See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
റുസ്സോ - വിക്കിപീഡിയ

റുസ്സോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ആധുനിക ചിന്ത
പതിനെട്ടാം നൂറ്റാണ്ടിലെ തത്ത്വചിന്ത
(ആധുനികചിന്ത)
Pastel രചന മൗറിസ് ക്വന്റസ് ഡെ ലാ ടൂര്‍, 1753
നാമം: ജീന്‍ ഷാക്ക് റുസ്സോ
ജനനം: ജൂണ്‍ 28, 1712 (ജനീവാ, സ്വിറ്റ്സര്‍ലാന്‍ഡ്)
മരണം: ജൂലൈ 2, 1778 (എര്‍മനോവില്‍, ഫ്രാന്‍‍സ്)
ചിന്താധാര: സാമൂഹ്യ ഉടമ്പടി സിദ്ധാന്തം
പ്രധാന താല്പര്യങ്ങള്‍: രാഷ്ട്രമീമാംസ,സംഗീതം, വിദ്യാഭ്യാസം, സാഹിത്യം, ആത്മകഥ
ശ്രദ്ധേയമായ ആശയങ്ങള്‍: സമൂഹമനസ്സ്, ആത്മ-ഗൗരവം(amour-propre), മനുഷ്യന്റെ പ്രകൃത്യാലുള്ള നന്മ
സ്വാധീനങ്ങള്‍: ഹോബ്സ്, ലോക്ക്, ദീദറോ, മൊണ്ടെസ്ക്യൂ മാക്കിയവെല്ലി
സ്വാധീനിച്ചത്: കാന്റ്, ഫിക്റ്റ, ഹേഗല്‍, ഗെയ്ഥേ, കാല്‍‌പ്പനികത, പെയ്ന്‍, കോംത്, എംഗല്‍സ്

പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ (Enlightenment) തത്ത്വചിന്തകന്മരില്‍ പ്രമുഖനും, രാഷ്ട്രമീമാംസകനും, വിദ്യാഭ്യാസ ചിന്തകനും, ഉപന്യാസകാരനുമായിരുന്നു ജീന്‍ ഷാക്ക് റൂസ്സോ (ഇംഗ്ലീഷ്:Jean Jacques Rousseau. ജനനം: 28 ജൂണ്‍ 1712; മരണം: 2 ജൂലൈ 1778). സസ്യശാസ്ത്രജ്ഞന്‍ സംഗീതജ്ഞന്‍ എന്നീ നിലകളിലും അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചു.

ഉള്ളടക്കം

[തിരുത്തുക] ജനനം, ബാല്യം

സ്വിറ്റ്സര്‍ലണ്ടിലെ ജനീവയിലാണ് അദ്ദേഹം ജനിച്ചത്. റുസ്സോയുടെ പിതാവ് ഒരു പാവപ്പെട്ട ക്ലോക്ക് നിര്‍മ്മാതാവായിരുന്നു. പുറം വരുമാനത്തിനുവേണ്ടി ഒഴിവുസമയങ്ങളില്‍ അദ്ദേഹം നൃത്തം പഠിപ്പിക്കുകയും ചെയ്തിരുന്നു. ജോലിസംബന്ധമായി അകലെ താമസിച്ചിരുന്ന പിതാവ്, അമ്മയോടുള്ള അഗാധപ്രേമം ഉളവാക്കിയ വിരഹദുഖം സഹിക്കാനാവാതെ ഒരിക്കല്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങിയെന്നും ആ തിരിച്ചുവരവിന്റെ നിര്‍ഭാഗ്യഫലമായി താന്‍ പത്തു മാസം കഴിഞ്ഞു ജനിച്ചുവെന്നുമാണ് റുസ്സോ ആത്മകഥയില്‍ പറയുന്നത്. [1] മാതാപിതാക്കളുടെ രണ്ടാമത്തെ കുട്ടിയായ റുസ്സോ ജനിച്ച് രണ്ടാഴ്ചക്കകം അമ്മ മരിച്ചു. പിതാവിന്റേയും, ജാക്വിലീന്‍ എന്നു പേരായ വളര്‍ത്തമ്മയുടേയും, ഒരു മാതൃസഹോദരിയുടേയും സം‌രക്ഷണയില്‍ വളര്‍ന്ന അദ്ദേഹത്തിന്റെ ബാല്യം സന്തോഷപ്രദമായിരുന്നു. എല്ലാവരുടേയും ശ്രാദ്ധാകേന്ദ്രമായിരുന്ന അനുജനുമായി താരതമ്യപ്പെടുത്തുമ്പോള്‍‍ അവഗണിക്കപ്പെട്ട ഏഴുവയസ്സിനു മൂപ്പുള്ള റുസ്സോയുടെ ഏക സഹോദരന്‍ ചെറുപ്പത്തിലേ വീടുവിട്ടിറങ്ങിപ്പോയി. റുസ്സോയുടെ ആദ്യകാല വിദ്യാഭ്യാസം പിതാവില്‍ നിന്നാണ് സിദ്ധിച്ചത്. അമ്മ സൂക്ഷിച്ചിരുന്ന കഥാപുസ്തകങ്ങളിലെ കഥകള്‍ പിതാവ് രാവെളുക്കുവോളമിരുന്ന് മകനു വായിച്ചുകൊടുത്തു. പിതാവിന്റെതന്നെ ഗ്രന്ഥശേഖരത്തിലെ ചരിത്രന്ഥങ്ങളും മറ്റുമാണ് പിന്നെ വായിച്ചത്. തന്നെ ഏറെ സ്വാധീനിച്ചതായി റുസ്സോ എടുത്തു പറയുന്ന ഒരു ഗ്രന്ഥം, ഏഴാമത്തെ വയസ്സില്‍ വായിച്ചുകേട്ട, പ്രാചീനലേഖകനായ പ്ലൂട്ടാര്‍ക്കിന്റെ മഹത്ജീവിതസമാഹാരമാണ്.

