See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഊട്ടി - വിക്കിപീഡിയ

ഊട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



ഊട്ടി

ഊട്ടി
വിക്കിമാപ്പിയ‌ -- 11.40° N 76.70° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം തമിഴ്‌നാട്
ജില്ല നീലഗിരി
ഭരണസ്ഥാപനങ്ങള്‍ നഗരസഭ
മേയര്‍
വിസ്തീര്‍ണ്ണം 36ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 93,921
ജനസാന്ദ്രത 2609/ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
643 xxx
+91 423
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍ {{{പ്രധാന ആകര്‍ഷണങ്ങള്‍}}}

ഊട്ടി അഥവാ ഉദഗമണ്ഡലം (ഇംഗ്ലീഷ്:Ooty, Udhagamandalam, Ootacamund) (Tamil: உதகமண்டலம், உதகை) തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു പട്ടണവും മുന്‍സിപ്പാലിറ്റിയുമാണ്. നീലഗിരി ജില്ലയുടെ ആസ്ഥാനവും ഇതു തന്നെ. തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഏറ്റവും വലുതാണ്‌ ഇത്. ഉദഗമണ്ഡലം എന്നാണ് ഔദ്യോഗിക നാമം. ഊട്ടക്കമണ്ഡ് എന്നാണ് ബ്രിട്ടീഷുകാര്‍ വിളിച്ചിരുന്നത്; അതിന്റെ ചുരുക്കമാണ്‌ ഊട്ടി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്ത് മദ്രാസ് പ്രസിഡന്‍സിയുടെ വേനല്‍ക്കാല ആസ്ഥാനകേന്ദ്രമായാണ്‌ ഇതിനെ വികസിപ്പിച്ചു കോണ്ടുവന്നത്. ഇന്ത്യയില്‍ നീലക്കുറിഞ്ഞി പൂക്കുന്ന അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ ഒന്നാണിത്. മേട്ടുപ്പാളയം-ഊട്ടി നാരോ ഗേജ് തീവണ്ടി ലോക പൈതൃക സ്മാരകത്തിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] പേരിനുപിന്നില്‍

തോഡ ഭാഷയില്‍ മലകളിലെ വീട് എന്നര്‍ത്ഥമുള്ള 'ഒത്തക്കല്‍' 'മുണ്ട്' എന്ന വാക്കുകളില്‍ നിന്നാണ്‌ ഉദകമണ്ഡലം എന്ന പേര്‌ ഉണ്ടായത്. ബ്രിട്ടിഷ് സര്‍ക്കാര്‍ ഇത് ഊട്ടക്കമണ്ട് എന്നാക്കി. ഊട്ടി എന്നത് പറയാന്‍ എളുപ്പത്തിനായി ഉപയോഗിച്ചു വന്ന പേര്‌ ആണ്‌. എന്നാല്‍ ഇന്ന് സാര്‍‌വ്വത്രികമായി ഉപയോഗിക്കുന്ന പേര്‌ ഇതാണ്‌.

[തിരുത്തുക] ചരിത്രം

[തിരുത്തുക] ബ്രിട്ടിഷുകാര്‍ക്ക് മുന്‍പ്

ഊട്ടി തടാകം -പണികഴിക്കുന്നതിനു മുന്ന്
ഊട്ടി തടാകം -പണികഴിക്കുന്നതിനു മുന്ന്

ഊട്ടി ഉള്‍പ്പെടുന്ന നീലഗിരി മലകള്‍ ഘോരവനങ്ങള്‍ ആയിരുന്നതിനാലും കാലാവസ്ഥ കടുത്തതായിരുന്നതിനാലും പണ്ടുകാലത്ത് ഇവിടേക്ക് എത്തിച്ചേരുക വളരെ കഷ്ടമുള്ളകാര്യമായിരുന്നു. അത്ര ഫലഭൂയിഷ്ടതയോ, കീഴ്പ്പെടുത്താനായി കോട്ടകളോ കൊട്ടാരങ്ങളോ ഇല്ലാത്തതിനാല്‍ ആരും ഇങ്ങോട്ട് പ്രവേശിക്കാന്‍ താല്പര്യപ്പെട്ടിരുന്നില്ല എന്നു കരുതുന്നു. ബ്രിട്ടിഷുകാരുടെ വരവിന് മുന്‍പുള്ള ചരിത്രം അതിനാല്‍ അവ്യക്തമാണ്. മറയൂരില്‍ നിന്നും ലഭിച്ച പോലുള്ള മഹാശിലായുഗത്തിന്റെ തെളിവുകള്‍ പലതും ഇവിടങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും അവ ഇന്നും തോഡ വര്‍ഗ്ഗക്കാരുടെ ആചാരങ്ങളുമായി ചേര്‍ന്ന് പോകുന്നതിനാല്‍ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ബുദ്ധിമുട്ടാണ്‌. നിരവധി ശിലാലിഖിതങ്ങളും, തൊപ്പിക്കല്ലുകളും മുനിയറകളും ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്.

സംഘകാലത്തെ ചേരന്മാരുടെ സാമ്രാജ്യത്തിനു കീഴിലായിരുന്നു ഈ മലകള്‍. അന്നത്തെ കുറിഞ്ചിതിണൈ എന്നറിയപ്പെട്ടിരുന്ന തിണകളില്‍ ഈ ഘോരവനങ്ങള്‍ പെടും. ബഡഗാടോഡ, ബേള്ളാള എന്നിങ്ങനെയുള്ള മൂന്നു ആദിവാസി ഗോത്രങ്ങളാണ്‌ ഇവിടെ വസിച്ചിരുന്നത്. ചേര രാജാക്കന്മാര്‍ക്ക് ശേഷം വന്ന നാടുവാഴി-രാജാക്കന്മാരില്‍ നിന്ന് മൈസൂര്‍ ആസ്ഥാനമാക്കി ഭരണം നടത്തിയ ഗംഗ സാമ്രാജ്യ ചക്രവര്‍ത്തിമാര്‍ വയനാട് ഉള്‍പ്പെടുന്ന ഈ ഭൂപ്രദേശം കൈക്കലാക്കി. ഇതിനെ സാധൂകരിക്കുന്ന ലഭ്യമായിട്ടുള്ള ഏറ്റവും പഴയ ശാസനം 930 ക്രി.മു. വിലുള്ളതാണ്‌.[1]

ഊട്ടി തടാകം 1905ല്‍
ഊട്ടി തടാകം 1905ല്‍

ഇതിനെ തുടര്‍ന്ന് പത്താം ശതകത്തോടടുത്ത് വടക്കന്‍ കാനറ ആസ്ഥാനമാക്കി ഭരിച്ചിരുന്ന കദംബര്‍ ഇത് കൈവശപ്പെറടുത്തി.പന്ത്രണ്ടാം നൂറ്റാണ്ടിലാണ്‌ ഹൊയ്സാലരാജാവായ ഹര്‍ഷവര്‍ദ്ധന്‍ വയനാടുംനീലഗിരിയും ആക്രമിച്ച് കീഴടക്കിയത്. അദ്ദേഹത്തിന്റെ സേനാനായകനായ പുനീസാ 1117ല്‍ തോഡകളേയും മറ്റും ഭയപ്പെടുത്തി നിരവധിപേരെ വധിച്ചു എന്നും ഹര്‍ഷവര്‍ദ്ധനന്റെ ശിലാശാസനങ്ങളില്‍ കാണുന്നു. ഈ ശാസനങ്ങളില്‍ ആണ്‌ നീലഗിരി, തോഡ എന്നീ പേരുകള്‍ ആദ്യമായി പരാമര്‍ശിച്ചുകാണുന്നത്. 1120ല്‍ ഹര്‍ഷവര്‍ദ്ധനന്‍ നീലമലയെ ഒരു പട്ടണം ആക്കി മാറ്റി. 1141 മറ്റൊരു ശാസനത്തില്‍ നിരുഗുണ്‍ഡനാടിനെപറ്റിയും (നീലഗിരിയില്‍) അവിടെയുള്ള കുക്കുള്ള കോട്ട യെപറ്റിയും പരാമര്‍ശമുണ്ടെങ്കിലും കോട്ടയുടെ അവശിഷ്ടങ്ങള്‍ ഒന്നും ഇന്ന് കാണാനില്ല. , ഹൊയ്സാലരില്‍ നിന്ന് 1310 ല്‍ ഡല്‍ഹിയിലെ മുസ്ലീം ഭരണാധികാരികള്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ ഈ ഭാഗത്തിന്റെ ഭരണം ഹൊയ്സാല മന്ത്രിയായിരുന്ന മാധവ ദന്നായകനും മക്കള്‍ക്കും ലഭിച്ചു. അവര്‍ നീലഗിരി-സര്‍ദാര്‍ എന്ന സ്ഥാനപ്പേര്‍ ഉപയോഗിച്ചു വന്നു.

പതിനാറാം ശതകത്തില്‍ വിജയനഗരത്തിലെ ഹമ്പി ആസ്ഥാനമാക്കി ഭരിച്ചിരുന്ന വിജയനഗര രാജാക്കന്മാര്‍ ഡല്‍ഹി സുല്‍ത്താന്മാരുടെ ഭരണം അവസാനിപ്പിച്ചു. അതോടെ അവര്‍ക്കായി ഈ സ്ഥലത്തിന്റെ അവകാശം. വിജയനഗരത്തിലെ കൃഷ്ണദേവ മഹാരാജാവ് നീലഗിരി പ്രദേശത്തുള്ള മസനഹള്ളിയും അതിന്റെ ചുറ്റുവട്ടങ്ങളും ചേര്‍ന്ന് ആര്‍ക്കോ ഭരിക്കാന്‍ നല്‍കിയതായി 1537ലെ ശാസനത്തില്‍ പറയുന്നു. സ്ഥലം ഇന്ന് മസനഗുഡി എന്നാണ്‌ അറിയപ്പെടുന്നത്.[1] 1565ല്‍ വിജയനഗര സാമ്രാജ്യം ഡെക്കാനിലെ മുസ്ലീം രാജാക്കന്മാര്‍ തളിക്കോട്ട യുദ്ധത്തിലൂടെ പിടിച്ചെടുത്തു. എങ്കിലും അവരുടെ അനന്തരാവകാശികള്‍ അത്ര ശക്തന്മാരായിരുന്നില്ല. ചെറിയ രാജാക്കന്മാര്‍ വിഘടിച്ചു, സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അതിലെ ഒരു രാജാവായ വോഡെയാര്‍ ആണ്‌ നീലഗിരി പീഠഭൂമിയുടെ അവകാശം സിദ്ധിച്ചത്.

പാട്രിക്ക് റൗണ്ട്
പാട്രിക്ക് റൗണ്ട്

1760ല്‍ അട്ടിമറിയിലൂടെ ഹൈദരാലി മൈസൂരിന്റെ ഭരണം കൈയടക്കി. 1782 ല്‍ ടിപ്പുസുല്‍ത്താനും 1799 ല്‍ മൈസൂര്‍ യുദ്ധത്തില്‍ ടിപ്പുവിനെ തോല്പിച്ച ശേഷം ബ്രിട്ടീഷുകാര്‍ക്കും അധീനത്തിലായി ഈ പ്രദേശം. പിന്നിട് പഴശ്ശി വിപ്ലവത്തിനും സാക്ഷിയാകേണ്ടി വന്നു നീലഗിരി മലകള്‍. ഇത്തരം നിരവധി കൈമാറ്റങ്ങള്‍ നടന്നു എങ്കിലും ബ്രിട്ടീഷുകാര്‍ക്ക് മുന്‍പ് ആരും തന്നെ ഈ പ്രദേശങ്ങളിലേക്ക് കടന്നു വരാന്‍ ധൈര്യപ്പെട്ടിരുന്നില്ല. [2]1602ല്‍ ഈശോ (യെശൂയി, jesuit) പുരോഹിതനായ ഫെറേയ്റ ഇവിടം സന്ദര്‍ശിക്കുകയും തോഡകളേയും ബഡകളേയും പറ്റി പരാമര്‍ശിക്കുക്കയും ചെയ്തിട്ടുണ്ട്. അതിനു മുന്‍പ്‌ മലങ്കരയിലയിലെ സിറിയന്‍ ക്രിസ്ത്യാനികളുടെ ആദ്യത്തെ റോമന്‍ കത്തോലിക്ക ബിഷപ്പ് ഒരു പുരോഹിതനേയും ദിയാക്കോനേയും ഇവിടത്തെ ക്രിസ്ത്യാനികളെക്കുറിച്ച് അറിയാനായി അയച്ചിരുന്നു. ഈ പ്രദേശത്ത് പുരാതന ക്രിസ്ത്യാനികള്‍ വസിച്ചിരുന്നെന്ന വിശ്വാസമായിരുന്നു കാരണം.

[തിരുത്തുക] ബ്രിട്ടിഷുകാരുടെ കാലം

ബ്രിട്ടീഷുകാര്‍ വരുന്നതുവരെ വ്യക്തമായ ഒരു പാത ഇങ്ങോട്ട് ഉണ്ടായിരുന്നില്ല. അന്നുവരെ വന്നവരാകട്ടേ ദുര്‍ഘടം നിറഞ്ഞ മലമ്പാതകളിലൂടെ നടന്നും കഴുതപ്പുറത്തുമാണ്‌ വന്നിരുന്നത്. 1800 ഒക്ടോബറില്‍ ഡോ. ഫ്രാന്‍സിസ് ബുക്കാനന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ആദ്യമായി ഈ സ്ഥലത്തെക്കുറിച്ച് പഠിക്കാനായി ഊട്ടിയിലേക്ക് പുറപ്പെട്ടു എങ്കിലും അദ്ദേഹം ഊട്ടിയില്‍ എത്താതെ മടങ്ങുകയായിരുന്നു. പിന്നീട് 1812 ല്‍ വില്യം കീയ്സ് എന്ന സര്‍‌വേയറും അദ്ദേഹത്തിന്റെ സഹായി മക്മോഹനും ആണ്‌ ആദ്യമായി നീലഗിരി മലകളില്‍ എത്തുന്നത്. 1819ല്‍ ജോണ്‍ സള്ളിവന്‍ എന്ന അന്നത്തെ കോയമ്പത്തൂര്‍ കളക്റ്റര്‍ ആണ്‌ ഊട്ടിയിലേക്ക് ഒരു പാത നിര്‍മ്മിക്കാന്‍ മുന്‍‌കൈ എടുത്തത്. ലെഫ്റ്റനന്റ് ഇവാന്‍സ് മക്ഫേര്‍സണ്‍ എന്നയാളുടെ (ഊട്ടിയിലെ ക്ലൂണി ഹാള്‍ നിര്‍മ്മിച്ച) സഹായത്തോടെ അദ്ദേഹം മേട്ടുപ്പാളയത്തെ സിരുമുഗൈ എന്ന സ്ഥലത്തു നിന്ന് കോത്തഗിരി യിലേക്ക് ആദ്യമായി കുതിരയെ ഉപയോഗിച്ച് ഒരു പാത നിര്‍മ്മിച്ചു. ഇതിനായി സേലത്തേയും കോയമ്പത്തൂരിലേയും തടവു പുള്ളികളേയും ഉപയോഗപ്പെടുത്തി. 1823 ല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇവരുടെ രണ്ടുപേരുടേയും വിവരണങ്ങളില്‍ നിന്ന് മദ്രാസ് ഭരണകൂടം ഇത് യൂറോപ്യന്മാര്‍ക്ക് സ്ഥിരതാമസമാക്കാവുന്ന സ്ഥലമാണ്‌ എന്ന് തീരുമാനിക്കുകയും വയസ്സായവര്‍ക്കും സൈന്യത്തിനും ഉള്ള വിശ്രമസ്ഥലമായും മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അന്നും ഊട്ടി കണ്ടു പിടിക്കപ്പെട്ടിട്ടില്ലായിരുന്നു. സള്ളിവന്‍ ഇത് നീരാശ്രിതര്‍ക്കുള്ള വിഹാരം എന്ന രീതിയില്‍ വികസിപ്പിക്കാനാണ് പദ്ധതിയിട്ടത്.

സെന്റ് സ്റ്റീഫന്‍സ് പള്ളി. ഊട്ടിയിലെ ആദ്യത്തെ കൊളോണിയല്‍ കെട്ടിടം 1829ല്‍ പണി കഴിപ്പിച്ച ഈ പള്ളിയാണ്
സെന്റ് സ്റ്റീഫന്‍സ് പള്ളി. ഊട്ടിയിലെ ആദ്യത്തെ കൊളോണിയല്‍ കെട്ടിടം 1829ല്‍ പണി കഴിപ്പിച്ച ഈ പള്ളിയാണ്

ഊട്ടിയെപ്പറ്റി ആദ്യത്തെ പരാമര്‍ശം 1821ലെ മദ്രാസ് ഗസറ്റിലാണ്‌ ഉള്ളത്. അതില്‍ പേരറിവില്ലാത്ത ഒരാള്‍ അന്നത്തെ ആസ്ഥാനമായിരുന്ന ദിമ്മഹട്ടി യില്‍ നിന്ന് ഊട്ടിയിലെ മുക്കാര്‍ത്തി പീക്ക് വരെ പോയതായി രേഖപ്പെടുത്തയിരിക്കുന്നു. ഇതില്‍ വൊട്ടോക്കിമണ്ട് (Wotokymund) എന്നാണ്‌ പരാമര്‍ശിച്ചിരിക്കുന്നത്. 1827 അപ്പോഴേക്കും സള്ളിവന്‍ നീലഗിരിയിലെ മിക്ക സ്ഥലങ്ങളിലേക്കും ഗതാഗതം സുഗമമാക്കിയിരുന്നു. കൂടാതെ മദ്രാസ് സര്‍ക്കാരിന്റെ ആവശ്യപ്രകാരം നിരാലംബര്‍ക്കായുള്ള ആവാസ കേന്ദ്രങ്ങളും പണിതു കഴിഞ്ഞിരുന്നു. സള്ളിവന്‍ സ്വപ്നം കണ്ടമാതിരിയുള്ള ഒരു സാനിറ്റോറിയം ആയി ഊട്ടക്കമണ്ട് മാറിക്കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നിട് വന്ന മേജര്‍ കെസ്ലോ ഇത് ഒരു സൈനിക അസ്ഥാനമായി വികസിപ്പിക്കുകയായിരുന്നു.

1829ല്‍ അന്നത്തെ മദ്രാസ് ഗവര്‍ണര്‍ ആയിരുന്ന ലഷിങ്ടണ്‍ ഊട്ടിയിലെ എത്തി. അദ്ദേഹമാണ്‌ വി.സ്റ്റീഫന്റെ പേരിലുള്ള പള്ളിക്ക് ശിലാസ്ഥാപനം നടത്തിയത്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ 1831ല്‍ കോഴിക്കോട് ഊട്ടി പാത നിര്‍മ്മാണം പൂര്‍ത്തിയായി. തൊട്ടടുത്ത വര്‍ഷം കുണൂര്‍ കൂടിയുള്ള ഘാട്ട് പാതയും പൂര്‍ത്തീകരിക്കപ്പെട്ടു. അന്നു മുതല്‍ കുണൂര്‍ പാതയും സിസ്പാറ ചുരവും ഊട്ടിയിലേക്കുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നായിത്തീര്‍ന്നു.

[തിരുത്തുക] ഭൂമിശാസ്ത്രം

ഊട്ടിയുടെ ഭൂപടം
ഊട്ടിയുടെ ഭൂപടം

ഊട്ടി ഉള്‍പ്പെടുന്ന നീലഗിരി മലനിരകള്‍ ഏകദേശം 35 മൈല്‍ നീളവും 20മൈല്‍ വീതിയും ഏകദേശം 6550 അടി ശരാശരി ഉയരവുമുള്ള പീഠഭൂമിയാണ്‌. ഇത് പശ്ചിമഘട്ടത്തിനും പൂര്‍‌വ്വഘട്ടത്തിനും ഇടക്കാണ്‌ സ്ഥിതി ചെയ്യുന്നത്. നീലഗിരി മലകളുടെ അടിവാരം തെക്കു ഭാഗം ഭവാനി നദിയാല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ്‌. വടക്കുഭാഗം മൊയാര്‍ നദിയാണ്‌. ഇത് ദന്നായന്‌കോട്ടയ്ക്കടുത്തായി ഭവാനി നദിയില്‍ ചേരുന്നു. ഒരു ഭാഗത്തായി ഭവാനി സാഗര്‍ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നു. പടിഞ്ഞാറു ഭാഗത്ത് വയനാടാണ്‌. കിഴക്കു ഭാഗത്ത് പൈക്കാര നദി അതിര്‍ സൃഷ്ടിക്കുന്നു. പീഠഭൂമി അതിലെ നിവാസികള്‍ക്കനുസൃതമായി നാലായി തരം തിരിച്ചിരിക്കുന്നു. അ) കിഴക്ക് പേരങ്ങനാട് (മഹാനായ രംഗയുടെ നാട്) ആ) മേര്‍ക്കുനാട് (പടിഞ്ഞാറ്) ഇ) തോഡനാട് (തോഡകളുടെ നാട്) ഈ) കുണ്ടനാട് (ഉയരം കൂടിയ ദക്ഷിണ ഭാഗം) എന്നിവയാണവ. ഇതില്‍ ആദ്യത്തെ രണ്ട് ഭാഗങ്ങള്‍ ചേര്‍ന്ന് കുണൂര്‍ ഉണ്ടാകുമ്പോള്‍ അവസാനത്തെ രണ്ടു ഭാഗങ്ങളാണ്‌‍ ഊട്ടിയെ സൃഷ്ടിക്കുന്നത്. ഊട്ടിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ദൊഡ്ഡബേട്ട (കന്നട യില്‍ വലിയ മല)എന്നാണറിയപ്പെടുന്നത്. 8640 അടി ഉയരമുള്ള ഇത് ഊട്ടിക്ക് തൊട്ടു കിഴക്കായാണ്‌ ഉള്ളത്. ആനമുടി കഴിഞ്ഞാല്‍ ഹിമാലയത്തിന്‌ തെക്ക് ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മലയാണ് ഇത്. ഊട്ടിയില്‍ നിന്ന് ഈ മലകള്‍ കാണുവാന്‍ പ്രയാസമാണ്‌ എന്നാല്‍ അകലെ മറ്റു ഭാഗങ്ങളില്‍ നിന്നേ ഇതിന്റെ യഥാര്‍ത്ഥ വലിപ്പം മനസ്സിലാക്കാന്‍ സാധിക്കൂ. ദൊഡ്ഡബേട്ടയ്ക്ക് കിഴക്കും തെക്കുമുള്ള ഭൂഭാഗങ്ങള്‍ കൃഷിക്കായി വളരെയധികം ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ബഡക വര്‍ഗ്ഗക്കാരാണ്‌ ഇവിടെ കൂടുതലും കൃഷി ചെയ്യുന്നത്. അവര്‍ ഓരോ വര്‍ഷവും പുതിയ പുതിയ ഭൂമിയിലേക്ക് കൃഷി മാറ്റുന്നവരാണ്‌.

ബാണാസുരസാഗര്‍ അണക്കെട്ട്
ബാണാസുരസാഗര്‍ അണക്കെട്ട്

ദൊഡ്ഡബേട്ടയുടെ പടിഞ്ഞാറ് ബഡഗകര്‍ കുറവാണ്‌. ഈ ഭാഗം പച്ചക്കുന്നുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് ഇന്ന് പലതട്ടുകളായി കൃഷിക്കായും ആവാസകേന്ദ്രങ്ങള്‍ക്കായും ഉപയോഗിച്ചിരിക്കുന്നു. ഊട്ടിയില്‍ തന്നെ കാണപ്പെടുന്ന ഉയരം കൂടിയ മറ്റു മൂന്നു മലകള്‍ സ്നോഡോണ്‍ (8299 അടി), എല്‍ക്‌ഹില്ല് (8090 അട്), ക്ലബ്‌ഹില്ല് (8030 അടി) എന്നിവയാണ്‌. ദോഡ്ഡബേട്ടയും മറ്റു മൂന്നു മലകളും ചേര്‍ന്ന് ചുറ്റപ്പെട്ടിരിക്കുന്നു. സെന്റ് സ്റ്റീഫന്‍സ് ദേവാലയം 7449 അടി ഉയരത്തിലും സ്ഥിതിചെയ്യുന്നു. ദോഡ്ബേട്ടയുടെ തെക്ക് ഭാഗം ഉയരം കുറഞ്ഞ ഭൂഭാഗമാണ്‌. ദേവഷോല (Divine woods) എന്ന നീല പശമരങ്ങള്‍ അധികമായുള്ള പ്രദേശമാണ്‌ ഇത്. വീണ്ടും കിഴക്കോട്ട് പൊയാല്‍ 5601 അടി ഉയരമുള്ള കുളകമ്പൈ മലകള്‍ ആണ്‌. ഇവിടെ ഇരുള വര്‍ഗ്ഗത്തില്‍ പെട്ടവരാണ്‌‌ കൂടുതലായും വസിക്കുന്നത്. ഊട്ടിക്കും കോത്തഗിരിക്കും ഇടക്കായാണ്‌ റള്ളിയമല സ്ഥിതിചെയ്യുന്നത്. ദൊഡ്ഡബേട്ടക്ക് പടിഞ്ഞാറ് ഉയരം കൂടിയ മലകള്‍ ആണ്‌. മൂന്ന് വന്‍ മലനിരകളാണീഭാഗത്ത് ശ്രദ്ധേയമായിട്ടുള്ളത്. ഇവ ഹെക്കൂബ (ഉള്‍നാട്), സ്റ്റെയര്‍കേസ് (കട്ടക്കാട്), ഷാസ് പ്ലാന്റേഷന്‍ (കുള്ളുകടി) എന്നിവയാണ്‌. നീലഗിരി ജില്ലയുടെ ദക്ഷിണ-പശ്ചിമ അതിര്‍ത്തിയാകുന്ന ഭാഗമാണ്‌ കുന്ദ. പ്രശസ്ത്മായാ അവലാഞ്ചെ മലകള്‍ ഇവിടേയാണ്‌. 8497 അടി ഉയരമുള്ള കുഡിക്കാടും 8,613 അടി ഉയരമുള്ള കോളാരിയും ഇതിലാണ്‌. കുന്ദ മലനിരകള്‍ ഊട്ടിക്ക് ഒരു വക്ക്(rim) പോലെ നിലകൊള്ളുന്നു. മറ്റ് ശ്രദ്ധേയമായ മലകള്‍ മുക്കാര്‍ത്തി മല, പിച്ചളമല, നീലഗിരി പീക്ക് എന്നിവയാണ്‌. ഇതില്‍ മുക്കര്‍ത്തി മലകളില്‍ കുറിഞ്ഞി പൂക്കള്‍(Strobilanthes kunthiana)ധാരാളമായി കാണപ്പെടുന്നു. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പുക്കുന്ന ഈ മരങ്ങള്‍ അവസാനമായി പൂത്തത് 2006 ലാണ്‌.

ഭവാനിസാഗര്‍ അണക്കെട്ട്
ഭവാനിസാഗര്‍ അണക്കെട്ട്

[തിരുത്തുക] നദികള്‍

നീലഗിരി മലനിരകള്‍ നൂറുകണക്കിന്‌ അരുവികളെ സൃഷ്ടിക്കുന്നുണ്ട്. ഇവ മുഖ്യമായും മഴക്കാലത്താണ്‌ കാണുക എന്നു മാത്രം. വേനലില്‍ ഇവ ഉണങ്ങിപ്പോകുന്നു. ഇത്തരം ചെറിയ അരുവികള്‍ ഒന്നു ചേര്‍ന്ന് താഴേക്ക് ഒഴുകി മൊയാറിലോ ഭവാനിയിലോ ചേരുന്നു. നദിയെന്നു പറയാവുന്ന വലിപ്പം ഉള്ളത് സിഗൂര്‍ നദിയാണ്‌. ഊട്ടിയിലെ തടാകത്തിനു മേലെയുള്ള ചരിവുകളിലൂടെ താഴേക്ക് ഒഴുകുന്ന ഇത് സിഗൂര്‍ ഘട്ടങ്ങളിലൂടെ (പേരിനു കാരണം) ഒഴുകി മൊയ്യാറില്‍ ചേരുന്നു. ഈ നദിയാണ്‌ പിന്നീട് കല്‍ഹാട്ടി വെള്ളച്ചാട്ടം സൃഷ്ടിക്കുന്നത്. ഊട്ടിക്കു കിഴക്കായി ഒരു വലിയ അരുവി (മുദുക്കാട് അരുവി) മൊയ്യാറിലേക്ക് പതിക്കുന്നുണ്ട്. ഊട്ടിക്ക് അടുത്തുള്ള കോത്തഗിരിയില്‍ ഒഴുകുന്ന ഗത്താഡഹള്ള എന്ന നദി സെന്റ് കാതറിന്‍ വെള്ളച്ചാട്ടം സൃഷ്ടിച്ച് 250 അടി താഴേക്ക് പതിക്കുന്നത് മനോഹരമായ ദൃശ്യമാണ്‌ . മറ്റൊരു നദിയായ കുന്ദ നദി ഊട്ടിയുടെ തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങളായ നഞ്ചനാടില്‍ നിന്നുത്ഭവിക്കുന്നു. ബള്ളിത്താഡ ഹള്ള എന്ന നദി ഇതിനടുത്തുതന്നെയാണ്‌. ഇത് ഭവാനി നദിയുടെ പോഷക നദിയാണ്‌. ഏറ്റവും വലിയ നദി പൈക്കാര യാണ്‌. മുക്കൂര്‍ത്തി മലകളില്‍ നിന്ന് തുടങ്ങുന്ന ഇത് താഴേക്ക് ഒഴുകുന്ന വഴിക്ക് ദൃശ്യമനോഹരമായ രണ്ട് വെള്ളച്ചാട്ടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തോഡ വര്‍ഗ്ഗക്കാര്‍ ഈ നദിയെ പുണ്യ നദിയായി കണക്കാക്കുകയും അത് മുറിച്ചു കടക്കുന്നത് പാപമായി കണക്കാക്കുകയും ചെയ്തിരുന്നു. ഊട്ടിയിലെ തടാകം 7228 അടി ഉയരത്തിലാണ്‌. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ഈ തടാകം ബാണാസുര സാഗര്‍ എന്ന നദിയെ അണകെട്ടി നിര്‍ത്തിയപ്പോള്‍ ഉണ്ടായതാണ്‌.

[തിരുത്തുക] വെള്ളച്ചാട്ടങ്ങള്‍

ചൈനയിലെ യുന്നാന്‍ മലകള്‍ കൃഷിക്കായി തട്ടുകളായി മാറ്റിയിരിക്കുന്നു. ഇതേ രീതിയിലാണ്‌ നീലഗിരിമലകളിലെയും കൃഷി നടക്കുന്നത്
ചൈനയിലെ യുന്നാന്‍ മലകള്‍ കൃഷിക്കായി തട്ടുകളായി മാറ്റിയിരിക്കുന്നു. ഇതേ രീതിയിലാണ്‌ നീലഗിരിമലകളിലെയും കൃഷി നടക്കുന്നത്
  1. കല്‍ഹാട്ടി വെള്ളച്ചാട്ടം
  2. സെന്റ് കാതറിന്‍ വെള്ളച്ചാട്ടം ഇത് ശ്രീമതി എം.ഡി. കോക്ക്‌ബര്‍ണ്‍ന്റെ (കാതറിന്‍) പേരിലുള്ള വെള്ളച്ചാട്ടമാണിത്.
  3. കുളകമ്പൈ വെള്ളച്ചാട്ടം കുളകമ്പൈ അരുവിയില്‍ നിന്ന് രൂപമെടുക്കുന്ന ഇത് 400 അടിയോളം നീളത്തില്‍ ഇടവിടാതുള്ള വെള്ളച്ചാട്ടം.
  4. പൈക്കാര മേജര്‍, പൈക്കാര മൈനര്‍ എന്നീ രണ്ടു വെള്ളച്ചാട്ടങ്ങള്‍

[തിരുത്തുക] കൃഷി

നീലഗിരി ജില്ലയിലെ കൃഷി മൊത്തത്തില്‍ രണ്ടായി തരം തിരിക്കാം. ഒന്ന് ഭക്ഷ്യ ധാന്യങ്ങളുടെ കൃഷി- ഇത് ഇവിടത്തെ തദ്ദേശീയരായ ജനങ്ങളാണ്‌ ചെയ്യുന്നത്. അടുത്തത് തേയില, കാപ്പി തുടങ്ങിയവയുടെ കൃഷി. ഇത് അധികവും വിദേശീയരോ അന്യ നാട്ടുകാരോ ആണ്‌ ചെയ്യുന്നത്. എന്നാല്‍ ആകെയുള്ള ഭൂമിയുടെ പത്തിലൊന്നോ അതിലധികമോ മാത്രമാണ്‌ കൃഷി ചെയ്തു വരുന്നത്. നാലുമാസത്തേക്കു മാത്രമേ ഇതു തികയൂ. ബാക്കിയുള്ള എട്ടുമാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുകയാണ്‌. ചായയും കാപ്പിയും കൂടാതെ ചിന്‍‍ചോണ ബാര്‍ബ് (സിഞ്ചോണ Cinchona) പ്രധാനമായ ഒരു കൃഷിയാണ്‌. മലേറിയയുടെ മരുന്നായ ക്വിനൈന്‍ ഇതില്‍ നിന്നാണ്‌ വേര്‍തിരിച്ചെടുക്കുന്നത്.

[തിരുത്തുക] കൃഷി രീതികള്‍

ഊട്ടിയിലെ കൃഷി രീതികള്‍, കുന്നുകള്‍ തട്ടുകളാക്കി തിരിച്ച് ആവാസകേന്ദ്രങ്ങളും കൃഷിയും ചെയ്യുന്നു
ഊട്ടിയിലെ കൃഷി രീതികള്‍, കുന്നുകള്‍ തട്ടുകളാക്കി തിരിച്ച് ആവാസകേന്ദ്രങ്ങളും കൃഷിയും ചെയ്യുന്നു

നിരപ്പായ സമതലങ്ങള്‍ കുറാവായതിനാല്‍ കൃഷി ഭൂമികള്‍ കുന്നുകളിലും മലഞ്ചെരിവിലുമാണ്‌ ഏറെയും നടക്കുന്നത്. ഇതിനായി മലഞ്ചെരിവുകള്‍ തട്ടുകളായി തിരിക്കുന്നു. ഇത് മണിന്റെ സം‌രക്ഷണത്തിന്‌ അത്യാവശ്യമാണ്‌. മഴക്കാലത്ത് വെള്ളത്തില്‍ ചെടികള്‍ കുത്തിയൊലിച്ച് പോവാതിരിക്കാന്‍ ഇത് സഹായിക്കുന്നു. കലപ്പകൊണ്ട് ഉഴുതു മെതിക്കുന്നതിന്‌ പലപ്പോഴും കാളകളെ ഉപയോഗിക്കുന്നു. വിത്ത് വിതക്കുന്നതും കൊയ്യുന്നതും എല്ലാം സ്ത്രീകള്‍ ആണ്‌ ചെയ്തു വരുന്നത്. പുരുഷന്മാര്‍ കൂലിവേലക്ക് പോവുന്നതും കൊയ്ത് കാലത്ത് ജോലി ലഭ്യത കൂടുന്നതും സ്ത്രീകളെ ഈ ജോലിക്ക് നിര്‍ബന്ധിതരാക്കുന്നു.

[തിരുത്തുക] പ്രധാന വിളകള്‍

സമായിയും റാഗിയുമാണ്‌ മുഖ്യമായും കൃഷി ചെയ്തുവരുന്ന ധാന്യങ്ങള്‍. ഗോതമ്പുകള്‍ രണ്ടുതരം ഉണ്ട്. ഒന്ന് നഗ്നമായതും മറ്റൊന്ന് ചെറിയ ആവരണത്തോടു കൂടിയതും ഇത് ചെറിയ ഷഡ്പദങ്ങളില്‍ നിന്ന് സം‌രക്ഷണം നല്‍കുന്ന തരം ഗോതമ്പാണ്‌. ബാര്‍ലിയില്‍ നിരവധി തരം കൃഷി ചെയ്തു വരുന്നുണ്ട്. ഇക്കാലത്ത് കൂടുതലായും കൃഷി ചെയ്യുന്നത് കാരറ്റും ഉരുളക്കിഴങ്ങുമാണ്‌. ഇത് തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കും കയറ്റി അയക്കപ്പെടുന്നുണ്ട്. മറ്റ് പ്രധാന കൃഷി തേയിലയും കാപ്പിയുമാണ്‌. തേയില പ്രധാനമായും ഊട്ടിക്ക് പുറമേയാണ്‌ കൃഷി ചെയ്യുന്നത്. മലകള്‍ മൊത്തമായി പച്ച ആവരണം പോലെ തേയിലച്ചെടികള്‍ കാണാം. 1833 മുതല്‍ക്കേ തേയില ഇവിടെ കൃഷി ചെയ്തു വരുന്നു. പ്രധാനമായും മൂന്നു തരം തേയിലകളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഒന്നാമത്തേത് ശുദ്ധമായ ചൈനീസ് തേയിലയാണ്‌. ഇതിന്റെ കടുപ്പം പ്രത്യേകതയാണ്‌ മറ്റൊന്ന് പ്രസിദ്ധമായ ആസ്സാം ചായയാണ്‌. മൂന്നാമത്തേത് ഇവ രണ്ടിന്റേയും സങ്കര ഇനമാണ്‌.

റബ്ബര്‍ അടുത്തകാലത്തായി വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. പഴവര്‍ഗ്ഗങ്ങള്‍ നിരവധി കൃഷി ചെയ്തു വരുന്നുണ്ട്. സ്ട്രാബെറി, റാസ്പ്ബെറി,ഗൂസ്ബെറി, മള്‍ബെറി, ഫിഗ്, പിയേഴ്സ്, പീച്ചസ്, പ്ലം, പാഷന്‍ ഫ്രൂട്ട്, മധുര നാരങ്ങ, ആപ്പിള്‍, പേര്‍സിമോം, ചെറി, കൊക്കോ, പേരക്ക, നാരങ്ങ എന്നിവയാണ്‌ പഴ വര്‍ഗ്ഗങ്ങള്‍. ഇവയില്‍ നിന്ന് ഉണ്ടാക്കുന്ന പഴസത്ത്, ജാം, എന്നിവ ധാരളം വിപണി പിടിച്ചെടുക്കുന്നുണ്ട്. തേനീച്ച വളര്‍ത്തലും ഒരു ഉപ ജീവനമാര്‍ഗ്ഗമായി ചെയ്തു വരുന്നു.

നീലഗിരിയിലെ വനവും കൃഷിയിടവും 1908-ല്‍ (ശതമാനത്തില്‍)

ഒരു മല മൊത്തമായി തേയില കൃഷി ചെയ്തിരിക്കുന്നു
ഒരു മല മൊത്തമായി തേയില കൃഷി ചെയ്തിരിക്കുന്നു
താലൂക്ക് വനം കൃഷിഭൂമി
കുണൂര്‍ 42 29.6
ഊട്ടി 80 10.7
ഗൂഡല്ലൂര്‍ 38 29.5
ഒരു തേയിലത്തോട്ടം
ഒരു തേയിലത്തോട്ടം

മൊത്തം കൃഷിയിടത്തിലെ ഒരോ വിഭാഗത്തിന്റേയും അളവ് ശതമാനത്തില്‍

ഇനം 1908 ല്‍ ഇന്ന്
കാപ്പി 18.1
ടീ 12.1
സിഞ്ചോണ 10.5
ഉരുളക്കിഴങ്ങ് 3.2
അരി 7
ഗോതമ്പ് 2.9
കോറളി 7.8
റാഗി 7.1
ബാര്‍ലി

[തിരുത്തുക] ജലസേചനം

ഊട്ടിയില്‍ മഴ സുലഭമണ്. എന്നാല്‍ വേനലില്‍ അതേ പൊലെ ജലദൗര്‍ലഭ്യവും ഉണ്ട്. ഇത് മനസ്സിലാക്കിയ ജോണ്‍ സള്ളിവന്‍ ഊട്ടിയിലൂടെ ഒഴുകിയിരുന്ന ഒരു കൊച്ചു നദിയെ അണകെട്ടി ജലം സംഭരിക്കാന്‍ തീരുമാനിച്ചു. ഈ ജല സംഭരണിയാണ്‌ ഇന്ന് ഊട്ടി തടാകമായി വികസിച്ചത്. ഈ തടാകത്തില്‍ നിന്ന് ഊട്ടിയിലെ ഉയര്‍ന്ന പ്രദേശത്തേക്ക് വെള്ളം പമ്പ് ചെയ്ത് കയറ്റുന്നു. ദൊഡ്ഡ്ബേട്ടയിലാണ്‌ ഒരു മുഖ്യ ജല സംഭരണി ഉള്ളത്. ജലം ശുദ്ധീകരിച്ച ശേഷം വീടുകളിലേക്ക് കുഴലുകള്‍ വഴി എത്തിക്കുന്നത് മുനിസിപ്പാലിറ്റിയാണ്‌.

ഒരു ബഡഗ കുടുംബം 1905 ല്‍ എ.ടി.ഡബ്ലിയൂ പെന് എടുത്ത ചിത്രം
ഒരു ബഡഗ കുടുംബം 1905 ല്‍ എ.ടി.ഡബ്ലിയൂ പെന് എടുത്ത ചിത്രം

[തിരുത്തുക] ജനങ്ങള്‍

നീലഗിരി ജില്ലയില്‍ തമിഴ്നാടിന്റെ മറ്റു ഏത് ജില്ലയെ അപേക്ഷിച്ചും ജനസാന്ദ്രത വളരെ കുറവാണ്‌. ചെങ്കുത്തായ മലകളും വനങ്ങളും ആണ്‌ പ്രധാനകാരണങ്ങള്‍. വിദേശീയര്‍ എത്തുന്നതിനു മുന്ന് ഉണ്ടായിരുന്ന പ്രധാന ജന വിഭാഗങ്ങള്‍ ആദിവാസികളായ ബഡഗ, തോഡ, കോട്ട, കുറുമ്പര്‍ എന്നിവരാണ്‌. എന്നാല്‍ ഇന്ന് വളരേയധികം പേര്‍ ക്രിസ്തുമതം സ്വീകരിച്ചിരിക്കുന്നു. മുസ്ലീങ്ങളും ധാരാളമായി ഉണ്ട്. ഇവര്‍ മൈസൂര്‍ വഴി വന്നവരാണ്‌. ക്രിസ്തു മതത്തില്‍ പെട്ട വളരേ പേര്‍ വ്യവസായത്തിനും പ്രേഷിത പ്രവര്‍ത്തനത്തിനാഊം വന്ന് ഇവിടെ സ്ഥിരതാമസംഅഅക്കിയിരിക്കുന്നു. പാര്‍സികളും സിക്കുകാരും വ്യാപാരവുമായി ബന്ധപ്പെട്ട് ഊട്ടിയില്‍ സ്ഥിരതാമസം ചെയ്യുന്നുണ്ട്. ക്രിസ്ത്യാനികളില്‍ റോമന്‍ കത്തോലിക്കര്‍, ആംഗ്ലിക്കന്‍ സഭക്കാര്‍, മെത്തഡിസ്റ്റുകള്‍, ബാപ്റ്റിസ്റ്റുകള്‍, ദൈവ സഭക്കാര്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങള്‍ കൂടുതലായും കാണുന്നു. ഇന്ന് ഊട്ടിയിലെ ജനങ്ങള്‍ പ്രധാനമായും കുടിയേറ്റക്കാരാണ്‌. ഇവരെ കൂടാതെ ചെട്ടികള്‍, തമിഴ് പണിയന്മാര്‍, ഇരുളര്‍, വെള്ളാളര്‍ എന്നിവരും ഇവിടെ ധാരാളമായി കാണുന്നു.

[തിരുത്തുക] ബഡഗര്‍

തോടകളുടെ കുടിലുകള്‍ 1905 ല്‍ എ.ടി.ഡബ്ലിയൂ പെന് എടുത്ത ചിത്രം
തോടകളുടെ കുടിലുകള്‍ 1905 ല്‍ എ.ടി.ഡബ്ലിയൂ പെന് എടുത്ത ചിത്രം
പ്രധാന ലേഖനം: ബഡഗര്‍

ബഡഗ എന്ന പദം വടക്കുള്ളവര്‍ എന്ന അര്‍ത്ഥമുള്ള പദത്തില്‍ നിന്നാണ്‌ ഉണ്ടായത്. ഈ വര്‍ഗ്ഗക്കാര്‍ കന്നടത്തില്‍ നിന്ന് നുറ്റാണ്ടുകള്‍ക്ക് മുന്നേ കുടിയേറിയവരാണ്‌. ഇവര്‍ മൈസൂരിലെ രാഷ്ട്രീയ പീഡനങ്ങളിലും വരള്‍ച്ചയിലും ഭയന്ന് കുടിയേറിയവരാണ്‌. ഇതില്‍ തന്നെ ആറു വിഭാഗങ്ങള്‍ ഉണ്ട്. ഉഡയ, ഹരുവ, അതികാരി, കനക, ലിംഗായത്ത് തോറെയ എന്നിവരാണ്‌ ഇത്. ഇതില്‍ തോറെയന്മാര്‍ ആണ്‌ ഏറ്റവും താഴ് ജാതി. ഉഡയര്‍ മേല്‍ ജാതിയും ബ്രാഹ്മണരുമാണ്‌. ഇവര്‍ മറ്റുള്ളവരുടെ പുരോഹിത ജോലി നോക്കുന്നവരാണ്‌. ഹരുവരരും പൂണൂല്‍ ധരിക്കുമെങ്കിലും രണ്ടാം തട്ടിലുള്ള പുരോഹിതരാണ്‌.

[തിരുത്തുക] തോടകള്‍

പ്രധാന ലേഖനം: തോടകള്‍

തോടകള്‍ സന്യാസ വര്‍ഗ്ഗങ്ങള്‍ ആണ്‌. ഇവര്‍ ഭിക്ഷയാചിച്ചും സ്വന്തമായുള്ള ആടുകളേയും പോത്തുകളേയും മേച്ച് ആണ്‌ ജീവിക്കുന്നത്. ഇവര്‍ മറ്റുള്ള ആദിവാസികളെ അപേക്ഷിച്ച് വേലുത്ത നിറമുളളവരും ഉയരം കൂടിയവരുമാണ്‌. ചെറിയ സുന്ദരമായ കൂരകളിലാണ്‌ ഇവര്‍ താമസിക്കുന്നത്. ഇതിനെ മഠം എന്നാണവര്‍ വിളിക്കുന്നത്. ഇവരില്‍ തന്നെ വ്യത്യസ്ഥകാലങ്ങളിലായി കുടിയേറിയവര്‍ വ്യത്യസ്ഥ ഗോത്രങ്ങളായി നിലകൊള്ളുന്നു. ഈ വര്‍ഗ്ഗക്കാര്‍ മറ്റുള്ളവരേക്കാള്‍ ബുദ്ധി ശക്തിയുള്ളവരും ധൈര്യം ഉള്ളവരുമാണ്‌. ഇവരുടേ ആചാരങ്ങളും മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്‌

[തിരുത്തുക] സമ്പദ് വ്യവസ്ഥ

ഊട്ടിയിലെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും വിനോദസഞ്ചാരത്തില്‍ അധിഷ്ഠിതമാണ്‌. സമീപപ്രദേശങ്ങളിലെ പ്രധാന കാര്‍ഷികോല്‍പന്നങ്ങളായ ഉരുളക്കിഴങ്ങ്‌, കാരറ്റ്‌, കാബേജ്‌, കോളിഫ്ലവര്‍ എന്നിവയുടെ വിപണിയുമാണ്‌ ഈ നഗരം. ഡയറി ഫാമുകള്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ചീസ്‌, പാല്‍പ്പൊടി എന്നിവയും ഉല്‍പ്പാദിപ്പിച്ചുവരുന്നു.

[തിരുത്തുക] വ്യവസായം

ഇന്‍ഡ്യയിലെ പ്രധാന ഫോട്ടോ ഫിലിം ഉല്‍പ്പാദകരായ 'ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിംസ്‌' നഗരപ്രാന്തത്തിലുള്ള ഇന്ദു നഗറിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.


[തിരുത്തുക] വിനോദ സഞ്ചാരം

ഊട്ടിയിലെ ബോട്ട് ഹൗസ്-ഊട്ടി തടാകത്തിലാണ്‌ ഇത് പ്രവര്‍ത്തിക്കുന്നത്
ഊട്ടിയിലെ ബോട്ട് ഹൗസ്-ഊട്ടി തടാകത്തിലാണ്‌ ഇത് പ്രവര്‍ത്തിക്കുന്നത്

ഊട്ടി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിപ്പമുള്ള വിനോദസ്ഞ്ചാരകേന്ദ്രമാണ്. വേനല്‍കാലത്തെ കാലാവസ്ഥ ഹൃദ്യമാണ്. സീസണ്‍ ആരംഭിക്കുന്നത് ഏപ്രില്‍ മാസത്തിലാണ്. അപ്പോള്‍ പകലിലെ താപനില 22 മുതല്‍ 25 വരെയാണ്. യൂറോപ്പില്‍ നിന്നും മറ്റുമുള്ള സഞ്ചാരികള്‍ ഈ കാലത്ത് അധികമായി എത്താറുണ്ട്. മേയ് മാസത്തില്‍ നടത്തപ്പെടുന്ന പുഷ്പമേളയാണ് മറ്റൊരു ആകര്‍ഷണം. റോസ് ഉദ്യാനം ഈ കാലയളവില്‍ പൂത്തുലഞ്ഞ് മനോഹരമായ ദൃശ്യമൊരുക്കുന്നു. ബോട്ട് ഹൌസ് ഊട്ടിയിലും പൈക്കാര നദിയുടെ തടാകത്തിലും പ്രവര്‍ത്തിക്കുന്നു. തദ്ദേശീയരായ സഞ്ചാരികളാണ് ഇത് കൂടുതലും ഉപയോഗപ്പെടുത്തുന്നത്.

[തിരുത്തുക] കാണേണ്ട സ്ഥലങ്ങള്‍

ബൊട്ടാണിക്കല്‍ ഗാര്‍ഡനലെ കോര്‍ക്ക് മരം
ബൊട്ടാണിക്കല്‍ ഗാര്‍ഡനലെ കോര്‍ക്ക് മരം

[തിരുത്തുക] ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

1847ല് ട്വീഡേലിലെ മാര്‍ക്യിസ് നിര്‍മ്മിച്ച ഉദ്യാനം 55 ഏക്കറില്‍ പരന്നു കിടക്കുന്ന പച്ചപ്പരപ്പുള്ള മനോഹരമായ ഒന്നാണ്. ഇന്ത്യയില്‍ തന്നെ വിരളമായ ചെടികള്‍ ഇവിടെ സം‍രക്ഷിക്കപ്പെട്ടിട്ടുണ്ട്. പുല്ലുകളും ചെടികളും വളരെ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്നു. കോര്‍ക്കുമരം, കുരങ്ങനു കയറാനാവാത്ത മങ്കി പസ്സില്‍ മരം, 20 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസില്‍ മരം, പേപ്പര്‍ ബാര്‍ക്ക് മരം എന്നിവ ഇവിടത്തെ മാത്രം പ്രത്യേകതകളാണ്. നന്നായി പരിപാലിക്കപ്പെടുന്ന ഒരു ഫേര്‍ണ് ഹൌസ്, ഓര്ക്കിഡുകള്‍ എന്നിവയും ഉണ്ട്. മേയ് മാസത്തില്‍ നടക്കുന്ന പുക്ഷ്പഫല സസ്യ പ്രദര്‍ശനം ലോകപ്രശസ്തമാണ്. ഈ ഉദ്ദ്യാനം ഇന്ന് തമിഴ്‌നാട്ടിലെ ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗം ആണ് സം‍രക്ഷിക്കുന്നത്. മെഴുകുകോണ്ടുള്ള മ്യൂസിയം വളരെയധികം ജന ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട് [3]

[തിരുത്തുക] തടാകം

ഈ കൃത്രിമ തടാകം 1823-1825ല് ഊട്ടിയുടേ ആദ്യത്തെ കളക്ടര്‍ ജോണ്‍ സള്ളിവന്‍ നിര്‍മ്മിച്ചതാണ്. ഇത് ജലസേചനത്തിനുള്ള ടാങ്കായാണ് ആദ്യം രൂപകല്പന ചെയ്തതെങ്കിലും പിന്നീട് ഒരു തടാകം എന്ന നിലയില്‍ വികസിപ്പിക്കുകയായിരുന്നു.

[തിരുത്തുക] സെന്‍റ് സ്റ്റീഫന്‍സ് പള്ളി

ഊട്ടിയിലെ ആദ്യത്തെ കൊളോണിയല്‍ കെട്ടിടമാണിത്. 1820 നിര്‍മ്മിക്കപ്പെട്ട ഇത് തോഡ ക്ഷേത്രം നിന്നിരുന്ന സ്ഥലത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗോഥിക് ശൈലിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഊട്ടി കളക്ടറേറ്റ് ഇതിനടുത്താണ്.

[തിരുത്തുക] റോസ് ഉദ്യാനം

ഊട്ടിയുടെ ഹൃദയ ഭാഗത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ ഉദ്യാനം പുഷ്പമേളയുടെ 100 വാര്‍ഷികം കൊണ്ടാടാന്‍ 1996ല് നിര്‍മ്മിച്ചതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ റോസാ പൂന്തോട്ടമാണിത്. 2000 ത്തിലധികം തരം റോസാച്ചെടികള്‍ ഇവിടെ ഉണ്ട്.

[തിരുത്തുക] പൈക്കാര തടാകം

[തിരുത്തുക] കുട്ടികളുടെ ഉദ്യാനം

[തിരുത്തുക] ത്രെഡ് ഗാര്‍ഡന്‍

[തിരുത്തുക] ദൊഡ്ഡബേട്ട ഒബ്സര്‍‌വേറ്ററി

നീലഗിരി മലനിരകളിലെ ഏറ്റവും ഉയര്‍ന്ന സ്ഥലമായ ഇവിടെ നിന്നും ഊട്ടി നഗത്തിന്റെയും സമീപപ്രദേശങ്ങളുടെയും വിശാലദൃശ്യങ്ങള്‍ വീക്ഷിക്കാന്‍ സാധിക്കും.

[തിരുത്തുക] ബാണാസുര സാഗര്‍ അണക്കെട്ട്

[തിരുത്തുക] മെഴുക് പ്രദര്‍ശനശാല

[തിരുത്തുക] വിദ്യാഭ്യാസം

സെന്റ് സ്റ്റീഫന്‍സ് ദേവാലയം ഇന്ന്
സെന്റ് സ്റ്റീഫന്‍സ് ദേവാലയം ഇന്ന്

[തിരുത്തുക] സ്കൂളുകള്‍ [4]

സ്കൂള്‍ വിലാസം
ആര്‍ച്ചങ്കള്‍ പ്രൈമറി സ്കൂള്‍ ലവ് ഡേല്‍, ഊട്ടി
ബെത്‍ലഹേം ഗേര്‍ള്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സെന്‍റ്. മേരീസ് ഹില്ല്
ബ്ലൂ മൗണ്ടെയ്ന്‍ സ്കൂള്‍ ഡേവിസ് ഡേല്‍,
ബ്രീക്സ് ആള്‍ ഇന്ത്യാ ഹൈയര്‍ സെക്കണ്ടറി സ്കൂള്‍ ചാറിങ്ങ് ക്രോസ്സ്
ബ്രീക്സ് സ്കൂള്‍ ചാറിങ്ങ് ക്രോസ്സ്
ചൈല്‍‍ഡ് ജീസസ് സ്കൂള്‍ സെന്റ് മേരീസ് ഹില്‍
ജി.എസ്.ഐ. ഗെല്‍ മെമ്മോറിയല്‍ സ്കൂള്‍ ഡുണ്‌മീര്‍ ഊട്ടി.
ക്ലിഫ് സ്കൂള്‍ വുഡ് റോക്ക് റോഡ്
സി.എം.എം സ്കൂള്‍ സമ്മര്‍ ഹൗസ് റോഡ്
എല്‍സീ ഇവാഞ്ചെലിക്കല്‍ സ്കൂള്‍ മിഷന്‍ ചര്‍ച്ച് കോമ്പൗണ്ട്, കന്ദാല്‍
ഗുഡ് ഷെഫേറ്ഡ് സ്കൂള്‍ ഫേര്‍ണ്‍ ഹില്ല്
ഹെബ്രോണ്‍ സ്കൂള്‍ ഊട്ടി പട്ടണം
കേന്ദ്രീയ വിദ്യാലയ ഇന്ദു നഗര്‍
ലെയിഡ്ലാ മെമ്മോറിയല്‍ സ്കൂള്‍ കെട്ടി
ലോറന്‍സ് സ്കൂള്‍ ലവ് ഡേല്‍
നീല്‍ഗിരീസ് സ്കൂള്‍ രാജമഹല്‍
ഊട്ടക്കമണ്ട് സ്കൂള്‍ ഹൊറേബ് ഡെവിങ്ടണ്‍ റോഡ്
ഊട്ടി മെട്രിക്കുലേഷന്‍ റോഡ് ഊട്ടി
വുഡ് സൈഡ് സ്കൂള്‍ വുഡ് സൈഡ്

[തിരുത്തുക] ഗതാഗതം

കേരളത്തില്‍ നിന്ന് ഊട്ടിയിലേക്കുള്ള പ്രധാന പാതകള്‍
കേരളത്തില്‍ നിന്ന് ഊട്ടിയിലേക്കുള്ള പ്രധാന പാതകള്‍

[തിരുത്തുക] റോഡ്

ഊട്ടി ഇന്ന് മറ്റു സ്ഥലങ്ങളുമായി നല്ല പൊലെ ബന്ധപ്പെട്ടിരിക്കുന്നു.ചെന്നൈയില്‍ നിന്ന് 535 കി.മി.റോഡ് മാര്‍ഗ്ഗം സേലം വഴി ഇവിടേക്ക് എത്തിച്ചേരാം. മേട്ടുപ്പാളയത്തില്‍ നിന്ന് കോത്തഗിരി വഴിയോ നേരിട്ടോ ഊട്ടിയിലേക്ക് റോഡ് ഉണ്ട്. കോത്തഗിരിയില്‍ നിന്ന് കുണൂര്‍ വഴിയും ഊട്ടിയിലേക്ക് റോഡ് നിലവില്‍ ഉണ്ട്(18 കി.മീ.). കോയമ്പത്തൂരില്‍ നിന്നും 89 കി.മീ. ആണ് ദൂരം. കോഴിക്കോട് നിന്ന് 187 കി.മീ. ദൂരം വരുന്ന റോഡ് ഉണ്ട്. മൈസൂര്‍ നിന്നും ഗുഡല്ലൂര്‍ വഴിയും (155 കി.മീ) ഉട്ടിയിലേക്ക് വരാം. ഈ വഴി അല്പം ദുര്‍ഘടം പിടിച്ചതും താറുമാറായതുമാണ്. അടുത്ത പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കൊടൈക്കനാലിലേക്ക് 236 കി.മീ. ദൂരമാണ് ഉള്ളത്. ഊട്ടിയിലെ റോഡുകള്‍ ടാറിട്ടതും നന്നായി സം‍രക്ഷിക്കപ്പെട്ടവയുമാണ്. ഇവയുടെ മേല്‍നോട്ടം നീലഗിരി മുനിസിപ്പാലിറ്റിയാണ് നടത്തുന്നത്. വിനോദസഞ്ചാരികളില്‍ നിന്ന് ഈടാക്കുന്ന നികുതിയില്‍ നിന്ന് ഒരു നിശ്ഴിത ശതമാനം മരാമത്തു പണികള്‍ക്കായി നീക്കി വച്ചിരിക്കുന്നു.

[തിരുത്തുക] തീവണ്ടി

ഊട്ടി- മേട്ടുപ്പാളയം തീവണ്ടി
ഊട്ടി- മേട്ടുപ്പാളയം തീവണ്ടി

മേട്ടുപ്പാളയത്തില്‍നിന്നുള്ള നീലഗിരി മൗണ്ടന്‍ റെയില്‍ ആണ് ഊട്ടിയിലേക്കുള്ള റെയില്‍പ്പാത. ഇത് മീറ്റര്‍ഗേജ് ആണ്. പല്‍ച്ചക്രം ഉപയോഗിച്ച് കയറ്റം കയറുന്ന പാതയും വണ്ടിയും (rack railway) ഇന്ത്യയില്‍ ഇവിടെ മാത്രമാണ് ഉള്ളത്. 1891-ല് തുടങ്ങി 1908ല് പൂര്‍ത്തിയാക്കിയ ഇതിന്റെ നിര്‍മ്മാണം ബ്രിട്ടീഷ് നിര്‍മ്മാണ വിദഗ്ദ്ധരാണ് നിര്‍വ്വഹിച്ചത്. ലോക പൈതൃക സ്മാരകങ്ങളിലൊന്നായി ഇതിനേയും ഡാര്‍ജിലിങ്ങിലെ ഹിമാലയന്‍ റെയില്‍വേയേയും യുനെസ്ക്കോ തിരഞ്ഞെടുത്തിട്ടുണ്ട് [5] മേട്ടുപ്പാളയം പിന്നിട്ട് കുറച്ചു ദൂരം കഴിഞ്ഞാല്‍ ഈ സംവിധാനം ഉപയോഗിച്ചാണ് വണ്ടി മല കയറുന്നത്. ഇത്രയും ദൂരം വളരെപ്പഴക്കം ചെന്ന ആവി എന്‍ജിന്‍‍‍കൊണ്ടാണ് വണ്ടി ഓടുന്നത്.[6] കൂനൂര്‍ എത്തുംവരെ ഈ രീതിതുടരുന്നു. കൂനൂര്‍ മുതല്‍ ഊട്ടി വരെ ഡീസല്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേയോടൊപ്പം ഈ പാതയെയും വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി യുനെസ്കോ അംഗീകരിച്ചിരിക്കുന്നു. ഈ തീവണ്ടിയാത്ര ദൃശ്യ മനോഹരമായ ഒന്നാണ്. ഇന്ന് മറ്റു മാര്‍ഗ്ഗങ്ങളിലൂടെ എളുപ്പം ഊട്ടിയില്‍ എത്താമെങ്കിലും വളരെയധികം സന്ദര്‍ശകര്‍ ഇതിന്റെ പ്രത്യേകതമൂലം ഈ തീവണ്ടിയിലാണ് ഊട്ടിയില്‍ എത്തുന്നത്. [7] മേട്ടുപ്പാളയത്തുനിന്ന് നാലു മണിക്കൂര്‍ എടുക്കുന്ന ഈ യാത്ര അവിസ്മരണീയമായ ഒന്നാണ്.

[തിരുത്തുക] വ്യോമമാര്‍ഗ്ഗം

ഊട്ടി-കുണൂര്‍ പാത. 1832ല്‍ പണിതീര്‍ന്ന ഇത് ഇന്ന് ദൃശ്യ ചാരുത നിറഞ്ഞതാണ്‌
ഊട്ടി-കുണൂര്‍ പാത. 1832ല്‍ പണിതീര്‍ന്ന ഇത് ഇന്ന് ദൃശ്യ ചാരുത നിറഞ്ഞതാണ്‌

ഏറ്റവും അടുത്തുള്ള വിമാനത്താവളം കോയമ്പത്തൂര്‍ ആണ്. കോഴിക്കോട് ആണ് അടുത്തുള്ള മറ്റൊരു വിമാനത്താവളം.

[തിരുത്തുക] ചിത്രങ്ങള്‍

[തിരുത്തുക] ആധാരസൂചിക

  1. Lewis Rice. Epigraphica CarnaTica. “ഈ ശാസനത്തില്‍ ഗംഗ രാജാവായ എരയപ്പന്റെ മരണത്തിനു ശേഷം മക്കളായ രച്ചമല്ലയും ബടുകയും കിരീടാവകാശത്തിന് തര്‍ക്കമുന്നയിച്ചതായും രച്ചമല്ല വയനാട്ടിലായിരുന്ന തക്കം നോക്കി ബടുക അദ്ദേഹത്തെ വധിച്ചതായും രേഖപ്പെടുത്തിയിരിക്കുന്നു” 
  2. ഡബ്ലിയു., ഫ്രാന്‍സിസ് [1908] (2001). മദ്രാസ് ഡിസ്ട്രിക്റ്റ് ഗസറ്റീയര്‍സ്- നീലഗിരി ഡിസ്ട്രിക്റ്റ്, രണ്ടാം റീപ്രിന്റ് (in ഇംഗ്ലീഷ്), ന്യൂഡല്‍ഹി: ജെ. ജെറ്റ്ലി-ഏഷ്യന്‍ എഡുക്കേഷണല്‍ സര്‍‌വീസസ്. ISBN 81-206-0546-2. 
  3. http://www.dailyindia.com/show/128259.php/Engineer-sculpts-wax-figures-of-the-famous-and-notorious-in-Ooty
  4. ഊട്ടിയിലെ സ്കൂളുകളെപറ്റി ശേഖരിച്ച തിയ്യതി 2007 ഏപ്രില്‍ 11
  5. യുന്നെസ്കോയ്യുടെ ലോക പൈതൃക്കത്തെക്കുറിച്ചുള്ള വെബ്സൈറ്റ്. ശേഖരിച്ചത് 2007 ഏപ്രില്‍ 18
  6. http://www.worldsteam.com/world_of_steam_india2.htm
  7. തീവണ്ടിയാത്രയെപറ്റി റോയ് ലാവെറിക്ക് എഴുറ്റിയ ലേഖനം ശേഖരിച്ചത് ഏപ്രില്‍ 11, 2007

[തിരുത്തുക] കുറിപ്പുകള്‍

  ആരാണെന്ന് വ്യക്തമല്ല. അന്ന് ഇത് വയനാടിന്റെ ഭാഗമായിരുന്നു എന്നും കാണാം. മസനഗുഡി വയനാടിന്റെ തലസ്ഥാനമായിരുന്നു എന്നും ശാസനത്തില്‍ പറയുന്നുണ്ട്.


Seal of Tamil Nadu തമിഴ്‌നാട് സംസ്ഥാനം
വിഷയങ്ങള്‍ | ചരിത്രം | രാഷ്ട്രീയം | തമിഴര്‍ | തമിഴ്‌
തലസ്ഥാനം ചെന്നൈ
ജില്ലകള്‍ ചെന്നൈ • കോയമ്പത്തൂര്‍ • കൂഡല്ലൂര്‍ • ധര്‍മ്മപുരി • ദിണ്ടിഗല്‍ • ഈറോഡ് • കാഞ്ചീപുരം • കന്യാകുമാരി • കരൂര്‍ • കൃഷ്ണഗിരി • മധുര • നാഗപട്ടണം • നാമക്കല്‍ • പേരാമ്പല്ലൂര്‍ • പുതുക്കോട്ട • രാമനാഥപുരം • സേലം • ശിവഗംഗ • തഞ്ചാവൂര്‍ • നീലഗിരി • തേനി • തൂത്തുക്കുടി • തിരുച്ചിറപ്പള്ളി • തിരുനെല്‍‌വേലി • തിരുവള്ളുവര്‍ • തിരുവണ്ണാമലൈ • തിരുവാരൂര്‍ • വെല്ലൂര്‍ • വില്ലുപുരം • വിരുദ നഗര്‍
പ്രധാന പട്ടണങ്ങള്‍ ആത്തൂര്‍ • ആവടി • അമ്പത്തൂര്‍ • ചെന്നൈകോയമ്പത്തൂര്‍ • ഗൂഡല്ലൂര്‍ • ദിണ്ടിഗല്‍ • ഈറോഡ് • കാഞ്ചീപുരം • കരൂര്‍ • കുംഭകോണം • മധുരനാഗര്‍കോവില്‍ • നെയ്‌വേലി • പല്ലാവരം • പുതുക്കോട്ട • രാജപാളയം • സേലംതിരുച്ചിറപ്പള്ളിതിരുനെല്‍‌വേലി • താംബരം • തൂത്തുക്കുടി • തിരുപ്പൂര്‍ • തിരുവണ്ണാമലൈ • തഞ്ചാവൂര്‍ • തിരുവോട്ടിയൂര്‍ • വെല്ലൂര്‍ • കടലൂര്‍• തിരുച്ചെങ്കോട് • നാമക്കല്‍ • പൊള്ളാച്ചി • പഴനി


ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -