സാനിയ മിര്‍സ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാനിയ മിര്‍സ (Sania Mirza) - ഇന്ത്യയില്‍ നിന്നുള്ള പ്രഫഷണല്‍ വനിതാ ടെന്നിസ് താരം. ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടര്‍ വരെയെത്തുന്ന ആദ്യ ഇന്ത്യന്‍ താരം. വിമന്‍സ് ടെന്നിസ് അസോസിയേഷന്‍ റാങ്കിങ്ങില്‍ അമ്പതിനുള്ളിലെത്തിയും ശ്രദ്ധേയയായി.
1986 നവംബര്‍ 15 ന് മുംബൈയില്‍ ജനിച്ചു. പിതാവ് ഇമ്രാന്‍ മിര്‍സ. മാതാവ് നസീമ. ഹൈദരാബാദില്‍ സ്ഥിരതാമസം. ആറാം വയസ്സില്‍ ലോണ്‍ ടെന്നീസ് കളിക്കാന്‍ തുടങ്ങി. ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ അച്ഛന്‍ സി. ജി. കൃഷ്ണ ഭൂപതി ആയിരുന്നു ഹൈദരാബാദിലെ നിസാം ക്ലബ്ബില്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ സാനിയയുടെ കോച്ച്. സെക്കന്തരാബാദിലെ സിന്നറ്റ് ടെന്നീസ് അക്കാദമിയില്‍ നിന്നാണ് പ്രഫഷണല്‍ ടെന്നീസ് പഠിച്ചത്. അതിനു ശേഷം അമേരിക്കയിലെ ഏയ്‌സ് ടെന്നീസ് അക്കാദമിയില്‍ ചേര്‍ന്നു.
1999-ല്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ടായിരുന്നു സാനിയയുടെ ആദ്യത്തെ അന്തര്‍ദ്ദേശീയമത്സരം. 2003-ല്‍ ലണ്ടനില്‍ വെച്ച് വിംബിള്‍ഡണ്‍ ജൂനിയര്‍ ഗ്രാന്‍ഡ് സ്ലാം ഡബിള്‍സ് കിരീടം നേടിക്കൊണ്ട് വിംബിള്‍ഡണ്‍ മത്സരത്തില്‍ ഏതെങ്കിലും വിഭാഗത്തില്‍ കിരീടം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന ബഹുമതി നേടി.
2005ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ മൂന്നാം റൌണ്ടിലെത്തി. യു.എസ്. ഓപ്പണില്‍ നാലാം റൌണ്ട് വരെയെത്തി റാങ്കിങ്ങില്‍ വന്‍മുന്നേറ്റം നടത്തി. ഏതെങ്കിലുമൊരു ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്റിന്റെ അവസാന പതിനാറിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി സാനിയ. എന്നാല്‍ നാലാം റൌണ്ട് പോരാട്ടത്തില്‍ ആ സമയത്തെ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന റഷ്യയുടെ മരിയ ഷറപ്പോവയോട് പൊരുതി തോറ്റു. ഹൈദരാബാദ് ഓപ്പണ്‍ ഡബിള്‍സ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ലിസല്‍ ഹ്യൂബറുമായി ചേര്‍ന്ന് വിജയം കരസ്ഥമാക്കി. ഒരു ഇന്ത്യന്‍ താരം ആദ്യമായിട്ട് വനിതാ ടെന്നീസ് അസോസിയേഷന്‍ കിരീടം നേടുന്നതും അന്നാണ്.
2007ല്‍ അക്യൂറ ക്ലാസിക് ടെന്നീസ് ടൂര്‍ണമെന്‍റില്‍ നാലാം റൗണ്ടില്‍ എത്തിയതിന്റെ മികവില്‍ സാനിയയുടെ റാങ്കിംഗ് 30 ആയി ഉയര്‍ന്നു. 2007 ഓഗസ്റ്റ് ഒന്പതിന് ഈസ്റ്റ് വെസ്റ്റ് ബാങ്ക് ക്ലാസിക് ടെന്നീസ് ടൂര്‍ണമെന്‍റില്‍ മുന്‍ ലോക ഒന്നാം നന്പര്‍ താരം മാര്‍ട്ടിന ഹിന്‍ഗിസിനെ അട്ടിമറിച്ചു. സ്കോര്‍ 6-2, 2-6, 6-4.
ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കി. ഏഷ്യന്‍ ഗെയിംസ് മിക്സഡ് ഡബിള്‍സില്‍ സാനിയ -ലിയാന്‍ഡര്‍ സഖ്യം വെങ്കലം നേടി. 2004ല്‍ ഇന്ത്യാ ഗവണ്മെന്റിന്റെ അര്‍ജുന അവാര്‍ഡ് നേടി.
ഉള്ളടക്കം |
[തിരുത്തുക] ഒറ്റനോട്ടത്തില്‍
ടൂര്‍ണമന്റ് | 2005 | 2004 | 2003 | 2002 | 2001 |
---|---|---|---|---|---|
ഓസ്ട്രേലിയന്‍ ഓപ്പണ്‍ | റൌണ്ട് 3 | - | - | - | - |
ഫ്രഞ്ച് ഓപ്പണ്‍ | റൌണ്ട് 1 | - | - | - | - |
വിമ്പിള്‍ഡണ്‍ | റൌണ്ട് 2 | - | - | - | - |
യു.എസ്. ഓപ്പണ്‍ | റൌണ്ട് 4 | - | - | - | - |
ഡബ്ല്യു.ടി.എ. ഫൈനലുകള്‍ | 2 | - | - | - | - |
ഡബ്ല്യു.ടി.എ. കിരീടങ്ങള്‍ | 1 | - | - | - | - |
ഐ.ടി.എഫ്. കിരീടങ്ങള്‍ | - | 6 | 3 | 3 | - |
ജയ-പരാജയങ്ങള്‍ | 8-2 | 50-8 | 20-5 | 20-4 | 6-3 |
വര്‍ഷാന്ത്യ റാങ്കിംഗ് | 34 | 206 | 399 | 837 | 987 |
[തിരുത്തുക] വിവാദങ്ങള്‍
ജനനം കൊണ്ട് ഇസ്ലാം മതത്തില്‍ പെട്ട വ്യക്തിയായതിനാല്‍ ശരീരഭാഗങ്ങള്‍ വെളിപ്പെടുത്തുന്ന വസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട് കളിക്കുന്നതില്‍ മുസ്ലിം പുരോഹിതസമൂഹം പ്രതിഷേധിച്ചിട്ടുണ്ട് [1][2].
[തിരുത്തുക] അവലംബം
[തിരുത്തുക] ആധാരസൂചിക
- ↑ Tennis star Sania Mirza shuns Indian matches (07-02-2008). Retrieved on 07-02-2008.
- ↑ Dress properly, Sania: Maulvis (04-08-2005). Retrieved on 07-02-2008.