അഞ്ചല്‍ (തപാല്‍)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയില്‍ ഔദ്യോഗിക പോസ്റ്റല്‍ സര്‍വീസ് രൂപീകൃതമാകുന്നതിന് മുമ്പ് തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളില്‍ നിലവില്‍നിന്നിരുന്ന പ്രാചീന ആഭ്യന്തര തപാല്‍ സമ്പ്രദായമാണ് അഞ്ചല്‍ സമ്പ്രദായം. 1951 ല്‍ ഇന്ത്യന്‍ കമ്പിതപാല്‍ വകുപ്പില്‍ ലയിക്കുന്നതുവരെ അഞ്ചല്‍ സമ്പ്രദായം നിലനിന്നു.
[തിരുത്തുക] പേരിനുപിന്നില്‍
സന്ദേശവാഹകന്‍, ദൈവദൂതന്‍ എന്നെല്ലാം അര്‍ത്ഥമുള്ള ആഞെലസ് എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് അഞ്ചല്‍ എന്ന വാക്കിന്‍റെ ഉത്ഭവം.
കേരളത്തില്‍ അതിപ്രാചീനകാലം മുതല്‍ക്കുതന്നെ ചാരന്മാര്‍ വഴി കത്തിടപാടുകള്‍ നടത്തിയിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലം മുതല്‍ വിരുത്തി(വൃത്തി) അനുഭവക്കാരായ ചാരന്മാര്‍ മുഖാന്തിരം സര്‍ക്കാര്‍ സാധനങ്ങളും കൊട്ടാരം വക നീട്ടുകളും കച്ചേരികളില്‍ എത്തിച്ചുകൊടുക്കാന്‍ ഒരു വ്യവസ്ഥ ആരംഭിച്ചു. അവര്‍ക്ക് സ്ഥാനചിഹ്നമായി ശംഖുമുദ്രയും “ ശ്രീപദ്മനാഭന്‍ തുണ ” എന്നു ലിഖിതമുള്ള വെള്ളിത്തടികള്‍ നല്‍കിയിരുന്നു. തിരുവിതാം കൂറിലെ രാമവര്‍മ്മ മഹാരാജാവ് കൊല്ലവര്‍ഷം 959ല്‍ ‘സന്ദേഹവാഹക’ ഏര്‍പ്പാടില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തി. അത് കേണല്‍ മണ്‍ട്രോയുടെ ഔദ്യോഗികകാലം വരെ നിലവിലിരുന്നു. കേണല്‍ മണ്‍ട്രോയാണ് സന്ദേശവാഹക ഏര്‍പ്പാടിന് ‘അഞ്ചല്‍’ എന്നു നാമകരണം ചെയ്തത്. റോഡുകള്‍ക്ക് നിശ്ചിത ദൂരത്തിലായി ഓട്ടക്കാര്‍ നിന്നിരുന്നു. ഇവര്‍ ഒരു നിശ്ചിത ദൂരം സന്ദേശം കൊണ്ട് ഓടി അടുത്തയാള്‍ക്ക് കൈമാറും. ഇങ്ങനെയാണ് സന്ദേശങ്ങള്‍ ഒരിടത്തു നിന്ന് മറ്റൊരിടത്ത് എത്തിച്ചിരുന്നത്. ആദ്യകാലങ്ങളില്‍ സര്‍ക്കാര്‍ രേഖകള്‍ മാത്രമായിരുന്നു അഞ്ചലിലൂടെ എത്തിച്ചിരുന്നത്. കൊല്ലവര്‍ഷം 1024 വരെ അഞ്ചല്‍ സര്‍വ്വീസ് സര്‍ക്കാര്‍ ആവശ്യത്തിനു മാത്രമേ തരപ്പെടുത്തിയിരുന്നുള്ളൂ.
[തിരുത്തുക] ഇതും കാണുക
കത്തുകള്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് എത്തിച്ചിരുന്നവരാണ് അഞ്ചല്‍ക്കാരന്‍ അഥവാ അഞ്ചലോട്ടക്കാരന്‍.കാക്കി നിക്കറും ഉടുപ്പും തലയില്‍ ചുവന്ന കരയുള്ള കാക്കി തൊപ്പിയുമായിരുന്നു അഞ്ചല്‍ക്കാരന്‍റെ വേഷം. ചിലങ്ക കെട്ടിയ ഒന്നരയടി നീളമുള്ള വടിയില്‍ തപാല്‍ ഉരുപ്പടികള്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് ഓടിയാണ് എത്തിച്ചിരുന്നത്. ഇങ്ങനെ ഓടുമ്പോള്‍ ചിലങ്ക കിലുങ്ങുകയും ആ ശബ്ദം കേട്ട് ആളുകള്‍ വഴി മാറിക്കൊടുക്കുകയും ചെയ്തിരുന്നു. അഞ്ചല്‍ക്കാരന് അന്ന് സമൂഹത്തില്‍ മാന്യമായ സ്ഥാനം കിട്ടീയിരുന്നു. [1]
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ ശങ്കരന്‍ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂര്‍ [1957]. എന്റെ സ്മരണകള്‍ (മൂന്നാം ഭാഗം). കുന്നംകുളം: പഞ്ചാംഗം പ്രസ്സ്.
- കേരളവിജ്ഞാനകോശം 1988
- തപാല്‍ വകുപ്പ് മ്യൂസിയം, തിരുവനന്തപുരം