See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മനുഷ്യന്‍ - വിക്കിപീഡിയ

മനുഷ്യന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


wikipedia:How to read a taxobox
How to read a taxobox
മനുഷ്യന്‍
Fossil range: Pleistocene - Recent
പുരുഷന്റേയും സ്ത്രീയുടേയും ചിത്രം.
പുരുഷന്റേയും സ്ത്രീയുടേയും ചിത്രം.
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: ജന്തുലോകം
ഫൈലം: Chordata
വര്‍ഗ്ഗം: സസ്തനി
നിര: Primates
കുടുംബം: Hominidae
ജനുസ്സ്‌: Homo
വര്‍ഗ്ഗം: H. sapiens
Subspecies: H. s. sapiens
Trinomial name
Homo sapiens sapiens
Linnaeus, 1758


ഭൂമിയിലെ ജീവികളില്‍ ഏറ്റവും കൂടുതല്‍ മസ്തിഷ്കവികാസം പ്രാപിച്ച ജീവിയാണ്‌ മനുഷ്യന്‍.(ഇംഗ്ലീഷ്: human) ശാസ്ത്രീയ നാമം ഹോമോ സാപിയെന്‍സ് എന്നാണ്‌. മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച മനുഷ്യന്‍, ഇന്ന് ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും മാനസിക വളര്‍ച്ച കൈവരിച്ചിരിക്കുന്നു. ഭൂമിക്കു പുറത്ത് ശൂന്യാകാശത്തിലും ചന്ദ്രനിലും വരെ മനുഷ്യന്‍ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു. ഭാഷ ഉപയോഗിച്ച് ആശയവിനിമയം ചെയ്യുന്ന ഏക ജീവിയും മനുഷ്യനാണ്. യന്ത്രങ്ങളുടെ നിര്‍മ്മാണവും മനുഷ്യനു മാത്രം അവകാശപ്പെട്ടതാണ്. ഇന്ന് ലൈംഗീകബന്ധത്തിലൂടെയല്ലാതെ കൃത്രിമമായി മറ്റൊരു തലമുറയെ സൃഷ്ടിക്കാന്‍ വരെ (ക്ലോണിങ്ങ്) പഠിച്ചു കഴിഞ്ഞു.[അവലംബം ചേര്‍ക്കേണ്ടതുണ്ട്]

ഉള്ളടക്കം

[തിരുത്തുക] പേരിനുപിന്നില്‍

സംസ്കൃതപദമായ മനുവില്‍ നിന്നാണ് മനുഷ്യന്‍ എന്ന മലയാളപദം ഉണ്ടായത്. മനു എന്നത് മന: (മനസ്സ്) എന്ന മൂലപദത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ആംഗലേയപദമായ മാന്‍ എന്നതും, ആദി-ജര്‍മ്മന്‍ പദമായ Mannaz മാന്നസ് എന്നതും ജര്‍മ്മന്‍ പദമായ മെന്‍ഷ് (Mensch) എന്നതും ഇതേ മൂലപദത്തില്‍ നിന്നു തന്നെ ഉല്‍ഭവിച്ചതാണെന്നു കരുതുന്നു. മാനവന്‍ എന്നും മലയാളത്തില്‍ പര്യായമുണ്ട്. [1]

[തിരുത്തുക] ഐതിഹ്യങ്ങള്‍

ഓരോ മതത്തിനും മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് വ്യത്യസ്തമായ രീതിയിലാണ്‌ പ്രതിപാദിക്കുന്നത്.[2] അതിന്‌ ശാസ്ത്രീയമായ പിന്‍ബലം കുറവാണ് താനും.

  • ദൈവം, ആകാശവും ഭൂമിയും മറ്റു ജീവജാലങ്ങളേയും സൃഷ്ടിച്ചതിനു ശേഷം, തന്റെ പ്രതിഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്നാണ്‌ യഹൂദഗ്രന്ഥമായ തോറയില്‍ ‍ പറയുന്നത്. ഇസ്ലാം മതത്തിലും, ക്രിസ്തുമതത്തിലും‍ ആദം എന്ന ആദിമ മനുഷ്യനെ സ്വര്‍ഗ്ഗ്ത്തില്‍ സൃഷ്ടിച്ച ശേഷം പിന്നീട് കാരണവശാല്‍‍ ഭൂമിയിലേക്ക് അയക്കുകകയൂം ചെയ്തു എന്നാണ്‌ പറയുന്നത്. ആദമിന്റെ വാരിയെല്ലില്‍ നിന്നാണ് ദൈവം സ്ത്രീയായ ഹവ്വ യെ (Eve) സൃഷ്ടിച്ചത്.
  • ഹൈന്ദവപുരാണങ്ങളില്‍ മനു ആണ്‌ മനുഷ്യന്മാരില്‍ അദ്യത്തെ യാഗം നടത്തിയത്. അദ്ദേഹമാണ് ആദ്യത്തെ രാജാവ് എന്നും ഹിന്ദുമതഗ്രന്ഥങ്ങളില്‍ പറയുന്നു. [3] അദ്ദേഹത്തിന്റെ ധര്‍മ്മ ഉപദേശങ്ങള്‍ മനുസ്മൃതി എന്നാണ്‌ അറിയപ്പെടുന്നത്. ഭൂമിയില്‍ ഒരിക്കല്‍ പ്രളയം ഉണ്ടായപ്പോള്‍ ക്രിസ്തു മുസ്ലിം മതവിശ്വാസത്തിലുള്ള നോഹ(നൂഹ് നബി)യേപ്പോലെ വലിയ പെട്ടകം ഉണ്ടാക്കിയെന്നും സകല ജീവജാലങ്ങളേയും വഹിച്ച് പ്രളയത്തെ അതിജീവിച്ച മനുവിന്റെ പെട്ടകം ഒരു വലിയ കുന്നീല്‍ വന്ന് ഉറച്ചു എന്നും പിന്നീട് വെള്ളം വലിഞ്ഞ് കര പ്രത്യക്ഷപ്പെട്ടപ്പോള്‍ മനു പുതിയ ഒരു ലോകം തുടങ്ങി എന്നും അന്നു മുതലാണ് ഇന്നത്തെ മനുഷ്യരുടെ പൂര്‍വ്വികന്‍ മനു ആയത് എന്നും ഹിന്ദു മത വിശ്വാസികള്‍ കരുതുന്നു.
  • ചില ചരിത്രകാരന്മാര്‍ നോഹയും പുരാണ പരാമര്‍ശിതനായ മനുവും ഒരാള്‍ തന്നെ ആയിരിക്കാം എന്നും അവരുടെ(ഒരാള്‍) പിന്മുറക്കാര്‍ ഇന്ത്യയില്‍ വാസമുറപ്പിച്ചതാവാം എന്നും അവരാണ്‌ പുരാതന ഇന്ത്യന്‍ സംസ്കാരത്തില്‍ പ്രത്യക്ഷപ്പെടുന്ന ദ്രാവിഡര്‍ എന്നും അഭിപ്രായപ്പെടുന്നുണ്ട്. [4]

[തിരുത്തുക] ഉല്‍‌പത്തി

പ്രധാന ലേഖനങ്ങള്‍ ‍: മനുഷ്യന്റെ ഉല്‍‌പത്തി, ഭൂമിയുടെ ഉല്‍‌പത്തി
മനുഷ്യന്റെ ജനിതകപരമായ ഉല്പത്തി സൂചിപ്പിക്കുന്ന മരം
മനുഷ്യന്റെ ജനിതകപരമായ ഉല്പത്തി സൂചിപ്പിക്കുന്ന മരം

മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് അറിയുന്നതിനു മുന്‍പ് ഭൂഗോളത്തിന്റെ ഉല്‍‌പത്തിയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്‌. ഭൂമിയുടെ ഉല്പത്തിയെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങള്‍ ഉണ്ടെങ്കിലും ഭൂമി 457 കോടി വര്‍ങ്ങള്‍ക്കു മുന്ന് ആണ് ഉണ്ടായത് എന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. സൂര്യന്റെ രൂപീകരണത്തിനു ശേഷം ബാക്കിയായ സൗര നീഹാരികയില്‍ (solar nebula) നിന്ന് 457 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉടലെടുത്തത് എന്നു ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. ആദ്യം ഉരുകിയ രുപത്തില്‍ ആയിരുന്ന ഭൂമിയുടെ പുറമ്പാളി നീരാവി അന്തരീക്ഷത്തില്‍ പൂരിതമാകാന്‍ പതുക്കെ തണുത്തുറച്ചു. തമസിയാതെ ചന്ദ്രനും ഉണ്ടായി. ചൊവ്വയുടെ വലിപ്പവും ഭൂമിയുടെ 10% ത്തോളം ദ്രവ്യമാനവും ഉള്ള Theia എന്ന ബഹിരാകാശ വസ്തു ഭൂമിയുമായി കൂട്ടിയിടിച്ച് അതില്‍ നിന്നാണ് ചന്ദ്രന്‍ ഉടലെടുത്തത് എന്നു പറയുന്നു. ഈ വസ്തുവിന്റെ കുറച്ചു ഭാഗം ഭൂമിയുമായി കൂടിച്ചേരുകയും ബാക്കി ബഹിരാകശത്തേക്ക് തെറിച്ചു പോവുകയും ചെയ്തു. ഇങ്ങനെ തെറിച്ചു പോയ വസ്തുവില്‍ നിന്നാണ് ചന്ദ്രന്‍ ഉടലെടുത്തത് എന്നു പറയപ്പെടുന്നു. അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങളും Outgassing-ഉം മൂലം അന്തരീക്ഷത്തിന്റെ ഒരു പ്രാകൃതരൂപം ഉണ്ടായി. തണുത്തുറഞ്ഞ നീരാവിയും വാല്‍നക്ഷത്രങ്ങള്‍ വിട്ടിട്ടു പോയ ഹിമകണികകളും ചേര്‍ന്ന് സമുദ്രങ്ങള്‍ ഉണ്ടായി. ആദ്യത്തെ തന്മാത്ര 400 കോടി കൊല്ലം മുന്‍പ് ഉണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു. അതിനു ശേഷം 200 കോടി കൊല്ലം കഴിഞ്ഞ് ഇന്നുള്ള ജീവന്റെ എല്ലാം പൊതു ഉറവിടം എന്നു കരുതുന്ന ജീവനും ഉടലെടുത്തു.

എന്നിരുന്നാലും ഇന്നത്തെപ്പോലത്തെയുള്ള കാലാവസ്ഥ അല്ലായിരുന്നു അന്ന്. തിളക്കുന്ന വെള്ളമായിരുന്നു കടലുകളില്‍. ഈ സമയത്തായിരിക്കണം ജീവന്റെ ആദ്യനാമ്പുകള്‍ ഉടലെടുത്തത്. ചൂടുള്ള വെള്ളത്തില്‍ വളരുന്ന ചെടികളാണ്‌‍ ആദ്യമായി ഉണ്ടായതെന്ന് കരുതുന്നു. ചലിക്കാന്‍ ശേഷിയുള്ള ആദ്യത്തെ ജന്തുക്കള്‍ ഉണ്ടായത് വളരെക്കാലം കഴിഞ്ഞാണ്‌. ആദ്യകാല ജന്തുക്കള്‍ക്ക് ഏകകോശരൂപം ആയിരുന്നു. പ്രോട്ടോസോവ എന്നു വിളിക്കാവുന്ന ആദ്യജീവി ഇവയാണ്‌. ഇന്നു കാണപ്പെടുന്ന അമീബ പാരമീസിയം ഇത്തരത്തില്‍ ഉള്ള ഒരു ഏകകോശജീവിയാണ്‌. ക്രമേണ കോശങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുകയും വിവിധ ജന്തുക്കള്‍ ജലത്തില്‍ രൂപമെടുക്കുകയും ചെയ്തു. പതിയെ കടല്‍ വിട്ട് അവ കരയിലേക്ക് കയറുകയും ചെയ്തു. ഇത്തരത്തില്‍ പരിണാമം ഉണ്ടായത് ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ കൊണ്ടാണ്‌. ജീവികളുടെ പരിണാമത്തിന്റെ ഒരു സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞനാണ്‌ ചാള്‍സ് ഡാര്‍‌വിന്‍.

എഴുകോടി വര്‍ഷങ്ങള്‍ക്ക് മുന്ന് അങ്ങനെ പരിണാമം പ്രാപിച്ചുണ്ടായ ഭീമാകാരമായ ജീവികളാണ്‌ ദിനോസറുകള്‍. ഇവ പെട്ടന്ന് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഇതിനു പലകാരണങ്ങള്‍ ചൂണടിക്കാണിക്കപ്പെടുന്നുണ്ട്

[തിരുത്തുക] ചരിത്രം

പ്രധാന ലേഖനം: ലോക ചരിത്രം

ആദിമ മനുഷ്യന്‍ വികൃത രൂപിയും ഇന്നത്തെ മനുഷ്യനേക്കാല്‍ തുലോ വലുപ്പം കുറഞ്ഞ ജീവിയുമായിരുന്നു. ഈ കാലഘട്ടത്തിന്‍ ചരിത്രം തികച്ചും അജ്ഞാതമാണ്‌.വസ്ത്രങ്ങളോ പാര്‍ക്കാന്‍ ഭവനമോ ഉണ്ടായിരുന്നില്ല. വളരെ സാവധാനമാണ്‌ അവന്റെ ബുദ്ധിയും ശരീരവും വികസിക്കാന്‍ തുടങ്ങിയത്‌. തികച്ചും മനുഷ്യനെന്ന് വിളിക്കാവുന്ന ജീവി ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടിട്ട്‌ അഞ്ചോ ആറോ ദശലക്ഷം വര്‍ഷങ്ങളേ ആയിട്ടുള്ളൂ എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. [5]

[തിരുത്തുക] ശിലായുഗം

ഭൂമി- അപ്പോളോ 17-ല്‍ നിന്നും എടുത്ത നീലാരം കല്ല് എന്ന പ്രശസ്തമായ ചിത്രം
ഭൂമി- അപ്പോളോ 17-ല്‍ നിന്നും എടുത്ത നീലാരം കല്ല് എന്ന പ്രശസ്തമായ ചിത്രം
പ്രധാന ലേഖനം: ശിലായുഗം

ആദിമ മാനവചരിത്രത്തെ പൊതുവെ ശിലായുഗം ലോഹയുഗം എന്നിങ്ങനെ രണ്ടായി തരം തിരിക്കാം ശിലായുഗത്തെ പ്രാക്ലിഖിതയുഗം എന്നും പറയാറുണ്ട്‌. എഴുത്തു വിദ്യ കണ്ടുപിടിക്കുന്നതിനു മുന്‍പുള്ള കാലമെന്നര്‍ത്ഥത്തിലാണ്‌ ഇത്‌. ഉല്‍പത്തി മുതല്‍ ഇന്നേ വരേയുള്ളതിന്റെ 95 ശതമാനവും ശിലായുഗമാണ്‌. ബി.സി. 5000 വരെ ഈ കാലഘട്ടം നീണ്ടു നിന്നു എന്ന് അനുമാനിക്കപ്പെടുന്നു. അതായത്‌ 5000 വരെ മനുഷ്യന്‌ എഴുത്തു വിദ്യ വശമില്ലായിരുന്നു. അതിനു ശേഷമുള്ള ചരിത്രം ശിലാ രേഖകളെ ആസ്പദമാക്കി മെനഞ്ഞെടുക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

ശിലായുഗം തന്നെ പ്രാചീന ശിലായുഗം നവീനയുഗം എന്നും രണ്ടു ഘട്ടങ്ങളാക്കിയിട്ടുണ്ട്‌. ഇത്‌ ലോഹം കൊണ്ടുള്ള ആയുധത്തിന്റെ ആവിര്‍ഭാവം അടിസ്ഥാനമാക്കി ചരിത്ര പഠനത്തിന്റെ എളുപ്പത്തിനായി മാത്രമാണ്‌ ചെയ്തിരിക്കുന്നത്‌.

മനുഷ്യന്റെ ആദ്യത്തെ വാസസ്ഥലം വടക്കേ അര്‍ദ്ധഭൂഖണ്ഡമാണെന്നു വിശ്വസിച്ചിരുന്നു. ഈ ഭാഗം ദീര്‍ഘകാലത്തോളം ഹിമനിരകളാല്‍ മൂടപ്പെട്ടുകിടന്നിരുന്നു. ഇടക്കിടക്ക്‌ മഞ്ഞുരുകുകയും സസ്യങ്ങള്‍ക്കും ജീവികള്‍ക്കും ജീവിക്കാനുള്ള കാലാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. വീണ്ടും നീണ്ടകാലത്തേക്ക്‌ മഞ്ഞ്‌ പെയ്തു ജീവജാലങ്ങള്‍ക്ക്‌ ജീവിക്കാന്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇത്തരം നാല്‍ ഹിമനദീയ കാലങ്ങള്‍(Glacial Ages) ഉണ്ടായിരുന്നത്രെ. ആദ്യത്തെ ഹിമനദീയ കാലം പത്തു ലക്ഷം കൊല്ലങ്ങള്‍ക്കു മുന്‍പും രണ്ടാമത്തേത്‌ ഏഴു ലക്ഷം കൊല്ലങ്ങള്‍ക്കു മുന്‍പും അവസാനത്തേത്‌ ഒരു ലക്ഷം കൊല്ലങ്ങള്‍ക്കു മുന്‍പുമാണ്‌ ഉണ്ടായിട്ടുള്ളത്‌. ഒരു ഹിമനദീയ കാലം കഴിഞ്ഞു കാലാവസ്ഥ തെളിയുമ്പോള്‍ സസ്യങ്ങളും മൃഗങ്ങളും വളര്‍ന്ന് വികാസം പ്രാപിക്കുന്നു. അപ്പോഴേക്കും അടുത്ത ഹിമനദിയുടെ കാലമായി. എന്നാല്‍ മനുഷ്യന്‍ അവന്റെ സവിശേഷ ബുദ്ധി ഉപയോഗിച്ച്‌ ഹിമനദീയ കാലങ്ങളെ അതിജീവിച്ചു.

അവന്‍ ഗുഹകളിലും മറ്റും കൂട്ടമായി താമസിച്ചു, വേട്ടയാടി മൃഗങ്ങളെ കൊന്ന് ആദ്യം പച്ചമാംസമായും പിന്നീട്‌ തീ കണ്ടു പിടിച്ച ശേഷം ചുട്ടും തിന്നു തുടങ്ങി. പാറകളുടേയും മരങ്ങളുടേയും ഭാഗങ്ങള്‍ ഉപയോഗിച്ച്‌ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉണ്ടാക്കി. മരത്തൊലി ഇലകള്‍ എന്നിവ ഉപയോഗിച്ച്‌ വസ്ത്രങ്ങള്‍ ഉണ്ടാക്കി.

പ്രാചീന ശിലായുഗം ക്രി.വ. 1,750,000 മുതല്‍ ക്രി.വ. 10000 വരെയായ്യിരുന്നു എന്നാണ്‌ ശാസ്ത്രജ്ഞന്മാര്‍ ഊഹിക്കുന്നത്‌. ഈ പ്രാചീന ശിലായുഗത്തെ വീണ്ടും രണ്ടായി തിരിക്കാം പൂര്‍വ്വകാലഘട്ടമെന്നും ഉത്തരകാലഘട്ടമെന്നും . പ്രാചീനശിലായുഗത്തിന്റെ മുക്കാലും പൂര്‍വ്വകാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തില്‍ ജീവിച്കിരുന്ന മനുഷ്യജീവിയെ ആഫ്രിക്കയിലെ മഹാറിഫ്റ്റ്‌ താഴ്‌വരയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്‌. ഇതിന്‌ സിന്‍ജന്ത്രോപ്പസ്‌ (Zinganthropus) എന്നാണ്‌ പേര്‌. നീണ്ടു നിവര്‍ന്നു നടക്കുകയും പ്രാകൃതമായ ആയുധങ്ങള്‍ ഉപയോഗിക്ക്യ്കയും ചെയ്തിരുന്നതിനാല്‍ ഇവയെ മനുഷ്യ വംശത്തിന്റെ ഏറ്റവും പൂര്‍വ്വികരെന്ന് കരുതുന്നു. [6]

പൂര്‍വ്വഘട്ടത്തില്‍ ജീവിച്ചിരുന്ന പ്രാചീന മനുഷ്യന്റെ മറ്റൊരു ഉദാഹരണം ജാവാ ദ്വീപുകളില്‍ നിന്ന് കണ്ടെടുക്കപ്പെട്ട 'ജാവാ മനുഷ്യന്‍' ആണ്‌. ശരിക്കും നീണ്ടു നിവര്‍ന്ന നടക്കാന്‍ കഴിവില്ലാത്തെ പ്രകൃതം , വലിയ തല, ചെറിയ താടി, അഞ്ചടി ആറിഞ്ചു പൊക്കം എന്നിവയായിരുന്നു ജാവാ മനുഷ്യന്റെ പ്രതേകതകള്‍.

ജാവാമനുഷ്യനു ശേഷം ആവിര്‍ഭവിച്ച വര്‍ഗ്ഗമാണ്‌ 'പെക്കിങ്ങ്‌ മനുഷ്യന്‍' ചൈനയിലെ പെക്കിങ്ങ്‌ എന്ന സ്ഥലത്തു നിന്നും കിട്ടിയ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനാലാണ്‌ ഈ പേര്‍.

ജര്‍മ്മനിയിലെ നിയാന്തര്‍ താഴ്‌വരയില്‍ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങളില്‍ നിന്നാണ്‌ നിയാന്തര്‍ത്താല്‍ മനുഷ്യനെപ്പറ്റി വിവരം ലഭിക്കുന്നത്‌. [7][ ഇവരാണ്‌ ഇന്ന് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന വര്‍ഗ്ഗം. അവര്‍ ഒരുലക്ഷത്തി ഇരുപതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ( അവസാന ഹിമനദീയ കാലത്തുനും മുന്ന്) ജീവിച്ചിരുന്നെന്ന് കരുതുന്നു. അഞ്ചടി അഞ്ചിഞ്ചു ഉയരം, മെലിഞ്ഞ ശരീരം, ചെറിയ മസ്തിഷ്കം, വികൃതരൂപം എന്നിവയായിരുന്നു പ്രത്യേകതകള്‍. നടക്കുന്നതില്‍ വൈകല്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ കാലക്രമേണ സംസാരിക്കാന്‍ പഠിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇതായിരിക്കണം മനിഷ്യന്റെ സംസ്കാരത്തിന്റെ തുടക്കം. ആയുധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഗുഹകളില്‍ താമസിച്ചിരുന്ന ചെറു സംഘങ്ങളായായിരുന്നു ഇവരുടെ ജീവിതം. മരിച്ചവരെ സംസ്കരിക്കുമ്പോള്‍ ശവശരീരത്തിന്റെ കൂടെ ആയുധങ്ങളും മറ്റു സാംഗ്രികളും അടക്കം ചെൂതിരുന്നു.

ചിത്രം:Laetoliafar.jpg
ആസ്ത്രലോപിത്തേക്കുസ് പുനരാവിഷ്കരണം

എന്നാല്‍ കാലക്രമത്തില്‍ നിയാണ്ടര്‍ത്താല്‍ മനുഷ്യന്‍ ഭൂമുഖത്തുനിന്ന് നിശേഷം അപ്രത്യക്ഷമാകുകയായിരുന്നു. ഇതിന്‌ ശത്രുക്കളുടെ ആക്രമണം, ഉപജീവനത്തിന്റെ ബുദ്ധിമുട്ട്‌, മറ്റു വര്‍ഗ്ഗങ്ങളുമായി ലയിച്ചു ചേര്‍ന്നത്‌ എന്നീ കാരണങ്ങളാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. പാലസ്തീനിലെ മൗണ്ട്‌ കാര്‍മ്മല്‍ എന്ന സ്ഥലത്തു നിന്നും നിയാണ്ടര്‍ത്താല്‍ മനുഷ്യനു സമാനമായ മനുഷ്യജീവികളുടെ അവശിഷ്ടം കണ്ടെടുത്തിട്ടുണ്ട്‌.

അടുത്ത മനുഷ്യ വര്‍ഗ്ഗം ആറിഗ്നേഷ്യന്‍ (Aurignacian) എന്നറിയപ്പെടുന്ന നരവംശമാണ്‌. ഫ്രന്‍സിലെ ഗാരോണ്‍ നദിയുടെ ഉത്ഭവസ്ഥാനമായ ആറിഗ്നാക്‌(Aurignac) എന്ന ഗുഹയുമായി ബന്ധപ്പെടുത്തിയാണ്‌ ഈ പേര്‍ നല്‍കപ്പെട്ടത്‌. ഏകദേശം 70,000 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ ഇവര്‍ പ്രത്യക്ഷപ്പെട്ടത്‌ എന്ന് കരുതുന്നു. ഇവര്‍ ആധുനിക മനുഷ്യന്റെ പൂര്‍വ്വികന്മാരാകാന്‍ തികച്ചും അര്‍ഹതപ്പെട്ടവരാണ്‌. ഇവരുടെ പിന്‍ഗാമികളെ വെയില്‍സ്‌, അയര്‍ലന്‍ഡ്‌, ഫ്രാന്‍സ്‌, സ്പെയിന്‍, പോര്‍ട്ടുഗല്‍ അള്‍ജീറിയ എന്നിവിടങ്ങളില്‍ ഇപ്പോഴും കാണാം. ഈ വര്‍ഗ്ഗത്തില്‍ ഏറ്റവും പ്രാധാന മര്‍ഹിക്കുന്ന വിഭാഗമാണ്‌ ക്രോമാഗ്നണ്‍ വര്‍ഗ്ഗം. ഇവരുടെ അവശിഷ്ടങ്ങള്‍ ഫ്രാന്‍സിലെ ക്രോമാഗ്നണ്‍ എന്ന ഗുഹയില്‍ നിന്ന് കണ്ടെടുക്കപ്പെട്ടു. ഇവര്‍ നിയാണ്ടര്‍ത്താല്‍ വംശത്തേക്കാള്‍ സാംസ്കാരികമായി പുരോഗതി പ്രാപിച്ചവരായിരുന്നു. ആറടിയോളം പൊക്കം വലിയ താടി, നീണ്ട കൈ കാലുകള്‍ വലിയ നെറ്റിത്തടം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌.

ക്രോമാഗ്നണ്മാരുടെ സമകാലികരായി ഗ്രിമാള്‍ഡി എന്ന മറ്റൊരു വര്‍ഗ്ഗം ഇറ്റലിയുടെ സമുദ്രതീരത്തെ ഗ്രിമാള്‍ഡി എന്ന ഗുഹയില്‍ ന്നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. ഇവര്‍ നീഗ്രോ വര്‍ഗ്ഗക്കാരാണ്‌. മുഖം വീതി കൂടിയതും തല ചെറുതുമാണ്‌ ഇവര്‍ക്ക്‌. നിയാണ്ടര്‍ത്താല്‍ വംശത്തെ അപേക്ഷിച്ച്‌ ഈ വര്‍ഗ്ഗക്കാര്‍ കൂടുതല്‍ പരിഷ്കൃതരും കലാവാസനയുള്ളവരുമായിരുന്നു. മൃഗങ്ങളുടെ കൊമ്പു കൊണ്ടും അസ്ഥികൊണ്ടും സൂചികള്‍ വരെ ഉണ്ടാക്കന്‍ അവര്‍ക്ക്‌ അറിയാമായിരുന്നു.

[തിരുത്തുക] ഹോമോ സാപിയെന്‍സിന്റെ വിവിധ വിഭാഗങ്ങള്‍

ക്രോമാഗ്നന്‍ കുട്ടിയുടെ കമ്പ്യൂട്ടര്‍ പുനരാവിഷ്കരണം. സൂറിക്കിലെ നരവംശ സര്‍‌വ്വകലാശാല തയ്യാറാക്കിയത്
ക്രോമാഗ്നന്‍ കുട്ടിയുടെ കമ്പ്യൂട്ടര്‍ പുനരാവിഷ്കരണം. സൂറിക്കിലെ നരവംശ സര്‍‌വ്വകലാശാല തയ്യാറാക്കിയത്
കനത്ത അക്ഷരങ്ങള്‍ നിരവധി തെളിവുകള്‍ ഉണ്ട് എന്ന് സൂചിപ്പിക്കുന്നു.
ജനുസ്സ് ജീവിച്ച കാലം
ദശലക്ഷം വര്‍ഷം
സ്ഥലങ്ങള്‍ മുതിര്‍ന്ന ആള്‍ ഉയരം (മീ) തൂക്കം (കി.ഗ്രാം.) മഷ്തിഷ്കം വ്യാപ്തം (ക്യു.സെ.മീ.) ഫോസ്സില്‍ രേഖ കണ്ടു പിടിച്ചത് /
പേര് പ്രസിദ്ധപ്പെടുത്തിയത്
ഹോമോ ഹാബിലിസ് 2.5–1.5 ആഫ്രിക്ക 1.0–1.5 30–55 600 നിരവധി 1960/1964
ഹോമോ റുഡോള്‍ഫെന്‍സിസ് 1.9 കെനിയ       ഒരു തലയോട്ടി 1972/1986
ഹോമൊ ജോര്‍കിക്കുസ് 1.8–1.6 ജോര്‍ജ്ജിയ     600 കുറച്ചു മാത്രം 1999/2002
ഹോമോ എര്‍ഗാസ്റ്റര്‍ 1.9–1.25 ദക്ഷിണ-പൂര്‍‌വ്വ ആഫ്രിക്ക 1.9   700–850 നിറയെ 1975
ഹോമോ ഇറക്റ്റസ് 2(1.25)–0.3 ആഫ്രിക്ക,യൂറേഷ്യ (ജാവ, ചൈന, കോക്കസ്) 1.8 60 900–1100 നിരവധി 1891/1892
ഹോമോ സെപ്രാന്‍സിസ് 0.8? ഇറ്റലി       തലയൊട്ടിയുടെ മൂടി -1 1994/2003
ഹോമോ അന്റിസെസ്സര്‍ 0.8–0.35 സ്പെയിന്‍, ഇംഗ്ലണ്ട് 1.75 90 1000 മൂന്നു കേന്ദ്രങ്ങള്‍ 1997
ഹോമോ ഹെയ്ഡെല്‍ബെര്‍ജെന്‍സിസ് 0.6–0.25 യൂറോപ്പ്, ആഫ്രിക്ക, ചൈന 1.8 60 1100–1400 നിരവധി 1908
ഹോമോ നിയാണ്ടര്‍ത്താലെന്‍സിസ് 0.23–0.03 യുറോപ്പ്, ഏഷ്യ 1.6 55–70 (ആജാനു ബാഹു) 1200–1700 നിരവധി (1829)/1864
ഹോമോ റൊഡേഷ്യന്‍സിസ് 0.3–0.12 സാംബിയ     1300 വളരെ കുറച്ച് 1921
ഹോമോ സാപിയെന്‍സ് 0.25–present ലോകമമ്പാടും 1.4–1.9 55–80 1000–1850 ഇന്നും ജീവിക്കുന്നു —/1758
ഹോമോ സാപിയെന്‍സ് ഇഡാള്‍ടു 0.16 എത്യോപ്യ     1450 മൂന്നു തലയോട്ടികള്‍ 1997/2003
ഹോമോ ഫ്ലോറെന്‍സിസ് 0.10–0.012 ഇന്തോനേഷ്യ 1.0 25 400 ഏഴ് അസ്ഥിക്കൂടങ്ങള്‍ 2003/2004

[തിരുത്തുക] നവീനശിലായുഗം

നിയാണ്ടര്‍ത്താല്‍ മനുഷ്യന്‍ ഒരു പുനരാവിഷ്കാരം
നിയാണ്ടര്‍ത്താല്‍ മനുഷ്യന്‍ ഒരു പുനരാവിഷ്കാരം

ഇതിന്റെ ആരംഭവും അവസാനവും വ്യക്തമായി അറിയാന്‍ സാധിച്ചിട്ടില്ല. പതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ആരംഭിച്ചതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഈജിപ്തിലും തെക്കു പടിഞ്ഞാറന്‍ ഏഷ്യയിലും 7,000 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ആരംഭിച്ചതായി ഊഹിക്കപ്പെടുന്നു. നൈല്‍ നദി യുടെ തടങ്ങളില്‍ ആറായിരം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ആരംഭിച്ചതായി തെളിവുകള്‍ ഉണ്ട്‌. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും പലവിധത്തിലുള്ള തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. മനുഷ്യ ചരിത്രത്തില്‍ സാമൂഹികവും സാംസ്ക്കാരികവുമായ വിപ്ലവകരമായ വ്യത്യാസങ്ങള്‍ സംഭവിച്ച കാലഘട്ടമാണ്‌ ഇത്‌. മനുഷ്യന്‍ കൃഷിചെയ്യാന്‍ പഠിച്ചത്‌ ഈ കാലത്തിലാതിനാല്‍ നവീന ശിലായുഗത്തെ കര്‍ഷകയുഗം എന്ന് വിളിക്കാറുണ്ട്‌. ബാര്‍ലി, തിന, ഫലവര്‍ഗ്ഗങ്ങള്‍ എന്നിവയും ചില സസ്യങ്ങളുമാണ്‌ അവര്‍ വളര്‍ത്തിയത്‌. കാട്ടു മൃഗങ്ങളെ മെരുക്കി വളര്‍ത്തുന്നതും വിട്ടു മൃഗങ്ങളായി പശു തുടങ്ങിയവയെ വളര്‍ത്തിയതും ഇക്കാലത്താണ്‌.

കന്മഴു ആയിരുന്നു നവീന ശിലായുഗത്തിലെ ഏറ്റവും പരിഷ്കൃതമായ ആയുധം. കരിങ്കല്ല് ചെത്തി മിനുക്കിയാണ്‌ ഇത്‌ ഉണ്ടാക്കിയത്‌, ഇത്‌ മനുഷ്യന്റെ ജീവിതത്തില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാക്കിയിരിക്കണം. കാട്ടു മരങ്ങള്‍ വെട്ടിയെടുത്ത്‌ വീടും, പാലവും മറ്റും നിര്‍മ്മിക്കുകയും ചെയ്തു. മറ്റൊരു വിപ്ലവകരമായ മാറ്റമാണ്‌ മണ്‍പാത്ര നിര്‍മ്മാണം. ഭക്ഷ്യ സംഭരണം ആവശ്യമായി വന്നതായിരിക്കണം ഇതിനുള്ള പ്രചോദനം. ശിലായുഗത്തില്‍ നിര്‍മ്മിക്കപ്പെട്ട മണ്‍ പാത്രങ്ങള്‍ കൈകൊണ്ട്‌ നിര്‍മ്മിച്ചവയാണ്‌. ഇവയ്ക്ക്‌ പിന്നീട്‌ വന്ന ലോഹയുഗത്തില്‍ കുശവ ചക്രത്തിന്റെ സഹായത്താല്‍ നിര്‍മ്മിക്കപ്പെട്ട മണ്‍പാത്രങ്ങളോട്‌ താരതമ്യം ചെയ്യുമ്പോള്‍ ഭംഗിയും ഉറപ്പും കുറവായിരുന്നു എങ്കിലും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നു. മറ്റൊരു പ്രധാന കണ്ടു പിടുത്തം വസ്ത്ര നിര്‍മ്മാണം ആയിരുന്നു. ചണച്ചെടിയില്‍ നിന്ന് ചണം ഉണ്ടാക്കാന്‍ പഠിച്ചതോടെ ചണം ഉപയോഗിച്ചുള്ള വസ്ത്രങ്ങളും രൂപപ്പെട്ടു, ചെമ്മരിയാടുകളെ വളര്‍ത്തി ക്രമേണ അവയില്‍ നിന്ന് കമ്പിളി വസ്ത്രങ്ങള്‍ ഉണ്ടാക്കാനും അവര്‍ പഠിച്ചു. തണുപ്പിനെ അതി ജീവിക്കാന്‍ ഇത്‌ അവരെ സഹായിച്ചു. ക്രമേണ വെള്ളം താഴേക്ക്‌ ഇറങ്ങിത്തുടങ്ങിയതോടെ പുതിയ സ്ഥലങ്ങള്‍ തെളിഞ്ഞു വന്നു തുടങ്ങിയിരുന്നു. ചിലര്‍ കാല്‍ നടയായി പുതിയ സ്ഥലങ്ങളിലേക്ക്‌ അന്നത്തെ തീരങ്ങള്‍ വഴി കുടിയേറിത്തുടങ്ങി.

കൃഷി ചെയ്യാന്‍ തുടങ്ങിയതോടെ അവന്‍ വീടിനെക്കുറിച്ചും ചിന്തിക്കാന്‍ തുടങ്ങിയിരിക്കണം. ആദ്യകാലങ്ങളില്‍ വൃക്ഷങ്ങളുടെ മുകളിലും കുറ്റികള്‍ നാട്ടി അതിനു മുകളിലുമായായിരുന്നു വീടുകള്‍ പണിതത്‌. സ്വിറ്റ്‌സര്‍ലാന്‍ഡിലെ തടാകങ്ങളില്‍ ഇത്തരം കുറ്റികളില്‍ തീര്‍ത്ത ഭവനങ്ങള്‍ ഉണ്ടായിരുന്നതിന്‌ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. കാലക്രമത്തില്‍ ചുടുകട്ട നിര്‍മ്മാണം വശമായപ്പോള്‍ കൂടുതല്‍ ഉറപ്പുള്ള വീടുകളും കൊട്ടാരങ്ങളും വരെ അവര്‍ നിര്‍മ്മിച്ചു തുടങ്ങി. ഈജിപ്ത്‌ മെസൊപൊട്ടേമിയ സിന്ധൂ നദീ തടങ്ങള്‍ എന്നിവിടെയാണ്‌ ആദിമ സംസ്കാരങ്ങള്‍ വികസിച്ചത്‌. മാതൃകാപരമായ സംസ്കാരവും അച്ചടക്കമുള്ള ജീവിതവും ഇക്കാലത്ത്‌ ഉണ്ടായിരുന്നു.

കുടുംബ ജീവിതത്തിന്റെ ഉത്ഭവവും ഇക്കാലത്താണ്‌ ബഹുഭാര്യാത്വത്തിലും ബഹുഭര്‍തൃത്വത്തിലും അധിഷ്ഠിതമായ ജീവിതം ഇക്കാലത്ത്‌ വികസിച്ചു. ഇത്‌ പല സംഘട്ടനങ്ങള്‍ക്കും കാരണമായിരുന്നിരിക്കാം. മതം മനുഷ്യന്റെ മനസ്സുകളില്‍ സ്ഥാനം പിടിക്കുന്നതും ഇക്കാലത്താണ്‌. വിളവിന്റെ സംരക്ഷകന്‍ എന്ന നിലയില്‍ പ്രകൃതിയെയാണ്‌ ആദ്യമായി മനുഷ്യന്‍ ആരാധിക്കുന്നത്‌. പ്രകൃതിക്ക്‌ ജീവന്‍ സങ്കല്‍പിച്ച്‌ വായു, ജലം, സൂര്യന്‍ തുടങ്ങിയ ശക്തികളെ അവന്‍ ആരാധിച്ചു വന്നു, പ്രകൃതി ദോഷങ്ങള്‍, രോഗം തുടങ്ങിയവയില്‍ അവന്‍ ഭയപ്പെട്ടു. മരുന്നുകള്‍ക്കായി നെട്ടോട്ടമോടിയിരിക്കാവുന്ന അക്കാലത്ത്‌ മന്ത്രവാദവും ഹീന കൃത്യങ്ങളും ഉടലെടുത്തു.

രാഷ്ട്രം എന്ന സങ്കല്‍പം ഉടലെടുത്തതും നവീന ശിലായുഗത്തിലാണ്‌. ഒരു പ്രത്യേക ഭൂവിഭാഗത്തില്‍ കൃഷി ചെയ്തിരുന്നവര്‍ അഭിവൃദ്ധീ പ്രാപിക്കുകയും മറ്റു വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക്‌ അത്ര കിട്ടാതിരിക്കുകയും ചെയ്തിരിക്കുകയാല്‍ അത്യാഗ്രഹം നിമിത്തം സംഘട്ടനങ്ങള്‍ ഉണ്ടായത്‌ ജനങ്ങളെ ഒരുമിക്കാന്‍ പ്രേരിപ്പിച്ചിരിക്കാമെന്നും അതിന്‌ ഒരു നേതാവിനേയോ മറ്റോ തിരഞ്ഞെടുത്ത്‌ അധികാരം ഏല്‍പ്പിച്ചിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു. ക്രമേണ ഈ നേതാക്കന്മാര്‍ രാജാക്കന്മാരുടെ സ്ഥാനത്തെത്തി.

നവീന ശിലായുഗത്തിന്റെ സാംസ്കാരിക സംഭാവനകളിലൊന്നാണ്‌ ലോകത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്ന 'മെഗാലിത്തുകള്‍' എന്ന് വിളിക്കപ്പെടുന്ന സ്മാരകങ്ങള്‍. 65 അടി വരെ ഉയരമുള്ള മെഗാലിത്തുകള്‍ (മഹാശിലാ സ്മാരകങ്ങള്‍) ഉണ്ട്‌. ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, സ്കാന്‍ഡിനേവിയ, അയര്‍ലന്‍ഡ്‌, സ്പെയിന്‍, മാള്‍ട്ട, സിറിയ, കൊറിയ, ചൈന, എന്നിവിടങ്ങളില്‍ കണ്ടെത്തിയിട്ടുള്ള ഇത്തരം ശിലാസ്മാരകങ്ങള്‍ക്ക്‌ ഒരേ രൂപവും ആകൃതിയുമാണെന്നുള്ളത്‌ ആദ്യകാലത്തെ സംസ്കാരം പരസ്പരം ബന്ധപ്പെട്ടിരുന്നവയോ ഒന്നില്‍ നിന്ന് ഉടലെടുത്തവയോ ആണെന്നാണ്‌ സൂചിപ്പിക്കുന്നത്‌. കേരളത്തിലെ ചിലയിടങ്ങ്നളില്‍ നിന്നും ഇത്തരം സ്മാരകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. മറയൂര്‍, തൊപ്പിക്കല്ലുകള്‍ ഇക്കൂട്ടത്തില്‍ പെട്ടവയാണ്‌. തമിഴ്‌നാട്ടിലെനീലഗിരി മലകളിലെ ഊട്ടി യിലും പളനി മലകളിലെ കൊടൈക്കനാല്‍ നിന്നും ഇത്തരം തൊപ്പിക്കല്ലുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. കല്ലുകള്‍ ചേര്‍ത്തുണ്ടാക്കിയ ശവമന്ദിരങ്ങളും വലിയ മണ്‍ ഭരണികളും ഇതില്‍ പെടുന്നു.

തോണിയുടെ നിര്‍മ്മാണം ജലമാര്‍ഗ്ഗം സംഘങ്ങളായി പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാന്‍ അവനെ സഹായിച്ചു. ആഫ്രിക്കയില്‍ നിന്ന് ദൂരെ ഹവായി, ലാബ്രഡോര്‍, പാറ്റഗോണിയ എന്നിവിടങ്ങളില്‍ അവര്‍ എത്തിച്ചേര്‍ന്നു.

[തിരുത്തുക] വെങ്കല യുഗം

ലോഹത്തിന്റെ നിര്‍മ്മാണം മറ്റൊരു വഴിത്തിരിവായിരുന്നു. യാദൃശ്ചികമോ ബോധപൂര്‍വ്വമോ ആയൊരു സംഭവമാണ്‌ ചെമ്പിന്റെ കണ്ടു പിടുത്തം. ശുദ്ധി ചെയ്യാന്‍ താരതമ്യേന എളുപ്പമാണെന്നതും പാളികളായി ലോഹരൂപത്തില്‍ തന്നെ ചില സ്ഥലങ്ങളില്‍ കാണപ്പെടുന്നു എന്നതും ചെമ്പിനെ സര്‍വ്വ സ്വീകാര്യമാക്കി. ആദ്യകാലങ്ങളില്‍ ആഭരണ നിര്‍മ്മാണത്തിനും പാത്ര നിര്‍മ്മാണത്തിനും മറ്റുമാണ്‌ ചെമ്പ്‌ ഉപയോഗിച്ചിരുന്നത്‌. ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ദൃഢത ചെമ്പിനില്ലായിരുന്നു. താമസിയാതെ തകരം ചേര്‍ത്ത്‌ കാഠിന്യം വര്‍ദ്ധിപ്പിക്കാന്‍ അവന്‍ പഠിച്ചു. അങ്ങനെയാണ്‌ വെങ്കലത്തിന്റെ ആവിര്‍ഭാവം. ആയുധം നിര്‍മ്മിക്കാന്‍ പാകത്തിനുള്ള ശക്തി വെങ്കലത്തിനുണ്ടായിരുന്നു. ഈ കാലമാണ്‌ വെങ്കലയുഗം എന്നറിയപ്പെടുന്നത്‌. ചെമ്പിന്റെ സംസ്കരണം പശ്ചിമേഷ്യയില്‍ ധാരാളമായി നടന്നു. ഇതു മൂലം യൂറോപ്പിലേക്കും മറ്റുമായി വ്യാപാരം അഭിവൃദ്ധി പ്രാപിച്ചു.

[തിരുത്തുക] അയോ യുഗം

ഇരുമ്പിന്റെ കണ്ടുപിടുത്തം വീണ്ടും വളരെക്കാലം കഴിഞ്ഞാണ്‌ സംഭവിക്കുന്നത്‌. ഇരുമ്പിന്റെ അയിര്‌ ഭൗമോപരിതലത്തില്‍ ലഭ്യമല്ലാത്തതും അതിനെ ശുദ്ധീകരിച്ചെടുക്കുന്നതും വിഷമം പിടിച്ചതാകയാലുമായിരിക്കണം അതിന്‌ താമസം ഉണ്ടായത്‌. എന്നാല്‍ ഒരിക്കല്‍ പ്രചാരത്തിലായതോടെ അതിന്റെ ഗുണങ്ങള്‍ മൂലം വെങ്കലായുധങ്ങളെ അപ്പാടെ പിന്നിലാക്കുകയായിരുന്നു ഇരുമ്പ്‌. ഈ യുഗത്തിലാണ്‌ പ്രധാനപ്പെട്ട പല കണ്ടു പിടുത്തങ്ങളും നടക്കുന്നത്‌. ചക്രങ്ങള്‍ കണ്ടെത്തിയതും മനുഷ്യ രാശിക്ക്‌ ഒരു വഴിത്തിരിവായിരുന്നു. രാഷ്ടങ്ങള്‍ താമസിയാതെ ശക്തി പ്രാപിക്കുകയും മറ്റു രാഷ്ടങ്ങളുടെ മേല്‍ ആധിപത്യത്തിനായി ശ്രമിക്കുകയും ചെയ്തു.

[തിരുത്തുക] മനുഷ്യ വര്‍ഗ്ഗങ്ങള്‍

മനുഷ്യവര്‍ഗ്ഗങ്ങളുടേ ജനിതജ ദൂരം കാണിക്കുന്ന രേഖാചിത്രം
മനുഷ്യവര്‍ഗ്ഗങ്ങളുടേ ജനിതജ ദൂരം കാണിക്കുന്ന രേഖാചിത്രം

വിശാലമായ അര്‍ത്ഥത്തില്‍ മനുഷ്യനെല്ലാം ഒരു വര്‍ഗ്ഗമാണ്‌. എന്നാല്‍ നിറം വലിപ്പം എന്നിവയുടെ അടിസ്ഥാനത്തില്‍ പല വര്‍ഗ്ഗങ്ങളായി തരം തിരിവ്‌ ആരംഭിച്ചിരുന്നിരിക്കാം. ജനപ്പെരുപ്പം മൂലവും ഭക്ഷണ ദൌര്‍ലഭ്യം മൂലവും ജനങ്ങള്‍ ദൂരെ സ്ഥലങ്ങളിലേക്ക്‌ കുടിയേറിപ്പാര്‍ത്തിരുന്നിരിക്കാം. ഒരോ വാസസ്ഥലങ്ങളിലെ വ്യത്യസ്ഥമായ കാലാവസ്ഥയും ഭക്ഷണരീതിയും മൂകം ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ കൊണ്ട് അവരുടെ ശരീരത്തിനും അവയവങ്ങള്‍ക്കും പ്രകടമായ വ്യത്യാസങ്ങള്‍ വരുത്തി. ത്വക്കിന്റെ നിറവും ശരീരത്തിന്റെ വലിപ്പവുമാണ്‌ പ്രധാനപ്പെട്ടവ. കണ്ണ്‍, മുടി, തൊലി എന്നിവയുടെ നിറവ്യത്യാസങ്ങളും ആകൃതിയിലുള്ള പ്രത്യേകതകളും വിഭിന്ന വര്‍ഗ്ഗങ്ങള്‍ ഉടലെടുക്കാന്‍ കാരണമാക്കി. എന്നാല്‍ മറ്റൊരു വഴിയിലൂടെ വിഭിന്ന വര്‍ഗ്ഗങ്ങള്‍ തമ്മില്‍ ഉത്ഗ്രഥനവും സംഭവിച്ചുകൊണ്ടിരുന്നതിനാല്‍ ശുദ്ധമായ ഒരു വര്‍ഗ്ഗം ലോകത്തില്‍ നിലനിന്നിട്ടില്ല.

[തിരുത്തുക] നീഗ്രോ വര്‍ഗ്ഗക്കാര്‍

കറുത്ത നിറമുള്ള നീഗ്രോ വര്‍ഗ്ഗക്കാര്‍ ആഫ്രിക്കയിലെ ഉഷ്ണ മേഖലയില്‍ പെട്ട കാട്ടുപ്രദേശങ്ങളിലും അറേബ്യ മധ്യ-ദക്ഷിണ ഭാരതം, ആസ്ത്രേലിയ, ടാസ്മേനിയ, മലയ എന്നിവിടങ്ങളിലാണ്‌ കണ്ടു വരുന്നത്‌. അമേരിക്കയിലും ഇവര്‍ ഉണ്ടായിരുന്നതായി തെളിവുകള്‍ ഉണ്ട്‌. കറുത്ത നിറം, വീതികൂടിയ മൂക്ക്‌, തടിച്ച ചുണ്ടുകള്‍, ചുരുണ്ടതും കറുത്തതുമായ മുടി എന്നിവയാണ്‌ പ്രധാനപ്പെട്ട പ്രത്യേകതകള്‍. ആധുനിക നീഗ്രോ വര്‍ഗ്ഗത്തില്‍ രണ്ട പ്രധാന വിഭാഗങ്ങള്‍ ഉണ്ട്‌. ഒന്ന് പൊക്കം കുറഞ്ഞ്‌, ഉരുണ്ട തലയോട്‌ കൂടിയ പിഗ്മി വര്‍ഗ്ഗം, ഇവര്‍ മുഖ്യമായും ആഫ്രിക്ക, ദക്ഷിണ പൂര്‍വ്വേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ്‌ വസിക്കുന്നത്‌. രണ്ട്‌. ഉയരം കൂടിയതും നീണ്ട തലയുള്ളതുമായ നീഗ്രോ വര്‍ഗ്ഗം. ആഫ്രിക്കയില്‍ തന്നെയും, പാപ്പുവ ദ്വീപുകള്‍, അമേരിക്ക, ഫ്രാന്‍സ്‌, എന്നിവിടങ്ങളിലും മെനാനേഷ്യന്മാര്‍ തുടങ്ങി ഏഷ്യയിലെ തെക്കു കിഴക്കന്‍ ദ്വീപുകളുലും വസിക്കുന്ന ആദിവാസികളും നീഗ്രോ വര്‍ഗ്ഗത്തില്‍ പെടും

[തിരുത്തുക] മംഗോള്‍ വര്‍ഗ്ഗം

ഏറ്റവും കൂടുതല്‍ ഇന്ന് നിലവിലുള്ളത്‌ മംഗോള്‍ വര്‍ഗ്ഗക്കാരാണ്‌. പല ഉപവര്‍ഗ്ഗങ്ങള്‍ ഉണ്ട്‌ ഇവര്‍ക്കിടയില്‍. ജപ്പാന്‍, ചൈന, ഇന്തോചൈന, തായ്‌വാന്‍, വിയറ്റ്‌നാം, തിബത്ത്‌, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ ഈ വംശജരാണ്‌. മഞ്ഞ കലര്‍ന്ന വെളുപ്പ്‌ നിറം, ഉരുണ്ട മുഖം, നീണ്ട കോലന്‍ മുടി, വീര്‍ത്ത കണ്‍പോളകള്‍ എന്നിവയാണ്‌ ഇവരുടെ പ്രത്യേകതകള്‍. ഒരു കാലത്ത്‌ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍ലെ മിക്ക ഭാഗങ്ങളിലും ഇവര്‍ അധിവസിച്ചിരുന്നു എന്ന കണക്കാക്കപ്പെടുന്നു. ഇവര്‍ പൂര്‍വ്വേഷ്യയില്‍ നിന്ന് അലാസ്ക വഴി അമേരിക്കയില്‍ പ്രവേശിച്ചിരുന്നു എന്നും മഞ്ഞനിറം കാലവസ്ഥയുടെ സ്വാധീനം നിമിത്തം ചെമ്പ്‌ നിറമായതാണെന്നും കരുതുന്നു. ഇവരാണ്‌ റെഡ്‌ ഇന്ത്യാക്കാര്‍ എന്ന് കൊളംബസ്‌ വിളിച്ച അമേരിക്കന്‍ ഇന്ത്യക്കാര്‍. അമേരിക്കയിലെ ശീത മേഖലകളില്‍ താമസിക്കുന്ന എസ്കിമോ എന്ന വംശജരിലും മംഗോളിയന്‍ ജീനുകള്‍ക്കു പുറമേ മറ്റു ജീനുകളും കലര്‍ന്നിട്ടുള്ളതായി കാണാം.

[തിരുത്തുക] കോക്കേഷ്യന്‍

വെള്ളക്കാരയ ഇവരില്‍ പ്രധാനമയി ഹെമറ്റിക്‌, സെമറ്റിക്‌, ഇന്തോ-യൂറോപ്യന്‍ എന്നിങ്ങനെ മൂന്ന് വര്‍ഗ്ഗങ്ങള്‍ ആണ്‌ ഉള്ളത്‌. പുരാതന ഈജിപ്തുകാര്‍ ഹെമറ്റിക്‌ വര്‍ഗ്ഗത്തില്‍ പെട്ടവരായിരുന്നു. ബാബിലോണിയന്മാര്‍, അസ്സീറിയന്മാര്‍, ഹീബ്രുകള്‍, ഫിനീഷ്യന്മാര്‍, അറബികള്‍ എന്നിവര്‍ സെമറ്റിക്‌ വര്‍ഗ്ഗത്തില്‍ പെട്ടവരും, യുറോപ്പിന്റെ ഉത്തരാര്‍ദ്ധത്തില്‍ താമസിച്ചിരുന്ന നോര്‍ഡിക്‌ വംശമ്മ് മധ്യ യൂറോപ്പിലെ ആല്‍പൈന്‍ വംശം ഇന്ത്യയിലും ജര്‍മ്മനിയിലും മറ്റും വാസമുറപ്പിച്ച ആര്യന്മാര്‍ എമ്മൊവര്‍ ഇന്തോ യൂറോപ്യന്‍ വര്‍ഗ്ഗത്തിലും പെടുന്നു. വെളുത്ത നിറം, നീണ്ട മൂക്ക്‌, ചെറിയ ചുണ്ടുകള്‍, എന്നിവയായിരുന്നു പ്രത്യേകതകള്‍. ഇതില്‍ നോര്‍ഡിക്‌, ആല്‍പൈന്‍ വംശജര്‍ക്ക്‌ നിറം കൂടുതലും മുടി സ്വര്‍ണ്ണ, താമ്ര നിറത്തിലും ആയിരുന്നു. ഈ വര്‍ഗ്ഗങ്ങള്‍ തമ്മില്‍ പരസ്പരം കൂടിക്കലര്‍ന്നിരുന്നു.

പ്രധാനപ്പെട്ട ഈ മൂന്നു വര്‍ഗ്ഗങ്ങളും പരസ്പരം കലര്‍ന്നിട്ടുള്ളതിനാല്‍ പല ഉപവര്‍ഗ്ഗങ്ങളും പലഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്‌. വെള്ളക്കാരും നീഗ്രോകളും ചേര്‍ന്ന ആസ്ത്രേലിയന്‍ വര്‍ഗ്ഗവും, ആഫ്രോ അമേരിക്കന്‍ വര്‍ഗ്ഗവും, മംഗോളിയരും നീഗ്രോകളും ചേര്‍ന്ന ബുഷ്‌മെന്‍ ഹോട്ടന്‍ടോട്ട്‌ വര്‍ഗ്ഗം കോക്കേഷ്യന്‍ വര്‍ഗ്ഗവും നീഗ്രോ വര്‍ഗ്ഗവും ചേര്‍ന്ന ദ്രാവിഡര്‍ എന്ന വര്‍ഗ്ഗവും, നീഗ്രോകളും മംഗോളിയനും കോക്കേഷ്യനും ചേര്‍ന്ന ഇന്തോനേഷ്യന്മാര്‍, മലയ വര്‍ഗ്ഗം, പോളിനേഷ്യന്മാര്‍ തുടങ്ങിയവ ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

മറ്റ് മനുഷ്യവംശങ്ങള്‍ ആസ്ട്രലോയിടുകള്‍,ആസ്ടെക് തുടങ്ങിയവയും ഉപവിഭാഗങ്ങളായ എസ്കിമോകള്‍,ബട്ടാക്ക,ഭീലര്‍

[തിരുത്തുക] ഭാഷ

യൂഫ്രട്ടീസ്‌ ടൈഗ്രീസ്‌ നദികള്‍- ഇതിന്റെ തീരത്താണ്‌ സുമേറിയന്‍ സംസ്കാരം ഉടലെടുത്തത്‌
യൂഫ്രട്ടീസ്‌ ടൈഗ്രീസ്‌ നദികള്‍- ഇതിന്റെ തീരത്താണ്‌ സുമേറിയന്‍ സംസ്കാരം ഉടലെടുത്തത്‌

മനുഷ്യനു മാത്രം അവകാശപ്പെട്ട ഒരു പ്രത്യേകതയാണ്‌ ഭാഷ. ഇന്ന് കാണുന്ന ഭാഷാവംശങ്ങളെല്ലാം മനുഷ്യനെപ്പോലെ ഒരിടത്തില്‍ നിന്ന് ഉത്ഭവിച്ചതല്ല. എന്നാല്‍ ഒരേവംശത്തില്‍ പെട്ട വിവിധ ഭാഷകള്‍ ഒരേ മൂല ഭാഷയില്‍ നിന്ന് ഉരുത്തിരിഞ്ഞതാവാം എന്ന് ഭാഷാശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. അത്തരത്തിലുള്ള്‌ എട്ടു ഭാഷകള്‍ ഉണ്ട്‌ എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്‌.

  • ഇന്തോ-യൂറോപ്യന്‍ (ആര്യന്‍)
  • സെമറ്റിക്‌
  • ഹെമറ്റിക്‌
  • ടുറേനിയന്‍
  • ചൈനീസ്‌
  • അമേരിക്കന്‍ ഇന്ത്യന്‍
  • ബാന്റു
  • മലയാ-പോളിനേഷ്യന്‍

[തിരുത്തുക] പ്രധാന വര്‍ഗ്ഗങ്ങള്‍

[തിരുത്തുക] നാഗരികതകള്‍

[തിരുത്തുക] നാഗരികതകളുടെ വളര്‍ച്ച

പ്രധാന ലേഖനങ്ങള്‍ ‍: ഈജിപ്ഷ്യന്‍ നാഗരികത, സുമേറിയന്‍ നാഗരികത, അസ്സീറിയന്‍ നാഗരികത, സിന്ധുനദീതട സംസ്കാരം, മായന്‍ സംസ്കാരം
ചൈനീസ് സംസ്കാരം

ഭൂമിയില്‍ പരിഷ്ക്കാരം ആദ്യമായി ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌ എവിടെയാണെന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയില്ല. ഈജിപ്തിലാണ്‌ എന്നാണ്‌ ചില ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്‌. എന്നാല്‍ മറ്റു ചിലര്‍ യൂഫ്രട്ടിസ്‌-ടൈഗ്രിസ്‌ തീരങ്ങളിലാണ്‌ എന്ന് വിശ്വസിക്കുന്നു. പേഴ്സ്യന്‍ ഉള്‍ക്കടലിന്റെ അടുത്തായുള്ള 'ഏലാം' എന്ന സ്ഥലത്താണ്‌ ലോക പരിഷ്കാരത്തിന്റെ ഉറവിടം എന്നും വിശ്വസിക്കുന്നവരുമുണ്ട്‌ [8] [9] ഈ നാഗരികതയില്‍ പെട്ടവര്‍ പണ്ടുകാലത്ത്‌ ഇന്ത്യയിലെ ആന്ധ്രാ പ്രദേശില്‍ ചേക്കേറിയ്യിരുന്നു എന്നും തെലുങ്ക്‌ ഭാഷക്ക്‌ ഇവരുമായി ബന്ധമുണ്ട്‌ എന്ന് വിശ്വസിക്കുന്നവരുമുണ്ട്‌[10].

ഏലാം സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ വെങ്കല യുഗ കാലത്തെ പേഴ്സ്യന്‍ ഉള്‍ക്കടലിനെ ചിത്രീകരിച്ചിരിക്കുന്നു
ഏലാം സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ വെങ്കല യുഗ കാലത്തെ പേഴ്സ്യന്‍ ഉള്‍ക്കടലിനെ ചിത്രീകരിച്ചിരിക്കുന്നു

വളക്കുറുള്ള മണ്ണാണ്‌ കൃഷിക്ക്‌ അത്യാവശ്യം, അതിനുള്ള സാഹചര്യങ്ങള്‍ ഈ നദീ തീരങ്ങളില്‍ വേണ്ടുവോളം ഉണ്ടായിരുന്നു. ടൈഗ്രിസ്‌-യൂഫ്രട്ടീസ്‌ നൈല്‍ നദികള്‍ ആണ്ടിലൊരിക്കല്‍ കര കവിഞ്ഞൊഴുകുകയും അത്‌ വളക്കൂറുള്ള മണ്ണിനെ തീരങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഈ നദികള്‍ (നൈല്‍ ഒഴിച്ച്‌) ഒന്നാന്തരം ഗതാഗതസൗകര്യമുള്ളതും മത്സ്യം, നീര്‍ക്കോഴി തുടങ്ങി ഭക്ഷ്യ വിഭവങ്ങള്‍ നിറഞ്ഞവയുമായിരുന്നു. ഈ രാജ്യങ്ങളില്‍ മഴ കുറവായിരുന്നതും നദിയില്‍ ജലം വേനല്‍ക്കാലത്ത്‌ കുറവായിരുന്നതും ജലസംഭരണത്തിനുള്ള വഴികള്‍ അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ അന്വേഷിക്കാന്‍ അവിടത്തെ ജനങ്ങളെ പ്രേരിപ്പിച്ചു. ജലസേചനത്തിനാവശ്യമായ അണക്കെട്ടുകളും തോടുകളും അവര്‍ അന്നേ തന്നെ നിര്‍മ്മിക്കാന്‍ ആവശ്യമായ നിര്‍മ്മാണ വൈദഗ്ദ്ധ്യം അവര്‍ നേടിയിരുന്നു. ചുറ്റും മരുഭൂമിയായിരുന്നത്‌ ജനങ്ങളെ മറ്റു സ്ഥലത്തേക്ക്‌ പായിക്കാതെ നഗര വികസനം നടത്തുന്നതിന്‌ സഹായിച്ചു.

ഇതേ കാലാവസ്ഥ തന്നെയാണ്‌ സിന്ധു നദീതട സംസ്കാരത്തിന്റെ കാര്യത്തിലും സംഭവിച്ചത്‌. ലോകത്തിലെ ആദിമ സംസ്കാരങ്ങളില്‍ ഈ സംസ്കാരത്തിനും ഉന്നതമായ സ്ഥാനമുണ്ട്‌. ഇതേ പോലെ തന്നെയാണ്‌ ചൈനയിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന ഹ്വയാങ്ന്‍ഘോയുടെ തീരത്തിലും സംസ്കാരം ഉടലെടുത്തത്‌.

[തിരുത്തുക] ഈജിപ്ഷ്യന്‍ നാഗരികത

നൈല്‍ നദിയുടെ ഭൂപടം- ഇതിനു തീരത്തിലാണ്‌ ഈജിപ്ഷ്യന്‍ സംസ്കാരം വികസിച്ചത്‌
നൈല്‍ നദിയുടെ ഭൂപടം- ഇതിനു തീരത്തിലാണ്‌ ഈജിപ്ഷ്യന്‍ സംസ്കാരം വികസിച്ചത്‌
പ്രധാന ലേഖനം: ഈജിപ്ഷ്യന്‍ നാഗരികത

ഈജിപ്തിനെ നൈല്‍ നദിയുടെ പുത്രി എന്ന് വിളിക്കാറുണ്ട്‌. ഈജിപ്തിലെ വളക്കൂറുള്ള കറുത്ത എക്കല്‍ മണ്ണ്‍ ഈ അമ്മയുടെ സംഭാവനയാണ്‌. ഈജിപ്തിന്റെ ഫലഫൂയിഷ്ടതയില്‍ ആകൃഷ്ടരായായിരിക്കണം നവീന ശിലായുഗത്തിലെ ജനങ്ങള്‍ ഇങ്ങോട്ട്‌ കുടിയേറിപ്പാര്‍ത്തത്‌. വടക്കു പടിഞ്ഞാറു നിന്നു ലിബിയന്മാരും വടക്കു കിഴക്കു നിന്നും സെമറ്റിക്‌ വര്‍ഗ്ഗക്കാരും തെക്കു നിന്ന് നീഗ്രോകളും ചേര്‍ന്ന് കൂടിക്കലര്‍ന്നാണ്‌ ഈജിപ്ഷ്യന്‍ ജനങ്ങള്‍ ഉണ്ടായത്‌ എന്ന് കരുതുന്നു. പ്രകൃതി ഈജിപ്തിന്‌ നല്ല ഒരു അതിര്‍ത്തി കവചം സൃഷ്ടിച്ചിരുന്നതിനാല്‍ വിദേശിയ ആക്രമണങ്ങള്‍ ആദ്യകാലത്ത്‌ ഒട്ടും ഇല്ലായിരുന്നു.ഈജിപ്തില്‍ എന്തുകൊണ്ടും അനുകൂല കാലാവസ്ഥയാണ്‌. സമശീതോഷ്ണ കാലാവസ്ഥ ഒരു കാലത്തും അസുഖകരമായി അനുഭവപ്പെടാറില്ല.

ക്രി.വ. 3090 നോടടുത്ത്‌ ദക്ഷിണ ഭാഗത്തുള്ള ഈജിപ്തും വടക്കുള്ള ഈജിപ്റ്റും ഒറ്റ രാജാവിനു കീഴില്‍ വന്നു. അതിനു മുന്‍പുള്ള ഈജിപ്ത്‌ ഗണതന്ത്രരാഷ്ട്ര തുല്യമായിരുന്നിരിക്കണം. ഇക്കാലത്തെപ്പരി മതിയായ രേഖകള്‍ ഒന്നുമില്ലാത്തതിനാല്‍ അനുമാനങ്ങള്‍ മാത്രമാണ്‌ കൂടുതലും. ഫറോ(Pharaoh) എന്നായിരുന്നു രാജാവിന്റെ പേര്‍ കൊട്ടാരത്തില്‍ താമസിക്കുന്നയാള്‍ എന്നാണ്‍ പദത്തിന്റെ അര്‍ത്ഥം. ഫറോ യുഗത്തില്‍ തുടര്‍ച്ചയായി മുപ്പത്തി ഒന്ന് രാജാക്കന്മാര്‍ ഭരിച്ചു. ഈ കാലങ്ങളെ പൂര്‍വ്വകാലരാജ്യം, മധ്യകാലരാജ്യം , നവീനകാലരാജ്യം എന്ന് വിളിക്കുന്നു. ക്രി.വ. 2790 നും 2280നും ഇടക്കാണ്‌ ഈജിപ്തില്‍ പൂര്‍വ്വകാലം നിലനിന്നത്‌ ഇക്കാലത്ത്‌ പൊതുവെ പ്രതാപവും ശക്തിയും ഉച്ചകോടിയിലായിരുന്നു. എന്നാല്‍ 2280 ഓടെ ഈ രാജ്യം ക്ഷയിച്ചു. പിന്നീട്‌ കുറേക്കാലം അരാജകത്വവും

[തിരുത്തുക] മനുഷ്യ സ്വഭാവം

[തിരുത്തുക] പ്രമാണാധാരസൂചി

  1. http://www.sathyasai.org/refs/vahiniglossary/lentries.htm
  2. ആദിമനുഷ്യന്‍ എന്ന ലേഖനം ഇംഗ്ലീഷ് വിക്കിയില്‍
  3. കണ്‍സൈസ് ബ്രിട്ടാണിക്കയില്‍ മനുവിനെക്കുറിച്ച് ശേഖരിച്ചത് 2007 ഏപ്രില്‍22
  4. ടി., മുഹമ്മദ് (2001). ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍. കോഴിക്കോട്: ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൗസ്. ISBN 81-7204-744-4. 
  5. പി.ഏസ്., വേലായുധന്‍. (1985). ലോകചരിത്രം-ഒന്നാം ഭാഗം, പത്താം പതിപ്പ്.. തിരുവനന്തപുരം, കേരള .: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്,. 
  6. എച്ച്.ജി., വെല്‍സ് [1943] (ഏപ്രില്‍ 1999). ലോകചരിത്ര സംഗ്രഹം, സി. അച്യുതമേനോന്‍, 1st (in മലയാളം), തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസ്. 
  7. "Homo neanderthalensis", സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍, 2000. Retrieved on 2007-04-22. (ഇംഗ്ലീഷ്) 
  8. എന്‍സൈക്ലോപീഡിയ. ജ്രാങ്ക്‌.ഓര്‍ഗ്‌ ശേഖരിച്ചത്‌ 2007 ഏപ്രില്‍ 19
  9. ഫാക്ട്‌ മോണ്‍സ്റ്റര്‍.കോം ശേഖരിച്ചത്‌ 2007 ഏപ്രില്‍ 19
  10. പണ്ഡിതന്മാര്‍ ഇതു ശ്രദ്ധിക്കൂ. മെസൊപൊട്ടേമിയന്‍ കണ്ണി എന്ന ലേഖനം. ശേഖരിച്ചത്‌ 2007 ഏപ്രില്‍ 19

[തിരുത്തുക] കുറിപ്പുകള്‍

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -