See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂര്‍) - വിക്കിപീഡിയ

കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂര്‍)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ശ്രീ കുരുംബ ഭഗവതി ക്ഷേത്രം
ശ്രീ കുരുംബ ഭഗവതി ക്ഷേത്രം


കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരിലുള്ള ക്ഷേത്രമാണ്‌ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. "കുരുംബക്കാവ്" എന്നാണ്‌ ഇത് അറിയപ്പെടുന്നത്. കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി ഭരിച്ചിരുന്ന നാടുവാണ ചേരന്‍ ചെങ്കുട്ടുവനാണ്‌ കണ്ണകിയെ പ്രതിഷ്ഠിച്ച് ക്ഷേത്രനിര്‍മ്മാണം നടത്തിയത്. പത്തിനിക്കടവുള്‍ (ഭാര്യാദൈവം) എന്നപേരിലാണ്‌ കണ്ണകി അറിയപ്പെട്ടിരുന്നത്. ബ്രാഹ്മണമേധാവിത്വത്തിനുശേഷം ഇന്ന് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഭദ്രകാളിയാണ് സങ്കല്പിച്ച് ആരാധിക്കപ്പെടുന്നത്. കേരളത്തില്‍ ഭദ്രകാളിയെ ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണ്‍ ഇതു എന്നും പറയുന്നു. മാതൃസത്ഭാവം എന്ന ഗ്രന്ഥത്തില്‍ “കോടി” ക്ഷേത്രത്തിലാണ്‍ ഭദ്രകാളിയെ കുടിയിരുത്തിയതെന്നും വളരെയധികം താന്ത്രികവിദ്യകള്‍ ഇതിനു വേണ്ടി പ്രയോഗിച്ച ശേഷമാണ്‍ കുടിയിരുത്താന്‍ കഴിഞ്ഞതെന്നും പറയുന്നു. കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രമാണ്‍ കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രം.[1]

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

കിഴക്കെ നട,ശിവന്‍റെ ദര്‍ശനം
കിഴക്കെ നട,ശിവന്‍റെ ദര്‍ശനം

ക്ഷേത്രം ആദ്യം ദ്രാവിഡന്മാരുടേതായിരുന്നു. പതിവ്രത ദൈവം എന്ന പത്തിനിക്കടവുള്‍ കുരുമ്പയായിരുന്നു പ്രതിഷ്ഠ. സംഘകാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം നിര്‍മ്മിച്ചത് ചേരന്‍ ചെങ്കുട്ടുവനാണ്‌. [2] പത്തിനിക്കടവുള്‍ എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാകന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തില്‍ നിന്നാണ് കൊണ്ടുവന്നത്. ഇതിന്റെ പ്രതിഷ്ഠാചടങ്ങുകളില്‍ അനേകം രാജാക്കന്മാര്‍ പങ്കെടുത്തിരുന്നു. സിലോണിലെ ഗജബാഹു ഒന്നാമന്‍ അവരില്‍ ഒരാളാണ്. ഭരണി ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടല്‍, കാവുതീണ്ടല്‍, തെറിപ്പാട്ട് എന്നിവയാണ്‌ ഈ ക്ഷേത്രത്തിന്‌ പ്രസിദ്ധി നേടിക്കൊടുത്തത്. പില്‍ക്കാലത്ത് ചേരരാജാക്ന്മാര്‍ ബുദ്ധമതം സ്വീകരിച്ചതോടെ കാവും ബുദ്ധവിഹാരമായി. എന്നാല്‍ ഇത് ഇരു ജൈനക്ഷേത്രമായിരുന്നു എന്നാണ്‌ വി.വി.കെ.വാലത്ത് അഭിപ്രായപ്പെടുന്നത്.[3]ഭരണിപ്പാട്ട് എന്നറിയപ്പെടുന്ന അശ്ലീലച്ചുവയുള്ള ഈ പാട്ടുകള്‍ ഇവിടെ താവളമാക്കിയ ബുദ്ധ-ജൈനസന്യാസിമാരെ കുടിയൊഴിപ്പിക്കാനായി ആര്യമേധാവികള്‍ വികസിപ്പിച്ചെടുത്ത ഒരു വഴിയാണെന്നു ചിലര്‍ കരുതുന്നു. ശൈവമതത്തിന്റെ പ്രചാരത്തോടെ ഇത് ഭഗവതിയ്ക്ക് വഴിമാറി. കണ്ണകി പാര്‍വതിയുടേയും കാളിയുടേയും പര്യായമായത് അങ്ങനെയാണ് [4]അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡര്‍ അയിത്തക്കാരും അസ്പ്രശ്യരുമായി പുറന്തള്ളപ്പെട്ടു. എങ്കിലും ആര്യ ദ്രാവിഡ സംസ്കാരത്തിന്റെ സഹിഷ്ണുതയുടെ പ്രതീകമായി ആണ്ടിലൊരിക്കല്‍ കാവു സന്ദര്‍ശിക്കാനുള്ള അവസരം അവര്‍ക്ക് നല്കപ്പെട്ടു. ഇതാണ് കാവുതീണ്ടല്‍.


  • ചേരന്‍ ചെങ്കുട്ടുവന്‍ പ്രതിഷ്ഠിച്ച കണ്ണകിയുടെ സ്മാരകശില പിന്നീട് മാറ്റങ്ങള്‍ക്ക് വിധേയമായി കാളീക്ഷേത്രമായി രൂപാന്തരം പ്രാപിച്ചു എന്നാണ് കരുതപ്പെടുന്നത്. മഹായാമന്‍ പാലിഭാഷയില്‍ രചിച്ച മഹാവംശത്തില്‍ എ.ഡി. 2-ആം നൂറ്റാണ്ടില്‍ ഗജബാഹു സിലോണില്‍ വാണിരുന്നതായും വഞ്ചിയില്‍ വന്ന് പത്തിനീദേവി പ്രതിഷ്ഠാഘോഷത്തില്‍ പങ്കെടുത്തതായും പറഞ്ഞുകാണുകയാല്‍ [5] 1800 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊടുങ്ങല്ലൂരില്‍ കണ്ണകീപ്രതിഷ്ഠ നടന്നതായി കണക്കാക്കാം.

ചെങ്കുട്ടുവന്‍ പ്രതിഷ്ഠിച്ച കണ്ണകി പിന്നീട് മേഴത്തൂര്‍ മുതലായവരുടെ മീമാംസാസിദ്ധാന്തത്തിന്റെ പ്രചാരണംകൊണ്ട് ബ്രാഹ്മണര്‍ക്ക് ആരാധ്യയായിത്തീര്‍ന്നു. മേഴത്തൂര്‍ ഭ്രഷ്ട് കല്‍പിച്ചു മാറ്റിനിര്‍ത്തിയിരുന്ന അടികളെ ശങ്കരാചാര്യര്‍ കൊണ്ടുവരികയും ക്ഷേത്രത്തിലെ പൂജകളുടെയും മറ്റും ചുമതല അവരെ ഏല്പിക്കുകയും ചെയ്തു എന്നാണ്‌‍ ചരിത്രം.[അവലംബം ചേര്‍ക്കേണ്ടതുണ്ട്] ആചാരാനുഷ്ടാനങ്ങള്‍ ബ്രാഹ്മണീകരിക്കുകയും ചെയ്തു. രക്താഭിഷേകവും ജന്തുബലിയും കോഴിവെട്ടും അവസാനിപ്പിച്ച് പകരം ഗുരുതിയും കുമ്പളങ്ങവെട്ടുമായി പരിഷ്കരിച്ചു. ശ്രീ ശങ്കരാചാര്യര്‍ താന്‍ പൂജിച്ചിരുന്ന ശ്രീചക്രം സ്ഥാപിച്ച് ക്ഷേത്രത്തില്‍ ശിവസാന്നിദ്ധ്യം വരുത്തി.[5]. ഇന്നു ക്ഷേത്രഭരണം കൊച്ചി‍ ദേവസ്വം ബോര്‍ഡ് നിര്‍വഹിക്കുന്നു.

  • കുരുംബ ഭഗവതി ക്ഷേത്രം മുന്‍പ് ഒരു ബൌദ്ധക്ഷേത്രമായിരുന്നുവെന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു. അവിടെ ബലിക്കല്ലായി ഉപയോഗിച്ചിരുന്ന വൃത്താകാരത്തിലുള്ള ശിലയിന്മേല്‍ കാണുന്ന പത്മദളങ്ങള്‍ ഒരു ബൌദ്ധസ്തൂപത്തിന്‍റെ ഭാഗമായിരുന്നു ഈ ശിലയെന്ന് വെളിപ്പെടുത്തുന്നുണ്ട്. ബൌദ്ധരെ ഓടിക്കുവാന്‍ വേണ്ടിയാണ്‍ ഈ ക്ഷേത്രത്തില്‍ കോഴിവെട്ടും തെറിപ്പാട്ടും ആരംഭിച്ചതെന്ന ഐതിഹ്യത്തില്‍ എന്തെങ്കിലും സത്യമുണ്ടായിരിക്കണമെന്നത് ഈ ‘ബലിക്കല്ല്‘ സൂചന നല്‍കുന്നു.[6]
  • കൃഷി ചെയ്ത് സ്ഥിരതാമസം തുടങ്ങിയ ശേഷം മാത്രമേ മനുഷ്യന്‍ ഭൂമിദേവിയെ ആരാധിച്ചു തുടങ്ങിയുള്ളു. ഓരോ വിളവെടുപ്പ് കഴിയുമ്പോഴും ഭൂമിദേവി ക്ഷീനിക്കുമെന്ന് ദ്രാവിഡന്‍ വിശ്വസിച്ചു. അതിനാല്‍ പുതിയ ജീവരക്തം നല്‍കി ഓജസ്വിനിയാക്കാന്‍ ബലിയര്‍പ്പിക്കുകയായിരുന്നു. മനുഷ്യബലിയില്‍ നിന്നും പിന്നീട് മൃഗബലിയും പിന്നീട് കുമ്പളങ്ങ തുടങ്ങിയ ഫലങ്ങളുടെ ബലിയുമായി രൂപാന്തരം പ്രാപിച്ചു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ “വസൂരിമാല” പ്രതിമയ്ക്ക് പത്മദളം വരച്ച് മഞ്ഞള്‍പൊടിയും അരിപ്പൊടിയും കൂട്ടികളര്‍ത്തി രക്തവര്‍ണമുള്ള ദ്രവപദാര്‍ഥം തൂവിയാണ്‍ ദേവിയെ പൂജിക്കാറുള്ളത്. ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്നതായിരിക്കണം ഈ പ്രതിമ. ജീവരക്തമൊഴുക്കി ദേവിയെ ഓജസ്വിനിയാക്കുന്ന പ്രക്രിയയാണ്‍ ഈ പൂജയില്‍ അന്തര്‍ഭവിച്ചിട്ടുള്ളത് എന്നാണ്‌ പി.കെ.ഗോപാലകൃഷ്ണന്‍ കരുതുന്നത്[7]
  • ഭരണി ഉത്സവം ആരംഭിച്ചതിനെ ചൊല്ലി നിരവധി നിഗമനങ്ങളുണ്ട്. ചോഴന്മാരെ നേരിടാന്‍ പുറപ്പെടുന്നതിനു മുമ്പ് ആത്മീയമായും സാമുദായികമായും ഉന്നതി കൈവരിക്കാന്‍ കുലശേഖരരാജാവ് രാമവര്‍മ്മകുലശേഖരന്‍ നടത്തിയ ഏതെങ്കിലും യജ്ഞത്തിന്‍റെ ആചാരമായിട്ടു ഭരണി ഉത്സവത്തെ കണക്കാക്കുന്നു.[8]

[തിരുത്തുക] ഐതിഹ്യം

കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹത്താലാണ്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മഹാഭാരതം അനായാസേന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എന്നൊരു വിശ്വാസമുണ്ട്.[9]

[തിരുത്തുക] പ്രതിഷ്ഠകള്‍

പൂജാ സമയങ്ങള്‍
മുഖ്യ പ്രതിഷ്ഠ
മുഖ്യ പ്രതിഷ്ഠ

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഭദ്രകാളിയാണ്. വരിക്കപ്ലാവില്‍ നിര്‍മ്മിച്ച വിഗ്രഹത്തിന്റെ ദര്‍ശനം വടക്കോട്ടാണ്‌. അഷ്ടബാഹുക്കളോടെ രൌദ്രഭാവത്തില്‍ ദാരുകവധത്തിനുശേഷം പ്രദര്‍ശിപ്പിച്ച വിശ്വരൂപത്തില്‍ സങ്കൽപ്പിക്കുന്നു. വിഗ്രഹത്തില്‍ എട്ട് കൈകള്‍ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ല. വിഗ്രഹത്തിനു ഉദ്ദേശം പീഠത്തോടുകൂടി ആറടി ഉയരമുണ്ട്. വലത്തെ കാല്‍ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ്‌‍ ഇരിപ്പ്. തലയില്‍ കിരീടമുണ്ട്.

ശ്രീകോവിലിന്റെ‍ കിഴക്കുഭാഗത്ത് ഒരു രഹസ്യ അറയാണ്. ഈ അറയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു വാതിലുണ്ട്. അതിന്‍റെ മുഖം ശ്രീകോവിലിലേക്കാണ്‌‍. ഒരു ഭിത്തി അറയേയും ശ്രീകോവിലിനേയും വേര്‍തിരിക്കുന്നു. രഹസ്യ അറയ്ക്ക് ശ്രീമൂലസ്ഥാനം എന്നു പറയുന്നു. ചേരന്‍ ചെങ്കുട്ടുവന്‍ മൂലപ്രതിഷ്ഠ - കണ്ണകി പ്രതിഷ്ഠ - നിര്‍വഹിച്ച ശ്രീമൂലസ്ഥാനം രഹസ്യഅറയാക്കിയിരിക്കുകയാണ്. ദേവിയെ ബ്രാഹ്മണീകരിച്ചപ്പോല്‍ രഹസ്യ അറയില്‍ നിന്നും ഇരിപ്പിടം മാറ്റി പ്രതിഷ്ഠിച്ച് ഭദ്രകാളി സങ്കല്പം വളര്‍ത്തിയെടുത്തു.

[തിരുത്തുക] ശിവന്‍

ശിവന്റെ ദര്‍ശനം കിഴക്കോട്ടാണ്. ശിവക്ഷേത്രത്തിന്‍റെ തറ കരിങ്കല്ലുകൊണ്ടും ചുമരുകള്‍ വെട്ടുകല്ലുകൊണ്ടും തീര്‍ത്തതാണ്. നന്ദി പ്രതിഷ്ഠ ഇവിടെ ഇല്ല. ശിവക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ബലിക്കല്ല് സാമാന്യം വലുതാണ്. ശിവന്‍ പ്രത്യേക ഉത്സവങ്ങളും ധ്വജവും ഇല്ല.

[തിരുത്തുക] ക്ഷേത്രപാലകന്‍

ക്ഷേത്രപാലകന്‍
ക്ഷേത്രപാലകന്‍

വടക്കേനടയില്‍ കിഴക്കോട്ട് നീങ്ങിയുള്ളത് ക്ഷേത്രപാലകന്റെ പ്രതിഷ്ഠയാണ്. ക്ഷേത്രപാലന്‍ 12 അടിയോളം ഉയരമുള്ള വിഗ്രഹമാണ്‍. ഇതാണ്‍ കേരളത്തില്‍ ഏറ്റവും ഉയരം കൂടിയ വിഗ്രഹം. മലബാറിലെ ക്ഷേത്രപാലകക്ഷേത്രങ്ങളില്‍ ക്ഷേത്രപാലന്‍ കൊടുങ്ങല്ലൂരില്‍ നിന്നു വന്നു എന്നാണ്‍ ഐതിഹ്യം. പ്രത്യേക നിവേദ്യം പുളിഞ്ചാമൃതമാണ്‌‍ (ശര്‍ക്കരപായസത്തില്‍ തൈര്‌‍ ചേര്‍ത്ത നിവേദ്യം). ക്ഷേത്രപാലകന്റെ നടയ്ക്ക് മുന്നിലുള്ള കല്ലില്‍ ആണ് മുട്ട് ഇറക്കുന്നതിനുള്ള നാളികേരം ഉടക്കുക.

[തിരുത്തുക] തവിടാട്ട് മുത്തി

തവിടാട്ട് മുത്തി
തവിടാട്ട് മുത്തി

ചാമുണ്ഡി രൂപത്തിലുള്ള മൂര്‍ത്തിയാണിത്. പുറത്ത് ശിവന്റെ നടക്കല്‍ ഇടതുഭാഗത്തായാണ് പ്രതിഷ്ഠ. തവിട് കൊണ്ട് ഉഴിഞ്ഞിടുകയാണ് ഇവിടെ പ്രധാന വഴിവാട്.

[തിരുത്തുക] വസൂരിമാല

വസൂരിമാല
വസൂരിമാല

പടിഞ്ഞാറെ നടയിലുള്ള പ്രതിഷ്ഠയാണ് വസൂരിമാല. വടക്കോട്ടാണ്‍ ദര്‍ശനം. വിഗ്രഹത്തിന്‍ 4 അടിയോളം ഉയരമുണ്ട്. വസൂരിമാലയ്ക്കുള്ള വഴിപാടാണ് ഗുരുതി. കുരുമുളക്, മഞ്ഞള്‍ എന്നിവ തൂവുകയാണ് ഇവിടത്തെ പ്രധാന വഴിപാട്. വസൂരി പോലുള്ള അസുഖങ്ങള്‍ വരാതെ ഇരിക്കുന്നതിനാണ് ഇത് ചെയ്യുന്നത്.

[തിരുത്തുക] സപ്തമാതൃക്കള്‍

ശിവന്‍റെ ശ്രീകോവിലിന്‍റെ തെക്കുഭാഗമായിട്ടാണ് സപ്തമാതൃക്കളുടെ പ്രതിഷ്ഠ. ദേവിയുടെ ശ്രീകോവിലിനു പടിഞ്ഞാറുഭാഗത്ത് ഭിത്തിയുടെ തുടര്‍ച്ചയായി, കിഴക്കുപടിഞ്ഞാറ് നീളത്തില്‍ വടക്കോട്ട് ദര്‍ശനമായി മൂന്ന് നടകളായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രധാന മൂര്‍ത്തിയായ ഭഗവതിയേയും കൂട്ടിയാല്‍ അഷ്ടമാതൃക്കളാകും.

[തിരുത്തുക] പൂജകള്‍

ക്ഷേത്രത്തില്‍ തന്ത്രം താമരശ്ശേരി മേയ്ക്കാട്ടുമനയിലെ അംഗങ്ങള്‍ക്കാണ്‍. അടികള്‍ എന്ന സ്ഥാനപ്പേരുള്ള പൂജാരിമാരാണ്‍ ശാക്തേയ പൂജകള്‍ നിര്‍വ്വഹിക്കുന്നത്.

[തിരുത്തുക] വഴിപാട്

എറ്റവും പ്രധാനപ്പെട്ട വഴിപാട് വെടിവഴിപാടാണ്.

[തിരുത്തുക] ഗുരുതി

ശത്രുദോഷത്തിനു പരിഹാരമായി ചെയ്യുന്ന വഴിപാടാണിത്. ഈ ക്ഷേത്രത്തിലെ പ്രത്യേക വഴിപാടണിത്.

[തിരുത്തുക] വിശേഷ ദിവസങ്ങള്‍

[തിരുത്തുക] മീന ഭരണി

കുംഭഭരണിനാള്‍മുതല്‍ ക്ഷേത്രം കൊടിതോരണങ്ങള്‍ കൊണ്‍ട് അലങ്കരിക്കുന്നു‍
കുംഭഭരണിനാള്‍മുതല്‍ ക്ഷേത്രം കൊടിതോരണങ്ങള്‍ കൊണ്‍ട് അലങ്കരിക്കുന്നു‍

ക്ഷേത്രത്തിലെ അറിയപ്പെടുന്ന മുഖ്യ ഉത്സവം മീനഭരണി ആണ്. കൊടുങ്ങല്ലൂര്‍ ഭരണി എന്നാണറിയപ്പെടുന്നത്. ദ്രാവിഡദേവിയെ കണ്ടാരാധിക്കാന്‌ വേണ്ടിയുള്ള ഒരു കൂട്ടം ജനങ്ങളുടെ കൂടിച്ചേരല്‍ ആണ്‍ ഈ ഉത്സവം. ഈ ഉത്സവത്തിനു വരുന്നവരില്‍ അധികവും കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ (കടത്തനാടന്‍) നിന്നുള്ളവരാണെന്നത് ഒരു പ്രത്യേകതയാണ്‌. ഇന്നും കൊടുങ്ങല്ലൂര്‍ ഭരണി ഈ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉത്സവമാണ്‌. കൊടുങ്ങല്ലൂരും ചേരന്റെ രണ്ടാം തലസ്ഥാനമായ തൊണ്ടി (തിണ്ടിസ്) പട്ടണം സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങളും തമ്മിലുള്ള പുരാതന കാലത്തെ ബന്ധമായിരിക്കണം ഈ ആചാരങ്ങള്‍ക്ക് പിന്നില്‍ എന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു. [10]

ദേവിയുടെ ദ്രാവിഡബന്ധം വെളിവാക്കുന്ന ധാരാളം ചടങ്ങുകള്‍ മീനഭരണിക്ക്‌ കാണാന്‍ കഴിയും. കാവുതീണ്ടല്, മന്ത്രതന്ത്രാദികള്‍ ഇല്ലാത്ത കൊടിയേറ്റം, കോഴികല്ല്‌ മൂടല്, പാലക്കാവേലന്‍റെ വരവ്‌ എന്നിവ പ്രത്യേക അനുഷ്ഠാനങ്ങളാണ്. കൊടിയേറ്റ് ചടങ്ങ് കുംഭമാസത്തിലെ ഭരണിനാളില്‍ നടക്കുന്നു. ഇതിനെ ഭരണിവേല കൊടിയേറുക എന്നാണ്‌ പറയുന്നത്.

ക്ഷേത്രപാലന്‍റെ മുന്നിലുള്ള നാളികേരം ഉടക്കുന്ന കല്ല്- ഭരണി നാളിലെ ഇവിടെ ഉടക്കപ്പെടുന്ന നാളികേരത്തിന്‌ കുഡുംബി സമുദായത്തില്പ്പെട്ടവര്‍ക്കണ്‍ അവകാശം
ക്ഷേത്രപാലന്‍റെ മുന്നിലുള്ള നാളികേരം ഉടക്കുന്ന കല്ല്- ഭരണി നാളിലെ ഇവിടെ ഉടക്കപ്പെടുന്ന നാളികേരത്തിന്‌ കുഡുംബി സമുദായത്തില്പ്പെട്ടവര്‍ക്കണ്‍ അവകാശം

തലേ ദിവസം നടക്കുന്ന ചടങ്ങായ (അശ്വതി നാളില്‍) അശ്വതീകാവുതീണ്ടലാണ്‌ എങ്കിലും പ്രധാനപ്പെട്ടത്. മീനഭരണി ദിവസം ക്ഷേത്രത്തില്‍ യാതൊരാഘോഷവുമില്ല. കുംഭമാസത്തിലെ ഭരണിദിവസമുള്ള കൊടിയേറ്റുമുതല്‍ മീനമാസത്തിലെ അശ്വതിനാള്‍ വരെയുള്ള ദിവസങ്ങളാണ്‍ ആഘോഷങ്ങള്‍ മുഴുവനും. ഇക്കാലയളവില്‍ കേരളത്തിലെ മിക്ക ദ്രാവിഡ ക്ഷേത്രങ്ങളിലും പൂരവും കുത്തിയോട്ടം, കെട്ടുകാഴ്ച എന്നീ ആഘോഷങ്ങള്‍ നടക്കുന്നു. അശ്വതിനാളിനു മുന്നേ തന്നെ വിദൂരദേശങ്ങളില്‍ നിന്നും നിരവധി പേര്‍ കാവിലെത്തും. വ്രതാനുഷ്ടാനത്തോടെ എത്തുന്ന ഭക്തരെ ഭരണിക്കാര്‍ എന്നാണ്‌ വിളിക്കുക.


കുംഭമാസത്തിലെ കൊടിയേറ്റിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളില്‍ ആശാരിയും തട്ടാനും ചേര്‍ന്ന് നടത്തുന്ന ഒന്നുണ്ട്. നല്ലവനായ വീരാശാരിയും മലയന്‍ തട്ടാന്‍ എന്നു വിളിക്കുന്ന തട്ടാനുമാണവര്‍. തട്ടാന്‍ മണികിലുക്കി അമ്പലം വലം വെച്ച് അശുദ്ധമാക്കുന്നു. പ്ലാപ്പിള്ളിത്തറവാട്ടിലെ മൂത്തന്മാര്‍ അശുദ്ധിതീര്‍ത്ത് ക്ഷേത്രം ശുദ്ധമാക്കുന്നു. അതോടെ അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടിക്കൂറകള്‍ കെട്ടുന്നു. അതോടെ ഭരണിക്കാലം ആരംഭിക്കുകയായി.

മീനത്തിലെ തിരുവോണദിവസം കഴിഞ്ഞാല്‍ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം തുടങ്ങും. എല്ലാദേശത്തു നിന്നും ജനങ്ങള്‍ സംഘം ചേര്‍ന്ന് ഭരണിക്കാരായി വന്നു ചേരുന്നു. തെറിപ്പാട്ടും പാടി മണികെട്ടിയ വടിയുമായാണ്‌ അവര്‍ വരിക. വയനാട്, കണ്ണൂര്‍, തലശ്ശേരി, പാലക്കാട് എന്നിവടങ്ങളില്‍ നിന്ന് സംഘമായി കാല്‍നടയായി വരുന്നവരും ഉണ്ട്. ഭരണിക്ക് പോകുന്നതിനു ഏഴുദിവസത്തെ വ്രതാചരണം അത്യാവശ്യമായിരുന്നു. ശബരിമലക്ക് പോകുന്നതു പോലുള്ള സന്നാഹങ്ങളും പൂജകളും കഴിച്ചാണ്‌ ഇവര്‍ എത്തിയിരുന്നത്. എല്ലാ ജാതിയില്പെട്ടവര്‍ക്കും കൊടുങ്ങലൂര്‍ ഭരണിക്ക് പോകാം എന്നും ആദിമകാലങ്ങളില്‍ നിരവധി കോഴികളെ അറുത്ത് വെള്ളത്തിനു പകരം മദ്യം തര്‍പ്പണം ചെയ്യുന്ന പതിവായിരുന്നു എന്നാണ്‌ വില്യം ലോഗന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്തിയും ലഹരിയും ഒത്തുചേരുന്ന അപൂര്‍വ്വം ക്ഷേത്രോത്സവങ്ങളാണ്‌ ഇത്.

[തിരുത്തുക] കോഴികല്ല് മൂടല്‍

ഈ വര്‍ഷത്തെ ഭരണി ആഘോഷ ദിവസങ്ങള്‍
ഈ വര്‍ഷത്തെ ഭരണി ആഘോഷ ദിവസങ്ങള്‍

മീനഭരണിക്ക് പത്തു്‌ ദിവസം മുന്‍പാണ്‌ കോഴിക്കല്ലു മൂടല്‍ എന്ന ചടങ്ങ്. ആദ്യകാലങ്ങളില്‍ നടക്കല്‍ കോഴിയെ അറുത്ത് ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു. ജന്തു ഹിംസ പൊതുക്ഷേത്രങ്ങളില്‍ നിരോധിച്ചതുമൂലം അതിനു പകരമായി ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങാണ്‌ നടത്തപ്പെടുന്നത്. കൂടാതെ പ്രതീകാത്മകമായി കുമ്പളങ്ങ മുറിക്കലും കോഴിയെ പറപ്പിക്കലും നടത്തിവരുന്നു. നിരോധനം വരുന്നതിനു മുന്പ് വടകരയിലെ തച്ചോളി വീട്ടിലെ അവകാശമായിരുന്നു ആദ്യത്തെ കോഴിയെ ബലി കഴിക്കുക എന്നത്. കോഴിക്കല്ല് മൂടിയാല്‍ പിന്നെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വെടി നിര്‍ത്തിവക്കുന്നു. പിന്നീട് നടതുറപ്പിനുശേഷമേ വീണ്ടും ഇത് പുനരാരംഭിക്കുകയുള്ളൂ.

[തിരുത്തുക] കാവുതീണ്ടല്‍

ഭരണിനാളിനു തലേദിവസം അശ്വതി നാളില്‍ നടക്കുന്ന പ്രത്യേക ചടങ്ങാണ്. കാവുതീണ്ടല്‍. അന്ന് ഉച്ചക്ക് പതിനൊന്നുമണിയോടെ ക്ഷേത്രത്തിന്‍റെ വടക്കേ നട അടച്ചുപൂട്ടും, പിന്നീട് ക്ഷേത്രത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കുകയില്ല. അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരില്‍ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു. ദേവിയുടെവിഗ്രഹത്തില്‍ നിന്ന് ആഭരണങ്ങള്‍ എല്ലാം അഴിച്ചുമാറ്റി വിഗ്രഹത്തില്‍ തൃച്ചന്ദനപ്പൊടി ചാര്‍ത്തുന്നു. ദേവി ഒരു സാധാരണക്കാരിയായി മാറുന്നു എന്നാണ് സങ്കൽപ്പം.

ക്ഷേത്രത്തിലെ ബലിക്കല്ല് - കോഴിക്കല്ല് എന്നറിയപ്പെടുന്ന ഇതിലെ പദ്മദളങ്ങള്‍ ബൌദ്ധപാരമ്പര്യം തെളിയിക്കുന്നു
ക്ഷേത്രത്തിലെ ബലിക്കല്ല് - കോഴിക്കല്ല് എന്നറിയപ്പെടുന്ന ഇതിലെ പദ്മദളങ്ങള്‍ ബൌദ്ധപാരമ്പര്യം തെളിയിക്കുന്നു

ഇതിനുശേഷം നടതുറക്കുമ്പോള്‍ ദര്‍ശനം നടത്തുന്നത് സര്‍‌വൈശ്വര്യപ്രധാനിയാണ്‌ എന്ന് ഭക്തര്‍ വിശ്വസിക്കന്നു. നടതുറന്നു കഴിഞ്ഞാല്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ വലിയ തമ്പുരാനെ ദേവിയുടെ ഭക്തന്മാരും യോഗക്കാരും ചേര്‍ന്ന് ആനയിച്ച് കൊണ്ടുവരുന്നു. അദ്ദേഹം കിഴക്കേ നടയിലുള്ള നിലപാടുതറയില്‍കയറി കോയ്മ സ്വീകരിക്കുന്നതോടെ കാവ്തീണ്ടല്‍ ആരംഭിക്കുകയായി. കാവുതീണ്ടല്‍ എന്നു പറയുന്നത് ആദ്യകാലത്ത് കാവുമായി ബന്ധമുണ്ടായിരുന്ന എല്ലാ ജാതിക്കാര്‍ക്കും പിന്നീട് ക്ഷേത്രം വിലക്കപ്പെട്ടപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ കാവില്‍ പ്രവേശിക്കാനായി ഒരുക്കപ്പെട്ട ഒരു ദിനമാണ്‌. അതിന്റെ ഓര്‍മ്മക്കായി ദേവീഭക്തന്മാരും കോമരങ്ങളും ഉറഞ്ഞ്തുള്ളി മൂന്നുവട്ടം ക്ഷേത്രത്തെ വലം വക്കുന്നു. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയിലെ ചെമ്പ് പലകയില്‍ അടിച്ചുകൊണ്ടാണ്‌ ഈ പ്രദക്ഷിണം വക്കല്‍ നടക്കുന്നത്. ഇതിനുശേഷം ഏഴുദിവസം കഴിഞ്ഞേ ക്ഷേത്രനട തുറക്കൂ. ഇതിനെ പൂയത്തന് നാളില്‍ നടതുറപ്പ് എന്നാണ്‌ പറയുക.

കാവുതീണ്ടല്‍ കഴിഞ്ഞ് പിറ്റേ ദിവസം (ഭരണി) വരിനെല്ലിന്റെ പായസമാണ്‌ നിവേദ്യമായി നല്‍കുക. പിറ്റേന്ന് മുതല്‍ ഒരോ നേരത്താണ്‌ പൂജ. വടക്കേ നട അടഞ്ഞു കിടക്കുന്നതിനാല്‍ അടികള്‍ കിഴക്കേ നട വഴിയാണ്‌ പൂജ ചെയ്യാനകത്ത് കയറുക.

[തിരുത്തുക] താലപ്പൊലി

കാവു തീണ്ടുന്ന കോമരങ്ങള്‍
കാവു തീണ്ടുന്ന കോമരങ്ങള്‍

മകരം 1 മുതല്‍ 4 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് താലപ്പൊലി. രാത്രി തതലപ്പൊലിയായിരുന്നു പണ്ട്. 85 വര്‍ഷമായിട്ട് അത് പകലത്തേയും പ്രധാന കാഴ്ചയാണ്‍. അതുപോലെ മുന്‍ കാലങ്ങളില്‍ 7 ദിവസത്തെ താലപ്പൊലി ഉണ്ടടയിരുന്നത്രെ. ബുദ്ധമതക്കാരുടെ കതിനാ എന്ന ചടങ്ങുമായി ഇതിന്‌ സാമ്യമുണ്ട്. ക്ഷേത്ര നടത്തിപ്പിനാവശ്യമായ വിഭവസമാഹരണമാണ്‌ ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. മകര സംക്രമദിവസത്തില്‍ ആയിരത്തൊന്നു കതിനാവെടികള്‍ മുഴങ്ങുന്നതോടെയാണ്‌ താലപ്പൊലിയുടെ തുടക്കം. വ്രതശുദ്ധകളായ കന്യകമാര്‍ മംഗളവസ്തുക്കളും കാഴ്ചദ്രവ്യങ്ങളും നിറച്ച താലം ദേവിക്ക് വാദ്യഘോഷങ്ങളോടെ സമര്‍പ്പിക്കുന്നു. അതാണ്‌ താലപ്പൊലി. താലപ്പൊലി ആരംഭത്തോടെ സംഘക്കളി ആരംഭിക്കും. ശാസ്താക്കളി, പാനയംകളി, യാത്രാക്കളി എന്നൊക്കെ ഈ അനുഷ്ഠാനത്തിനു പേരുണ്ട്. നൂറ്റൊന്നു ദിവസത്തെ 'കുളി'യും 51 ദിവസത്തെ വ്രതവും നോറ്റ് ചുവന്ന വസ്ത്രങ്ങള്‍ ധരിച്ച മലയരയന്മാര്‍ ഇരുമുടിക്കെട്ടുകളുമായി വന്നെത്തുന്നു. താലപ്പൊലിക്ക് രണ്ട് ദിവസം മുന്‍പേ ചൊവ്വര ദേശത്തെ നമ്പൂതിരി മാര്‍ വന്ന സംഘക്കളി നടത്തുന്നു. കുടുംബികള്‍ ചെമ്മരിയാടുകളെ ദേവിക്കു നടതള്ളും. ഈ പ്രാരംഭച്ചടങ്ങുകള്‍ക്ക് ശേഷം നാലുദിവസത്തെ താലപ്പൊലിയുത്സവം നടക്കുന്നു.

ഒന്നാം താലപ്പൊലിയുടെ പൂര്‍ണചുമതല ഒന്നു കുറെ ആയിരം യോഗത്തിനാണ്. യോഗക്കാരുടെ കൂട്ടമിരുത്തലും തമ്പുരാന്‍റെ സാന്നിദ്ധ്യവും പഴയ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. മറ്റ് മൂന്ന് ദിവസത്തെ താലപ്പൊലി നടത്തുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡാണ്. എന്നാല്‍ പണ്ട് രണ്ടാം ഉത്സവം അയിരൂര്‍ അയ്യായിരം നായര്‍ കരയോഗവും, മൂന്നാം ദിവസത്തെ കൊച്ചികോവിലകവും നാലാം‍ ദിവസത്തെ കൊടുങ്ങല്ലൂര്‍ തമ്പുരാക്കന്മാരും നടത്തിവന്നിരുന്നു. രണ്ടാം താലപ്പൊലി നടത്തിയിരുന്ന അയ്യൂരായിരം എന്ന യോഗക്കാര്‍ കൊല്ലവര്‍ഷം 1075 നോടടുപ്പിച്ച് നാമാവശേഷമായിത്തീര്‍ന്നു. അതിനുശേഷം ദേവസ്വമാണ്‌ നേരിട്ട് നടത്തുന്നത്. അഞ്ച് മുതല്‍ എട്ട് വരെയും പണ്ട് താലപ്പൊലി ഉണ്ടായിരുന്നു. അഞ്ചാം താലപ്പൊലി ചോവന്മാരും ആറാം താലപ്പൊലി അരയന്മാരും ഏഴ് കണകന്മാരും എട്ടാമത്തേത് ചെറുമരുമാണ്‌ നടത്തിയിരുന്നത്. പില്‍ക്കാലത്ത് അത് നാല്‍ ദിവസമായി ചുരുങ്ങി.

പകല്‍ ശീവേലിയും രാത്രി എഴുന്നള്ളിപ്പുമാണ്‌ താലപ്പൊലിയുടെ ചടങ്ങുകള്‍. ഒരോ ദിവസവും അതാത് നടത്തിപ്പുകാര്‍ സ്ത്രീകള്‍ താലത്തില്‍ കൊണ്ടുവരുന്ന ധനധാന്യങ്ങള്‍ വാദ്യമേള അകമ്പടിയോടെ ദേവിക്കു മുന്നില്‍ ചൊരിയുന്നതാണ്‌ പ്രധാന ചടങ്ങ്.

[തിരുത്തുക] ചാന്താട്ടം

മേടമാസത്തിലെ കര്‍ക്കിടകനാളിലെ ചാന്താട്ടം പ്രധാനമാണ്. ആടിയ ചാന്ത് തൊടുന്നത് സ്ത്രീകള്‍ക്ക് നെടുമംഗല്യത്തിന്‍ ഉത്തമമാണെന്ന് കരുതുന്നു. ക്ഷേത്രത്തില്‍ ആഘോഷിക്കുന്ന മറ്റൊരു ഉത്സവമാണ് നവരാത്രി ഉത്സവം.

[തിരുത്തുക] പ്രത്യേക ആചാരങ്ങള്‍

മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടത്തെ ചില ആചാരങ്ങളും ചടങ്ങുകളും നടത്തുന്നത് ദ്രാവിഡ ഗോത്രത്തില്‍ പെട്ടവരാണ്‌.

  • ക്ഷേത്രപാലന്റെ നടയ്ക്കല്‍ ഉടക്കുന്ന നാളികേരത്തിന്റെ അവകാശം എടമുക്കിലുള്ള കുഡുംബി സമുദായക്കാര്‍ക്കാണ്‌. അതിന്‌ അവര്‍ കൊല്ലം തോറും കര്‍ക്കടമാസം സംക്രാന്തിക്ക് ക്ഷേത്രപരിസരം മുഴുവനും ചെത്തി വൃത്തിയാക്കണം.
  • വസൂരിമാലക്ക് മഞ്ഞപ്പൊടി ആടിക്കുവാനുള്ള അവകാശം പ്ലാപ്പിള്ളി, തേറോടം എന്നീ രണ്ടു വീടുകളിലെ സ്ത്രീകള്‍ക്കാണുള്ളത്. എല്ലാ നടക്കലുമുള്ള ദീപസ്തംഭങ്ങള്‍ തെളിയിക്കലും പ്രസാദങ്ങള്‍ കൊടുക്കലും വടക്കേ നടയിലുള്ള ആല്‍‌ത്തറകളില്‍ പൂരുരുട്ടാതി മുതല്‍ ഇരുന്നു കന്നിവെളിച്ചപ്പാടന്മാരെ വെടിതെളിയിച്ചു വാളും ചിലമ്പും കൊടുക്കാനുള്ള അധികാര അവകാശങ്ങളും മേല്‍ പറഞ്ഞ രണ്ടു വീടുകളിലേയും ആണുങ്ങള്‍ക്കുള്ളതാണ്‌.
  • മേല്പ്പറഞ്ഞ രണ്ടുവീട്ടിലേയും സ്ത്രീകളും പുരുഷന്മാരുമാണ്‌ ദേവിയുടെ ക്ഷേത്രത്തിലെ അടിച്ചുതളി, പാത്രം തേപ്പ്, പൂവുകൊടുക്കല്‍, മലരുവറക്കല്‍, അരിയടിക്കല്‍, മഞ്ഞള്‍ പൊടിക്കല്‍ എന്നീ ചുമതലകള്‍ ചെയ്തു പോരുന്നത്. വര്‍ഷങ്ങളായി ഇതിനു വീഴ്ചയൊന്നും വരുത്തിയിട്ടില്ല.
  • കേരളത്തിലെ പഴയ ആചാരങ്ങളില്‍ ഒന്നായ “കൂട്ടമിരിപ്പ്” ഇപ്പോള്‍ കേരളത്തില്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ മാത്രമേയുള്ളു. മലയാള മാസം ഒന്നാം തിയതിയാണ്‍ കിഴക്കെനടയില്‍ കൂട്ടമിരിപ്പ്. ഇത് പഴയ കാലത്തെ സഭയാണെന്ന് വിശ്വാസം. സങ്കടക്കാരാരുമില്ലെങ്കിലേ കൂട്ടം പിരിയാവൂ എന്നും ക്രമമുണ്ടായിരുന്നത്രെ.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] ആധാരസൂചിക

  1. പി.ജി.രാജേന്ദ്രന്‍ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം”
  2. എ. ശ്രീധരമേനോന്‍, കേരളശില്പികള്‍. ഏടുകള്‍ 18-19, നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 1988
  3. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍ എറണാകുളം ജില്ല. തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. 
  4. കിളിമാനൂര്‍, വിശ്വംഭരന്‍ (ജൂലായ്‌ 1990.). കേരള സംസ്കാര ദര്‍ശനം. (in മലയാളം). കേരള: കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍. 
  5. 5.0 5.1 കുഞ്ഞിക്കുട്ടന്‍ ഇളയത് എഴുതിയ “കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ”
  6. പി. കെ.ഗോപാലകൃഷ്ണന്‍റെ “കേരളത്തിന്‍റെ സാംസ്കാരികചരിത്രം”-ഏഴാം അധ്യായം
  7. പി.കെ.ഗോപാലകൃഷ്ണന് രചിച്ച “കേരളത്തിന്‍റെ സാംസ്കാരികചരിതം”
  8. പി.ജി.രാജേന്ദ്രന്‍ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം”
  9. പി.ജി.രാജേന്ദ്രന്‍ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം”
  10. വേലായുധന്‍, പണിക്കശ്ശേരി. സഞ്ചാരികള്‍ കണ്ട കേരളം, 2001 (in മലയാളം), കോട്ടയം: കറന്‍റ് ബുക്സ്, 434. ISBN 81-240-1053-6. 
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -