ ചലഞ്ചര്‍ ഡീപ്പ് സ്ഥിതിചെയ്യുന്നത്. വടക്കുപടിഞ്ഞാറന്‍ പസഫിക്കില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം മരിയാന ട്രഞ്ച് എന്നറിയപ്പെടുന്നു. ദ്വീപുകള്‍ വളരെയധികം പസഫിക് മഹാസമുദ്രത്തിലുണ്ട്. ഏകദേശം 20000-ത്തില്‍ അധികം ദ്വീപുകള്‍ പസഫിക്കില്‍ സ്ഥിതിചെയ്യുന്നു. ഇവയില്‍ അധികവും പവിഴ ദ്വീപുകളും (coral island ) , അഗ്നിപര്‍വ്വതജന്യ ദ്വീപുകളുമാണ്.
[തിരുത്തുക] പേരിനു പിന്നില്‍
ഇംഗ്ലീഷ് ഭാഷയിലെ ശാന്തമാക്കുന്ന എന്നര്‍ഥമുള്ള പാസിഫൈ (pacify)പദത്തില്‍നിന്നാണ് പസഫിക്ക് എന്ന പേര് ഉരുത്തിരിഞ്ഞുവന്നത് എന്ന് ഒരു വാദമുണ്ട്. മറ്റൊരു വാദംപോര്ച്ചുഗീസ് സമുദ്ര പര്യവേഷകനും നാവികനുമായിരുന്ന ഫെര്‍ഡിനാന്‍ഡ് മഗല്ലനാണ് ആ പേരു നല്‍കിയത് എന്നാണ് . ശാന്തസമുദ്രം എന്നര്‍ഥം വരുന്ന മാരെ പസഫിക്കും(Mare Pacificum) എന്ന ലത്തീന്‍ വാക്കില്‍നിന്നാണ് പെസഫിക് സമുദ്രം എന്ന പേര് ഉണ്ടാക്കിയതത്രേ. ഫിലിപ്പൈന്‍സ് വരെയുള്ള തന്റെ യാത്രയ്ക്കിടയില്‍ കടല്‍ ക്ഷോഭിക്കാതിരുന്നതിനാലാണ് മഗല്ലന് 'ശാന്തസമുദ്രം' എന്ന പേരു നല്‍കിയത്.
അറബികള്‍ പസഫിക് സമുദ്രത്തെ ബഹ്റെ- ഖൈല്‍ (അലസപ്രകൃതിയുള്ള സമുദ്രം) എന്നാണ് വിളിക്കുന്നത്.
പസഫിക് സമുദ്രം പൊതുവെ ശാന്തമായി നിലകൊള്ളാറുണ്ടെങ്കിലും എപ്പോഴും ശാന്തമല്ല എന്നതാണു യാഥാര്‍ഥ്യം. കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും പലപ്പോഴും ഈ ജലവിതാനത്തില്‍നിന്നും രൂപപ്പെടാറുണ്ട്. ശാന്തമഹാസമുദ്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ അഗ്നിപര്‍വ്വതങ്ങള്‍ ധാരാളമായുണ്ട്. സമുദ്രാടിത്തട്ടുകളെ പിടിച്ചുകുലുക്കുന്ന വമ്പന്‍ ഭൂചലനങ്ങളും സുനാമികളും ഇവിടെ സാധാരാണമാണ്. 2004- ല്‍ തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ വന്‍നാശം വിതച്ച സുനാമിയുടെ പ്രഭവ കേന്ദ്രവും പെസഫിക് മഹാസമുദ്രത്തിലായിരുന്നു.
[തിരുത്തുക] പസഫിക്കിലെ പ്രധാന സമുദ്ര ജലപ്രവാഹങ്ങള്‍
[തിരുത്തുക] ഉഷണജലപ്രവാഹങ്ങള്‍
[തിരുത്തുക] വടക്കന്‍ ഭൂമധ്യരേഖാപ്രവാഹം
(North Equatorial Current) മെക്സിക്കോവിന്റെ പടിഞ്ഞാറന്‍ തീരത്തുനിന്ന് പടിഞ്ഞാറോട്ടൊഴുകുന്ന ഈ പ്രവാഹം ഫിലിപ്പീന്‍സിനടുത്ത് അവസാനിക്കുന്നു.
[തിരുത്തുക] തെക്കന്‍ ഭൂമധ്യരേഖാപ്രവാഹം
(South Equatorial Current) പടിഞ്ഞാറോട്ടൊഴുകുന്ന ഈ പ്രവാഹം ന്യൂഗിനിക്കടുത്തു വച്ച് രണ്ടായി വഴിപിരിയുന്നു.
[തിരുത്തുക] എതിര് ഭൂമധ്യരേഖാപ്രവാഹം
(Counter Equatorial Current) വടക്കന്‍ ഭൂമധ്യരേഖാപ്രവാഹം, തെക്കന്‍ ഭൂമധ്യരേഖാപ്രവാഹം എന്നീ പ്രവാഹങ്ങള്‍ക്കെതിരെ അവയ്ക്കിടയിലൂടെ ഒഴുകുന്നു.
[തിരുത്തുക] കുറോഷിവോ അഥവാ ജപ്പാന് പ്രവാഹം
തയ്വാന് പ്രദേശത്ത് വടക്കോട്ടൊഴുകി ബെറിങ് കടലിടുക്കില്‍ ചെന്നു ചേരുന്നു.
[തിരുത്തുക] കിഴക്കന്‍ ഓസ്ട്രേലിയന്‍ പ്രവാഹം
തെക്കന്‍ ഭൂമധ്യരേഖാപ്രവാത്തിന്റെ തെക്കന്‍ ശാഖ ഓസ്ട്രേലിയലിലെ ക്യൂന്‍സ്ലന്‍ഡിന് സമാന്തരമായി ഒഴുകുന്നു.
[തിരുത്തുക] ശീതജലപ്രവാഹങ്ങള്‍
[തിരുത്തുക] ഒഷിയാവോ(കുറില്‍) പ്രവാഹം
ബെറിങ് പ്രവാഹവും അലാസ്കന്‍ പ്രവാഹവും ഒക്കോട്സ്ക് പ്രവാഹവും ഒന്നുചേര്‍ന്നാണ് ഒഷിയാവോപ്രവാഹം ഉണ്ടാവുന്നത്.
[തിരുത്തുക] കാലിഫോര്‍ണിയന്‍ പ്രവഹം
അമേരിക്കയുടെ പടിഞ്ഞറന് തീരത്തുകൂടെ ഒഴുകി ഉഷ്ണജലപ്രവാഹമായ വടക്കന്‍ ഭൂമധ്യരേഖാപ്രാവാഹവുമായി കൂടിച്ചേരുന്നു.
[തിരുത്തുക] വെസ്റ്റ് വിന്‍ഡ് ഡ്രിഫ്റ്റ്
40 ഡിഗ്രി- 50ഡിഗ്രി രേഖാശംശങ്ങള്‍ക്കിടയില്‍ പടിഞ്ഞാറുനിന്ന് കിഴക്കോട്ടോഴുകുന്നു.
[തിരുത്തുക] പെറൂവിയന്‍ പ്രവാഹം(ഹംബോള്‍ട്ട്)
വെസ്റ്റ് വിന്‍ഡ് ഡ്രിഫ്റ്റിന്റെ തുടര്‍ച്ചയായി ഒഴുകുന്ന ഈ പ്രവാഹം തെക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തുകൂടെ ഒഴുകുന്നു.
[തിരുത്തുക] പസഫിക് സമുദ്രത്തിന്റെ ഭാഗമായുള്ള കടലുകളും ഉള്‍ക്കടലുകളും കടലിടുക്കുകളും
- പനാമാ ഉള്‍ക്കടല്‍
- കോറനാഡോ ഉള്‍ക്കടല്‍
- കാലിഫോര്‍ണിയ ഉള്‍ക്കടല്‍
- അലാസ്ക ഉള്‍ക്കടല്‍
- ബെറിങ് കടല്‍
- ഗ്വയാഖില് ഉള്‍ക്കടല്‍
- പെനാസ് ഉള്‍ക്കടല്‍
- ഓക്കോട്സ്ക് കടല്‍
- ജപ്പാന് ഉള്‍ക്കടല്‍
- കിഴക്കന്‍ ചൈന കടല്‍
- തെക്കന്‍ ചൈന കടല്‍
- സുലു കടല്‍
- സെലിബസ് കടല്‍
- ജാവാ കടല്‍
- തിമോര്‍ കടല്‍
- അറഫുറ കടല്‍
- ടോന്‍കിന്‍ ഉള്‍ക്കടല്‍
- ചില് ഉള്‍ക്കടല്‍