കെ.ആര്‍. നാരായണന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോച്ചേരില്‍ രാമന്‍ നാരായണന്‍
KRN.jpg
ജന്മ ദിനം: 4 ഫിബ്രവരി 1921
മരണദിനം: 9 നവംബര്‍ 2005
ഇന്ത്യയുടെ രാഷ്ട്രപതി
ഔദ്യോഗിക പദവി: പത്താമത്തെ രാഷ്ട്രപതി
സ്ഥാനമേറ്റെടുത്ത ദിവസം: 25 ജൂലൈ 1997
സ്ഥാനമൊഴിഞ്ഞ ദിവസം: 25 ജൂലൈ 2002
പിന്‍‌ഗാമി: ശങ്കര്‍ ദയാല്‍ ശര്‍മ്മ
മുന്‍‌ഗാമി: എ.പി.ജെ. അബ്ദുള്‍ കലാം

കെ ആര്‍ നാരായണന്‍ (ഒക്ടോബര്‍ 27, 1920 - നവംബര്‍ 9, 2005, വൈക്കം, കേരളം) ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു. നയതന്ത്രജ്ഞന്‍, രാഷ്ട്രീയ നേതാവ്‌ എന്നീ നിലകളിലും വ്യക്തിമുദ്രപതിപ്പിച്ച നാരായണന്‍, പിന്നോക്ക സമുദായത്തില്‍നിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളാണ്‌.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

ഉഴവൂര്‍ പെരുന്താനത്തുള്ള കെ.ആര്‍ നാരായണന്റെ തറവാട്
ഉഴവൂര്‍ പെരുന്താനത്തുള്ള കെ.ആര്‍ നാരായണന്റെ തറവാട്

കോച്ചേരില്‍ രാമന്‍ വൈദ്യരുടെയും പാപ്പിയമ്മയുടെയും ഏഴുമക്കളില്‍ നാലാമനായി 1920 ഒക്ടോബര്‍ 27നാണ്‌ നാരായണന്‍ ജനിച്ചത്‌. കുറിച്ചിത്താനം സര്‍ക്കാര്‍ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉഴവൂര്‍ ഔവര്‍ ലേഡീസ്‌ സ്കൂള്‍, വടകര സെന്റ് ജോണ്‍സ്‌ സ്കൂള്‍, കുറവിലങ്ങാട്‌ സെന്റ് മേരീസ്‌ സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ച്‌ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കഷ്ടപ്പാടുകളും ദുരിതവും നിറഞ്ഞ ജീവിതത്തോടു പടപൊരുതിയാണ്‌ നാരായണന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌. ദരിദ്രനായി ജനിച്ചെങ്കിലും പ്രതിഭയില്‍ ധനികനായിരുന്നു ആ ബാലന്‍.

കോട്ടയം സി എം എസ്‌ കോളജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുമായി ബിരുദ പഠനം പൂര്‍ത്തിയാക്കി. ഒന്നാം റാങ്കോടെ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും പാസായ നാരായണന്‍ പക്ഷേ ബിരുദദാനച്ചടങ്ങ്‌ ബഹിഷ്കരിച്ച്‌ ശ്രദ്ധേയനായി. ലക്ചറര്‍ ഉദ്യോഗത്തിനായി അന്നത്തെ തിരുവതാംകൂര്‍ ദിവാന്‍ സി പി രാമസ്വാമി അയ്യരെ സമീപിച്ചപ്പോള്‍ സഹിക്കേണ്ടിവന്ന അപമാനമായിരുന്നു ആ ബഹിഷ്കരണത്തിനു പിന്നിലെന്നുമാത്രം. ഹരിജനായതുകൊണ്ടുമാത്രമാണ്‌ സി പി ലക്ചറര്‍ ഉദ്യോഗം നിരസിച്ചത്‌. ഏതായാലും ബിരുദദാനത്തിനെത്തിയ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ്‌ ഒന്നാം റാങ്കുകാരന്റെ അഭാവം ശ്രദ്ധിച്ചു. കാരണം തിരക്കിയ മഹാരാജാവിനോട്‌ തിരുവതാംകൂറില്‍ ജോലികിട്ടാത്ത കാര്യവും ഡല്‍ഹിയില്‍ ജോലിതേടിപ്പോകാനുള്ള ആഗ്രഹവും നാരായണന്‍ അറിയിച്ചു. മഹാരാജാവ്‌ 500 രൂപ വായ്പ അനുവദിച്ചു.

[തിരുത്തുക] ഡല്‍ഹി ജീവിതം

1945-ല്‍ നാരായണന്‍ ഡല്‍ഹിയിലെത്തി. ഇന്ത്യന്‍ ഓവര്‍സീസ്‌ സര്‍വീസില്‍ ജോലികിട്ടിയെങ്കിലും പത്രപ്രവര്‍ത്തനത്തോടുള്ള അഭിനിവേശംമൂലം ഇക്കണോമിക്സ്‌ വീക്കിലി ഫോര്‍ കൊമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്ട്രിയിലെ ജോലി സ്വീകരിച്ചു. പിന്നീട്‌ ദ്‌ ഹിന്ദു, ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്നീ പത്രങ്ങള്‍ക്കുവേണ്ടിയും ജോലിചെയ്തു. ഇക്കാലയളവിലാണ്‌ നാരായണന്‍ പ്രമുഖ വ്യവസായിയായ ജെ ആര്‍ ഡി ടാറ്റയെ കണ്ടുമുട്ടിയത്‌. വിദേശ സര്‍വ്വകലാശാലയില്‍ ഉപരിപഠനം നടത്താനുള്ള ആഗ്രഹം അദ്ദേഹം ടാറ്റയെ അറിയിച്ചു. ജെ ആര്‍ ഡി നാരായണനെ ലണ്ടന്‍ സ്കൂള്‍ ഓഫ്‌ ഇക്കണോമിക്സില്‍ ചേര്‍ന്നു പഠിക്കാനുള്ള സ്കോളര്‍ഷിപ്പ്‌ നല്‍കി സഹായിച്ചു.

[തിരുത്തുക] നയതന്ത്ര ഉദ്യോഗത്തിലേക്ക്‌

കോഫി അന്നാനോടൊപ്പം
കോഫി അന്നാനോടൊപ്പം

ലണ്ടനിലെ പഠനം പൂര്‍ത്തിയാക്കിയെത്തിയ നാരായണന്‍ അധ്യാപകന്റെ നിര്‍ദ്ദേശപ്രകാരം അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ സന്ദര്‍ശിച്ചു. നാരായണന്റെ കഴിവുകളില്‍ ആകൃഷ്ടനായ നെഹ്‌റു അദ്ദേഹത്തെ വിദേശകാര്യ സര്‍വീസില്‍ നിയമിച്ചു. അയല്‍രാജ്യമായ ബര്‍മ്മയിലെ ഇന്ത്യന്‍ വിദേശകാര്യാലയത്തിലായിരുന്നു നാരായണന്റെ പ്രഥമ നിയമനം. വിമത കലാപത്തിലകപ്പെട്ടിരുന്ന ബര്‍മ്മയില്‍ തന്നെ ഏല്‍പിച്ച ജോലികള്‍ അദ്ദേഹം ഭംഗിയായി പൂര്‍ത്തിയാക്കി. പിന്നീട്‌ ടോക്കിയോ(ജപ്പാന്‍), തായ്‌ലന്‍ഡ്‌, ടര്‍ക്കി എന്നിവിടങ്ങളിലെ ഇന്ത്യന്‍ വിദേശകാര്യ ഓഫീസുകളിലും ജോലിചെയ്തു. 1976-ല്‍ ചൈനയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിതനായി. ഇന്തോ - ചൈന ബന്ധം ഏറ്റവും പ്രശ്നഭരിതമായിരുന്ന നാളുകളായിരുന്നു അത്‌. 1980-ല്‍ അമേരിക്കന്‍ അംബാസഡറായി നിയമിതനായി. നാലുവര്‍ഷം ഈ സ്ഥാനംവഹിച്ച നാരായണന്‍ 1984-ല്‍ വിദേശകാര്യ വകുപ്പിലെ ജോലിമതിയാക്കി.

[തിരുത്തുക] സജീവ രാഷ്ട്രീയത്തിലേക്ക്‌

അമേരിക്കയില്‍‍ നിന്നും തിരിച്ചെത്തിയ നാരായണന്‍, കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലിറങ്ങാനുള്ള ആഗ്രഹം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അറിയിച്ചു. ഇന്ദിര സമ്മതം മൂളി. പക്ഷേ നാരായണന്റെ രാഷ്ട്രീയ ജൈത്രയാത്രയ്ക്കു സാക്ഷ്യംവഹിക്കാന്‍ ഇന്ദിരയുണ്ടായിരുന്നില്ല. അവരുടെ മരണശേഷം 1984-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പിലാണ്‌ നാരായണന്‍ ആദ്യമായി ലോക്സഭയിലേക്കു മത്സരിച്ചത്‌. ഇടതുപക്ഷ കോട്ടയായ ഒറ്റപ്പാലം സംവരണ മണ്ഡലത്തിലാണ്‌ ആദ്യമായി മത്സരിച്ചത്‌. രാഷ്ട്രീയത്തിന്റെ അടവുകള്‍ പയറ്റിത്തെളിയാത്ത അദ്ദേഹം പക്ഷേ ആദ്യ തിരഞ്ഞെടുപ്പില്‍ത്തന്നെ വെന്നിക്കൊടിപാറിച്ചു. പിന്നീട്‌ 1989, 1991 വര്‍ഷങ്ങളിലും ഇതേ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. രാജീവ്‌ ഗാന്ധി മന്ത്രിസഭയില്‍ വിവിധ കാലയളവിലായി ആസൂത്രണം, വിദേശകാര്യം, ശാസ്ത്രസാങ്കേതിക സഹമന്ത്രിയായും നാരായണന്‍ നിയുക്തനായി.

കെ ആര്‍ നാരായണന്‍.
കെ ആര്‍ നാരായണന്‍.

[തിരുത്തുക] ഉപരാഷ്ട്രപതി

രാഷ്ട്രീയത്തില്‍ ശോഭിച്ച നാരായണനെ കൂടുതല്‍ ഭാരിച്ച ചുമതലകള്‍ കാത്തിരിന്നു. 1992ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി വി. പി. സിംഗ്‌ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്‌ നാരായണന്റെ പേരു നിര്‍ദ്ദേശിച്ചു. പിന്നോക്ക സമുദായാംഗമെന്ന നിലയിലാണ്‌ സിംഗ്‌ നാരായണനെ നിര്‍ദ്ദേശിച്ചത്‌. താമസിയാതെ അന്നത്തെ സര്‍ക്കാര്‍ നയിച്ചിരുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ഈ സ്ഥാനാര്‍ഥിത്തത്തെ പിന്താങ്ങി. അവസാന ഘട്ടമായപ്പോള്‍ നാരായണന്റെ സ്ഥാനാര്‍ഥിത്തത്തെ എതിര്‍ക്കാന്‍ പ്രബലകക്ഷികള്‍ ആരുമുണ്ടായിരുന്നില്ല. 1992 ഓഗസ്റ്റ്‌ 21ന്‌ കെ. ആര്‍. നാരായണന്‍ ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ കീഴില്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.


ആശയവിനിമയം