രാജീവ് ഗാന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാജീവ് ഗാന്ധി
Manmohan Singh
പ്രധാനമന്ത്രി ആയത് 1984
ജനന തീയതി ആഗസ്റ്റ് 20, 1944
ജന്മസ്ഥലം ബോംബെ, ഇന്ത്യ
രാഷ്ട്രീയ കക്ഷി കോണ്‍ഗ്രസ്(ഐ)
തൊഴില്‍ വൈദഗ്ദ്ധ്യം വൈമാനികന്‍
6-ാ‍മത്തെ പ്രധാനമന്ത്രി

രാജീവ് രത്ന ഗാന്ധി (ജനനം- ഓഗസ്റ്റ് 20,1944 മരണം - മെയ് 21,1991) ഇന്ത്യയുടെ ആറാമത്തെ‍ പ്രധാനമന്ത്രിയായിരുന്നു. ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചു.

ഉള്ളടക്കം

[തിരുത്തുക] ജനനം, ബാല്യം

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാഷ്ട്രീയ കുടുംബത്തില്‍ 1944 ഓഗസ്റ്റ് 20നു ബോംബെയില്‍ രാജീവ് ഗാന്ധി ജനിച്ചു. അമ്മ ഇന്ദിരാഗാന്ധിയും അച്ഛന്‍ ഫിറോസ് ഗാന്ധിയും വേറിട്ടുജീവിച്ചിരുന്നതുമൂലം അമ്മയുടെ കൂടെ നെഹ്രുവിന്റെ അലഹബാദിലെ വീട്ടിലാണു രാജീവ് വളര്‍ന്നുവന്നത്. ഡൂണ്‍ സ്കൂളിലും പിന്നീട് ലണ്ടന്‍ ട്രിനിറ്റി കോളെജിലും കേംബ്രിഡ്ജിലുമായി രാജീവ് ഗാന്ധി പഠിച്ചു. കേംബ്രിഡ്ജില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കാ‍നായില്ല. ലണ്ടനില്‍‌വെച്ചാണ് സോണിയ മൈനോ എന്ന ഇറ്റലിക്കാരിയായ യുവതിയുമായി പ്രണയത്തിലാവുന്നത്. അവര്‍ 1969-ല്‍ വിവാഹിതരായി.

സോണിയയുടെ കുടുംബത്തിനും ഇന്ദിരാഗാന്ധിക്കും ഈ വിവാഹത്തില്‍ താല്പര്യമില്ലായിരുന്നു. ഒരു പ്രബലമായ രാഷ്ട്രീയ കുടുംബവുമായി, പ്രത്യേകിച്ച് ഇന്ത്യയിലെ പ്രഥമ കുടുംബവുമായി, ഒരു ബന്ധം സോണിയയുടെ കുടുംബം ആഗ്രഹിച്ചില്ല. രാജീവ് ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യണം എന്നായിരുന്നു ഇന്ദിരയുടെ ആഗ്രഹം.

[തിരുത്തുക] രാഷ്ട്രീയത്തിലേക്ക്

ഇന്ത്യയില്‍ മടങ്ങിയെത്തിയ രാജീവ് ഗാന്ധി ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഒരു വൈമാനികനായി ജോലിയില്‍ പ്രവേശിച്ചു. സോണിയ 1970-ല്‍ രാഹുല്‍ ഗാന്ധിക്കും 1972 ഇല്‍ പ്രിയങ്ക ഗാന്ധിക്കും ജന്മം നല്‍കി. ശാന്തസ്വഭാവിയായ രാജീവ് രാഷ്ട്രീയത്തില്‍ വലിയ താല്പര്യം കാട്ടിയില്ല. എന്നാല്‍ അനുജന്‍ സ‌ഞ്ജയ് ഗാന്ധി അമ്മയുടെ വലംകയ്യും അധികാരം ആസ്വദിക്കുന്ന പ്രകൃതക്കാരനുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒരു മന്ത്രിപോലുമല്ലായിരുന്ന സഞ്ജയ് ഗാന്ധിയുടെ വാഹനം കടന്നുപോകുമ്പോള്‍ ദില്ലിയിലെ റോഡുകള്‍ മണിക്കൂറുകളോളം ഒഴിച്ചിടുക പതിവായിരുന്നു. അമ്മ ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയെ തന്റെ പിന്‍‌ഗാമിയായി കരുതിയിരുന്നു. എന്നാല്‍ 1980-ല്‍ സ്വയം പറപ്പിച്ച സ്വകാര്യ വിമാനം തകര്‍ന്നു സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ രാജീവ് ഗാന്ധിക്ക് വിമുഖമായിട്ടാണെങ്കിലും രാഷ്ട്രീയപ്രവേശനം നടത്തേണ്ടിവന്നു.

