See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഹോകുസായി - വിക്കിപീഡിയ

ഹോകുസായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഹോകുസായി

കാറ്റ്സുഷിക ഹോകുസായി
ജനനപ്പേര് റ്റോകിതാറോ
ജനനം ഒക്ടോബര്‍ - നവംബര്‍ 1760
എഡോ, ഇന്ന് ജപ്പനിലെ റ്റോക്യോയില്‍
മരണം ഏപ്രില്‍ 18, 1849
റ്റോക്യോ
പൗരത്വം ജാപ്പനീസ്
രംഗം ചിത്രകല
പ്രശസ്ത സൃഷ്ടികള്‍ "ദ് ഗ്രേറ്റ് വേവ്"

കറ്റ്സുഷിക ഹോകുസായി, (葛飾北斎), (1760—1849[1]) എഡോ കാലഘട്ടത്തിലെ ജാപ്പനീസ് കലാകാരനും, ഉക്കിയോ-യി ചിത്രകാരനും മുദ്രണനിര്‍മ്മാതാവും ആയിരുന്നു. തന്റെ ജീവിതകാലത്ത് ചൈനീസ് ചിത്രകലയെക്കുറിച്ച് ജപ്പാനിലുള്ള ഏറ്റവും ആധികാരിക സ്രോതസ്സ് ആയിരുന്നു ഹൊക്കുസായി.[2]എഡോയില്‍ (ഇന്നത്തെ റ്റോക്യോയില്‍) ജനിച്ച ഹൊക്കുസായി, 1831-ല്‍ തടിക്കട്ടകളില്‍ മുദ്രണം ചെയ്ത, "മൌണ്ട് ഫൂജിയുടെ 36 ദൃശ്യങ്ങള്‍" എന്ന ചിത്രപരമ്പരയുടെ കര്‍ത്താവ് എന്ന നിലയിലാണ് അന്താരാഷ്ട്രപ്രശസ്തിയാര്‍ജ്ജിച്ചത്. ഈ പരമ്പരയിലാണ് അന്താരാഷ്ട്ര പ്രശസ്തമായ "ദ് ഗ്രേറ്റ് വേവ് ഓഫ് കനഗാവ" എന്ന മുദ്രണം. ജപ്പാനിലെ വര്‍ദ്ധിച്ച തദ്ദേശീയ വിനോദസഞ്ചാര യാത്രയ്ക്കുള്ള ഒരു പ്രതികരണമായും മൌണ്ട് ഫ്യൂജിയുമായുള്ള തന്റെ അഭിനിവേശത്തിന്റെ ഭാഗമായും ആണ് ഹൊകുസായി ഈ ചിത്ര പരമ്പര വരച്ചത്.[3]ഈ ചിത്ര പരമ്പര, വിശേഷാല്‍ ദ് ഗ്രേറ്റ് വേവ്, ഫൂജി ഇന്‍ ക്ലിയര്‍ വെതര്‍ എന്നീ ചിത്രങ്ങള്‍, ഹൊക്കുസായിയുടെ പ്രശസ്തി അന്താരാഷ്ട്ര തലത്തിലും ജപ്പാനിനുള്ളിലും ഉറപ്പിച്ചു. ചരിത്രകാരനായ റിച്ചാര്‍ഡ് ലേനിന്റെ അഭിപ്രായത്തില്‍ “ഹൊകുസായിയെ ജപ്പാനിലും വിദേശത്തും പ്രശസ്തനാക്കിയ ഒരു കൃതി ഉണ്ടെങ്കില്‍ അത് ഈ മഹത്തായ ചിത്രമുദ്രണ പരമ്പര ആയിരിക്കും...” [4]. ഈ ചിത്ര പരമ്പരയ്ക്കു മുന്‍പുള്ള ഹൊകുസായിയുടെ കൃതികളും പ്രധാനം ആണെങ്കിലും ഈ പരമ്പരയോടെയാണ് ഹൊകുസായി കലാലോകത്ത് മായാത്ത മുദ്ര പതിപ്പിക്കുന്നത്. ദ് ഗ്രേറ്റ് വേവ് എന്ന മുദ്രണം ഇന്നും പാശ്ചാത്യ കലാലോകത്ത് നിരൂപണങ്ങള്‍ക്കും പ്രശംസയ്ക്കും പാത്രമാണ്. ഉക്കിയോ-യി എന്ന് അറിയപ്പെടുന്ന ജാപ്പനീസ് തടിക്കട്ട മുദ്രണത്തിലെ (വുഡ് ബ്ലോക്ക് പ്രിന്റിംഗ്) ഏറ്റവും പ്രശസ്തരായ കലാകാരന്മാരില്‍ ഒരാളാണ് ഹൊകുസായി.

ഉള്ളടക്കം

[തിരുത്തുക] ജീവചരിത്രം

ദ് ഗ്രേറ്റ് വേവ് ഓഫ് കനഗാവ
ദ് ഗ്രേറ്റ് വേവ് ഓഫ് കനഗാവ[5]

റ്റോകിറ്റാരോ എന്നായിരുന്നു ഹൊകുസായിയുടെ ബാല്യകാല നാമം. ഹൊരെകി കാലഘട്ടത്തിലെ 10-ആം വര്‍ഷം 9-ആം മാസം 23-ആം ദിവസം (ഒക്ടോബര്‍ – നവംബര്‍ 1760) കലാകാരന്മാരുടെ കുടുംബത്തില്‍ എഡോ (ഇന്ന് റ്റോക്യോയില്‍) ഹൊകുസായി ജനിച്ചു.[1] ഷോഗണുകള്‍ക്ക് കണ്ണാടികള്‍ ഉണ്ടാക്കി നല്‍കുന്ന കണ്ണാടി നിര്‍മ്മാതാവായ നകജിമ ഇസെ ആണ് ഹൊകുസായിയുടെ പിതാവ് എന്ന് വിശ്വസിക്കപ്പെടുന്നു.[1] 14-ആം വയസ്സില്‍ ഹൊകുസായി ഒരു തടിക്കൊത്തുപണിക്കാരന്റെ സഹായി ആയി. 18-ആം വയസ്സുവരെ ഹൊകുസായി ആ ജോലി തുടര്‍ന്നു. 18-ആം വയസ്സില്‍ കറ്റ്സുകാവ ഷുന്‍ഷോ എന്ന ഉകിയോ-ഇ കലാകാരന്റെ (കറ്റ്സുകാവാ വിദ്യാലയത്തിന്റെ തലവനായി കറ്റ്സുകാവ ഷുന്‍ഷോ അറിയപ്പെടുന്നു) സ്റ്റുഡിയോയില്‍ ജോലിയില്‍ പ്രവേശിച്ചു.[1]

ഹൊകുസായി പല തവണ തന്റെ പേര് മാറ്റി. തന്റെ കലാസൃഷ്ടികളിലെ മാറ്റങ്ങളോട് ഹൊകുസായിയുടെ പേരുമാറ്റങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു. ഹൊകുസായിയുടെ വിവിധ പേരുകള്‍ ഉപയോഗിച്ച് ഹൊകുസായിയുടെ കലാജീവിതത്തെ വിവിധ ഘട്ടങ്ങളായി വിഭജിക്കാം.

ഹൊകുസായി 19 വര്‍ഷം കാറ്റ്സുകാവ സ്കൂളില്‍ തുടര്‍ന്നു. ഈ വിദ്യാലയത്തില്‍ നിന്ന് ഹോകുസായി പുറത്താക്കപ്പെട്ടു എന്ന് അഭ്യൂഹങ്ങള്‍ ഉണ്ട് (ഈ ചിത്രകലാ സമ്പ്രദായത്തിന് എതിരാളിയായ കാനോ സ്കൂളില്‍ പഠിച്ചതായിരിക്കാം പുറത്താക്കപ്പെടലിനു കാരണം). 1795-ല്‍ ഹോകുസായി തന്റെ കലാനാമം ഷുന്രോ എന്ന് മാറ്റി. ഈ കാലഘട്ടം ഹോകുസായിയുടെ അഭിപ്രായത്തില്‍ പ്രോത്സാഹനകരമായിരുന്നു: "എന്റെ കലാശൈലിയെ രൂപപ്പെടുത്തിയതിന്റെ പ്രധാന ഉത്തേജനം ഷുന്‍‌കോയുടെ പക്കല്‍നിന്നും ഞാന്‍ അനുഭവിച്ച അപമാനമായിരുന്നു"[4] ഷുന്‍‌കോ ഷുന്‍ഷോയുടെ വലിയ (മുതിര്‍ന്ന) ശിഷ്യനായിരുന്നു. "ഫയര്‍‌വര്‍ക്ക്സ് അറ്റ് റ്യോഗോകു ബ്രിഡ്ജ്"(1790) (റ്യോഗോകു പാലത്തിലെ വെടിക്കെട്ട്) എന്ന കൃതി ഹോകുസായിയുടെ ജീവിതത്തിലെ ഈ കാലഘട്ടത്തില്‍ നിന്നാണ്.

അടുത്ത കാലഘട്ടം റ്റവരായ സമ്പ്രദായവുമായി ഹോകുസായിയുടെ ബന്ധവും റ്റവരയ സോരി എന്ന പേര് ഹൊകുസായി സ്വീകരിക്കുന്നതുമാണ്. ഈ കാലഘട്ടത്തില്‍ ഹൊകുസായി ബ്രഷ് ഉപയോഗിച്ച് പല ചിത്രങ്ങളും രചിച്ചു. സുരിമോണോ, ക്യോക ഇഹോണ്‍-നു വേണ്ടി വരച്ച ചിത്രങ്ങള്‍, എന്നിവ ഈ കാലഘട്ടത്തില്‍ നിന്നാണ്. 1798-ല്‍ തന്റെ പേര് ഒരു ശിഷ്യനു നല്‍കിക്കൊണ്ട് ഹൊകുസായി എല്ലാ സമ്പ്രദായങ്ങളില്‍ നിന്നും (വിദ്യാലയങ്ങളില്‍ നിന്നും) വേര്‍പെട്ട് ഒരു സ്വതന്ത്ര കലാകാരനായി ഹോകുസായി റ്റോമിസ എന്ന പേര് സ്വീകരിച്ചു. ഈ പേരുമാറ്റം 1811 വരെ നിലനിന്നു. 1811-ല്‍ (51-ആം വയസ്സില്‍) ഹൊകുസായി റ്റൈറ്റോ എന്ന് തന്റെ പേരുമാറ്റി. ഹൊകുസായി മാന്‍‌ഗാ, പല കലാ പാഠങ്ങള്‍ (എറ്റെഹോണുകള്‍) എന്നിവ ഹൊകുസായി നിര്‍മ്മിച്ചത് ഈ കാലഘട്ടത്തിലാണ്.[1]

1820-ല്‍ ഹൊകുസായി തന്റെ പേര് വീണ്ടും മാറ്റി. ഈ തവണ ഈറ്റ്സു എന്നായിരുന്നു പേരു മാറ്റിയത്. ഈ പേരുമാറ്റം ഹൊകുസായിയുടെ പ്രശസ്തി ജപ്പാനിലും അന്താരാഷ്ട്ര തലത്തിലും അരക്കിട്ടുറപ്പിച്ച കാലഘട്ടത്തിന്റെ തുടക്കമായി കാണാം. ഈ കാലഘട്ടത്തിലാണ് ഹോകുസായി തന്റെ ഏറ്റവും പ്രശസ്ത കൃതികളായ മൌണ്ട് ഫൂജിയുടെ മുപ്പത്താറ് ദൃശ്യങ്ങള്‍, പ്രവിശ്യകളിലെ വെള്ളച്ചാട്ടങ്ങളിലൂടെ ഒരു പര്യടനം, പ്രവിശ്യകളിലെ പ്രശസ്ത പാലങ്ങളുടെ അസാധാരണ ദൃശ്യങ്ങള്‍, മറ്റ് പ്രകൃതിദൃശ്യ ചിത്രപരമ്പരകള്‍ എന്നിവ വരച്ചത്.

1834-ല്‍ ആരംഭിച്ച അടുത്ത കാലഘട്ടത്തില്‍ ഹോകുസായി ഗാക്യോ റോജിന്‍ മാഞ്ജി (കലയെക്കുറിച്ച് ഭ്രാന്തനായ വയസ്സന്‍) എന്ന പേര് സ്വീകരിച്ചു. ഈ കാലഘട്ടത്തിലാണ് മൌണ്ട് ഫൂജിയുടെ നൂറു ദൃശ്യങ്ങള്‍ എന്ന മറ്റൊരു പ്രശസ്ത പ്രകൃതിദൃശ്യ പരമ്പര ഹൊകുസായി നിര്‍മ്മിച്ചത്.

ഈ ചിത്രപരമ്പരയ്ക്ക് അടിക്കുറിപ്പായി ഹൊകുസായി ഇങ്ങനെ എഴുതി:[1]

ആറാം വയസ്സുമുതല്‍ ജീവിതത്തില്‍ നിന്ന് ചിത്രങ്ങള്‍ കോറുന്ന ശീലം എനിക്കുണ്ടായിരുന്നു. ഞാന്‍ ഒരു കലാകാരനായി, അമ്പതാം വയസ്സുമുതല്‍ ഞാന്‍ വരച്ച ചില ചിത്രങ്ങള്‍ പ്രശസ്തമായി. പക്ഷേ എന്റെ എഴുപതാം വയസ്സിനു മുന്‍പ് വരച്ച ചിത്രങ്ങള്‍ ഒന്നും ശ്രദ്ധ ആകര്‍ഷിക്കേണ്ടവയല്ല. എഴുപത്തിമൂന്നാം വയസ്സില്‍ ഞാന്‍ പക്ഷികളുടെയും മൃഗങ്ങളുടെയും ഘടന, പുല്‍ച്ചാടികളുടെയും മത്സ്യങ്ങളുടെയും ഘടന, സസ്യങ്ങള്‍ വളരുന്ന രീതി എന്നിവ മനസിലാക്കി തുടങ്ങി. ഞാന്‍ ഇങ്ങനെ ശ്രമിച്ചുകൊണ്ടിരുന്നാല്‍ 86-ആം വയസ്സാവുമ്പൊഴേക്കും ഞാന്‍ തീര്‍ച്ചയായും അവയെ കൂടുതല്‍ മനസ്സിലാക്കും. 90-ആം വയസ്സില്‍ ഞാന്‍ അവയുടെ കാതലായ സ്വഭാവം മനസ്സിലാക്കും. 100-ആം വയസ്സില്‍ എനിക്ക് അവയെക്കുറിച്ച് ദൈവീകമായ പരിജ്ഞാനം ഉണ്ടാവും. എനിക്ക് നൂറ്റിമുപ്പത്, നൂറ്റിനാല്‍പ്പത്, അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പ്രായമുണ്ടാവുമ്പോള്‍ ഞാന്‍ വരയ്ക്കുന്ന ഓരോ വരയ്ക്കും ഓരോ കുത്തിനും ജീവനുണ്ടാവും. ഈ പറയുന്നത് കള്ളമല്ല എന്ന് തെളിയിക്കുവാന്‍ ദീര്‍ഘായുസ്സ് നല്‍കുന്ന സ്വര്‍ഗ്ഗം എനിക്ക് അവസരം തരട്ടെ.

എന്നും കൂടുതല്‍ മികച്ച ചിത്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഹൊകുസായി തന്റെ മരണശയ്യയില്‍ ഇങ്ങനെ ആശ്ചര്യപ്പെട്ടു, "എനിക്ക് ജീവിക്കുവാന്‍ അഞ്ചു വര്‍ഷം കൂടി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരു യഥാര്‍ത്ഥ ചിത്രകാരനായേനെ". അദ്ദേഹം 1849 ഏപ്രില്‍ 18-നു അന്തരിച്ചു. റ്റോക്യോയിലെ സീക്യോജി ക്ഷേത്രത്തില്‍ (റ്റൈറ്റോ വാര്‍ഡില്‍) ഹൊകുസായിയെ അടക്കം ചെയ്തു.[1]

[തിരുത്തുക] സൃഷ്ടികളും സ്വാധീനങ്ങളും

ഹോകുസായിയുടേത് ഒരു നീണ്ട കലാജീവിതമാണെങ്കിലും തന്റെ ഏറ്റവും പ്രധാന സൃഷ്ടികള്‍ 60-ആം വയസ്സിനു ശേഷമാണ് ഹൊകുസായി നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത സൃഷ്ടികള്‍ ഉകിയോ-ഇ പരമ്പരയായ മൌണ്ട് ഫൂജിയുടെ 36 ദൃശ്യങ്ങള്‍ എന്ന ചിത്ര പരമ്പരയാണ് (富嶽三十六景 ഫുഗാകു സഞ്ജുറോക്കീ), 1826-നും 1833-നും ഇടയ്ക്കാണ് ഈ ചിത്ര പരമ്പര വരച്ചത്. യതാര്‍ത്ഥത്തില്‍ 46 മുദ്രണങ്ങളാണ് ഈ പരമ്പരയില്‍ ഉള്ളത് (10 ചിത്രങ്ങള്‍ ഈ പരമ്പര പ്രസിദ്ധീകരിച്ചതിനുശേഷം ഉള്‍ക്കൊള്ളിച്ചു).[4] ഇതിനു പുറമേ 1834-ല്‍ മൌണ്ട് ഫൂജിയുടെ നൂറ് ദൃശ്യങ്ങള്‍ (富嶽百景 ഫൂഗാകു ഹ്യാക്കീ) എന്ന ചിത്ര പരമ്പരയും ഹൊകുസായി നിര്‍മ്മിച്ചു. ഹൊകുസായിയുടെ പ്രകൃതിദൃശ്യ ചിത്രപുസ്തകങ്ങളില്‍ ഏറ്റവും മികച്ചതായി ഈ സൃഷ്ടി കണക്കാക്കപ്പെടുന്നു" [4]

ഹൊകുസായിയുടെ കൃതികളില്‍ ഏറ്റവും വലുത് 15 വാല്യങ്ങളുള്ള ഹൊകുസായി മാന്‍‌ഗാ (北斎漫画) എന്ന ശേഖരം ആണ്. 4000 സ്കെച്ചുകള്‍ ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം 1814-ല്‍ ആണ് പ്രസിദ്ധീകരിച്ചത്.[4] ഈ സ്കെച്ചുകള്‍ (രേഖാചിത്രങ്ങള്‍) പലപ്പോഴും തെറ്റായി ആധുനിക മാന്‍‌ഗാ ചിത്രകലയുടെ മുന്‍‌ഗാമിയായി കരുതപ്പെടുന്നു. ഹൊകുസായിയുടെ മാന്‍‌ഗാ മൃഗങ്ങള്‍, ആളുകള്‍, വസ്തുക്കള്‍ തുടങ്ങിയവയുടെ രേഖാചിത്രങ്ങളാണ്[4]. എന്നാല്‍ ആധുനിക മാന്‍‌ഗാ ചിത്രങ്ങള്‍ കഥയോടൊത്തുള്ള കോമിക് രൂപത്തിലുള്ള ചിത്രങ്ങളാണ്.

കലയില്‍ അപരനാമങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെയും (നോം ദ്’ആര്‍ട്ടീസ്റ്റെ) ഒരുപാടുതവണ മൌണ്ട് ഫൂജിയുടെ ചിത്രങ്ങള്‍ വരയ്ക്കുന്നതിന്റെയും ഉറവിടം ഹൊകുസായിയുടെ മതപരമായ വിശ്വാസങ്ങളില്‍ നിന്നാണ്. ഹൊകുസായി എന്ന പദം "വടക്കുള്ള സ്റ്റുഡിയോ (മുറി) എന്നാണ്" (北斎). ഹൊകുഷിന്‍സായി (北辰際) “ധ്രുവനക്ഷത്ര സ്റ്റുഡിയോ" എന്ന പദത്തിന്റെ ചുരുക്കമാണ് ഹൊകുസായി. ബുദ്ധമതത്തിലെ നിചിരെന്‍ (日蓮) വിഭാഗ വിശ്വാസിയായിരുന്നു ഹൊകുസായി. നിചിരെന്‍ വിശ്വാസികള്‍ മ്യോകെന്‍ (妙見菩薩) എന്ന ദൈവം ധ്രുവനക്ഷത്രത്തിന്റെ അവതാരമായി വിശ്വസിക്കുന്നു.[4]

ജപ്പാനില്‍ മൌണ്ട് ഫൂജിയെ പരമ്പരാഗതമായി അനശ്വര ജീവിതവുമായി ബന്ധപ്പെടുത്തിരുന്നു. "മുള മുറിക്കുന്നവന്റെ കഥ" എന്ന കഥയുമായി ഈ വിശ്വാസത്തിന്റെ ആരംഭത്തെ ബന്ധപ്പെടുത്താം. ഈ കഥയില്‍ ഒരു ദേവത കൊടുമുടിയില്‍ അനശ്വരതയുടെ മരുന്ന് നിക്ഷേപിക്കുന്നു. ഹെന്രി സ്മിത്തിന്റെ അഭിപ്രായത്തില്‍ "അതുകൊണ്ട് ആദികാലം മുതല്‍ക്കേ മൌണ്ട് ഫൂജി മരണമില്ലാത്ത ജീവിതത്തിന്റെ രഹസ്യത്തിന്റെ ഉറവിടമായി കരുതപ്പെട്ടിരുന്നു. ഈ വിശ്വാസമാണ് മൌണ്ട് ഫൂജിയോട് ഹൊകുസായിക്കുള്ള അഭിനിവേശത്തിനുള്ള കാരണം"[3]

രാഷ്ട്രീയവും സാംസ്കാരികവുമായി ജപ്പാന്‍ ഒറ്റപ്പെട്ടിരുന്നതുകൊണ്ട് ഹൊകുസായിക്ക് പാശ്ചാത്യ ചിത്രകലയെക്കുറിച്ച് ഉപരിപ്ലവമായ അറിവ് ഉണ്ടായിരിക്കാനുള്ള‍ സാദ്ധ്യതയേ കല്‍പ്പിക്കുന്നുള്ളൂ

മൌണ്ട് ഫൂജിയുടെ മുപ്പത്താറ് ദൃശ്യങ്ങള്‍ എന്ന പരമ്പരയില്‍ നിന്നുള്ള ചില ഉകിയോ-ഇ മുദ്രണങ്ങള്‍:

പട്ടുതുണിയില്‍ ഛാ‍യം കൊണ്ട് വരച്ച്, തൂക്കിയിടുന്ന ചുരുളുകള്‍:

മറ്റ് ചിത്രങ്ങള്‍:

  • മൌണ്ട് ഫൂജിയുടെ നൂറു ദൃശ്യങ്ങള്‍ 富嶽百景 (1834)
  • ഹോകുസായിയുടെ സ്കെച്ചുകള്‍
  • മുക്കുവന്റെ ഭാര്യയുടെ സ്വപ്നം (ലൈംഗീകം)

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 1.6 Nagata, Seiji. "Hokusai: Genius of the Japanese Ukiyo-e." Kodansha International, 1995.
  2. Daniel Atkison and Leslie Stewart. "[http://www.csuchico.edu/art/contrapposto/contrapposto99/pages/essays/themefloating/hohusaimnt.html Life and Art of Katsushika Hokusai}" in From the Floating World: Part II: Japanese Relief Prints, catalogue of an exhibition produced by California State University, Chico. Retrieved 9 July 2007.
  3. 3.0 3.1 Smith, Henry D. II. “Hokusai: One Hundred Views of Mt. Fuji.” George Braziller, Inc., Publishers, NY, 1988.
  4. 4.0 4.1 4.2 4.3 4.4 4.5 4.6 Lane, Richard. “Hokusai: Life and Work.” E.P. Dutton, NY, 1989.
  5. from the Thirty-six Views of Mount Fuji by Katsushika Hokusai. Color woodcut, 10 × 15 inches; Metropolitan Museum of Art, New York

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

Commons:Category
വിക്കിമീഡിയ കോമണ്‍സില്‍ ഈ ലേഖനത്തോടു ബന്ധപ്പെട്ട കൂടുതല്‍ ചിത്രങ്ങള്‍ ലഭ്യമാണ്:
Persondata
NAME Hokusai, Katsushika
ALTERNATIVE NAMES
SHORT DESCRIPTION Major Japanese woodblock print artist
DATE OF BIRTH 1760
PLACE OF BIRTH Edo
DATE OF DEATH 1849
PLACE OF DEATH Edo

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -