പ്ലേറ്റോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
||||||||||||||||||||
പ്രാചീന ഗ്രീസിലെ പേരുകേട്ട തത്ത്വചിന്തകനായിരുന്നു പ്ലേറ്റോ (ക്രി.മു. 427-347). പാശ്ചാത്യതത്ത്വചിന്തയിലെ ഏറ്റവും വലിയ നാമമായ സോക്രട്ടീസിന്റെ ശിഷ്യനും പ്രഖ്യാത ഗ്രീക്ക് ചിന്തകന്‍ അരിസ്റ്റോട്ടിലിന്റെ ഗുരുവും ആയിരുന്നു അദ്ദേഹം. സോക്രട്ടീസിന്റെ വ്യക്തിത്വത്തേയും ചിന്തകളേയും കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് മിക്കവാറും ഏകമാത്ര അവലംബം പ്ലേറ്റോയുടെ രചനകളാണ്.
ഉള്ളടക്കം |
[തിരുത്തുക] ജനനം, പഠനം, പ്രവാസം
ഗ്രീസിലെ അഥന്‍സിലായിരുന്നു ജനനം. മാതാപിതാക്കന്മാര്‍ സമ്പത്തും സ്വാധീനവുമുള്ളവരായിരുന്നു. അഛന്‍ അരിസ്റ്റണ്‍ പ്ലേറ്റോയുടെ ബാല്യത്തില്‍ തന്നെ മരിച്ചതിനെത്തുടര്‍ന്ന് അമ്മ പെരിക്ടിയോണ്‍ വീണ്ടും വിവാഹം കഴിച്ചു. രണ്ടാം ഭര്‍ത്താവ് ആഥന്‍സിലെ പ്രഖ്യാത രാഷ്ട്രതന്ത്രജ്ഞന്‍ പെരിക്കിള്‍സിന്റെ സുഹൃത്തായിരുന്ന പൈറിലാമ്പെസ് ആയിരുന്നു.[1] രാഷ്ട്രീയമായി ഗ്രീക്ക് ചരിത്രത്തിലെ ഒരു നിര്‍ണ്ണായകഘട്ടത്തിലായിരുന്നു പ്ലേറ്റോയുടെ ജനനം. അദ്ദേഹം ജനിക്കുമ്പോള്‍ പെരിക്കിള്‍സ് മരിച്ചിട്ട് ഒരു വര്‍ഷവും, അഥന്‍സിനു വലിയ നാശവും അപമാനവും വരുത്തിവച്ച പെലൊപ്പോന്നേസ് യുദ്ധം തുടങ്ങിയിട്ട് നാലു വര്‍ഷവും ആയിരുന്നു. തന്റെ ബാല്യ-കൗമാര-യൗവ്വനങ്ങള്‍ മുഴുവന്‍ നീണ്ടു നിന്ന യുദ്ധവും, പെരിക്കിള്‍സിന്റെ മരണത്തെ തുടര്‍ന്നു അരങ്ങേറിയ എണ്ണമില്ലാത്ത രാഷ്ട്രീയ ഉപജാപങ്ങളും കണ്ടാണ് പ്ലേറ്റോ വളര്‍ന്നത്. രാഷ്ട്രീയക്കാരോട്, പ്രത്യേകിച്ച് ജനസാമാന്യത്തിന്റെ കൈയ്യടി മോഹിക്കുന്ന ജനാധിപത്യ വാദികളോടുള്ള പ്ലേറ്റോയുടെ മനോഭാവത്തെ അന്നത്തെ അനുഭവങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടാകാമെന്നു വിശ്വസിക്കപ്പെടുന്നു.
തത്ത്വചിന്തയുമായുള്ള ആയുഷ്കാലസൗഹൃദം അദ്ദേഹം തുടങ്ങിയത് സോക്രട്ടീസിന്റെ ശിഷ്യന്‍ ആയതോടെയാണ്. ക്രി.മു. 399-ല്‍ സോക്രട്ടീസ് കൊല്ലപ്പെട്ടപ്പോള്‍, പ്ലേറ്റോ ആദ്യം ഈജിപ്തിലേക്കും പിന്നെ ഇറ്റലിയിലേക്കും പോയി. ഈ പ്രവാസത്തിനിടെ അദ്ദേഹം പൈത്തോഗറസിന്റെ അനുയായികളില്‍ നിന്നു പഠിക്കുകയും ഇറ്റലിയിലെ സൈറാക്കൂസിലെ ഭരണകുടുംബത്തിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയും ചെയ്തു.
[തിരുത്തുക] അക്കാദമി
ഒടുവില്‍ പ്ലേറ്റോ ആഥന്‍സില്‍ മടങ്ങിയെത്തി. അവിടെ അദ്ദേഹം ഒരു തത്ത്വചിന്താപാഠശാല സ്ഥാപിച്ചു. വിജ്ഞാനദേവതയായ അഥീനക്കു പ്രതിഷ്ടിക്കപ്പെട്ട അക്കാദമിയ എന്ന ഒലിവുമരത്തോട്ടത്തില്‍ സ്ഥാപിക്കപ്പെട്ട ആ വിദ്യാലയം അക്കാദമി എന്നു വിളിക്കപ്പെട്ടു.[2] തന്റെ അടുക്കല്‍ അറിവുതേടിയെത്തുന്നവരെ, സോക്രട്ടീസ് വാദപ്രദിവാദങ്ങളുടെ വഴിയേ തത്ത്വചിന്തയിലെ ഗഹനതകളിലേക്കു നയിക്കുന്നത് കണ്ടു പരിചയിച്ചിരുന്ന പ്ലേറ്റോ, അറിവ് പകരുന്നതിനു സോക്രട്ടീസിന്റെ ആ മാര്‍ഗം തന്നെയാണ് അക്കാദമിയില്‍ പിന്തുടര്‍ന്നത്. അവിടെ പ്ലേറ്റോയുടെ ശിഷ്യന്മാരായിരുന്നവരില്‍ ഏറ്റവും പ്രമുഖന്‍, പ്രശസ്തിയിലും തത്ത്വചിന്തയിന്മേലുള്ള സ്വാധീനത്തിലും പ്ലേറ്റോക്കൊപ്പം നില്‍ക്കുന്ന അരിസ്റ്റോട്ടിലാണ്.
ഇടക്ക് കടല്‍ക്കള്ളന്മാരുടെ പിടിയില്‍ പെട്ട പ്ലേറ്റോയെ രക്ഷപ്പെടുത്താനായി സുഹൃത്തുക്കള്‍ മോചനദ്രവ്യം സമാഹരിച്ചെന്നും അതുകൊടുക്കാതെ തന്നെ മോചനം സാധ്യമായപ്പോള്‍ അതുപയോഗിച്ച് അവര്‍ അദ്ദേഹത്തിന് വാങ്ങിക്കൊടുത്ത സ്ഥലത്താണ് അക്കാഡമി സ്ഥാപിച്ചതെന്നും പറയപ്പെടുന്നു.[തിരുത്തുക] കൃതികള്‍
തന്റെ രചനകളിലും പ്ലേറ്റോ പിന്തുടര്‍ന്നത് അക്കാദമിയിലെ അദ്ധ്യാപനശൈലിയായ വാദപ്രതിവാദത്തിന്റെ മാര്‍ഗമാണ്. അതുകൊണ്ട്, അദ്ദേഹത്തിന്റെ കൃതികളെ ഡയലോഗുകള്‍ (Dialogues) എന്നു വിളിക്കുന്നു. മിക്കവാറും ഡയലോഗുകളില്‍ ചര്‍ച്ചയുടെ കേന്ദ്രബിന്ദു സോക്രട്ടീസ് ആണ്. പ്രധാന ആശയങ്ങളെല്ലാം തന്നെ അവതരിപ്പിക്കപ്പെടുന്നതും സോക്രട്ടീസിന്റെ പേരിലാണ്.