1981 ഫെബ്രുവരിയില്‍ രാജീവ് ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഥിയില്‍ നിന്ന് ലോക്‍സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സഞ്ജയ് ഗാന്ധിയുടെ മണ്ഡലമായിരുന്നു അമേഥി. തൊട്ടുപിന്നാലെ തന്നെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ സോണിയയ്ക്കും രാജീവിന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ താല്പര്യം ഇല്ലായിരുന്നു. പത്രങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍വരെ രാഷ്ട്രീയത്തില്‍ മത്സരിക്കയില്ല എന്നു രാജീവ് പറഞ്ഞു. എങ്കിലും ഒടുവില്‍ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി മത്സരിച്ച രാജീവിന്റെ പ്രവര്‍ത്തിയെ നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയാധിപത്യമായി കണ്ടു പത്രങ്ങളും പ്രതിപക്ഷവും രൂക്ഷമായി വിമര്‍ശിച്ചു.

ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റുമരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വവും പ്രവര്‍ത്തകരും രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിപദത്തിലേക്ക് നിര്‍ബന്ധിച്ചാ‍നയിച്ചു. ഇന്ദിരയുടെ മരണത്തിനും സിഖ് കൂട്ടക്കൊലകള്‍ക്കും പിന്നാലെ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ (540 അംഗ സഭയില്‍ 405 സീറ്റുകള്‍) രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഇന്ദിരയുടെ മരണം ഉണര്‍ത്തിവിട്ട ഞെട്ടലിലും രാജീവ് തരംഗത്തിലും നടന്ന ആ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് രണ്ടു സീറ്റുകള്‍ മാത്രമേ ലഭിച്ചുളളൂ. അത്ര ശക്തമായിരുന്നു നെഹ്രു കുടുംബത്തിനുവേണ്ടിയുള്ള ജനഹിതം.

[തിരുത്തുക] പ്രധാനമന്ത്രി

ഇന്ദിരാഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒറീസ്സയിലായിരുന്ന രാജീവിനെ കോണ്‍ഗ്രസ് നേതാക്കളും അന്നു രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയില്‍‌സിംഗും പ്രധാനമന്ത്രി പദത്തിലേറാന്‍ നിര്‍ബന്ധിച്ചു. ഇന്ദിരയുടെ മരണം ഉണര്‍ത്തിവിട്ട സിഖ് വിരുദ്ധ കലാപം നിയന്ത്രിക്കാന്‍ രാജീവ് വേണ്ടതു ചെയ്തില്ല എന്ന് അപഖ്യാതിയുണ്ടായി. സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് “വന്മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി അല്പം കുലുങ്ങുന്നു” എന്ന് രാജീവ് ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി പദം സ്വീകരിച്ച രാജീവ് കോണ്‍ഗ്രസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രിയാ‍യ അദ്ദേഹം പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പു നടത്താന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

ഇന്ദിരയുടെ മരണം ഉണര്‍ത്തിവിട്ട തരംഗത്തില്‍ നടന്ന ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഇന്ത്യന്‍ പാര്‍ലമെന്റിലെ എക്കാലത്തെയും വലിയ ഭൂരിപക്ഷം ലഭിച്ചു. രാജീവിന്റെ യുവത്വവും അഴിമതിക്കറ പുരളാത്ത പ്രതിച്ഛായയും കോണ്‍ഗ്രസ് ജയത്തിന് മാറ്റുകൂട്ടി. ഇന്ത്യന്‍ ജനത കോണ്‍ഗ്രസിനെ വീണ്ടും ഹൃദയത്തിലേറ്റിത്തുടങ്ങി.

ഭരണരംഗത്ത് രാജീവ് ഗാന്ധിയുടെ പല നടപടികളും ഇന്ദിര തിരഞ്ഞെടുത്ത പാതയില്‍നിന്നു വേറെയായിരുന്നു. രാജീവ് അമേരിക്കയുമായുള്ള ബന്ധം ഊഷ്മളമാക്കി. ഇന്ദിരയുടെ കാലത്ത് റഷ്യയുമായുള്ള അടുത്ത സൌഹൃദത്തിന്റെ പേരിലും സോഷ്യലിസ്റ്റ് ഭരണരീതികളുടെ പേരിലും ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം ഒട്ടുംതന്നെ സൌഹാര്‍ദ്ദപരമായിരുന്നില്ല. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക വികസനത്തെ രാജീവ് അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു. കമ്പ്യൂട്ടറുകള്‍, വിമാനങ്ങള്‍, പ്രതിരോധ-വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ സാങ്കേതിക വ്യവസായങ്ങള്‍ക്കുള്ള ഇറക്കുമതി ചുങ്കം രാജീവ് ഗണ്യമായി കുറച്ചു. രാജ്യത്തിന്റെ ലൈസന്‍സ് രാജ് - പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള ചുവപ്പുനാട ഗണ്യമായി കുറക്കുവാനുള്ള നടപടികള്‍ രാജീവ് ഗാന്ധി സ്വീകരിച്ചു. 1986-ല്‍ രാജീ‍വ് ഗാന്ധി ഇന്ത്യയില്‍ ഒട്ടാ‍കെ ശാസ്ത്ര സാങ്കേതിക ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുവാനായി പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു.

ഇന്ത്യയില്‍ നവോദയ വിദ്യാലയങ്ങള്‍ ആരംഭിച്ചത് 1986 ഇല്‍ രാജീവ് ഗാന്ധിയാണ്. നെഹറുവിനു ശേഷം ചൈന സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി ഇന്ത്യാ-ചൈന ബന്ധത്തിലെ സംശയങ്ങളും വിശ്വാസമില്ലായ്മയും ഒരളവുവരെ പരിഹരിച്ചു. രാജ്യത്തിന്റെ ദീര്‍ഖകാലമായി നിലനില്‍ക്കുന്ന പല പ്രശ്നങ്ങളും പരിഹരിക്കുവാന്‍ രാജീവ് ശ്രമിച്ചു. മീസ്സോ കരാര്‍, ആസ്സാം കരാര്‍, പഞ്ചാബ് കരാര്‍ എന്നിവ രാജീവ് ഗാന്ധി ഒപ്പുവെച്ചു.

പഞ്ചാബിലെ തീവ്രവാദത്തെ അടിച്ചമര്‍ത്തുന്നതിനായി രാജീവ് സൈന്യത്തിനും പൊലീസിനും വിശാലമായ അധികാരങ്ങള്‍ നല്‍കി. പഞ്ചാബില്‍ മിക്കസമയത്തും കര്‍ഫ്യൂ നിലനില്‍ക്കുകയും പൌരാവകാശങ്ങളും വാണിജ്യ, വിനോദസഞ്ചാര വ്യവസായങ്ങള്‍ തകരാറിലാവുകയും ചെയ്തു. ഈ കാലയളവില്‍ പഞ്ചാബ് നിയന്ത്രിച്ച കെ.പി.എസ്. ഗില്ലിന്റെ കീഴിലുള്ള പൊലീസിനെതിരെ ഒരുപാട് മനുഷ്യാവകാശ ലംഘന പരാതികള്‍ ആരോപിക്കപ്പെട്ടു. കസ്റ്റഡി മരണങ്ങളും ‘ഏറ്റുമുട്ടല്‍ മരണങ്ങളും’ യുവാക്കളെ കാണാതാവുന്നതും സാധാരണമായിരുന്നു.എങ്കിലും തീവ്രവാദം നിയന്ത്രണത്തിലാവുകയും ഒടുവില്‍ പതിയെ കെട്ടടങ്ങുകയും ചെയ്തു.

[തിരുത്തുക] ശ്രീലങ്കയിലെ സൈനീക ഇടപെടല്‍

ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് കുടിയേറിപ്പാര്‍ത്ത തമിഴ് വംശജരോടും അവരുടെ ആവശ്ശ്യങ്ങളോടും ഇന്ത്യ ചരിത്രപരമായും തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദം മൂലവും സഹതാ‍പവും ഐക്യദാര്‍ഢ്യവും പുലര്‍ത്തിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രീലങ്കയിലെ തമിഴ് വംശജരോടും അവരുടെ ആവശ്യങ്ങളോടും സഹതാപം പുലര്‍ത്തിയിരുന്നു. തമിഴ് പുലികള്‍ക്ക് ഇന്ത്യ ആയുധവും പരിശീലനവും നല്‍കുന്നു എന്ന് ആരോപിക്കപ്പെട്ടിരുന്നു. ശ്രീലങ്കയിലെ സിംഹള ജനതയ്ക്കിടയില്‍ ഇത് ഇന്ത്യയോടുള്ള രോഷത്തിനു കാരണമായി. ളംബോയില്‍ വെച്ച് രാ‍ജീവ് ഗാന്ധിയും ശ്രീലങ്കന്‍ രാഷ്ട്രപതിയായ ജെ.ആര്‍.ജയവര്‍ദ്ധനെയും തമ്മില്‍ ഇന്ത്യാ-ശ്രീലങ്ക സമാധാന കരാര്‍ 1987 ജൂലൈ 30-ന് ഒപ്പുവെച്ചു. തൊട്ടടുത്ത ദിവസം ശ്രീലങ്കന്‍ സൈന്യത്തിന്റെ ‘ഗാര്‍ഡ് ഓഫ് ഓണര്‍’ സ്വീകരിക്കുകയായിരുന്ന രാജീവ് ഗാന്ധിയെ നിരയായി നിന്ന ശ്രീലങ്കന്‍ സൈനീകരില്‍ ഒരാള്‍ തന്റെ തോക്കിന്റെ പാത്തികൊണ്ട് തലക്കടിച്ച് കൊല്ലുവാന്‍ ശ്രമിച്ചു. രാജീവ് ഈ വധശ്രമത്തില്‍ നിന്ന് ചെറിയ പരുക്കുകളോടെ കഷ്ടിച്ച് രക്ഷപെട്ടു.

ഇന്ത്യാ-ശ്രീലങ്ക സമാധാന കരാര്‍ അനുസരിച്ച് എല്‍.ടി.ടി.ഇ. രാജീവ് അയച്ച ഇന്ത്യന്‍ സമാധാന സൈന്യത്തിനു മുന്‍പില്‍ സമാധാനപരമായി ആയുധങ്ങള്‍ അടിയറവെയ്ക്കുമായിരുന്നു. എന്നാല്‍ ഈ നീക്കം തിരിച്ചടിക്കുകയും ഇത് ഒടുവില്‍ ഇന്ത്യന്‍ സൈന്യവും എല്‍.ടി.ടി.ഇ. യും തമ്മില്‍ ഒരു തുറന്ന യുദ്ധത്തിന് വഴി തെളിക്കുകയും ചെയ്തു. ആയിരത്തോളം ഇന്ത്യന്‍ ഭടന്മാര്‍ക്ക് ഈ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഒട്ടേറെ തമിഴ് വംശജര്‍ കൊല്ലപ്പെടുകയും സ്ത്രീകള്‍ മാനഭംഗപ്പെടുകയും ചെയ്തു. ഇന്ത്യന്‍ സമാധാന സേന എല്‍.ടി.ടി.ഇ. യില്‍ നിന്ന് പല പ്രദേശങ്ങളും തിരിച്ചുപിടിക്കുകയും എല്‍.ടി.ടി.ഇ.യുടെ നിയന്ത്രണത്തിലുള്ള പ്രദേശം ജാഫ്നയിലെ വളരെ ചുരുക്കം ഭാഗങ്ങളായി ചുരുങ്ങുകയും ചെയ്തു. എന്നാല്‍ ഈ സമയത്ത് ഇന്ത്യന്‍ സൈനീക നടപടിയോടുള്ള എതിര്‍പ്പ് ശ്രീലങ്കയില്‍ ശക്തമാവുകയും ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വവും സര്‍ക്കാരും ഇന്ത്യയോട് വെടിനിര്‍ത്താന്‍ ആവശ്യപ്പെടുകയും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് ഇന്ത്യയെ വിലക്കുകയും ചെയ്തു. ഇന്ത്യന്‍ രാജ്യതന്ത്രജ്ഞതയുടെയും സൈനീക തന്ത്രജ്ഞതയുടെയും പരാജയമായി കണക്കാക്കപ്പെട്ട ഈ ‘ശ്രീലങ്കന്‍ സാഹസ’ത്തില്‍ നിന്ന് രാജീവ് ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ പിന്‍‌വലിച്ചു.

[തിരുത്തുക] ബോഫോഴ്സ് കോഴ ഇടപാട്

സ്വിറ്റ്സര്‍ലാന്റിലെ ബോഫോഴ്സ് കമ്പനിയില്‍ നിന്നും കോഴ വാങ്ങി ആയുധ കരാര്‍ ഒപ്പുവെച്ചു എന്നതായിരുന്നു ബോഫോഴ്സ് കേസിന്റെ കാതല്‍. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ അല്പകാലം പ്രതിരോധമന്ത്രിയും ധനമന്ത്രിയുമായിരുന്ന വി.പി.സിംഗ് ആണ് കോടിക്കണാക്കിനു ഡോളറുകള്‍ കൈമറിഞ്ഞ ബോഫോഴ്സ് അഴിമതി പുറത്തുകൊണ്ടുവന്നത്. ഗാന്ധി കുടുംബത്തിന്റെ സുഹൃത്തായ ഒട്ടാവിയോ ക്വത്റോച്ചി എന്ന ഇടനിലക്കാരനില്‍ നിന്ന് ഇന്ത്യന്‍ ആയുധക്കരാറുകള്‍ക്കു പകരമായി പണം കൈപ്പറ്റി എന്നതായിരുന്നു പ്രധാന ആരോപണം. ഈ വെളിപ്പെടുത്തലുകള്‍ക്കുപിന്നാലെ വി.പി.സിംഗിനെ മന്ത്രിസഭയില്‍ നിന്നും പിന്നാലെ കോണ്‍ഗ്രസ് അംഗത്വത്തില്‍നിന്നും പുറത്താക്കി. സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ചായിരുന്നു പുറത്താക്കിയതെങ്കിലും വി.പി.സിംഗിനെതിരായ രേഖകള്‍ കെട്ടിച്ചമച്ചതാണെന്ന് പിന്നീടു കണ്ടെത്തി. രാജീവ് ഗാന്ധിയെ ഈ കേസില്‍ പ്രതി ചേര്‍ത്തെങ്കിലും പിന്നീട് 17 വര്‍ഷങ്ങള്‍ക്കു ശേഷം ദില്ലി ഹൈക്കോടതി രാജീവിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. ഹിന്ദു ദിനപ്പത്രത്തിന്റെ പ്രധാന ലേഖകരായ നരസിംഹന്‍ റാമും ചിത്ര സുബ്രമണ്യവും നടത്തിയ അന്വേഷണാത്മക പത്രപ്രവര്‍ത്തനം രാജീവിനെ കുറ്റക്കാരനായി കണ്ടെത്തുകയും അഴിമതിരഹിതന്‍ എന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് കളങ്കം ഉണ്ടാവുകയും ചെയ്തു.

വി.പി. സിംഗിന്റെ ഉന്നതങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവന്നയാള്‍ എന്ന പ്രതിച്ഛായ അദ്ദേഹത്തെ ജനങ്ങള്‍ക്കു പ്രിയങ്കരനാക്കി. 1989 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 197 സീറ്റുകല്‍ മാത്രമേ ലഭിച്ചുളളൂ. വി.പി. സിംഗിന്റെ നേതൃത്വത്തില്‍ ജനതാദള്‍-കൂട്ടുകക്ഷി മന്ത്രിസഭ നിലവില്‍‌വന്നു. ബി.ജെ.പി. ഈ മന്ത്രിസഭയെ പുറമേനിന്നു പിന്താങ്ങി. കോണ്‍ഗ്രസ് ജനതാദള്‍ അംഗമായ ചന്ദ്രശേഖറിന് പിന്തുണ വാഗ്ദാനം ചെയ്ത് പാര്‍ട്ടി പിളര്‍ത്തിയത് വി.പി. സിംഗ് മന്ത്രിസഭയുടെ പതനത്തിനു കാരണമായി.

[തിരുത്തുക] പ്രതിപക്ഷ നേതാവ്

1989 മുതല്‍ 1991 വരെ രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായി തുടര്‍ന്നു. ഈ കാലയളവില്‍ വി.പി.സിംഗിന്റെ നേതൃത്വത്തിലും ചന്ദ്രശേഖറിന്റെ നേതൃത്വത്തിലും രണ്ടു സര്‍ക്കാരുകള്‍ ഇന്ത്യ ഭരിച്ചു.വി.പി.സിംഗിന്റെ മണ്ഡല്‍ കമ്മീഷന്‍ പരിഷ്കാരങ്ങള്‍ക്ക് തിരുത്തലുകള്‍ നിര്‍ദ്ദേശിച്ച് രാജീവ് ഗാന്ധി ലോക്സഭയില്‍ നടത്തിയ പ്രസംഗം ഏറെ പ്രശംസ പിടിച്ചുപറ്റി. ചന്ദ്രശേഖര്‍ മന്ത്രിസഭയ്ക്ക് അല്പകാലം നല്‍കിയ പിന്തുണ രാജീവ് ഗാന്ധി പിന്‍‌വലിച്ചത് വീണ്ടും തിരഞ്ഞെടുപ്പിന് കാരണമായി.

[തിരുത്തുക] കൊല്ലപ്പെടുന്നു

ശ്രീപെരുമ്പത്തൂരിലെ രാജീവ് ഗാന്ധി സ്മാരകം
ശ്രീപെരുമ്പത്തൂരിലെ രാജീവ് ഗാന്ധി സ്മാരകം

രാജീവിന്റെ അവസാനത്തെ പൊതുസമ്മേളനം തമിഴ്‌നാട്ടിലെ തിരുത്തണിയിലായിരുന്നു. രാജീവ് ഗാന്ധി മെയ് 21 1991-ഇല്‍ ശ്രീപെരുമ്പത്തൂരില്‍ വെച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തില്‍ വെച്ച് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. എല്‍.ടി.ടി.ഇ അംഗമായ തേന്മൊഴി രാജരത്നം (തനു) എന്ന സ്ത്രീയാണ് ആത്മഹത്യാ ബോംബര്‍ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. ശിവരശന്‍ എന്ന എല്‍.ടി.ടി.ഇ. നേതാവ് ഈ കൊലപാതകത്തിന് സൂത്രധാരകനായിരുന്നു. 2006 വരെ എല്‍.ടി.ടി.ഇ. രാജീവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല. 2006 ഇല്‍ ഒരു അഭിമുഖത്തില്‍ തമിഴ് പുലികളുടെ വക്താവായ ആന്റണ്‍ ബാലസിംഹം എല്‍.ടി.ടി.ഇ.യുടെ പങ്ക് പരോക്ഷമായി സമ്മതിച്ചു.

രാജീവിന്റെ മരണത്തിന് ഉത്തരവാദിയായി ശ്രീലങ്കന്‍ വംശജരായ എല്‍.ടി.ടി.ഇ. അംഗങ്ങളും തമിഴ്‌നാട്ടില്‍ നിന്നുള്ള അവരുടെ സഹായികളും അടക്കം 26 പേരെ ഒരു ഇന്ത്യന്‍ കോടതി കുറ്റക്കാരായി വിധിച്ചു. രാജീവ് ഗാന്ധിക്ക് മരണത്തിനുശേഷം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ചു. വീര്‍ഭൂമി എന്ന സ്മാരകം ഡെല്‍ഹിയില് രാജീവിന്റെ സമാധി സ്ഥലത്ത് നിര്‍മിച്ചിട്ടുണ്ട്. രാജീവിന്റെ മരണം ഉയര്‍ത്തിയ സഹതാപതരംഗത്തില്‍ കോണ്‍ഗ്രസ് വീണ്ടും 1991 തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ അധികാരത്തില്‍ വന്നു.

[തിരുത്തുക] അനുബന്ധം


ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍

ജവഹര്‍ലാല്‍ നെഹ്‌റുഗുല്‍സാരിലാല്‍ നന്ദലാല്‍ ബഹാദൂര്‍ ശാസ്ത്രിഇന്ദിരാ ഗാന്ധിമൊറാര്‍ജി ദേശായിചരണ്‍ സിംഗ്രാജീവ് ഗാന്ധിവി പി സിംഗ്ചന്ദ്രശേഖര്‍പി വി നരസിംഹ റാവുഎ ബി വാജ്‌പേയിഎച്ച് ഡി ദേവഗൌഡഐ കെ ഗുജ്റാള്‍മന്‍മോഹന്‍ സിംഗ്

ആശയവിനിമയം