[തിരുത്തുക] നാടോടി ജീവിതവും 'അമ്മ'യും

സന്തുഷ്ടമായ ഈ ബാല്യത്തിന് അന്ത്യം വന്നത് റുസ്സോക്ക് പത്ത് വയസ്സുള്ളപ്പോള്‍ ഒരു തര്‍‍ക്കത്തില്‍ ജയില്‍ശിക്ഷയില്‍ നിന്ന് രക്ഷപെടാനായി പിതാവിന് നാടുവിടേണ്ടി വന്നതോടെയാണ്. ജനീവയില്‍ ബന്ധുക്കളുടെകൂടെ തുടര്‍ന്ന റൂസ്സോ ഔപചാരികവിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയോ ഏതെങ്കിലും തൊഴിലില്‍ പരിശീലനം നേടുകയോ ചെയ്തുകാണാനായുള്ള ബന്ധുക്കളുടെ ശ്രമങ്ങള്‍ വിഭലമായി. ഒരു ലോഹഫലകനിര്‍മ്മാതാവിന്റെ (Engraver) അടുത്തു അദ്ദേഹം പരിശീലനത്തിനു ചേര്‍ന്നെങ്കിലും റുസ്സോയുടെ പ്രായോഗികഫലിതങ്ങളും ചില്ലറമോഷണവും ഒക്കെ അവിടെ മറ്റുള്ളവരുമായി ചേര്‍ന്നുപോകുന്നതിന് തടസ്സമായി. ഒടുവില്‍ അദ്ദേഹം പരിശീലനം ഉപേക്ഷിച്ച് പതിനാറാമത്തെ വയസ്സില്‍ നാടുവിട്ടു. കാല്‍‌വിനിസ്റ്റ് വിശ്വാസത്തില്‍ വളര്‍ന്നു വന്ന റുസ്സോ ഇറ്റലിയിലെ സെവോയ് എന്ന സ്ഥലത്ത് ഒരു കത്തോലിക്കാ പുരോഹിതനെക്കണട് കത്തോലിക്കാസഭയില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഇതിന്റെ പിന്നിലെ ലക്‌ഷ്യം സ്വാര്‍ഥമായിരുന്നു എന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. ഈ പരിവര്‍ത്തനം റുസ്സോയെ, അതിനടുത്ത കാലത്ത് കത്തോലിക്കാവിശ്വാസം സ്വീകരിച്ച മദാം വാറന്‍സ് എന്ന ഇരുപത്തെട്ടുകാരി വിധവയുമായുള്ള പരിചയത്തിലെത്തിച്ചു. തുടര്‍ന്നുള്ള പതിറ്റാണ്ട്, ഇടക്കിടെ റുസ്സോ അവര്‍ക്കൊപ്പം കഴിഞ്ഞു. സുന്ദരിയും, ഉദാരമനസ്കയും ധനികയും ആയിരുന്ന അവര്‍ റുസ്സോയുടെ വിദ്യാഭ്യാസത്തിലും പുരോഗതിയിലും താത്പര്യം കാണിച്ചു. അമ്മ(Maman) എന്നാണ് അദ്ദേഹം അവരെ വിളിച്ചിരുന്നതെങ്കിലും അവരുമായി റുസ്സോക്കുണ്ടായിരുന്നത് പരിചാരകന്റേയും സഹായിയുടേയും കാമുകന്റേയും ഭാഗങ്ങള്‍ ചേര്‍ന്ന വിചിത്രബന്ധമായിരുന്നു. ഇടക്ക് മദാം വാറന്‍സിനെ അദ്ദേഹം ഉപേക്ഷിച്ചു പോവുകയും മടങ്ങിവരുകയും ചെയ്തുകൊണ്ടിരുന്നു. 1938-ലാണ് റുസ്സോയുമായുള്ള ബന്ധം അവര്‍ അവസാനിപ്പിച്ചത്. ഊരുചുറ്റലുകല്‍ക്കിടയിലും റൂസ്സോ ചില്ലറജോലികള്‍ക്കും പ്രേമബന്ധങ്ങള്‍ക്കും അവസരം കണ്ടെത്തി. ഇടക്ക് ട്യൂഷന്‍ മാസ്റ്ററായി നോക്കിയെങ്കിലും ആ തൊഴിലും ഇഷ്ടമായില്ല. 1942-ല്‍ പാരീസിലെ അക്കാഡമിക്കു മുന്‍പില്‍ ഒരു പുതിയ സംഗീതവ്യവസ്ഥ അവതരിപ്പിച്ചെങ്കിലും അത് വിജയിച്ചില്ല.


[തിരുത്തുക] വെനീസിലെ ജോലി

1743-ല്‍ ഒരു പരിചയക്കാരി അദ്ദേഹത്തിന് വെനീസിലെ ഫ്രഞ്ച് സ്ഥാനപതിയുടെ സെക്രട്ടറിയായി ജോലി നേടിക്കൊടുത്തു. എന്നാല്‍ സ്ഥാനപതി, വേതനം കൊടുക്കുന്ന കാര്യത്തില്‍ പിന്നോക്കമായിരുന്നു. ആ ജോലി അദ്ദേഹം ഉപേക്ഷിച്ചു. [1] സ്ഥാനപതിയില്‍ നിന്ന് തനിക്കു കിട്ടാനുണ്ടായിരുന്ന പണം കിട്ടാന്‍ അദ്ദേഹം പാരീസിലെ അധികാരികളെ സമീപിച്ചു. കിട്ടാനുണ്ടായിരുന്ന വേതനം ഒടുവില്‍ കിട്ടിയെങ്കിലും പാരീസില്‍ നിന്ന് നീതി ലഭിക്കുന്നതില്‍ ഉണ്ടായ താമസം റുസ്സോയെ ഫ്രാന്‍സിലെ ഭരണസം‌വിധാനത്തിനെതിരാക്കുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.

[തിരുത്തുക] പാരീസില്‍, തെരീസ

പാരീസില്‍ റുസ്സോ ഫ്രഞ്ച് വിജ്ഞാനകോശത്തിന്റെ നിര്‍മ്മാതാക്കളില്‍ പ്രമുഖനായിരുന്ന ദീദറോയുമായി പരിചയപ്പെടുകയും വിജ്ഞാനകോശത്തിനായി ചില ലേഖങ്ങള്‍ എഴുതുകയും ചെയ്തു. 1745-ല്‍ പാരീസിലെ താമസത്തിനിടെ അദ്ദേഹം, ഹോട്ടലിലെ തുന്നല്‍ക്കാരിയായിരുന്ന(seamstress) തെരീസയുമായി പരിചയപ്പെട്ടു. സൗന്ദര്യമോ ബുദ്ധിശക്തിയോ തൊട്ടുതീണ്ടിയിട്ടില്ലായിരുന്ന തെരീസയെ അദ്ദേഹം വിവാഹം ചെയ്തില്ലെങ്കിലും അവര്‍ അദ്ദേഹത്തിന്റെ ആജീവനാന്തര സഹചാരിയായി. റുസ്സോയുടെ സുഹൃത്തുക്കളേയും ജീവചരിത്രകാരന്മാരെയും അത്ഭുതപ്പെടുത്തിയ ബന്ധമായിരുന്നു ഇത്. അവര്‍ക്ക് അഞ്ചു കുട്ടികള്‍ ജനിച്ചു. എന്നാല്‍ ഈ കുട്ടികളില്‍ ഒന്നിനെപ്പോലും വളര്‍ത്താന്‍ റുസ്സോ മിനക്കെട്ടില്ല. ജനിച്ച ഉടനെ അവരെ അനാഥാലയങ്ങളിലെ അമ്മത്തൊട്ടിലുകളില്‍ രഹസ്യമായി ഉപേക്ഷിക്കാന്‍ ഏര്‍പ്പാടു ചെയ്യുകയണ് റുസ്സോ ചെയ്തത്. പില്‍ക്കാലത്ത് ശിശുപാലനത്തെയും കുട്ടികളുടെ വിദ്യാഭ്യാസത്തെയും കുറിച്ച് ഏറെ പുകഴ്ത്തപ്പെട്ട ക്ലാസ്സിക്ക് നോവലായ എമിലി(Emile) എഴുതിയ റുസ്സോയുടെ യശസ്സിനുമേല്‍, നിഴല്‍‌വീഴ്ത്തിനില്‍ക്കുന്ന പെരുമാറ്റമായി ഇത് വിശേഷിക്കപ്പെടാറുണ്ട്.

[തിരുത്തുക] മത്സരപ്രബന്ധം, സംഗീതശില്പം

1750-ല്‍ ഫ്രാന്‍സില്‍ ഡീഴോ നഗരത്തിലെ അക്കാദമി, ശാസ്ത്ര-സാഹിത്യങ്ങള്‍ മനുഷ്യരുടെ സന്മാര്‍ഗബോധത്തെ എങ്ങനെ ബാധിച്ചു എന്ന വിഷയത്തെക്കുറിച്ച് ഒരു പ്രബന്ധമത്സരം നടത്തി. മനുഷ്യന് പ്രകൃത്യാ ഉള്ള നന്മയെ ഇല്ലാതാക്കി അടിമത്തത്തിലേക്കു നയിക്കുകയാണ് ശാസ്ത്രവും സാഹിത്യവും ചെയ്തതെന്നും എല്ലാ ശാസ്ത്രത്തിന്റേയും ഉല്പത്തി തിന്മയിലാണെന്നും നന്മയും ശാസ്ത്രവും ചേര്‍ന്നുപോവുകയില്ലെന്നും വാദിച്ച് റുസ്സോ എഴുതിയ ശാസ്ത്ര-സാഹിത്യവിചാരം (Discourse on the Arts and the Sciences) എന്ന പ്രബന്ധം സമ്മാനാര്‍ഹനായതോടെ അദ്ദേഹം പെട്ടെന്ന് പ്രശസ്തിയിലേക്കുയര്‍ന്നു. 1752-ല്‍, റുസ്സോയുടെ സൃഷ്ടിയായ ഗ്രാമജ്യോതിഷി (Village Soothsayer) എന്ന ഓപ്പറ രാജകൊട്ടാരത്തില്‍‍ അവതരിപ്പിച്ച് വന്‍വിജയമായത്, സംഗീതജ്ഞനെന്ന നിലയിലും റുസ്സോയെ പ്രശസ്തനാക്കി. എന്നാല്‍ അതിന്റെ പേരില്‍ ലൂയി പതിനഞ്ചാമന്‍ രാജാവ് വച്ചുനീട്ടിയ അജീവനാന്ത പെന്‍ഷന്‍ റുസ്സോ സ്വീകരിച്ചില്ല.


[തിരുത്തുക] അസമത്വവിചാരം, നവ എലോയീസ്

പ്രശസ്തിയിലെത്തിയ റുസ്സോയെ, അദ്ദേഹം ഉപേക്ഷിച്ചുപോന്ന ജനീവനഗരം ക്ഷണിച്ചു. 1754-ല്‍ റുസ്സോ ജനീവ സന്ദര്‍‍ശിച്ചു. അതോടൊപ്പം, കത്തോലിക്കാവിശ്വാസം ഉപേക്ഷിച്ച്, ജനീവയുടെ ഔദ്യോഗിക മതമായിരുന്ന കാല്‍‌വിനിസം വീണ്ടും സ്വീകരിക്കുകയും ചെയ്തു. അതേവര്‍‍ഷം തന്നെ റുസ്സോ, അസമത്വത്തിന്റെ ഉല്പത്തിയും അടിസ്ഥാനവും (A Discourse on Inequality) എന്ന പേരില്‍ മറ്റൊരു പ്രബന്ധമെഴുതി. മനുഷ്യര്‍ പ്രകൃത്യാ നല്ലവരാണെന്നും സംസ്കാരവും സ്ഥാപനങ്ങളുമാണ് അവരെ ദുഷിപ്പിക്കുന്നതെന്നും സംസ്കാരത്തെ ഉപേക്ഷിച്ച് പ്രാകൃതാവസ്ഥയിലേക്കു മടങ്ങുകയാണ് അസമത്വത്തിനും തിന്മകള്‍ക്കു പരിഹാരമെന്നും വാദിച്ച ഈ പ്രബന്ധം സമ്മാനാര്‍ഹമായില്ലെങ്കിലും വലിയ വിവാദമുയര്‍ത്തി. റുസ്സോ അയച്ചുകൊടുത്ത പ്രബന്ധം വായിച്ച പ്രമുഖ ചിന്തകന്‍ വോള്‍ട്ടയര്‍ റുസ്സോക്ക് ഇങ്ങനെ എഴുതി:-

മനുഷ്യവര്‍ഗത്തിനെതിരായ താങ്കളുടെ പുതിയ പ്രബന്ധം അയച്ചുതന്നതിന് നന്ദി. എല്ലാവരേയും വിഡ്ഡികളാക്കാന്‍ ഇതിനുമുന്‍പ് ആരും ഇത്രയേറെ ബുദ്ധി പ്രയോഗിച്ചു കണ്ടിട്ടില്ല. അതു വായിക്കുന്നവര്‍ക്ക് നാലു കാലില്‍ നടക്കാന്‍ തോന്നും. നിര്‍ഭാഗ്യവശാല്‍, പത്തറുപത് വര്‍ഷം മുന്‍പ് ഉപേക്ഷിച്ച ആ ശീലം വീണ്ടും തുടങ്ങാന്‍ ബുദ്ധിമുട്ടുള്ള സ്ഥിതിയിലാണ് ഞാന്‍.[2]

പാരീസില്‍ മടങ്ങിയെത്തിയ റുസ്സോക്ക് താമസിക്കാന്‍ കിട്ടിയത് പ്രഭുവനിതയായ മദാം എപിനറി ഒരുക്കിയ 'തപോവനം' ആയിരുന്നു. അവിടെ താമസിച്ച് 1756-ല്‍ എഴുതിയ നവ എലോയീസ് (Novelle Heloise) എന്ന നോവലും ഒരു വന്‍ വിജയമായിരുന്നു. 1961-ലാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്. സ്വതന്ത്രചിന്തയുടേയും ധനികവര്‍ഗത്തെ ആക്രമിച്ചതിന്റേയും പേരില്‍ അതും വിമര്‍ശിക്കപ്പെട്ടു.

[തിരുത്തുക] സാമൂഹ്യ ഉടമ്പടി, എമില്‍

ഇതിനിടെ, ദീദറോ ഉള്‍പ്പെടെയുള്ള പരീസിലെ സുഹൃത്തുക്കളുമായി പിണങ്ങിയ റുസ്സോ, മോണ്ട്‌ലൂയി(Montlouis) എന്ന സ്ഥലത്തേക്ക് താമസം മാറ്റി. അവിടെവച്ചാണ് അദ്ദേഹം പ്രസിദ്ധകൃതികളായ സാമൂഹ്യ ഉടമ്പടിയും (Social Contract) എമിലും (Emile) എഴുതിയത്. മനുഷ്യസമൂഹങ്ങളുടെ തുടക്കം വ്യക്തിമനസ്സും പൊതുമനസ്സും തമ്മിലുള്ള ഒരുടമ്പടിയിലാണെന്നും, തനിക്കു സം‌രക്ഷണം തരണം എന്ന വ്യവസ്ഥയിലാണ് വ്യക്തി, തന്റെ മനസ്സിനെ പൊതുമനസ്സിന് വിധേയമാക്കാന്‍ സമ്മതിക്കുന്നതെന്നുമാണ് റുസ്സോ സാമൂഹ്യ ഉടമ്പടിയില്‍ വാദിച്ചത്. രാജാക്കന്മാരുടെ അധികാരം ദൈവദത്തമാണെന്ന വാദത്തെ അട്ടിമറിക്കുന്ന നിലപാടായിരുന്നു ഇത്. ഭരിക്കപ്പെടുന്നവരുടെ നേരിട്ടോ ആല്ലാതെയോ ഉള്ള സമ്മതം ഭരണകൂടങ്ങള്‍ക്ക് ആവശ്യമാണെന്ന് സ്ഥാപിച്ച ഈ കൃതിയിലെ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്ന സമവാക്യമാണ് പിന്നീട് ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യമായത്. മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു; എന്നാല്‍ എല്ലായിടത്തും അവന്‍ ബന്ധനത്തിലാണ് എന്ന ഏറെ ഉദ്ധരിക്കപ്പെടാറുള്ള വാക്യം ഈ കൃതിയുടെ ആദ്യ അദ്ധ്യായത്തിലാണ്.[3]


അതേവര്‍ഷം തന്നെ പ്രസിദ്ധീകരിച്ച മറ്റൊരു കൃതി റുസ്സോയുടെ വിദ്യാഭ്യാസചിന്തകള്‍ ഉള്‍ക്കൊള്ളുന്ന എമില്‍ (Emile) എന്ന നോവലാണ്. പുസ്തകങ്ങള്‍ക്കു പകരം പ്രകൃതിയേയും കുട്ടികളുടെ ജന്മവാസനകളേയും ആശ്രയിക്കുന്ന ഒരു വിദ്യാഭ്യാസപദ്ധതിയാണ് ഈ കൃതിയില്‍ റുസ്സോ മുന്നോട്ടു വച്ചത്. സംഘടിതമതങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്കു പകരം സ്വാഭാവിക മതത്തിനെ (Natural Religion) ആശ്രയിക്കുന്ന മതബോധനത്തിനു വേണ്ടിയും റുസ്സോ ഇതില്‍ വാദിച്ചു. പിലക്കാലത്തെ വിദ്യാഭ്യാസചിന്തയെ ഏറെ സ്വാധീനിച്ച് ഒരു മൗലിക കൃതിയാണിത്. റുസ്സോയുടെ മറ്റുകൃതികളിലെപ്പോലെ, ഇതിലേയും ഭാഷാശൈലി അതിസുന്ദരമാണ്. ഈ രണ്ടു കൃതികളും, പ്രത്യേകിച്ച് എമിലിലെ, ഒരു സെവോയ് വികാരിയുടെ വിശ്വാസപ്രഖ്യാപനം (The Confession of Faith of a Savoyard Vicar) എന്ന ഭാഗം, വലിയ എതിര്‍പ്പുകള്‍ വിളിച്ചുവരുത്തി. രണ്ട് കൃതികളും ഫ്രാന്‍സില്‍ നിരോധിക്കപ്പെട്ടു. റുസ്സോ തടങ്കല്‍ ഭീഷണിയിലായ റുസ്സോക്ക് ഫ്രാന്‍സ് വിട്ടുപോകേണ്ടി വന്നു.

[തിരുത്തുക] ഇംഗ്ലണ്ടില്‍, ആത്മകഥ

കുറേക്കാലം സ്വിറ്റ്സര്‍ലണ്ടില്‍ പലയിടങ്ങളിലായി താമസിച്ചെങ്കിലും, അവിടേയും റുസ്സോ എതിര്‍പ്പുകള്‍ നേരിട്ടു. വൃണിതനായ അദ്ദേഹം, 1763-ല്‍ ജനീവയിലെ പൗരത്വം ഉപേക്ഷിക്കുകപോലും ചെയ്തു.[2] റുസ്സോക്ക് തുണയുമായി ഒടുവില്‍ എത്തിയത് ഇംഗ്ലണ്ടും അവിടത്തെ പ്രമുഖ ചിന്തകന്‍ ഡേവിഡ് ഹ്യൂമും ആണ്. 1766-ല്‍ റുസ്സോ തെരീസക്കൊപ്പം ഇംഗ്ലണ്ടിലെത്തി അവിടെ താമസമാക്കി.[3] അവിടെവച്ചാണ് അദ്ദേഹം കുംബസ്സാരങ്ങള്‍ (Confessions) എന്ന പ്രസിദ്ധമായ കൃതി എഴുതിയത്. മുന്തിയ ഒരു ക്ലാസ്സിക്കായി പരിഗണിക്കപ്പെടുന്നെങ്കിലും ആത്മകഥയെന്ന നിലയില്‍ ആ കൃതി പൂര്‍ണ്ണമായും വിശ്വസനീയമല്ല എന്ന് പറയപ്പെടുന്നു. പൊടിപ്പും തൊങ്ങലും ചേര്‍‍ത്താണ് അത് എഴുതിയത് എന്നാണ് പരാതി.[4] എന്നിരുന്നാലും തന്നെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പല ഏറ്റുപറച്ചിലുകളും ഈ 'കുംബസ്സാരത്തില്‍' ഉള്‍പ്പെടുത്താന്‍ റുസ്സൊ മടിച്ചില്ല. ജോലിസ്ഥലത്ത് താന്‍ നടത്തിയ ഒരു മോഷണത്തിന്റെ ഉത്തരവാദിത്ത്വം ഒരു പാവം സഹപ്രവര്‍ത്തകയില്‍ വച്ചുകെട്ടുന്നത്, ദേശാടനത്തിനിടയില്‍ ഒപ്പമണ്ടായിരുന്നയാള്‍ അപസ്മാരം വന്ന് വഴിയില്‍ വീണപ്പോള്‍, അതുകണ്ട് ചുറ്റുംകൂടിയവര്‍ക്കിടയില്‍ അയാളെ ഉപേക്ഷിച്ച് കടന്നു കളയുന്നത്, ഒക്കെ ഇതില്‍‌പ്പെടും. [4]


[തിരുത്തുക] സസ്യശാസ്ത്രപഠനം

പ്രകൃതിയെ സ്നേഹിച്ചിരുന്ന റുസ്സോ കാര്യമായി പഠിക്കാന്‍ ശ്രമിച്ച വിഷയങ്ങളിലൊന്ന് സസ്യശാസ്ത്രമാണ്. 1760-കളില്‍, സാമൂഹ്യഉടമ്പടിയും എമിലും മറ്റും ഉണ്ടാക്കിയ എതിര്‍പ്പുകള്‍ക്കിടയില്‍ സ്വിറ്റ്സര്‍ലണ്ടില്‍ കഴിയുമ്പോഴാണ്‍ അദ്ദേഹത്തിന്റെ ശ്രദ്ധ അദ്യമായി ഈ വിഷയത്തിലേക്ക് തിരിഞ്ഞത്. സസ്യജാതികളെ വര്‍ഗ്ഗീകരിക്കുന്നതിന് കരോലിസ് ലിന്നേയസ് ആവിഷ്കരിച്ച ലിന്നേയന്‍ രീതി റുസ്സോ മനസ്സിലാക്കി. എന്നാല്‍ വര്‍ഗ്ഗീകരണത്തിന്റെ സാങ്കേതികതകളേക്കാള്‍ റുസ്സോക്ക് താത്പര്യം, പര്യവേഷണയാത്രകളിലൂടെ സസ്യജാതികളെ നേരിട്ടറിഞ്ഞും മാതൃകകള്‍ ശേഖരിച്ചും പഠിക്കുന്നതിലായിരുന്നു. സ്വിറ്റ്സര്‍ലണ്ടിലും, ഇംഗ്ലണ്ടിലും, ഫ്രാന്‍സിലും താമസിക്കുമ്പോള്‍, അദ്ദേഹം ഇത്തരം അനേകം യാത്രകള്‍ നടത്തി. പലപ്പോഴും അവ ഒറ്റക്കായിരുന്നു. റുസ്സോയുടെ അവസാനകാലത്തെ രചനകളില്‍ ഒരു പ്രധാന ഭാഗം ഈ പഠനങ്ങളുടെ ഫലമാണ്. പൂര്‍ത്തിയാകാത്ത ഒരു സസ്യശാസ്ത്രനിഘണ്ഡു, സസ്യശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങളെക്കുറിച്ചുള്ള ഒരു ഗ്രന്ഥം എന്നിവ ഇവയില്‍ പെടും. പിന്നീട് എഴുതിയ ഏകാന്തപഥികന്റെ ആത്മഗതം എന്ന ഗ്രന്ഥത്തില്‍ സസ്യശാസ്ത്രപഠനം നല്‍കുന്ന ആനന്ദവും പ്രയോജനവും റുസ്സോ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രകൃതിപഠനത്തില്‍ തനിക്കുള്ള താത്പര്യം റുസ്സോയില്‍ നിന്ന് കിട്ടിയതാണെന്ന് പ്രസിദ്ധ ജര്‍മ്മന്‍ കവി ഗെയ്ഥേ പറഞ്ഞിട്ടുണ്ട്. [5]


[തിരുത്തുക] ജീവിതാന്ത്യം

ഇംഗ്ലണ്ടിലെ താമസത്തിനിടെ, തനിക്കെതിരെ എല്ലവരും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്ന ചിന്ത റുസ്സോയെ അലട്ടാന്‍ തുടങ്ങി. പിന്നീട് അദ്ദേഹത്തെ ഏറെ ഞെരുക്കിയ മനോവിഭ്രാന്തിയുടെ തുടക്കമായിരുന്നു അത്. ഉപകര്‍‍ത്താവായ ഡേവിഡ് ഹ്യൂമിനെപ്പോലും അദ്ദേഹത്തിന് സംശയമായി. 1767-ല്‍ ഫ്രാന്‍സിലേക്കു മടങ്ങിയ റുസ്സോ പലയിടങ്ങളിലും താമസിച്ചശേഷം 1770-ല്‍ പാരീസിലെത്തി. അടുത്ത എട്ടു വര്‍ഷം അദ്ദേഹം അവിടെ കഷ്ടാവസ്ഥയില്‍ കഴിഞ്ഞു. ഉപജീവനത്തിനായി സംഗീതരചനകള്‍ പകര്‍ത്തിയെഴുതുകയും മറ്റും ചെയ്യേണ്ടി വന്നു. അതേസമയം ഇക്കാലത്തും അദ്ദേഹം ഏകാന്തപഥികന്റെ ആത്മഗതം (Reveries of a solitary Walker), ജീന്‍ ഷാക്കിനെ വിധിക്കുന്ന റുസ്സോ (Rousseau: Judge of Jean Jacques) തുടങ്ങിയ രചനകള്‍ നടത്തി. അദ്ദേഹത്തിന്റെ മാനസികനില വഷളായി. അതുവരെ വിശ്വസ്ഥയായിരുന്ന തെരീസ, കുതിരകളെ നോക്കുന്ന ഒരു ചെറുപ്പക്കാരനുമായി ചങ്ങാത്തത്തിലായത് അതിന്റെ കാരണങ്ങളിലൊന്നായിരുന്നു എന്നു പറയപ്പെടുന്നു. [6] 1778-ല്‍ പെട്ടെന്നുണ്ടായ മരണം, അത്മഹത്യ ആയിരുന്നു എന്നു കരുതുന്നവരുണ്ട്.


[തിരുത്തുക] വിലയിരുത്തല്‍

റുസ്സോയുടെ രചനകള്‍ പില്‍ക്കാലചിന്തയേയും ചരിത്രത്തത്തേയും അതിശയകരമാം‌വിധം സ്വാധീനിച്ചു. മനപൂര്‍‌വമല്ലെങ്കിലും ഫ്രാന്‍സിന്റെ മണ്ണിനെ 1789-ല്‍ തുടങ്ങിയ വിപ്ലവത്തിനൊരുക്കുന്നതില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചു. വിപ്ലവത്തിന് നാന്ദി കുറിച്ച സംഭവമായ ബസ്റ്റില്ലിന്റെ പതനം നടക്കാന്‍ റുസ്സോ മരിച്ച് പതിനൊന്നു വര്‍ഷമേ വേണ്ടി വന്നുള്ളു. രാഷ്ട്രമീമാംസക്കപ്പുറം, സന്മാര്‍ഗ്ഗത്തിന്റേയും വിദ്യാഭ്യാസത്തിന്റേയും മതത്തിന്റേയും മേഖലകളിലും റുസ്സോയുടെ സ്വാധീനം പ്രകടമായിട്ടുണ്ട്. പില്‍ക്കാലചിന്തകന്മാരില്‍ റുസ്സോ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ഇമ്മാനുവേല്‍ കാന്റിനെ ആണ് എന്നു പറയപ്പെടുന്നു. [5] കാന്റിന്റെ സന്മാര്‍ഗചിന്തയുടെ ഒരു പ്രധാന സ്വഭാവം, ധാര്‍മ്മികതയുടെ മാനങ്ങള്‍ സാര്‍‌വലൗകികമായിരിക്കും എന്ന അവകാശവാദമാണ്. ഇതിന് റുസ്സോയുടെ, പൊതുമനസ്സ്(General Will) എന്ന ആശയവുമായി ഏറെ സമാനതയുണ്ട്.[7] എമിലിന്റെ രചനവഴി റുസ്സോ വിദ്യാഭ്യാസചിന്തയിന്മേലും തന്റെ ധിഷണയുടെ നിഴല്‍പ്പാട് അവശേഷിപ്പിച്ചു.


അതേസമയം, അങ്ങേയറ്റം സങ്കീര്‍ണ്ണമായ വ്യക്തിത്വമായിരുന്നു റുസ്സോയുടേത്. തത്ത്വചിന്തയിലേയും വ്യക്തിജീവിതത്തിലേയും അദ്ദേഹത്തിന്റെ നിലപാടുകള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചവരെ വിഷമിപ്പിച്ചിട്ടുണ്ട്. ജ്ഞാനോദയചിന്തകന്മാരില്‍ വിശകലനത്തിന് തീരെ വഴങ്ങാത്തവന്‍ എന്ന് റുസ്സോ വിശേഷിക്കപ്പെടുന്നു. [8] ഒരേകാര്യത്തില്‍ തന്നെ പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളും പെരുമാറ്റവും അദ്ദേഹത്തില്‍ നിന്നു വരുന്നത് ആരേയും അമ്പരപ്പിക്കും. തനിക്കു ജനിച്ച അഞ്ചു കുട്ടികളെ അമ്മത്തൊട്ടിലുകളില്‍ ഉപേക്ഷിച്ച റുസ്സോ തന്നെ പിന്നീട് കുട്ടികളുടെ വിദ്യാഭാസത്തെക്കുറിച്ച് എഴുതപ്പെട്ട കൃതികളില്‍ എല്ലാക്കാലത്തേയും ക്ലാസ്സിക്കായ എമിലില്‍ ഇങ്ങനെ എഴുതി:-

പിതാവിന്റെ ചുമതല നിര്‍‌വഹിക്കാന്‍ വയ്യാത്തവന് പിതാവാകാന്‍ അവകാശമില്ല. ദാരിദ്ര്യവും, ജോലിത്തിരക്കും ഒന്നും ഒരാള്‍ക്ക് സ്വന്തം കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള ഉത്തരവാദിത്വം നിര്‍‌വഹിക്കാതിരിക്കുന്നതിനുള്ള ന്യായീകരണമല്ല. അല്പമെങ്കിലും ഹൃദയാലുതയുള്ള ഒരുവന്‍ പവിത്രമായ ഈ ഉത്തരവാദിത്വം അവഗണിച്ചാല്‍ പിന്നീട് അതോര്‍ത്ത് ചുടുകണ്ണീര്‍ പൊഴിക്കും; അവന് ഒരിടത്തും ആശ്വാസം കിട്ടുകയില്ല.[9]

എന്നാല്‍, തന്റെ കുട്ടികളെ ഉപേക്ഷിച്ചു കളഞ്ഞതില്‍‍ തനിക്കു ദുഖമൊന്നുമില്ലെന്നും ആ പ്രവൃത്തി ശരിയും നിയമാനുസൃതവും ആയിരുന്നെന്നും സത്യസന്ധനായ പൗരനേയും നല്ല പിതാവിനേയും പോലെയാണ് താന്‍ പെരുമാറിയതെന്നും അതോടെ താന്‍ പ്ലേറ്റോയുടെ മാതൃകാരാജ്യത്തെ പൗരനെപ്പോലെയായി എന്നും ഒക്കെ റുസ്സോ ആത്മകഥയില്‍ പിന്നീട് എഴുതി.[10]

[തിരുത്തുക] കുറിപ്പുകള്‍

1 സ്ഥാനപതിയുമായി പിരിയുന്നതിന് തൊട്ടുമുന്‍പുള്ള കൂടിക്കാഴ്ച റുസ്സൊ ആത്മകഥയില്‍ നാടകീയമായി വിവരിച്ചിട്ടുണ്ട്. "വേലക്കാരോട് എന്നെ മുറിക്ക് പുറത്താക്കാന്‍ പറയും എന്ന് അയാള്‍ പറഞ്ഞപ്പോള്‍ എനിക്കു കലിവന്നു. ചാടിയെഴുന്നേറ്റ് മുറി അകത്തുനിന്ന് കുറ്റിയിട്ടിട്ട ശേഷം അയാള്‍ക്ക് നേരേ അടിവച്ചുനീങ്ങിക്കോണ്‍ട് ഞാന്‍ പറഞ്ഞു: വേണ്ട പ്രഭോ, ഈ കലഹത്തില്‍ വേലക്കാരെ പങ്കാളികളാക്കേണ്ട. വരൂ, ഇത് ഇവിടെ നമുക്കിടയില്‍ തീര്‍ക്കാം". (Confessions നാലാം വാല്യം ഒന്നാം പുസ്തകത്തില്‍ നിന്ന്)

2.  റുസ്സോ താന്‍ ജനീവയിലെ പൗരനാണന്നതില്‍ അഭിമാനം കൊണ്ടിരുന്നു. സ്വതന്ത്രരാഷ്ട്രത്തിലെ പൗരനും പരമാധികാരത്തിലെ പങ്കാളിയും ആയാണ് താന്‍ ജനിച്ചതെന്ന് അദ്ദേഹം സാമൂഹ്യ ഉടമ്പടിയുടെ തുടക്കത്തില്‍ തന്നെ എഴുതിയിട്ടുണ്ട്.

3.  തെരീസയെ ലണ്ടണിലെത്തിച്ചത് സാമുവല്‍ ജോണ്‍സന്റെ പ്രഖ്യാതജീവചരിത്രകാരനായ ജെയിംസ് ബോസ്വെല്‍ ആണ് എന്നു പറയപ്പെടുന്നു.(Jean Jacques Rousseau - 100 Great Lives Edited by John Canning)

4. പാപങ്ങള്‍ ഏറ്റുപറയുന്ന റുസ്സോപോലും പലപ്പോഴും അവിശ്വസിക്കപ്പെടുന്നു. തനിക്കു അഞ്ചു കുട്ടികള്‍ ജനിച്ചെന്നും അവരെ അമ്മത്തൊട്ടിലുകളില്‍ ഉപേക്ഷിച്ചെന്നും പറയുന്നത്പോലും കഥയാണോ എന്നു സംശയിക്കുന്നവരുണ്ട്.(Jean Jacques Rousseau - Classic Encyclopedia - http://www.1911encyclopedia.org/Jean_Jacques_Rousseau)

5. ആദ്യവായനയില്‍ ഭാഷയുടെ സൗന്ദര്യത്തില്‍ മയങ്ങി ഉള്ളടക്കത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെവന്നിരുന്നതുകൊണ്ട്, ഇമ്മാനുവേല്‍ കാന്റിന്, റുസ്സോയുടെ കൃതികള്‍ മനസ്സിലാകാന്‍ രണ്ടുവട്ടം വായിക്കണമായിരുന്നത്ര. കണിശമായ ദിനചര്യക്ക് പേരുകേട്ടിരുന്ന കാന്റിന്റെ പ്രഭാതത്തിലെ നടത്തിന്റെ സമയം ഇടക്ക് ആകെ തെറ്റിയിരിക്കുന്നതായി കണ്ടു. അദ്ദേഹം ആ ദിവസങ്ങളില്‍ റുസ്സോയുടെ എമിലില്‍ മുഴുകിയിരിക്കുകയായിരുന്നു. (Bertrand Russel - History of Western Philosophy)


[തിരുത്തുക] ആധാരസൂചിക

  1. Confessions ആദ്യ അദ്ധ്യായം
  2. Bertrand Russel - History of Western Philosophy
  3. constitution.org - സാമൂഹ്യ ഉടമ്പടി, GDH Cole-ന്റെ ഇംഗ്ലീഷ് പരിഭാഷ http://www.constitution.org/jjr/socon.htm
  4. "The details of Rousseau's life are well-known, if a bit embellished, in his Confessions" - http://cepa.newschool.edu.het/profiles/rousseau.htm
  5. Illustratedgarden.org - Jean Jacques Rousseau - http://www.illustratedgarden.org/mobot/rarebooks/author.asp?creator=Rousseau,%20Jean-Jacques&creatorID=11
  6. Jean Jacques Rousseau - 100 Great Lives Edited by John Canning
  7. http://www.iep.utm.edu/r/rousseau.htm
  8. "The most enigmatic of all philosophers of 18th century Enlightenment" - The History Guide - Lectures on Twentieth Century Europe - http://historyguide.org/europe/rousseau.html
  9. എമിലി ഒന്നാം പുസ്തകം
  10. Confessions നാലാം വാല്യം , രണ്ടാം പുസ്തകം
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -