ഹോ ചി മിന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോ ചി മിന്‍ | |
---|---|
1890 മേയ് 19 – 1969 സെപ്തംബര്‍ 2 | |
വിയ്റ്റ്നാമിന്റെ പ്രസിഡന്റ്–ഹോ ചി മിന്‍ |
|
അപരനാമം: | ന്‍ഗുയെന്‍ സിന്‍ കുങ് |
ജനനം: | 1890 മേയ് 19 |
ജനന സ്ഥലം: | ഹോആങ് ട്രൂ, എങ്ഖെ ആന്‍, വിയറ്റ്നാം |
മരണം: | 1969 സെപ്തംബര്‍ 2 |
മരണ സ്ഥലം: | ഹനോയ്,വിയറ്റ്നാം |
മുന്നണി: | വിയറ്റ്നാം ഏകീകരണം |
സംഘടന: | വിയറ്റ്നാം കമ്യൂണിസ്റ്റ് പാര്‍ട്ടി |
വിയറ്റ്നാമില്‍ നിന്ന് അമേരിക്കയെ തുരത്തിയ വിപ്ലവകാരി, രാജ്യതന്ത്രജ്ഞന്‍ (1890 മേയ് 19, – 1969 സെപ്തംബര്‍ 2). അമേരിക്കന്‍ ചരിത്രത്തില്‍ ഇന്നു വരെ ഒരു യുദ്ധത്തിലേ തോറ്റിട്ടുള്ളൂ. അത് ഈ കൊച്ചുമനുഷ്യന്‍റേയും കൊച്ചുരാജ്യമായ വിയറ്റ്നാമിന്‍റേയും മുന്നിലാണ്. [1] അദ്ദേഹം യുദ്ധാനന്തരം സ്വതന്ത്ര്യ വിയറ്റ്നാമിന്റെ പ്രധാനമന്ത്രിയും പ്രസിഡന്‍റും ആയിരുന്നു. അമേരിക്കക്കു മുന്നേ ഫ്രാന്‍സും ജപ്പാനും ഹോചിമിന്റെ ഗറില്ല യുദ്ധത്തിനും മുന്നില്‍ മൂക്കും കുത്തി വീണിരുന്നു. ഈ മൂന്നും മഹാശക്തികളെ ആയുധം കൊണ്ട് തോല്പിച്ച ചരിത്രം മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനുണ്ടാവില്ല.[2] ഫ്രഞ്ചു കോളനി വാഴ്ചയില്‍ നിന്നും അമേരിക്കന്‍ യുദ്ധത്തില്‍ നിന്നും വിയറ്റ്നാമിനെ മോചിപ്പിച്ച ആ കമ്യൂണിസ്റ്റ് വിപ്ലവകാരിയെ ജനങ്ങള്‍ ഹോ അമ്മാവന്‍ എന്നാണ് വിളിച്ചിരുന്നത്. ഹോചിമിന്‍ (Hồ Chí Minh) എന്ന പേരിനര്‍ത്ഥം ‘ഉദ്ദീപിപ്പിക്കപ്പെട്ടവന്‍‘ എന്നാണ്
ഉള്ളടക്കം |
[തിരുത്തുക] ജീവ ചരിത്രം
[തിരുത്തുക] ബാല്യം
1890 മേയ് 19 നു മധ്യ വിയറ്റ്നാമിലെ എങ്ഖെ ആന്‍ പ്രവിശ്യയില്‍ ഹോആങ് ട്രൂ എന്ന ഗ്രാമത്തില്‍ ആണ് ഹോ ജനിച്ചത്. ചെറുപ്പത്തിലെ പേര് ന്‍ഗുയെന്‍ സിന്‍ കുങ് (Nguyễn Sinh Cung) എന്നായിരുന്നു. അദ്ദേഹം വളര്‍ന്നത് കിംലിയെന്‍ എന്ന ഗ്രാമത്തിലാണ്. അദ്ദേഹത്തിന് മൂന്നു സഹോദരങ്ങളായിരുന്നു. അന്ന് വിയറ്റ്നാം ഫ്രാന്‍സിന്റെ കോളനിയായിരുന്നു. 1858-1884 കാലത്തിലാണ് ഫ്രഞ്ചുകാര്‍ വിയറ്റ്നാമിനെ കച്ചവട താല്പര്യങ്ങള്‍ മുന്‍ നിര്‍ഥ്റ്റി ഒരു കോളനിയാക്കിയത്. പത്തു വയസ്സായപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് അദ്ദേഹത്തിന് ന്‍ഗുയെന്‍ ടാട് താന്‍ഹ് (Nguyễn Tất Thành)എന്ന് പേര്‍ വച്ചു (അര്‍ത്ഥം പൂര്‍ത്തിയാക്കിയവന്‍). ഹോയുടെ പിതാവ്, ന്‍ഗുയെന്‍ സിന്‍ സാക് (Nguyễn Sinh Sắc) ഒരു കടുത്ത കണ്‍ഫൂഷ്യസ് മത വിശ്വാസിയായിരുന്നു. വിയറ്റ്നാമിലെ രാജകൊട്ടാരത്തില്‍ ഗുമസ്തവേല ചെയ്തിരുന്ന അദ്ദേഹം രാജസഭയില്‍ ജോലി ചെയ്യുന്നതിന് വസമ്മതിച്ചതു മൂലം ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍ നേരിടേണ്ടി വന്ന വ്യക്തിയായിരുന്നു. അദ്ധേഹം ഫ്രഞ്ചു വാഴ്ചക്കെതിരായി പ്രതിഷേധിച്ചിരുന്നവരോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് രാജിവയ്ക്കുകയായിരുന്നു എന്നും പറയുന്നു. അദ്ദേഹം കൊച്ചു ഹോയ്ക്ക് കണ്‍ഫൂഷ്യസിന്റെ മത തത്വങ്ങള്‍ പറഞ്ഞുകൊടുക്കുകയും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടിക്കൊടുക്കയും ചെയ്തു. ഫ്രഞ്ച് രീതിയിലുള്ള ഔപചാരികമായ വിദ്യാഭ്യാസവും അദ്ദേഹം ആര്‍ജ്ജിച്ചു. ഹോ യും അച്ഛനെ പിന്തുടര്‍ന്ന് സ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
1911-ല്‍ അദ്ദേഹം അമിറല്‍ ലാതോഷ്-ട്രെവില്‍ എന്ന നിരാവിക്കപ്പലില്‍ കുശിനിക്കാരനായ് ജോലിചെയ്ത് ഫ്രഞ്ച് മാഴ്സേയില്‍ എത്തിച്ചേര്‍ന്നു. പുനര്‍ വിദ്യാഭ്യാസം ആയിരുന്നു ലക്ഷ്യം. എന്നാല്‍ അദ്ദേഹത്തിന്റെ അപേക്ഷ ഫ്രഞ്ച് കൊളോണിയല്‍ മേല്‍നോട്ട വിദ്യാലയം നിരാകരിക്കുകയായിരുന്നു. അദ്ദേഹം ഈ കാലങ്ങളില്‍ കൂലി വേലകളില്‍ ഏര്‍പ്പെട്ടു. അദ്ദേഹത്തിന്റെ അറിവിനായുള്ള ദാഹം തീര്‍ക്കാന്‍ ഒഴിവ് സമയങ്ങളിലെല്ലാം പൊതു ഗ്രന്ഥശാല സന്ദര്‍ശിക്കുക പതിവാക്കി. അവിടത്തെ പുസ്തകങ്ങളും ദിനപ്പത്രങ്ങളും അരിച്ചു പറക്കി വായിച്ചു. അദ്ദേഹം റഷ്യന്‍ വിപ്ലവത്തിലും മാര്‍ക്സിസ്റ്റ് ആശങ്ങളിലും ആകൃഷ്ടനായി.
[തിരുത്തുക] അമേരിക്കയില്‍
1912-ല് മറ്റൊരു കപ്പലിലെ കുശിനിക്കാരന്റെ സഹായിയായി ഹോ അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിച്ചേര്‍ന്നു. ഒരു വര്‍ഷക്കാലം അദ്ദേഹം കപ്പലില്‍ തന്നെ ജോലി നോക്കി. ബോസ്റ്റണിലും ന്യൂ യോര്‍ക്കിലുമായി കഴിച്ചുകൂട്ടി. അതിനു ശേഷം അദ്ദേഹം പലയിടങ്ങളിലുമായി പല ജോലികള്‍ ചെയ്തു. 1917 മുതല്‍ ഒരു വര്‍ഷം ബ്രൂക്ക്‌ലിനിലെ ഒരു ധനിക കുടുംബത്തില്‍ ജോലി ചെയ്തു. ഈ കാലഘട്ടത്തിലാണ് അദ്ദേഹം അമേരിക്കയില്‍ തമ്പടിച്ചിരുന്ന കൊറിയക്കാരായ ദേശസ്നേഹികളുമായി അടുപ്പത്തിലായതും ദേശസ്നേഹം എന്ന കാഴ്ചപ്പാട് രൂപപ്പെട്ടതും എന്ന് പറയപ്പെടുന്നു.
[തിരുത്തുക] ഇംഗ്ലണ്ടില്‍
1913 നും 1919 നും ഇടക്ക് അദ്ദേഹം ഇംഗ്ലണ്ടിലെ വെസ്റ്റ് ഈലിങ്ങ് എന്ന സ്ഥലത്താണ് ജീവിച്ചത്. ഇക്കാലത്ത് ലോകപ്രശസ്തനായ കേക്ക് നിര്‍മ്മാതാവായ എസ്കോഫ്ഫിയറിന്റെ കീഴില്‍ കേക്ക് നിര്‍മ്മാണം അദ്ദേഹം പഠിച്ചു എന്ന് പറയപ്പെടുന്നു. ഇതിനു വേണ്ടത്ര തെളിവുകള്‍ ഇല്ലെങ്കിലും അദ്ദേഹം പഠിച്ച കാള്‍ട്ടണ്‍ ഹോട്ടലിലെ ഭിത്തിയില്‍ ഓര്‍മ്മക്കായി ഒരു നീല ഫലകം വച്ചിട്ടുണ്ട്.
[തിരുത്തുക] രാഷ്ടീയ പ്രസ്ഥാനത്തില്‍
ഇതിനകം രാജ്യത്തിന്റെ മോചനം തന്നെയെന്ന് തന്റെ ലക്ഷ്യമെന്ന് ഹോ തിരിച്ചറിഞ്ഞിരുന്നു. 1919 -ല്‍ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്‍റ് വുഡ്രോ വിത്സണ്‍ സമാധാന സന്ധി ഒപ്പു വയ്ക്കാനായി ഫ്രാന്‍സിലെ വാഴ്സായില്‍ എത്തിച്ചേര്‍ന്നിരുന്നു. അവിറ്റെ വച്ച് വിയറ്റ്നാമിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നിവേദനം ഹോ അദ്ദേഹത്തിന് സമര്‍പ്പിച്ചു. രാഷ്ട്രങ്ങളുടെ സ്വയം നിര്‍ണ്ണയാവകാശം എന്ന ആദര്‍ശം ഉയര്‍ത്തിപ്പിടിച്ചിരുന്ന വിത്സണു മുന്നില്‍ ഫ്രഞ്ചുകാര്‍ വിയറ്റ്നാമില്‍ നടത്തുന്ന അക്രമങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ഹോ നിരത്തി. എന്നാല്‍ കാര്യമായ ഒന്നും സംഭവിച്ചില്ല.
അടുത്ത വര്‍ഷം ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ ഹോ ന്‍ഗുയെന്‍ അയ്ക്വോക്ക് എന്ന കള്ളപ്പേരില്‍ അതിലെ സ്ഥാപക നേതാക്കളിലൊരാളായി. തുടര്‍ന്ന് മൂന്ന് വര്‍ഷം ഫ്രഞ്ചു കോളനികളില്‍ നിന്ന് പാരീസില്‍ എത്തിയ വിപ്ലവകാരികളുമായി പ്രവര്‍ത്തിച്ച അദ്ദേഹം ‘ദ പാരിയ’ എന്ന ഫ്രഞ്ച് പ്രസിദ്ധീകരണവും അരംഭിച്ചു.
ലെനിന്‍ രചിച്ച “തിസീസ് ഓണ്‍ ദ നാഷണല്‍ ആന്ഡ് കൊളോണിയല്‍ ക്വസ്ത്യന്‍‘ എന്ന പ്രബന്ധം ഹോയുടെ രാഷ്ട്രീയ വിശ്വാസങ്ങള്‍ക്ക് ബലം നല്കി. 1923-ല് മോസ്കോയിലെത്തി ഹോ മാര്‍ക്സിസം പഠിച്ചു. അടുത്ത വര്‍ഷം ഇന്‍ഡോ ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാക്കുക എന്ന രഹസ്യ ലക്ഷ്യവുമായി ഹോ ചൈനയിലെ കാന്‍റണിലെത്തി. അവിറ്റെ സ്വാതന്ത്ര്യമോഹികളായ വിയറ്റ്നാം കാരെ സംഘടിപ്പിച്ച് ‘റവല്യൂഷണറി യൂത്ത് ലീഗ്’ എന്ന സംഘടന രൂപവത്കരിച്ചു. ദേശീയബോധവും കോളനി വിരുദ്ധ വികാരവും ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തുകയായിരുന്നു ലക്ഷ്യം എങ്കിലും ചൈനയില്‍ ചിയാങ്ങ് കയ്ഷെക്കമ്യൂണിസ്റ്റുകളെ വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം അവിടെ നിന്ന് കടന്നു. [3] പിന്നീട് മൂനു വര്‍ഷക്കാലം യുറോപ്പ്, തായ്‍ലന്‍ഡ് എന്നിവിടങ്ങളിലെ വിയറ്റ്നാം പ്രവാസികളെ സംഘടിപ്പിച്ചു. 1930-ല് സോവിയറ്റ് യൂണിയന്‍ പ്രതിനിധിയായ് ഹോങ്കൊങ്ങില്‍ പോവുകയും അവിടെ വച്ച് ഒരു ഔദ്യോഗിക വിയറ്റ്നാം കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിക്കുകയും ചെയ്തു. എന്നാല്‍ അന്ന് ബ്രിട്ടീഷ ഭരണത്തിലായിരുന്ന ഹോങ്കോങ്ങില്‍ വച്ച് അദ്ദേഹം 1931-ല് അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ബ്രിട്ടീഷ് പൗരാവകാശ സംഘടനയുടെ ഇടപെടല്‍ മൂലം1931-ല് വിട്ടയക്കപ്പെട്ട അദ്ദേഹം നേരെ സോവിയറ്റ് യൂണിയനിലേക്ക് പോയി. തടവില്‍ ആയിരുന്ന സമയത്ത് അദ്ദേഹത്തിന് ക്ഷയരോഗം പിടിപെട്ടീരുന്നു. അതിനു ചികിത്സയെല്ലാം കഴിഞ്ഞ്, അഞ്ചുവര്‍ഷം കഴിഞ്ഞാണ് അദ്ദേഹം പിന്നെ ചൈനയില്‍ എത്തുന്നത്. അദ്ദേഹം വിപ്ലവാശങ്ങള്‍ക്കൊപ്പം ആയുധ പോരാട്ടവും നടത്താന്‍ ഉറച്ചിരുന്നു. അദ്ദേഹം യനാന്‍ എന്ന സ്ഥലത്തുള്‍ല ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായത്തോടെ ഒരു ഒളിപ്പോര്‍ പരിശീകനായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു.
[തിരുത്തുക] ജപ്പാന്‍ അധിനിവേശം
ഇതിനിടക്ക് രണ്ടാം ലോക മഹായുദ്ധം തുടങ്ങി. 1940 ല് ജപ്പാന്‍ സൈന്യം വിയറ്റ്നാം അധിനിവേശം നടത്തി. അതോടെ ശത്രുക്കള്‍ രണ്ടായി ആ രാജ്യത്തിന്. ഫ്രഞ്ച് കോളനിവാഴ്ചയും ജപ്പാന്‍ അധിനിവേശവും. 1941 മേയ് മാസത്തില്‍ വിയറ്റ്നാം അതിര്‍ത്തിക്കടുത്ത് വച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര സമിതി സമ്മേളിച്ചു. അവിടെ വച്ച് അദ്ദേഹം പുതിയ ഒരു മുന്നണിയുടെ ആശയം നടപ്പില്‍ വരുത്തി. വിയറ്റ് മിന്‍ (Viet Minh} വിയറ്റ്നാമിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ലീഗ് എന്നതിന്റെ ചുരുക്കെഴുത്തായിരുന്നു അത്. രണ്ടു ശത്രുക്കള്‍ക്കുമെതിരെ ഗറില്ലാ യുദ്ധമുറ ഉപയോഗിക്കുകയായിരുന്നു വിയറ്റ് മിന്റെ ലക്ഷ്യം. ഇതിനിടെ ജപ്പാന്‍ സൈന്യം ഫ്രഞ്ചുകാരെ തോല്പിച്ച് പഴയ രാജാവായ ബാവോ ദായിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാരിനെ വാഴിച്ചു. ആ ഭരണകൂടത്തിനെതിരെ ഒളിപ്പോരാളികള്‍ പലവട്ടം നേരിട്ടു. അഞ്ചുവര്‍ഷത്തെ നിരന്തരശ്രമത്തിനൊടിവില്‍ ജപ്പാന്‍ അടിയറവു പറഞ്ഞു. 1945ല് ഹോ ചി മിന്‍ പ്രസിഡന്‍റായി വിയറ്റ്നാം ജനാധിപത്യ റിപ്പബ്ലിക്ക് പ്രഖ്യാപിച്ചു. വിയറ്റ്നാമിലെ മാത്രമല്ല. ജപ്പാന്‍ ലോകമഹായുദ്ധത്തിലും തോറ്റു. പേര്‍ള് ഹാര്‍ബര്‍ ആക്രമണത്തിനു തിരിച്ചടിയായി അമേരിക്ക ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളില്‍ അണു ബോംബ് വര്‍ഷിച്ചതോടെ ഗത്യന്തരമില്ലാതെ ജപ്പാന്‍ കീഴടങ്ങി.
ഈ അവസരത്തില്‍ ഓടിപ്പോയ ഫ്രഞ്ചുകാര്‍ തിരിച്ചുവന്ന് 1946 ല് വിയറ്റ്നാമിന്റെ തെക്കു ഭഗങ്ങളില്‍ ആധിപത്യം ഉറപ്പിച്ചു. ജനറല്‍ വോന്‍ ഗൂയെന്‍ ഗിയെസിന്റെ നേതൃത്വത്തില്‍ വിയറ്റ്നാം സേന ഏകദേശം ഒന്‍പതു വര്‍ഷത്തോളം നിരന്തരമായി പ്രതിരോധിച്ചു. അവസാനം 1954 ല് ദിയെന്‍ ബിയെന്‍ ഫൂ എന്ന സ്ഥലത്ത് വച്ച് വിയറ്റ്മിന്‍ സേന ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി. എന്നാല്‍ യു.എന്‍. ഇടപെട്ടു. ജനീവ കരാര്‍ പ്രകാരം വിയറ്റ്നാമിനെ തെക്കും വടക്കും രണ്ടു രാജ്യങ്ങളായി വിഭജിച്ചശേഷമേ ഫ്രഞ്ചുകാര്‍ പിന്‍വാങ്ങിയുള്ളൂ.
[തിരുത്തുക] പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക്
1955 ല് ഹോ ചി മിന്‍ വടക്കന്‍ വിയറ്റ്നാം അഥവാ ഡെമോക്രാറ്റിക് റിപ്പബിക്ക് ഒഫ് വിയറ്റ്നാമിന്റെ പ്രസിഡന്‍റായി.(DRV)1954 ലെ ജനീവാ കരാര്‍ പ്രകാരം (അമേരിക്കയോ വിയറ്റ്നാമോ ഒപ്പുവയ്ക്കാത്ത കരാര്‍) 1956 ല് തിരഞ്ഞെടുപ്പു നടത്തി രണ്ടു രാജ്യങ്ങളും പുനര്‍ ഏകീകരണം നടത്താന്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ അമേരിക്കയുടെ സഹായത്തിലുള്ള തെക്കന്‍ വിയറ്റ്നാമില്‍ ന്‍ഗോ ദിയെം എന്ന ഏകാദിപതി തിരഞ്ഞെടുപ്പിന് അനുകുലമല്ലായിരുന്നു. ഹോ ഒരു സൈനിഅക് രാഷ്ട്രമാണ് ഉണ്ടാക്കി വച്ചിരിക്കുന്നത് എന്നായിരുന്നു അദ്ദേഹം കണ്ടെത്റ്റിയ ന്യായം. അന്നത്തെ കാലത്തെ നിരീക്ഷകര്‍ എല്ലാം തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കില്‍ 80% പേരും ഹോ ചി മിന് അനൂകൂലമായിരിന്നേനേ എന്നാണ് കരുതിയത്. [4] യു.എസ്. പ്രസിഡന്‍റ് ഐസന്‍ഹോവറും ഈ അഭിപ്രായക്കാരനായിരുന്നു. തിരഞ്ഞെടുപ്പില്‍ നിന്നാല്‍ ദിയെം ജയിക്കില്ലെന്ന് അമേരിക്കക്കും ദിയെമിനും നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പിനു പകരം തെക്കന്‍ അമേരിക്കയെ എന്നെന്നേയ്ക്കുമായി സ്വന്തമാക്കാനായിരുന്നു രണ്ടു കക്ഷികളും ആഗ്രഹിച്ചത് തന്നെ.
1953 മുതല്‍ 1956 വരെ ചൈനീസ് സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലം ഭൂപരിഷ്കരണം കൊണ്ടുവരാന്‍ ഹോ നിര്‍ബന്ധിതനായിത്തീര്‍ന്നു. ചൈനയുടേതു പോലുള്ള ഭൂ നിയമങ്ങള്‍ നടപ്പാക്കുകയായിരുന്നു തത്വത്തില്‍ നടന്നത്. വന്‍കിട ഭൂവുടമകളില്‍ നിന്ന് ഭൂമി പിടിച്ചു വാങ്ങി പാവപ്പെട്ടവര്‍ക്കായി വീതിച്ചു നല്‍കി. 44,444 ഭൂവുടമകളില്‍ 3639 പേരെ വിചാരണ ചെയ്യുകയും 1175 പേരെ വധിക്കുകയും ചെയ്തു. എന്നാല്‍ ഇതിനേക്കാളേറെ എണ്ണം പുറത്ത് പറയാതെ മറച്ചു വച്ചിട്ടുണ്ട്. എന്നാല്‍ ഈ വധങ്ങള്‍ക്കു ശേഷം ഹോ ചി മിന്‍ ജനങ്ങളോട് പരസ്യമായി മാപ്പു പറയുകയും അനുശോചിക്കുകയും ചെയ്തു
ഹോ ചി മിന്റെ കമ്യൂണിസ്റ്റ് ഭരണത്തില്‍ ഭയന്ന് അഞ്ചു ലക്ഷത്തോളം ക്രിസ്ത്യാനികള്‍ പ്രധാനമായും കത്തോലിക്കര്‍ തെക്കന്‍ വിയറ്റ്നാമിലേക്ക് പാലായനം ചെയ്തു. 52,000 പേര്‍ തെക്കു നിന്ന് വടക്കോട്ടും പ്രവഹിച്ചു. [5] [6]
1959 ഹോയുടെ സര്‍ക്കാര്‍ ഹോ ചി മില്‍ ഒളിപ്പാത വഴി നാഷണല്‍ ലിബെറേ ഷന്‍ ഫ്രണ്ട് (വിയറ്റ് കോങ്) എന്ന സംഘടനക്ക് സഹായം നല്‍കിപ്പോന്നു. 1960 ചൈനീസ് സൈന്യത്തേയും അദ്ദേഹം ഇറക്കുമതി ചെയ്തു. ഈ സൈന്യം പാതകള്‍, വിമാനത്താവളം, എന്നിവ നിര്‍മ്മിക്കാന്‍ വിയറ്റ്നാം സൈന്യത്തെ സഹായിച്ചു, അങ്ങനെ വളരേയേറേ വിയറ്റ്നാം സൈനികര്‍ക്ക് അതേ സമയത്ത് യുദ്ധത്തില്‍ പങ്കെടുക്കാന് സാധിച്ചു.
[തിരുത്തുക] വിയറ്റ്നാം യുദ്ധം
അമെരിക്കന്‍ യുദ്ധം എന്നാണ് വിയറ്റ്നാമില്‍ പറയപ്പെടുന്നത്.ഹനോയ് ആസ്ഥാനമാക്കി ഹോ ചി മിനും സൈഗോണ്‍ തലസ്ഥാനമാക്കി തെക്കന്‍ വിയറ്റ്നാമില്‍ ന്‍ഗോദിന്‍ ദിയെമും ഭരിച്ചു. ഒരു രാജ്യമായി ചേരാനുള്‍ല തെക്കന്‍ വിയറ്റ്നാം ജനങ്ങളുടെ ആഗ്രഹത്തെ ദിയെം ഏകാദിപത്യപരമായി അടിച്ചമര്‍ത്തി.തിരഞ്ഞെടുപ്പ് നടത്താനുള്ള നിര്‍ദ്ദേശം ദിയെം തള്ളിക്കളഞ്ഞു. തെക്കന്‍ വിയറ്റ്നാമില്‍ ചൈനയുടെ സഹായത്തോടെ ഹോ ഒരു കമ്യൂണിസ്റ്റ് വിഭാഗം സൃഷ്ടിച്ചു. ഇത് വിയറ്റ്കോങ് എന്നറിയപ്പെട്ടു. ഇവര്‍ ദിയെമിന്റെ സൈന്യവുമായി പോരാടിക്കൊണ്ടിരുന്നു. രാജ്യങ്ങളുടെ ലയനമായിരുന്നു അവരുടെ ലക്ഷ്യം ഈ അവസരത്തിലാണ് അമേരിക്ക വിയറ്റ്നാമില്‍ പ്രവേശിക്കുന്നത്. ദിയെമിന്റെ സൈന്യത്തെ സഹായിക്കാനാണ് അവര്‍ രംഗത്തിറങ്ങിയത്. അതോടെ ലോക പ്രശസ്തമായ വിയറ്റ്നാം യുദ്ധം (1964-‘75) തുടങ്ങി. അമേരിക്കയുടെ സുശക്തവും ആധുനികവുമായ സൈന്യത്തെ തീരെ ശക്തി കുറഞ്ഞതും ദാരിദ്ര്യജടിലവുമായ വിയറ്റ്നാം സൈന്യം ഒളിപ്പോരിലൂടെ നേരിട്ടു. നിരവധി അമേരിക്കന്‍ ഭടന്മാര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ സൈന്യം പലഗ്രാമങ്ങളിലും തേര്‍വാഴ്ച നടത്തി. വിയറ്റ്നാമിന് അനുകൂലമായ തരംഗം ലോകമൊട്ടുക്കും ഉണ്ടായി. ഹോയുടെ അസാധാരണമായ നേതൃത്വവും ജനറല്‍ വോന്‍ ഗൂയെന്‍ ഗിയെപിന്റെ പട്ടാളവും ചേര്‍ന്ന് 11 വര്‍ഷങ്ങള്‍ക്കൊടുവില്‍ അമേരിക്കയെ മുട്ടുകുത്തിച്ചു. 1975-ല് വിയറ്റ്നാം സൈന്യം സൈഗോണ്‍ പിടിച്ചു. ആ നഗരത്തിന്റെ പേര്‍ ഹോ ചി മിന്‍ സിറ്റി എന്നാക്കി.
[തിരുത്തുക] വിയറ്റ്നാം യുദ്ധത്തിന്റെ നാഴികക്കല്ലുകള്‍
- 1964 ടോങ്‍കിന്‍ ഉള്‍ക്കടലില്‍ അമേരിക്കന്‍ കപ്പലുകളെ വടക്കന്‍ വിയറ്റ്നാം ആക്രമിച്ചു എന്നാരോപിച്ച് അമേരിക്ക യുദ്ധം ആരംഭിക്കുന്നു. യഥാര്‍ത്ഥത്തില്‍ അത് തെക്കന്‍ വിയറ്റ്നാമിനെ സഹായിക്കാനായിരുന്നു.
- 1965 മാര്‍ച്ച്: വടക്കന്‍ വിയറ്റ്നാമില്‍ അമേരിക്ക നിര്‍ദാക്ഷിണ്യം ബോംബുകള്‍ വര്‍ഷിക്കുന്നു.
- ജൂലൈ: യു.എസ്. കരസേന വിയറ്റ്നാമില്‍ ഇറങ്ങുന്നു. അമേരിക്കയില്‍ എതിര്‍പ്പ്
- 1966 പ്രസിഡന്‍റ് ലിന്‍ഡര്‍ ബി. ജോണ്‍സണ്‍ അമേരിക്കന്‍ പട്ടാളക്കാരുടെ എണ്ണം കൂട്ടാന്‍ തിരുമാനിക്കുന്നു.
- 1968 ജനുവരി: വിയറ്റ് കോങ് സൈന്യം ഗറില്ലാ യുദ്ധം വഴി അമേരിക്കന്‍ ഭടന്മാര്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തുന്നു.
- മാര്‍ച്ച്: കുപ്രസിദ്ധമായ മൈ ലയ് കൂട്ടക്കുരുതി നടത്തി യു.എസ്. സൈന്യം തിരിച്ചടിക്കുന്നു. നാടെങ്ങും യു.എസ്. വിരുദ്ധ തരംഗം
- മേയ്: പാരീസില്‍ സമാധാനം സംഭാഷണം
- മാര്‍ച്ച്: കുപ്രസിദ്ധമായ മൈ ലയ് കൂട്ടക്കുരുതി നടത്തി യു.എസ്. സൈന്യം തിരിച്ചടിക്കുന്നു. നാടെങ്ങും യു.എസ്. വിരുദ്ധ തരംഗം
- 1969 സെപ്തംബര്‍: യു.എസ്. പ്രസിഡന്‍റ് അഞ്ചര ലക്ഷം സൈനികരെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കുന്നു. വിയറ്റ്നാംകാര്‍ തമ്മില്‍ പൊരുതട്ടേ എന്ന ധ്വനിയില്‍. ഹോ ചി മിന്‍ അന്തരിച്ചു. അമേരിക്കക്ക് പുതിയ കച്ചിത്തുരുമ്പ്.
- ഡിസംബര്‍: യു.എസില്‍ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രതിഷേധ ജാഥകള്‍
- 1970 കമ്യൂണിസ്റ്റ് കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കംബോഡിയയിലും യു.എസ്. ആക്രമിക്കുന്നു.
- 1971 തെക്കന്‍ വിയറ്റ്നാം പട്ടാളക്കാരെ അമേരിക്കക്കാര്‍ ലാവോസ് പട്ടണത്തിലെത്തിക്കുന്നു. സമാധാന ചര്‍ച്ചയില്‍ നിന്ന് വടക്കന്‍ വിയറ്റ്നാം പിന്‍വാങ്ങ്നുന്നു.
- 1972 അമേരിക്ക ബോംബാക്രമണം തുടരുന്നു. കര സൈന്യം ഏതാണ്ട് മുഴുവനുമായി പിന്‍വലിഞ്ഞു.
- 1973 വെടിനിര്‍ത്തലിനും പിന്‍വാങ്ങാനും അമേരിക്ക സമ്മതിക്കുന്നു
- 1974 അമേരിക്ക പരാജയം സമ്മതിക്കുന്നു. പിന്‍വാങ്ങള്‍
- 1975 വടക്കന്‍ വിയറ്റ്നാം സൈഗോണ്‍ പിടിച്ചടക്കി
[തിരുത്തുക] അവസാനകാലം
വീയറ്റ്നാം സൈന്യം സൈഗോണ്‍ കീഴടക്കുന്നതും രാജ്യങ്ങള്‍ തമ്മില്‍ ലയിക്കുന്നതും അമേരിക്ക പിന്‍വാങ്ങുന്നതും കാണാനുള്ള ഭാഗ്യം ഹോ ചി മിനുണ്ടായില്ല. 1969 സെപ്തംബര്‍ 3 ന് അദ്ദേഹം 79ആം വയസ്സില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. 1954 വടക്കന്‍ വിയറ്റ്നാമിന്റെ പ്രസിഡന്‍റായി സ്ഥാനമേറ്റ ഹോ മരിക്കുന്നതു വരെ ആ സ്ഥാനത്ത് തുടരുകയായിരുന്നു. 1958 ല് അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചു. മഹാത്മാഗാന്ധിയെ അതിരറ്റു ബഹുമാനിച്ചിരുന്ന അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു വുമായി ഗാഢമായ സുഹൃദ് ബന്ധം പുലര്‍ത്തിയിരുന്നു.
ഒരിക്കലും തളരാത്ത കീഴടങ്ങാത്ത വ്യക്തിത്വമായിരുന്ന അദ്ദേഹത്തിന്റേത്. യുദ്ധത്തിനിടക്ക് അടവു മാറ്റാനായി നയതന്ത്രം പ്രയോഗിച്ച അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ലിന്‍ഡര്‍ ബി. ജോണ്‍സണോട് ചര്‍ച്ചക്ക് ഒരുക്കമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഒരു പക്ഷേ അന്ന് ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ ഒരിക്കലും വിയറ്റ്നാം ഒന്നാകില്ലായിരുന്നു. ഏറ്റവും വലിയ സാമ്രാജ്യ ശക്തിയെ മുട്ടുകുത്തിച്ച ആ ദരിദ്രരാഷ്ട്രത്തിന് അദ്ദേഹത്തിന്‍റേതു പോലുള്ള ധീരമായ മനസ്സുകള്‍ മാത്രമായിരുന്നു കൈമുതലായുണ്ടായിരുന്നത്.
[തിരുത്തുക] അദ്ദേഹത്തിന്റെ പ്രശസ്തമായ വരികള്‍
ഒന്നിനും സ്വാതന്ത്ര്യത്തിന്റെ അത്ര പ്രധാന്യം ഇല്ല |
ഞാന്‍ ഒരു പാര്‍ട്ടിയെ അനുഗമിക്കുന്നു. വിയറ്റനാം പാര്‍ട്ടി |
ദേശസ്നേഹമാണ് കമ്യൂണിസമല്ല എന്നെ ത്രസിപ്പിക്കുന്നത് |
ത്റോങ് സൊണ്‍ മല ഉരുക്കിയാണെങ്കിലും നമുക്ക് സ്വാതന്ത്ര്യം കിട്ടിയേ തീരൂ |
[തിരുത്തുക] ആധാരസൂചിക
- ↑ ന്യൂയോര്‍ക്ക് ടൈംസിലെ ചരമ കോളത്തില്‍ 1969, സെപ്തംബര്‍ 4നു വന്ന ലേഖനം ശേഖരിച്ചത് 2007 മാര്‍ച്ച് 13
- ↑ രാധികാ സി. നായര്‍. ലോകനേതാക്കള്‍, ഡി.സി. റെഫെറന്‍സ് സിരീസ്. മുന്നാം വാല്യം, ഡി.സി. ബുക്സ്, കോട്ടയം ISBN 81-264-1180-5
- ↑ ഹോ ചി മിന്റെ ജീവ ചരിത്രം വിയറ്റ്നാം സര്‍ക്കാര്‍ വെബ്സൈറ്റില്‍ ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 16
- ↑ Brigham, Guerrilla Diplomacy, p. 6; Marcus Raskin & Bernard Fall, The Viet-Nam Reader, p. 89; William Duiker, U. S. Containment Policy and the Conflict in Indochina, p. 212 ആംഗലേയവിക്കിയില്‍ നിന്ന്
- ↑ അഭയാര്‍ത്ഥി പ്രവാഹത്തെ പറ്റി പെന്‍റഗണ്‍ പേപ്പഴസ് , ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 16
- ↑ അഭയാര്‍ത്ഥികളെപ്പറ്റിയുള്‍ല യു.എന്‍. രേഖ. പി ഡി എഫില്‍. ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 16
[തിരുത്തുക] കുറിപ്പുകള്‍
ലോക നേതാക്കള്‍ | |
---|---|
ജോന്‍ ഓഫ് ആര്‍ക്ക്• ഒലിവര്‍ ക്രോമ്വെല്‍• ജോര്‍ജ് വാഷിംഗ്ടണ്‍ • തോമസ് ജെഫേഴ്സണ്‍ • നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്• റോബര്‍ട്ട് ഓവെന്‍• ജ്യൂസെപ്പെ ഗാരിബാള്‍ഡി• എബ്രഹാം ലിങ്കണ്‍• ബുക്കര്‍ ടി. വാഷിംഗ്ടണ്‍• സണ്‍ യാത് സെന്‍• മഹാത്മാഗാന്ധി• ലെനിന്‍ • വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍• ലിയോണ്‍ ട്രോട്സ്കി• എമിലിയാനോ സപാത്ത• ജോസഫ് സ്റ്റാലിന്• മുസ്തഫാ കമാല്‍ അത്താതുര്‍ക്ക്• ബെനിറ്റോ മുസ്സോളിനി• ഡേവിഡ് ബെന്‍ ഗൂറിയന്‍• ജോമോ കെനിയാറ്റാ• അഡോള്‍ഫ് ഹിറ്റ്ലര്‍• ഹോ ചി മിന്‍• ചാള്‍സ് ഡി ഗോള്‍• മാര്‍ഷല്‍ ടിറ്റോ• മവോ സേ തൂങ്• അഹമ്മദ് സുകര്‍ണ്ണോ• അയത്തൊള്ള ഖൊമൈനി• ക്വാമെ എങ്ക്രൂമെ• ജോണ്‍ എഫ്. കെന്നഡി• ഗമാല്‍ അബ്ദുള്‍ നാസര്‍• മുജീബുര്‍ റഹ്‍മാന്‍• പാട്രീസ് ലുമുംബെ• ചെ ഗുവെര• യാസര്‍ അറഫാത്ത്• മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് • മിഖായേല്‍ ഗോര്‍ബച്ചേവ്• ഫിഡെല്‍ കാസ്ട്രോ |
|
തിരുത്തുക |