ട്വന്റി20 ക്രിക്കറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരുപത് ഓവര്‍ മാത്രമുള്ള ക്രിക്കറ്റ് കളിയാണ് ട്വന്റി 20 ക്രിക്കറ്റ്. തനതു രീതിയിലുള്ള ഏകദിനക്രിക്കറ്റ് വിരസമാകുന്നോ എന്നു തോന്നിത്തുടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയിത്സ് ക്രിക്കറ്റ് ബോര്‍ഡാണ് കളിയുടെ കരുത്തു ചോരാതെ 20 ഓവറില്‍ ഒതുക്കുന്ന ട്വന്റി 20 ക്രിക്കറ്റിനു രൂപം നല്‍കിയത്. 50 ഓവര്‍ ക്രിക്കറ്റില്‍ ഫീല്‍ഡിങ്ങ് നിയന്ത്രണമുള്ള ആദ്യ 15 ഓവര്‍ കഴിഞ്ഞാല്‍ 40-ാം ഓവര്‍ വരെ കളി ബോറാണെന്ന ക്രിക്കറ്റ് പ്രേമികളുടെ അഭിപ്രായത്തെത്തുടര്‍ന്നായിരുന്നു ഇത്. 90% മത്സരങ്ങളിലും കളി ഏതു വഴിക്കു പോകുമെന്ന് മുന്‍കൂട്ടി അറിയാനാകുമെന്നതിനാല്‍ ഗ്യാലറികളെ ഇംഗ്ലീഷുകാര്‍ ഉപേക്ഷിക്കാന്‍ തുടങ്ങിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതര സംഘകായിക വിനോദങ്ങളുടേതുപോലെ മത്സരദൈര്‍ഘ്യം ചുരുക്കി ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ട്വന്റി20 മത്സരങ്ങള്‍ സംഘടിപ്പിച്ചു തുടങ്ങിയത്. ഇത്തരം ക്രിക്കറ്റ് മത്സരങ്ങള്‍ ഏകദേശം മൂന്നുമണിക്കൂറുകൊണ്ട് അവസാനിക്കുന്നു. ഇരു ടീമുകളും ഇരുപത് ഓവറുകളുള്ള ഓരോ ഇന്നിംഗ്സ് കളിക്കുന്നതിനാലാണ് ട്വന്റി20 എന്ന പേരു ലഭിച്ചത്. 2003-ല്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്(ഇ.സി.ബി.), കൌണ്ടിക്രിക്കറ്റിലാണ് ആദ്യമായി ട്വന്റി20 മത്സരങ്ങള്‍ ഔദ്യോഗികമായി സംഘടിപ്പിച്ചത്. വൈകാതെ ക്രിക്കറ്റിനു പ്രചാരമുള്ള ഇതര രാജ്യങ്ങളിലും ഇത്തരം മത്സരങ്ങള്‍ കളിച്ചുതുടങ്ങി. രണ്ടായിരത്തിആറോടെ ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളും ട്വന്റി20 മത്സരങ്ങള്‍ കളിച്ചുതുടങ്ങി.
[തിരുത്തുക] കളി നിയമങ്ങള്‍
അമ്പത് ഓവര്‍ മത്സരങ്ങളില്‍ നിന്ന് ചെറിയ വ്യത്യാസങ്ങളാണ് ട്വന്റി 20ക്കുള്ളത്. മൂന്നു മണിക്കൂറിനുള്ളില്‍ മത്സരം അവസാനിക്കുമെന്നതാണ് പ്രധാന കാര്യം. 75 മിനിറ്റു വീതമുള്ള ഇന്നിങ്ങ്സുകളാണ് ടീമുകള്‍ കളിക്കുക. നോബോള്‍ എറിഞ്ഞാല്‍ ബാറ്റിങ്ങ് ടീമിന് കിട്ടുക രണ്ട് റണ്‍സാണ്. മാത്രമല്ല,നോബോള്‍ ആയത് ബൗളര്‍ ക്രീസിനപ്പുറത്ത് ചുവടുവെച്ച് എറിഞ്ഞതു കൊണ്ടാണെങ്കില്‍ അടുത്ത പന്ത് ഫ്രീ ഹിറ്റ്. അതായത് ഈ പന്തില്‍ ബാറ്റ്സ്മാനെ പുറത്താക്കാന്‍ സാധാരണ നോബോളിലേതു പോലെ റണ്ണൌട്ട് മാത്രമേ വഴിയുള്ളൂ. ഒരു ബോളര്‍ക്ക് നാല് ഓവര്‍ മാത്രമാണു ലഭിക്കുക. 75 മിനിറ്റിനുള്ളില്‍ ഓവറുകള്‍ തീര്‍ന്നില്ലെങ്കില്‍ പിന്നീടെറിയുന്ന ഓരോ ഓവറിനും ആറ് എക്സ്ട്രാ റണ്‍സ് വീതം ബാറ്റിങ്ങ് ടീമിനു കിട്ടും. ഏതെങ്കിലും ടീം സമയം കളയുന്നുവെന്ന് അംപയര്‍ക്കു തോന്നിയാല്‍ അഞ്ചു പെനല്‍റ്റി റണ്‍സ് എതിര്‍ ടീമിനു കൊടുക്കാം.നിശ്ചിത ഓവറിനു ശേഷം 2 ടീമുകളും സ്കോറില്‍ തുല്യത പാലിക്കുയാണെങ്കില്‍ ബാള്‍ ഔട്ട് എന്ന നിയമം ഉപയോഗിച്ചാണ് വിജയികളെ നിശ്ചയിക്കുന്നത്.
[തിരുത്തുക] ലോകകപ്പ്
2007 സെപ്റ്റംബറില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സില്‍(ഐ.സി.സി.) ദക്ഷിണാഫ്രിക്കയില്‍വച്ച് ആദ്യ ട്വന്റി20 ലോകകപ്പ് സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 24-നു നടന്ന ഫൈനലില്‍ 5 റണ്‍സിനു ഇന്ത്യന്‍ ടീം പാക്കിസ്താനെ പരാജയപ്പെടുത്തി വിജയികളായി.ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഥാന്‍ കളിയിലെ കേമനായും,പാക്കിസ്താന്‍ താരം ഷാഹിദ് അഫ്രിദി പരമ്പരയിലെ കേമനായും തിരഞ്ഞെടുക്കപ്പെട്ടു.