ഹാം റേഡിയോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയര്‍ലസ് സെറ്റുകള്‍ ഉപയോഗിച്ച് തമ്മില്‍ വാര്‍ത്താവിനിമയം നടത്തുന്ന ഉപാധിയാണ് ഹാം റേഡിയോ. രാജകീയ വിനോദമെന്നും ഹാം റേഡിയോ അറിയപ്പെടുന്നു. വിനോദമെന്നതിനുപരിയായി നിര്‍ണ്ണായകസമയങ്ങളില് ആശയവിനിമയം നടത്തുന്നതിനും ഹാമുകള്‍ ഉപയോഗിക്കപ്പെടുന്നു.
സ്വന്തമായി ഉണ്ടാക്കിയ വയര്‍ലസ് സെറ്റുകളോ വിപണിയില്‍ നിന്നും വാങ്ങുന്ന വയര്‍ലസ് സെറ്റുകളോ ഉപയോഗിക്കാം. മറ്റുഹോബികളെ അപേക്ഷിച്ച് പെട്ടന്ന് തുടങ്ങാന്‍ സാധിക്കുന്ന ഹോബിയല്ല ഇതെന്നുമാത്രം. വയര്‍ലസ് സെറ്റുകള്‍ ഉപയോഗിക്കുവാനായി സര്‍ക്കാരില്‍ നിന്നും ലൈസന്‍സ് കരസ്ഥമാക്കണം. ഒരു ചെറിയ പരീക്ഷയും മോഴ്സ് കോഡ് ഉപയോഗിച്ച് കമ്പിയില്ലാ കമ്പി സന്ദേശം അയക്കുന്നതിനുള്ള പ്രായോഗിക പരീക്ഷയും കഴിഞ്ഞാല്‍ ലൈസന്‍സ് ലഭിക്കും. മേശപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ചെറിയ ഒരു റേഡിയോ സ്റ്റേഷന്‍ തന്നെയാണ് വയര്‍ലസ് സെറ്റ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. എഫ്. എം, ഷോര്‍ട്ട് വേവ് എന്നീ വിഭാഗത്തിലാണ് മിക്കവാറും ഇവ പ്രവര്‍ത്തിക്കുന്നത്. ചുരുക്കത്തില്‍ അതിങ്ങനെ - ഒരു റേഡീയോ സ്റ്റേഷനും ഒരു റേഡീയോ റീസീവിംഗ് സെറ്റും ഒരു സ്ഥലത്ത് പ്രവര്‍ത്തിയ്കുന്നു. റേഡീയോ സ്റ്റേഷന്‍ അഥവാ പ്രസരണി-അന്തരീഷത്തിലേയ്ക്ക് റേഡീയോ സന്ദേശങ്ങള്‍ അയക്കുന്നു. റേഡീയോ റീസീവര്‍ അഥവാ സ്വീകരണി ആ സന്ദേശങ്ങള്‍ പിടിച്ചെടുത്ത് കേള്‍പ്പിയ്ക്കുന്നു. ഇങ്ങനെയുള്ള ഒരുസംവിധാനത്തെ ഒരു വയര്‍ലൈസ് സെറ്റ് അഥവാ ട്രാന്‍സീവര്‍ എന്നു പറയുന്നു.
ഈ ഹോബിയിലേക്ക് ചേക്കേറാന്‍ ആദ്യമായി ഇവരുടെ സന്ദേശങ്ങള്‍ ശ്രവിച്ച് പരിചിതമാകണം. ഇതിനായി വിലയേറിയ ഉപകരണങ്ങള്‍ ഒന്നും ആവശ്യമില്ല. സാധാരണ രണ്ടുബാന്‍ഡുള്ള റേഡിയോ മതി. അവയില്‍ 40 മീറ്ററില്‍ ട്യൂണ്‍ ചെയ്താല്‍ ചെറുതായി സംഭാഷണം കേള്‍ക്കാം. റേഡിയോയുടെ ഏരിയലില്‍ അല്‍പം വയര്‍കൂടി വലിച്ചുകെട്ടിയാല്‍ സംഭാഷണം വ്യക്തമായി കേള്‍ക്കുവാന്‍ സാധിക്കും.
ഹാമുകള്‍ സാധാരണയായി 40 മീറ്റര്‍ ബാന്‍ഡ്, 20 മീറ്റര്‍ ബാന്‍ഡ് എന്നീ ബാന്‍ഡുകളാണ് ഉപയോഗിക്കാറുള്ളത്. 144 മെഗാഹെര്‍ട്സും അതിനടുത്തുള്ള ഫ്രീക്വന്‍സികളും ഉപയോഗിച്ചാണ് എഫ്.എം ബാന്‍ഡില്‍ ഹാമുകള്‍ സംസാരിക്കുന്നത്. ഓരോ രാജ്യത്തും ഇത് വ്യത്യാസപ്പെടാം ( കൊടുത്തിട്ടുള്ള ഫ്രീക്വന്‍സിയും ബാന്‍ഡും മിക്കവാറും എല്ലാ രാജ്യങ്ങളും ഒരേപോലെയാണ് ഉപയോഗിക്കുന്നത് ).
ഇന്ത്യയില്‍ 2004 ഡിസംബര്‍ 25-നു ഉണ്ടായ സുനാമി ആക്രമണത്തില്‍ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളില്‍ നിന്നും ഹാം റേഡിയോ ഉപയോഗിച്ചായിരുന്നു വാര്‍ത്താവിനിമയം നടത്തിയത്. ഗുജറാത്ത് ഭൂചലനസമയത്തും ഹാം റേഡിയോ ആയിരുന്നു മുഖ്യമായും വാര്‍ത്താവിനിമയത്തിനായി ഉപയോഗിച്ചത്. ഇന്ത്യയില്‍ ഇതുവരെ 25000 അധികം ഹാമുകള്‍ ഉണ്ട്.
അമേച്വര്‍ റേഡിയേ ലൈസന്‍സ് ലഭിക്കുന്ന ഓരോരുത്തര്‍ക്കും (ഓരോ ഹാമിനും) പ്രത്യേകം കോഡ് ലഭിക്കും. ഇത് അതതു രാജ്യത്തെ സര്‍ക്കാര്‍ ഏജന്‍സിയാണ് നല്‍കുന്നത്. ഉദാഹരണത്തിന് VU2AIO ഇന്ത്യയിലെ ഇന്ത്യയിലെ ഉപയോക്താവിന്റെ ഹാം കോഡ് ആണ്. ഇതില്‍ VU എന്നത് ഇന്ത്യയെ സൂചിപ്പിക്കുന്നു. 2 എന്നത് ഒന്നാം ഗ്രേഡിനെയും AIO എന്നത് പ്രസ്തുത ഹാം റേഡിയോ ലൈസന്‍സ് ഹോള്‍ഡറെയും സൂചിപ്പിക്കുന്നു. VU3RTE, VU2LV എന്നതും സമാനമായി മനസ്സിലാക്കേണ്ടതാണ്.
ഈ കോഡ് കണ്ടാല്‍ തന്നെ ഏതുരാജ്യത്തുനിന്നുള്ള ഹാമാണ് ഇതെന്ന് കണ്ടെത്താനാകും. ഇന്ത്യയിലെ ഹാമുകള്‍ക്ക് നല്‍കുന്ന കോഡിന്റെ ആദ്യ അക്ഷരങ്ങള്‍ vu എന്നായിരിക്കും. ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും ഇത്തരം പ്രത്യേക അക്ഷരകോഡുകള്‍ നല്‍കിയിട്ടുണ്ട്. A എന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ കോഡ് ആണ്. AP എന്നത് പാക്കിസ്ഥാന്റെയും HG എന്നത് ഹംഗറിയുടെയും കോഡിലെ ആദ്യാക്ഷരങ്ങളായിരിക്കും. പലരാജ്യങ്ങള്‍ക്കും ഒന്നില്‍ കൂടുതല്‍ കോഡുകള്‍ ഉണ്ടാകാം. ഉദാഹരണത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കക്ക് K എന്നൊരു കോഡ് കൂടെയുണ്ട്.
രണ്ടാമതായുള്ള അക്കം ഹാമിന്റെ ലൈസന്‍സിന്റെ ഗ്രേഡിനെ കാണിക്കുന്നു. ഇന്ത്യയില്‍ നാലുതരം ഗ്രേഡ് ലൈസന്‍സുകള്‍ നല്‍കുന്നുണ്ട്. അവസാനത്തെ മൂന്ന് അക്ഷരങ്ങള്‍ ഹാമിനെ വ്യക്തിഗതമായി തിരിച്ചറിയാന്‍ സഹായിക്കുന്നു. പഴയ ലൈസന്‍സ് ഹാമുകള്‍ക്ക് ഇത് രണ്ടക്ഷരമേ കാണുകയുള്ളു. ഉദാഹരണത്തിന് VU2LV റസ്ട്രിക്ടഡ് ഗ്രേഡ്, ഗ്രേഡ് രണ്ട്, ഗ്രേഡ് ഒന്ന്, അഡ്വാന്‍സ്ഡ് ഗ്രേഡ് എന്നവയാണ് ഇന്ത്യയില്‍ നല്‍കുന്ന ലൈസന്‍സുകള്‍.
ചരിത്രം
1800കളില്‍ ശബ്ദം ദൂരത്തേക്ക് അയക്കുവാനുള്ള പരീക്ഷണങ്ങള്‍ തുടങ്ങിയകാലമാണ് അമേച്വര്‍ റേഡിയോ അഥവാ ഹാം റേഡിയോയുടെയും തുടക്കം. ശബ്ദം വൈദ്യുതിയായോ വൈദ്യുതി തരംഗങ്ങളായോ ദൂരദേശത്തേക്ക് എത്തിക്കുവാനാകുമെന്ന സ്വപ്നം കണ്ടവരാണ് ആദ്യത്തെ ഹാം റേഡിയോ/അമേച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാര്‍ എന്നുപറയാം. ഇന്നുപയോഗിക്കുന്നതരത്തില്‍ ഒരു ഹോബിയായി അഥവാ സേവനമായി ഹാം റേഡിയോ ഉപയോഗിച്ചു തുടങ്ങിയത് 1920കളിലാണെന്ന് കരുതുന്നു. മാര്‍ക്കോണിയും ജെ.സി ബോസും റേഡിയോ കണ്ടുപിടിച്ചപ്പോള്‍ തന്നെ ഈ ഹോബിയുടെ അടിസ്ഥാനശിലകൂടിയാണ് കണ്ടെത്തിയത്.