See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മാര്‍ത്തോമ്മാ സഭ - വിക്കിപീഡിയ

മാര്‍ത്തോമ്മാ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ

Founder തോമസ് ശ്ലീഹാ
Independence അപ്പോസ്തോലിക കാലഖട്ടം
Recognition Reformed Oriental Orthodox
Primate ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലിത്ത,ജോസഫ് മാര്‍ മര്‍ത്തോമ മെത്രാപ്പോലീത്ത
Headquarters തിരുവല്ല, കേരളം
Territory ഇന്ത്യ
Possessions United Arab Emirates, United States, Canada, United Kingdom, Ireland, South Africa, Kuwait, Malaysia, Germany, Switzerland, Singapore, Oman, New Zealand, Australia and Scotland
Language മലയാളം, ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, സിറിയന്‍
Population 1,000,000 Worldwide
Website Mar Thoma Syrian Church

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ അല്ലെങ്കില്‍ മാര്‍ത്തോമ്മാ സഭ പതിനാറാം നൂറ്റാണ്ടിനു മുന്‍പുള്ള അവിഭക്ത സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയില്‍ നിന്നു രൂപപ്പെട്ട ഒരു നവീകരണ സഭയാണ്. 1889-ല്‍ മാത്രമാണ് സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയില്‍ നിന്ന് വേറിട്ട് ഒരു പ്രത്യേക സഭയായി തീര്‍ന്നതെങ്കിലും അതിനു വളരെമുന്‍പു തന്നെ അത് ജന്മം എടുത്തിരുന്നു. അതിന്റെ നവീകരണാശയങ്ങളുടെ വേരുകള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയിലെ ഒരു സെമിനാരി അദ്ധ്യാപകനായിരുന്ന പാലക്കുന്നത്ത് അബ്രഹാം മല്പാന്‍ (അബ്രഹാം മല്പാന്‍ എന്ന പേരില്‍ പിന്നീട് പ്രശസ്തനായ വ്യക്തിയാണ് ഇദ്ദേഹം) ആരംഭിച്ച നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

സെന്റ് തോമസ് ക്രിസ്താനികളുടെ പാരമ്പര്യത്തില്‍ വിശ്വസിക്കുന്ന പല സമൂഹങ്ങളില്‍ (ക്രിസ്തുവിന്റെ ഒരു അപ്പോസ്തോലനായ വിശുദ്ധ തോമസ് ശ്ലീഹ AD 52 കേരളത്തില്‍ വന്നു ഇവിടത്തെ ക്രൈസ്തവ സഭ സ്ഥാപിച്ചു എന്നു വിശ്വസിക്കുന്ന സമൂഹം) പെട്ട ഒന്നായിരുന്നു ഈ നവീകരണ സമൂഹം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇവിടെ ഭരിച്ചിരുന്ന ബ്രിട്ടിഷുകാരുടെ സഹായത്തോടെ കേരളത്തില്‍ എത്തിയ ആഗ്ലിക്കന്‍ മിഷനറിമാര്‍ സഭാപരമായും, ആചാരപരമായും, ദൈവശാസ്ത്രപവുമായ നവീകരണ ആശയങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇത് അന്നത്തെ സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയിലെ ബിഷപ്പുമാര്‍ അത് പരമ്പരാഗതമായി വിശ്വസിച്ച് വന്നതിന് എതിരായി കണ്ടു. പ്രധാനമായും നവീകരണപ്രസ്ഥാനത്തിന്റെ പഠിപ്പിക്കലുകള്‍ക്ക് എതിരായി അന്നത്തെ സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയില്‍ നില നിന്നിരുന്ന ചില ആചാരങ്ങള്‍ക്ക് എതിരായിട്ടായിരുന്നു ഈ നവീകരണ പ്രവര്‍ത്തനം. അവരുടെ നവീകരണ ആശയങ്ങള്‍ അന്നത്തെ സഭാ നേതൃത്വം തള്ളികളയുന്നു എന്നു കണ്ടപ്പോള്‍ അവര്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയില്‍ നിന്നു വിഘടിച്ചു വന്നു. അതാണ് പിന്നീട് മാര്‍ത്തോമ്മാ സഭ ആയി തീര്‍ന്നത്.

സുറിയാനി ഓര്‍ത്തഡോക്സ് സഭയില്‍ നവീകരണ ആശയം കൊണ്ടുവരികയും അതോടൊപ്പം പ്രൊട്ടസ്തന്റ് തിയോളജിയിലെ ചില ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്ത സഭ ആണ് മാര്‍ത്തോമ്മാ സഭ. നവീകരിക്കപ്പെട്ട പൗരസ്ത്യ ഓര്‍ത്തോഡോക്സ് സഭ (Oriental Orthodox- reformed) എന്ന ഒരു വിഭാഗത്തില്‍ ആണ് ക്രിസ്തീയ ചരിത്രകാരന്മാര്‍ ഈ സഭയെ ഇപ്പോള്‍ പെടുത്തുന്നത്.

മാര്‍ത്തോമ്മാ സഭയെ, മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത ആണ് നയിക്കുന്നത്. മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത സെന്റ് തോമസിന്റെ മലങ്കര സിംഹാസനത്തിന്റെ പിന്തുടര്‍ച്ചയാണെന്ന് അവകാശപ്പെടുന്നു. ഇപ്പോഴത്തെ മലങ്കര മെത്രാപ്പോലിത്ത റവ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലിത്ത ആണ്. മെത്രാപ്പോലിത്തയുടെ സിംഹാസനം കേരളത്തിലെ പത്തനംതിട്ട ജില്ലയില്‍ ഉള്ള തിരുവല്ല എന്ന സ്ഥലത്താണ്. സെന്റ് തോമസിന്റെ മലങ്കര സിംഹാസനം പതിനേഴാം നൂറ്റാണ്ടില്‍ പുനസ്ഥാപിച്ചതിനു ശേഷം ഉള്ള 20-ആമത്തെ മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത ആണ് അദ്ദേഹം.

ഏതാണ്ട് പത്തു ലക്ഷത്തോളം അംഗങ്ങള്‍ ഈ സഭയില്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ സഭയിലെ ഭൂരിഭാഗം അംഗങ്ങളും കേരളത്തില്‍ ആണ്. ഇന്‍ഡ്യയിലുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഈ സഭയുടെ സാന്നിദ്ധ്യം ഉണ്ട്. മലയാളികള്‍ വിദേശ രാജ്യങ്ങളില്‍ ഒക്കെ കുടിയേറി പാര്‍ത്തതിനാല്‍ വടക്കെ അമേരിക്ക, മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍, മലേഷ്യ, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ന് ഈ സഭ സാന്നിദ്ധ്യം അറിയിക്കുന്നു.

ആഗ്ലിക്കന്‍ സഭ, Church of South India (CSI) and Church of North India (CNI) എന്നീ സഭകളുമായി മാര്‍ത്തോമ്മാ സഭ സംസര്‍ഗ്ഗത്തിലാണ്. സംസര്‍ഗ്ഗം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഒരേ വിശ്വാസാചാരങ്ങള്‍ പിന്‍തുടരുക എന്നതാണ്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

മാര്‍ത്തോമാ സഭയുടെ ചരിത്രം മൂന്നു കാലഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു.

  • 1. നവീകരണത്തിനു മുന്‍പുള്ള കാലം
  • 2. നവീകരണ കാലഘട്ടം
  • 3. നവീകരണത്തിനു ശേഷമുള്ള കാലം

[തിരുത്തുക] നവീകരണത്തിനു മുന്‍പുള്ള കാലം (AD 52 മുതല്‍ AD 1836 വരെ)

ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാന്മാരില്‍ ഒരാളായ വി. തോമസ് അപ്പോസ്തോലന്‍ AD 52 -ല്‍ അക്കാലത്തെ ഒരു പ്രമുഖ തുറമുഖമായ മുസിരിസ്സില്‍ (ഇപ്പോഴത്തെ കൊടുങ്ങല്ലൂര്‍) വന്നിറങ്ങി എന്നു വിശ്വസിക്കുന്നു. അക്കാലത്തെ പ്രമുഖ തുറമുഖമായിരുന്ന കൊടുങ്ങല്ലൂരിന് മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളുമായി വ്യാപാരബന്ധം ഉണ്ടായിരുന്നു. ശലോമോന്‍ രാജാവിന്റെ കൊട്ടാരത്തില്‍ സുസന്ധദ്രവ്യങ്ങളും മറ്റ് ആഡംബര വസ്തുക്കളായ ആനക്കൊമ്പുകളും മറ്റും കൊണ്ട് വന്നു എന്ന് വിശുദ്ധ സത്യവേദപുസ്തകത്തിലെ രാജാക്കന്മാരുടെ പുസ്തകത്തില്‍ നിന്നുള്ള പരാമര്‍ശത്തില്‍ നിന്നു ക്രിസ്തുവിന്റെ കാലഘട്ടത്തിനു വളരെ മുന്‍പു തന്നെ പലസ്തീനു മലബാര്‍ തീരപ്രദേശവുമായി ബന്ധമുണ്ടായിരുന്നു എന്നു പല ചരിത്രകാരന്മാരും കരുതുന്നു. അതിനാല്‍ അക്കാലത്തെ ഒരു പ്രമുഖ സ്ഥലം ആയിരുന്ന ഈ പ്രദേശത്ത് എത്തിചേരുക എന്നത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ലായിരുന്നു. മാത്രമല്ലായിരുന്നു നെബുക്കദ്നേസര്‍ രാജാവ് പട്ടണം പിടിച്ചെടുത്തത് മൂലം ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് ചിതറി പോയ യഹൂദരുടെ ഒരു ചെറിയ സമൂഹം കൊച്ചിയിലും വന്നിട്ടുണ്ടായിരുന്നു. ഈ യഹൂദന്മാരാണ് തോമാശ്ലീഹയെ ഇങ്ങോട്ട് ആകര്‍ഷിച്ചത് എന്നു കരുതുന്നു. കൊടുങ്ങല്ലൂരിലെ മാല്യങ്കര യില്‍ വന്നിറങ്ങിയ തോമസ് അപ്പോസ്തോലന്‍ അപ്പോസ്തോലിക പാരമ്പര്യം അനുസരിച്ച് ആദ്യം അവിടെ ഉണ്ടായിരുന്ന യഹൂദന്മാരോടും പിന്നീട് തദ്ദേശിയരായ ഹിന്ദുക്കളോടും സുവിശേഷം അറിയിച്ചു. സുശേഷ പ്രസംഗത്തിലൂടെയും അല്‍ഭുത പ്രവര്‍ത്തികളിലൂടെയും തോമസ് അപ്പോസ്തോലന്‍ പല ഹിന്ദുക്കളേയും ക്രൈസ്തവ വിശ്വാസത്തിലേക്കു കൊണ്ടുവന്നു എന്നു പാരമ്പര്യമായി വിശ്വസിക്കപ്പെടുന്നു. അദ്ദേഹം ഇങ്ങനെ ക്രൈസ്തവ വിശ്വാസത്തിലേക്കു വന്ന ജനങ്ങളെ ഒന്നിച്ച് ചേര്‍ക്കുന്നതിനു അദ്ദേഹം7 പള്ളികള്‍ സ്ഥാപിച്ചു എന്നും ഈ 7 പള്ളികളില്‍ നാലു പ്രമുഖ കുടുംബങ്ങളില്‍ നിന്നുള്ള ആളുകളെ മേല്‍നോട്ടക്കാരായി നിയമിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അദ്ദേഹം സ്ഥാപിച്ച ഏഴു പള്ളികള്‍ ഇവയാണ്.

  • 1. മാല്യങ്കര(മലങ്കര),
  • 2. പാലയൂര്‍ (ഇന്നത്തെ ചാവക്കാട്),
  • 3. കൊട്ടക്കാവ്‌(ആലുവായ്ക്കു സമീപം),
  • 4. കൊക്കോതമംഗലം,
  • 5. നിരണം,
  • 6. നിലയ്ക്കല്‍ (ചായല്‍),
  • 7. കൊല്ലം.

ഇതില്‍ നിലയ്ക്കല്‍ ഒഴിച്ച് ബാക്കിയെല്ലാം തീരപ്രദേശത്തുള്ള സ്ഥലങ്ങള്‍ ആണ്. ഒരു പ്രധാന ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയ്ക്ക് സമീപമുള്ള ഒരു മലമ്പ്രദേശം ആണ് നിലയ്ക്കല് (പഴയ നിലയ്ക്കല്‍ പ്രശ്നത്തിന്റെ അതേ സ്ഥലം തന്നെ)‍. ആനക്കൊമ്പും, സുഗന്ധദ്രവ്യങ്ങളും മറ്റും കയറ്റുമതി ചെയ്തിരുന്ന ഒരു പ്രധാന കച്ചവട കേന്ദ്രമായിരുന്നു നിലയ്ക്കല്‍ എന്നു വിശ്വസിക്കപ്പെടുന്നു. ഇവിടെ നിന്നുള്ള സുഗന്ധദ്രവ്യങ്ങളും മറ്റും ചുരം കടന്ന് തമിഴ് നാട് വഴി അന്യദേശങ്ങളിലേക്ക് പോയിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. ഇതൊക്കെ കൊണ്ടായിരിക്കണം ഒരു തീരപ്രദേശം അല്ലാതിരുന്നിട്ടും നിലയ്ക്കലില്‍ ഒരു പള്ളി സ്ഥാപിക്കാന്‍ തോമസ് അപ്പോസ്തോലന്‍ തയ്യാറായത്. ഇന്നു കൊടുംകാടായി കിടക്കുന്ന ഈ പ്രദേശത്ത് പ്രാചീന കാലത്തെ മനുഷ്യ വാസത്തിന്റേയും പഴയ ആരാധാനാലയങ്ങളുടേയും പ്രത്യക്ഷ തെളിവുകള്‍ കാണാവുന്നതാണ്. കാഞ്ഞിരപ്പള്ളി, അയിരൂര്‍ ഭാഗത്തുള്ള പല ക്രിസ്ത്യന്‍ കുടുബങ്ങളും അവരുടെ പാരമ്പര്യം നിലയ്ക്കല്‍ പള്ളിയുമായി ബന്ധപ്പെടുത്തി പറയുന്നു. ചായല്‍ (നിലയക്കല്‍) എന്നു പേരുള്ള ഒരു മാര്‍ത്തോമ്മാ പള്ളി ഇപ്പോഴും അയിരൂരില്‍ ഉണ്ട്.

നിലയ്ക്കല്‍ പ്രശ്നം ഉണ്ടായപ്പോള് എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളുടേയും സഹകരണത്തോടു കൂടി എല്ലാവര്‍ക്കും സമ്മതമായ ഒരു സ്ഥലത്ത് ഒരു പള്ളി ഈ അടുത്ത് സ്ഥാപിച്ചു. കേരളത്തിലെ ക്രൈസ്തവ സഭകളുടെ വിശുദ്ധ തോമാശ്ലീഹായുടെ പാരമ്പര്യത്തിന്റെ ഒരു പ്രതീകം എന്ന നിലയിലും എല്ലാ ക്രൈസ്തവ സഭകളുടേയും സഹകരണത്തോടെ പണിയപ്പെട്ട് കൂദാശ ചെയ്ത ഏക പള്ളി എന്ന നിലയിയിലും ഇതിനു ചരിത്രപരമായ പ്രാധാന്യവും ഉണ്ട്. കേരളത്തില്‍ നിന്നു വിശുദ്ധ തോമസ് ശ്ലീഹാ ഇന്‍ഡ്യയുടെ കിഴക്കന്‍ തീരങ്ങളിലേക്ക് പോവുകയും മദ്രാസിനു സമീപമുള്ള സെന്റ് തോമസ് മൗണ്ടില്‍ രക്തസാക്ഷിയായി മരിക്കുകയും മൈലാപൂരില്‍ അദ്ദേഹത്തെ അടക്കുകയും ചെയ്തു എന്നു വീശ്വസിക്കപ്പെടുന്നു.

കേരളത്തില്‍ സ്ഥാപിതമായ ഈ പ്രാചീനക്രൈസ്തവ സഭയുടെ 4 മുതല്‍ 15ആം നൂറ്റാണ്ടു വരെയുള്ള ചരിത്രം പരിശോധിച്ചാല്‍ പേര്‍ഷ്യയിലുള്ള ക്രിസ്തീയ സഭയുമായി ബന്ധം ഉണ്ടായിരുന്നു എന്നു കാണാം. റോമിനോടോ മറ്റു പാശ്ചാത്യ രാജ്യങ്ങളോടോ ബന്ധപ്പെടാന്‍ കഴിയാഞ്ഞ അന്നാളുകളില്‍ വ്യാപാരശൃംഘലകളിലൂടെയാണ് ഈ ബന്ധം ഉണ്ടായത്. പഹ്ലാവി ഭാഷയില്‍ മേല്‍കുറിപ്പുകളോടു കൂടിയ പേര്‍ഷ്യന്‍ കുരിശുകള്‍ കേര‍ളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട് എന്നത് ഇതിനു തെളിവാണ്. ഇടയ്ക്കും മുറയ്ക്കും തങ്ങളെ ഭരിക്കുന്നതിന്‍ പേര്‍ഹ്സ്യയിലെ ബിഷപ്പുമാരുടെ സേവനം ഇതു മൂലം ആദ്യം ഇവിടത്തെ വിശ്വാസികള്‍ക്ക് ലഭിച്ചുപോന്നു . ക്രി.വ. മുന്നൂറുകളില്‍ പേര്‍ഷ്യയിലെ ബിഷപ്പായിരുന്ന ദാവൂദ് ഇവിടെ സന്ദര്‍ശിക്കുകയും മതപരിവര്‍ത്തനങ്ങള്‍ നടത്തി എന്നും കരുതുന്നു. ക്രി.വ. 345 -ല്‍ ഒരു കച്ചവടക്കാരനായിരുന്ന കാനായി തൊമ്മന്റെ നേതൃത്വത്തില്‍ 400പേരോളം വരുന്ന ഒരു സംഘം പേര്‍ഷ്യയില്‍ നിന്ന് മലബാര്‍ തീരത്തെത്തി എന്നു വിശ്വസിക്കപ്പെടുന്നു. ക്രി.വ. 825 -ല്‍ മറ്റൊരു പേര്‍ഷ്യന്‍ വ്യാപാരിയായ മാര്‍വന്‍ സബ്രിസോയുടെ നേത്രത്വത്തില്‍, മാര്‍ സാപ്രോ, മാര്‍ പ്രോത് എന്നീ രണ്ട് ബിഷപ്പുമാര്‍ അടക്കം മറ്റൊരു സംഘം കൊല്ലം തുറമുഖം വഴി കേരളത്തിലെത്തി എന്നു മറ്റൊരു പാരമ്പര്യവും പറയുന്നു. അന്നത്തെ കൊല്ലം രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ ഇവര്‍ക്ക് താമസിക്കാന്‍ സ്ഥലവും അതോടൊപ്പം ചെമ്പുതകിടില്‍ (ചേപ്പേട്) ആലേഖനം ചെയ്ത് ചില പ്രത്യേക അവകാശം കൊടുത്തതായി ചരിത്രം പറയുന്നു[അവലംബം ചേര്‍ക്കേണ്ടതുണ്ട്](തരിസാപള്ളി ശാസനങ്ങള്‍). ഈ ചേപ്പേടുകളില്‍ 2 എണ്ണം കോട്ടയം പഴയ സെമിനാരിയിലും ഒരെണ്ണം മാര്‍ത്തോമ്മാ സഭയുടെ ആസ്ഥാനമായ തിരുവല്ലയിലും സൂക്ഷിച്ചിരിക്കുന്നു. ബാബിലോണിയന്‍ പാത്രിയര്‍ക്കിസിന്റെ കീഴില്‍ നിന്നു വന്ന ബിഷപ്പുമാര്‍ നെസ്തോറിയന്മാരായിരുന്നു. ഇപ്പൊഴും തൃശൂരില്‍ കല്‍ദായ സിറിയന്‍ സഭയ്ക്ക് മാര്‍ യോഹന്നാന്റെ പേരില്‍ ഒരു പള്ളി ഉണ്ട്. അവര്‍ക്ക് നെസ്തോറിയന്‍ [1] പാത്രിയര്‍ക്കീസുമായി ബന്ധമുണ്ട് എന്ന് പറയുന്നു.

ഇങ്ങനെ പേര്‍ഷ്യന്‍ , സിറിയന്‍ സഭകളുമായുള്ള ബന്ധത്തില്‍ നിന്നാണ് സുറിയാനി സഭ എന്നുള്ള പേര്‍ ഉടലെടുക്കുന്നത്. ഇങ്ങനെ പല പേര്‍ഷ്യന്‍ ക്രിസ്തീയ സഭകളുമായി സഭാപരമായ ബന്ധം ഉണ്ടായിരുന്നു എങ്കിലും മലബാറിലെ ക്രിസ്തീയ സഭ സ്വതന്ത്രവും അതിന്റെ ഭരണം തദ്ദേശീയമായി സ്വന്തം ആര്‍ച്ച് ഡീക്കന്മാരുടെ കീഴില്‍ ആയിരുന്നു. [അവലംബം ചേര്‍ക്കേണ്ടതുണ്ട്]

ഇങ്ങനെയൊക്കെയായിരുന്നെങ്കിലും പോര്‍ത്തുഗീസുകാരുടെ വരവിനുമുന്‍പ് തദ്ദേശിയരായ ക്രിസ്ത്യാനികള്‍ അവരുടെ ഹിന്ദു പാരമ്പര്യം വിട്ടു മാറിയിട്ടില്ലാത്തവരായിരുന്നു. പ്രാര്‍ത്ഥനയിലും മറ്റും ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു എന്നേ ഉള്ളൂ [2] അന്നും ഉയര്‍ന്ന ജാതിയില്‍ നിന്നു വന്നവര്‍ അന്നും തീണ്ടിക്കുളിയും ജാതിക്കുളിയും താഴ്ന്ന ജാതിയില്‍ നിന്നു വന്ന ക്രിസ്ത്യാനികളോട് പോലും പ്രയോഗിച്ചിരുന്നു.

പക്ഷെ AD 1498ല്‍ വാസ്കോ ഡ ഗാമയുടെ വരവോടെ പോര്‍ച്ചുഗീസുകാര്‍ ഇന്‍ഡ്യയില്‍ വന്നു ആധിപത്യം ഉറപ്പിക്കുവാന്‍ തുടങ്ങി. 16, 17 നൂറ്റാണ്ടുകളില്‍ അവര്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. റോമന്‍ കത്തോലിക്ക സഭയുടെ മിഷിനറി പ്രവര്‍ത്തനം മലങ്കരയിലെ ക്രിസ്തീയ സഭയില്‍ സ്വാധീനം ഉണ്ടാക്കാന്‍ തുടങ്ങിയതും ഇക്കാലത്താണ്. അതിനു മുന്‍പ് മലങ്കരയിലെ ക്രിസ്തീയ സഭയ്ക്ക് റോമന്‍ കത്തോലിക്ക സഭയുമായി കാര്യമായ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. അന്ന് പോര്‍ച്ചുഗീസുകാര്‍ കിഴക്കന്‍ രാജ്യങ്ങളിലെ പ്രധാന ശക്തിയായിരുന്നു. മാത്രമല്ല പ്രധാനപ്പെട്ട കപ്പല്‍ ചാലുകള്‍ ഒക്കെ അവരുടെ അധീനതയില്‍ ആയിരുന്നു. റോമന്‍ കത്തോലിക്ക സഭ ഈ അനുകൂല സാഹചര്യം മുതലെടുത്ത് മലബാറിലെ ക്രിസ്തീയ സഭയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള തുടങ്ങി. അതിനു വേണ്ടി ഗോവയിലെ ആര്‍ച്ച് ബിഷപ്പ് ഡോ. അലെക്സൊ ഡെ മെനസിസ് 1599-ല്‍ മലബാറിലെത്തി എറണാകുളത്തിനു തെക്കുള്ള ഉദയംപേരൂര്‍ എന്ന സ്ഥലത്ത് ഒരു സുനഹദോസ് മലബാറിലെ ക്രിസ്തീയ സഭയെ റോമാ സഭയുടെ കീഴില്‍ ആക്കുക എന്ന ഉദ്ദേശത്തോടുകൂടി വിളിച്ചുകൂട്ടി. (ഈ സുനഹദോസ് ഉദയം‍പേരൂര്‍ സുന്നഹദോസ് എന്ന പേരില്‍ പിന്നീട് പ്രശസ്തമായി.) അന്നത്തെ മലങ്കര സഭകളില്‍ നിന്ന് സുനഹദോസിനു വന്ന പ്രധിനിധികളെ കൊണ്ട് ആര്‍ച്ച് ബിഷപ്പ് വായിച്ച പോപ്പിന്റെ കല്പന ബലമായി അംഗീകരിപ്പിച്ചു. അങ്ങനെ കേരളത്തിലെ സുറിയാനി ക്രിസ്താനികള്‍ റോമാ സഭയുടെ സിംഹാസനത്തിനു കീഴില്‍ വന്നു. പല ആചാരങ്ങളും തദ്ദേശീയമായവയും വിലക്കി. അയിത്തം ആചരിക്കുന്നത് തടഞ്ഞു. നായന്മാരെ പോലുള്ള താഴ്ന്ന ജാതിക്കാര്‍ വെള്ളമെടുത്താല്‍ കുളം, കിണര്‍ എന്നിവ തോണ്ടി ശുദ്ധിയാക്കുന്നതും യാഗം യജ്നം എന്നിവയും എന്നാല്‍ താഴന്ന ജാതിയില്‍ നിന്നു വന്നവര്‍ ചെയ്തിരുന്ന മന്ത്രവാദം, വശീകരണം, ചാരായ വില്പന എന്നിവയും തടഞ്ഞു.[3]

ഏതാണ്ട് അന്‍പത് വര്‍ഷത്തോളം ഈ നില തുടര്‍ന്നു. പോപ്പിന്റെ മലങ്കര സഭയുടെ ഭരണം പലര്‍ക്കും അസഹ്യമായി തുടങ്ങി. ആ സമയത്തോടടുത്തു തന്നെ പോര്‍ച്ചുഗീസുകാരുടെ ഇവിടുത്തെ ശക്തി ക്ഷയിച്ചു തുടങ്ങി. അത് മലബാറിലെ ക്രിസ്തീയ സഭയിലെ ജനങ്ങള്‍ക്ക് സ്വാതന്ത്രത്തിനുള്ള ഒരു ഉണര്‍വ്വ് നല്‍കി.

മലങ്കര ക്രിസ്ത്യാനികള്‍ക്ക് അവരുടെ പ്രാചീനമായ ക്രൈസ്തവ പാരമ്പര്യം തുടരുന്നതിലായിരുന്നു താല്പര്യം. സിറിയന്‍ സഭകളില്‍ നിന്ന് ഒരു ബിഷപ്പിനെ കൊണ്ടുവരുന്നതിനായി റോമാ സഭയുടെ കീഴില്‍ അസഹിഷ്ണുതിരായി കഴിഞ്ഞിരുന്ന മലങ്കരയിലെ ക്രിസ്ത്യാനികള്‍ ശ്രമിച്ചു. പക്ഷെ അവരുടെ അതിനുള്ള ശ്രമം വിഫലമാകുന്നു എന്നു കണ്ടപ്പോള്‍ റോമാ സഭയെ അംഗീകരിക്കാത്തവരായ മലബാറിലെ ക്രിസ്ത്യാനികള്‍ എല്ലാം AD 1653ല്‍ എന്ന സ്ഥലത്ത് ഒരുമിച്ചു കൂടി ഒരു കുന്നിന്റെ മുകളില്‍ ഒരു മരക്കുരിശ് സ്ഥാപിച്ച് അതില്‍ നിന്ന് ഒരു കയര്‍ കെട്ടി താഴോട്ട് പിടിച്ചു. അതിനുശേഷം അവിടെ അന്ന് വന്ന മലങ്കര ക്രിസ്ത്യാനികള്‍ എല്ലാം ഈ കയറില്‍ പിടിച്ചു കൊണ്ട് റോമാ സഭയുമായോ പോപ്പുമായോ യാതൊരു വിധ സഖ്യത്തിനും ഇല്ല എന്ന് സത്യം ചെയ്ത് പ്രഖ്യാപിച്ചു കൊണ്ട് റോമാ സഭയുടെ ഭരണത്തിന്‍ കീഴില്‍ നിന്നു പുറത്തു വന്നു. അങ്ങനെ 54 വര്‍ഷത്തോളം മലങ്കര ക്രിസ്ത്യാനികളുടെ മേലുള്ള റോമാ പോപ്പിന്റെ ഭരണം അവസാനിച്ചു. ഇങ്ങനെ സത്യം ചെയ്തപ്പോള്‍ അവര്‍ പിടിച്ചിരുന്ന കയറിന്റെ വലിവ് മൂലം അവര്‍ സ്ഥാപിച്ചിരുന്ന കുരിശ് ഒരു വശത്തേയ്ക്ക് ചരിഞ്ഞു.[അവലംബം ചേര്‍ക്കേണ്ടതുണ്ട്] അതിനാല്‍ ഈ സത്യം ചെയ്യല്‍ പിന്നീട് കൂനന്‍ കുരിശുസത്യം എന്ന പേരില്‍ പിന്നിട് പ്രശസ്തമായി.

കൂനന്‍ കുരിശു സത്യത്തിനു ശേഷം 1653 ല്‍ മലങ്കരയിലെ 12 പുരോഹിതന്മാര്‍ ചേര്‍ന്ന് തോമസ് എന്ന പുരോഹിതനെ ബിഷപ്പായി വാഴിച്ചു. അതിനു ശേഷം 1665-ല്‍ അന്തോക്ക്യന്‍ പാത്രിക്കിസിനോട് വിധേയത്വം പുലര്‍ത്തുന്ന യെരുശലേമിലെ മാര്‍ ഗ്രിഗോറിയോസ് ഇദ്ദേഹത്തെ മാര്‍ത്തോമ്മാ I എന്ന നാമം കൊടുത്ത് മലങ്കര സഭയുടെ മെത്രാപ്പോലിത്ത ആക്കി. മാര്‍ത്തോമ്മാ I നെ മെത്രാപ്പോലിത്തയായി വാഴിച്ചതിലൂടെ എപ്പിസ്‌ക്കോപ്പല്‍ പിന്തുടര്‍ച്ച പുനഃസ്ഥാപിച്ചു. അങ്ങനെ സുറിയാനി സഭയും മലങ്കര സഭയും തമ്മിലുള്ള ബന്ധം തുടങ്ങി എന്ന് കരുതപ്പെടുന്നു. ഇങ്ങനെ സിറിയന്‍ സഭയുമായുള്ള ബന്ധം മൂലം മലങ്കര സഭയെ മലങ്കര സുറിയാനി സഭ എന്നും പറയുന്നു.

1653-ല്‍ മാര്‍ത്തോമ്മാ I നെ മെത്രാപ്പോലിത്താ ആക്കി വാഴിക്കാന്‍ ഉപയോഗിച്ച സിംഹാസനം ഇപ്പോഴും മാത്തോമ്മാ സഭയുടെ മെത്രാപ്പോലിത്തയുടെ ആസ്ഥാനമായ പുലാത്തീനില്‍ സൂക്ഷിച്ചിരിക്കുന്നു. ഇപ്പോഴും പുതിയ മെത്രാപ്പോലിത്തമാരെ വാഴിക്കുമ്പോള്‍ ഈ സിംഹാസനം ഉപയോഗിക്കുന്നു.

1653 മുതല്‍ 1843 വരെ പത്തു ബിഷപ്പുമാരെ മാര്‍ത്തോമ്മാ എന്ന പേരില്‍ മെത്രാപ്പോലിത്ത ആയി വാഴിച്ചു. ഈ പത്തുപേരില്‍ നാല് പേര്‍ മാര്‍ ദിവാന്ന്യോസ് എന്ന സ്ഥാനപ്പേര് സ്വീകരിച്ചു.

മാര്‍ത്തോമ്മാ VIന്റെ (ഇദ്ദേഹം ദിവാന്ന്യോസ് മാര്‍ ഗ്രിഗോറിയോസ് I എന്ന പേര്‍ ആയിരുന്നു സ്വീകരിച്ചിരുന്നത്) കാലത്ത് ഒരു വിദേശ ബിഷപ്പ്, മാര്‍ കൂറിലോസ് എന്ന മറ്റൊരു ബിഷപ്പിനെ വാഴിച്ചു. ദിവാന്ന്യോസ് I ഇതിനെതിര പ്രതിഷേധം ഉയര്‍ത്തി. മാര്‍ കൂറിലോസ് തന്റെ സിംഹാസനം കുന്നകുളത്തിനടുത്തുള്ള തോഴിയൂര്‍ എന്ന സ്ഥലത്ത് സ്ഥാപിച്ചു ഭരണം തുടങ്ങി. ഈ സഭ സ്വതന്ത്ര സുറിയാനി സഭ, തോഴിയൂര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. മാര്‍ത്തോമ്മാ സഭ ഈ സഭയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നു.

ഈ സമയം മലങ്കര സുറിയാനി ക്രിസ്ത്യാനികള്‍ ലണ്ടനിലെ ചര്‍ച്ച് മിഷ്യന്‍ സൊസൈറ്റി അയച്ച മിഷനറിമാരുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ തുടങ്ങി. പക്ഷെ താമസിയാതെ ഈ ബന്ധത്തില്‍ വിള്ളലുകള്‍ വീഴാന്‍ തുടങ്ങി. മിഷനറിമാരുടെ പ്രവര്‍ത്തനം മൂലം മറ്റ് മതങ്ങളില്‍ നിന്നു ക്രിസ്തുമതത്തിലേക്ക് വന്നവരേയും തങ്ങളോട് കൂറുപുലര്‍ത്തുന്ന മലങ്കര സുറിയാനി കൃസ്ത്യാനികളേയും കൊണ്ട് അവര്‍ 1879-ല്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തിരുവിതാംകൂര്‍ കൊച്ചി ഭദ്രാസനം സ്ഥാപിച്ചു.

പക്ഷെ മിഷനറിമാരുമായി ഉണ്ടാക്കിയ ബന്ധം മൂലമുള്ള സ്വാധീനം അവിടെ അവസാനിച്ചില്ല. അവരുമായുണ്ടായിരുന്ന ബന്ധം മൂലം മലങ്കര ക്രിസ്ത്യാനികളിലെ ഒരു ചെറിയ സമൂഹം അതുവരെ പുരോഹിതര്‍ കുത്തകയാക്കിവെച്ചിരുന്ന വേദപുസ്തകം സൂക്ഷ്മമായി പഠിക്കാനാരംഭിച്ചു. ആ സമയത്തോടടുതന്നെയാണ് ബൈബിള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. അങ്ങനെ ബൈബിള്‍ പഠിക്കാന്‍ ആരംഭിച്ചപ്പോള്‍ നൂറ്റാണ്ടുകള്‍ കൊണ്ട് സഭയില്‍ കടന്നു കൂടിയ പല അനാചാരങ്ങളും വേദപുസ്തകത്തിനെതിരായ പല പ്രവര്‍ത്തനങ്ങളും അവര്‍ കണ്ടെത്തി. അങ്ങനെ മലങ്കര സഭയില്‍ ഒരു നവീകരണ പ്രവര്‍ത്തനം ആരംഭിച്ചു. ഈ നവീകരണ പ്രവര്‍ത്തനത്തിന്റെ രണ്ട് പ്രമുഖ നേതാക്കള്‍ ആയിരുന്നു പാലക്കുന്നത്ത് അബ്രഹാം മല്പാനും (1796-1845) കൈതയില്‍ ഗീവര്‍ഗീസ് മല്പാനും (1800-1855).

ഇവര്‍ രണ്ടു പേരും 1813-ല്‍ പുലിക്കോട്ടില്‍ മാര്‍ ദിവാന്ന്യോസ് മെത്രാപ്പോലിത്താ (മാര്‍ത്തോമ്മാ പത്താമന്‍) സ്ഥാപിച്ച സുറിയാനി സെമിനാരിയിലെ അദ്ധ്യാപകരായിരുന്നു. രണ്ട് പേര്‍ക്കും ബ്രിട്ടിഷ് മിഷനറിമാരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്താനും വേദ പുസ്തകം ആഴത്തില്‍ പഠിക്കാനും ശ്രമിച്ചു. അതിലൂടെ ക്രിസ്തീയ ജീവിതത്തെ കുറിച്ച് ഒരു പുതിയ ഉള്‍ക്കാഴ്ച ലഭിയ്ക്കാനും സഭയുടെ പ്രവത്തനം പുതിയ നിയമത്തിന്റെ പശ്ചാത്തലത്തില്‍ എങ്ങനെയായിരിക്കണം എന്നു മനസ്സിലാക്കാനും സാധിച്ചു. മാത്രമല്ല പശ്ച്യാത്യ നാടുകളില്‍ ഉണ്ടായ നവീകരണങ്ങളെ കുറിച്ചും ഇവര്‍ മനസ്സിലാക്കി. ഇതോടു കൂടി ഇവര്‍ക്ക് രണ്ട് പേര്‍ക്കും അവരോട് വിധേയത്വം പുലര്‍ത്തുന്ന ആളുകള്‍ക്കും മലങ്കര സഭയില്‍ ഒരു ഉണര്‍വ്വ് ഉണ്ടാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടു.

[തിരുത്തുക] നവീകരണ കാലഘട്ടം (1836- 1899)

മരാമണിലെ മാര്‍ത്തോമാ പള്ളി
മരാമണിലെ മാര്‍ത്തോമാ പള്ളി

മലങ്കര സഭയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പാലക്കുന്നത്ത് അബ്രഹാം മല്പാനും (മാരാമണ്‍) കൈതയില്‍ ഗീവര്‍ഗീസ് മല്പാനും (കോട്ടയം) ഒരു പ്രത്യേക സഭയുണ്ടാക്കുന്നതില്‍ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. സഭയ്ക്ക് അകത്തു തന്നെ നിന്നുകൊണ്ട് മലങ്കര സഭയെ നവീകരിക്കുന്നതിലായിരുന്നു അവര്‍ക്ക് താല്പര്യം. ക്രമേണ ഈ സംഘം ശക്തി പ്രാപിക്കുകയും 1836-ല്‍ അന്നത്തെ ബ്രിട്ടീഷ് റസിഡന്റ് ആയിരുന്ന കേണല്‍ ഫ്രേസര്‍ക്ക് ഒരു മെമ്മോറന്‍ഡം സമര്‍പ്പിക്കുകയും ചെയ്തു.

പക്ഷെ മെമ്മോറന്‍ഡം കൊണ്ട് ഫലം ഒന്നും ഉണ്ടാകുന്നില്ല എന്നു കണ്ട അബ്രഹാം മല്പാന്‍ തന്റെ ആശയങ്ങളോട് വിധേയത്വം പുലര്‍ത്തുന്ന തന്റെ ഇടവകയായ മാരാമണ്‍ പള്ളിയില്‍ തന്നെ നവീകരണ ആശയങ്ങള്‍ നടപ്പിലാക്കാന്‍ നിശ്ചയിച്ചു. ആദ്യമായി അദ്ദേഹം സുറിയാനിയില്‍ ചൊല്ലികൊണ്ടിരുന്ന കുര്‍ബ്ബാന ക്രമം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. വേദപുസ്താനുസൃതമല്ലെന്ന് കണ്ട് മരിച്ചവരോടും വിശുദ്ധന്മാരോടുമുള്ള പ്രാര്‍ത്ഥനകള്‍ അദ്ദേഹം കുര്‍ബ്ബാന ക്രമത്തില്‍ നിന്നു നീക്കി. ഈ പരിഷക്കരിച്ച കുര്‍ബ്ബാന ക്രമം ഉപയോഗിച്ച് 1836-ല്‍ ഒരു ഞായറാഴ്ച അദ്ദേഹം മാരാമണ്‍ പള്ളിയില്‍ അദ്ദേഹം കുര്‍ബ്ബാന ചൊല്ലി. ഇത് മലങ്കര സഭയിലെ നവീകരണത്തിന്റെ വരവ് അറിയിച്ചു കൊണ്ടുള്ള ശരിയായ ദിശയിലുള്ള ആദ്യത്തെ പ്രവര്‍ത്തനം ആയിരുന്നു.

പിന്നിട് അദ്ദേഹം മാരാമണ്‍ പള്ളിയില്‍ അന്ന് സ്ഥാപിച്ചിരുന്ന ഒരു വിശുദ്ധന്റെ മരപ്രതിമ എടുത്തു മാറ്റുകയും (മുത്തപ്പന്‍ എന്ന പേരിലായിരുന്നു ഈ വിശുദ്ധന്‍ അറിയപ്പെട്ടിരുന്നത്) പള്ളിക്ക് നല്ല വരുമാനം നല്‍കിയിരുന്ന ഈ വിശുദ്ധന്റെ പേരില്‍ എല്ലാവര്‍ഷവും നടത്തിയിരുന്ന പെരുന്നാള്‍ നിര്‍ത്തലാക്കുകയും ചെയ്തു. മാരാമണ്ണും കോട്ടയത്തെ സുറിയാനി സെമിനാരിയിലും സമീപ ഇടവകകളായ പള്ളം, കൊല്ലാട് എന്നിവടങ്ങളിലും അബ്രഹാം മല്പാന്‍ വേദപുസ്തക പഠനവും പ്രസംഗവും പ്രോത്സാഹിപ്പിച്ചു.

1840-ല്‍ അബ്രഹാം മല്പാനും ഗീവര്‍ഗീസ് മല്പാനും സുറിയാനി സെമിനാരിയിലെ തങ്ങളുടെ സേവനം അവസാനിപ്പിക്കേണ്ടി വന്നു. അതിനു ശേഷം അബ്രഹാം മല്പാന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിലും, ബൈബിള്‍ ക്ലാസ്സുകള്‍ എടുക്കുന്നതിലും, പ്രാര്‍ത്ഥനാക്കൂട്ടങ്ങള്‍ സംഘടിപ്പിക്കുന്നതിലും, തന്റെ നവീകരണ ആശയങ്ങളോട് ആഭിമുഖ്യമുള്ള ശെമ്മാശന്മാരെ പഠിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

നവീകരണപ്രസ്ഥാനത്തിന്റെ പ്രധാന ആശയങ്ങള്‍ താഴെ പറയുന്നതായിരുന്നു.

  • യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം പാപമേചനം ലഭിയ്ക്കും എന്ന സുവിശേഷ സന്ദേശത്തിലേക്ക് മടങ്ങി പോവുക.
  • ജീവിതത്തിലെ പാപ വഴികളില്‍ നിന്നു മാറി ശുദ്ധീകരിക്കുക.
  • യേശുക്രിസ്തുവിലുള്ള രക്ഷയെ കുറിച്ച് മറ്റുള്ളവരോട് അറിയിക്കുക.
  • ദൈവ വചനത്തിനു ജീവിതത്തില്‍ ഏറ്റവും അധികം പ്രാമുഖ്യം കൊടുക്കുക.

അങ്ങനെ സഭയില്‍ നവീകരണ പ്രസ്ഥാനം ആരംഭിച്ചു. ആദിമ ക്രിസ്തീയ സഭയുടെ ജീവിത വിശുദ്ധിയിലേക്കും പ്രവര്‍ത്തങ്ങളിലേക്കും ഉള്ള ഒരു മടങ്ങിപ്പോക്കായിരുന്നു ഈ നവീകരണ പ്രസ്ഥാനം. ദൈവവചനം പ്രസംഗിക്കുന്നതിലും ഉണര്‍വ്വ് യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിലും നവീകരണ പ്രസ്ഥാനത്തോട് കൂറു പുലര്‍ത്തുന്ന അച്ചന്മാരും സഭാജനങ്ങളും പ്രത്യേകം ശ്രദ്ധിച്ചു. ദൈവനുഗ്രഹം കൊടുക്കുന്നതിന്റെ കൈവശാവകാശം അച്ചന്മാര്‍ക്കാണ് എന്ന വിശ്വാസം പഴംകഥയായി. ക്രിസ്തുവിന്റെ ഏക മദ്ധ്യസ്ഥം‍, സാധാരണ സഭാജനങ്ങളുടെ പ്രാധാന്യം, എല്ലാ വിശ്വാസികളുടേയും ക്രൈസ്തവ പൗരോഹിത്യം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തു. വേദപുസ്തകപഠനത്തിനായി കൂടുതല്‍ കൂടുതല്‍ കൂട്ടങ്ങള്‍ രൂപീകരിച്ചു, ദൈവവചനം പ്രഘോഷിക്കുന്നതിനു കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചു, ദൈവവചനം കേള്‍ക്കുക എന്നത് സാധാരണമായി.

അന്നത്തെ മലങ്കര മെത്രാപ്പോലിത്ത ആയിരുന്ന ചേപ്പാട്ട് മാര്‍ ദിവാന്ന്യോസ് (മാര്‍ത്തോമ്മാ പന്ത്രണ്ടാമന്‍) ഈ മാറ്റങ്ങള്‍ ഒന്നും അംഗീകരിക്കുവാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം അബ്രഹാം മല്പാനു കീഴില്‍ പഠിച്ച ശെമ്മാശന്മാര്‍ക്ക് പട്ടം കൊടുക്കാന്‍ വിസമ്മതിച്ചു. മാത്രമല്ല നവീകരണ പ്രസ്ഥാനം ആരംഭിച്ചതിനു ശിക്ഷ എന്ന നിലയില്‍ അബ്രഹാം മല്പാനെ സഭയില്‍ നിന്നു പുറത്താക്കി. അതോടെ അബ്രഹാം മല്പാന്‍ തന്റെ മാതൃ ഇടവകയായ മാരാമണ്‍ പള്ളിയിലേക്ക് തിരിച്ചു പോയി. തന്റെ ജീവിതത്തില്‍ നേരിട്ട ഈ വലിയ പ്രതിസന്ധിയില്‍ തളരാതെ അദ്ദേഹം ദൈവവിശ്വാസത്തില്‍ അചലഞ്ചനായി നിന്നു. മാതൃ ഇടവക അദ്ദേഹത്തിനു പിന്തുണയുമായി നിന്നു. നവീകരണ ആശയങ്ങളോട് ആഭിമുഖ്യം ഉള്ള ജനങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ പോവുകയും ആ ഉപദേശങ്ങളില്‍ ബലപ്പെടുകയും ചെയ്തു. മാരാമണ്ണിനു പുറമേ മറ്റു ചില ഇടവകകളും നവീകരണ ആശയങ്ങള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.

നവീകരണ ആശയങ്ങള്‍ മനസ്സിലാക്കുയും അതിനോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്യുന്ന ഒരു ബിഷപ്പ് ഇല്ലെങ്കില്‍ ഈ നവീകരണ ആശയങ്ങള്‍ മുന്നോട്ട് പോകില്ല എന്നു അബ്രഹാം മല്പാന് മനസ്സിലായി. അന്ന് മദ്രാസില്‍ പഠിക്കുകയായിരുന്ന തന്റെ ഒരു ബന്ധുവായ മാത്യു ശെമ്മാശനെ അദ്ദേഹം സിറിയന്‍ പാത്രിയര്‍ക്കിസിന്റെ അടുത്തേക്ക് അയച്ചു. ശെമ്മാശന്റെ കഴിവിലും സ്വഭാവത്തിലും മതിപ്പ് തോന്നിയ പാത്രിയര്‍ക്കിസ് അദ്ദേഹത്തെ ആദ്യം പുരോഹിതനായും പിന്നീട് മാത്യൂസ് മാര്‍ അത്താനോസ്യോസ് എന്ന പേരില്‍ മെത്രാപ്പോലിത്തയായും വാഴിച്ചു. പാത്രിയര്‍ക്കിസില്‍ നിന്നു ലഭിച്ച പുതിയ സ്ഥാനമാനങ്ങളുമായി മാത്യൂസ് മാര്‍ അത്താനോസ്യോസ് 1843-ല്‍ കൊച്ചിയിലെത്തി.

കൊച്ചിയിലെത്തിയ മാത്യൂസ് മാര്‍ അത്താനോസ്യോസ് മെത്രപ്പോലീത്താ തിരുവനന്തപുരത്തേക്ക് പോയി രാജാവിനെ കണ്ട് തന്നെ മലങ്കര മെത്രാപ്പോലീത്താ ആയി ചുമതല പെടുത്തികൊണ്ടുള്ള കല്പന പുറപ്പെടുവിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു. സ്വാഭാവികമായും ചേപ്പാട്ട് മാര്‍ ദിവാന്ന്യോസ് ഇതിനെ എതിര്‍ത്തു. ഈ സമയത്തോടടുത്ത് 1845-ല്‍ 49-മത്തെ വയസ്സില്‍ അബ്രഹാം മല്പാന്‍ മരിച്ചു.

മാത്യൂസ് മാര്‍ അത്താനോസ്യോസിനെ മലങ്കര മെത്രാപ്പോലിത്താ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള രാജകല്പന 1852-ല്‍ പുറത്തു വന്നു. രാജാവിന്റെ അംഗീകാരം കിട്ടിയതോടെ മെത്രാപ്പോലിത്താ കൂടുതല്‍ പ്രവര്‍ത്തന നിരതനാവുകയും നവീകരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു. മാത്യൂസ് മാര്‍ അത്താനോസ്യോസിനെ മലങ്കര മെത്രാപ്പോലിത്താ ആയി പ്രഖ്യാപിച്ചതിനാല്‍ സുറിയാനി സെമിനാരി നവീകരണക്കാരുടെ അധീനതയില്‍ ആയിരുന്നു. മാത്യൂസ് മാര്‍ അത്താനോസ്യോസ് 1868-ല്‍ അബ്രഹാം മല്പാന്റെ പുത്രനെ തോമസ് മാര്‍ അത്താനോസ്യോസ് എന്ന പേരില്‍ ബിഷപ്പായി വാഴിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിനാല്‍ മെത്രാപ്പോലീത്ത ആയി വാഴിക്കപ്പെട്ട പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവാന്ന്യോസോസും കൂട്ടരും മാത്യൂസ് മാര്‍ അത്താനോസ്യോസിനെയും അദ്ദേഹം നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങളെയും ശക്തിയായി എതിര്‍ത്തു. അന്തോക്യന്‍ പാത്രിയര്‍ക്കീസ് പ്രശ്നം പരിഹരിക്കാനായി 1875-ല്‍ കേരളത്തിലെത്തുകയും മുളംതുരുത്തിയില്‍ ഒരു സുനഹദോസ് വിളിച്ചു കൂട്ടുകയും ചെയ്തു. സുനഹദോസ് മലങ്കര സഭയെ 7 ഭദ്രാസനങ്ങളായി വിഭജിക്കുകയും മാത്യൂസ് മാര്‍ അത്താനോസ്യോസിനെയും അദ്ദേഹത്തോട് കൂറു പുലര്‍ത്തുന്ന നവീകരണക്കാരേയും തള്ളിപ്പറയുകയും ചെയ്തു. മലങ്കര സഭയുടെ ഭരണ കാര്യങ്ങളില്‍ ഇടപെടാന്‍ അന്തോക്യന്‍ പാത്രിയര്‍ക്കീസിനു അധികാരമില്ല എന്നു മാത്യൂസ് മാര്‍ അത്താനോസ്യോസ് വാദിച്ചു. ആരാണ് യഥാര്‍ത്ഥത്തില്‍ മലങ്കര മെത്രാപ്പോലീത്താ എന്നതിനെ ചൊല്ലി തര്‍ക്കം മുറുകി. കേസ് കോടതിയിലെത്തി. 1877-ല്‍ മാത്യൂസ് മാര്‍ അത്താനോസ്യോസ് കാലം ചെയ്തു. തോമസ് മാര്‍ അത്താനാസ്യോസ് അദ്ദേഹത്തിന്റെ പിന്തുര്‍ച്ചയായി അധികാരമേറ്റു. തോമസ് മാര്‍ അത്താനാസ്യോസിനു കോടതി കേസുകളുടെയും, സുറിയാനി സെമിനാരിയുടേയും, പള്ളികളുടേയും ഉടമസ്ഥ തര്‍ക്കത്തിന്റേയും അധിക ബാധ്യത പേറേണ്ടി വന്നു.അവസാനം 1889-ല്‍ തിരുവനന്തപുരം കോടതി ചേപ്പാട്ട് മാര്‍ ദിവാന്ന്യോസോസ് അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിനു വിധേയപ്പെട്ടിരിക്കുന്നതിനാല്‍ അദ്ദേഹമാണ് മലങ്കര മെത്രാപ്പോലീത്താ എന്നു വിധിച്ചു. ജഡ്ജിമാരില്‍ ഒരാള്‍ മലങ്കര സഭ തുടക്കം മുതല്‍ ഒരു സ്വതന്ത്ര സഭ ആയിരുന്നു എന്നും അതിനാല്‍ തോമസ് മാര്‍ അത്താനാസ്യോസ് ആണ് മലങ്കര മെത്രാപ്പോലീത്ത എന്നു വിധിച്ചു. സ്വാഭാവികമായും ഭൂരിപക്ഷം ചേപ്പാട്ട് മാര്‍ ദിവാന്ന്യോസോസിനോടൊപ്പമായതിനാല്‍ അദ്ദേഹം കേസ് ജയിച്ചു.

വിധി വന്നതോടെ തോമസ് മാര്‍ അത്താനാസ്യോസിനു സുറിയാനി സെമിനാരി വിടേണ്ടി വന്നു. അന്ത്യോക്യന്‍ പാത്രിയര്‍ക്കിസിനെ അംഗീകരിക്കാമെങ്കില്‍ തോമസ് മാര്‍ അത്താനാസ്യോസിനെ മലങ്കര മെത്രാപ്പോലിത്താ ആയി അംഗീകരിക്കാം എന്നൊരു നിര്‍ദ്ദേശം വന്നു എങ്കിലും അദ്ദേഹം അതിനോട് യോജിച്ചില്ല.

ആരാധന ക്രമങ്ങള്‍ പരിഷ്ക്കരിക്കുന്നതിലും മലങ്കര സഭയില്‍ നില നിന്നിരുന്ന പല അനാചാരങ്ങളും നിര്‍ത്തലാക്കുന്നതിലും ഒക്കെ നവീകരണക്കാര്‍ വിജയിച്ചു എങ്കിലും അവര്‍ക്ക് അതിനു വലിയ വില കൊടുക്കേണ്ടി വന്നു. കേസുനടത്തികൊണ്ടു പോകുന്നതിനുണ്ടായ ഭാരിച്ച ചിലവും കേസില്‍ തോറ്റതു മൂലം ഉണ്ടായ മാനസികമായ വിഷമവും ആയിരുന്നു മലങ്കര സഭയെ നവീകരിക്കാന്‍ പുറപ്പെട്ട നവീകരണക്കാര്‍ക്ക് കിട്ടിയത്. കേസില്‍ ഉണ്ടായ തോല്‍വി മൂലം നവീകരണ പ്രസ്ഥാനത്തിന്റെ ബിഷപ്പുമാര്‍ക്ക് മലങ്കര സഭയുടെ ആസ്ഥാനമായി കരുതിയിരുന്ന കോട്ടയം സുറിയാനി സെമിനാരി ദുഃഖത്തോടെ വിട്ടിറങ്ങേണ്ടി വന്നു. എല്ലാം നഷ്ടപ്പെട്ടവരായി നവീകരണക്കാര്‍ സുറിയാനി സെമിനാരി വിട്ടിറങ്ങി. അവര്‍ വേറെ ഒരു പുതിയ ഒരു സഭ രൂപീകരിക്കാന്‍ തീരുമാനിച്ചു. അന്ന് അവരെ പുത്തന്‍ കൂറ്റുകാര്‍ എന്നാണ് വിളിച്ചിരുന്നത്.

അതിനു ശേഷം പള്ളികളുടെ ഉടമസ്ഥതയെ ചൊല്ലി തര്‍ക്കം ഉടലെടുത്തു. നവീകരണക്കാര്‍ക്ക് കോടതി വിധിയിലൂടെ മാരാമണ്‍, കോഴഞ്ചേരി എന്നീ പള്ളികളും തര്‍ക്കം കൂടാതെ കൊട്ടാരക്കര പള്ളിയും ലഭിച്ചു. അഞ്ച് പള്ളികളില്‍ രണ്ട് കൂട്ടര്‍ക്കും ഇടവിട്ട ഞായറാഴ്ചകളില്‍ ആരാധന നടത്താന്‍ അനുമതി കൊടുത്തു. ബാക്കിയെല്ലാം നഷ്ടപ്പെട്ട നവീകരണക്കാര്‍ ചെറിയ ഷെഡുകള്‍ നിര്‍മ്മിച്ചു അതില്‍ ആരാധന നടത്തി.സത്യത്തില്‍ ഭൌതീകമായി നേരിട്ട ഈ വമ്പന്‍ തോല്‍വി നവീകരണക്കാര്‍ക്ക് അത്മീയമായി ഒരു പുത്തന്‍ ഉണര്‍വ്വ് സമ്മാനിച്ചു. തങ്ങള്‍ക്ക് കൂടി പാരമ്പര്യമായി അവകാശപ്പെട്ട എല്ലാം നഷ്ടപ്പെട്ടു എങ്കിലും ഈ അവസരം ദൈവത്തിങ്കലേക്ക് നോക്കാനും അവന്റെ ശക്തിയില്‍ എല്ലാം അര്‍പ്പിക്കാനും ഉള്ള ഒരു അവസരമായി സഭാ ജനങ്ങളും പുരോഹിതരും ഉപയോഗിച്ചു. ഈ സമയത്ത് സഭ ആത്മീയമായി അതിന്റെ ഔന്നത്യങ്ങളില്‍ ആയിരുന്നു.

തോമസ് മാര്‍ അത്താനാസ്യോസ് തന്റെ പിന്‍ഗാമിയെ വാഴിക്കാതെ 1893-ല്‍ കാലം ചെയ്തു. ഈ സമയത്ത് ഈ പുതിയ സഭയുടെ (നവീകരണക്കാരുടെ) രക്ഷയ്ക്ക് തോഴിയൂര്‍ സഭയുടെ ബിഷപ്പായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എത്തി. അദ്ദേഹം തോമസ് മാര്‍ അത്താനാസ്യോസിന്റെ ഇളയ സഹോദരനെ ടൈറ്റസ് ഒന്നാമന്‍ എന്ന പേരില്‍ ബിഷപ്പായി വാഴിച്ചു. എത്തി. അദ്ദേഹത്തിന്റെ സമയത്താണ് 1896-ല്‍ പ്രശസ്തമായ മാരാമണ്‍ കണ്‍വന്‍ഷനു‍ തുടക്കം കുറിച്ചത്. വര്‍ഷം തോറും ഫെബ്രുവരിമാസം നടക്കുന്ന ഈ കണ്‍വെന്‍ഷന്‍ മാര്‍ത്തോമ്മാ സഭയുടെ ആത്മീയ അഭിവൃദ്ധിയില്‍ ഒരു വലിയ പങ്കു വഹിക്കുന്നു.

113th മാരാമണ്‍ കണ്‍വന്‍ഷന്‍ 2008
113th മാരാമണ്‍ കണ്‍വന്‍ഷന്‍ 2008

[തിരുത്തുക] നവീകരണത്തിനു ശേഷമുള്ള കാലം (1899-ഇന്നു വരെ)

നവീകരണകാലഘട്ടത്തിനു ശേഷം സഭയുടെ ആദിമ പിതാക്കന്മാര്‍ക്ക് സഭയെ ഒന്നുമില്ലായ്മയില്‍ നിന്നു വളര്‍ത്തി കൊണ്ടു വരേണ്ടി വന്നു. ആത്മീയമായി നേടിയ വളര്‍ച്ച മറ്റ് നഷ്ടങ്ങളെ കുറിച്ച് മറക്കാന്‍ അവരെ സഹായിച്ചു. സുവിശേഷം പ്രചരിപ്പിക്കുന്നതിനെകുറിച്ചുള്ള അറിവ് നവീകരണ പ്രസ്ഥാനത്തിനു പുത്തന്‍ ഉണര്‍വ്വ് നല്‍കി.1909 -ല്‍ ടൈറ്റസ് I നെ തുടര്‍ന്ന് ടൈറ്റസ് II-മന്‍ മലങ്കര മെത്രാപ്പോലിത്ത ആയി സ്ഥാനമേറ്റു. ഇദ്ദേഹത്തിന്റെ കാലത്താണ് നവീകരണക്കാര്‍ മാര്‍ത്തോമ്മാ സുറിയാനി സഭ എന്ന പേര് സ്വീകരിച്ചത്. 1927-ല്‍ നവീകരണ ദൈവശാസ്ത്ര പ്രകാരം കുര്‍ബ്ബാനക്രമവും മറ്റ് സഭാസംബന്ധിയായ പുസ്തകങ്ങളും സഭാ ജനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ വേണ്ടി പുറത്തിറക്കി. 1944-ല്‍ ടൈറ്റസ് രണ്ടാമന്‍ കാലം ചെയ്തപ്പോള്‍ അബ്രഹാം മാര്‍ത്തോമ്മായും അദ്ദേഹത്തെ തുടര്‍ന്ന് 1947-ല്‍ യൂഹാന്നോന്‍ മാര്‍ത്തോമ്മായും മെത്രാപ്പോലിത്താ ആയി സ്ഥാനമേറ്റു.

1961-ല്‍ ദൈവശാസ്ത്രപരമായ ചില വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത ഉള്ളതിനാല്‍ ശ്രീ. കെ.എന്‍ ദാനിയേലിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മാര്‍ത്തോമ്മാ സഭയില്‍ നിന്നു വിഘടിച്ചു പോയി സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭ എന്ന പേരില്‍ ഒരു പുതിയ സഭ രൂപീകരിച്ചു. തിരുവല്ലയിലെ മഞ്ഞാടിയാണ് സഭയുടെ ആസ്ഥാനം. [4] യൂഹാന്നോന്‍ മാര്‍ത്തോമാ മെത്രാപ്പോലിത്തയുടെ കാലത്ത് സഭ ഭൌതീകമായി വളരെ വളര്‍ച്ച നേടി. യൂഹാന്നോന്‍ മെത്രാപ്പോലിത്തയെ തുടര്‍ന്ന് 1976-ല്‍ അലക്സാണ്ടര്‍ മെത്രാപ്പോലിത്തയും അദ്ദേഹത്തെ തുടര്‍ന്ന് 1999-ല്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലിത്തയും മാര്‍ത്തോമ്മാ സഭയെ നയിക്കാന്‍ തെരെഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലിത്ത ആണ് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയെ നയിക്കുന്നത്.

ഭൌതീകമായി കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലം കൊണ്ട് സഭ വളരെയധികം വളര്‍ന്നു. വടക്കേ അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവടങ്ങളിലും ഇന്ന് ഈ സഭയുടെ സാന്നിധ്യം ഉണ്ട്. പതിനൊന്ന് ഭദ്രാസനങ്ങള്‍ക്ക് കീഴിലായി 1100-ഓളം ഇടവകകള്‍ ഇന്നു മാര്‍ത്തോമ്മാ സഭയ്ക്ക് ഉണ്ട്. 10 ബിഷപ്പുമാരും (മെത്രപ്പോലിത്താ അടക്കം) 786 പുരോഹിതന്മാരും സഭയില്‍ വിവിധ മേഖലകളില്‍ സഭയെ നയിക്കുന്നു. ജനാധിപത്യമായ ഒരു ഭരണ സംവിധാനം ആണ് സഭയ്ക്ക് ഉള്ളത്. ഇതിനു വേണ്ടി പ്രതിനിധി മണ്ഡലം, സഭാ കൌണ്‍സില്‍, എപ്പിസ്ക്കോപല്‍ സിനഡ് എന്നിങ്ങനെ മൂന്നു സംവിധാനം സഭയ്ക്ക് ഉണ്ട്. വിദ്യാഭ്യാസ മേഖലയില്‍ സഭ അതിന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സഭയ്ക്ക് ഇപ്പോള്‍ 8 കോളേജുകളും, 6 ഹയര്‍ സെക്കന്ററി സ്ക്കൂളുകളും, ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളും, 8 ഹൈസ്ക്കൂളുകളും, പിന്നെ മറ്റു ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ട്. പ്രാദേശിക ഇടവകള്‍ക്ക് ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമേ ആണിത്.

[തിരുത്തുക] ഭരണം

മാര്‍ത്തോമ്മാ സഭയ്ക്ക് വ്യക്തമായി നിര്‍വചിക്കപ്പെട്ട ഒരു ഭരണ ഘടന ഉണ്ട്. ത്രിത്വത്തിലുള്ള വിശ്വാസം, യേശുക്രിസ്തുവിലൂടെ ആണ് രക്ഷ എന്ന വിശ്വാസം, എല്ലാ ദൈവശാസ്ത്രപമായ വിശ്വാസങ്ങളുടേയും അടിസ്ഥാനം സത്യവേദ പുസ്തകം ആണെന്നുള്ള വിശ്വാസം, മുതലായ ചില അടിസ്ഥാന ശിലകളില്‍ ആണ് സഭയുടെ ഭരണ ഘടന പടുത്തുയര്‍ത്തിയിരിക്കുന്നത്.

സഭയുടെ ഭരണ സംവിധാനം മൂന്നായി വിഭജിച്ചിരിക്കുന്നു.

  • 1. സഭയെ മൊത്തമായി നയിക്കുന്ന കേന്ദ്രം
  • 2. ഭദ്രാസനങ്ങള്‍
  • 3. ഇടവകകള്‍

[തിരുത്തുക] കേന്ദ്ര ഭരണം

കേന്ദ്ര ഭരണ സംവിധാനത്തില്‍ മെത്രാപ്പോലിത്തയും, എപ്പിസ്ക്കോപ്പല്‍ സുനഹദോസും, പ്രധിനിധി മണ്ഡലവും ഉള്‍പ്പെടുന്നു.

[തിരുത്തുക] ഭദ്രാസനങ്ങള്‍

കേന്ദ്ര ഭരണസംവിധാനത്തെ ഭദ്രാസനങ്ങള്‍ സഹായിക്കുന്നു. ഭദ്രാസന ബിഷപ്പ് മെത്രാപ്പോലിത്തയെ ഭരണത്തില്‍ സഹായിക്കുന്നു.

[തിരുത്തുക] ഇടവകകള്‍

ഇടവകകള്‍ ആണ് സഭയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക ഘടകം. ഇടവകയുടെ രജിസ്ട്രറില്‍ പേരുള്ള എല്ലാവരും ഇടാവകാംഗങ്ങള്‍ ആണ്.

[തിരുത്തുക] ബിഷപ്പുമാര്‍

[തിരുത്തുക] ഇപ്പോഴത്തെ ബിഷപ്പുമാര്‍

  • മാര്‍ത്തോമ്മാ XX മന്‍ റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലിത്താ
  • മാര്‍ത്തോമ്മാ XXI മന്‍ റവ. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്താ
  • റവ. ഡോ. സഖറിയാസ് മാര്‍ തിയോഫിലസ് സഫ്രഗന്‍ മെത്രാപ്പോലിത്താ
  • റവ. ഡോ. ഗീവര്‍ഗീസ് മാര്‍ അത്താനോസ്യോസ്
  • റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്
  • റവ. ഡോ. യുയാക്കീം മാര്‍ കൂറിലോസ്
  • റവ. ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ്
  • റവ. ഡോ. തോമസ് മാര്‍ തിമൊഥെയോസ്
  • റവ. ഡോ. ഐസക് മാര്‍ പീലക്സിനോസ്
  • റവ. ഡോ. അബ്രഹാം മാര്‍ പൗലോസ്

[തിരുത്തുക] സഭയെ മുന്‍പ് നയിച്ച മാര്‍ത്തോമ്മാ മെത്രാപ്പോലിത്തമാര്‍

  • മാര്‍ത്തോമ്മാ XIX (1976 - 1999) അലക്സാണ്ടര്‍ മാര്‍ത്തോമ്മാ
  • മാര്‍ത്തോമ്മാ XVIII (1947 - 1976) യൂഹാന്നോന്‍ മാര്‍ത്തോമ്മാ
  • മാര്‍ത്തോമ്മാ XVII (1944 - 1947) അബ്രഹാം മാര്‍ത്തോമ്മാ
  • മാര്‍ത്തോമ്മാ XVI (1909 - 1944) ടൈറ്റസ് II
  • മാര്‍ത്തോമ്മാ XV (1893 - 1909) ടൈറ്റസ് I
  • മാര്‍ത്തോമ്മാ XIV (1877 - 1893) തോമസ് മാര്‍ അത്താനോസ്യോസ്
  • മാര്‍ത്തോമ്മാ XIII (1842 - 1877) മാത്യൂസ് മാര്‍ അത്താനോസ്യോസ്
  • മാര്‍ത്തോമ്മാ XII (1827 - 1852) ചേപ്പാട്ട് മാര്‍ ദിവാന്നാസ്യോസ് IV
  • മാര്‍ത്തോമ്മാ XI (1817 - 1825) പുന്നത്തറ മാര്‍ ദിവാന്നാസ്യോസ് III
  • മാര്‍ത്തോമ്മാ X (1816 - 1817) പുലിക്കോട്ടില്‍ മാര്‍ ദിവാന്നാസ്യോസ് II
  • മാര്‍ത്തോമ്മാ IX (1816 - 1817)
  • മാര്‍ത്തോമ്മാ VIII (1809 - 1816)
  • മാര്‍ത്തോമ്മാ VII (1808)
  • മാര്‍ത്തോമ്മാ VI (1765 - 1809) ദിവാന്നാസ്യോസ് I
  • മാര്‍ത്തോമ്മാ X (1728 - 1765)
  • മാര്‍ത്തോമ്മാ VI (1688 - 1728)
  • മാര്‍ത്തോമ്മാ III (1686 - 1688)
  • മാര്‍ത്തോമ്മാ II (1670 - 1686)
  • മാര്‍ത്തോമ്മാ I (1663 - 1670)

[തിരുത്തുക] കാലം ചെയ്ത ബിഷപ്പുമാര്‍

  • റവ. ഡോ.മാത്യൂസ് മാര്‍ അത്താനോസ്യോസ് എപ്പിസ്ക്കോപ്പ
  • റവ. ഡോ. തോമസ് മാര്‍ അത്താനോസ്യോസ് സഫ്രഗന്‍ എപ്പിസ്ക്കോപ്പ
  • റവ. ഡോ.ഈശോ മാര്‍ തിമൊഥെയോസ് എപ്പിസ്ക്കോപ്പ

[തിരുത്തുക] ആധാരസൂചിക

  1. http://www.gsbkerala.com/christ/christian.htm
  2. പി.കെ. ബാലകൃഷ്ണന്‍., ജാതിവ്യവസ്ഥയും കേരള ചരിത്രവും; ഏട്. 369. 2005 കറന്‍റ് ബുക്സ്. തൃശൂര്‍.ISBN 81-226-0468-4
  3. കെ.പി. പത്മനാഭന്‍. കൊച്ചി രാജ്യ ചരിത്രം. ഉദയമ്പേരൂര്‍ സുന്നഹദോസ് വാള്യം 1 പുറങ്ങള്‍ 175-177. ഡിസി ബുക്സ്.
  4. മനോരമ ഇയര്‍ ബുക്ക്‌ 2006 ഏട് 424. മനോരമ പ്രസ്സ്‌ കോട്ടയം

[തിരുത്തുക] കുറിപ്പുകള്‍

  •  നിഖ്യ സുന്നഹദോസില്‍ പുരോഹിതനായ യോഹന്നാന്‍ ഒപ്പു വച്ചത് “പേര്‍ഷ്യയിലെയും മഹത്തായ ഇന്ത്യയിലെയും മെത്രൊപൊലീത്ത” എന്നുസ്വയം വിശേഷിപ്പിച്ചു കൊണ്ടാണ്

[തിരുത്തുക] പുറത്തേക്കുള്ള ലിങ്കുകള്‍

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -