മഹാത്മാഗാന്ധി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി | |
---|---|
1869 ഒക്ടോബര്‍ 2 – 1948 ജനുവരി 30 | |
ഭാരതത്തിന്റെ രാഷ്ട്രപിതാവ്–മഹാത്മാഗാന്ധി |
|
അപരനാമം: | ബാപ്പുജി |
ജനനം: | 1869 ഒക്ടോബര്‍ 2 |
ജനന സ്ഥലം: | പോര്‍ബന്തര്‍, ഗുജറാത്ത്, ഇന്ത്യ |
മരണം: | 1948 ജനുവരി 30 |
മരണ സ്ഥലം: | ന്യൂ ഡല്‍ഹി |
മുന്നണി: | ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം |
സംഘടന: | ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് |
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി (ഗുജറാത്തി: મોહનદાસ કરમચંદ ગાંધી, ഹിന്ദി: मोहनदास करमचंद गांधी, IAST: mohandās karamcand gāndhī) അഥവാ മഹാത്മാ ഗാന്ധി (ഒക്ടോബര്‍ 2, 1869 - ജനുവരി 30, 1948) ഇന്ത്യയുടെ രാഷ്ട്രപിതാവാണ്. അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നര്‍ത്ഥം വരുന്ന മഹാത്മാ, അച്ഛന്‍ എന്നര്‍ത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങള്‍ ജനഹൃദയങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാള്‍ ദാര്‍ശികനായാണ് ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നത്.
ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാന്‍ മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവന്‍ അദ്ദേഹം ഹൈന്ദവ തത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലര്‍ത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്കു മാതൃകയായി. സ്വയം നൂല്‍നൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.
ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ആഗോള തലത്തില്‍ ഒട്ടേറെ പൗരാവകാശ പ്രവര്‍ത്തകരെ സ്വാധീനിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, സ്റ്റീവ് ബികോ, നെല്‍സണ്‍ മണ്ടേല, ഓങ് സാന്‍ സൂ കി എന്നിവര്‍ ഗാന്ധിയന്‍ ആശയങ്ങള്‍ സ്വാംശീകരിച്ചവരില്‍പെടുന്നു. ഭാരതീയര്‍ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 2 ഗാന്ധിജയന്തി എന്ന പേരില്‍ ദേശീയഅവധി നല്‍കി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയന്‍ ആശയത്തോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ അന്നേ ദിവസം ലോക അഹിംസാ ദിനമായും പ്രഖ്യാപിചിട്ടുണ്ട്
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
[തിരുത്തുക] ബാല്യം
കരംചന്ദ് ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരില്‍ ഇളയവനായി 1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്ദറില്‍ ജനിച്ചു. ഒരു സഹോദരിയും അദ്ദേഹത്തിനുണ്ടായിരുന്നു. വൈശ്യകുലത്തിലെ ബനിയ ജാതിക്കാരായ ആ കുടുംബം വൈഷ്ണവവിശ്വാസികളായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് കരംചന്ദ് വാങ്കനഗറിലും രാജ്‌കോട്ടിലേയും പ്രധാനമന്ത്രിയായിരുന്നു. കരംചന്ദ് നാലു വിവാഹങ്ങള്‍ ചെയ്തിരുന്നു അവസാനത്തെ ഭാര്യയായിരുന്നു പുത്‍ലിബായി. മുത്തച്ഛന്‍ പോര്‍ബന്ദറില്‍ ദിവാന്‍ ആയിരുന്നു. അച്ഛന്‍ അഞ്ചാം ക്ലാസുവരെയെ പഠിച്ചുള്ളൂ എങ്കിലും ആദര്‍ശധീരനായിരുന്നു. അദ്ദേഹത്തിന് മതകാര്യങ്ങളില്‍ ഒന്നും അത്ര പിടിപാടുണ്ടായിരുന്നില്ല. അമ്മയാകട്ടെ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു. അമ്മ അന്നത്തെ രാജാവായിരുന്ന ഠാക്കൂറിന്റെ വിധവയായ അമ്മയുമായി നല്ല ബന്ധത്തിലായിരുന്നു. [1]
മോഹന്‍ദാസിന് ഏഴു വയസ്സുള്ളപ്പോള്‍ അച്ഛന്‍ പോര്‍ബന്ദര്‍ വിട്ട് രാജ്‌കോട്ടില്‍ ജോലി സ്വീകരിച്ചു. അതിനാല്‍ മോഹന്‍ദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്‌കോട്ടിലായിരുന്നു. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ പതിമൂന്നാമത്തെ വയസ്സില്‍ (1881) പോര്‍ബന്ദറിലെ വ്യാപാരിയായാ ഗോകുല്‍ദാസ് മകാന്‍ജിയുടെ മകള്‍ കസ്തൂര്‍ബയെ വിവാഹം കഴിച്ചു. നിരക്ഷരയായ കസ്തൂര്‍ബായെ മോഹന്‍ദാസ് പഠിപ്പിച്ചു. വിവാഹത്തിനുശേഷവും തന്റെ വിദ്യാഭ്യാസം അദ്ദേഹം തുടര്‍ന്നു. ചെറുപ്പകലത്ത് അത്രയൊന്നും മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നില്ല മോഹന്‍ദാസ്. മെട്രിക്കുലേഷന്‍വളരെ കഷ്ടപ്പെട്ടാണ് വിജയിച്ചത്. ബാരിസ്റ്റര്‍ ആവാനായി കുടുംബാംഗങ്ങള്‍ നിര്‍ബന്ധിച്ചതിനാലാണ് വിദ്യാഭ്യാസം തുടര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിന്റെ അച്ഛന്‍ 1885-ല്‍ അന്തരിച്ചു. 1887-ലായിരുന്നു മോഹന്‍ദാസ് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയത്. പിന്നീട് ഭവനഗറിലെ സമല്‍ദാസ് കോളേജില്‍ പഠന്നം തുടര്‍ന്നു. ജ്യേഷ്ഠന്റെ നിര്‍ബന്ധത്തിനു വഴങ്ങി 1888 സെപ്റ്റംബര്‍ മാസത്തില്‍ നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് കപ്പല്‍ കയറി.
[തിരുത്തുക] ഇംഗ്ലണ്ടില്‍
അദ്ദേഹം ഇംഗ്ലണ്ടില്‍ പോയ വര്‍ഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുട്ടി പിറന്നു, രാംദാസ് ഗാന്ധി. ലണ്ടനിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം നിയമം പഠിച്ചത്. ലണ്ടനിലേക്ക് കപ്പല്‍ കയറുമ്പോള്‍ മദ്യവും മാസവും കഴിക്കില്ലെന്ന് അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു. ആ വാക്കു പാലിച്ച് പൂര്‍ണ്ണ സസ്യഭുക്കായിത്തന്നെ ലണ്ടനില്‍ കഴിച്ചുകൂട്ടി. ഇക്കാര്യത്തില്‍ അമ്മയോടുള്ള വാക്കു പാലിച്ചതിനുപുറമേ സസ്യാഹാരത്തെപ്പറ്റി പഠിക്കുകയും അതിന്റെ ഗുണത്തെക്കുറിച്ച് അറിവ് നേടുകയും വെജിറ്റേറിയന്‍ ക്ലബ്ബില്‍ ചേര്‍ന്ന് അതിന്റെ നിര്‍വ്വാഹക സമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് അദ്ദേഹം ഈ ക്ലബ്ബിന്റെ ഒരു ചെറിയ വിഭാഗം പ്രാദേശികമായി തുടങ്ങി.
ഇത് അദ്ദേഹത്തെ പൊതുപ്രവര്‍ത്തനത്തില്‍ പരിശീലനം നേടാന്‍ സഹായിച്ചു. ഈ ക്ലബ്ബില്‍ വച്ച് അദ്ദേഹം പരിചയപ്പെട്ട ചില സസ്യഭുക്കുകള്‍ അക്കാലത്ത് തിയോസൊഫികല്‍ സമൂഹം എന്ന സാര്‍വ്വത്രിക സാഹോദര്യം കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിച്ചിരുന്ന ഒരു രാജ്യാന്തര സമൂഹത്തിന്റെ പ്രവര്‍ത്തകരായിരുന്നു. അവരിലുടെ ഗാന്ധി ഹിന്ദുത്വം, ബുദ്ധമതം, ബ്രാഹ്മണ സാഹിത്യം തുടങ്ങിയവ പഠിക്കാന്‍ ഇടയായി. ഇംഗ്ലണ്ടില്‍ വച്ചാണ് അദ്ദേഹം ആദ്യമായി ഭഗവദ് ഗീത വായിക്കുന്നത്. ഗാന്ധിയുടെ ആത്മീയ ജിവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ഒരു ഗ്രന്ഥമായിരുന്നു അത്. അന്നുവരെ മതകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധയൊന്നുമില്ലാതിരുന്ന മോഹന്‍ദാസ് ബൈബിള്‍, ഖുര്‍ആന്‍ തുടങ്ങിയ മതഗ്രന്ഥങ്ങളും പഠിച്ചു.
ലണ്ടന്‍ മട്രിക്കുലേഷന്‍ പരീഷ എഴുതിയെങ്കിലും ആദ്യം ലത്തീനില്‍ പരാജയപ്പെട്ടു. എങ്കിലും വീണ്ടും എഴുതി അതില്‍ വിജയം കൈവരിച്ചു. 1891-ല്‍ നിയമപഠനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തി. അമ്മയുടെ മരണവാര്‍ത്തയാണ് അദ്ദേഹത്തെ ഇന്ത്യയില്‍ എതിരേറ്റത്. ഇന്ത്യയില്‍ എത്തിയ ശേഷം മുംബയിലെ കോടതിയില്‍ അഭിഭാഷക വൃത്തി ആരംഭിച്ചുവെങ്കിലും ആദ്യത്തെ വ്യവഹാരത്തില്‍ത്തന്നെ ശരീരം വിറച്ച് ഒരക്ഷരം മിണ്ടാന്‍ പറ്റാതെ ജോലി അവസാനിപ്പിച്ച് മടങ്ങി. പിന്നീട് അദ്ദേഹം മറ്റുള്ളവര്‍ക്കായി പരാതി എഴുതിക്കൊടുക്കുന്ന ജോലി നോക്കിയെങ്കിലും ഇത് മൂത്ത ജ്യേഷ്ഠന് ഇഷ്ടപ്പെട്ടില്ല. ജേഷ്ഠന്റെ നിര്‍ബന്ധഫലമായി അദ്ദേഹം സേട്ട് അബ്ദുള്ള എന്ന ദക്ഷിണാഫ്രിക്കന്‍ വ്യാപരിയുടെ ദാദാ അബ്ദുള്ള & കോ എന്ന ദക്ഷീണാഫ്രിക്കന്‍ കമ്പനിയുടെ വ്യവഹാരങ്ങള്‍ വാദിക്കുന്ന വക്കീലിന്റെ ജോലി ഏറ്റെടുത്തു. കേസ് വാദിക്കുവാനായി കമ്പനി നിരവധി വക്കീലന്മാരെ ഏര്‍പ്പാടാക്കിയിരുന്നു, അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയായിരുന്നു മോഹന്‍ദാസിന്റെ ജോലി.
[തിരുത്തുക] ദക്ഷിണാഫ്രിക്കയില്‍
1893-ല്‍ ഗാന്ധി ദക്ഷിണാഫ്രിക്കയിലെ നറ്റാളില്‍ എത്തി. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനം അദ്ദേഹത്തിന്റെ മനസ്സിനെ പുതിയൊരു രീതിയില്‍ ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. തീവണ്ടിയില്‍ ഉയര്‍ന്ന ശ്രേണികളിലെ കൂപ്പകളില്‍ ഇന്ത്യക്കാരേയോ കറുത്ത വര്‍ഗ്ഗക്കാരെയോ കയറാന്‍ അനുവദിച്ചിരുന്നില്ല. വെള്ളം കുടിക്കാനുള്ള പൊതു ടാപ്പുകളില്‍ നിന്ന് വെള്ളം കുടിച്ചാല്‍ പോലും ഇത്തരക്കാര്‍ക്ക് കടുത്ത ശിക്ഷയായിരുന്നു നല്‍കപ്പെട്ടിരുന്നത്.
