See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കള്ള് - വിക്കിപീഡിയ

കള്ള്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പനയുടേയോ, തെങ്ങിന്റേയോ പൂങ്കുല ചെത്തിയെടുക്കുന്ന കറയെ പുളിപ്പിച്ചുണ്ടാക്കുന്ന ലഹരി പാനീയമാണ് കള്ള് . ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ഇന്ത്യയിലെ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലും, ഫിലിപ്പീന്‍സിലും ശ്രീലങ്കയിലും കള്ള് ലഭ്യമാണ്‌. ഫിലിപ്പീന്‍സില്‍ റ്റൂബ എന്നാണ് കള്ള് അറിയപ്പെടുന്നത്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

പ്രാകൃത ഭാഷയില്ലെ കല്ലാ (അര്‍ത്ഥം മദ്യം) യില്‍ നിന്നാണ് കള്ള് എന്ന പദം നിഷ്പന്നമായത്. [1]

[തിരുത്തുക] സവിശേഷതകള്‍

ഇന്ത്യയില്‍ കേരളം, തമിഴ്നാട്, കര്ണ്ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കള്ള് ചെത്തുന്നുണ്ട് എങ്കിലും അത് വ്യാവസായികമായി നടത്തപ്പെടുന്നതും കള്ള് മദ്യമായി മാത്രം വിറ്റഴിക്കപ്പെടുന്നതും കേരളത്തില്‍ മാത്രമാണ്‌[2]. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തെങ്ങ് ചെത്തുന്നത് പാലക്കാട് ചിറ്റൂര്‍ മേഖലകളിലാണ്‌. കേരളത്തിലെ മുഴുവന്‍ കള്ള് ഷാപ്പുകള്‍ക്കും കള്ള് നല്‍കപ്പെടുന്നതും ഈ മേഖലയില്‍ നിന്നുമാണ്‌[2]. പുളിക്കാത്ത കള്ള് മറ്റേതൊരു ലഘുപാനീയത്തേക്കാളും ശ്രേഷ്ഠവും കുഞ്ഞുങ്ങള്‍ക്ക് പോലും ടോണിക്കിന്റെ രൂപത്തില്‍ കൊടുക്കാന്‍ കഴിയുന്നതുമാണ്‌. പുളിച്ച കള്ളില്‍ അടങ്ങിയിരിക്കുന്ന ആള്‍ക്കഹോളിന്റെ അളവ് സാധാരണ ലഭിക്കുന്ന ഔഷധങ്ങളില്‍ ഉപയോഗിക്കുന്ന ആള്‍ക്കഹോളിന്റെ അളവിലും കുറവാണ്‌[2]. തെങ്ങിന്‍ കള്ളിലെ ദോഷരഹിതമായ പഞ്ചസാരയുടെ അളവ് 15% മുതല്‍ 16% വരെയാണ്‌. ജീവകം എ, ജീവകം ബി, ജീവകം ബി-2, ജീവകം സി എന്നിവയും; മനുഷ്യശരീരത്തിന് അവശ്യഘടങ്ങളായ ഗ്ലൂട്ടാമിക് അമ്ലം, തിയോനിന്‍, അസ്പാര്‍ട്ടിക് അമ്ലം എന്നിവയുള്‍പ്പെടെ 17 തരം അമിനോ അമ്ലങ്ങളും കള്ളില്‍ അടങ്ങിയിരിക്കുന്നു[2].

[തിരുത്തുക] കള്ളുചെത്തല്‍

കള്ളുചെത്ത്
കള്ളുചെത്ത്

ചെത്തുകാരനാണ് കള്ളുശേഖരിക്കുക. തെങ്ങിന്റെ പൂക്കുല ചെത്തിയോ, പനയുടെ തടിയിലോ ഉണ്ടാക്കുന്ന ഒരു ചെറിയ വെട്ടില്‍ ചെത്തുകാരന്‍ ഒരു മണ്‍കുടം കമഴ്ത്തിവെക്കുന്നു[അവലംബം ചേര്‍ക്കേണ്ടതുണ്ട്]. ഇങ്ങനെ ശേഖരിക്കുന്ന ഇളംകള്ള് മധുരിക്കുന്നതും നിര്‍വീര്യവുമായിരിക്കും, നീര എന്നണിതറിയപ്പെടുന്നത്. ചില സ്ഥലങ്ങളില്‍ പനമരം തന്നെ മറിച്ചിട്ട് മണ്ടയില്‍ ഒരു ചെറിയ വെട്ടുണ്ടാക്കി കള്ളുചെത്തുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ കള്ള് വേഗം ഊറിവരാന്‍ പനമരത്തിന്റെ വേരില്‍ തീകത്തിക്കുന്നു. ശേഖരിക്കുന്ന മരത്തിനെ അനുസരിച്ച് കള്ള്, തെങ്ങിന്‍ കള്ള്, പനങ്കള്ള് എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു.

കള്ള് ചെത്തിയെടുത്ത ഉടനെ. ഫെര്‍മന്റ് ചെയ്യുപോഴുണ്ടാകുന്ന നുര കാണാം
കള്ള് ചെത്തിയെടുത്ത ഉടനെ. ഫെര്‍മന്റ് ചെയ്യുപോഴുണ്ടാകുന്ന നുര കാണാം

[തിരുത്തുക] തെങ്ങ് ചെത്തുന്ന രീതി

കേരളത്തില്‍ ചെളിച്ചെത്ത് എന്നും നാടന്‍ ചെത്ത് എന്നും രണ്ട് രീതിയില്‍ ചെത്തുന്നുണ്ട്[2] . പക്ഷേ ചെത്തുന്ന രീതി പൊതുവേ സമാനമാണ്‌. ചെത്ത് ഏത് രീതിയിലാണെങ്കിലും ഗുരുമുഖത്തുനിന്നും നേരിട്ടാണ്‌ പഠിക്കുന്നത്. പഠിക്കുന്നതിനായി ഏകദേശം ഒരു വര്‍ഷം വരെ കാലയളവ് എടുക്കാറുണ്ട്. പരിശീലനം കഴിഞ്ഞ ശിഷ്യനെ ചെത്തുകാരനായി അംഗീകരിക്കണമെങ്കില്‍ വേറൊരു മുതിര്‍ന്ന ചെത്തുകാരനു മുന്‍പില്‍ കുറ്റമറ്റ രീതിയില്‍ ചെത്തിക്കാണിക്കണം. തമിഴ്നാട്ടിലെ ചെത്തു രീതികള്‍ തെളിച്ചെത്ത്, പാണ്ടിച്ചെത്ത് എന്നിങ്ങനെ രണ്ട് തരത്തിലും തെങ്ങുകള്‍ ചെത്തുന്നുണ്ട്[2].

[തിരുത്തുക] തെങ്ങ്/കൂമ്പ് തിരഞ്ഞെടുക്കുന്ന രീതി

ചെത്താന്‍ തിരഞ്ഞെടുക്കുന്ന തെങ്ങ് കഴിവതും നിരപ്പായതും താഴ്ന്നതും നല്ലതുപോലെ ജലം ലഭിക്കുന്ന സ്ഥലത്ത് നില്‍ക്കുന്നതുമാകണം. ആറ് വയസ്സുമുതല്‍ 30 വയസ്സുവരെ പ്രായമുള്ള നല്ല ആരോഗ്യമുള്ള തെങ്ങാണ്‌ ചെത്തുന്നതിനായി തിരഞ്ഞെടുക്കുന്നത്. നാടന്‍ തെങ്ങാണ്‌ എങ്കില്‍ നല്ല പച്ച നിറം ഉള്ളവയായിരിക്കണം. കൂമ്പ് കരിച്ചില്‍ എന്ന രോഗമുള്ള തെങ്ങുകള്‍ ചെത്താനായി ഉപയോഗിക്കില്ല. പച്ചരി പരുവം, പാല്പരുവം, നെല്പരുവം എന്നിങ്ങനെ കൂമ്പുകളെ മൂന്നായി തിരിക്കാം. പാല്‍പരുവം എന്നാല്‍ ഇളം കൂമ്പും നെല്പരുവം എന്നാല്‍ വിളഞ്ഞകൂമ്പും ആണ്‌. പച്ചരിപരുവത്തിലുള്ള കൂമ്പ് ഇതിന്റെ ഇടയിലുള്ള പരുവം. പച്ചരിപരുവത്തിലുള്ള കൂമ്പുകളാണ്‌ ചെത്തുന്നതിനായി തിരഞ്ഞെടുക്കുന്നത്[2] .

[തിരുത്തുക] ചെത്തുന്നതിനുള്ള ആയുധങ്ങളും നിര്‍മ്മാണവും

കൂമ്പ് ചെത്തുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ പ്രധാനം തേറ് എന്നു വിളിക്കുന്ന വീതിയുള്ള ഒരുതരം കത്തിയാണ്‌. നശിച്ച പൂങ്കുല ചെത്തിക്കളയുന്നതിനായി പിച്ചാത്തി, കള്ള് ശേഖരിക്കുന്നതിനുള്ള പാത്രമായകുടുക്ക (ആദ്യം ഉപയോഗിച്ചിരുന്നത് ചുരക്കത്തോട് ആയിരുന്നു. പിന്നീട് ഇപ്പോള്‍ പ്ലാസ്റ്റിക് പാത്രമാണ്‌ ഉപയോഗിക്കുന്നത്.), തേറ് വയ്ക്കുന്നതിനുള്ള കത്തിക്കൂട് ആഞ്ഞിലി എന്ന മരം ഉപയോഗിച്ചാണ്‌ ഉണ്ടാക്കിയിരിക്കുന്നത്. കൂമ്പില്‍ തേക്കുന്നതിനായി ആറ്റുചെളി നിറച്ച ചെറിയ ഒരു പാത്രം, തേറ് തേക്കുന്നതിനുള്ള പാലത്തടി, കൂമ്പ് തല്ലുന്നതിനായി ഉപയോഗിക്കുന്ന ബ്ലാങ്കല്‍എന്നിവയും ചെത്തുകാരന്റെ പണിയായുധങ്ങളാണ്‌[2] . ബ്ലാങ്കല്‍ ആയി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നത് കാട്ടിലെ പശുവായ മ്ലാവിന്റെ കൈയ്യിലെ അസ്ഥിയായിരുന്നു. ഉള്ളിലെ മജ്ജ നീക്കം ചെയ്ത് അതില്‍ പ്രത്യേക അളവുകളില്‍ കോഴിനെയ്യ്, പശുവിന്‍ നെയ്യ്, കന്നിന്‍ നെയ്യ്, പന്നി നെയ്യ്, ചില അങ്ങാടി മരുന്നുകള്‍, കരിക്ക്, തേങ്ങാവെള്ളം, കള്ള് എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന മിശ്രിതം ഓട്ടുരുളിയില്‍, ഒരു തെങ്ങില്‍ നിന്നും എടുക്കുന്ന ചൂട്ടും കൊതുമ്പും മാത്രം ഉപയോഗിച്ച് ചൂട് നിയന്ത്രിച്ച് വ്രതാനുഷ്ഠാനത്തോട് കൂടി ആരും കാണാതെയും തൊട്ടുരിയാടാതെയും പൗര്‍ണ്ണമി രാവില്‍ ആശാന്മാരാണ്‌ നിറക്കുന്നത്. ഇങ്ങനെ നിറക്കുന്ന ബ്ലാങ്കല്‍ ക‌ലാഞ്ഞില്‍, പാലയുടെ കമ്പ്, കോലരക്ക് എന്നിവകൊണ്ട് അടയ്ക്കുന്നു[2].

[തിരുത്തുക] ചെത്തുന്ന/കള്ളെടുക്കുന്ന രീതി

തിരഞ്ഞെടുത്ത കൂമ്പ് ആദ്യത്തെ നാലുദിവസം രാവിലെ മാത്രം ഒരു വശത്ത് 9 വരി തല്ലുവീതം നാല് വശങ്ങളിലുമായി 36 വരി തല്ല് നടത്തുന്നു. അഞ്ചാമത്തെ ദിവസം കൂമ്പ് തല്ലിയതിനുശേഷം മുറിക്കും. ഇങ്ങനെ മുറിക്കുന്ന കൂമ്പ് കോഞ്ഞാണി ചൂട്ടും ഓലക്കാലും കൊണ്ട് നല്ലവണ്ണം കെട്ടിപ്പൊതിയും. അന്നു വൈകുന്നേരം കെട്ടുകള്‍ അഴിച്ച് വീണ്ടും തല്ലും. ആറാമത്തെ ദിവസം തല്ലില്ല. ഏഴാം ദിവസം ചെറുതായി തല്ലും. എട്ടാം ദിവസം തല്ലുകയും ചെറുതായി ചെത്തിതുടങ്ങുകയും ചെയ്യും. തേറ് കൊണ്ട് പപ്പടത്തിന്റെ കനത്തില്‍ ഒരുനേരം 5 തവണ ചെത്തും. ചെത്തിയ മുറിവായില്‍ ആറ്റുചെളി തേയ്ക്കും. കള്ള് നിരപ്പായി വീഴുന്നതിനായാണ്‌ ഇങ്ങനെ ആറ്റുചെളി തേയ്ക്കുന്നത്. അതുകൊണ്ട് കൂടിയായിരിക്കണം ഇത്തരം ചെത്തിനെ ചെളിച്ചെത്ത് എന്ന് പറയുന്നത്. രാവിലെ, ഉച്ചക്ക്, വൈകിട്ട് എന്നിങ്ങനെ മൂന്ന് നേരം ദിവസവും ചെത്തും. മഴയായാലും ചെത്തിന്‌ മുടക്കമില്ല. എട്ടാമത്തെ ദിവസം മുതല്‍ കള്ള് ഇറ്റുവീഴാന്‍ തുടങ്ങും. എട്ടാമത്തേയും പത്താമത്തേയും ദിവസത്തിനുള്ളില്‍ മാട്ടം എന്ന ചെറിയ കുടം (പാനി എന്നും അറിയപ്പെടുന്നു) കൂമ്പില്‍ ഇടുന്നു. തല്ലി തുടങ്ങുന്നതിന്റെ പന്ത്രണ്ടാമത് (12) ദിവസം മുതല്‍ ക്രമേണ കള്ളിന്റെ അളവ് കൂടാന്‍ തുടങ്ങും. തെങ്ങിന്റെ ഇനം പ്രായം എന്നിവ അനുസരിച്ച് ഒരു തെങ്ങില്‍ നിന്നും മൂന്ന് ലിറ്റര്‍ മുതല്‍ 8 ലിറ്റര്‍ വരെ കള്ള് ഒരു ദിവസം ലഭിക്കാറുണ്ട്[2]. ദിവസത്തില്‍ രണ്ട് നേരമാണ്‌ കള്ള് ശേഖരിക്കുന്നത്. രാവിലെ ശേഖരിക്കുന്ന പുലരിയും വൈകുന്നേരം ശേഖരിക്കുന്ന അന്തിയും[2].

[തിരുത്തുക] തമിഴ് ചെത്ത്

കേരളത്തിലെ ചെത്തുരീതികളില്‍ നിന്നും വളരെ വ്യത്യാസമുള്ളതാണ്‌ തമിഴ്നാട്ടിലെ ചെത്തുരീതി. ചെത്തുരീതി മാത്രമല്ല ഉപകരണങ്ങള്‍ക്കും വ്യത്യാസമുണ്ട്. തേറിന്‌ പകരം പ്രത്യേക തരത്തിലുള്ള മൂര്‍ച്ചയുള്ള വെട്ടുകത്തിയാണ്‌ കൂമ്പ് ചെത്തുന്നതിനായി ഉപയോഗിക്കുന്നത്. ബ്ലാങ്കലിലു പകരം പുളിമുട്ടിയാണ്‌ തല്ലുന്നതിന്‌ ഉപയോഗിക്കുന്നത്. കൂടാതെ കള്ള് ചെത്തുന്നത് രാത്രിയിലുമാണ്‌. ചെത്തുന്നതിന്‌ തിരഞ്ഞെടുക്കുന്നത് പാല്‍ പരുവത്തിലുള്ള കൂമ്പാണ്‌ ഉപയോഗിക്കുന്നത്. ആദ്യമായി കൂമ്പ് നല്ലതുപോലെ വരിഞ്ഞുകെട്ടുന്നു. ഇങ്ങനെ വരിഞ്ഞുകെട്ടുന്നതിനാല്‍ കൂമ്പ് അല്പം പോലും വളരില്ല[2]. അതിനുശേഷം പ്രത്യേക താളത്തില്‍ തല്ലുന്നു. തല്ലിയ കൂമ്പ്; ചുവടുഭാഗം അല്പം ചവിട്ടി ചരിച്ചു വയ്ക്കുന്നു. പിന്നീട് ചെത്തിതുടങ്ങുന്നു. ഇങ്ങനെ ചെത്തുന്ന കൂമ്പിന്റെ മുറിഭാഗത്ത് ചെളി തേയ്ക്കാറില്ല. അതിനാല്‍ തന്നെ ലഭിക്കുന്ന കള്ളിന്റെ അളവും കുറവായിരിക്കും. പരമാവധി രണ്ട് ലിറ്റര്‍ മുതല്‍ മൂന്ന് ലിറ്റര്‍ വരെ കള്ള് ലഭിക്കുന്നു. ഒരു തവണമാത്രമേ കള്ള് ശേഖരിക്കാറുള്ളൂ[2].

[തിരുത്തുക] തെളിച്ചെത്ത്

ഇത്തരം ചെത്ത് കള്ളില്‍ നിന്നും ശര്‍ക്കര നിര്‍മ്മിക്കാനായിട്ടാണ്‌ ഉപയോഗിക്കുന്നത്. ചെത്തുന്ന സമ്പ്രദായം പാണ്ടിച്ചെത്ത് തന്നെ. എന്നാല്‍ കള്ള് ശേഖരിക്കുന്ന കുടത്തിന്റെ ഉള്ളില്‍ കള്ള് നുരയ്ക്കാതെ ഇരിക്കുന്നതിനായ് ചുണ്ണാമ്പ് തേച്ച് പിടിപ്പിക്കാറുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന കള്ള് തിളപ്പിച്ച് കുറുക്കി തണുപ്പിച്ച് തെങ്ങിന്‍ ശര്‍ക്കര ഉണ്ടാക്കുന്നു[2].


ഇന്ത്യയുടെ ചിലഭാഗങ്ങളില്‍ നീര എന്നുവിളിക്കുന്ന പുളിക്കാത്ത കള്ള് സര്‍ക്കാര്‍ ഏജന്‍സികള്‍ ശേഖരിച്ച് ശീതീകരിച്ച് വിതരണം ചെയ്യുന്നു. പൊട്ടാഷ് അടക്കം പല ധാതുക്കളും പോഷകഘടകങ്ങളും നീരയിലുണ്ട്. വായുവിലുള്ള ഈസ്റ്റിന്റെ പ്രവര്‍ത്തനം കൊണ്ട് കള്ള് ശേഖരിച്ചുകഴിഞ്ഞ ഉടനെതന്നെ പുളിച്ചുതുടങ്ങുന്നു. കള്ളുശേഖരിക്കുന്ന കുടത്തില്‍ അവശേഷിക്കുന്ന യീസ്റ്റ് ഈ പുളിപ്പിക്കല്‍ പ്രക്രിയയ്ക്ക് ഒരു ഉല്പ്രേരകമായി വര്‍ത്തിക്കുന്നു. ചെത്തിക്കഴിഞ്ഞ് രണ്ടുമണിക്കൂര്‍ കഴിയുമ്പൊള്‍ തന്നെ കള്ളില്‍ 4% മദ്യാംശം ഉണ്ടാവുന്നു. ചെറുതായി ലഹരിപകരുന്ന ഒരു മധുര ദ്രാവകമായിരിക്കും ഈ അവസ്ഥയിലുള്ള കള്ള്. കള്ള് ചിലര്‍ ഒരു ദിവസം വരെ പുളിക്കാന്‍ അനുവദിക്കുന്നു. ഇങ്ങനെ പുളിച്ച കള്ളിന് കയ്പുരുചിയായിരിക്കും. ഇതിലും ഏറെനാള്‍ പുളിപ്പിച്ചാല്‍ കള്ള് വിനാഗിരിയായി മാറുന്നു.

കള്ളു ചെത്തുകാരന്‍
കള്ളു ചെത്തുകാരന്‍

[തിരുത്തുക] കള്ളിന്റെ സാമൂഹിക പ്രസക്തി

കേരളത്തില്‍ കള്ളുഷാപ്പുകളിലാണ് സാധാരണയായി കള്ളുകിട്ടുക. തമിഴ്‌നാട്ടില്‍ കള്ള് നിരോധിച്ചിരിക്കുന്നു. കള്ളിന്റെ അടിമകളാകുന്ന പുരുഷന്മാര്‍ മൂലം പാവപ്പെട്ട ഒരുപാടു കുടുംബങ്ങള്‍ തകരുന്നത് മദ്യനിരോധനത്തിന് ഒരു കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തില്‍ കള്ളിനെക്കാള്‍ കൂ‍ടുതല്‍ വീര്യമുള്ളതും സാമൂഹികമായി കൂടുതല്‍ അപകടകാരിയുമായ ചാരായമാണ് നിരോധിച്ചിരിക്കുന്നത്.1996-ല്‍ ഏ. കെ. ആന്റണി കേരളമുഖ്യമന്ത്രിയായിരുന്ന കാലത്താണു് കേരളത്തില്‍ ചാരായ നിരോധനം പ്രാബല്യത്തില്‍ വരുത്തിയതു്.

[തിരുത്തുക] കള്ളുഷാപ്പുകള്‍

കള്ള് ഷാപ്പ്
കള്ള് ഷാപ്പ്

കേരളത്തില്‍ നാലായിരത്തി മുന്നൂറോളം (4300) കള്ളുഷാപ്പുകളുണ്ടെന്ന് ചില കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു. [അവലംബം ചേര്‍ക്കേണ്ടതുണ്ട്]

[തിരുത്തുക] കുറിപ്പുകള്‍

  • നുരപ്പിക്കാത്ത കള്ളിനെ ലഘുപാനീയമായി ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്.

[തിരുത്തുക] മറ്റുപയോഗങ്ങള്‍

  • കള്ള് വളരെ നാള്‍ കേടുകൂടതെ വച്ചിരുന്നാല്‍ നല്ല ചൊറുക്കയായി(വിനാഗിരി) മാറും
  • വെള്ളയപ്പം, വട്ടയപ്പം എന്നിവയുടെ മാവ് പാകപ്പെടുത്താനായി കള്ള് ചേര്‍ക്കാറുണ്ട്.

[തിരുത്തുക] ചേര്‍ത്തു വായിയ്ക്കാന്‍

  1. രക്തത്തിലെ മദ്യാംശം

[തിരുത്തുക] ആധാരസൂചിക

  1. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങള്‍. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. 
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 കര്‍ഷകശ്രീ മാസിക. ജൂണ്‍ 2008. അഭിലാഷ് കരിമുളയ്ക്കലിന്റെ ലേഖനം. താള്‍ 48-49.
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -