സര്‍പ്പഗന്ധി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലേയും മലേഷ്യയിലേയും നിത്യഹരിത വനങ്ങളിലും, ഇലപൊഴിയും വനങ്ങളിലും കാണപ്പെടുന്ന കുറ്റിച്ചെടി ആണ് സര്‍പ്പഗന്ധി അഥവാ അമല്‍പ്പൊരി. “അപ്പോസൈനേസീ“ എന്ന കുടുംബത്തില്‍ പെട്ട ഈ സസ്യം “റാവോള്‍ഫിയ സെര്‍പ്പെന്‍റൈന”(Ravolphia serpentina) എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്നു.
[തിരുത്തുക] പ്രത്യേകതകള്‍
ഒരു മീറ്റര്‍ ഉയരത്തില്‍ വരെ വളരുന്ന സര്‍പ്പഗന്ധിയുടെ ഇലകള്‍ക്ക് കടും പച്ച നിറമാണ്. കാണ്ഡത്തിലെ പര്‍വ്വസന്ധിയില്‍(Node) നിന്നും മൂന്നിലകളുണ്ടാകും. മണ്‍സൂണ്‍ കാലത്തിനുശേഷമാണ് ചെടി പൂവിടാന്‍ തുടങ്ങുന്നത്. ചുവന്ന ഞെട്ടും, പുഷ്പവൃതിയുമുള്ള പൂക്കുലകളില്‍ വെളുത്ത പൂക്കളാണുണ്ടാവുക. പരാഗണശേഷം പൂങ്കുല അവശേഷിച്ച് പൂക്കള്‍ കൊഴിയുന്നു, ഏതാനം ദിവസങ്ങള്‍ക്കകം തത്സ്ഥാനത്ത് പച്ച കായ്കള്‍ പ്രത്യക്ഷപ്പെടുന്നു. ഒരു മാസത്തില്‍ താഴ്ന്ന കാലം കൊണ്ട് കായ്കള്‍ പഴുക്കുന്നു. കായ്കള്‍ കടുത്ത പിങ്കുനിറം പ്രാപിക്കുമ്പോളിതു മനസ്സിലാക്കാം.
തണലും, ചൂടും, ആര്‍ദ്രതയുമുള്ള പ്രദേശങ്ങളിലാണ് സര്‍പ്പഗന്ധി വളരുന്നത്. വിത്തുകള്‍ നട്ടും, കാണ്ഡം, വേര് മുതലായവ മുറിച്ചു മാറ്റിനട്ടും വളര്‍ത്തിയെടുക്കാം.
[തിരുത്തുക] ഔഷധഗുണങ്ങള്‍
ഇന്നതിവേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഔഷധ സസ്യമാണ് സര്‍പ്പഗന്ധി. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നായാണ് സര്‍പ്പഗന്ധി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. വേരില്‍ നിന്നുമാണ് ഔഷധം നിര്‍മ്മിക്കുന്നത്. സര്‍പ്പഗന്ധിയില്‍ നിന്നുമുത്പാദിപ്പിക്കുന്ന സെര്‍പ്പാസിലിനു ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കുറക്കാന്‍ കഴിവുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു. ആയുര്‍വേദത്തില്‍ പൗരാണികകാലം മുതല്‍ക്കേ സര്‍പ്പഗന്ധിയെ ഉറക്കമരുന്നായി അംഗീകരിച്ചിരിക്കുന്നു. നാഡീരോഗങ്ങള്‍, അപസ്മാരം, കുടല്‍രോഗങ്ങള്‍ എന്നിവയുടെ ചികിത്സക്കും സര്‍പ്പഗന്ധി ഉപയോഗിക്കുന്നു. നാട്ടുവൈദ്യത്തിലും മറ്റും വേരില്‍ നിന്നും പാമ്പിന്‍ വിഷത്തിനുള്ള മറുമരുന്ന് ഉണ്ടാക്കി ഉപയോഗിച്ചുപോരുന്നു.
സര്‍പ്പഗന്ധിയില്‍ നിന്നും ശേഖരിക്കാന്‍ സാധിക്കുന്ന റിസര്‍പ്പിന്‍(Reserpin), അജ്‌മാലൂന്‍(Ajmaloon) എന്നീ ആല്‍ക്കലോയ്‌ഡുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകളാണ്.