ഒരിക്കല്‍ വെള്ളക്കാര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന എ-ക്ലാസ് കൂപ്പയില്‍ യാത്രചെയ്തതിന് ഗാന്ധിയെ മര്‍ദ്ദിക്കുകയും വഴിയില്‍ പീറ്റര്‍മാരീറ്റ്സ്ബര്‍ഗില്‍ ഇറക്കി വിടുകയും ചെയ്തു. തുടര്‍ന്ന താഴ്ന്ന ക്ലാസില്‍ യാത്ര തുടര്‍ന്ന അദ്ദേഹത്തെ തീവണ്ടിയുടെ ഗാര്‍ഡ് ഒരു വെള്ളക്കാരന് സ്ഥലം കൊടുക്കാഞ്ഞതിന് തല്ലി. ഈ സംഭവത്തിനുശേഷം ഗാന്ധിയുടെ ഇത്തരം അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കുറച്ചു സമയം പ്രാക്ടീസിനും മറ്റുള്ള സമയം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുമായി നീക്കിവച്ചു.
പ്രിട്ടോറിയയിലെ തയ്യബ് ഹാജി ഖാന്‍ മുഹമ്മദ് എന്ന ഇന്ത്യാക്കാരനായ വ്യാപാരിയുടെ സഹകരണത്തോടെ അവിടത്തെ ഇന്ത്യാക്കരുടെ ഒരു യോഗം വിളിച്ചു കൂട്ടി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ക്കെതിരെ അദ്ദേഹം സംസാരിച്ചു. ഇംഗ്ലണ്ടില്‍ പോലും ഇത്തരം അനാചാരങ്ങള്‍ ഇല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗാന്ധിയുടെ ആദ്യത്തെ പൊതുപ്രസംഗം അതായിരുന്നു. ഇന്ത്യാക്കാരുടെ വിദ്യാഭ്യാസമില്ലായ്മയും ശുചിത്വക്കുറവുമാണ് ഇതിനു കാരണം എന്നു വിശ്വസിച്ച്, അവ പരിഹരിക്കാനുള്ള നടപടികള്‍ അദ്ദേഹം ആസൂത്രണം ചെയ്തു. തീവണ്ടികളില്‍ ഒന്നും രണ്ടും ക്ലാസ്സുകളില്‍ പ്രവേശനം കിട്ടാനായി റെയിവേ അധികൃതരുമായി ഗാന്ധി കത്തിടപാടുകള്‍ നടത്തി. ഇന്ത്യാക്കാരുടെ സാമ്പത്തിക സാമൂഹിക നിലകളെക്കുറിച്ച് അദ്ദേഹം പഠിക്കാന്‍ ആരംഭിച്ചു. മതപരവും ആദ്ധ്യാത്മികവുമായ വളരെ ഗ്രന്ഥങ്ങള്‍ അദ്ദേഹം ഇക്കാലത്ത് പഠിച്ചു. അദ്ദേഹം താമസിയാതെ കൂടുതല്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലെക്ക് ഇറങ്ങി. ഇതിന്റെ ഭാഗമായി, സുഹൃത്തുക്കളുമൊത്ത് നറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനം ആരംഭിച്ചു. ഇത് ഇന്ത്യാക്കാരുടെ അവകാശ ബോധത്തല്‍ മാറ്റം ഉണ്ടാക്കി. നറ്റാളിലെ കരാര്‍ തൊഴിലാളികളുടെ പ്രശ്നങ്ങളിലും അദ്ദേഹം ഇടപെട്ടു. താമസിയാതെ ദക്ഷിണാഫ്രിക്കയില്‍ അദ്ദേഹം ‘ഗാന്ധിജി’ എന്ന് അറിയപ്പെടാന്‍ തുടങ്ങി. [2] 1896-ല്‍ അദ്ദേഹം ഭാര്യയേയും കുട്ടികളേയും കൊണ്ടുവരാനായി നാട്ടിലേക്ക് ഹ്രസ്വസന്ദര്‍ശനം നടത്തി. രാജ്‌കോട്ടിലെത്തിയ ഗാന്ധി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ നില വിവരിച്ചുകൊണ്ട് ലഘുലേഖകളും പത്രപ്രസ്താവകളും ഇറക്കുകയും ജസ്റ്റീസ് റാനഡേ, ജസ്റ്റീസ് ബദറുദ്ദീന്‍ തയ്ബാജി, സര്‍ ഫിറോസ് ഷാ മേത്ത എന്നിവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇതിനിടക്ക് മുംബൈയില്‍ പ്ലേഗ് പടര്‍ന്നപ്പോള്‍ ശുചീകരണപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. പൂനെയില്‍ ‘ലോകമാന്യ‘ ബാലഗംഗാധര തിലക്‍, ഗോപാലകൃഷ്ണ ഗോഖലെ എന്നിവരെ സന്ദര്‍ശിച്ചു.
1896-ല്‍ ഡര്‍ബനിലെ പാര്‍ലമെന്റ്, വോട്ടവകാശം കറുത്ത വര്‍ഗ്ഗക്കാര്‍ക്കും ഇന്ത്യാക്കാര്‍ക്കും വിലക്കിക്കൊണ്ട് നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചപ്പോള്‍ ഇതിനെതിരായി പോരാടാന്‍ അവിടത്തുകാര്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. പാര്‍ലമെന്‍റ് അടച്ചതിനാല്‍ കാര്യമായി ഒന്നും ചെയ്യാന്‍ പറ്റാത്തതിനാലാണ് അദ്ദേഹം നാട്ടിലേക്ക് വന്നത്. എന്നാല്‍ പാര്‍ലമെന്‍റ് ജനുവരിയില്‍ തുടങ്ങുമെന്നും അടിയന്തിരമായി തിരിച്ചു വരണമെന്നുമുള്ള സന്ദേശം അദ്ദേഹത്തിന് ലഭിച്ചപ്പോള്‍, രണ്ടു മക്കള്‍, വിധവയായ സഹോദരീപുത്രന്‍, ഭാര്യ കസ്തൂര്‍ബാ, എന്നിവരോടൊപ്പം 1897 ഡിസംബര്‍ ആദ്യവാരം ഗാന്ധി ഡര്‍ബനിലേയ്ക്ക് യാത്രയായി. തിരിച്ചെത്തിയ അദ്ദേഹത്തെ വെള്ളക്കാരായ ഒരു കൂട്ടം ആളുകള്‍ ആക്രമിച്ച് പരിക്കേല്പിച്ചു. എന്നാല്‍ അദ്ദേഹം അവര്‍ക്കെതിരായി വ്യവഹാരം നടത്താന്‍ ഇഷ്ടപ്പെട്ടില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തിപരമായ പീഡനങ്ങള്‍ക്ക് കോടതിയില്‍ പകരം ചോദിക്കുന്നത് തനിക്കിഷ്ടമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് അദ്ദേഹത്തിന്റെ വ്യക്തിമാഹാത്മ്യം കാണിക്കുന്ന അദ്യത്തെ സംഭവങ്ങളില്‍ ഒന്നാണ്. നറ്റാള്‍ നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട നിഷ്ഠൂരമായ കരടുബില്ലുകള്‍ക്കെതിരായി അദ്ദേഹം നിരവധി പ്രചാരണപരിപാടികള്‍ സംഘടിപ്പിച്ചു. കോളോണിയല്‍ സെക്രട്ടറിക്ക് നിവേദനവും നല്‍കി. ഇതിനിടക്ക് ബോവര്‍ യുദ്ധത്തില്‍ ഒരു സന്നദ്ധസേവകനായും അദ്ദേഹം പങ്കെടുത്തു. ഇന്ത്യന്‍ ആംബുലന്‍സ് കോര്‍പ്സ് എന്ന സംഘടനയില്‍ യുദ്ധ സമയത്ത് രോഗികളെ ശുശ്രൂഷിക്കാന്‍ ചേര്‍ന്നതിന് പിന്നീട് അദ്ദേഹത്തെ ആദരിച്ചു.
ദക്ഷിണാഫ്രിക്കയില്‍ വച്ച് ഗാന്ധിക്കും കസ്തൂര്‍ബായ്ക്കും രണ്ട് ആണ്‍കുട്ടികള്‍ കൂടി പിറന്നു. രാംദാസ് ഗാന്ധിയും (1897) ദേവ്ദാസ് ഗാന്ധിയും(1900). 1901 ഡിസംബറില്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി. കൊല്‍ക്കത്തയിലെ ദേശീയ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുകയായിരുന്നു ലക്‌ഷ്യം. 1901 ഡിസംബര്‍ 27 ന് ഡി.എ. വാച്ചയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സില്‍ അദ്ദേഹം ദക്ഷിണാഫ്രിക്കന്‍ ഇന്ത്യാക്കാരുടെ അവശതകളെക്കുറിച്ച് പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് കുറച്ചുകാലം ഗോഖലെയുടെ അതിഥിയായി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയി.
.
1903 ഫെബ്രുവരി 14-ന് ട്രാന്‍സ്‍വാള്‍ സുപ്രീം കോടതിയില്‍ വക്കീല്‍ പണി ആരംഭിച്ചു. ജോഹന്നാസ്ബര്‍ഗിലായിരുന്നു താമസം. ഇന്ത്യക്കാര്‍ക്കെതിരായ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം അവിടെ മേയ് 6-നു കൂടിയ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജൂണ്‍ 4-ന് ഗാന്ധി ‘ഇന്ത്യന്‍ ഒപ്പീനിയന്‍‘ എന്ന പത്രം ആരംഭിച്ചു. ആ വര്‍ഷം അവസാനം ഡര്‍ബനില്‍ നിന്ന് 14 മൈല്‍ അകലെ ഫീനിക്സ് എന്ന ആശ്രമം സ്ഥാപിക്കുകയും അങ്ങോട്ട് താമസം മാറ്റുകയും ചെയ്തു. ആശ്രമത്തില്‍ ഒരോരുത്തരും അവരവരുടെ പ്രയത്നം സംഭാവനം ചെയ്യണം എന്ന ആശയം പ്രാവര്‍ത്തികമാക്കി. റസ്കിന്റെ “അണ്‍ ടു ദിസ് ലാസ്റ്റ്” എന്ന പുസ്തകമായിരുന്നു ഇതിനാധാരം.
ദക്ഷിണാഫ്രിക്കായില്‍ അദ്ദേഹത്തിന്റെ ഈ മൂന്നാം വരവിലാണ് സത്യാഗ്രഹം എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്. 1906-ല്‍ അദ്ദേഹം ബ്രഹ്മചര്യം ജീവിതവൃതമാക്കി. ഇതിനിടെ നാട്ടിലായിരുന്ന കസ്തൂര്‍ബായേയും കുട്ടികളേയും വിളിച്ചുവരുത്തി ടോള്‍സ്റ്റോയ് വിഭാവനം ചെയ്ത രീതിയിലുള്ള ടോള്‍സ്റ്റോയ് ഫാം സ്ഥാപിച്ചു അതില്‍ മാതൃകാ കൂട്ടുകുടുംബസങ്കല്പം പരീക്ഷിച്ചു നോക്കി.
ട്രാന്‍സ്‍വാള്‍ പ്രവിശ്യാ സര്‍ക്കാരിനെതിരായി 1907 മാര്‍ച്ച് 22-ന് ഗാന്ധി സത്യാഗ്രഹസമരം ആരംഭിച്ചു. എല്ലാ ഇന്ത്യക്കാരും വിരലടയാളം പതിച്ച രജിസ്ട്രേഷന്‍ കാര്‍ഡ് എപ്പോഴും സൂക്ഷിക്കണമെന്ന ഏഷ്യാറ്റിക് ലോ അമെന്‍ഡ്മെന്‍റ് ഓര്‍ഡിനന്‍സ് എന്ന ബില്ലിനെതിരായിരുന്നു സത്യാഗ്രഹം. ഈ രജിസ്ട്രേഷന്‍ കാര്‍ഡില്ലാത്തവരെ അറസ്റ്റ് ചെയ്യാനും നാടുകടത്താനും വ്യവസ്ഥയുണ്ടായിരുന്നു. 1908- ജനുവരി 10-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു രണ്ടു മാസക്കാലത്തേയ്ക്ക് ജയിലിലടച്ചു. എങ്കിലും താമസിയാതെ ജനറല്‍ സ്മട്സിന്റെ നിര്‍ദ്ദേശപ്രകാരം മോചിപ്പിച്ചു. വീണ്ടും അദ്ദേഹത്തെ 1913 നവംബര്‍ 6-ന് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് നവംബര്‍ 25-ന് നറ്റാളില്‍ യോഗം ചേര്‍ന്നവര്‍ക്കു നേരെ പോലീസ് വെടിവയ്ക്കുകയും രണ്ടു ഇന്ത്യാക്കാര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഗാന്ധിജിയെ ഒന്‍പതു മാസത്തേയ്ക്ക് ജയിലിലടച്ചു. പുറത്തിറങ്ങിയ ശേഷം അദ്ദേഹം, ഇന്ത്യാക്കാര്‍ താമസിക്കുന്ന പ്രവിശ്യ വിട്ട് പുറത്ത് പോകാന്‍ പാടില്ല എന്ന നിയമത്തിനെതിരായി 2037 പുരുഷന്മാരും 129 സ്ത്രീകളും 57 കുട്ടികളുമായി ട്രാന്‍സ്‍വാളിലേയ്ക്ക് മാര്‍ച്ച് നടത്തി. അവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള്‍ ലഹള പൊട്ടിപ്പുറപ്പെട്ടു. 1914 ജൂണ്‍ 30-ന് സര്‍ക്കാര്‍ ഒത്തു തീര്‍പ്പുകള്‍ക്ക് തയ്യാറായി.
[തിരുത്തുക] ഇന്ത്യയില്‍
ഇന്‍ഡ്യയിലേക്ക് തിരിച്ച ഗാന്ധി 1915 ജനുവരി 9 ന് മുംബൈ തുറമുഖത്ത് കപ്പലിറങ്ങി. കാര്യങ്ങള്‍ നേരിട്ട് പഠിക്കാനായി അദ്ദേഹം ഇന്ത്യ മുഴുവനും സഞ്ചരിച്ചു. അന്ന് ഇന്‍ഡ്യന്‍ ദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദര്‍ശിച്ചു. ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് ആശ്രമത്തില്‍ നിന്നും വന്ന വിദ്യര്‍ത്ഥികളെ രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനിലേയ്ക്ക് ക്ഷണിച്ചു. ഗാന്ധിജിയും ടാഗോറും പരിചയപ്പെടുന്നത് അങ്ങനെയാണ്. മരിക്കുവോളം നീണ്ട സുഹൃദ്ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. അഹമ്മദാബാദിലെ കൊച്ച്റാബില്‍ 1915 മേയ് 25-ന് അദ്ദേഹം സത്യാഗ്രഹാശ്രമം സ്ഥാപിച്ചു. ജനസേവനത്തിന് ആത്മസമര്‍പ്പണം ചെയ്യുന്നവര്‍ അഹിംസ, സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവ നിഷ്ഠയോടെ ആചരിക്കണമെന്ന് ഗാന്ധിജി നിര്‍ദ്ദേശിച്ചു. സ്വയം നൂല്‍ നൂറ്റുകൊണ്ട് വസ്ത്രമുണ്ടാക്കുക എന്ന അടിസ്ഥാനത്തിലുള്ള ഖാദി പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നല്‍കി. 1917 ഏപ്രില്‍ 16-ന് ചമ്പാരണ്‍ ജിലയില്‍ തോട്ടം തൊഴിലാളികളെ ബ്രിട്ടീഷ് കരാര്‍ വ്യവസ്ഥയനുസരിച്ചുള്ള അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടി നടത്തിയ സമരത്തില്‍ ഗാന്ധി ഇന്ത്യയില്‍ വച്ച് ആദ്യമായി അറസ്റ്റ് വരിച്ചു. പിന്നീട് 1917-1918 കാലത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി ഗുജറാത്തിലെ ഘേഡ കര്‍ഷക സമരം, അഹമ്മദാബാദിലെ തൊഴില്‍ പ്രശ്നം തുടങ്ങിയവ ഒത്തു തീര്‍പ്പാക്കി. 1917 ജൂണില്‍ സത്യാഗ്രഹാശ്രമം സബര്‍മതി യിലേക്ക് മാറ്റി. പിന്നീട് ഇത് സബര്‍മതി ആശ്രമം എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഒന്നാം ലോകമഹായുദ്ധം നടക്കുന്ന സമയമായിരുന്നു അത്. യുദ്ധത്തിനു ശേഷമെങ്കിലും ബ്രിട്ടിഷുകാരുടെ നയത്തിന് മാറ്റമുണ്ടാവുമെന്ന് എല്ലവരും കരുതിയെങ്കിലും ആ പ്രതീക്ഷ സഫലമായില്ല. ഇന്ത്യയിലങ്ങോളമിങ്ങോളം പ്രതിഷേധസമരങ്ങള്‍ ശക്തമായിത്തീര്‍ന്നു. ഇതിനകം ഗാന്ധിജിയെ നേതാവായി മറ്റു നേതാക്കള്‍ അംഗീകരിച്ചു തുടങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ അദ്ദേഹം നടത്തിയ സമരങ്ങളും അതിന് കാരണമായിരുന്നു.
[തിരുത്തുക] നിസഹകരണ സമരം
റൌലക്റ്റ് ആക്ട് എന്ന നിയമത്തിനെതിരെ 1919 മാര്‍ച്ച് 30-ന് ഹര്‍ത്താല്‍ ആചരിക്കാന്‍ ഗാന്ധി ആഹ്വാനം ചെയ്തു.നിസ്സഹകരണ സമരം അന്നാണ് തുടങ്ങിയത്. ഹര്‍ത്താലിന്റെ തിയ്യതി മാറ്റിയെങ്കിലും പലയിടങ്ങളിലും മാര്‍ച്ച് 30-നു തന്നെ ഹര്‍ത്താല്‍ ആചരിക്കപ്പെട്ടു. ആളുകള്‍ ഗാന്ധിയുടെ വാക്കനുസരിച്ച് വിദ്യാലയങ്ങളും കോടതികളും ബഹിഷ്കരിക്കുകയും ബ്രിട്ടീഷ് സ്ഥാനങ്ങളും സ്ഥാനപ്പേരുകളും ഉപേക്ഷിക്കുകയും ചെയ്തു.
ദില്ലിയില്‍ നടന്ന പോലീസ് വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ അങ്ങോട്ടു പോയ ഗാന്ധിയെ നിരോധനാജ്ഞ ലംഘിച്ചു എന്ന പേരില്‍ ഏപ്രില്‍ 10-ന് അറസ്റ്റ് ചെയ്തു. അറ്സ്റ്റില്‍ പ്രതിഷേധിച്ച് ഇന്ത്യയെങ്ങും ഹര്‍ത്താല്‍ ആചരിക്കപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ഏപ്രില്‍ 13-ന് ജാലിയന്‍ വാലാബാഗില്‍ വച്ച് സമരക്കാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു.[3] ഇതേ തുടര്‍ന്ന് നിയമ ലംഘന സമരം താല്‍കാലികമയി ഏപ്രില്‍ 18-ന് നിര്‍ത്തിവച്ചു. ഉത്തര്‍പ്രദേശിലെ ചൌരിചൌരാ എന്ന സ്ഥലത്ത് ജനക്കൂട്ടം രോഷം പൂണ്ട് പോലീസ് സ്റ്റേഷന്‍ ചുട്ടെരിക്കുകയും പോലീസുകാരെ വധിക്കുകയും ചെയ്തു. ഇതോടെ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിര്‍ത്തി. ബ്രിട്ടീഷുകാരാകട്ടെ ‘യങ് ഇന്ത്യ’ എന്ന മാസികയില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ആറു കൊല്ലത്തേക്ക് തടവിനുശിക്ഷിച്ചു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞ് വിട്ടയച്ചു.
തുടര്‍ന്ന് ഇന്ത്യയൊട്ടാകെ അദ്ദേഹം സഞ്ചരിച്ചു. അയിത്തത്തിനെതിരെ പല യോഗങ്ങളിലും പ്രസംഗിച്ചു. ഹിന്ദു-മുസ്ലീം ഐക്യത്തിനായി ശ്രമിച്ചു. രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുകയും യങ് ഇന്ത്യ പോലുള്ള പത്ര പ്രസിദ്ധീകരണങ്ങളുടെ മേലുള്ള നിരോധനങ്ങള്‍ പിന്‍വലിക്കുകയും ചെയ്തില്ലെങ്കില്‍ നിയമലംഘന പരിപാടികളില്‍ നികുതിനിഷേധം കൂടി ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം വൈസ്രോയി റീഡിങ്ങ് പ്രഭുവിന് അന്ത്യശാസനം നല്‍കി. ഗാന്ധിജിയുടെ മേല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം ഏല്‍ക്കാനായി സമ്മര്‍ദ്ദം ഏറി വന്നു. നൂല്‍നൂല്പ് ഒരു ആദ്ധ്യാത്മിക യാനമായി കണക്കാക്കി ഒരോ പ്രവര്‍ത്തകനും ഖദര്‍ ധരിക്കണമെന്ന വ്യവസ്ഥയില്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം വഹിക്കാന്‍ തയ്യാറായി.
[തിരുത്തുക] നിയമലംഘന സമരം
ഒരൊറ്റ ഇന്ത്യാക്കാരന്‍ പോലും ഇല്ലാത്ത സൈമണ്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളെ ബഹിഷ്കരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തതനുസരിച്ച് നാടെങ്ങും പ്രക്ഷോഭം ഉയര്‍ന്നു. ലാലാ ലജ്പത്റായ് ഉള്‍പ്പടെ പല പ്രമുഖരേയും ബ്രിട്ടീഷ് പട്ടാളം വകവരുത്തി. ഇതിനിടയില്‍ ഭൂനികുതിയിലെ വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഗാന്ധി ബര്‍ദോളിയില്‍ സത്യാഗ്രഹ സമരം ആരംഭിച്ചു. നാടൊട്ടുക്ക് ജൂണ്‍ 12 ബര്‍ദോളി ദിനം ആചരിച്ചു.
സബര്‍മതി ആശ്രമത്തില്‍ 1930 ഫെബ്രുവരി 14 മുതല്‍ 16 വരെ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സിവില്‍ നിയമ ലംഘന സമരം ആരംഭിക്കാന്‍ തീരുമാനമെടുത്തു. ഇതിന്റെ നേതൃത്വം ഗാന്ധിയെയാണ് ഏല്പിച്ചത്. ഉപ്പ് ഉല്‍പ്പാദനത്തില്‍ ബ്രിട്ടീഷ് ഭരണകൂടം ചുമത്തിയ കരത്തിനോട് പ്രതിഷേധിക്കാന്‍ 1930-ല്‍ അദ്ദേഹം ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത ഉപ്പ് സത്യാഗ്രഹം സംഘടിപ്പിച്ചു. 78 അനുയായികള്‍ക്കൊപ്പം മാര്‍ച്ച് 12-ന് ഗാന്ധിജി അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ നിന്ന് കാല്‍നടയായി യാത്ര തിരിച്ചു. യാത്രക്കിടയില്‍ ജനങ്ങള്‍ കൂടി ജാഥ കനത്തു. പലയിടങ്ങളിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഏപ്രില്‍ 5 ദണ്ഡി എന്ന തീരദേശഗ്രാമത്തിലെത്തി. അവിടെ കടപ്പുറത്ത് ഉപ്പുണ്ടാക്കി ഗാന്ധിയും അനുയായികളും നിയമം ലംഘിച്ചു. ഇന്ത്യയില്‍ എങ്ങും നിയമലംഘന സമരങ്ങള്‍ അരങ്ങേറി. പലയിടങ്ങളിലും ലാത്തിച്ചാര്‍ജ്ജും വെടിവയ്പ്പുമുണ്ടായി. ലോകം മുഴുവനും ഉറ്റു നോക്കുന്ന ഒരു സംഭവമായി അത്. ജാഥയെത്തുടര്‍ന്ന് ദണ്ഡി കടപ്പുറത്ത് അദ്ദേഹം സത്യാഗ്രഹം ഇരുന്നു. മേയ് 4-ന് ഗാന്ധിയെ സത്യാഗ്രഹ ക്യാമ്പില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇന്ത്യയൊട്ടാകെ പ്രതിഷേധം അലയടിച്ചു. ജൂലൈ 6-ന് ഗാന്ധി ദിനം കൊണ്ടാടി. മുംബൈയിലും ഷോലാപൂരും തൊഴിലാളികള്‍ പണിമുടക്കി. 1931 ജനുവരി 25 അദ്ദേഹത്തെ മോചിതനാക്കി.
മാര്‍ച്ച് 5-ന് ഇര്‍വിന്‍ കരാര്‍ അനുസരിച്ച് ഗാന്ധി നിയമലംഘന സമരം അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് അനുയോജ്യമായ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ്സിന്റെ ഏക പ്രതിനിധിയായി ഗാന്ധിയെയാണ് തിരഞ്ഞെടുത്തത്. [4]അദ്ദേഹം 1931 ഓഗസ്റ്റ് 29 ലണ്ടനിലേക്ക് തിരിച്ചു. എന്നാല്‍ വട്ടമേശ സമ്മേളനം ഒരു പരാജയമായിരുന്നു. സെപ്റ്റംബര്‍ 1-ന് അത് നിര്‍ത്തിവക്കപ്പെട്ടു. തിരിച്ചു നാട്ടിലെത്തിയ ഗാന്ധിജി സമര പ്രക്ഷോഭങ്ങള്‍ തുടര്‍ന്നു. താമസിയാതെ അദ്ദേഹം ജയിലിലായി. കോണ്‍ഗ്രസ്സ് രണ്ടാം നിയമലംഘന സമരം ആരംഭിച്ചു. ഇത്തവണ കസ്തൂര്‍ബായും സമരത്തില്‍ സജീവം പങ്കെടുത്തു. കസ്തൂര്‍ബാ 1932 ജനുവരി 15-ന് അറസ്റ്റ് വരിച്ചു.
മക്ഡോണള്‍ഡിന്റെ ‘വര്‍ഗീയ വിധിക്കെതിരെ 1932 സെപ്റ്റംബര്‍ 21 ഗാന്ധി യെര്‍വാദാ ജയിലില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. അധ:സ്ഥിത ഹിന്ദു സമുദായങ്ങള്‍ക്ക് വേണ്ടി പ്രത്യേക നിയോജകമണ്ഡലം എന്ന ആ വിധി ഇന്ത്യയില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതാണ് എന്നു കരുതിയ ഗാന്ധി, അതിനു പകരം പൊതു മണ്ഡലങ്ങളില്‍ താഴ്ന്ന ജാതിക്കാര്‍ക്കായി സംവരണം ഏര്‍പ്പെടുത്തുകയാണ് വേണ്ടത് എന്ന് വാദിച്ചു. ഒടുവില്‍ അദ്ദേഹത്തിന്റെ നിലപട് അംഗീകാരിക്കപ്പെട്ടു. 1932 സെപ്റ്റംബര്‍ 24-ന് പൂനെ കരാര്‍ എന്ന ഒത്തുതീര്‍പ്പു വ്യവസ്ഥയുണ്ടാക്കി.
എന്നാല്‍ അദ്ദേഹം അപ്പോഴും ജയില്‍മോചിതനായിരുന്നില്ല.1933 മേയ് 8-ന് രണ്ടാം നിയമലംഘന സമരം താല്‍കാലികമായി നിര്‍ത്തിവച്ചു. ഹരിജന്‍ പ്രശ്നത്തിന്‍ പരിഹാരം കാണാന്‍ ഉപവാസസമരം ആരംഭിച്ചു. എന്നാല്‍ അന്ന് രാത്രി 9 മണിക്ക് അദ്ദേഹത്തെ ജയിലില്‍ നിന്ന് മോചിതനാക്കി. എന്നാല്‍ ജയിലിനുപുറത്തും നിരാഹാരം തുടര്‍ന്ന ഗാന്ധി മേയ് 29-ന് പൂനെയില്‍ വച്ചാണ് നിരാഹാരം അവസാനിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം വ്യക്തിഗത സിവില്‍ നിയമലംഘനങ്ങള്‍ ആരംഭിക്കുകയും വീണ്ടും ജയിലിലടക്കപ്പെടുകയും (ജൂലൈ 31) ചെയ്തു. ആദ്യം സബര്‍മതി ജയിലിലും പിന്നീട് യെര്‍വാദാ ജയിലിലുമയിരുന്നു. ഓഗസ്റ്റ് 4-ന് മോചിതനായെങ്കിലും വീണ്ടും നിയമലംഘനം ആരോപിച്ച് ഒരു വര്‍ഷത്തേക്ക് ജയിലിലടക്കപ്പെട്ടപ്പോള്‍, ഹരിജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം തരാത്തതില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് 16 ജയിലില്‍ നിരാഹരം ആരംഭിച്ചു . ആരോഗ്യനില വഷളായതിനാല്‍ ഓഗസ്റ്റ് 25-ന് വ്യവസ്ഥകള്‍ ഒന്നുമില്ലാതെ അദ്ദേഹം മോചിപ്പിക്കപ്പെട്ടു. പിന്നീട് അദ്ദേഹം ഹരിജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ മുഴുകി.
ഹരിജന ക്ഷേമഫണ്ട് പിരിക്കുവാനുള്ള യാത്രക്കിടയില്‍ അദ്ദേഹം നാലാം വട്ടം 1934 ജനുവരി 10-ന് കേരളത്തില്‍ എത്തി. തലശ്ശേരി, വടകര, ചാലക്കുടി, തിരുവനന്തപുരം,കന്യാകുമാരി എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹം പ്രസംഗിച്ചു. ഈ സന്ദര്‍ശനത്തിനിടയിലാണ് വടകരയില്‍ വച്ച് കൗമുദി എന്ന പെണ്‍കുട്ടി തന്റെ ആഭരണങ്ങള്‍ ഗാന്ധിജിക്ക് സംഭാവന നല്‍കിയത്.
കോണ്‍ഗ്രസ് ഇതിനിടക്ക് കടുത്ത തീവ്രവാദികളായ പ്രവര്‍ത്തകരുടെ കയ്യില്‍ പെട്ടിരുന്നു. സ്വയംഭരണത്തില്‍കുറഞ്ഞ ഒന്നു കൊണ്ടും തൃപ്തിപ്പെടില്ല എന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍ ഗാന്ധി ഇതിനോട് യോജിച്ചില്ല. പൂര്‍ണ്ണ സ്വരാജിനുവേണ്ടി ‘ന്യായവും സമാധാനപരവുമായ’ എല്ലാ വ്യവസ്ഥകളും സ്വീകരിക്കും എന്ന കോണ്‍ഗ്രസ് നിബന്ധനയിലെ ഒന്നാം വകുപ്പ് ‘കഴിയുന്നതും അക്രമരഹിതവും സത്യസന്ധവുമായ മാര്‍ഗങ്ങള്‍‘ എന്ന് തിരുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം 1934 സെപ്തംബര്‍ 1-ന് പ്രമേയം അംഗീകരിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 29-ന് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടതായി ഗാന്ധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടി വിട്ടുവെങ്കിലും അദ്ദേഹത്തിന്റെ പങ്ക് സംഘടനാ നയരുപീകരണത്തിന് നിര്‍ണ്ണായകമായിരുന്നു.
വാര്‍ധായിലെ സേവാഗ്രാം ആശ്രമത്തിലേയ്ക്ക് 1936 ഏപ്രില്‍ 20-ന് അദ്ദേഹം താമസം മാറ്റി. ഗ്രമീണ ജീവിത വികാസത്തിനാവശ്യമായ പദ്ധതികള്‍ക്ക് സേവാഗ്രാം വഴികാട്ടിയായിത്തീര്‍ന്നു.
തിരുവിതാംകൂറില്‍ ചിത്തിരതിരുനാള്‍ മഹാരാജാവ് 1936 നവംബര്‍ 12-ന് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചപ്പോള്‍ ഗാന്ധി അതിനെ ‘ആധുനികകാലത്തിന്റെ അത്ഭുതം’ എന്നാണ് വിശേഷിപ്പിച്ചത്. ഈ വിളംബരത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം അഞ്ചാം വട്ടം കേരളത്തില്‍ എത്തിയത്. അത് ഒരു തീര്‍ത്ഥാടനയാത്രയായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
1935-ലെ ഇന്ത്യാ ഗവണ്മെന്‍റ് ആക്ട് 1937 ഏപ്രില്‍ 1-ന് നിലവില്‍ വന്നു. അതിനെതിരായി കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിച്ചു. വൈസ്രോയി, ഗാന്ധിയുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒക്ടോബര്‍ 22, 23 തിയ്യതികളില്‍ വാര്‍ധയില്‍ ചേര്‍ന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ ഗാന്ധിയായിരുന്നു അദ്ധ്യക്ഷന്‍. അദ്ദേഹം തന്റെ പുതിയ വിദ്യാഭ്യാസപദ്ധതി അവതരിപ്പിച്ചു. തൊഴിലധിഷ്ഠിതവും ഭാരതീയവുമായ പദ്ധതിയായിരുന്നു അത്. നയീ താലീം എന്നും ഇത് അറിയപ്പെടുന്നു. ഹരിപുര കോണ്‍ഗ്രസ് സമ്മേളനം ഇത് അംഗീകരിച്ചു. എന്നാല്‍ ഇതിനെ മുസ്ലീം ലീഗ് എതിര്‍ത്തിരുന്നു.
[തിരുത്തുക] ക്വിറ്റ് ഇന്ത്യാ സമരം
ഇടക്കാല സര്‍ക്കാര്‍ അനുവദിക്കുന്നില്ല എങ്കില്‍ സിവില്‍ നിയമ ലംഘനം ആരംഭിക്കാന്‍ 1940 മാര്‍ച്ച് 18ന് ബിഹാറിലെ രാംഗഢില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് സമ്മേളനം തീരുമാനിക്കുകയും അതിന്റെ നേതൃത്വം ഗാന്ധിയെ ഏല്‍പ്പിക്കുകയും ചെയ്തു. ഇതിനിടെ കോണ്‍ഗ്രസ് നിര്‍ബ്ബന്ധപൂര്‍വം ഗാന്ധിയെ തിരികെ കൊണ്ടു വന്നിരുന്നു. ഇന്ത്യാക്കാരുടെ സമ്മതമില്ലാതെ ഇന്ത്യയെ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കാളിയാക്കിയതില്‍ പ്രതീകാത്മകമായി പ്രതിഷേധിക്കാന്‍ അദ്ദേഹം വ്യക്തിഗതമായി തീരുമാനിച്ചു. 1942 മാര്‍ച്ചില്‍ സര്‍ സ്റ്റാഫോഡ് ക്രിപ്സ് ഇന്ത്യയിലെത്തുകയും ഗാന്ധിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.[5] അതേ തുടര്‍ന്ന് ഇന്ത്യക്ക് ഡൊമീനിയന്‍ പദവി വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാല്‍ പൂര്‍ണ്ണ സ്വരാജായിരുന്നു മിക്കവര്‍ക്കും വേണ്ടിയിരുന്നത്. അതില്‍ കുറഞ്ഞതോന്നുകൊണ്ടും അവര്‍ തൃപ്തരാകുമായിരുന്നില്ല. ഗാന്ധിജി ഏപ്രിലില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച പ്രമേയം 1942 ഓഗസ്റ്റ് 8 ന് അഖിലേന്ത്യാ കോണ്‍ഗ്രസ് സമിതി നിരാകരിക്കുകയും ജവഹര്‍ലാല്‍ നെഹ്രു തയ്യാറാക്കിയ കരട് അനുസരിച്ച് , ’ആഗസ്ത് പ്രമേയം’ എന്ന പേരില്‍ സുപ്രസിദ്ധ ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. [6] സമര നേതൃത്വം ഏറ്റെടുത്ത ഗാന്ധിജിയുടെ ചരിത്രപ്രസിദ്ധമായ പ്രസംഗമാണ് [7] ’ഡു ഓര്‍ ഡൈ’- നമ്മള്‍ ഒരു സാമ്രാജ്യത്തെ എതിര്‍ക്കുകയാണ്.. ഒന്നുകില്‍ പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക എന്നത്. ഗാന്ധിജിയുടെ ഈ ആശയം മറ്റുള്ളവര്‍ സ്വീകരിച്ചെങ്കിലും കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തു. തീരുമാനം അനുസരിച്ച് പ്രക്ഷോഭം ആരംഭിച്ചതിനെതുടര്‍ന്ന് പലയിടങ്ങളിലും ജനങ്ങളും പോലീസും ഏറ്റുമുട്ടി. ഓഗസ്റ്റ് 9-ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് പൂനെയിലെ ആഗാഖാന്‍ കൊട്ടാരത്തില്‍ തടവില്‍ പാര്‍പ്പിച്ചു. കോണ്‍ഗ്രസ്സിനെ നിയമവിരുദ്ധസംഘടനയായി പ്രഖ്യാപിച്ചു. ഓരാഴ്ചക്കകം പ്രമുഖ നേതാക്കള്‍ എല്ലാം അറസ്റ്റിലായി. പതിനായിരങ്ങള്‍ തടവിലായി, നിരവധി പേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.
തടവുകാരെ മോചിപ്പിക്കുകയും മര്‍ദ്ദനനയം അവസാനിപ്പിക്കുകയും ചെയ്യണം എന്നാവശ്യപ്പെട്ട് ഗാന്ധി തടവില്‍ നിരാഹാരം അരംഭിച്ചു. ഫെബ്രുവരി 10-ന് ആരംഭിച്ച ഉപവാസം മാര്‍ച്ച് 3 വരെ നീണ്ടിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. ഗാന്ധിയോടൊപ്പം തടവിലായിരുന്ന കസ്തൂര്‍ബാ അവിടെ വച്ച് 1944 ഫെബ്രുവരി 22-ന് അന്തരിച്ചു. എന്നാല്‍ അരോഗ്യസ്ഥിതി മോശമായതിനേ തുടര്‍ന്ന് മേയ് 6-ന് മാത്രമാണ് ഗാന്ധിയെ മോചിപ്പിച്ചത്. അദ്ദേഹത്തിന്റെ അവസാനത്തെ ജയില്‍വാസമായിരുന്നു അത്. ഇന്ത്യന്‍ തടവില്‍ 2089 ദിവസവും (അഞ്ചു വര്‍ഷത്തിനു മേല്‍) ദക്ഷിണാഫ്രിക്കയില്‍ 249 ദിവസവും ഗാന്ധി കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കുന്നതിന്‍ അന്നത്തെ വൈസ്രോയി വേവല്‍ പ്രഭു ബ്രിട്ടിഷ് സര്‍ക്കാരിന്റെ അനുമതിയോടെ പ്രഖ്യാപ്പിച്ച പദ്ധതിയെത്തുടര്‍ന്ന് തടവില്‍ കഴിഞ്ഞിരുന്നവരെ 1945-ല്‍ മോചിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം ഏതാണ്ട് സുതാര്യമായിത്തുടങ്ങിയിരുന്നു. എന്നാല്‍ മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മുസ്ലിങ്ങള്‍ക്കായി പാക്കിസ്ഥാന്‍ എന്ന പേരില്‍ പ്രത്യേക രാഷ്ട്രം വേണമെന്ന് ശഠിച്ചു. ഹിന്ദുക്കളും മുസ്ളീങ്ങളും സ്വതന്ത്ര ഭാരതത്തില്‍ സമാധാനത്തോടെ സഹവസിക്കണം എന്നാഗ്രഹിച്ച ഗാന്ധി ഭാരതത്തിന്റെ വിഭജനത്തെ എതിര്‍ത്തു. പുതിയപദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വൈസ്രോയി സിംലയില്‍ സര്‍വ്വ കക്ഷിയോഗം വിളിച്ചു കൂട്ടിയപ്പോള്‍ നിരീക്ഷകനായി ഗാന്ധിയും പങ്കെടുത്തു. വിഭജനവാദത്തില്‍ ഉറച്ച ജിന്നയുടെ നിലപാടു കാരണം ചര്‍ച്ച പരാജയപ്പെട്ടതായി വൈസ്രോയി പ്രഖ്യാപിച്ചു. ഇടക്കാല സര്‍ക്കാര്‍ രൂപീകരണത്തില്‍ ചേരേണ്ടതില്ല എന്ന് മുസ്ലീം ലീഗും ജിന്നയും തീരുമാനിച്ചു. അവര്‍ 1946 ഓഗസ്റ്റ് 16-ന് പ്രത്യക്ഷമായ സമരപരിപാടികള്‍ ആരംഭിച്ചു. കൊല്‍ക്കത്തയില്‍ സമരത്തിനിടെ അയ്യായിരത്തോളം പേര്‍ കൊല്ലപ്പെട്ടു. 15,000-ത്തോളം പേര്‍ക്ക് പരിക്കേറ്റു. ജിന്ന പിന്നീട് താല്‍ക്കാലിക സര്‍ക്കാരിലേയ്ക്ക് നാലു പേരെ നാമനിര്‍ദ്ദേശം ചെയ്തു.
വര്‍ഗ്ഗിയ ലഹള അപ്പോഴേക്കും പടര്‍ന്നു പിടിച്ചിരുന്നു. കിഴക്കന്‍ ബംഗാളിലെ നോഖാലിയിലും തിയ്യറയിലും ലഹളകള്‍ രൂക്ഷമായി. ഗാന്ധിജി ശാന്തി സന്ദേശവുമായി 49 ഗ്രാമങ്ങലിലൂടെ നഗ്നപാദനായി സഞ്ചരിച്ചു. തുടര്‍ന്ന് ബീഹാറിലെത്തി. അവിടെയും അദ്ദേഹം ശാന്തി സന്ദേശം പ്രചരിപ്പിച്ചു. വിഭജനത്തോടെ ഇന്ത്യ 1947 ഓഗസ്റ്റ് 15-ന് സ്വതന്ത്രയായി.
[തിരുത്തുക] കേരളത്തില്‍
നിസ്സഹകരണ പ്രസ്ഥാനം ഖിലാഫത്ത് സമിതി അംഗീകരിച്ച ശേഷം ഷൗക്കത്തലിയുമായി ഇന്ത്യമുഴുവന്‍ സഞ്ചരിക്കുന്നതിനിടക്കാണ് ഗാന്ധി ആദ്യം കേരളം സന്ദര്‍ശിച്ചത്. 1920 ഓഗസ്റ്റ് 18 ന് അദ്ദേഹം കോഴിക്കോട് കടപ്പുറത്ത് നടന്ന യോഗത്തില്‍ പ്രസംഗിച്ചു. അടുത്ത സന്ദര്‍ശനം വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു. 1924 മാര്‍ച്ച് 30-ന് ആരംഭിച്ച ആ സത്യാഗ്രഹം ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം തല്‍കാലത്തേക്ക് നീര്‍ത്തി വച്ചു. അദ്ദേഹം സവര്‍ണ്ണ ഹിന്ദുക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം ആശാവഹമല്ലാത്തതിനെത്തുടര്‍ന്ന് ഏപ്രില്‍ 7 ന് സത്യാഗ്രഹം പുനരാരംഭിച്ചു. ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അവര്‍ണ്ണ ജാഥ നവംബര്‍ 13-ന് തിരുവനന്തപുരം നഗരത്തെ പിടിച്ചു കുലുക്കി.
തുടര്‍ന്ന് 1925 മാര്‍ച്ച് 8-ന് ഗാന്ധി വീണ്ടും കേരളത്തില്‍ എത്തി[8]. അദ്ദേഹം എറണാകുളം വഴി മാര്‍ച്ച് 10-ന് വൈക്കത്ത് എത്തി സത്യാഗ്രഹികളോടൊത്ത് പ്രഭാതഭജനയില്‍ പങ്കെടുത്തു. പിന്നീട് തിരുവിതാംകൂര്‍ പോലീസ് കമ്മീഷണര്‍ പീറ്റുമായി ചര്‍ച്ച നടത്തി. 13ന് വര്‍ക്കല കൊട്ടാരത്തില്‍ എത്തി തിരുവിതാംകൂര്‍ റീജന്‍റ് റാണീ സേതുലക്ഷ്മി ബായിയുമായും ദിവാനുമായും ചര്‍ച്ച നടത്തി. ഇതിന്റെ ഫലമായി സത്യാഗ്രഹ സ്ഥലത്തെ പോലീസ് ഇടപെടല്‍ അവസാനിച്ചു. നവംബര്‍ 23ന് വൈക്കം ക്ഷേത്ര നിരത്തുകള്‍ പൊതുജനങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു. അദ്ദേഹം ബാലനായ ചിത്തിര തിരുനാള്‍, കൊച്ചി മഹാരാജാവ് എന്നിവരേയും സന്ദര്‍ശിച്ച് മാര്‍ച്ച് 19-ന് പാലക്കാടു വഴി മടങ്ങി. ഈ വരവില്‍ അദ്ദേഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രസംഗിച്ചു. ചാലക്കുടി, കൊച്ചി, വര്‍ക്കല എന്നിവിടങ്ങളില്‍ അദ്ദേഹം യോഗം നടത്തി. മാര്‍ച്ച് 12ന് ശ്രീ നാരായണഗുരു, കെ. കേളപ്പന്‍ എന്നീ കേരള നേതാക്കളെ അദ്ദേഹം സന്ദര്‍ശിച്ചു. ശ്രീ നാരായണഗുരുവിനെ സന്ദര്‍ശിച്ച ശേഷം ആണ് അദ്ദേഹം അവര്‍ണ്ണരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കന്‍ തീരുമാനിച്ചത്. ദളിതന്മാരെ ഹരിജനങ്ങള്‍ എന്നാണ് അദ്ദേഹം സംബോധന ചെയ്തിരുന്നത്.
ഗാന്ധിജി മൂന്നാമതും കേരളത്തിലെത്തുന്നത് തിരുവാര്‍പ്പ് ക്ഷേത്ര നിരത്തുകളില്‍ അയിത്തജാതിക്കാരെ വഴിനടക്കാന്‍ അനുവദിക്കുന്നതിനായി തിരുവിതാംകൂര്‍ രാജാവിനേയും റാണിയേയും കണ്ട് ചര്‍ച്ച നടത്താനാണ്.1927 ഒക്ടോബര്‍ 9 നു അവരുമായി സംസാരിച്ചശേഷം അദ്ദേഹം പാലാക്കാട്ട് കാമകോടി ശങ്കരാചാര്യരുമായും ചര്‍ച്ച നടത്തി. കോഴിക്കോട് സമ്മേളനത്തില്‍ വച്ച് ‘അന്ത്യജനോദ്ധാരണ സംഘം’ എന്ന സംഘടനക്ക് രൂപം നല്‍കി. പാലക്കാട്ടും കോഴിക്കോട്ടും അദ്ദേഹം പ്രസംഗിച്ചു.
[തിരുത്തുക] അവസാനകാലം
ഗാന്ധിയുടെ ജീവിതത്തിന്റെ അവസാനകാലം പൊതുവേ ദു:ഖഭരിതമായിരുന്നു. അദ്ദേഹം വെറുത്തിരുന്ന ഇന്ത്യാവിഭജനം അതിന്റെ പ്രധാന കാണവുമായിരുന്നു. കസ്തൂര്‍ബായുടെ വിയോഗവും അദ്ദേഹത്തെ ദു:ഖിതനാക്കി. വിഷ്ണുഭജനമായിരുന്നു ആശ്വാസം. അദ്ദേഹം അനേകം പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുത്തു. 1947 ആഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പൊള്‍ ഗാന്ധി കല്‍ക്കത്തയില്‍ ഭാരതവിഭജനത്തില്‍ ദുഃഖിതനായി കഴിഞ്ഞു. പശ്ചിമപാക്കിസ്ഥാനില്‍ നിന്ന് നിരവധി ഹിന്ദുക്കളും സിഖുകാരും അഭയാര്‍ത്ഥികളായെത്തി. സെപ്റ്റംബര്‍ 4 ന് ഡല്‍ഹിയിലും വര്‍ഗീയലഹള ആരംഭിച്ചു. മുസ്ലീങ്ങള്‍ക്കെതിരായി സംഘടിതമായ ആക്രമണങ്ങള്‍ ഉണ്ടായി. 1948 ജനുവരിയിലും ഇതേ പോലെ ലഹള ഉണ്ടായി. സമാധാനത്തിനായി അദ്ദേഹം ഡല്‍ഹിയില്‍ ജനുവരി 13 ന് നിരാഹാരസമരം ആരംഭിച്ചു. സമുദായനേതാക്കളും ലഹളക്ക് നേതൃത്വം കൊടുത്തവരും ഒത്തുതീര്‍പ്പിന് തയ്യാറായപ്പോള്‍ അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു. 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തില്‍ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കവേ നാഥുറാം ഗോഡ്‌സേ എന്ന ഹിന്ദു മതഭ്രാന്തന്റെ വെടിയേറ്റ് അദ്ദേഹം മരണമടഞ്ഞു. ജനുവരി 31ന് ഗാന്ധിയുടെ ഭൗതിക ശരീരം രാജ്ഘട്ടില്‍ സംസ്കരിച്ചു. രാജ്യം മുഴുവന്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു. നാഥുറാമിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തു[9]. ഈ സംഭവത്തെ തുടര്‍ന്ന് ഗാന്ധിവധത്തില്‍ പങ്ക് ആരോപിച്ച് ആര്‍.എസ്.എസ്. കുറച്ചു കാലത്തേയ്ക്ക് നിരോധിക്കപ്പെട്ടു.
രാജ്ഘട്ടിലെ (രാജാവിന്റെ പീഠം) ലളിതമായ കറുത്ത കരിങ്കല്‍പ്പീഠം ആകാശത്തെ സാക്ഷിയായി അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി നിലകൊള്ളുന്നു. ഒരറ്റത്ത് ഒരു കെടാവിളക്ക് ഉണ്ട്.
രാഷ്ട്രപിതാവ് എന്ന് ഗാന്ധിയെ ആദ്യമായി വിളിച്ചത് സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. ഇന്ത്യക്ക് യഥാര്‍ത്ഥമായി സ്വാതന്ത്ര്യം കിട്ടണമെങ്കില്‍ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ്, കൊട്ടാരങ്ങളിലല്ല കുടിലുകളിലാണ് എന്നു ഗാന്ധി വിശ്വസിച്ചിരുന്നു.
[തിരുത്തുക] ഗാന്ധി ദര്‍ശനങ്ങള്‍
[തിരുത്തുക] സത്യവും അഹിംസയും
ഗാന്ധിജിയുടെ വീക്ഷണത്തില്‍ സത്യവും അഹിംസയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. സത്യം ലക്‌ഷ്യവും അഹിംസ ആ അതിലേക്കുള്ള മാര്‍ഗവുമാണ്. അഹിംസയെന്നാല്‍ മറ്റൊരുവന് ദോഷം ചെയ്യാതിരിക്കല്‍ മാത്രമല്ല തന്നോട് തെറ്റു ചെയ്തവനോട് ക്ഷമിക്കുവാനുള്ള സന്നദ്ധതയും കൂടിയാണ്.
[തിരുത്തുക] സത്യം
ഗാന്ധി തന്റെ ജീവിതം സത്യത്തിന്റെ വിവിധ മാനങ്ങള്‍ മനസിലാക്കുവാനായി ചിലവഴിച്ചു. സ്വന്തം ജീവിതത്തിലെ തെറ്റുകളും സ്വന്തം പരീക്ഷണങ്ങളും ഇതിന് അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹം തന്റെ ആത്മകഥക്ക് പേരിട്ടത് തന്നെ "എന്റെ സത്യാന്വേഷണപരീക്ഷണകഥ എന്നാണ്.
ഗാന്ധിജിയുടെ വീക്ഷണത്തില്‍ മനുഷ്യന്റെ പരമമായ ലക്‌ഷ്യം ഈശ്വരസാക്ഷാത്കാരമാണ്. ഇശ്വരന്‍ എന്നാല്‍ സത്യമാണെന്നും ഈശ്വരസാക്ഷാത്കാരത്തിന് സത്യത്തിലൂന്നിയ ജീവിതം ആവശ്യമാണെന്നും അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് ഗാന്ധിയന്‍ ചിന്തയനുസരിച്ച് സത്യത്തില്‍ ഊന്നിയല്ലാതെ ജീവിതത്തിലെ മറ്റൊരു മൂല്യവും നിയമവും പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കുകയില്ല.
ഗാന്ധിജി തന്റെ വിശ്വാസങ്ങളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന വാക്യമായി "ദൈവം സത്യമാണ്" എന്നത് ഉപയോഗിക്കുകയും പിന്നീട് അത് "സത്യം ദൈവമാണ്" എന്ന് തിരുത്തുകയും ചെയ്തു. ഗാന്ധിയന്‍ തത്വചിന്തയില്‍ സത്യം എന്നാല്‍ ദൈവമാണ്.
[തിരുത്തുക] അഹിംസ
അഹിംസ എന്നാല്‍ ഹിംസ ചെയ്യാതിരിക്കല്‍ എന്നാണ് സാധാരണ വിവക്ഷിക്കുന്നത്. എന്നാല്‍ ഗാന്ധിയന്‍ ചിന്തയില്‍ അഹിംസ എന്നാല്‍ പരമമായ സ്നേഹമാണ്. സ്വന്തം ശത്രുവിനോട് പോലും ക്ഷമിക്കുന്ന അവസ്ഥയാണ് അഹിംസ. മറ്റൊരാളെ കൊല്ലാതിരിക്കുവാന്‍ സ്വയം മരിക്കാന്‍ തയ്യാറാകുന്ന മനസ്ഥിതിയാണ് ഗാന്ധിയന്‍ ചിന്തയില്‍ അഹിംസ. ഒരുവന്‍ അഹിംസയിലേക്ക് തിരിയുന്നത് തനിക്ക് ഹിംസ ചെയ്യുവാന്‍ കഴിവില്ലാതെ വരുമ്പോഴല്ല മറിച്ച് ഹിംസ ചെയ്യുവാന്‍ താല്പര്യം ഇല്ലാതെ വരുമ്പോള്‍ ആകണം എന്നും അഹിംസ ഉണ്ടാവേണ്ടത് സാര്‍വ്വത്രിക സ്നേഹത്തില്‍ നിന്നാവണം എന്നും ഗാന്ധി വിശ്വസിച്ചിരുന്നു.
ഇന്ത്യന്‍ മതചിന്തയിലും ക്രിസ്തീയ, ജൈന, ഇസ്ലാമിക, യഹുദ, ബുദ്ധ മതചിന്തകളിലും വളരെയധികം അടിസ്ഥാനമുള്ളതാണ് അഹിംസാ സിദ്ധാന്തം. അതിനാല്‍, അഹിംസ എന്ന തത്വത്തിന്റെ ഉപജ്ഞാതാവ് ഗാന്ധി അല്ല. എങ്കിലും രാഷ്ട്രീയരംഗത്ത് അത് വലിയതോതില്‍ ആദ്യമായി പ്രയോഗിച്ചത് അദ്ദേഹമാണ്.
തന്റെ അഹിംസാ സിദ്ധാന്തം പ്രയോഗിക്കുന്നതില്‍ ഗാന്ധി ഒരിക്കിലും പുറകിലേക്ക് പോയില്ല. അദ്ദേഹം ഈ സിദ്ധാന്തം അതിന്റെ വിട്ടുവീഴ്ചയില്ലാത്ത രൂപത്തില്‍പ്പോലും ഫലവത്താണ് എന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ട്, ഗാന്ധി അഹിംസയിലധിഷ്ടിതമായ ഒരു സര്‍ക്കാരെന്നല്ല പട്ടാളവും പൊലീസും പോലും ഫലവത്താവും എന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. [10]
[തിരുത്തുക] ബ്രഹ്മചര്യ
ഗാന്ധിക്ക് 16 വയസുള്ളപ്പോള്‍ ആദ്ദേഹത്തിന്റെ പിതാവ് ഒരു നിത്യരോഗിയായി. മാതാപിതാക്കളെ വളരെയധികം സ്നേഹിച്ചിരുന്ന അദ്ദേഹം രോഗബാധിതനായ പിതാവിനെ എല്ലാസമയവും ശുശ്രൂഷിച്ചു. ഒരു രാത്രിയില്‍ ഗാന്ധിക്ക് വിശ്രമം നല്‍കിക്കൊണ്ട് അദ്ദേഹത്തിന്റെ അമ്മാവന്‍ പിതാവിന്റെ ശുശ്രൂഷ ഏറ്റെടുത്തു. മുറിയില്‍ പത്നിയുടെ അടുത്തേക്ക് മടങ്ങിയ അദ്ദേഹത്തെ ലൈംഗികാസക്തി കീഴടക്കി. എന്നാല്‍ അല്‍പസമയത്തിനുശേഷം ഒരു വേലക്കാരന്‍ പിതാവിന്റെ മരണ വാര്‍ത്തയുമായി എത്തി. താന്‍ വലിയൊരു കുറ്റം ചെയ്തു എന്ന തോന്നല്‍ ഗാന്ധിക്കുണ്ടായി. തന്റെ ആ തെറ്റ് ക്ഷമിക്കാന്‍ അദ്ദേഹത്തിന് ഒരിക്കലുമായില്ല. "ഇരട്ട നിന്ദ" എന്നാണ് ഗാന്ധി ഈ സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മുപ്പത്തിയാറാം വയസില്‍ വിവാഹിതനായിരിക്കത്തന്നെ ബ്രഹ്മചാരിയാവാനുള്ള ഗാന്ധിയുടെ തീരുമാനത്തിന് പിന്നില്‍ ഈ സംഭവത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു.[11]
ഗാന്ധിയുടെ ഈ തീരുമാനത്തെ ബ്രഹ്മചര്യ എന്ന തത്വചിന്ത - ആത്മികവും ശാരീരികവുമായ ശുദ്ധത- വളരെയധികം സ്വാധീനിച്ചു. ദൈവത്തോട് കൂടുതല്‍ അടുക്കുന്നതിനുള്ള ഒരു വഴിയായും സ്വയം മനസിലാക്കലിന്റെ ഒരു പ്രധാന അടിസ്ഥാനമായും ഗാന്ധിജി ബ്രഹ്മചര്യയെ കണ്ടു. കാമിക്കുക എന്നതിനേക്കാളുപരി സ്നേഹിക്കുവാന്‍ പഠിക്കണമെങ്കില്‍ ബ്രഹ്മചാരിയായിരിക്കണമെന്ന് ഗാന്ധിക്ക് തോന്നി. "ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും വികാരങ്ങളുടെ നിയന്ത്രണം" എന്നാണ് ഗാന്ധി ബ്രഹ്മചര്യ എന്നതിന് അര്‍ത്ഥം കല്പിച്ചത്.[12]
[തിരുത്തുക] ലാളിത്യം
സാമൂഹിക സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരാള്‍ ലളിതമായ ജീവിതം നയിക്കണമെന്ന് ഉറച്ച് വിശ്വസിച്ച ഗാന്ധി ബ്രഹ്മചര്യത്തിലൂടെ അത് നേടിയെടുക്കാമെന്ന് കരുതി. ദക്ഷിണാഫ്രിക്കയില്‍ നയിച്ച പാശ്ചാത്യ ജീവിതരീതി ത്യജിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ലളിത ജീവിതത്തിന്റെ തുടക്കം. "തന്നെത്തെന്നെ പൂജ്യത്തിലേക്ക് താഴ്ത്തുക" എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. അനാവശ്യ ചെലവുകളുടെ ഒഴിവാക്കിയും മറ്റും ലളിതജീവിതം നയിക്കുന്നതും സ്വന്തം വസ്ത്രങ്ങള്‍ അലക്കുന്നതും ഒക്കെ ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ ആഴ്ചയിലേയും ഒരു ദിവസം ഗാന്ധി നിശബ്ദതയില്‍ ചെലവഴിച്ചിരുന്നു. സംസാരത്തില്‍നിന്ന് മാറി നില്‍ക്കുന്നത് തനിക്ക് ആന്തരിക സമാധാനം നല്‍കുമെന്ന് അദ്ദേഹം വിശ്വസിച്ചു. മൗനം (मौनं), ശാന്തി (शांति) എന്നീ ഹൈന്ദവ തത്വങ്ങളാണ് ഇതില്‍ അദ്ദേഹത്തിന് വഴികാട്ടിയത്. അത്തരം ദിവസങ്ങളില്‍ കടലാസില്‍ എഴുതിയാണ് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നത്. തന്റെ മുപ്പത്തിയേഴാം വയസുമുതല്‍ മൂന്നര വര്‍ഷം അദ്ദേഹം വാര്‍ത്താപത്രങ്ങള്‍ വായിക്കാന്‍ വിസമ്മതിച്ചു. പ്രക്ഷുബ്ദമായ ലോകകാര്യങ്ങള്‍ തനിക്ക് ആന്തരിക പ്രശ്നങ്ങളേക്കാള്‍ ചിന്താക്കുഴപ്പത്തിന് കാരണമാകുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയശേഷം ആദ്ദേഹം പാശ്ചാത്യ രീതിയിലുള്ള വസ്ത്രധാരണം ഉപേക്ഷിച്ചു. സമ്പത്തിന്റേയും കാര്യവിജയത്തിന്റേയും പ്രതീമായാണ് അദ്ദേഹം ആ വസ്ത്രധാരണരീതിയെ കണ്ടത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ വ്യക്തിക്കും ധരിക്കാനാകുന്നതരം ഖാദി വസ്ത്രം അദ്ദേഹം ധരിച്ചു. ഗാന്ധിയും അനുയായികളും അവര്‍ സ്വയം നൂറ്റ നൂല്‍കൊണ്ട് സ്വയം നെയ്ത വസ്ത്രങ്ങള്‍ ധരിക്കുകയും മറ്റുള്ളവരെ അങ്ങനെ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നാട്ടിലെ തൊഴിലാളികള്‍ തൊഴില്‍രഹിതരായിരിക്കെ ഇന്‍ഡ്യാക്കാര്‍, ബ്രിട്ടീഷ് താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ച വസ്ത്രനിര്‍മാതാക്കളില്‍ നിനായിരുന്നു വസ്ത്രങ്ങള്‍ വാങ്ങിച്ചിരുന്നത്. ഇന്ത്യക്കാര്‍ സ്വയമായി വസ്ത്രങ്ങള്‍ നിര്‍മിച്ചാല്‍ അത് ഇന്ത്യയിലെ ബ്രിട്ടീഷ് സര്‍ക്കാരിന് സാമ്പത്തികമായ പ്രഹരമേല്പ്പിക്കുമെന്ന് ഗാന്ധി വിശ്വസിച്ചു. ഈ വിശ്വാസം പ്രതിഭലിപ്പിക്കാന്‍, "കറങ്ങുന്ന ചര്‍ക്ക" ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പതാകയില്‍ പിന്നീട് ചേര്‍ക്കപ്പെട്ടു. തന്റെ ജീവിതത്തിന്റെ ലാളിത്യം പ്രകടിപ്പിച്ചുകൊണ്ട് തുടര്‍ന്നുള്ള ജീവിതകാലം മുഴുവന്‍ അദ്ദേഹം മുണ്ടാണ് ധരിച്ചത്.
[തിരുത്തുക] സര്‍വ്വോദയം
സര്‍വ്വോദയം എന്നാല്‍ എല്ലാവരുടേയും ഉദയം എന്നാണ്‍്. മതത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ പേരിലല്ലാതെ എല്ലാവരുടെയും പൊതുവായ വികസനമാണ് സര്‍വ്വോദയം. സര്‍വ്വോദയമെന്ന ആശയം ഗാന്ധിക്ക് ലഭിച്ചത് ജോണ്‍ റസ്കിന്റെ അണ്ടു ദിസ് ലാസ്റ്റ്(ഈ ചെറിയ സഹോദരന്) എന്ന പുസ്തകം വായിച്ചതിന് ശേഷമാണ്.
സര്‍വ്വോദയം കൈവൈച്ച ഒരു സമൂഹത്തില്‍ ഭരണാധികാരികളോ ഭരണമോ ഉണ്ടാവില്ല. അത് പ്രബുദ്ധമായ ഒരു അരാജകാവസ്ഥയാണ്. അങ്ങിനെയുള്ള ഒരു സമുഹത്തില്‍ ഒരോ വ്യക്തിയും സ്വയം ഭരിക്കുകയും അടക്കുകയും വേണം. ഓരോ വ്യക്തിയും തന്റെ മനസാക്ഷിയനുസരിച്ച് പ്രവര്‍ത്തിക്കും. [13]
[തിരുത്തുക] ആരോഗ്യം
മറ്റു വിഷയങ്ങളിലെന്ന പോലെ ആരോഗ്യവിഷയത്തിലും ഗാന്ധിക്ക് തന്റേതായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. പ്രകൃതി ചികിത്സയെ അദ്ദേഹം വളരെയധികം ആശ്രയിച്ചിരുന്നു. ജലം, മണ്ണ്, സൂര്യന്‍, വായു എന്നിവയുടെ പ്രാധാന്യം ഗാന്ധി മനസ്സിലാക്കാനും അവയെ എങ്ങനെ മനുഷ്യന്റെ ആരോഗ്യപാലനത്തിന് ഉപയോഗപ്പെടുത്താം എന്ന് ആരായാനും അദ്ദേഹം ശ്രമിച്ചു. ഭക്ഷണം, ലഹരിപദാര്‍ത്ഥങ്ങള്‍, ലൈംഗികത, പുകയില, ചായ, കാപ്പി എന്നിവയുടെ ഉപയോഗങ്ങളിലും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. 1906-ല്‍ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പത്രത്തിന്റെ വായനക്കാരുടെ പ്രയോജനത്തിനായി എഴുതിത്തുടങ്ങിയ ആരോഗ്യത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ക്രമേണ കൂടുതല്‍ വലിയ ലേഖനങ്ങളായി പരിണമിച്ചു. പിന്നീട് 1942 മുതല്‍ 44 വരെ പൂനെയിലെ ആഗാഖാന്‍ കൊട്ടാരത്തില്‍ തടവുകാരനായി കഴിഞ്ഞ കാലത്ത് ഈ വിഷയത്തില്‍ വീണ്ടും ചില ലേഖനങ്ങള്‍ കൂടി അദ്ദേഹം എഴുതി.
[തിരുത്തുക] മതവിശ്വാസം
ഹൈന്ദവ കുടുബത്തില്‍ ജനിച്ച ഗാന്ധി ജീവിതകാലം മുഴുവന്‍ ഹൈന്ദവനായി ജീവിച്ചു. അദ്ദേഹത്തിന്റെ മിക്ക തത്വങ്ങളും ഹൈന്ദവതയില്‍നിന്നെടുത്തയാണ്. അതേസമയം അദ്ദേഹം എല്ലാ മതങ്ങളും നല്ലതെന്ന് വിശ്വസിച്ചു. മറ്റ് വിശ്വാസങ്ങളിലേക്ക് തന്നെ മാറ്റുവാനുള്ള എല്ലാ ശ്രമങ്ങളേയും ഗാന്ധി നിരസ്കരിച്ചു. മതജിജ്ഞാസുവായിരുന്ന ഗാന്ധി എല്ലാ പ്രധാന മതങ്ങളേക്കുറിച്ചും ഗാഢമായി പഠിച്ചിരുന്നു. അദ്ദേഹം ഹൈന്ദവതയേക്കുറിച്ച് ഇങ്ങനെ പറഞ്ഞു:
- "എനിക്കറിയാവുന്ന ഹൈന്ദവത എന്റെ ആത്മാവിനെ പൂര്‍ണമായും തൃപ്ത്തിപ്പെടുത്തുന്നു.... സംശയങ്ങള്‍ എന്നെ വേട്ടയാടുമ്പോള്‍, നിരാശ എന്റെ മുഖത്തേക്ക് തുറിച്ച് നോക്കുമ്പോള്‍, പ്രകാശത്തിന്റെ ഒരു കിരണം പോലും കാണാതാവുമ്പോള്‍ ഞാന്‍ ഭഗവദ്ഗീതയിലേക്ക് തിരിയും. അതില്‍ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാന്‍ കണ്ടെത്തും. അതോടെ നിമജ്ജിപ്പിക്കുന്ന ദുഖത്തിനിടയിലും ഞാന്‍ പുഞ്ചിരിക്കുവാനാരംഭിക്കും. എന്റെ ജീവിതം ദുരന്തപൂരിതമായ ഒന്നായിരുന്നു. ആ ദുരന്തങ്ങള്‍ എന്റെ ജീവിതത്തില്‍ പ്രത്യക്ഷവും മായാത്തതുമായ ഒരു പ്രഭാവവും ഉണ്ടാക്കിയിട്ടില്ലെങ്കില്‍, അതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നത് ഗീതയുടെ ഉപദേശങ്ങളോടാണ്"
ഗാന്ധി ഗുജറാത്തിയില്‍ ഭഗവദ് ഗീതയുടെ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. മഹാദേവദേശായി അത് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുകയും അതിന് ഒരു ആമുഖം എഴുതിച്ചേര്‍ക്കുകയും ചെയ്തു. ഗാന്ധിയുടെ ഒരു മുഖവരയോടെ 1946ല്‍ അത് പ്രസിദ്ധീകരിക്കപ്പെട്ടു.
എല്ലാ മതങ്ങളുടേയും അന്തസത്ത സത്യവും സ്നേഹവും (അനുകമ്പ, അഹിംസ, സുവര്‍ണ നിയമം) ആണെന്ന് ഗാന്ധി വിശ്വസിച്ചു. മതങ്ങളിലെ കാപട്യത്തേയും അസ്സാന്മാര്‍ഗിത്വത്തേയും സ്വമതശാഠ്യത്തേയും അദ്ദേഹം എതിര്‍ത്തു. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ഒരു സാമൂഹപരിഷ്കര്‍ത്താവായിരുന്നു ഗാന്ധി. ഇതര മതങ്ങളേക്കുറിച്ച് അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങള്‍:
- "എനിക്ക് ക്രിസ്തുമതത്തെ കുറ്റമില്ലാത്തതും ലോകത്തെ ഏറ്റവും മഹത്തായ മതമായും കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ ഹിന്ദു മതത്തേയും ഞാന്‍ അങ്ങനെ കാണുകയില്ല. ഹിന്ദുമതത്തിലെ കുറവുകള്‍ എനിക്കറിയാം. തൊട്ടുകൂടായ്മ ഹൈന്ദവതയുടെ ഭാഗമാണെങ്കില്‍ അത് ദുഷിച്ചതോ അമിത വളര്‍ച്ചയോ ആയ ഒരു ഭാഗമാണ്. വേദങ്ങള്‍ ഈശ്വരപ്രേരിതമായി എഴുതപ്പെട്ടയാണ് എന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? അവ ഈശ്വരപ്രേരിതമാണെങ്കില്‍ എന്തുകൊണ്ട് ബൈബിളും ഖുറാനും അങ്ങനെ ആയിക്കൂട? എന്റെ ക്രിസ്ത്യന്‍ സുഹൃത്തുക്കളും മുസ്ലീം സുഹൃത്തുക്കളും എന്നെ അവരുടെ മതങ്ങളില്‍ വിശ്വാസിക്കുന്നവനാക്കാന്‍ ഒരുപോലെ ശ്രമിച്ചിട്ടുണ്ട്. അബ്ദുള്ള സേഠ് ഇസ്ലാമിനേക്കുറിച്ച് പഠിക്കാന്‍ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു . ഇസ്ലാമിന്റെ സൗന്ദര്യത്തേക്കുറിച്ച് അദ്ദേഹം എപ്പോഴും സംസാരിക്കുമായിരുന്നു." (ഗാന്ധിയുടെ ആത്മകഥയില്‍ നിന്ന്)
- "മുഹമ്മദിന്റെ വാക്കുകള്‍ ജ്ഞാനത്തിന്റെ നിധികളാണ്. അത് മുസ്ലീങ്ങള്‍ക്ക് മാത്രമല്ല, മാനവരാശിക്ക് മുഴുവനും"
ഒരിക്കല്‍ അദ്ദേഹം ഒരു ഹിന്ദുവാണോ എന്ന ചോദ്യത്തിന് ഗാന്ധിയുടെ മറുപടി ഇങ്ങനെയായിരുന്നു:
- "അതെ, ഞാനൊരു ഹിന്ദുവാണ്. അതോടൊപ്പം ഞാനൊരു ക്രിസ്ത്യാനിയും മുസ്ലീമും യഹൂദനുമാണ്"
ഗാന്ധിയും ടാഗോറും പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നവരായിരുന്നുവെങ്കിലും പലതവണ വളരെ നീണ്ട സംവാദങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അന്നത്തെ ഏറ്റവും പ്രശസ്തരായ ഈ രണ്ട് ഇന്ത്യക്കാരുടെ തത്വചിന്താപരമായ വ്യത്യാസങ്ങളെ വെളിവാക്കുന്നതായിരുന്നു ഈ സംവാദങ്ങള്‍. 1934 ജനുവരി 15-ന് ബീഹാറിനെ ബാധിച്ച ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടങ്ങളും ജീവഹാനിയും ഉണ്ടായി. ബീഹാറിലെ ഉയര്‍ന്ന ജാതിക്കാര്‍ താഴ്ന്നജാതിക്കാരെ അവരുടെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുകയെന്ന പാപം ചെയ്തതുമൂലമാണ് ഭൂകമ്പം ഉണ്ടായതെന്ന് ഗാന്ധി വാദിച്ചു. (താഴ്ന്ന ജാതിയിലുള്ളവരുടെ ഉന്നമനത്തിനായി ഗാന്ധി നിരന്തരം പരിശ്രമിച്ചിരുന്നു. ഹരിജനങ്ങള്‍ "അഥവാ ദൈവത്തിന്റെ ജനം" എന്നാണ് അദ്ദേഹം അവരെ വിശേഷിപ്പിച്ചിരുന്നത്.) എന്നാല്‍ ടാഗോര്‍ ഗാന്ധിയുടെ വാദത്തെ രൂക്ഷമായി എതിര്‍ത്തു. തൊട്ടുകൂടായ്മ എത്ര തെറ്റായ ആചാരമാണെങ്കിലും, ഭൂകമ്പത്തിന് കാരണം ധാര്‍മ്മികമല്ല പ്രകൃതിശക്തികളാണ് എന്നായിരുന്നു ടാഗോറിന്റെ വാദം.
[തിരുത്തുക] സ്മാരകങ്ങള്‍
വിദേശരാജ്യ പ്രതിനിധികള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ രാജ്ഘട്ടിലെത്തി പുഷ്പാഞ്ജലി നടത്താറുണ്ട്. ഇത് ഒരു ചടങ്ങിനേക്കാള്‍ കടമയായാണ് പലരും കരുതുന്നത്. ഗാന്ധിജിയുടെ ഓര്‍മ്മക്കായി ഒക്ടോബര്‍ 2 ന് ഗാന്ധിജയന്തി ആഘോഷിക്കുന്നു. അന്ന് ദേശിയ അവധിയാണ്. അതിനോടനിബന്ധിച്ച് ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു.
പല പ്രധാനപ്പെട്ട നിരത്തുകള്‍ക്കും ഗാന്ധിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പേരില്‍ നാടൊട്ടുക്ക് സര്‍ക്കാര്‍ വിദ്യാലയങ്ങളും കലാലയങ്ങളും സര്‍ക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നു. ദാരിദ്ര്യനിര്‍മ്മാണത്തിന് വിവിധ പദ്ധതികള്‍ അദ്ദേഹത്തിന്റെ പേരില്‍ ഉണ്ട്.
[തിരുത്തുക] കൃതികള്‍
ഗാന്ധിയുടെ കൃതികള്‍ വിക്കി സോഴ്സില്‍ ലഭ്യമാണ്
[തിരുത്തുക] പുസ്തകങ്ങള്‍
- ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ -
- ഹിന്ദ് സ്വരാജ്
- കീ റ്റു ഹെല്‍ത്ത്
[തിരുത്തുക] പത്രങ്ങള്‍
- യങ് ഇന്ത്യ
- ഹരിജന്‍
- ഇന്ത്യന്‍ ഒപ്പീനിയന്‍
- നവജീവന്‍
[തിരുത്തുക] ഗാന്ധിയെക്കുറിച്ച്
- മഹാത്മാ: ലൈഫ് ഒഫ് മോഹന്ദാസ് കരംചന്ദ് ഗാന്ധി - ഡി.ജി. തെണ്ടുല്‍കര്‍
- മഹാത്മാ ഗാന്ധി -പ്യാരിലാല്‍, & സുശീല നായര്‍
- ഗാന്ധി: എ ലൈഫ് - കൃഷ്ണ കൃപാലനി
[തിരുത്തുക] ഗാന്ധിയെപ്പറ്റി പ്രമുഖര്‍
ജവഹര്‍ലാല്‍ നെഹ്‌റു - മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചുകൊണ്ട് രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.
നമ്മുടെ ജീവിതത്തില്‍ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്....പ്രകാശം പൊലിഞ്ഞെന്നാണോ ഞാന്‍ പറഞ്ഞത്? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത് ഒരു സാധാരണ ദീപമായിരുന്നില്ല..... ഒരായിരം വര്‍ഷങ്ങള്‍ക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങള്‍ക്ക് അത് ആശ്വാസം പകര്‍ന്നുകൊണ്ടിരിക്കും" |
ഭൂമിയില്‍ ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല. |
ഞാനും മറ്റുള്ളവരും വിപ്ലവനേതാക്കന്മാരായിരിക്കാം പക്ഷേ ഞങ്ങള്‍ എല്ലാവരും തന്നെ ഗാന്ധിയുടെ ശിഷ്യന്മാരാണ്. നേരിട്ടോ അല്ലാതെയോ |
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍
If humanity is to progress, Gandhi is inescapable. He lived, thought, and acted, inspired by the vision of humanity evolving toward a world of peace and harmony. We may ignore him at our own risk |
കിരാതമായ ഹിംസാമാര്‍ഗത്തിലൂടെയല്ലാതെ സാമൂഹികപ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്ന് മറ്റാരെക്കാളും അധികമായി തെളിയിച്ചത് മഹാത്മാ ഗാന്ധിയാണ്. ഈ അര്‍ത്ഥത്തില്‍ അദ്ദേഹം ഇന്ത്യയുടെ വിശുദ്ധന്‍ (എന്ന സ്ഥാനത്തിലും) ഉപരിയാണ് |
ഗാന്ധിജി ഇന്ത്യയിലെ നിരാലംബരായ കോടിക്കണക്കിന് ജനങ്ങളുടെ പടിവാതില്‍ക്കല്‍ വന്ന് നിന്നു അവരിലൊരാളായി അവരുടെ ഭാഷയില്‍ അവര്‍ക്ക് വേണ്ടി സംസാരിച്ചു. മറ്റാര്‍ക്കാണ് അത്രയും ജനങ്ങളെ സ്വന്തം ശരീരവും രക്തവുമായി കണക്കാക്കാന്‍ പറ്റിയത്. സത്യം സത്യത്തെ ഉണര്‍ത്തി |
[തിരുത്തുക] ആധാരസൂചിക
- ↑ M.K., Gandhi (1997). An Autobiography: The Story of My Experiments With Truth. Ahmedabad-380014: Navajivan Publishing House. ISBN 81-7229--9.
- ↑ രാധികാ സി. നായര്‍. ലോകനേതാക്കള്‍, ഡി.സി. റെഫെറന്‍സ് സിരീസ്. മുന്നാം വാല്യം, ഡി.സി. ബുക്സ്, കോട്ടയം ISBN 81-264-1180-5
- ↑ ജാലിയന്‍ വാലാ ബാഗില്‍ വച്ച് നടന്ന കുട്ടക്കൊലയെപ്പറ്റി,ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 15
- ↑ ഇര്‍വിന്‍ കരാറിനെക്കുറിച്ച് ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 15
- ↑ [http://www.indhistory.com/1942-revolutions.html ക്രിപ്സ് മിഷനെപറ്റി ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 15
- ↑ ന്യൂ യോര്‍ക്ക് ടഒംസില്‍ ഓഗസ്റ്റ് 5-ന് വന്ന വാര്‍ത്ത പ്രമേയത്തെ പറ്റി, ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 15
- ↑ ഗാന്ധിജിയുടെ ചരിത്രപ്രസിദ്ധമായ പ്രസംഗം ക്വിറ്റ് ഇന്ത്യാ സമരം. ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 15
- ↑ http://en.wikisource.org/wiki/Chronology_of_Mahatma_Gandhi%27s_life/India_1925
- ↑ http://www.samsloan.com/mohandas.htm
- ↑ Joseph, Reni A. Gandhian Studies. 3rd ed. Kolencherry: Holy Spirit, 2007. 34-76.
- ↑ Time magazine people of the century
- ↑ The Story of My Experiments with Truth — An Autobiography, p. 176.
- ↑ Ibid
- ↑ http://www.gandhiserve.org/information/others_on_gandhi/others_on_gandhi.html ഗാന്ധിയെപ്പറ്റി പ്രമുഖര്‍ പറഞ്ഞത് - ഗാന്ധി സെര്‍വ്.ഓര്‍ഗ് എന്ന സൈറ്റില്‍ ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 16
[തിരുത്തുക] കുറിപ്പുകള്‍
- ↑ The fact that I recollect nothing more of those days than having learnt, in company with other boys, to call our teacher all kinds of names, would strongly suggest that my intellect must have been sluggish, and my memory raw. from An Autobiography or The Story of my Experiments with Truth Birth and Parentage by Mohandas K. Gandhi; availabale at wikisource
- ↑ “വൈക്കം സത്യഗ്രഹികള്‍ സ്വരാജിനേക്കാള്‍ അപ്രധാനമല്ലാത്ത ഒരു കാര്യത്തിനു വേണ്ടിയാണ് സമരം ചെയ്യുന്നത്. മതത്തിന്റെ മുഖം മൂടി അണിഞ്ഞ്, മതാഭാസത്തിനും സാഹിത്യത്തിന്റെ വേഷം ധരിച്ച അന്ധതയ്ക്കും എതിരായി നടത്തേണ്ടുന്ന നിരവധി സമരങ്ങളില്‍ ഒന്നുമാത്രമാണത്” യങ് ഇന്ത്യയില്‍ അദ്ദേഹം 1925 ഫെബ്രുവരി 19 ന് നു എഴുതിയ ലേഖനത്തില്‍ നിന്ന്.
- ↑ At the crucial working committee session of 27 April - 1 May, Gandhi's hard-line was backed by a combination of Right-wingers like Patel, Rajendra Prasad and Kripalni and the socialists like Achyut Patwardhan and Narendra Dev. Jawaharlal was initially hesitant, but ultimately joined the queue and only the Communists opposed the Quit India resolution.
[തിരുത്തുക] കൂടുതല്‍ വായനയ്ക്ക്
[തിരുത്തുക] ഇതര കണ്ണികള്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാക്കള്‍ | |
---|---|
അക്കാമ്മ ചെറിയാന്‍ - ആനി ബസന്‍റ് - ഇക്കണ്ടവാര്യര്‍ - കസ്തൂര്‍ബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരന്‍ - സി. കേശവന്‍ - കെ.പി. കേശവമേനോന്‍ - കെ. കേളപ്പന്‍ - കെ.കെ. കുഞ്ചുപിള്ള - ഗാഫര്‍ ഖാന്‍ -ഗോഖലെ - എ.കെ. ഗോപാലന്‍ - സി.കെ. ഗോവിന്ദന്‍ നായര്‍ - ചന്ദ്രശേഖര്‍ ആസാദ് -ചെമ്പകരാമന്‍ പിള്ള - നെഹ്‌റു - ജോര്‍ജ്ജ് ജോസഫ് - ഝാന്‍സി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോന്‍ - ഇ.എം.എസ്. നമ്പൂതിരിപ്പാട് - പട്ടം താണുപിള്ള - പനമ്പിള്ളി ഗോവിന്ദമേനോന്‍ - എ.കെ. പിള്ള - ബാല ഗംഗാധര തിലക് - ഭഗത് സിംഗ് - മംഗള്‍ പാണ്ഡേ - മഹാത്മാ ഗാന്ധി - മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവന്‍ നായര്‍ -മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദന്‍ മോഹന്‍ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരന്‍ നായര്‍ - സരോജിനി നായിഡു - പട്ടേല്‍ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ് ബിഹാരി ബോസ് - ബിപിന്‍ ചന്ദ്ര - പുരുഷോത്തം ദാസ് ടാണ്ടന്‍ - കുഞ്ഞാലി മരക്കാര്‍ - ടിപ്പു സുല്‍ത്താന്‍ - കൂടുതല്‍... |