ലൂക്കാ എഴുതിയ സുവിശേഷം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രൈസ്തവ ബൈബിളിന്റെ ഭാഗമായ പുതിയ നിയമത്തിലെ മൂന്നാമത്തെ സുവിശേഷമാണ് ലൂക്കാ എഴുതിയ സുവിശേഷം. സ്നാപകയോഹന്നാന്റെ ജനനത്തെസംബന്ധിച്ചു ദേവാലയത്തില്‍ വച്ചു സക്കറിയാക്കു കിട്ടിയ അറിയിപ്പോടെ (1:11) ആരംഭിക്കുന്ന സുവിശേഷം, ദേവാലയത്തെക്കുറിച്ചുള്ള പരാമര്‍ശത്തോടെയാണ് അവസാനിക്കുന്നത് (24:53). ദേവാലയത്തിനു പ്രാധാന്യം കല്‍പിച്ചുകൊണ്ടുള്ള യഹൂദവീക്ഷണത്തിന്റെ സ്വാധീനം ഇവിടെ പ്രതിഫലിച്ചുകാണുന്നു എന്നു വാദിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, രക്ഷാകരപദ്ധതി വിജാതീയരെക്കൂടെ ഉള്‍ക്കൊള്ളുന്നതാകയാല്‍ അവര്‍ക്കു പ്രത്യേകിച്ചും സ്വീകാര്യമായൊരു വീക്ഷണം അവലംബിക്കുന്നതിലാണു സുവിശേഷകന്റെ സവിശേഷശ്രദ്ധ പതിയുന്നത്. മത്തായിയുടേയും ലൂക്കായുടേയും സുവിശേഷങ്ങള്‍ അവതരിപ്പിക്കുന്ന യേശുവിന്റെ വംശാലികളുടെ താരതമ്യപഠനം ഇതു വ്യകതമാക്കും. മത്തായിയുടെ വംശാവലി യഹൂദജനതയുടെ പിതാവായ അബ്രാഹമില്‍ ചെന്നവസാനിക്കുമ്പോള്‍, ലൂക്കായുടെ വംശാവലി, മുഴുവന്‍ മനുഷ്യവര്‍ഗത്തിന്റേയും ആദിപിതാവായ ആദം വരെ നീളുന്നു. തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍, യേശു വിജാതീയരുടെ ഗലീലിയില്‍ പഠിപ്പിച്ചുകൊണ്ടു രക്ഷാകരദൌത്യം ആരംഭിക്കുന്നതായും സകല ജാതികളോടും രക്ഷയുടെ സദ്വാര്‍ത്ത അറിയിക്കാന്‍ ശിഷ്യന്മാരെ ചുമതലപ്പെടുത്തിക്കൊണ്ട് അവസാനിപ്പിക്കുന്നതായും സുവിശേഷകന്‍ വിവരിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] രചയിതാവ്
വിശുദ്ധ ലൂക്കാ സുവിശേഷകന്‍ അന്ത്യോക്യയില്‍ വിജാതീയമാതാപിതാക്കളില്‍നിന്നു ജനിച്ചു എന്നു കരുതപ്പെടുന്നു. വിശുദ്ധ പൌലോസിന്റെ സ്നേഹിതനായിരുന്നു അദ്ദേഹമെന്നും (കൊളോ 4:14). പൌലോസിന്റെ രണ്ടാമത്തെയും (അപ്പ 16:10-11) മൂന്നാമത്തെയും (അപ്പ 20:5-8) പ്രേഷിതയാത്രകളിലും റോമിലെ കാരാഗൃഹവാസകാലത്തും (അപ്പ 27:1 - 28:16; 2 തിമോ 4:11; ഫിലെ 23) ലൂക്കായും കൂടെയുണ്ടായിരുന്നു എന്നും, പൗലോസിന്റെ ലേഖനങ്ങളിലേയും നടപടി പുസ്തകത്തിലേയും പരാമര്‍ശങ്ങളെ ആധാരമാക്കി വിശ്വസിക്കപ്പെട്ടുപോരുന്നു. ഇക്കാരണങ്ങളാല്‍, വിജാതീയരുടെ ഇടയിലേക്കു വളര്‍ന്നുവികസിച്ചുകൊണ്ടിരുന്ന സഭയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ സുവിശേഷകനു കഴിയുമായിരുന്നിരിക്കണം.
[തിരുത്തുക] ചരിത്രം
ഏ. ഡി. 70-നുശേഷം ഗ്രിസില്‍ വച്ച് ഈ സുവിശേഷം വിരചിതമായി എന്നു കരുതപ്പെടുന്നു. മത്തായിയും മര്‍ക്കോസും ഉപയോഗിച്ച മൂലരേഖകള്‍ക്കുപുറമേ മറ്റു പാരമ്പര്യങ്ങളും ഈ സുവിശേഷരചനയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു വേണം അനുമാനിക്കാന്‍. കാരണം, മത്തായിയുടെ സുവിശേഷത്തില്‍നിന്നു വ്യത്യസ്തമായ ബാല്യകാലസുവിശേഷം, സ്നാപകയോഹന്നാനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍, നല്ല സമറിയാക്കാരന്റെ ഉപമ, മര്‍ത്തായെയും മറിയത്തെയും കുറിച്ചുള്ള വിവരണം, ധൂര്‍ത്തപുത്രന്റെ ഉപമ, ഫരിസേയന്റെയും ചുങ്കാക്കാരന്റെയും ഉപമ, സക്കേവൂസിന്റെ ചരിത്രം, ഹെറോദേസിന്റെ മുമ്പാകെയുള്ള വിസ്താരം, എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരുടെ അനുഭവം തുടങ്ങി മറ്റു സുവിശേഷങ്ങളില്‍ കാണാത്ത പലതും ലൂക്കായുടെ സുവിശേഷത്തില്‍ ഉണ്ട്. ലഭ്യമായ എല്ലാ രേഖകളും സസൂക്ഷ് മം പരിശോധിച്ച്, ക്രമീകൃതമായ ഒരു സുവിശേഷം (1:1) എഴുതാനാണ് ലൂക്കാ പരിശ്രമിക്കുന്നത്. പാരമ്പര്യങ്ങളെ വിശ്വസ്തതയോടെ പുനരവതരിപ്പിക്കുക മാത്രമല്ല അദ്ദേഹം ചെയ്യുക, അവയെ സ്വന്തം വീക്ഷണത്തിനു യോജിച്ചവിധം ക്രമപ്പെടുത്തുകയും വിജാതീയക്രിസ്ത്യാനികളായ വായനക്കാര്‍ക്കു താത്പര്യം തോന്നാന്‍ ഇടയില്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിച്ചുകളയുകയും തന്റെ അനുഭവത്തില്‍നിന്ന് ഉരുത്തിരിഞ്ഞ ഒരു ക്രിസ്തുദര്‍ശനത്തെ അവതരിപ്പിക്കുകയുംകൂടി ചെയ്യുന്നു.
ലൂക്കാതന്നെയാണ് അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളുടെയും കര്‍ത്താവ് എന്ന വസ്തുത ഈ രണ്ടു പുസ്തകങ്ങളുടെയും വ്യാഖ്യാനത്തിനു പരസ്പര സഹായകമാണ്.
[തിരുത്തുക] ഉള്ളടക്കം
ലൂക്കായുടെ സുവിശേഷത്തെ ഇങ്ങനെ വിഭജിക്കാം:
- 1:1-2:52 ബാല്യകാലസുവിശേഷം
- 3:1-4:13 ശുശ്രൂഷയ്ക്കുള്ള ഒരുക്കം
- 4:14-9:50 ഗലീലിയിലെ ശുശ്രൂഷ
- 9:51-19:28 ജറൂസലെമിലേക്കുള്ള യാത്ര
- 19:29-21:38 ജറൂസലെമിലെ ശുശ്രൂഷ
- 22:1-24:53 പീഡാനുഭവവും മഹത്വീകരണവും[1]
[തിരുത്തുക] ഗ്രന്ഥസൂചി
- ↑ ബൈബിള്‍, രണ്ടാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025