See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ലാറി ബേക്കര്‍ - വിക്കിപീഡിയ

ലാറി ബേക്കര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ലോറന്‍സ് വില്‍ഫ്രെഡ് ബേക്കര്‍
(ലാറി ബേക്കര്‍)

ജനനം: 1917 മാര്‍ച്ച് 02
ബര്‍മിങ്ഹാം, ഇംഗ്ലണ്ട്
മരണം: 2007 ഏപ്രില്‍ 1
തിരുവനന്തപുരം, കേരളം
പ്രവര്‍ത്തനമേഖല: വാസ്തു വിദ്യാ വിദഗ്ദ്ധന്‍
ചെലവു കുറഞ്ഞ വീടുകള്‍ എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലാറി ബേക്കര്‍ കേരളത്തിന്റെ ആധുനിക പെരുന്തച്ചന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു.

ലാറി ബേക്കര്‍ യഥാര്‍ത്ഥ പേര് ലോറന്‍സ് ബേക്കര്‍ (ഇംഗ്ലീഷ്: Laurence Baker)( 1917 മാര്‍ച്ച് 2, ബെര്‍മിങ്‌ഹാം, ഇംഗ്ലണ്ട്‌ - 2007 ഏപ്രില്‍ 1 തിരുവനന്തപുരം, കേരളം) . “ചെലവു കുറഞ്ഞ വീട്‌“ എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശില്‍പിയാണ്‌. ഇംഗ്ലണ്ടില്‍ ജനിച്ചെങ്കിലും ഇന്ത്യന്‍ പൗരത്വമെടുത്ത ബേക്കര്‍ കേരളത്തെ തന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമാക്കി മാറ്റി. കേരളത്തിലുടനീളം ചെലവുകുറഞ്ഞതും എന്നാല്‍ മനോഹരവുമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച അദ്ദേഹം, നിര്‍മ്മാതാക്കള്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തികളിലൊരാളാണ്‌. ബേക്കറിന്റെ പാത പിന്തുടര്‍ന്ന് നിരവധി വീടുകള്‍ പല നിര്‍മ്മാതാക്കളും പണിയുന്നുണ്ട്. അതിനെല്ലാം ലാറി ബേക്കര്‍ രീതി എന്ന് പേരു വരത്തക്കവണ്ണം സമ്പുഷ്ടമാണ് ആ വാസ്തുശില്പരീതി. 1990-ല്‍ ഭാരത സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. ഭാര്യ എലിസബത്താണ്. മക്കള്‍ വിദ്യ, തിലക്, ഹൈഡി എന്നിങ്ങനെ മൂന്നുപേര്‍. അടുത്തു ബന്ധമുള്ളവരും ശിഷ്യന്മാരും ഡാഡി എന്നാണ് ലാറിയെ സാധാരണ സംബോധന ചെയ്യാറുണ്ടായിരുന്നത്.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] ആദ്യകാലം

ഇംഗ്ലണ്ടിലെ ബര്‍മിങ്ങം. ലാറി ജനിച്ചത് ഇവിടെയാണ്.
ഇംഗ്ലണ്ടിലെ ബര്‍മിങ്ങം. ലാറി ജനിച്ചത് ഇവിടെയാണ്.

ലോകത്തിന്റെ പണിയായുധ ശാല എന്ന് അപരനാമമുള്ള ബെര്‍മിങ്‌ഹാമിലെ (ഇംഗ്ലണ്ട്) ഒരു സാധാരണ കുടുംബത്തിലാണ് ലോറന്‍സ് ജനിച്ചത്. ലിയോനാര്‍ഡ് എന്നും നോര്‍മന്‍ എന്നും രണ്ട് മൂത്ത ജ്യേഷ്ഠന്മാരും എഡ്ന എന്ന ഒരു സഹോദരിയും അദ്ദേഹത്തിനുണ്ടായിരുന്നു. അച്ഛന്‍ ഒരു അക്കൗണ്ടന്റായിരുന്നു. ഏറ്റവും മൂത്ത സഹോദരിയും മറ്റുള്ള സഹോദരന്മാരും തമ്മില്‍ എഴോളം വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും അവര്‍ കളിക്കൂട്ടുകാരെപ്പോലെയാണ് വളര്‍ന്നത്. [1] ആറു കിലോ മീറ്ററോളം നടന്നായിരുന്നു ഗ്രാമര്‍ സ്കൂളില്‍ പോവേണ്ടിയിരുന്നത്. അത് പ്രകൃതിയെപറ്റി പഠിക്കാന്‍ അവസരം നല്‍കിക്കാണണം എന്ന് അദ്ദേഹം കരുതുന്നു.

ഒരു ശരാശരി വിദ്യാര്‍ഥിയായിരുന്നു ലോറന്‍സ്‌ എന്ന ലാറി ബേക്കര്‍. ലാറിയില്‍ മയങ്ങിക്കിടന്ന വാസ്തുശില്‍പാ വൈദഗ്‌ധ്യം കണ്ടെത്തിയത്‌ അദ്ദേഹം പഠിച്ച കിങ്ങ് എഡ്വേര്‍ഡ്‌ ഗ്രാമര്‍ സ്കൂളിലെ പ്രധാനാധ്യാപകനാണ്‌. അദ്ദേഹം ലാറിയോട് ഒരിക്കല്‍ ഏന്താണ് ഇഷ്ടമുള്ള വിഷയം എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ‘ ഊരു ചുറ്റലും ചിത്രരചനയും സൈക്കിള്‍ ചവിട്ടും’ എന്നായിരുന്നു. ലാറിയുടെ ചിത്രരചനാ പാടവം തിരിച്ചറിഞ്ഞ് കിങ് ലാറിയുടെ പിതാവിനോട് അവനെ വാസ്തുശില്പകല പഠിപ്പിക്കാന്‍ ഉപദേശിക്കുകയായിരുന്നു. [2]

ഗുരുനാഥന്റെ ഉപദേശത്തെത്തുടര്‍ന്ന് ലാറി ബര്‍മിങ്ഹാം സ്ക്കൂള്‍ ഓഫ്‌ ആര്‍ക്കിടെക്ചറില്‍ വിദ്യാര്ത്ഥിയായി ചേര്‍ന്നു. പഠന കാലത്ത് പല രാജ്യങ്ങളിലെ വിവിധ ശൈലിയിലുള്ള കെട്ടിട നിര്‍മ്മാണത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ടായിരുന്നു. ഇതിനായി ലാറിയും സഹപാഠികളും സൈക്കിളിലാണ് രാജ്യങ്ങള്‍ ചുറ്റാന്‍ തുടങ്ങിയത്. അതിനുള്ള പണം അവര്‍ തന്നെ സ്വയം കണ്ടെത്തുകയായിരുന്നു. ഇംഗ്ലണ്ടിലേയും സ്വിറ്റ്സര്‍ലന്‍ഡിലേയും പാരമ്പര്യ വാസ്തു ശില്പ പ്രത്യേകതകളേക്കുറിച്ച് അവഗാഹം ഉണ്ടാക്കാന്‍ ഈ യാത്രകള്‍ സഹായിച്ചു. കെട്ടിട നിര്‍മ്മാണ രംഗത്ത്‌ വന്‍ മാറ്റങ്ങള്‍ കടന്നു വന്ന കാലമായിരുന്നു അത്‌. ഇരുമ്പിന്റെ വിലയിലുണ്ടായ കുറവ്‌, സിമന്റിന്റെ കണ്ടുപിടുത്തം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ കോണ്‍ക്രീറ്റ്‌ സൗധങ്ങളുടെ പ്രചാരത്തിനു കാരണമായി. ഇംഗ്ലണ്ടിലെങ്ങും അംബരചുംബികളായ കെട്ടിടങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ലളിതജീവിതം നയിക്കുന്ന ലാറിയുടെ മനസ്‌ തിരഞ്ഞെടുത്തത്‌ മറ്റൊരു വഴിയാണ്‌. വാസ്തുശില്‍പകല സാധാരണക്കാര്‍ക്ക്‌ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയിലായി അദ്ദേഹം. അപ്പോഴേക്കും കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍ക്കെതിരെ ചിന്തിക്കുന്ന ഒട്ടേറെപ്പേര്‍ രംഗത്തുവന്നു. ലാറിക്കും അവരുടെ രീതി പിന്തുടരണമെന്നായിരുന്നു ആഗ്രഹം.

[തിരുത്തുക] രണ്ടാം ലോക മഹായുദ്ധകാലത്ത്

പഠനം കഴിഞ്ഞ് തൊഴില്‍പരിശീലനം ആരംഭിച്ച സമയത്താണ് രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചത്. എല്ലാ ബ്രിട്ടീഷ് പൗരന്മാരേയും പോലെ അദ്ദേഹവും നിര്‍ബന്ധിത സൈനിക സേവനം അനുഷ്ടിക്കേണ്ടതായി വന്നു. അന‍സ്തേഷ്യയില്‍ (മയക്കുന്ന വൈദ്യശാസ്ത്ര മേഖല) അദ്ദേഹം പ്രത്യേക പരിശീലനം നേടി യുദ്ധത്തില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കുവാനുള്ള പ്രത്യേക സംഘത്തില്‍ അദ്ദേഹം ചൈനയില്‍ സേവനം അനുഷ്ടിച്ചു. എന്നാല്‍ ഇംഗ്ലണ്ടിലേക്കുള്ള മടക്ക യാത്രയില്‍ അദ്ദേഹത്തിന് ഇന്ത്യയിലെ മുംബൈയില്‍ മൂന്നുമാസം കഴിച്ചു കൂട്ടേണ്ടി വന്നു. ഈ കാലത്ത് മഹാത്മാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും അതു ജീവിതത്തിലെ വഴിത്തിരിവാകുകയും ചെയ്തു.

ലാറി ബേക്കര്‍ നിര്‍മ്മിച്ച തിരുവനന്തപുരത്തെ ഇന്ത്യന്‍ കോഫീ ഹൌസ് മന്ദിരം.
ലാറി ബേക്കര്‍ നിര്‍മ്മിച്ച തിരുവനന്തപുരത്തെ ഇന്ത്യന്‍ കോഫീ ഹൌസ് മന്ദിരം.

[തിരുത്തുക] ഗാന്ധിജിയുടെ സ്വാധീനം

ക്വാക്കര്‍ എന്നറിയപെടുന്ന ക്രിസ്തീയ സൗഹൃദസംഘത്തിലെ അംഗമായാണ് അദ്ദേഹം ഗാന്ധിജിയെ പരിചയപ്പെടുന്നത്. ലാറി ധരിച്ചിരുന്ന ഷൂസ് ഗാന്ധിയുടെ ശ്രദ്ധയില്‍ പെട്ടു. തയ്യല്‍ കടയിലെ ഉപയോഗശൂന്യമായ തുണികള്‍ വച്ച് തുന്നിയുണ്ടാക്കിയതായിരുന്നു അത്. പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മാണം നടത്താനുള്ള ലാറിയുടെ ചാതുര്യം ഗാന്ധി തിരിച്ചറിയുകയും അദ്ദേഹത്തെ ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഈ ഒത്തുചേരല്‍ ബേക്കറുടെ ജീവിതത്തെ വീണ്ടും വഴിതിരിച്ചുവിട്ടു.

ഗാന്ധിജിയുടെ പാത പിന്തുടര്‍ന്ന് 1945-ല്‍ ഇന്ത്യയിലെത്തിയ ബേക്കര്‍ മൂന്നു വര്‍ഷക്കാലം കുഷ്ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. കുഷ്ഠരോഗികള്‍ക്കുള്ള പാര്‍പ്പിടനിര്‍മ്മാണത്തിനിടയിലാണ്‌ ഇന്ത്യന്‍ വാസ്തുശില്‍പവിദ്യയുടെ പ്രത്യേകതകള്‍ ബേക്കര്‍ മനസിലാക്കുന്നത്‌. ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ആയിരുന്നു ബേക്കര്‍ ഇന്ത്യയിലെ തന്റെ കെട്ടിടനിര്‍മ്മാണ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടത്. അവിടെ നിലവിലുണ്ടായിരുന്ന രീതിയോട് സ്വന്തം നിരീക്ഷണങ്ങളും കൂട്ടിക്കലര്‍ത്തി ബേക്കര്‍ തന്റേതായ ശൈലിക്ക്‌ രൂപം നല്‍കി. ഇന്ത്യയിലുടനീളം സഞ്ചരിച്ച അദ്ദേഹം ഓരോ പ്രദേശത്തിനും ചേര്‍ന്ന പാര്‍പ്പിട നിര്‍മ്മാണ ശൈലി അവതരിപ്പിച്ചു.

ഇതിനിടയില്‍ പരിചയപ്പെട്ട മലയാളിയായ ചാണ്ടി എന്ന ഭിഷഗ്വരനുമായി അദ്ദേഹം ഗാഢസൗഹൃദത്തിലായി. ചാണ്ടിയുടെ കുടുംബ ജീവിതം അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. അങ്ങനെയാണ് ചാണ്ടിയുടെ സഹോദരിയായ ഡോ. എലിസബത്തിനെ കണ്ടു മുട്ടുന്നത്. എലിസബത്ത് അന്ന് ഹൈദരാബാദില്‍ ഒരു ആശുപത്രിയില്‍ ജോലി നോക്കുകയായിരുന്നു. അദ്ദേഹം ആ മലയാളി ഡോക്ടറെ ജീവിതപങ്കാളിയാക്കി.

“വിടുകള്‍ അതിന്റെ അഞ്ചു മൈല്‍ ചുറ്റളവില്‍ ലഭിക്കുന്ന സാമ്രഗ്രികള്‍ ഉപയോഗിച്ച് നിര്‍മ്മിക്കണം” എന്ന ഗാന്ധിജിയുടെ ആദര്‍ശം അദ്ദേഹം അക്ഷരംപ്രതി പ്രാവര്‍ത്തികമാക്കുകയായിരുന്നു എന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

[തിരുത്തുക] ആദ്യകാല കുടുംബ ജീവിതം

ദ ഹാം‌ലെറ്റ്, നാലാഞ്ചിറയിലെ ഒരു കുന്നിനു മുകളിലുള്ള ബേക്കറുടെ വീട്.‍
ദ ഹാം‌ലെറ്റ്, നാലാഞ്ചിറയിലെ ഒരു കുന്നിനു മുകളിലുള്ള ബേക്കറുടെ വീട്.‍

ലാറിയും എലിസബത്തും ഹിമാലയത്തിലെ കുമായൂണ്‍ മലകളില്‍ മധുവിധു ആഘോഷിക്കുമ്പോള്‍ പ്രകൃതിരമണീയത മൂലം പിത്തോരഗഡ് എന്ന സ്ഥലം സ്ഥിര താമസമാക്കാന്‍ യോഗ്യമാണെന്ന് കണ്ടെത്തി അവിടെ താമസമാരംഭിച്ചു. എന്നാല്‍ എലിസബത്ത് ഡോക്ടര്‍ ആണെന്ന് തദ്ദേശവാസികള്‍ തിരിച്ചറിഞ്ഞതോടെ ലാറിയുടെ വീട്ടിലേക്ക് രോഗികളുടെ പ്രവാഹമായി. ആ സ്ഥലത്ത് ആശുപത്രിയോ വൈദ്യന്മാരോ ഉണ്ടായിരുന്നില്ല. നിരന്തരമായ അഭ്യര്‍ത്ഥനകള്‍ മാനിച്ച് ബേക്കര്‍ കുടുംബം അവിടെ ഉപേക്ഷിക്കപ്പെട്ട ഒരു ചായക്കടയില്‍ ആശുപത്രി ആരംഭിച്ചു. അനസ്തേഷ്യയിലെ പരിശീലനം ബേക്കര്‍ക്ക് ഒരു നഴ്‌സിന്റെ ജോലി ചെയ്യാന്‍ സഹായകമായി. പതിനേഴു വര്‍ഷം അവിടെ നാട്ടുകാരെ സേവിച്ചു. ഇതിനിടക്ക് ബേക്കര്‍ ആശുപത്രി കെട്ടിടം വലുതാക്കിയിരുന്നു. മലയുടെ മുകളിലെ പ്രതികൂല സാഹചര്യങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനം അദ്ദേഹത്തിന് നാടന്‍ വാസ്തുശില്പവിദ്യയെക്കുറിച്ച് മനസ്സിലാക്കിക്കൊടുത്തു. 1963-ല്‍ പിത്തോരഗഡ് വിട്ടു കേരളത്തിലേക്ക് യാത്ര തിരിച്ചു.

[തിരുത്തുക] കേരളത്തില്‍

ലാറി നിര്‍മ്മിച്ച സി.ഡി.എസ്. കെട്ടിടം
ലാറി നിര്‍മ്മിച്ച സി.ഡി.എസ്. കെട്ടിടം

1963-ല്‍ കേരളത്തിലെ വാഗമണ്‍ എന്ന സ്ഥലത്ത് താമസമാക്കി. അവിടേയും കുഷ്ടരോഗി പരിചരണമായിരുന്നു പ്രവര്‍ത്തനം. കുറച്ചു കാലത്തിനു ശേഷം എലിസബത്തിനോടൊപ്പം 1970 മുതല്‍ കേരളത്തില്‍ തിരുവനന്തപുരത്തിനടുത്ത്‌ നാലാഞ്ചിറയില്‍ സ്ഥിരതാമസമാക്കി. സ്വന്തം വീടായ ഹാം‍ലെറ്റിലായിരുന്നു മരണം വരെ താമസം.

1968 മുതല്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പിന്റെ ക്ഷണപ്രകാരം പാവപ്പെട്ടവര്‍ക്കു വേണ്ടി 3000 രൂപയില്‍ താഴെ ചിലവു വരുന്ന വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ അദ്ദേഹം കൂടുതല്‍ അറിയപ്പെടാന്‍ തുടങ്ങി. ഈ സമയത്ത് സാധാരണ ജീവനക്കാരനായ ഒരു നമ്പൂതിരിപ്പാട് അദ്ദേഹത്തെ കാണാനെത്തി. പതിനായിരം രൂപ മാത്രം മൂലധനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ആറു മുറികളുള്ള രണ്ടുനില വീട് ബേക്കര്‍ പണിതു കൊടുത്തു. ഇതോടെ ബേക്കര്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. എങ്ങും അദ്ദേഹത്തിന്റെ വാസ്തുശില്പ രീതി ചര്‍ച്ചാ വിഷയമായിത്തീര്‍ന്നു. താമസിയാതെ നിരവധി പേര്‍ ചിലവു കുറഞ്ഞ വീടുകള്‍ക്കായി അദ്ദേഹത്തെ സമീപിച്ചു.

ഡോളയുടെ വീട്, ബേക്കറുടെ സൃഷ്ടി. എറ്റവും ചിലവു കുറഞ്ഞ നിര്‍മ്മാണ സാമഗ്രികള്‍-ചിലവു കുറഞ്ഞ രീതി
ഡോളയുടെ വീട്, ബേക്കറുടെ സൃഷ്ടി. എറ്റവും ചിലവു കുറഞ്ഞ നിര്‍മ്മാണ സാമഗ്രികള്‍-ചിലവു കുറഞ്ഞ രീതി

കേരളത്തിനു പുറത്ത് അന്നുവരെ അദ്ദേഹം അത്ര അറിയപ്പെട്ടിരുന്നില്ലെങ്കിലും കേരളീയര്‍ക്ക് ഇതിനകം ലാറി ഒരു ആരാധ്യപുരുഷനായിത്തീര്‍ന്നിരുന്നു. മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ ബേക്കറിന്റെ ആരാധകനായിരുന്നു. അദ്ദേഹം പാവങ്ങള്‍ക്കു വേണ്ടി ഒരു വന്‍ ഭവനനിര്‍മ്മാണപദ്ധതി ലാറിയെ ഏല്പിച്ചു.കോസ്റ്റ് ഫൊഡ് എന്ന ഈ സ്ഥാപനം തൃശ്ശൂര്‍ കേന്ദ്രമാക്കി ചെലവു കുറഞ്ഞ വീടുകളുടെ നിര്‍മ്മാണ രീതി പ്രചരിപ്പിച്ചു. നിരവധി ദരിദ്രര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചുകൊടുത്തു. മറ്റൊരു പ്രശസ്തനായ ആരാധകന്‍ അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവായിരുന്നു. [1]. 1988-ല്‍ അദ്ദേഹത്തിന് ഭാരതപൗരത്വം ലഭിച്ചു.

[തിരുത്തുക] അവസാനകാലം

തന്റെ തൊണ്ണൂറാമത്തെ ജന്മദിനം ഏറ്റവും ലളിതമായി ആഘോഷിച്ച് ഒരു മാസത്തിന് ശേഷം 2007 ഏപ്രില്‍ ഒന്നിനു രാവിലെ സ്വവസതിയില്‍ വച്ച് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. ഭാര്യ ഡോ.എലിസബത്തും മക്കളും അവസാന സമയത്ത് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.

ബേക്കറുടെ ഭൗതിക ശരീരം വിശ്രമിക്കുന്ന പാളയം ക്രൈസ്റ്റ് ദേവാലയത്തിലെ കല്ലറയും അദ്ദേഹം തന്നെ രൂപകല്പന ചെയ്തതാണ്. മൂന്നോ നാലോ വര്‍ഷത്തിനു ശേഷം മൃതദേഹ അവശിഷ്ടങ്ങള്‍ കല്ലറയ്ക്കടുത്തുള്ള കിടങ്ങിലേക്കു സ്വയമേ തന്നെ മാറുന്ന സംവിധാനമുള്ള കല്ലറയും ബേക്കര്‍ ഇവിടെ നിര്‍മിച്ചിട്ടുണ്ട്.[3].

[തിരുത്തുക] ബേക്കര്‍ ശൈലി

ചുടുകട്ടയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട നിര്‍മ്മാണ സമഗ്രി. സിമന്റ്, കോണ്‍ക്രീറ്റ്, ഉരുക്ക്‍, സ്ഫടികം എന്നിവക്ക് എതിരായിരുന്നു അദ്ദേഹം. ഇവയുടെ നിര്‍മ്മാണഘട്ടങ്ങളില്‍ പരമ്പരാഗതമായ ഇന്ധനം ധാരാളം കത്തിക്കേണ്ടി വരുന്നു എന്നതാണ് ഈ എതിര്‍പ്പിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അദ്ദേഹം സിമന്റിനു പകരം എളുപ്പം ലഭ്യമായിരുന്ന ചുണ്ണാമ്പ് ഉപയോഗിച്ചു. കേരളത്തിലെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ കെട്ടിടം നിര്‍മ്മിച്ചപ്പോള്‍ അദ്ദേഹം ചുണ്ണാമ്പ് മിശ്രിതം അതേ സ്ഥലത്ത് വച്ചുതന്നെ നിര്‍മ്മിച്ചു. കാളവണ്ടികളില്‍ സമുദ്രതീരത്തു നിന്നും കക്കയും മറ്റും ശേഖരിച്ച് വലിയ മണ്‍ചൂളയില്‍ തീയിട്ട് ചുണ്ണാമ്പ് നിര്‍മ്മിക്കുകയായിരുന്നു.[4] പെയിന്റ് അടിക്കേണ്ട ആവശ്യമില്ലാത്ത രീതിയില്‍ ചുടുകട്ട ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ എല്ലാ സൃഷ്ടികളും. ഇക്കാരണത്താല്‍ ചുടുകട്ടയുടേ സ്വാഭാവികമായ നിറം ആണ് കെട്ടിടങ്ങള്‍ക്ക് ലഭിക്കുക. വിലകൂടിയ ജനല്‍ കട്ടിളകള്‍ ഒഴിവാക്കി അതിനു പകരം കട്ടകള്‍ നിശ്ചിത അകലത്തില്‍ വളച്ച് ഭാരം രണ്ടു വശത്തായി കേന്ദ്രീകരിച്ച ജനലുകള്‍ സൃഷ്ടിക്കാനുള്ള രീതി അദ്ദേഹമാണ് പ്രശസ്തമാക്കിയത്. ഇങ്ങനെ മരജനലുകള്‍ക്കു മുകളില് വാര്‍ക്കേണ്ടതായ ലിന്റല്‍ ബീം ഒഴിവാക്കാനാവുന്ന ഇനത്തില്‍ തന്നെ വളരെയധികം പണം ലാഭിക്കാനാവും.

ഉപയോഗശൂന്യമായ വസ്തുക്കള്‍ ഗൃഹനിര്‍മ്മാണത്തിന് പ്രയോജനപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലിയുടെ മറ്റൊരു സവിശേഷത. പൊട്ടിയ തറയോടുകളും മറ്റും മുറ്റം പാകുവാനും പല വര്‍ണ്ണത്തിലുള്ള കുപ്പികളും മറ്റും ജനലുകളില്‍ പതിപ്പിച്ച് മുറിയില്‍ വര്‍ണ്ണജാലം സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. നിര്‍മ്മാണ സാമഗ്രികള്‍ ദൂരെ നിന്ന് ഇറക്കുമതി ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. എന്തൊക്കെയാണോ കെട്ടിടം പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ പരിസരങ്ങളില്‍ ലഭ്യമായിരുന്നത് അവയില്‍ നിന്നും അദ്ദേഹം സാമഗ്രികള്‍ തിരഞ്ഞെടുക്കുമായിരുന്നു.

നൂതനസാങ്കേതികവിദ്യകളെ അപ്പാടെ തള്ളിക്കളഞ്ഞ ആളായിരുന്നില്ല ബേക്കര്‍. മറിച്ച് ആവശ്യഘട്ടങ്ങളില്‍ അവ ഉപയോഗിക്കുകയും ചെയ്തിരുന്നു. വീടിന് യോജിച്ചതും ആവശ്യമായതുമായ സാങ്കേതികത മതി എന്നായിരുന്ന അദ്ദേഹത്തിന്റെ വിശ്വാസം.

[തിരുത്തുക] വാസ്തു ശില്പ വിദ്യയില്‍ അദ്ദേഹം സ്വീകരിച്ചിരുന്ന തത്വങ്ങള്‍[5]

സി.ഡി.എസ്. ചുമരുകളിലെ വിടവ് വെളിച്ചം കൂടുതല്‍ കയറ്റും. ജനലക്കുള്ള ചിലവും ഇല്ല
സി.ഡി.എസ്. ചുമരുകളിലെ വിടവ് വെളിച്ചം കൂടുതല്‍ കയറ്റും. ജനലക്കുള്ള ചിലവും ഇല്ല
  • ആവശ്യക്കാരുടെ വിവരണം ഒരു സംക്ഷിപ്തമായി മാത്രം കേള്‍ക്കുക.
  • ധാരാളിത്തത്തേയും ആഡംബരത്തേയും നിരുത്സാഹപ്പെടുത്തുക.
  • നിര്‍മ്മാണ സ്ഥലത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുക. മണ്ണ്, ഇന്ധനം, മറ്റു സാമഗ്രികള്‍ എന്നിവയെക്കുറിച്ച് അറിയുക.
  • നിര്‍മ്മാണ വിദഗ്ദ്ധന്‍‍ മേല്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ബോധവാനായിരിക്കുക.
  • അവശ്യം വേണ്ടി വരുന്നതും വങ്ങേണ്ടതും എന്നാല്‍ എളുപ്പം ലഭ്യമാകാവുന്നതുമായ സാമഗ്രികളെക്കുറിച്ച് അറിയാന്‍ ശ്രമിക്കുക.
  • ഉപയോഗിക്കേണ്ടി വരാവുന്ന ഊര്‍ജ്ജത്തെക്കുറിച്ച് ധാരണയുണ്ടാക്കുക.
  • പ്രകൃതി വിഭവങ്ങള്‍ അമിതമായി ചൂഷണം ചെയ്യാതിരക്കുക.
  • രൂപരേഖയുമായി സത്യസന്ധത പുലര്‍ത്തുക. തെറ്റു വന്നാല്‍ അത് അപ്പപ്പോള്‍ പരിഹരിക്കുക.
  • പ്രദര്‍ശന ത്വരയും സൂത്രപ്പണികളും ഒഴിവാക്കുക.
  • സ്വന്തം മന:സാക്ഷിയോട് പരിപൂര്‍ണ്ണമായി കൂറു പുലര്‍ത്തുക.
  • മുന്‍‌വിധികളെ എപ്പോഴും നിരീക്ഷിക്കുക. അവയെ വിശ്വസിക്കാതിരിക്കുക.
  • സ്വന്തം ശക്തിയിലും കഴിവിലും ആത്മവിശ്വാസം ഉണ്ടായിരിക്കുക.
  • ലാളിത്യം ജീവിത ശൈലിയാക്കുക.
  • മനോധര്‍മ്മം എപ്പോഴും ഉപയോഗിക്കുക.
  • ആവശ്യമില്ലാത്ത യാതൊന്നും നിര്‍മ്മിക്കരുത്.
  • ജോലിക്കാരെ എപ്പോഴും സുസജ്ജരാക്കി നിര്‍ത്തുക.

[തിരുത്തുക] പദവികള്‍

തിരുവനന്തപുരത്തെ ചെങ്കല്‍ ചൂളയില്‍ ചേരി നിവാസികളുടെ പുനരധിവാസത്തിനായി ഉണ്ടാക്കിയ കോളനി
തിരുവനന്തപുരത്തെ ചെങ്കല്‍ ചൂളയില്‍ ചേരി നിവാസികളുടെ പുനരധിവാസത്തിനായി ഉണ്ടാക്കിയ കോളനി

വാസ്തു ശില്പ വിദ്യയില്‍ അദ്ദേഹത്തിന്റെ ഗഹനമായ അറിവിനെ മാനിച്ച് കേരള സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സേവനം നിരവധി മേഖലകളില്‍ ഉപയോഗപ്പെടുത്തി. ഇതില്‍ പ്രമുഖനായിരുന്നത് മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ ആയിരുന്നു. ലാറിയെ അദ്ദേഹം തൃശ്ശൂര്‍ കേന്ദ്രമാക്കി സഥാപിച്ച 'കോസ്റ്റ് ഫോഡ്' എന്ന സ്ഥാപനത്തിന്റെ അദ്ധ്യക്ഷനും മുഖ്യ ഉപദേഷ്ടാവും ആക്കി. ഈ സ്ഥാപനം ചിലവുകുറഞ്ഞ കെട്ടിടങ്ങളുടെ പ്രചാരത്തിന് ഊന്നല്‍ നല്‍കിയിരുന്നു. ഇവ കൂടാതെ പ്ലാനിങ്ങ് കമ്മീഷനിലും ഹഡ്കോയിലും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലും സി.ബി.സി.ആര്‍.ഐ.-യുടെ ശാസ്ത്രീയ ഉപദേഷ്ട സംഘത്തിലും അനവധി സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സംരഭങ്ങളിലും ലാറി ബേക്കര്‍ അംഗമായിരുന്നു. കോസ്റ്റ് ഫോഡിന്റെ ഓഫീസ് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അവസാനം വരെ പ്രവര്‍ത്തിച്ചിരുന്നത്.

[തിരുത്തുക] പുരസ്കാരങ്ങള്‍

1992-ല്‍ ഐക്യരാഷ്ട്രസഭയുടെ ഹാബിറ്റാറ്റ് പുരസ്കാരം നേടി. ഗ്രാന്റ് മാസ്റ്റേഴ്സ് അവാര്‍ഡ്, ഇന്ത്യന്‍ നാഷനല്‍ ഹെറിറ്റേജ് അവാര്‍ഡ് തുടങ്ങി ഒട്ടേറെ ദേശീയ, രാജ്യാന്തര പുരസ്കാരങ്ങളും ഡോക്ടറേറ്റ് ബിരുദങ്ങളും ലാറിക്കു ലഭിച്ചിട്ടുണ്ട് [6]. ഹോളണ്ടിലെ റോയല്‍ സര്‍വകലാശാല 1981-ല്‍ ബേക്കര്‍ക്ക് ഡിലിറ്റ് ബിരുദം നല്‍കി. വാസ്തുവിദ്യാ മേഖലയിലെ കിടയറ്റ പുരസ്കാരമായ പ്രിറ്റ്സര്‍ പ്രൈസിന് ലാറിയുടെ പേരും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട് [7]. മറ്റ് ബഹുമതികള്‍

  • ഇന്ത്യാ ഗവണ്മെന്റ് 1990-ല്‍ പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു
  • ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ആര്‍ക്കിടെക്റ്റ് അവാര്‍ഡ് (1993)
  • ഡോകടറേറ്റ്. തിരുപ്പതി ശ്രീ വെങ്കടേശ്വര സര്‍‌വ്വകലാശാല.
  • ഡൊക്ടറേറ്റ് സെന്‍‌ട്രല്‍ ഇംഗ്ലണ്‍ട് സര്‍‌വ്വകലാശാല.
  • ഡി. ലിറ്റ്. കേരള സര്‍‌വ്വകലാശാല. .[8]

[തിരുത്തുക] ചില സൃഷ്ടികള്‍

ലൊയോള പള്ളി
ലൊയോള പള്ളി
  • ‘ഹാം‍ലെറ്റ്’- അദ്ദേഹത്തിന്റെ സ്വന്തം വീട്. തിരുവനന്തപുരം നാലാഞ്ചിറയില്‍ ഒരു ചെങ്കുത്തായ കുന്നിന്‍ പുറത്ത് അനന്യസാധാരണമായ രീതിയില്‍ ആണ് പണി കഴിപ്പിച്ചിരിക്കുന്നത്.
  • ഉള്ളൂരിലെ സെന്റര്‍ ഫോര് സ്റ്റഡീസ് കെട്ടിട സമുച്ചയം.
  • നളന്ദ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് കെട്ടിടം
  • ആക്കുളത്തെ ചിത്രലേഖ ഫിലിം സ്റ്റുഡിയോ
  • കോട്ടയത്തെ കോര്‍പ്പസ് ക്രിസ്റ്റി സ്കൂള്‍
  • നാഗര്‍കോവിലിലെ ചില്‍ഡ്രന്‍സ് വില്ലേജ്
  • തിരുവനന്തപുരത്തെ ലൊയോള സ്കൂള്‍ [9]
  • കോട്ടയത്തെ പള്ളിക്കൂടം സ്കൂള്‍ [10]
  • കൊല്ലം ജില്ലാപഞ്ചായത്ത് മന്ദിരം.

[തിരുത്തുക] അവലോകനം

ലൊയോള പള്ളിയുടെ ഉള്വശം
ലൊയോള പള്ളിയുടെ ഉള്വശം

ജന്മം കൊണ്ട് ഒരിന്ത്യാക്കാരനല്ലാതിരുന്നിട്ടുകൂടിയും അനുപമമായ സേവനങ്ങളിലൂടെ ഏതൊരു ഇന്ത്യാക്കാരനേക്കാള്‍ അല്ലെങ്കില്‍ ഏതൊരു മലയാളിയേക്കാളും ത്യാഗം അദ്ദേഹം കേരളത്തിനും നാട്ടുകാര്‍ക്കുമായി അര്‍പ്പിച്ചു. കോസ്റ്റ് ഫോഡ് വഴി പതിനായിരക്കണക്കിന് ദരിദ്രര്‍ക്ക് അദ്ദേഹത്തിന്റെ വീടുകള്‍ ലഭിച്ചു. അദ്ദേഹത്തിന്റെ പാത പിന്തുടരുന്ന നൂറോളം വാസ്തുശില്പ വിദഗ്ദ്ധര്‍ ഇന്ന് കോസ്റ്റ് ഫോഡില്‍ ലാഭേച്ഛ കൂടാതെ ജോലി നോക്കുന്നു. അദ്ദേഹത്തിന്റെ മരണത്തിലൂടെ ബേക്കര്‍ യുഗം അവസാനിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വാസ്തുശില്പ രീതി ഈ ശിഷ്യന്മാരിലൂടെ നിലനില്‍ക്കുമെന്നാണ് വാസ്തുവിദ്യാ വിദഗ്ദ്ധരുടെ അഭിപ്രായം. കോണ്‍ക്രീറ്റ് മരുഭൂമികള്‍ക്ക് നടുവില്‍ മരുപ്പച്ചയായി ലാറിയുടെ സൃഷ്ടികള്‍ അനശ്വരമായി നില‍കൊള്ളുന്നു.

[തിരുത്തുക] കൃതികള്‍

  • Laurie Baker's mud / text and sketches by Laurie Baker. 2nd ed. Trichur, India : Centre of Science & Technology for Rural Development, 1993.
  • Laurie Baker's rural community buildings. Trichur : Centre of Science and Technology for Rural Development, 1997

[തിരുത്തുക] ലാറിയുടെ ചില ലേഖനങ്ങള്‍

  • ലാറി ബേക്കര്‍ 1999 ല്‍ ഹിന്ദുവില്‍ എഴുതിയ വാസ്തുശില്പവിദ്യയുടെ സത്യങ്ങളും മിഥ്യകളും 'Of architectural truths and lies' എന്ന ലേഖനം. ഇംഗ്ലീഷില്‍
  • "അനശ്വരമായ മണ്ണ്- കെട്ടിടനിര്‍മ്മാണത്തിന് പകരം വയ്ക്കാവുന്ന സാമഗ്രികള്‍" (ഇംഗ്ലീഷില്‍) "Alternative building materials: timeless mud.” In: Architecture & design, vol. 3, no. 3 (1987 Mar./Apr.), p. 32-35.
  • "വാസ്തു ശില്പവിദ്യയും ജനങ്ങളും" (ഇംഗ്ലീഷില്‍) “Architecture and the people.” In: A + U: architecture and urbanism, n.12 (363) (2000 Dec.), p.69-73. (English and Japanese)
  • "ചെലവു ചുരുക്കിയുള്ള നിര്‍മ്മാണം"“Building at a low-cost.” In: Design (Bombay), v. 18, n. 2, (1974 Feb.), p. 27-33.
  • "ലാറി ബേക്കറുടെ ചിലവു ചുരുക്കല്‍ “Laurie Baker's cost-reduction manual.” In: A + U: architecture and urbanism, n.12 (363) (2000 Dec.), p.116-129. (English and Japanese )
  • “Anganvadi Day Nursery, Naranchira, Trivandrum, Kerala, India, 1999-2000.” In:A + U: architecture and urbanism, n.12 (363) (2000 Dec.), p.[135]-139. (English and Japanese. )
  • "വാസ്തുശില്പിയുടെ വീട്- ഹാംലെറ്റ്, നാലാഞ്ചിറ, തിരുവനന്തപുരം"“Architect's house: the Hamlet, Nalanchira, Trivandrum, Kerala, India 1969-.” In: A + U: architecture and urbanism, n.12 (363) (2000 Dec.), p.22-29. (English and Japanese. )
  • “Centre for Development Studies, Ulloor, Trivandrum, Kerala, India 1970-1971.”

In: A + U: architecture and urbanism, n.12 (363) (2000 Dec.), p.30-41. (English and Japanese)

  • “Corpus Christi School, Kanjikkuzhi, Kottayam, Kerala, India 1971-1972.” In: A + U: architecture and urbanism, n.12 (363) (2000 Dec.), p.42-51.

[തിരുത്തുക] അദ്ദേഹത്തെ പറ്റിയുള്ള കൃതികള്‍

[തിരുത്തുക] ജേര്‍ണലുകളില്‍

ബേക്കറുടെ മേല്‍ക്കൂരകള്‍- ഓട് പതിപ്പിച്ച ഇത്തരം മേല്‍ക്കൂരകള്‍ ചിലവും ചൂടും കുറക്കഉം
ബേക്കറുടെ മേല്‍ക്കൂരകള്‍- ഓട് പതിപ്പിച്ച ഇത്തരം മേല്‍ക്കൂരകള്‍ ചിലവും ചൂടും കുറക്കഉം
  • Bhatia, Gautam. “Architecture and tradition.” In: World architecture, no. 7 (1990), p. 54-61.
  • Bhatia, Gautam. “Laurie Baker, der Handwerker.” In: Architekt, n.2 (1993 Feb.), p.93-95.
  • Bhatia, Gautam. “Laurie Baker [interview].” In: Spazio e società, v.15, n.59 (1992 July-Sept.), p.36-49.
‘My grandfather is a remarkable, I have no doubts about that. Someone should pool in money to frame all his paintings so that everyone would see his creative side of humour and beauty‘- അദ്ദേഹത്തെ പറ്റി കൊച്ചുമകള്‍ ലിസ ബേക്കര്‍
ദീര്‍ഘദര്‍ശനമായിരുന്നു അദ്ദേഹത്തിന്റെ സങ്കല്‍പ്പങ്ങളുടെയൊക്കെ അടിസ്ഥാനം. ഈ പ്രവചനങ്ങളുടെ പേരിലാണ് അദ്ദേഹത്തിന് കല്ലേറ് നേരിടേണ്ടി വന്നത്. പരമ്പരാഗത നിര്‍മ്മാതാക്കള്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തി മാറ്റി നിര്‍ത്തിയത്. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെയാണ് അദ്ദേഹം മുന്നോട്ട് പോയത്. അതിലൂടെ കേരളത്തിലെ സാധാരണക്കാരനെ സ്വന്തമായ വീടെന്ന സ്വപ്നം കാണാന്‍ അദ്ദേഹം പഠിപ്പിച്ചു. മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധം തിരിച്ചറിയുന്നതായിരുന്നു ബേക്കര്‍ശൈലി. ഭൂമിയെ ഒട്ടും നോവിക്കാതെ വികലപ്പെടുത്താതെ ഒരു വാസ്തുശൈലി ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത് ലാറിബേക്കറാണ്.- ജി.ശങ്കര്‍ "സ്വപ്നം കാണാന്‍ പഠിപ്പിച്ചയാള്‍", മാതൃഭൂമി ദിനപത്രം, 02-04-2007. Retrieved on 02-04-2007. (മലയാളം) 

[തിരുത്തുക] ആധാരസൂചിക

  1. റിച്ചാര്‍ഡ് ബെല്ലോ ആര്‍ക്ക്-എസ്സേയ്സ് എന്ന വെബ് സൈറ്റില്‍ എഴുതിയ ഉപന്യാസം ശേഖരിച്ചത് 2007 ഏപ്രില്‍ 1
  2. കെ.എന്‍. ഷാജി. പാവങ്ങളുടെ പെരുന്തച്ചന്‍ എന്ന ലേഖനം- ലാറി ബേക്കറെപ്പറ്റി, മാതൃഭൂമി വാരാന്തപ്പതിപ്പ് ഒന്നാം പേജ് 2007 ഏപ്രില്‍ 1, ഞായര്‍
  3. "ബേക്കര്‍ യാത്രയാകുന്നത് സ്വന്തം സൃഷ്ടിയായ കല്ലറയിലേക്ക്", മലയാള മനോരമ, 2007-04-02. Retrieved on 2007-04-02. (മലയാളം) 
  4. ആഡം ഹോഷ് ചൈല്‍ഡ് 'The Brick Master of Kerala' എന്ന പേരില്‍ ലാറിയെക്കുറിച്ച് 2000- ത്തില്‍ എഴുതിയ ലേഖനം ശേഖരിച്ചത് 2007 ഏപ്രില്‍ 1
  5. അയ്യൂബ് മാലിക് എഴുതിയ 'the cost of living:Laurie baker, architect എന്ന ലേഖനം ഇംഗ്ലീഷില്‍ (പി.ഡി.എഫ്.) ശേഖരിച്ചത് 2007 ഏപ്രില്‍ 1
  6. "ബേക്കര്‍ വീടൊഴിഞ്ഞു", മലയാള മനോരമ, 2007-04-02. Retrieved on 2007-04-02. (മലയാളം) 
  7. "പാവങ്ങളുടെ പെരുന്തച്ചനു പ്രണാമം", മാതൃഭൂമി, 2007-04-02. Retrieved on 2007-04-02. (മലയാളം) 
  8. ഡി-ലിറ്റ് ബിരുദം നല്‍കിയതിനെ പറ്റിയുള്ള ഹിന്ദുവിലെ വാര്‍ത്ത. ശേഖരിച്ചത് 2007 ഏപ്രില്‍ 1(ഇംഗ്ലീഷില്‍)
  9. ലോയോള സ്കൂളിന്റെ വെബ്‌സൈറ്റ്. ശേഖരിച്ചത് 2007 ഏപ്രില്‍ 1(ഇംഗ്ലീഷില്‍)
  10. പള്ളിക്കുടം വിദ്യാലയത്തിന്റെ വെബ്‌സൈറ്റ്.ശേഖരിച്ചത് 2007 ഏപ്രില്‍ 1(ഇംഗ്ലീഷില്‍)

[തിരുത്തുക] കുറിപ്പുകള്‍

  Another enthusiast is the decidedly un-Communist Maharaja of Travancore, who has no more political power these days but who still lives in a small palace in Trivandrum. He told me that he greatly respected Baker's work because "he's very practical, down to earth, and I think he's quite right: You need not build a house that's a copy of one in Manhattan. It doesn't suit."

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -