തബല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യന്‍ സംഗീതത്തില്‍ പൊതുവെയും, ഉത്തരേന്ത്യന്‍ ശാസ്ത്രീയ സംഗീതമായ ഹിന്ദുസ്ഥാനി സംഗീതത്തില്‍ പ്രത്യേകിച്ചും ഉപയോഗിക്കപ്പെടുന്ന ഒരു കൊട്ടുവാദ്യമാണ് തബല. വലുപ്പത്തിലും ആകൃതിയിലും വ്യത്യസ്തമായ രണ്ടു വാദ്യോപകരണങ്ങള്‍ തബലയുടെ ഭാഗമായുണ്ട്. വീപ്പ അഥവാ ഡ്രം (drum) എന്നര്‍ഥം വരുന്ന ഒരു അറബി വാക്കാണ് തബല എന്നതിനുറവിടം.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
പതിമൂന്നാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവിയായിരുന്ന അമീര്‍ ഖുസ്രോ ആണ് ഈ വാദ്യത്തിന്റെ ഉപ്ജ്ഞാതാവ് എന്ന് വിശ്വസ്സിക്കപ്പെടുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ കുറിപ്പുകളിലൊന്നും തന്നെ തബലെയെപ്പറ്റിയോ മറ്റൊരുപകരണമായ സിതാറിനെപ്പറ്റിയോ ഒന്നും തന്നെ പരാമര്‍ശിച്ചു കാണുന്നില്ല. കൃത്യമായ ചരിത്രരേഖകള്‍ പ്രകാരം പതിനെട്ടാം നൂറ്റാണ്ടില്‍ ഡെല്‍ഹിയില്‍ ജീവിച്ചിരുന്ന ഉസ്താദ് സിദ്ദാര്‍ ഖാനാണ് തബല ആദ്യമായി ഉപയോഗിച്ചത്.
[തിരുത്തുക] തബലയുടെ ഘരാനാ പാരമ്പര്യം
ഭക്തിപരമായ നാടന്‍പാട്ടുകള്‍ക്കുപയോഗിച്ചിരുന്ന ഒരു നാട്ടുവാദ്യത്തില്‍ നിന്ന് സങ്കീര്‍ണമായ വാദനരീതികളെ ആവാഹിക്കുന്ന ശാസ്ത്രീയ സംഗീതത്തിന്റെ ഒരു അവിഭാജ്യ ഘടകമായി തബല മാറിയത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ ആയിരിക്കണം. ഡല്‍ഹി, ലക്‍നൌ, അലഹബാദ്, ഹൈദരാബാദ്, ലാഹോര്‍ എന്നിവിടങ്ങളിലെ മുഗള്‍ സാമ്രാജ്യത്തിന്റെ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പാരമ്പര്യമായി കൈമാറിവന്നിരുന്ന സംഗീതത്തിന്റെ ചരിത്രമാണ് തബലയുടേത്. കൂടുതലും ഇസ്ലാം മതസ്ഥരായിരുന്നു വായിച്ചിരുന്നതെങ്കിലും, വാരണാസിയിലെ ചില ഹിന്ദു കുടുംബങ്ങളും തബല അഭ്യസിച്ചിരുന്നു. പക്കവാദ്യമായും പ്രധാനവാദ്യമായും തബലവായന അവതരിപ്പിക്കാറുണ്ട്. ഉര്‍ദ്ദു-ഹിന്ദി വാക്കായ ഘരാന എന്നത് വീട് എന്നര്‍ഥം വരുന്ന “ഘര്‍ “ എന്ന ഹിന്ദി വാക്കില്‍ നിന്നും കടം കൊണ്ടിരിക്കുന്നു. പ്രധാനമായും രണ്ടു തായ്‌വഴികളാണ് ഘരാനകള്‍ക്കുള്ളത്: ഡല്‍ഹിയുടെ പരിസരത്ത് പ്രചരിച്ച ദില്ലി ബാജ്, കിഴക്കന്‍ ഡല്‍ഹിയില്‍ പ്രചാരത്തിലുള്ള പൂര്‍ബി ബാജ് എന്നിവയാണ്. ഇവയില്‍ നിന്നും താഴെപ്പറയുന്ന ഘരാനകള്‍ രൂപമെടുത്തു.
- ഡല്‍ഹി ഘരാന
- ലക്‍നൌ ഘരാന
- അര്‍ജാര ഘരാന
- ഫരുഖ്‌ബാദ് ഘരാന
- ബെനാറസ് ഘരാന
- പഞ്ചാബ് ഘരാന
വാദനശൈലിയിലും സംഗീത സംശ്ലേഷണത്തിലും പുലര്‍ത്തുന്ന സവിശേഷതകളാല്‍ ഓരോ ഘരാനയും വ്യത്യസ്തമാണ്. രാജഭരണകാലങ്ങളില്‍ ഇത്തരം ശൈലികള്‍ കെടാതെ കാത്തു സൂക്ഷിക്കപ്പെട്ടെങ്കിലും, ആധുനിക യുഗത്തില്‍ ശൈലികള്‍ അന്യോന്യം വളരെ കടം കൊണ്ടിട്ടുണ്ട്. എന്നിരിക്കിലും, ഇന്നും കര്‍ക്കശ്ശമായ ശിക്ഷണവും ഗുരു-ശിഷ്യബന്ധത്തിലൂന്നിയ വിദ്യാഭ്യാസവും ഘരാനകളുടെ പല സവിശേഷതകളും നിലനിര്‍ത്തുന്നുണ്ട്.
[തിരുത്തുക] തബലയുടെ ഘടന
വലതു കൈ (അല്ലെങ്കില്‍ കൂടുതല്‍ സ്വാധീനമുള്ള കൈ) കൊണ്ടു വായിക്കപ്പെടുന്ന ചെറു വാദ്യവും ( ദായാന്‍ ) , മറ്റേ കൈ കൊണ്ട് വായിക്കപ്പെടുന്ന വലുപ്പം കൂടിയ വാദ്യവും ( ബായാന്‍ ) അടങ്ങിയതാണ് തബല. ചെറിയ വാദ്യം പ്രത്യേകം സ്വരത്തില്‍ സ്ഥാനം ചെയ്തിട്ടുണ്ടാവും. വലിയതാവട്ടെ, ആഴമുള്ള ഘനമേറിയ ശബ്ദം പുറപ്പെടുവിക്കുന്നു. ശബ്ദങ്ങളുടെ പരസ്പരപൂരകമാണ് സംഗീത ദ്വനിയുണ്ടാക്കുന്നത്. കൈവണ്ണ കൊണ്ടും വിരലുകള്‍ കൊണ്ടും താളനിബദ്ധമായ താഡനങ്ങളാലാണ് തബലവായനക്കാരന്‍ താളലയം സൃഷ്ടിക്കുന്നത്.രണ്ടു വാദ്യങ്ങളും ആട്ടിന്തോലു കൊണ്ട് വലിച്ചുകെട്ടി മൂടിയിരിക്കുന്നു. തടികട്ടകള്‍ കൊണ്ട് തോല്‍കവചത്തെ ബന്ധപ്പെടുത്തിയിരിക്കുന്നു. സ്വരസ്ഥാനങ്ങളെ ചിട്ടപ്പെടുത്തുന്നത് ഈ തടിക്കട്ടകളില്‍ അല്പാല്പം ചുറ്റിക കൊണ്ട് മേടിക്കൊണ്ടാണ്.
[തിരുത്തുക] തബലയും സംസ്കാരവും
ഇന്ത്യന്‍ സംസ്കാരത്തിലും സംഗീതത്തിലും തബലയുടെ സ്വാധീനം വളരെ വലുതാണ്. ശാസ്ത്രീയ സംഗീതത്തില്‍ മാത്രമല്ല, വളരെ പ്രചാരമുള്ള സിനിമാ സംഗീതത്തിലും തബല സുഭിക്ഷമായി ഉപയോഗിക്കപ്പെടുന്നു. ഉസ്താദ് അള്ള രാഖ, ഉസ്താദ് സക്കീര്‍ ഹുസൈന്‍ തുടങ്ങിയ തബലാ ആചാര്യന്മാരിലൂടെ, ഈ വാദ്യത്തിന്റെ പ്രശസ്തി മറ്റു രാജ്യങ്ങളിലേക്കും സഞ്ചരിച്ചു. ഇന്ന്, ഇലക്‍ട്രോണിക കീബോര്‍ഡുകളിലും മറ്റും തബലവാദ്യത്തിന്റെ ശബ്ദവും കൃത്രിമമായി സൃഷ്ടിക്കാവുന്ന തരത്തില്‍ അതിന് പ്രചാരം ലഭിച്ചിട്ടുണ്ട്.