അടക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമുകില്‍ നിന്നും ലഭിക്കുന്ന ഒരു ഔഷധഗുണമുള്ള ഒരു ഫലമാണ് അടക്ക. ചില പ്രദേശങ്ങളില്‍ പാക്ക് എന്നും ഇതറിയപ്പെടുന്നു. വെറ്റില മുറുക്കുന്നതിനായ് ഉപയോഗിക്കുന്നതില്‍ ഒരു സുപ്രധാന സ്ഥാനമാണ് അടക്കക്കുള്ളത്. മധുരവും ചവര്‍പ്പും ചേര്‍ന്ന രുചിയാണ് അടക്കക്കുള്ളത്. ഇത് ചവക്കുന്നതുമൂലം വിരസത ഉണ്ടാകുന്നില്ല. അതുപോലെ ചിലപ്പോള്‍ പച്ചയടക്ക ചവക്കുന്നതുമൂലം തലകറക്കം, ബോധക്ഷയം തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. ഇതിനെ പാക്ക് ചൊരുക്കുക എന്നാണ് നാട്ടുഭാഷയില്‍ പറയുക.പാക്ക് പലതരത്തില്‍ ഔഷധമായും അല്ലാതെയും ഉപയോഗിക്കുന്നുണ്ട്.ഇളയപാക്കിനെ ചില സ്ഥലങ്ങളില്‍ ചമ്പന്‍ എന്നും ചള്ളടക്ക എന്നും പറയും[1].
ഉള്ളടക്കം |
[തിരുത്തുക] ഗുണങ്ങളും ഉപയോഗങ്ങളും
പഴുത്ത അടക്കകള്‍ ഉണക്കി തോടുകളഞ്ഞ് കയറ്റുമതി ചെയ്യുന്നു. ഇതിനെ കൊട്ടടക്ക അല്ലെങ്കില്‍ കൊട്ടപ്പാക്ക് എന്നും പറയുന്നു. ഇത്തരം അടക്കകള്‍ക്ക് ഉറപ്പ് കൂടുതലായതുകൊണ്ട് മുറിച്ചോ പൊടിച്ചോ ആണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ പൊടിച്ചോ നുറുക്കിയോ വരുന്ന പാക്കുകളില്‍ ചുണ്ണാമ്പോ വീര്യം കൂട്ടുന്നതിനായ് പുകയിലയോ ചേര്‍ക്കാറുണ്ട്. ഇത്തരം പാക്കുകള്‍ ചെറിയ പായ്ക്കറ്റുകളിലാക്കി വില്പ്പന നടത്തുന്നു. ഇത്തരം പായ്ക്കറ്റ് പാക്കുകള്‍ അര്‍ബുദമുണ്ടാകുന്നതിന് കാരണമാകാറുണ്ട് [1]എന്ന് കണ്ടെത്തിയിട്ടുണ്ട്.
ചള്ളടക്ക തോടുകളഞ്ഞ് വെള്ളത്തില്‍ പുഴുങ്ങി, അതേ വെള്ളത്തില്‍ ജീരകം, ശര്‍ക്കര,അക്കിക്കറുക എന്നിവയും പുഴുങ്ങിയ പാക്ക് വട്ടത്തിലരിഞ്ഞതും ചേര്‍ത്ത് നല്ലതുപോലെ കുറുക്കി, അതിലേക്ക് അയമോദകപ്പൊടി എന്നിവ ചേര്‍ത്ത് ഉണക്കി ഉണ്ടാക്കുന്നതാണ് കളിയടക്ക എന്ന് പറയുന്നത്[1].
അടക്ക പൊടിച്ച് അയമോദകം ഗ്രാമ്പു എന്നിവ ചേര്‍ത്ത് നല്ല ചുവപ്പു നിറമാകുന്നതുവരെ വറുത്ത് വാങ്ങിയത് തണുക്കുമ്പോള്‍ ഒന്നുകൂടെ പൊടിക്കുന്നു. ഇങ്ങനെ നിര്‍മ്മിക്കുന്ന അടക്കമിശ്രിതം വെറ്റില മുറുക്കുന്നതിനായ് ഉപയോഗിക്കുന്നു. ഇത്തരം അടക്കകളില്‍ അടങ്ങിയിരിക്കുന്ന അരിക്കോളിന്‍ (Arecoline)എന്ന പദാര്‍ത്ഥം ചെറിയ തോതില്‍ ലഹരിയുണ്ടാക്കുന്നവയാണ്. ഇതുമൂലം വെറ്റിലമുറുക്കുന്നയാളിന് ലഹരിയുണ്ടാകുന്നു[1].
പാലില്‍ പുഴുങ്ങി ഉണക്കിപ്പൊടിച്ച അടക്കയുടെകൂടെ പഞ്ചസാരയും തേനും ഏലക്കയും ചേര്‍ത്ത് പതിവായി കഴിച്ചാല്‍ അതിസാരം, ഗ്രഹണി, വയറുവേദന തുടങ്ങിയ അസുഖങ്ങള്‍ക്ക് വളരെയധികം ശമനം ലഭിക്കും.
കരിങ്ങാലിക്കാതലും അടക്ക ചുട്ട കരിയും സമാസമം എടുത്ത് പൊടിച്ച് അതിന്റെ കാല്‍ഭാഗം ഇലവംഗത്തൊലിയും ചേര്‍ത്ത് പല്ലുതേച്ചാല്‍ ദന്തരോഗങ്ങള്‍ മാറുന്നതാണ്[1].
[തിരുത്തുക] പച്ചപ്പാക്ക്
പച്ചപ്പാക്കും വേവിച്ചെടുത്ത പച്ചപ്പാക്കും ഔഷധമൂല്യം ഉള്ളവയാണ്. പച്ചപ്പാക്കിന് ചവര്‍പ്പുരസമാണുള്ളത്. ഇത് ദഹനസഹായിയാണ്. കൂടാതെ കണ്ഠശുദ്ധിവരുത്തുകയും കാഴ്ചശക്തി ശോധന തുടങ്ങിയവ ഉണ്ടാക്കുന്നവയാണ്. ഉദരരോഗങ്ങള്‍ക്ക് ഫലപ്രദമാണെങ്കിലും ശരീരത്തില്‍ നീരിളക്കമുണ്ടാക്കുന്നതാണ്. വേവിച്ച പച്ചപ്പാക്കിന് ത്രിദോഷങ്ങളും ദുര്‍മേദസും കുറക്കുന്നതിനുമുള്ള കഴിവുണ്ട്[1].
[തിരുത്തുക] ഉണക്കപ്പാക്ക്
ആയുര്‍ വേദത്തില്‍ ഔഷധനിര്‍മ്മാണത്തിന് ഉണങ്ങിയപാക്കും വേവിച്ചുണക്കിയപാക്കും ഉപയോഗിക്കുന്നുണ്ട്. നാവില്‍ രുചിയുണ്ടാക്കുന്നതിനും ദഹനം, ശോധന എന്നിവക്കും ഫലപ്രദമാണ്. പക്ഷേ വാതരോഗത്തെ വര്‍ദ്ധിപ്പിക്കുന്നു. വെറ്റിലയില്ലാതെ പാക്ക് മാത്രം കഴിച്ചാല്‍ വിളര്‍ച്ച, അനീമിയ എന്നീ അസുഖങ്ങള്‍ ഉണ്ടാക്കുന്നു[1]. വേവിച്ചുണക്കിയ പാക്ക് പ്രമേഹം കുറക്കുന്നതിന് സഹായകമാണ്.
[തിരുത്തുക] പഴുക്കടക്ക
പഴുത്ത അടക്ക വെറ്റിലമുറുക്കുന്നതിന് അത്യന്തം നല്ലതാണ് [1]ഇതിന്റെ ഗുണങ്ങള്‍ കഫം നശിപ്പിക്കുന്നതുകൂടാതെ ശോധനയും ഉണ്ടാക്കുന്നു. പക്ഷേ വാതം ഉണ്ടാക്കുകയും ശരീരത്തിലെ തൊലി പരുപരുത്തതും ആക്കുന്നു. പഴുത്ത പാക്ക് ചെറുതായി വെയിലില്‍ ഉണക്കി വെള്ളത്തിലിട്ട് ഉപയോഗിക്കുന്നു. ഇതിനെ നീറ്റടക്ക എന്നും വെള്ളത്തില്‍ പാക്ക് എന്നും ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്നു. വെറ്റിലമുറുക്കുന്നതിനൊപ്പം പുകയില ചേര്‍ക്കുന്നത് ആരോഗ്യത്തിന് ഹാനികരമായിത്തീരാം.
[തിരുത്തുക] ചിത്രങ്ങള്‍
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 ഡോ.കെ.ആര്‍.രാമന്‍ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികള്‍ എന്ന പുസ്തകത്തില്‍ നിന്നും; താള്‍ 17, 18, 19 & 20. H&C Publishers, Thrissure.