ഹസന്‍ നസ്‌റുല്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെബനനിലെ ചെറുത്തു നില്‍പ്പ് പ്രസ്ഥാനമായ ഹിസ്‌ബുല്ലയുടെ ജനറല്‍ സെക്രട്ടറിയാണ് ഹസന്‍ നസ്റള്ള.
[തിരുത്തുക] ജനനവും ബാല്യവും
1960ല്‍ ലെബനനിലെ സൂര്‍ പട്ടണത്തിന് 10 കിലോമീറ്റര്‍ കിഴക്ക് ബാസൂരിയ്യയില്‍ ജനനം. നസ്‌റുല്ലയുടെ ചെറുപ്പത്തിലേ കുടുംബം ദാരിദ്ര്യം കാരണം തൊഴിലന്വേഷിച്ച് തലസ്ഥാന നഗരിയായ ബെയ്‌റൂത്തിലേക്ക് കുടിയേറിപ്പാര്‍ത്തിരുന്നു. ബെയ്‌റൂത്തിലെ കരന്തീനാ പ്രവിശ്യയിലായിരുന്നു ബാല്യത്തിന്റെ ഏറിയ പങ്കും കഴിച്ചു കൂട്ടിയത്.
പച്ചക്കറിയും പഴവും വിറ്റ് കുടുംബം പുലര്‍ത്തിയിരുന്ന പിതാവിനെ കൊച്ചു കുട്ടിയായിരുന്ന ഹസന്‍ നസ്‌റുല്ല സഹായിക്കുമായിരുന്നു.
[തിരുത്തുക] പഠനവും വിദ്യാഭ്യാസവും
കരന്തീനയിലെ അന്നജാഹ് സ്കൂളിലും സിന്നുല്‍ഫീല്‍ സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ലെബനനില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കുടുംബത്തോടൊപ്പം ബാസൂരിയ്യയിലെ തറവാട്ടു വീട്ടിലേക്ക് താമസം മാറ്റി. ബാസൂരിയ്യയില്‍ വിദ്യാര്‍ഥിയായിരിക്കെ മൂസാ സദ്‌ര്‍ സ്ഥാപിച്ച അമല്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്ന് രാഷ്ട്രീയജീവിതത്തിനു തുടക്കം കുറിച്ചു. ലബനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന ബാസൂരിയ്യയില്‍ നസ്‌റുല്ല അമലിന്റേയും അതിന്റെ തന്നെ വിംഗായ ഹറക്കത്തുല്‍ മര്‍ഹൂമീനി (അപഹരിക്കപ്പെട്ടവരുടെ പ്രസ്ഥാനം) ന്റേയും പ്രാദേശികതല നേതൃത്വത്തിലെത്തി.
ഇതിനിടെ മതപഠനമോഹം കലശലായി ബാധിച്ച നസ്‌റുല്ല സൂര്‍ പള്ളിയിലെ ഇമാം മുഹമ്മദ് അല്‍ ഗറാവിയുടെ ശുപാര്‍ശക്കത്തുമായി ഇറാഖിലെ നജഫിലേക്ക് തിരിച്ചു. ശിയാ മുസ്ലീംകളുടെ പുണ്യകേന്ദ്രമായ നജഫില്‍ വെച്ച് ഇസ്ലാമിക ചിന്തകനും പണ്ഢിതനുമായിരുന്ന മുഹമ്മദ് ബാഖിര്‍ സദ്‌റുമായും ലബനാനിലെ അബ്ബാസ് മൂസവിയുമായും പരിചയപ്പെട്ടു. പിന്നീട് അബ്ബാസ് മൂസവിയോടൊത്തു ചേര്‍ന്നാണ് ഹസന്‍ നസ്‌റുല്ല ഹിസ്‌ബുല്ല കെട്ടിപ്പടുക്കുന്നത്.
ഇറാഖിലെ ബാത്തിസ്റ്റ് ഭരണകൂടം മതവിദ്യാര്‍ത്ഥികളെ തുടര്‍ച്ചയായി വേട്ടയാടാനരംഭിച്ചതോടെ നസ്‌റുല്ല നജഫില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങി. അബ്ബാസ് മൂസവി തന്നെ ലെബനനിലെ ബഅല്‍ബക്കില്‍ ശിയാ സെമിനാരി സ്ഥാപിച്ചതോടെ തുടര്‍പഠനം അവിടെയായി.
പഠനം പൂര്‍ത്തിയാക്കിയ ശേഷം അമലിന്റെ മുഴുസമയ പ്രവര്‍ത്തകനായെങ്കിലും പുതിയ നേതൃത്വത്തിന്റെ നിലപാട് മാറ്റങ്ങളോട് പൊരുത്തപ്പെടാനാകാതെ പാര്‍ട്ടിയോടകന്നു തുടങ്ങി. ഇതിനിടെ നജഫില്‍ ആയത്തുല്ലാ മുഹമ്മദ് ബാഖിര്‍ സദ്‌റിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിക്കപ്പെട്ട ദഅവാ പാര്‍ട്ടിയുടെ സമാന്തര സംഘടന ലബനാനില്‍ രൂപം കൊണ്ടു. ഇതോടെ നസ്‌റുല്ലയും അബ്ബാസ് മൂസവിയും അമലുമായുള്ള ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ചു.
[തിരുത്തുക] ഹിസ്‌ബുല്ല രൂപീകരണം
1982 ജൂണില്‍ ലെബനനില്‍ ഇസ്രയേലി അധിനിവേശമുണ്ടായപ്പോള്‍ അധിനിവേശത്തിനെതിരെ പൊരുതാനും ലെബനനില്‍ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിക്കാനും വിപ്ലവപ്രസ്ഥാനം രൂപവല്‍ക്കരിക്കാന്‍ കിഴക്കന്‍ ലെബനനിലെ ബിഖാ താഴ്‌വരയിലേക്ക് ഇറാന്‍ ഒട്ടേറെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡുകളെ അയച്ചു. റവല്യൂഷനറി ജസ്റ്റിസ് ഓര്‍ഗനൈസേഷന്‍, ഇസ്ലാമിക് ജിഹാദ്, ഓര്‍ഗനൈസേഷന്‍ ഒഫ് ദ ഒപ്പ്രസ്സ്ഡ് ഓണ്‍ ദ എര്‍ത്ത് തുടങ്ങിയ സംഘടനകള്‍ ഇതിന്റെ ഭാഗമായി രൂപം കൊണ്ടു. 1982 മുതല്‍ 1984 വരേ ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നത് ഈ പേരുകളിലായിരുന്നു.
1985ല്‍ ഹിസ്‌ബുല്ല രൂപീകൃതമായി. ഇസ്രയേലിനും അവര്‍ക്കു പിന്തുണ നല്‍കുന്ന പാശ്‌ചാത്യന്‍ ശക്തികള്‍ക്കുമെതിരെ ജിഹാദ് നയിക്കുക എന്നതായിരുന്നു പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം. ശൈഖ് സുബ്‌ഹിക്കും അബ്ബാസ് മൂസവിക്കും ശേഷം ഹിസ്ബുല്ലയുടെ മുഖ്യകാര്യദര്‍ശി –ജനറല്‍ സെക്രട്ടറി- പദവി ഏറ്റെടുത്ത ഹസന്‍ നസ്‌റുല്ല മിലിട്ടറി കമാന്റര്‍ എന്ന നിലയില്‍ ഊര്‍ജ്ജസ്വലമായ മുന്നേറ്റമാണ് നടത്തിയത്. തെക്കന്‍ ലെബനനിലെ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ചാവേര്‍ ആക്രമണത്തിലൂടെ ഹിസ്‌ബുല്ല തിരിച്ചടി നല്‍കി.