മുസ്തഫാ കമാല്‍ അത്താതുര്‍ക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മുസ്തഫാ കമാല്‍ അത്താതുര്‍ക്ക്‍
1881 – 1938

ആധുനിക തുര്‍ക്കിയുടെ സൃഷ്ടാവ് –മുസ്തഫാ കമാല്‍ അത്താതുര്‍ക്ക്
അപരനാമം: അത്താതുര്‍ക്ക്(തുര്‍ക്കിയുടെ പിതാവ്)
ജനനം: 1881
ജനന സ്ഥലം: ഒട്ടൊമാന്‍, തുര്‍ക്കി
മരണം: 1938 നവംബര്‍ 10
മരണ സ്ഥലം: ഡോല്‍മാബാസ് കൊട്ടാരം,ഇസ്താന്‍ബുള്‍
മുന്നണി: തുര്‍ക്കി ഏകീകരണം
സംഘടന: റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി

ആധുനിക തുര്‍ക്കിയുടെ സൃഷ്ടാവ് , തുര്‍ക്കിഷ് ആര്‍മി ജനറല്‍, തുര്‍ക്കിയുടെ ആദ്യ പ്രസിഡന്റ് എന്ന നിലയില്‍ പ്രസിദ്ധനായ വ്യക്തിയാണ് മുസ്തഫാ കമാല്‍ അത്താതുര്‍ക്ക്. ഇംഗ്ലീഷ്:Mustafa Kemal Atatürk (1881 മാര്‍ച്ച് 12 – 1938 നവംബര്‍ 10), അത്താതുര്‍ക്ക് എന്നാല്‍ തുര്‍ക്കിയുടെ പിതാവ് എന്നര്‍ത്ഥം. തുര്‍ക്കിയിലെ സൈന്യത്തിലെ സൈന്യാധിപനായിരുന്ന അദ്ദേഹം ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട ഗല്ലിപോലി യുദ്ധത്തില്‍ തന്റെ പ്രഗത്ഭ്യം തെളിയിച്ച വ്യക്തിയാണ്. സഖ്യസേനയുടെ കൈകളാല്‍ ഓട്ടോമന്‍ സാമ്രാജ്യം പരാജയപ്പെട്ട ശേഷം തുര്‍ക്കിയുടെ വിഭജനം അനിവാര്യമായ കാലത്ത് തുര്‍ക്കി ദേശീയ മുന്നണിയെ നയിച്ച് സ്വാതന്ത്ര്യസമരത്തിലൂടേ രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ അത്താതുര്‍ക്ക് വഹിച്ച് പങ്ക് നിസ്തുലമായിരുന്നു. അദ്ദേഹത്തിന്റെ സൈനിക മുന്നേറ്റങ്ങളിലൂടെ അവസാനം റിപ്പബ്ലിക്ക് ഓഫ് ടര്‍ക്കി (തുര്‍ക്കി ഗണതന്ത്രം) രൂപമെടുത്തു. അദ്ദേഹത്തിന്റെ ഭരണ പരിഷ്കാരങ്ങള്‍ രാഷ്ട്രീയമായ സാമ്പത്തിക സാംസ്കാരിക രംഗങ്ങളില്‍ വന്‍പിച്ച മാറ്റങ്ങള്‍ വരുത്തി.

ഏഴു പ്രാവശ്യത്തോളം അദ്ദേഹം തന്റെ പേരുകള്‍ മാറ്റിയിട്ടുണ്ട്. [1]ഓട്ടോമന്‍ സൈന്യത്തിലായിരുന്നപ്പോള്‍ അദ്ദേഹം കെമാല്‍ പാഷ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യ സമര സമയത്ത് തുര്‍ക്കി ദേശീയ നിയമ സഭ അദ്ദേഹത്തിന് ഗാസി മുസ്തഫ കെമാല്‍ എന്ന് സംബോധന ചെയ്തിരുന്നു. റിപ്പബ്ലിക്കിന്റെ സ്ഥാപനത്തിന് ശേഷം ഓസ്സ് എന്ന തലപ്പേര് അദ്ദേഹം സ്വീകരിച്ചു. 1934-ല്‍ തുര്‍ക്കി ദേശീയ നിയമസഭ അദ്ദേഹത്തിന് അത്താതുര്‍ക്ക് എന്ന സ്ഥാനപ്പേര്‍ നല്‍കി ആദരിച്ചു. ഇന്ന് തുര്‍ക്കിയുടെ ദേശീയ കറന്‍സി നോട്ടുകളില്‍ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

പ്രധാന ലേഖനം: തുര്‍ക്കി

യൂറോപ്പിലും ഏഷ്യയിലുമായി കിടക്കുന്ന രാജ്യമാണ് തുര്‍ക്കി. തുര്‍ക്കിയിലെ കോണ്‍സ്റ്റാന്റ്റിനോപ്പിള്‍ നഗരം പകുതി യൂറോപ്പിലും പകുതി ഏഷ്യയിലുമാണ്. ഇസ്ലാം മതസ്ഥരാണ് ഏറിയപങ്കും. 11 നുറ്റാണ്ടിലാണ് തുര്‍ക്കി ഒരു വന്‍ സാമ്രാജ്യമായിത്തീരുന്നത്. ഒട്ടോമന്‍ തുര്‍ക്കികള്‍ എന്നറിയപ്പെടുന്ന എന്നറിയപ്പെട്ട മധ്യേഷ്യന്‍ വംശജരായ തുര്‍ക്കികള്‍ 1299 മുതല്‍ ആ സമ്രാജ്യത്തെ യൂറോപ്പിലേയ്ക്കും ആഫ്രിക്കയിലേയ്ക്കും വ്യാപിപ്പിച്ചു. 17 നൂറ്റാണ്ടില്‍ വീണ്ടും സാമ്രാജ്യത്ത വികസനം ഉണ്ടായി. ഗ്രീസ്, ഹംഗറി, ഇറാഖ്, ഇറ്റലി യുടെ കുറേ ഭഗങ്ങള്‍, ബാള്‍ക്കന്‍ രാജ്യങ്ങള്‍, സിറിയ, അറേബ്യ, ഈജിപ്ത്, ലിബിയ തിടങ്ങിയവയെല്ലാം തുര്‍ക്കിക്കു കീഴിലായി. എന്നാല്‍ 17 നൂറ്റാണ്ടിന്റെ അവസാനത്തോടെ മിക്ക രാജ്യങ്ങളും നഷ്ടപ്പെടുകയും ചെയ്തു. തുര്‍ക്കി ചെറുതായി വന്നു. 1878 ബള്‍ഗേറിയ, ബോസ്നിയ, ഹെര്‍സൊഗൊവീന എന്നീ രാജ്യങ്ങളും നഷ്ടപ്പെട്ടു. ഇക്കാലമത്രയും സുല്‍ത്താന്‍ ഭരണമായിരുന്നു തുര്‍ക്കിയില്‍ 1908 ല് യുവ തുര്‍ക്കികള്‍ എന്നറിയപ്പെടുന്ന ദേശീയവാദികളായ കലാപകാരികള്‍ രാജ്യത്ഥു വിപ്ലവന്മുണ്ടാക്കി. സുല്‍ത്താന്റെ അധികാരം നശിച്ചു തുടങ്ങി. ഒന്നാം ലോകമഹായുദ്ധകാലത്ത് ജര്‍മനിയുടെ പക്ഷത്തായിരുന്നു സുല്‍ത്താന്‍, എന്നാല്‍ യുദ്ധം തോറ്റപ്പോള്‍ ഇറാഖ്, സിറിയ, അറേബ്യ എന്നീ രാജ്യങ്ങളും തുര്‍ക്കിക്ക് നഷ്ടപ്പെട്ടു. അവിടെയെല്ലാം ബ്രിട്ടന്‍ പിടിമുറുക്കി. ഈജിപ്തില്‍ മാത്രം തൂര്‍ക്കിക്ക് നാമമാത്രമായ അധികാരം നിലനിന്നു. ഈ കാലത്താണ് തകര്‍ന്നുകൊണ്ടിരിക്കുന്ന തുര്‍ക്കിക്ക് നവജീവനായി മുസ്തഫാ കെമാല്‍ രംഗത്ത് വരുന്നത്.

[തിരുത്തുക] ജീവിത രേഖ

[തിരുത്തുക] ആദ്യകാലങ്ങള്‍

1881ല്‍ തുര്‍ക്കിയിലെ സെലാനിക് എന്ന ഒട്ടോമന്‍ നഗരത്തില്‍‍ ജനിച്ചു (ഇന്നത്തെ ഗ്രീസിലെ തെസ്സലോനിക്കി). മുസ്തഫയുടെ പിതാവിന്റെ പേര്‍ അലി റിസ ഫെന്‍ഡി എന്നും അമ്മയുടെ പേര്‍ സുബയ്ദെ ഹനിം എന്നുമായിരുന്നു. അന്നത്തെ തുര്‍ക്കി രീതിയനുസരിച്ച മുസ്തഫ എന്ന ഒറ്റപ്പേരാണ് അദ്ദേഹത്തിന് നല്‍കപ്പെട്ടത്. അദ്ദെഹത്തിന്റെ ഏഴാമത്തെ വയസ്സില്‍ ചുങ്കം പിരിവ് ഉദ്യോഗസ്ഥന്‍ ആയിരുന്ന പിതാവ് മരണപ്പെട്ടു. അമ്മ സുബയ്ദെയുടെ പരിചരണത്തിലാണ് അദ്ദേഹം വളര്‍ന്നത്.

മുസ്തഫക്ക് 12 വയസ്സുള്ളപ്പോള്‍ അദ്ദേഹം സെലാനിക്കിലും മനസ്തിറിലും ഉള്ള സൈനിക സ്കൂളുകളില്‍ പഠനത്തിനായിച്ചേര്‍ന്നു. സെലാനിക്കിലെ സൈനിക വിദ്യാലയത്തില്‍ അദ്ദേഹത്തിന്റെ ഗണിതാദ്ധ്യാപകനാണ് കെമാല്‍ (പൂര്‍ണ്ണത്വം, അല്ലെങ്കില്‍ ഉഗ്രന്‍) എന്ന രണ്ടാം പേര് മികവിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് നല്‍കുന്നത്. അവിടെ നിന്ന് 1895-ല്‍ മനസ്തിറിലെ സൈനിക അക്കാദമിയില്‍ ചേര്‍ന്നു.

[തിരുത്തുക] സൈനിക ജീവിതം

1905-ല്‍ അദ്ദേഹം ലെഫ്റ്റനന്‍റായി ഔദ്യോഗിക സൈനിക ജീവിതം ആരംഭിച്ചു. ദമാസ്കസിലെ അഞ്ചാം സൈനിക കമാന്‍ഡിനു കീഴിലായിരുന്നു ആദ്യത്തെ സേവനം. താമസിയാതെ സൈനികരുടെ ഇടയില്‍ ഉടലെടുത്ത വതന്‍ വേ ഹൂറിയത്ത് (ജന്മനാടും സ്വാതന്ത്ര്യവും) എന്ന പുരോഗമനാചിന്താഗതിയുള്ള ചെറുപ്പക്കാരായ സൈനികരുടെ രഹസ്യകൂട്ടായ്മയില്‍ ചേര്‍ന്നു. അദ്ദേഹം ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഒരു കടുത്ത എതിരാളിയായിത്തീര്‍ന്നു. 1907-ല്‍ അദ്ദേഹത്തിന് ക്യാപ്ടന്‍ സ്ഥാനം ലഭിക്കുകയും മനസ്തീറിലെ മുന്നാം സൈന്യത്തിലേയ്ക്ക് മാറ്റപ്പെടുകയും ചെയ്തു. ഈ സമയത്താണ് അദ്ദേഹം യുവ തുര്‍ക്കികള്‍ എന്നറിയപ്പെടുന്ന ഒരു സമിതിയില്‍ (ഉയര്‍ച്ചയുടേയും ഒത്തുചേരലിന്‍റേയും സമിതി, Committee of Union and Progress) ചേര്‍ന്നു. ഈ യുവ തുര്‍ക്കികള്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് ദ്വിതീയന്റെ കയ്യില്‍ നിന്ന് അധികാരം പിടിച്ചു വാങ്ങി. അതോടെ മുസ്തഫാ കെമാല്‍ ഒരു താരമായി മാറി. എന്നാല്‍ യുവതുര്‍ക്കികളെ സഹായിച്ചു എന്ന കുറ്റത്തിന് ഹൃസ്വകാലത്തേയ്ക്ക് അദ്ദേഹം തടവു ശിക്ഷയും അനുഭവിക്കേണ്ടതായി വന്നിരുന്നു.

1910-ല്‍ അദ്ദേഹം ഫ്രാന്‍സിലെ പിക്കാര്‍ഡീ സൈനികാഭ്യാസങ്ങളില്‍ പങ്കെടുത്തു. 1911-ല്‍ ഇസ്താംബൂളിലെ യുദ്ധമന്ത്രാലയത്തിലും ജോലി ചെയ്തു. എന്നാല്‍ 1911-ല്‍ തന്നെ ഇറ്റാലിയന്‍ അധിനിവേശത്തെ പ്രതിരോധിക്കുന്നതിനായി അദ്ദേഹത്തെ ട്രാബൂള്‍സ്ഗാര്‍പ് എന്ന സ്ഥലത്തേയ്ക്ക് മാറ്റി നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വിജയകരമായ ആ ദൌത്യത്തിനു ശേഷം കമാന്‍ഡറായി സ്ഥാനക്കയറ്റം ലഭിക്കുകയുണ്ടായി (1912 മാര്‍ച്ച്). ഡാര്‍നെ എന്ന സ്ഥലത്തായിരുന്നു ആദ്യനിയമനം.

ഓക്ടോബറില്‍ ‍ബാള്‍ക്കന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അദ്ദേഹം ഇസ്താംബൂളില്‍ എത്തി. ഒന്നാം ബാള്‍ക്കന്‍ യുദ്ധത്തില്‍ അദ്ദേഹം ബള്‍ഗേറിയന്‍ സൈന്യവുമായി ഗാല്ലിപോലി എന്ന സ്ഥലത്തുവച്ചും ത്രാസിന്റെ തീരത്തുള്ള ബോളായീറിലും വച്ച് ഏറ്റുമുട്ടി. രണ്ടം ബാള്‍ക്കന്‍ യുദ്ധത്തില്‍ എഡിര്‍‍ണും ദിദിമൊടേയ്ക്കോവും തിരിച്ചുപിടിക്കാന്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചു. ഈ വിജയങ്ങളുടെ പശ്ശ്ചാത്തലത്തില്‍ അദ്ദേഹത്തെ 1913-ല്‍ സോഫിയയുടെ സൈനിക അറ്റാഷെയായി നിയമിച്ചു. പിന്നീട് ലെഫ്റ്റനന്‍റ് കേണല്‍ ആക്കി (1914).

[തിരുത്തുക] ഒന്നാം ലോക മഹായുദ്ധത്തില്‍

[തിരുത്തുക] ഗാല്ലിപോലി യുദ്ധം

മുസ്തഫാ കെമാല്‍ ഗാല്ലിപോലി യില്‍ 19-ആം  ഡിവിഷനെ നയിച്ചു
മുസ്തഫാ കെമാല്‍ ഗാല്ലിപോലി യില്‍ 19-ആം ഡിവിഷനെ നയിച്ചു

അഞ്ചാം സൈനിക വിഭാഗത്തെ നയിച്ചിരുന്ന ജര്‍മന്‍ മാര്‍ഷല്‍ ഒട്ടോ ലിമാന്‍ വോണ്‍ സാന്‍ഡേര്‍സിന് ഡാര്‍ഡനെല്‍‍സ് എന്ന സ്ഥലത്തിന്റെ പ്രതിരോധമാണ് നല്കിയിരുന്നത്. മുസ്തഫാ കമാല്‍ ആകട്ടേ 19-ആം വിഭാഗത്തെയും നയിക്കുന്ന ലെഫ്റ്റനന്‍റ് കേണല്‍ ആയിരുന്നു.

1915 ജനുവരി 8ന് ബ്രിട്ടീഷ് യുദ്ധകാര്യ സമിതി ബോബാക്രമണത്തിലൂടെ ഗാലിപ്പോലി പിടിച്ചെടുക്കാനും അതുവഴി ഇസ്താംബൂളിലേക്ക് പ്രവേശിക്കാനും പദ്ധതിയിട്ടു. എന്നാല്‍ മുസ്തഫാ കെമാല്‍ ഒരു അചഞ്ചലമായ കോട്ടയായിരുന്നു. അദ്ദേഹ എതിരാളികളെ മലകളില്‍ വച്ച് നേരിട്ടു. അത്തരം ഉയര്‍ന്ന പ്രദേശങ്ങള്‍ എന്തുകൊണ്ടും നിര്‍ണ്ണായകമായിരുന്നു. അദ്ദേഹത്തിന്റെ സേനയുടെ പ്രതിരോധത്തിന്റ്റെ ഫലമായി ആസ്ത്രേലിയയുടേയും ന്യൂസിലാന്‍ഡിന്‍റേയും സം‌യുക്തസേനക്ക് ഉള്ളിലേയ്ക്ക് കടക്കാനായില്ല. അതിനാല്‍ കരസൈന്യത്തിന് ഫലപ്രദമായി ഒരു ലക്ഷ്യവും കിട്ടതെ ബ്രിട്ടന്‍ കഷ്ടപ്പെട്ടു. ഈ ആദ്യത്തെ ഗാലിപോളി യുദ്ധം അദ്ദേഹത്തിന് കേണല്‍ പദവി നേടിക്കൊടുത്തു.

രണ്ടാം യുദ്ധത്തില്‍ മുസ്തഫ പോരാട്ട രേഖയില്‍ നിന്ന് വെറും മുന്നൂറു മീറ്റര്‍ മാത്രം അകലെയായിരുന്നു. ഇത് കൂടാതെ അദ്ദേഹം ചുനുക്ക് ബൈര്‍ യുദ്ധം, സ്മിതാര്‍ മല യുദ്ധം, സരീ ബയര്‍ യ്യുദ്ധം തുടങ്ങി പല യുദ്ധങ്ങളിലും നേതൃത്വം വഹിച്ചു. ഒട്ടൊമന്‍ സൈന്യത്തില്‍ കാര്യമായ വിജയം ഉണ്ടായി. മുസ്തഫയുടേത് എന്നിരുന്നാലും ഏറ്റവൂം കൊട്ടിഘോഷിക്കപ്പെട്ട വിജയമായിരുന്നു. അദ്ദേഹത്തിന്റെ സൈനിക പാടവും ശത്രുക്കളുടെ വരെ പ്രശംസക്ക് പാത്രമായി. ഏതണ്ട് രണ്ടരലക്ഷത്തോളം സൈനികര്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുദ്ധം ജയിച്ച കെമാല്‍ പാഷ ജനറലായി സ്ഥാനം ഉയര്‍ത്തപ്പെട്ടു.

[തിരുത്തുക] കവ്കാസസ് ആക്രമണം

മുസ്തഫാ കമാല്‍ കവ്കാസസ് യുദ്ധത്തിനിടക്ക്
മുസ്തഫാ കമാല്‍ കവ്കാസസ് യുദ്ധത്തിനിടക്ക്

ഒന്നാം ലോലമഹായുദ്ധകാലത്ത് ഓട്ടോമന്‍ സാമ്ര്യാജ്യവും റഷ്യയും തമ്മില്‍ അവരുടെ അതിര്‍ത്തിയില്‍ നടന്ന യുദ്ധമാണ്‌ കവ്കാസസ് യുദ്ധം.ഇതില്‍ തുര്‍ക്കി, റഷ്യന്‍, അര്‍മേനിയ ‍ബ്രിട്ടീഷ് സൈന്യങ്ങള്‍ പങ്കെടുത്തു.

ഗാല്ലിപോലി യുദ്ധത്തിനുശേഷം മുസ്തഫാ കെമാല്‍ 1916 ജനുവരി 14 വരെ എഡീര്‍നില്‍ സേവനമനുഷ്ഠിച്ചു. പിന്നീട 1916 ഏപ്രില്‍ 1 ന് രണ്ടാം കരസേനാ വിഭാഗത്തിന്റെ പതിനാറാം യൂണിറ്റിന്റെ തലവനായി കവ്കാസസിലേക്ക് അയക്കപ്പെട്ടു. ഇത്തവണ ബ്രിഗേഡിയര്‍ ജനറലായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. റഷ്യന്‍ കവ്കാസസ് സൈന്യത്തിന്‌ അന്ന് രണ്ട് വിഭാഗം ഉണ്ടായിരുന്നു. ഒന്നിന്റെ തലവന്‍ പ്രസിദ്ധനായ നിക്കൊളായി യുഡേനിച്ച് എന്ന ജനറല്‍ ആയിരുന്നു.

മുസ്തഫാ ദൗത്യത്തിനായി തിരിക്കുമ്പോള്‍ രണ്ടാം കരസേനാ വിഭാഗം റഷ്യന്‍ ആര്‍മി ജനറലായ തോവ്മാസ് നസര്‍ബേകിയാന്റെ കീഴിലുള്ള അര്‍മീനീയന്‍ ഘടകത്തിന്റെ സൈനികരേയും ഇടവിടാതെ മുന്നേറിക്കൊണ്ടിരുന്ന മറ്റു അര്‍മേനിയന്‍ വിഭഗങ്ങളേയും നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. അര്‍മേനിയക്കാര്‍ സ്വയരക്ഷക്കായി ഒട്ടോമന്‍ സാമ്രാജ്യവുമായി പോരാടുകയായിരുന്നു. വാന്‍ എന്ന സ്ഥലത്ത് വച്ച് നടന്ന ഇതിനെ വാന്‍ പ്രതിരോധം എന്നാണ്‌ വിളിച്ചിരുന്നത്. എണ്ണത്തില്‍ കുറവായിരുന്നിട്ടും കുഴികളും ഗര്‍ത്തങ്ങളും വെട്ടി തുര്‍ക്കി സൈനികരെ തളര്‍ത്താന് ‍അവര്‍ക്കായിരുന്നു. താമസിയാതെ റഷ്യക്കാര്‍ അര്‍മേനിയരുടെ സഹായത്തിന്‌ എത്തിച്ചേര്‍ന്നത് [2] ടര്‍ക്കി സൈന്യത്തിന്‌ തിരിച്ചടിയായി. ഈ ഘട്ടത്തിലാണ്‌ കെമാല്‍ പാഷ യുദ്ധരംഗത്തെത്തുന്നത്. യുദ്ധരംഗം ആകെ താറുമാറായികിടക്കുകയായിരുന്നു. സൈന്യം ഒളിപ്പോരാളിളുടെ ശല്യവും കുര്‍ദ് അഭയാര്‍ത്ഥികളുടെ ബാഹുല്യവും മൂലം നട്ടം തിരിയുകയും ചെയ്തു. റഷ്യക്കാര്‍ ബിറ്റ്ലിസ്, മൂഷ്, എര്‍സൂറം എന്നീ പട്ടണങ്ങള്‍ പിടിച്ചെടുത്തത് അവര്‍ക്ക് വന്‍ തിരിച്ചടിയുമായി. എന്നാല്‍ സൈനികരുടെ ആത്മവീര്യം വര്‍ദ്ധിപ്പിച്ച് മുസ്തഫാ കെമാല്‍ നടത്തിയ പടയോട്ടത്തില്‍ അഞ്ച് ദിവസം കൊണ്ട് അവര്‍ ബിറ്റ്ലിസ് പിടിച്ചെടുത്തു.

[തിരുത്തുക] തുര്‍ക്കിയുടെ വിമോചനം

താമസിയാതെ പാഷ എന്ന പേര് അദ്ദേഹത്തിന് പതിയാനിടയായി. കെമാല്‍ പാഷ എന്ന് അന്നുമുതല്‍ മുസ്തഫാ കെമാല്‍ അറിയാന്‍ തുടങ്ങി. ശത്രുക്കളെ തുരത്തുന്നതിനൊപ്പം സുല്‍ത്താന്‍ ഭരണം അവസാനിപ്പിക്കുന്നതിനും ടര്‍ക്കി യെ മോചിപ്പിക്കുന്നതിനും കെമാല്‍ പാഷ ലക്ഷ്യമിട്ടിരുന്നു. 1919 മേയ് 19 നു്‌ കരിങ്കടല്‍ തീരത്തെ സാംസണില്‍ എത്തിയ പാഷ സ്വാതന്ത്ര്യപോരാട്ടം തുടങ്ങി. അനത്തോലിയയില്‍ ഒരു വിപ്ലവസേന രൂപീകരിച്ച് അദ്ദേഹം ഒരോ പ്രദേശങ്ങളായി സുല്‍ത്താന്‍ ഭരണത്തില്‍നിന്നു മേചിപ്പിച്ചു തുടങ്ങി. കൂടുതല്‍ പ്രവിശ്യകള്‍ മോചിപ്പിച്ചതോടെ 1920 ഏപ്രില്‍ 23 നു ഗ്രാന്‍ഡ് നാഷണല്‍ അസംബ്ലി എന്ന നിയമ സഭ പ്രഖ്യപിച്ചു. അതില്‍ കെമാല്‍ പാഷയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. വീണ്‍റ്റും നിരന്തരയുദ്ധങ്ങള്‍ നടന്നു. 1923ല്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളുമായി സ്വിറ്റ്സര്‍സല്‍ന്‍ഡിലെ ലോസാനില്‍ വച്ച് സന്ധിചെയ്തു. അതിനുശേഷം തുര്‍ക്കിയെ 1923 ഒക്ടൊബര്‍ 29 നു അദ്ദേഹം റിപ്പബ്ലിക്കായി പ്രഖ്യപിച്ചു. സുല്‍ത്താന്‍ ഭരണം അതോടെ നാമാവശേഷമയി. കെമാല്‍ പാഷ തുര്‍ക്കിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

[തിരുത്തുക] രാഷ്ട്ര തലവന്‍

ഇസ്ലാമിക നിയമങ്ങള്‍ക്കനുസരിച്ചുള്‍ല തുര്‍ക്കി ഭരണവ്യവസ്ഥയെ പൂര്‍ണ്ണമായും അദ്ദേഹം ഉടച്ചുവാര്‍ത്തു. തലസ്ഥഅനം അങ്കാറയിലേക്ക് മാറ്റുകയാണ്‌ ആദ്യം അദ്ദേഹം ചെയ്തത്. സ്വിസ്, ഇറ്റാലിയന്‍, ജര്‍മ്മന്‍ നിയമങ്ങളുടെ മാതൃകയില്‍ രാജ്യത്തെ നിയമവ്യവസ്ഥ മാറ്റിയെഴുതി. പുതിയ നിയമവ്യവസ്ഥ കൊണ്ടുവന്ന പാഷ തുര്‍ക്കിയെ മതനിരപേക്ഷരാജ്യമായി പ്രഖ്യപിച്ചു. സ്ത്രീകള്‍ക്ക് തുല്യാവകാശം, പര്‍ദ്ദനിരോധനം, ആധുനിക വിദ്യാഭ്യാസം, തുടങ്ങിയ നിരവധി പരിഷ്കരണങ്ങള്‍ അദ്ദേഹം നടപ്പിലാക്കി. എല്ലാ മതങ്ങള്‍ക്കും തുല്യസ്വാതന്ത്ര്യം അനുവദിച്ചു. മറ്റൊരു അത്ഭുതകരമായ മാറ്റം ലിപി തന്നെ മാറ്റിയ്തായിരുന്നു. തുര്‍ക്കി ആയിരക്കണക്കിന്‌ വര്‍ഷങ്ങളായി ഉപയോഗിച്ചു വന്നിരുന്ന അറബി ലിപി ഉപേക്ഷിച്ച് അദ്ദേഹം ലാറ്റിന്‍ ലിപി സ്വീകരിച്ചു. 21 വ്യഞ്ജനങ്ങളും എട്ടു സ്വരാക്ഷരങ്ങളും ഉള്ള അക്ഷരമാലയഅയിരുന്നു അത്.

1934 ല്‍ എല്ലാ ടര്‍ക്കികളും സ്ഥാനപ്പേര്‍ സ്വീകരിക്കണമെന്ന വ്യവസ്ഥ അദ്ദേഹം നടപ്പിലാക്കി.

ദേശീയ പാര്‍ലമെന്റ് കെമാല്‍ പാഷക്ക് അത്താതുര്‍ക്ക് എന്ന സ്ഥാനപ്പേര്‍ നല്‍കി ആദരിക്കുകയുണ്ടായി

[തിരുത്തുക] അവസാനം

1938 നവംബര്‍ 10 ന്‌ അദ്ദേഹം അന്തരിച്ചു.

[തിരുത്തുക] വിമര്‍ശനങ്ങള്‍

[തിരുത്തുക] ആധാരസൂചിക

  1. ദ ഏജ് ദിന പത്രത്തില്‍ 1938 നവംബര്‍ 11 ന് എഴുതപ്പെട്ട ലേഖനം, പേരുകളെ പറ്റി. ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 16
  2. http://www.worldstatesmen.org/Turkey.html#Western


ലോക നേതാക്കള്‍‍‍

ജോന്‍ ഓഫ് ആര്‍ക്ക്• ഒലിവര്‍ ക്രോമ്വെല്‍‍• ജോര്‍ജ് വാഷിംഗ്ടണ്‍ • തോമസ് ജെഫേഴ്സണ്‍‍ • നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്• റോബര്‍ട്ട് ഓവെന്‍• ജ്യൂസെപ്പെ ഗാരിബാള്‍ഡി• എബ്രഹാം ലിങ്കണ്‍• ബുക്കര്‍ ടി. വാഷിംഗ്ടണ്‍• സണ്‍ യാത് സെന്‍• മഹാത്മാഗാന്ധി‎ലെനിന്‍വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍• ലിയോണ്‍ ട്രോട്സ്കി• എമിലിയാനോ സപാത്ത• ജോസഫ് സ്റ്റാലിന്‍മുസ്തഫാ കമാല്‍ അത്താതുര്‍ക്ക്ബെനിറ്റോ മുസ്സോളിനി• ഡേവിഡ് ബെന്‍ ഗൂറിയന്‍• ജോമോ കെനിയാറ്റാ‍• അഡോള്‍ഫ് ഹിറ്റ്ലര്‍ഹോ ചി മിന്‍• ചാള്‍സ് ഡി ഗോള്‍• മാര്‍ഷല്‍ ടിറ്റോ• മവോ സേ തൂങ്• അഹമ്മദ് സുകര്‍ണ്ണോ• അയത്തൊള്ള ഖൊമൈനി• ക്വാമെ എങ്ക്രൂമെ• ജോണ്‍ എഫ്. കെന്നഡി• ഗമാല്‍ അബ്ദുള്‍ നാസര്‍• മുജീബുര്‍ റഹ്‍മാന്‍• പാട്രീസ് ലുമുംബെ• ചെ ഗുവെര• യാസര്‍ അറഫാത്ത്• മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് • മിഖായേല്‍ ഗോര്‍ബച്ചേവ്• ഫിഡെല്‍ കാസ്ട്രോ

തിരുത്തുക
ആശയവിനിമയം