ഓഷ്‌വ്വിറ്റ്സ് തടങ്കല്‍പ്പാളയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
രണ്ടാംലോകമഹായുദ്ധകാലത്തെ ജര്മന്‍ അധിനിവേശയൂറോപ്പിലിലെ ഏറ്റവും വലിയ നാസി തടങ്കല്‍പാളയമായിരുന്നു ഓഷ്‌വ്വിറ്റ്‌സ്. തെക്കന്‍ പോളണ്ടില്‍ സ്ഥിതി ചെയ്യുന്ന ഈ പാളയത്തിനു പേര്‍ ലഭിച്ചതു അടുത്തുള്ള ഓഷ്‌വ്വിറ്റ്‌സ് പട്ടണത്തില്‍ നിന്നാണു. തെക്കന്‍ പോളണ്ടിലെ ക്രാക്കൊവ് പട്ടണത്തില്‍ നിന്നും 50 കി. മി. ദൂരെ ഉള്ള ഈ തടങ്കല്‍പാളയം ഹിറ്റ്‌ലറുടെ സേനയായ എസ്.എസ് (ഷുട്‌സ് സ്റ്റാഫെല്‍) ന്റെ നിയന്ത്രണത്തിലായിരുന്നു,
ഓഷ്‌വ്വിറ്റ്‌സ് സമുച്ചയത്തില്‍ മൂന്ന് ക്യാമ്പുകളാണുള്ളത്.
- ഓഷ്‌വ്വിറ്റ്‌സ് 1 - അഡ്മിനിസ്റ്റ്രേറ്റിവ് സെന്റര്‍.
- ഓഷ്‌വ്വിറ്റ്‌സ് 2 - എക്സ്‌ടെര്‍മിനേഷന്‍ സെന്റര്‍.
- ഓഷ്‌വ്വിറ്റ്‌സ് 3 - വര്‍ക്ക് കാംപ്.
ഇതില്‍ ആദ്യത്തെ രണ്ടെണ്ണവും ലോകപൈതൃകപട്ടികയില്‍ 1979ല്‍ ചേര്‍ക്കപ്പെട്ടു[1]. ഇതിനോട് ചേര്‍ന്ന് 40ഓളം ചെറുക്യാമ്പുകളും പ്രവര്‍ത്തിച്ചിരുന്നു.
ഓഷ്‌വ്വിറ്റ്‌സ് മേധാവിയായിരുന്ന റുഡൊള്‍ഫ് ഹോസ്സ് തന്റെ നിയന്ത്രണകാലഘട്ടത്തില്‍ 30 ലക്ഷം പേരെ ഇവിടെ ഇല്ലായ്മ ചെയ്തുവെന്നു ന്യുറംബെര്‍ഗ് വിചാരണവേളയില്‍ മൊഴി നല്‍കിയിട്ടുണ്ട്.[2] സോവിയറ്റുകാര്‍ നല്‍കിയ കണക്കനുസരിച്ച് ഇവിടത്തെ മൊത്തം മരണസംഖ്യ 40 ലക്ഷം ആണു. ഓഷ്‌വ്വിറ്റ്‌സ്-ബിര്‍കെനൗ സ്മാരക മ്യൂസിയത്തില്‍ ആധികാരികമായി രേഖപ്പെടുത്തിയതു 40 ലക്ഷം ആയിരുന്നു. പിന്നീട് 1990ല്‍ മ്യൂസിയം കണക്കുകള്‍ പുനപരിശോധന ചെയ്യുകയും മരണസംഖ്യ 11 ലക്ഷമാക്കി മാറ്റുകയും ചെയ്തു. ആ കാലഘട്ടത്തില്‍ യൂറോപ്പില്‍ ഉണ്ടായിരുന്ന ജൂതന്മാരുടെ 90 ശതമാനത്തോളം ആണിത്. വിഷപ്പുകയേല്‍പ്പിക്കല്‍, പട്ടിണിക്കിടല്‍, നിര്‍ബന്ധിതജോലി, ചികിത്സ നിഷേധിക്കല്‍, തൂക്കിക്കൊല്ലല്‍, മെഡിക്കല്‍ പരീക്ഷണങ്ങള്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണു ഇത്രയും പേരെ ഇല്ലായ്മ ചെയ്തത്.
ഉള്ളടക്കം |
[തിരുത്തുക] കാംപുകള്‍[3]
[തിരുത്തുക] ഓഷ്‌വ്വിറ്റ്‌സ് 1
ഓഷ്വ്വിറ്റ്സ് സമുച്ചയത്തിന്റെ അധികാരകേന്ദ്രമയിരുന്നു ഓഷ്‌വ്വിറ്റ്‌സ് 1. പോളണ്ട് പട്ടാളബാരക്കുകളുടെ മാതൃകയില്‍ ഉള്ള ഓഷ്‌വ്വിറ്റ്‌സ് 1 തുടങ്ങിയത് 1940 മേയ് 20നു ആണു. ആദ്യതടവുകാരായ് ഇവിടെ എത്തപ്പെട്ടത് 728 പോളിഷ് രാഷ്ട്രീയതടവുകാരായിരുന്നു. ഇവരെക്കൂടാതെ സോവിയറ്റ് യുദ്ധതടവുകാരും സാധാരണ ജര്‍മന്‍ കുറ്റവാളികളും ഇവിടെ തടവിലിടപ്പെട്ടിട്ടുണ്ട്. 1942ല്‍ ഇവിടത്തെ അംഗസംഖ്യ 20000 കടന്നിരുന്നു.
തടവുകാരെ നിയന്ത്രിക്കാനായി സാധാരണ ജര്‍മന്‍ കുറ്റവാളികളെ തിരഞ്ഞെടുത്തിരുന്നു. കാപ്പോ എന്നാണിവര്‍ അറിയപ്പെട്ടിരുന്നത്. തടവുകാരെ തിരിച്ചറിയാനായി വസ്‌ത്രങ്ങളില്‍ പ്രത്യേക അടയാളങ്ങള്‍ സൃഷ്ടിച്ചിരുന്നു. ക്യാമ്പിനോടനുബന്ധിച്ചുള്ള ആയുധശാലയില്‍ എല്ലാവരെയും നിര്‍ബന്ധിതമായി തൊഴിലെടുപ്പിച്ചിരുന്നു.
കഠിനമായ ജോലിയും, ഭക്ഷണമില്ലായ്മയും വൃത്തിഹീനമായ ചുറ്റുപാടുകളും ഇവിടത്തെ മരണനിരക്ക് കൂടാന്‍ കാരണമായി. നിയമം തെറ്റിക്കുന്നവരെ തടവറക്കുള്ളിലെ തടവറയായിരുന്ന ബ്ലോക്ക് 11ല്‍ ആയിരുന്നു താമസിപ്പിച്ചത്. കഠിനമായ ശിക്ഷാരീതികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പകല്‍സമയങ്ങളിലെ നിര്‍ബന്ധിതജോലിക്ക് ശേഷം രാത്രിമുഴുവന്‍ 1.5 മീ. നീളവും വീതിയും ഉള്ള സെല്ലിനുള്ളില്‍ നാലു പേരെ വീതം രാത്രി മുഴുവന്‍ നിര്‍ത്തുകയായിരുന്നു ഒരു രീതി. പട്ടിണിക്കിടുന്ന അറയ്ക്കുള്ളില്‍ ആള്‍ക്കാരെ മരണം വരെ ഇടുകയായിരുന്നു മറ്റൊരു രീതി. സ്റ്റാര്‍വേഷന്‍ സെല്‍ എന്നറിയപ്പെടുന്ന ബേസ്മെന്റിലുള്ള ഈ അറയ്ക്കു ചേര്‍ന്നാണു ഇരുട്ടറകളുണ്ടായിരുന്നത്. ഇതിനു വളരെ ചെറിയ ഒരു ജാലകം മാത്രമാണുള്ളത്. തടവുപുള്ളികളെ ശ്വാസം മുട്ടിച്ച് കൊല്ലാനായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. ഇതിനുള്ളിലെ ഓക്സിജന്‍ അളവ് പെട്ടെന്നു കുറക്കാന്‍ വേണ്ടി മെഴുകുതിരികള്‍ കത്തിച്ചുവെയ്ക്കുന്ന പതിവും ഉണ്ടായിരുന്നു. തടവുകാരുടെ ചുമലെല്ലുകള്‍ തെറ്റുന്ന വിധത്തില്‍ കൈകള്‍ പിന്നില്‍ കെട്ടി ദിവസങ്ങളോളം തൂക്കിയിടുമായിരുന്നു. ബ്ലോക്ക് 10നും 11നും ഇടയ്ക്കായിരുന്നു എക്സിക്യൂഷന്‍ യാര്‍ഡ്. ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി വെടിവെച്ച് കൊല്ലുന്നതും തൂക്കിക്കൊല്ലുന്നതും ആയിരുന്നു ഇവിടത്തെ രീതി. വിഷവാതകോപയോഗം ആദ്യമായി നടത്തിയതു 1941 സെപ്റ്റംബര്‍ മാസം ബ്ലോക്ക് 11ല്‍ വച്ചായിരുന്നു. 850ഓളം പോളണ്ടുകാരും സോവിയറ്റുകാരും ആയിരുന്നു ഇവിടത്തെ ആദ്യ ഇരകള്‍. സൈക്ലോന്‍ ബി എന്നറിയപ്പെടുന്ന സൈനൈഡ് മിശ്രിതം ആയിരുന്നു ഇതിനുപയോഗിച്ചത്. തുടര്‍ന്ന് 1941-42 വര്‍ഷങ്ങളില്‍ ഇവിടെ 60000ഓളം പേരെ വിഷപ്പുകയേല്‍പ്പിച്ച് കൊന്നു. കുറച്ചുകാലത്തേക്ക് ഇതൊരു ബോംബ് ഷെല്‍റ്റര്‍ ആയി എസ്.എസ്. ഉപയോഗിച്ചിരുന്നു. ഇവിടെ സ്‌ത്രീതടവുകാരെ അതികഠിനമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു. ഗൈനക്കോളജിസ്റ്റുകള്‍ സ്റ്ററിലൈസേഷന്‍ പരീക്ഷണങ്ങള്‍ ജൂതസ്‌ത്രീകളില്‍ നടത്തിയിരുന്നു. വിവിധ രാസകങ്ങള്‍ ഗര്‍ഭപാത്രത്തിലുണ്ടാക്കുന്ന മാറ്റങ്ങളെപറ്റിയുള്ള പഠനങ്ങളായിരുന്നു മിക്കതും. ക്രൂരമായ ഈ പഠനങ്ങള്‍ മിക്കവരുടേയും ദയനീയാന്ത്യത്തിനു വഴിയൊരുക്കി.
[തിരുത്തുക] ഓഷ്‌വ്വിറ്റ്‌സ് 2 (ബിര്‍കെനൗ)
ഓഷ്വ്വിറ്റ്സ് 1ലെ തിരക്ക് കുറയ്ക്കാനായി രണ്ടാം ക്യാമ്പ് നിര്‍മ്മാണം 1941 ഒക്റ്റോബര്‍ മാസം തുടങ്ങി. പലവിധമുള്ള തടവുകാരെ പാര്‍പ്പിക്കാനുള്ള മാതൃകയിലായിരുന്നു ഇതിന്റെ നിര്‍മ്മണം. എസ്.എസിന്റെ മേധാവി ആയിരുന്ന എച്.എച്. ഹിംലെറുടെ ജൂതവംശനശീകരണപരിപാടിയ്ക്കായി ഒരു എക്സ്‌ടെര്‍മിനേഷന്‍ കാംപും ഇതിന്റെ കൂടെ ഉണ്ടായിരുന്നു. ഓഷ്‌വ്വിറ്റ്‌സ് ഒന്നിനേക്കാളും വലുതായിരുന്നു ഓഷ്‌വ്വിറ്റ്‌സ് രണ്ട്. 10 ലക്ഷം പേരോളം ഇവിടെ വിഷവാതകത്താല്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും ജൂതരും ശേഷിച്ചവര്‍ പോളണ്ടുകാരും ജിപ്സികളും ആയിരുന്നു. ബിര്‍കെനൗവില്‍ വിഷവാതകഷവറുകളുള്ള നാലു ഗ്യാസ് ചേംബറുകളും നാലു ക്രിമറ്റോറിയങ്ങളും ഉണ്ടായിരുന്നു. ജര്‍മ്മന്‍ അധിനിവേശയൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദിവസേനെയെന്നോണം തടവുകാരെ റെയില്‍ വഴി ഇവിടെ എത്തിച്ചിരുന്നു. എത്തിപ്പെടുന്നവരെ നാലു ഗ്രൂപ്പുകളായി വേര്‍തിരിച്ചിരുന്നു.
- ആദ്യ ഗ്രൂപ്പുകാര്‍ എത്തിച്ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം ഗാസ് ചേംബറുകളില്‍ കൊല്ലപ്പെടുമായിരുന്നു. എല്ലാ കുട്ടികളും അമ്മമാരും വയസ്സായവരും ശാരീരികമായി അവശതകളുള്ളവരും ഇവിടെ എത്തിച്ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം എരിഞ്ഞടങ്ങി. പ്രതിദിനം ഇരുപതിനായിരത്തോളം പേരാണു ഇവിടെ കൊലചെയ്യപ്പെട്ടത്.
- രണ്ടാം ഗ്രൂപ്പുകാരെ നിര്‍ബന്ധിതജോലികള്‍ക്കായി വ്യവസായശാലകളില്‍ ഉപയോഗിച്ചു. 1940-1945 കാലഘട്ടത്തില്‍ നാലുലക്ഷത്തോളം പേര്‍ അടിമകളായി ജോലി ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും ഇവിടെത്തന്നെ കൊല്ലപ്പെടുകയാനുണ്ടായത്. ഇവരില്‍ കുറച്ചുപേരെ ഓസ്കാര്‍ ഷിന്‍ഡ്‌ലര്‍ എന്നയാള്‍ തന്റെ കമ്പനിയില്‍ ജോലിക്കായി കൊണ്ടുപോയി രക്ഷപ്പെടുത്തി. ഏതാണ്ട് 1100 പോളണ്ടുകാരായ ജൂതന്മാര്‍ക്ക് മാത്രമേ ഇതുവഴി രക്ഷപ്പെടാന്‍ പറ്റിയുള്ളു.
- മൂന്നാമതു ഗ്രൂപ്പില്‍ പെട്ടവരെ വിവിധ മെഡിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ഉപയൊഗിച്ചു. ഇവരൊക്കെ മരണതിന്റെ മാലാഖ എന്നറിയപ്പെടുന്ന ഡോ. ജോസെഫ് മെംഗലിന്റെ കൈകളിലാണു എത്തിപ്പെട്ടിരുന്നത്.
- നാലാം ഗ്രൂപ്പുകാരെല്ലാം സ്‌ത്രീകളായിരുന്നു. ജര്‍മന്‍ പട്ടാളക്കാരുടെ ഉപയോഗത്തിനായിട്ടുള്ളവരായിരുന്നു ഇവര്‍.
തടവുകാരില്‍നിന്നുതന്നെയാണു കാംപ്ജോലിക്കാരെ തിരഞ്ഞെടുക്കുന്നത്. ഇവരെ രണ്ടായി തരംതിരിച്ചിരുന്നു. കാപ്പോകളും സോണ്ടര്‍കമാണ്ടോകളും. ഇവരെ നിരീക്ഷിക്കാനായി എസ്.എസ്.കാരുമുണ്ടായിരുന്നു. ഏകദേശം 6000ത്തിനടുത്ത് എസ്.എസ്.കാര്‍ ഓഷ്‌വ്വിറ്റ്‌സില്‍ ഉണ്ടായിരുന്നു. ബാരക്കുകളിലെ ആള്‍ക്കാരെ നിയന്ത്രിച്ചിരുന്നത് കാപ്പോകളായിരുന്നു.ഗാസ് ചേംബറിലേക്കുള്ളവരെ ഒരുക്കുകയും, മരണശേഷം ഗാസ് ചേംബറിലുള്ള മൃതദേഹങ്ങളെ ക്രെമറ്റോറിയത്തിലേക്ക് മാറ്റുന്ന ജോലിയുമായിരുന്നു സോണ്ടര്‍കമാണ്ടോകളുടേത്. നാസികളുടെ കൊലപാതകരീതിയെല്ലാം അറിയുന്ന ഈ രണ്ടുഗ്രൂപ്പുകാരേയും പതിവായി കൊലപ്പെടുത്തുമായിരുന്നു. വിവരങ്ങള്‍ പുറംലോകമറിയാതിരിക്കാനാണു ഇങ്ങിനെ ചെയ്തിരുന്നത്. പുതുതായി വരുന്ന സോണ്ടര്‍കമാണ്ടോകളുടെ ആദ്യജോലി പഴയവരുടെ മൃതദേഹങ്ങള്‍ നീക്കം ചെയ്യലായിരുന്നു. 1943-ഓടെ നിരവധി ഗ്രൂപ്പുകള്‍ ഇവിടെ രൂപപ്പെടുകയും ഇത്തരം ഗ്രൂപ്പുകളുടെ സഹായത്താല്‍ കുറച്ചുപേര്‍ രക്ഷപ്പെടുകയും ചെയ്തു. കാംപുകളില്‍ നടക്കുന്ന കൂട്ടക്കൊലയെപ്പറ്റി പുറംലോകമറിയുന്നത് ഇവരിലൂടെയാണു. രക്ഷപ്പെടുന്ന തടവുകാരുടെ ബ്ലോക്കുകളില്‍ നിന്നും തിരഞ്ഞെടുത്ത കുറച്ചുപേരെ കൊല്ലുന്നതും സാധാരണമായിരുന്നു.
[തിരുത്തുക] ഓഷ്‌വ്വിറ്റ്‌സ് 3 മോണോവിറ്റ്‌സ്
മോണോവൈസ് എന്ന പോളണ്ട് ഗ്രാമതിന്റെ പേരാണു ഓഷ്‌വ്വിറ്റ്‌സ് 3 കാംപിന്റെ പേരിനു ആധാരം. അനുബന്ധവ്യവസായശാലകളിലെ നിര്‍ബന്ധിതതൊഴിലാളികളെ ആയിരുന്നു ഈ കാംപില്‍ താമസിപ്പിച്ചിരുന്നത്. ഓഷ്‌വ്വിറ്റ്‌സ് 2ലെ ഡോക്ട്‌ര്‍മാര്‍ ഇവിടെ സ്ഥിരമായി സന്ദര്‍ശിച്ച് രോഗികളേയും ശാരീരികമായി തളര്‍ന്നവരേയും മാറ്റുകയും പിന്നീട് ഓഷ്‌വ്വിറ്റ്‌സ് 2ലെ ഗ്യാസ് ചേംബറിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.
സഖ്യകക്ഷികള്‍ക്ക് ഈ ക്യാമ്പുകളെപ്പറ്റിയെല്ലാം വളരെകുറച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഓഷ്‌വ്വിറ്റ്‌സില്‍നിന്നും രക്ഷപ്പെട്ടവര്‍ നല്‍കിയ വിവരങ്ങള്‍ ആദ്യകാലഘട്ടങ്ങളില്‍ ആരും കണക്കിലെടുത്തിരുന്നില്ല. ബ്രിട്ടീഷ് കൊളംബിയന്‍ യൂനിവേര്‍സിറ്റി പ്രൊഫസ്സര്‍ ആയിരുന്ന റുഡോള്‍ഫ് വെര്‍ബയുടെയും സ്ലൊവാക്യന്‍ ജൂതനായിരുന്ന ആല്‍ഫ്രെഡ് വെസ്ലറുടെയും രക്ഷപ്പെടലിനു ശേഷമാണു പുറംലോകം കൂട്ടക്കൊലകളെപറ്റി ബോധവാന്മാരായത്. പടിഞ്ഞാറന്‍ ലോകം ആധികാരികമായി സ്വീകരിച്ചത് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് എഴുതിയ വെര്‍ബ-വെസ്ലര്‍ റിപ്പോര്‍ട്ട് എന്ന് പിന്നീടറിയപ്പെട്ട 32പേജുകളോളം വരുന്ന രേഖകളായിരുന്നു.
[തിരുത്തുക] ബിര്‍കെനൗ കലാപം
1944 ഒക്റ്റോബര്‍ 7ന് സോണ്ടര്‍കമാന്‍ഡോകളുടെ നേതൃത്ത്വത്തില്‍ ബിര്‍കെനൗവില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. പണിയായുധങ്ങളും കാംപിനുള്ളില്‍തന്നെ നിര്‍മ്മിച്ച ഗ്രനേഡുകളുമായി ഇവര്‍ നാസിസൈനികരെ ആക്രമിച്ചു. സ്‌ത്രീതടവുകാര്‍ ആയുധനിര്‍മ്മണശാലയില്‍നിന്നും കടത്തിക്കൊണ്ടുവന്ന സ്ഫോടകശേഖരമുപയോഗിച്ച് ഇവര്‍ ക്രിമറ്റോറിയം നശിപ്പിച്ചു. നൂറുകണക്കിന്‌പേര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കലാപം അടിച്ചമര്‍ത്തപ്പെടുകയും എല്ലാവരും വീണ്ടും പിടിക്കപ്പെടുകയും ചെയ്തു.
[തിരുത്തുക] തടവുചാടല്‍ ശ്രമങ്ങള്‍
1941-44 കാലഘട്ടത്തില്‍ ഏതാണ്ട് 700ഓളം തടവുചാടല്‍ശ്രമങ്ങള്‍ ഇവിടെ നടന്നു. ഇതില്‍ 300ഓളം പേര്‍ രക്ഷപ്പെടുകയും ശേഷിച്ചവര്‍ വീണ്ടും പിടിക്കപ്പെടുകയും ചെയ്തു. തടവുചാടാന്‍ ശ്രമിച്ചവര്‍ക്കുള്ള ശിക്ഷ പട്ടിണിക്കിട്ട് കൊലപ്പെടുത്തലായിരുന്നു. വിജയകരമായി രക്ഷപ്പെട്ടവരുടെ ബന്ധുക്കളെ പരസ്യമായി ശിക്ഷിക്കാറുണ്ടായിരുന്നു. രക്ഷപ്പെട്ടവരുടെ ബ്ലോക്കിലുള്ള ഏതാനും പേരെ തിരഞ്ഞെടുത്ത് പരസ്യമായി കൊലപ്പെടുത്താരുണ്ടായിരുന്നു. തുടര്‍ന്നുള്ള ശ്രമങ്ങള്‍ നിരുത്സാഹപ്പെടുത്താനായിരുന്നത്രെ ഇത്. തടവുകാരെയെല്ലാം മൃഗതുല്യരായി കണക്കാക്കിയിരുന്ന നാസികള്‍ തടവുകാരുടെ അതിജീവനകാംക്ഷയെ അങ്ങേയറ്റം കുറ്റകരമായി കണക്കാക്കിയിരുന്നു. 1943ല്‍ കൂട്ടായ്മകള്‍ രൂപീകരിച്ച് കാംപിനെപ്പറ്റിയുള്ള വിവരങ്ങള്‍ പുറംലോകത്തെയറിയിക്കാന്‍ വേണ്ട ശ്രമങ്ങള്‍ തുടങ്ങി. വിവരങ്ങളടങ്ങിയ തുണ്ടുകള്‍ കാംപിന്റെ വിവിധ ഭാഗങ്ങളില്‍ കുഴിച്ചുമൂടുകയും ഗ്യാസ് ചേംബറിന്റേയും ക്രിമറ്റോറിയത്തിന്റേയും ഫോട്ടോകള്‍ പുറംലോകത്ത് കടത്തുകയും ചെയ്തിരുന്നു. 1944 നവംബര്‍ മാസം നാസികള്‍ ഗാസ് ചേംബറുകള്‍ ബോംബിട്ട് തകര്‍ത്തു. മുന്നേറിക്കൊണ്ടിരിക്കുന്ന സോവിയറ്റ് സേനയില്‍നിന്നും വിവരങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമമായിരുന്നു ഇത്. 1945 ജനുവരി 17ന് ജര്‍മന്‍ സേന ഔഷ്‌വിറ്റ്‌സില്‍നിന്നും പിന്‍വാങ്ങിത്തുടങ്ങി. 60000ഓളം വരുന്ന തടവുപുള്ളികളെ 35മൈല്‍ അകലെയുള്ള പട്ടണത്തിലേക്ക് മാര്‍ച്ച് ചെയ്യിക്കുകയും പിന്നീട് റെയില്‍ വഴി മറ്റു കാംപുകളിലേക്ക് മാറ്റുകയും ചെയ്തു. 15000ഓളം പേരാണ് ഇതിനിടെ ക്രൂരമായി കശാപ്പ് ചെയ്യപ്പെട്ടത്. അതേവര്‍ഷം ജനുവരി 27ന് സോവിയറ്റ് ചെമ്പടയുടെ 32-മത് റൈഫ്‌ള്‍ ഡിവിഷന്‍ ഇവിടെ എത്തിച്ചേരുകയും ശേഷിച്ച 7500 പേരെ സ്വതന്ത്രരാക്കുകയും ചെയ്തു.
[തിരുത്തുക] ആധാരസൂചിക
- ↑ http://whc.unesco.org/en/list/31
- ↑ http://isurvived.org/AUSCHWITZ_TheCamp.html
- ↑ Anatomy of the Auschwitz Death Camp by Yisrael Gutman & Michael Berenbaum Indiana University Press (1998)