[തിരുത്തുക] ആദ്യകാലരചനകള്‍
അസാമാന്യപ്രതിഭയുള്ള ചിന്തകനും എഴുത്തുകാരനുമായിരുന്ന പ്ലേറ്റോ, സോക്രട്ടീസിനെ വെറുതേ പകര്‍ത്തിക്കാട്ടുക മാത്രമാണ് ചെയ്തതെന്നു ആരും തന്നെ വിശ്വസിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലരചനകളില്‍ പ്രകടിപ്പിക്കപ്പെടുന്ന ആശയങ്ങള്‍ സോക്രട്ടീസിന്റെ പഠനങ്ങളോട് മിക്കവാറും ഒത്തുപോകുന്നവയായിരിക്കണമെന്നു കരുതപ്പെടുന്നു. ഇവയില്‍ യൂത്തിഫ്രോ (Euthyphro) എന്ന ഡയലോഗ്, മനുഷ്യകര്‍മ്മങ്ങളുടെ ശരാശരികളെക്കുറിച്ചും വിശുദ്ധിയുടെ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള അന്വേഷണമാണ്. ദൈവങ്ങളെ ബഹുമാനിക്കായ്ക, യുവജനങ്ങളെ വഴിപിഴപ്പിക്കുക എന്നീ ആരോപണങ്ങള്‍ക്കു വിചാരണചെയ്യപ്പെട്ട സോക്രട്ടീസ്, അഥന്‍സിലെ ന്യായാസനത്തിനു മുന്‍പില്‍ മറുപടി പറയുന്നതാണ് അപ്പോളജിയില്‍ (Apology) ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സത്യാന്വേഷിയുടെ ജീവിതവീക്ഷണമാണ് അതില്‍ അവതരിക്കപ്പെടുന്നത്. മരണത്തിനു വിധിക്കപ്പെട്ട ശേഷം, വിധിനടപ്പാക്കുന്നത് കാത്ത് തടവില്‍ കഴിയുന്ന സോക്രട്ടീസ്, തന്നെ സന്ദര്‍ശിക്കുന്ന സുഹൃത്തുക്കളും ശിഷ്യന്മാരുമായി നടത്തുന്ന സംഭാഷണമാണ് ക്രിറ്റോ(Crito). തടവില്‍ നിന്നു രക്ഷപെടാനുള്ള അവരുടെ ഉപദേശം സോക്രട്ടീസ് നിരസിച്ചു. ആ പശ്ചാത്തലത്തില്‍ പൗരന്‍ രാഷ്ട്രനിയമങ്ങള്‍ ലംഘിക്കുന്നത് ശരിയോ എന്ന വിഷയം ആ കൃതി ചര്‍ച്ച ചെയ്യുന്നു.
[തിരുത്തുക] മദ്ധ്യകാലരചനകള്‍
പിന്നീടെഴുതിയ കൃതികളില്‍ പ്ലേറ്റോ സോക്രട്ടീസിന്റേതായി അവതരിപ്പിക്കുന്ന ആശയങ്ങളില്‍ പലതും പ്ലേറ്റോയുടെ തന്നെ ചിന്തയുടെ ഫലങ്ങളായിരിക്കണം എന്നു പറയപ്പെടുന്നു. ഇവയില്‍ ഇടക്കാലത്തെ സൃഷ്ടിയായ മെനോയില്‍(Meno)ആരും അറിഞ്ഞുകൊണ്ട് തിന്മ ചെയ്യുന്നില്ല എന്ന സോക്രട്ടീസിന്റെ വിശ്വാസത്തിന്റെ പശ്ചാത്തലത്തില്‍, നന്മ പരിശീലനം കൊണ്ട് ശീലിക്കാവുന്നതാണോ എന്നു തുടങ്ങിയ ചോദ്യങ്ങള്‍ പരിഗണിക്കപ്പെടുന്നു. ഫേദോയുടെ (Phaedo) പശ്ചാത്തലം സോക്രട്ടീസിന്റെ മരണത്തിനു തൊട്ടുമുന്‍പുള്ള സമയമാണ്. പ്ലേറ്റോയുടെ പ്രഖ്യാതമായ മാതൃകകളുടെ സിദ്ധാന്തം(Theory of Forms)[3] പ്ലേറ്റോ ഇക്കാലത്തെഴുതിയ സിമ്പോസിയം എന്ന ഡയലോഗിന്റെ വിഷയം പ്രേമം അടക്കമുള്ള മനുഷ്യവികാരങ്ങളാണ്.[4] [5]
, ആത്മാക്കളുടെ അമര്‍ത്യത എന്നിവയും ഫേദോയില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. സോക്രട്ടീസിന്റെ മരണവും ഇതില്‍ ചിത്രീകരിക്കപ്പെടുന്നുണ്ട്. സുഹൃത്തായ ക്രിറ്റോയോട്, അസ്ക്ലേപ്പിയസ് ദേവന് തനിക്കു വേണ്ടി ഒരു കോഴി കാഴചവക്കണമെന്ന അഭ്യര്‍ഥനയായിരുന്നു സോക്രട്ടീസിന്റെ അന്ത്യവചനങ്ങള്‍.[തിരുത്തുക] റിപ്പബ്ലിക്ക്
പ്ലേറ്റോയുടെ മദ്ധ്യകാലരചനകളില്‍ ഒന്നാണെങ്കിലും മനുഷ്യചിന്തയിന്മേല്‍ അത് ചെലുത്തിയ സ്വാധീനം കണക്കെലിടുക്കുമ്പോള്‍ പ്രത്യേകം പരിഗണിക്കപ്പെടേണ്ട കൃതിയാണ് റിപ്പബ്ലിക്ക്(ഗണതന്ത്രം). ഇത് പ്ലേറ്റോയുടെ മുഖ്യകൃതിയായി അറിയപ്പെടുന്നു. പൊതുവേ പറഞ്ഞാല്‍ ഇതിലെ ചര്‍ച്ചാവിഷയം 'നീതി' (Justice)ആണ്. നീതി എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കേണ്ടത് എന്ന ചോദ്യത്തില്‍ തുടങ്ങുന്ന ചര്‍ച്ച പിന്നെ ജ്ഞാനം(wisdom), ധൈര്യം(courage), പാകത(moderation) എന്നീ ഗുണങ്ങളെ സ്പര്‍ശിക്കുക്കയും ആ ഗുണങ്ങള്‍ വ്യക്തിയിലും സമൂഹത്തിലും എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നു അന്വേഷിക്കുകയും ചെയ്യുന്നു. അജ്ഞതയുടെ ഗുഹയില്‍ ജീവിച്ചു മരിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യജീവികളുടെ ദുരവസ്ഥ ചിത്രീകരിക്കുന്ന പ്രസിദ്ധമായ ഗുഹയുടെ അന്യാപദേശം (Allegory of the Cave) പ്രത്യക്ഷപ്പെടുന്നത് ഈ കൃതിയിലാണ്. പാശ്ചാത്യതത്ത്വചിന്തയിലെ ഏറ്റവും ശ്രദ്ധേയമായ ഖണ്ഡം എന്നു പോലും ഗുഹയുടെ അന്യാപദേശം വിശേഷിക്കപ്പെട്ടിട്ടുണ്ട്. [6]ഗുഹക്കുള്ളില്‍ അതിന്റെ ഇടുങ്ങിയ പ്രവേശനദ്വാരത്തിനു പുറംതിരിഞ്ഞുനില്‍ക്കുന്ന മനുഷ്യര്‍, അരണ്ട വെളിച്ചം ഗുഹാഭിത്തിയില്‍ തീര്‍ക്കുന്ന നിഴലുകളെ യാഥാര്‍ഥ്യങ്ങളായി തെറ്റിദ്ധരിച്ച് ആയുസു പാഴാക്കുന്നു. വ്യക്തിയെ അജ്ഞതയുടെ ഗുഹയില്‍ നിന്നു രക്ഷപ്പെടുത്തി, ഗുണസുമ്പുഷ്ടമായ മാതൃകാ സമൂഹത്തിനു ചേരുംവിധം രുപപ്പെടുത്തിയെടുക്കാന്‍ പറ്റിയ വിദ്യാഭ്യാസപദ്ധതി എന്താണ് എന്നത് ഈ പശ്ചാത്തലത്തില്‍ വിശദമായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ഈ കൃതിയുടെ അവസാനഭാഗം നീതിനിഷ്ഠമായ മാതൃകാഭരണകൂടം ഏത് എന്ന അന്വേഷണമാണ്. വിവിധതരം ഏകാധിപത്യങ്ങളേയും, ജനാധിപത്യത്തേയും പരിഗണിച്ച് തള്ളുന്ന ഈ അന്വേഷണം, തത്ത്വജ്ഞാനിയുടെ ഭരണമാണ് ഏറ്റവും അഭികാമ്യം എന്ന നിഗമനത്തില്‍ എത്തിച്ചേരുന്നു. തത്ത്വജ്ഞാനിയുടെ ഭരണത്തില്‍ മാത്രം രാഷ്ട്രത്തില്‍ നീതിപുലരുമെന്നതുപോലെ ആശകളേയും വികാരങ്ങളേയും ബുദ്ധിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നാല്‍ വ്യക്തിയുടെ നീതിനിഷ്ഠയും ഉറപ്പാക്കാം എന്നും ഇതില്‍ വാദിച്ചു സ്ഥാപിക്കുന്നുണ്ട്.
ഗഹനമായ ആശയങ്ങള്‍ക്കും കുറിക്കുകൊള്ളുന്ന നിരീക്ഷണങ്ങള്‍ക്കുമൊപ്പം മൂര്‍ച്ചയുള്ള ഫലിതവും നിറഞ്ഞ കൃതിയാണ് റിപ്പബ്ലിക്ക്. ഒരിടത്ത് ജനാധിപത്യത്തെ പരിഹസിച്ചിരിക്കുന്നത് ഇങ്ങനെയാണ്:-
ജനാധിപത്യത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം നിങ്ങള്‍ കണ്ടറിയുക തന്നെ വേണം. പട്ടിയുടെ സ്ഥാനം അതിന്റെ യജമാനത്തിയുടേതിനു സമമാകുന്നു. കുതിരയുടേയും കഴുതയുടേയും കാര്യവും അങ്ങനെ തന്നെ. പെരുവഴികളില്‍ സര്‍വസ്വതന്ത്രരായി നടന്നുനീങ്ങുകയും വഴിമാറിക്കൊടുക്കാത്തവരെ ഇടിച്ചുവീഴ്ത്തുകയും ചെയ്യുകയെന്നത് അവര്‍ പതിവാക്കുന്നു. എവിടേയും സ്വാതന്ത്ര്യബോധം കൊടിപറത്തുന്നു. [7]
[തിരുത്തുക] പില്‍ക്കാലരചനകള്‍
പ്ലേറ്റോ ഒടുവില്‍ എഴുതിയ കൃതികളില്‍ ഡയലോഗിന്റെ പുറംചട്ട മിക്കവാറും ഉപേക്ഷിച്ചമട്ടാണ്. മുന്‍കൃതികളില്‍ പരാമര്‍ശിക്കപ്പെട്ട പല ആശയങ്ങളുടേയും പുനര്‍പരിഗണനയാണ് ഇവയില്‍. രാഷ്ട്രമീമാസയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന നിയമങ്ങള്‍(Laws) എന്ന കൃതിയും ഇവയില്‍ ഉള്‍പ്പെടുന്നു. അത് പൂര്‍ത്തിയാക്കപ്പെടാത്തതാണ്.
[തിരുത്തുക] പ്ലേറ്റോയും അരിസ്റ്റോട്ടിലും
പ്ലേറ്റോയുടെ ഏറ്റവും പ്രമുഖ ശിഷ്യനായിരുന്ന അരിസ്റ്റോട്ടില്‍ പല കാര്യങ്ങളിലും പ്ലേറ്റോയുമായി വിയോജിപ്പിലായിരുന്നു. മാതൃകകളുടെ സിദ്ധാന്തം(Theory of forms) തുടങ്ങി പ്ലേറ്റോയുടെ തത്ത്വചിന്തയിലെ പല മൗലിക ആശയങ്ങളേയും അരിസ്റ്റോട്ടില്‍ നിരാകരിച്ചു. തീരെ ലളിതവത്കരിച്ചതെന്നു പറയാവുന്ന താരതമ്യത്തില്‍, പ്ലേറ്റോ ആശയവാദിയും അരിസ്റ്റോട്ടില്‍ യാഥാര്‍ഥ്യവാദിയും ആയിരുന്നു എന്ന് പറയാറുണ്ട്. അക്കാദമിയില്‍ പ്ലേറ്റോയും അരിസ്റ്റോട്ടിലും സംവാദത്തിലേര്‍പ്പെട്ടിരിക്കുന്നത് ചിത്രീകരിക്കുന്ന നവോദ്ധാനചിത്രകാരന്‍ റഫേലിന്റെ ചിത്രം പ്രസിദ്ധമാണ്. [8] ഇരുവരുടേയും അംഗവിക്ഷേപങ്ങള്‍ അവരുടെ നിലപാടുകളിലെ വ്യത്യാസം വെളിപ്പെടുത്തുന്നു. ആശയവാദിയായ ഗുരു മുകളിലേക്കു വിരല്‍ ചൂണ്ടിയിരിക്കുമ്പോള്‍, യാഥാര്‍ഥ്യവാദിയായ അരിസ്റ്റോട്ടില്‍ വലംകൈപ്പത്തി ഭൂമിക്കു സമാന്തരമാക്കി നിര്‍ത്തിയിരിക്കുന്നു.
[തിരുത്തുക] വിമര്‍ശനം, വിലയുരുത്തല്‍
ജനാധിപത്യത്തിനെതിരെയുള്ള പ്ലേറ്റോയുടെ നിലപാട് പ്രസിദ്ധമാണ്. ആധുനികാലത്ത് പ്ലേറ്റോ ഏറ്റവുമേറെ വിമര്‍ശിക്കപ്പെട്ടിട്ടുള്ളതും അതിന്റെ പേരിലാണ്. ഇത്തരം വിമര്‍ശനങ്ങളില്‍ ഏറ്റവും മൗലികവും നിശിതവുമായത് ബ്രിട്ടീഷ് തത്ത്വചിന്തകന്‍ കാള്‍ പോപ്പര്‍ (1902-1994) 1945-ല്‍ പ്രസിദ്ധീകരിച്ച തുറന്ന സമൂഹവും അതിന്റെ ശത്രുക്കളും(Open Society and Its Enemies)എന്ന പുസ്തകത്തില്‍ നടത്തിയതാണ്.[9] പ്ലേറ്റോയുടെ സങ്കല്പത്തിലെ രാഷ്ട്രം, പ്രയോഗത്തില്‍, നുണപ്രചരണത്തിന്റേയും മൃഗീയശക്തിയുടേയും അടിത്തറയില്‍ നിലനില്‍ക്കുന്ന ആധുനിക സ്വേഛാധിപത്യങ്ങളേപോലെയായിരിക്കുമെന്നാണ് യൂറോപ്പിനെ ഗ്രസിച്ച നാസി ഭീകരതയുടെ പശ്ചാത്തലത്തില്‍ എഴുതിയ ആ കൃതിയില്‍ പോപ്പര്‍ പറഞ്ഞത്. പ്ലേറ്റോയുടെ ധിഷണയുടെ പ്രഭാവത്തില്‍ മയങ്ങി, എല്ലാക്കാലത്തേയും വ്യാഖ്യാതാക്കള്‍, അദ്ദേഹം വിഭാവന ചെയ്ത സമൂഹത്തിന്റെ ഭീഭത്സത തിരിച്ചറിയാതെ പോയി എന്നും പോപ്പര്‍ കുറ്റപ്പെടുത്തി.
സോക്രട്ടീസ് പ്രധാനപങ്കാളിയായിരുന്ന ആശയസംവാദങ്ങളുടെ ചിത്രീകരണം എന്ന മട്ടിലാണ് പ്ലേറ്റോയുടെ ഡയലോഗുകളെല്ലാം തന്നെ എഴുതപെട്ടിരിക്കുന്നത്. എന്നാല്‍ പ്ലേറ്റോയുടെ പേന വരച്ചുകാട്ടുന്ന സോക്രട്ടീസിനെ പരിചയപ്പെട്ടവരെയൊക്കെ കുഴക്കുന്ന പ്രശ്നം ആ ചിത്രീകരണം ഏതളവോളം ചരിത്രത്തിലെ സോക്രട്ടീസിന്റെ ആശയങ്ങളോടും വ്യക്തിത്ത്വത്തോടു തന്നെയും നീതിപുലര്‍ത്തുന്നുണ്ടെന്നതാണ്. സ്വേഛാധിപത്യത്തെപിന്തുണച്ച്, സോക്രട്ടീസിന്റേതെന്ന മട്ടില്‍ പ്ലേറ്റോ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ സോക്രട്ടീസിന്റേതായിരിക്കാന്‍ വഴിയില്ലെന്ന് പോപ്പര്‍ പറയുന്നുണ്ട്. ഇതേക്കുറിച്ച് ശ്രദ്ധേയമായ ഒരു നിരീക്ഷണം ഇരുപതാം നൂറ്റാണ്ടിലെ പ്രഖ്യാതതത്ത്വചിന്തകന്‍ ബെര്‍ട്രാന്‍ഡ് റസ്സല്‍ നടത്തിയിട്ടുണ്ട്.
തന്റെ ചിത്രീകരണത്തിലെ സോക്രട്ടീസ് ഏതളവുവരെ ചരിത്രത്തിലെ സോക്രട്ടീസായിരിക്കാന്‍ പ്ലേറ്റോ അനുവദിച്ചുവെന്നോ ഏതളവുവരെ ഡയലോഗുകളില്‍ പ്രത്യക്ഷപ്പെടുന്നത് പ്ലേറ്റോയുടെ അഭിപ്രായങ്ങള്‍ ഏറ്റുപറയുന്ന സോക്രട്ടീസ് എന്നു പേരുള്ള കഥാപാത്രം മാത്രമാണെന്നോ വ്യക്തമല്ല. പ്ലേറ്റോ, തത്ത്വചിന്തകനെന്നതിനപ്പുറം അസാമാന്യമാം വിധം ഭാവനാശാലിയായ ഒരെഴുത്തുകാരന്‍ കൂടിയായിരുന്നു. പ്ലേറ്റോയുടെ കല്പനാചാതുര്യമാണ് ഒരു ചരിത്രകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിശ്വസനീയതയില്‍ നിഴല്‍ വീഴ്ത്തുന്നത്. അദ്ദേഹത്തിന്റെ സോക്രട്ടീസിന്റേത് യുക്തിഭംഗങ്ങളൊന്നുമില്ലാതെ, അസാമാന്യമാംവിധം ആകര്‍ഷണീയത കാട്ടുന്ന ഒരു വ്യക്തിത്ത്വമാണ്. അത്തരമൊരു വ്യക്തിത്ത്വം സങ്കല്പിച്ചെടുക്കുകയെന്നത്, മിക്കവാറും മനുഷ്യരുടെ കഴിവിനപ്പുറമാണ്. പക്ഷേ പ്ലേറ്റോക്ക് അതിനുള്ള കഴിവുണ്ടായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. പ്ലേറ്റോ ആ കഴിവ് ഉപയോഗിച്ചോ എന്നത് മറ്റൊരു ചോദ്യമാണ്[10]
[തിരുത്തുക] കുറിപ്പുകള്‍
1↑ ആ യുദ്ധം പ്ലേറ്റോയുടെ ഇരുപത്തിമൂന്നാം വയസ്സുവരെ നീണ്ടുനിന്നു.
2↑ ഏതാണ്‍ട് ഒരു സഹസ്രാബ്ദക്കാലത്തിനടുത്ത് പ്രവര്‍ത്തനനിരതമായിരുന്ന അക്കാദമി നിര്‍ത്തലാക്കപ്പെട്ടത്, ക്രി.വ. 529-ല്‍ റോമന്‍ ചക്രവര്‍ത്തി ജസ്റ്റിനിയന്റെ ഉത്തരവിന്‍ പ്രകാരമാണ്.
3↑ ഈ പദാര്‍ഥപ്രപഞ്ചത്തിനപ്പുറം പദാര്‍ഥേതരമായ ഒരു മാതൃകാലോകമുണ്ടെന്നും പദാര്‍ഥപ്രപഞ്ചത്തിലെ വസ്തുക്കളും ഗുണങ്ങളുമെല്ലാം ഇതരലോകത്തിലെ അവയുടെ ഗുണസമ്പൂര്‍ണമായ മാതൃകകളുടെ നിഴലുകള്‍ മാത്രമാണെന്നുമാണ് മാതൃകകളുടെ സിദ്ധാന്തത്തിന്റെ ചുരുക്കം.
[തിരുത്തുക] ആധാരസൂചിക
- ↑ പ്ലേറ്റോയുടെ റിപ്പബ്ലിക്കിന്റെ പെന്‍ഗ്വിന്‍ ഇംഗ്ലീഷ് പതിപ്പിന് പരിഭാഷകന്‍ ഡെസ്മോണ്ട് ലീ എഴുതിയ ആമുഖം
- ↑ The ancient Greeks, Dr. C.George Boeree - http://webspace.ship.edu/cgboer/athenians.html
- ↑ "Crito, we ought to offer a cock to Asclepius. See to it and don't forget." Phaedo - സൊക്രട്ടീസിന്റെ അന്ത്യദിനങ്ങള്‍ എന്ന പേരില്‍ പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച പ്ലേറ്റോയുടെ നാലു ഡയലോഗുകളുടെ സമാഹാരത്തില്‍ നിന്ന്. (രോഗശാന്തിയുടെ ദേവനായിരുന്ന അസ്ക്ലേപ്പിയസിനുള്ള ഈ കാഴ്ചവയ്പ്പിന്റെ അര്‍ഥം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്)
- ↑ സിമ്പോസിയത്തിന്റെ പെന്‍ഗ്വിന്‍ പതിപ്പ്
- ↑ Plato - Philosophy Pages - http://www.philosophypages.com/ph/plat.htm
- ↑ World civilizations, Greek Philosophy, Plato - http://www.wsu.edu/~dee/GREECE/PLATO.HTM
- ↑ റിപ്പബ്ലിക്ക് ഒന്‍പതാം ഭാഗം, എട്ടാം അദ്ധ്യായത്തില്‍ നിന്ന് - പെന്‍ഗ്വിന്‍ ഇംഗ്ലീഷ് പരിഭാഷയെ ആശ്രയിച്ച് - പരിഭാഷകന്‍ ഡെസ്മോണ്ട് ലീ
- ↑ http://en.wikipedia.org/wiki/Image:Sanzio_01.jpg
- ↑ Open Society and Its Enemies(Vol.I)- Internet Archive http://www.archive.org/stream/opensocietyandit033120mbp/opensocietyandit033120mbp_djvu.txt
- ↑ ബെര്‍ട്രാന്‍ഡ് റസ്സല്‍, പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം, സോക്രട്ടീസ്(അദ്ധ്യായം 11)