വില്യം ലോഗന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലയില്‍ ഭരണപരിഷ്ക്കാരവും കാര്‍ഷികനിയമസംവിധാനവും സമുദായമൈത്രിയും കൈവരുന്നതിനനായി അത്യദ്ധ്വാനം ചെയ്ത പ്രഗല്‍ഭനായ ഭരണാധികാരിയും ന്യായാധിപനുമായിരുന്നു വില്ല്യം ലോഗന്‍. മലബാറിന്റെ കളക്ടറായിരുന്നുകൊണ്ട് തദ്ദേശവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും അവയ്ക്ക് പരിഹാരം കാട്ടാനും വില്യം ലോഗന്‍ പ്രകടമാക്കിയ താല്‍പര്യം മലബാര്‍ മാനുവല്‍ എന്ന ഗ്രന്ഥത്തിന്റെ രൂപത്തില്‍ കേരളചരിത്രത്തില്‍ ആ ബ്രിട്ടീഷുകാരനു സവിശേഷമായൊരു സ്ഥാനം നേടികൊടുത്തു.
ഉള്ളടക്കം |
[തിരുത്തുക] ജീവചരിത്രം
സ്കോട്ട്‌ലണ്ടിലെ വെര്‍വിക്ഷയറിലെ(ബര്‌വിക്ഷയര്‍)ഫെര്‍നികാസില്‍ ഒരു കര്‍ഷകകുടുംബത്തില്‍ 1841 മേയ് 17നാണ് അദ്ദേഹം ജനിച്ചത്. പിതാവ് ഡേവിഡ് ലോഗന്‍, മാതാവ് എലിസബത്ത് ഫേസ്റ്റി. എഡിന്‍ബര്‍ഗിനു സമീപത്തുള്ള മുസല്‍ബര്‍ഗ് സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. പഠനത്തില്‍ വളരെ മിടുക്കനായിരുന്ന വില്യം ഏറ്റവും ബുദ്ധിശാലിയായ വിദ്യാര്‍ത്ഥിക്കുള്ള ഡ്യൂക്‌സ് മെഡല്‍ അദ്ദേഹം കരസ്ഥമാക്കിയിരുന്നു. പിന്നീട് എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ ചേര്‍ന്നതിനോടൊപ്പം മദ്രാസ് സിവില്‍ സര്‍വീസ് പരീക്ഷയിലും അദ്ദേഹം പങ്കെടുത്തു. സിവില്‍ സര്‍വീസില്‍ അന്നുവരെ സമ്പന്നര്‍ക്കും ആഭിജാത കുടുംബങ്ങള്‍ക്കുമുണ്ടായിരുന്ന കുത്തക തകര്‍ത്ത് കര്‍ഷക കുടുംബത്തില്‍ പെട്ട അദ്ദേഹവും സ്ഥാനം നേടി.
[തിരുത്തുക] ഇന്ത്യയില്‍
1862 ല്‍ മദ്രാസ് സിവില്‍ സര്‍വീസില്‍ സേവനത്തിനായി അദ്ദേഹം ഇന്ത്യയില്‍ എത്തി. തമിഴ്, തെലുങ്ക്, മലയാളം എന്നീ പ്രാദേശികഭാഷാ പരീക്ഷകള്‍ പാസ്സായ ശേഷം ആദ്യം ആര്‍ക്കാട് ജില്ലയില്‍ അസിസ്റ്റന്റ് കളക്ടറായും ജോയിന്റ് മജിസ്ട്രേറ്റായും പിന്നീട് വടക്കേ മലബാറില്‍ സബ് കളക്റ്ററായും (1867) ജോയിന്റ് മജിസ്ത്രേറ്റായും നിയമിതനായി. 1872 ല്‍ അദ്ദേഹം നാട്ടിലേക്ക് മടങ്ങിപ്പോവുകയും ഒരു വര്ഷത്തിനുശേഷം മടങ്ങിയെത്തുകയും ചെയ്തു. ഇപ്രാവശ്യം തലശ്ശേരിയില്‍ വടക്കെ മലബാറിന്റെ ആക്റ്റിങ്ങ് ജില്ലാ സെഷന്സ് ജഡ്ജിയായും മലബാറിന്റെ കളക്ടറായി നിയമിതനായി. അടുത്ത വര്‍ഷം തെക്കേ മലബാറിന്റെ ആക്റ്റിങ്ങ് ജില്ലാ സെഷന്സ് ജഡ്ജിയായും നിയമിതനായി. തെക്കേ മലബാറിന്റെ ജില്ലാ നീതിപതിയായി സ്ഥാനമെടുത്തതോടെയാണ് അദ്ദേഹം മാപ്പിളത്താലൂക്കുകളിലെ കാര്‍ഷികപ്രശ്നങ്ങളെക്കുറിച്ചും കൊളോണിയല്‍ ഭരണം ഉണ്ടാക്കിയ കുടിയയ്മ പ്രശ്നത്തെക്കുറിച്ച് സമഗ്രമായി പഠിച്ചത്. 1875ല്‍ അദ്ദേഹം മലബാര്‍ കളക്റ്ററായി. അതേ സമയം തന്നെ അദ്ദേഹം ജില്ലാ മജിസ്റ്റ്രേറ്റായും പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് അദ്ദേഹം ആ ഭൂപ്രദേശത്തിന്റെ ജനകീയ പ്രശ്നങ്ങളില്‍ പ്രത്യേക താല്‍പര്യമെടുത്തു തുടങ്ങിയത്.
മലബാറിലെ മാപ്പിളത്താലൂക്കില്‍ നിലവിലുള്ള കാണ-ജന്മ മര്യാദയെപ്പറ്റി, വിശദമായി പഠിച്ച് സുദീര്‍ഘമായൊരു റിപ്പോര്‍ട്ട് തയ്യാറാക്കി. (1882) ഇത് മലബാര്‍ ടെനന്‍സി റിപ്പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്നു. ഇതേ വര്‍ഷം അദ്ദേഹം മദ്രാസ് സര്‍വകലാശാലയുടെ ഫെല്ലോ ആയി നിയമിക്കപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തിന് മദ്രാസ് റവന്യൂ ബോര്‌ഡിന്റെ മൂന്നാം ആക്റ്റിങ്ങ് മെംബറായി ഉദ്യോഗക്കയറ്റവും ലഭിച്ചു. അടുത്തവര്‍ഷം തിരുവിതാംകൂര്‍-കൊച്ചിയുടെ ആക്റ്റിങ്ങ് റസിഡന്റായി.(1883 മയ്-1884 ഫെര്‍ബുവരി)ഇതിനിടക്ക് മലബാര്‍ കുടിയായ്മ നിയമം സംബന്ധിച്ച റിപോര്‍ട്ടുണ്ടാക്കുന്ന പ്രത്യേക ജോലിയില്‍ അദ്ദേഹം പ്രവേശിച്ചു. 1884 ജൂലൈയില്‍ അട്ടപ്പാടി വാലി സംബന്ധിച്ച കേസ് നടത്തുവാനുള്ള ഊഴമായിരുന്നു. സൈലന്റ് വാലി ഉല്‍പ്പെടെയുള്ള അട്ടപ്പാടി വനപ്രദേശം കൈവശപ്പെടുത്താന്‍ ചിലര്‍ നടത്തിയ ഗൂഢാലോചന തകര്‍ത്തതും ലോഗന്‍ തന്നെ.
[തിരുത്തുക] മലബാര്‍ മാനുവല്‍
മലബാര്‍ മാനുവലിന്റെ രചനയാണ് വില്ല്യം ലോഗനെ അനശ്വരനാക്കിയത് എന്ന് പറയാം. താന്‍ സ്നേഹിച്ചു പരിചരിച്ച ജില്ലയുടെ ചരിത്രവും ഭൂമിശാസ്ത്രവും പ്രശ്നങ്ങളും വികസന സാധ്യതയും എല്ലാം പഠിച്ചു വിശദമായി വിശകലനം ചെയ്യുന്ന ഈടുറ്റ ചരിത്രരേഖയാണത്. ഇന്ത്യാ സര്‍ക്കാര്‍ ഇന്ത്യാ ഗസറ്റിയറും അതതു ജില്ലകളുടെ ചരിത്രത്തേക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന ജില്ലാ മാനുവലും തയ്യാറാക്കുന്ന സമഗ്രമായ പദ്ധതിയുടെ നടപ്പാക്കി. മലബാര്‍ ജില്ലയുടെ ചുമതല അദ്ദേഹത്തെയാണ് ഏല്പിച്ചത്. മാന്വലിന്റെ ഒന്നാമത്തെ വാല്യം 1887 ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. 1884-ല്‍ ഉണ്ടായ മാപ്പിള ലഹളയെക്കുറിച്ച് അദ്ദേഹം മാനുവലില്‍ പ്രതിപാദിച്ചിരുന്നു. ഇത് മദ്രാസ് സര്‍ക്കാര്‍ പിന്‍വലിക്കാനാവശ്യപ്പെട്ടെങ്കിലും അദ്ദേഹം മാപ്പിളലഹളയുടെ കാര്‍ഷിക പശ്ചാത്തലം എടുത്തുകാട്ടി. ഇതില്‍ എതിര്‍പ്പ് ഉള്ളതുകൊണ്ടായിരിക്കണം അദ്ദേഹത്തെ കടപ്പ ജില്ലയുടെ ഡിസ്ട്രിക്റ്റ്-സെഷന്‍സ് ജഡ്ജിയായി സ്ഥലം മാറ്റിയത്. (1888 സപ്തംബര്‍). എന്നാല്‍ രണ്ടുമാസത്തിനുശേഷം ഈ പദവി രാജിവെച്ചുകൊണ്ട് അദ്ദേഹം ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മാപ്പിളലഹളകളുടെ കാരണമായി മലബാറിലെ കുടിയായ്മ പ്രശ്നം അവതരിപ്പിച്ചതിന്റെ ശിക്ഷയായിട്ടായിരിക്കണം ജുഡീഷ്യറിയിലേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനമാറ്റം എന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു.
[തിരുത്തുക] കുടുംബം
1872ഡിസംബറില്‍ ആനി സെല്‍ബി ബുറല്‍ എന്ന യുവതിയെ അദ്ദേഹം വിവാഹം ചെയ്തു.ആവര്‍ക്ക് 1873ല്‍ ആദ്യ സന്താനം പിറന്നു. മേരി ഓര്‍ഡ് എന്ന പുത്രി തലശ്ശേരിയില്‍ വച്ചാണ് പിറന്നത്. പിന്നീട് വില്യം മല്‍കോന്‍ എന്ന പുത്രനും കോഴിക്കോട് വച്ച് അവര്‍ക്കുണ്ടായി. പിന്നീട് സ്കോട്ട്ലലണ്ടില്‍ വച്ച് 1877 ല്‍ എലിസബത്ത് ഹെലനും 1880 ല്‍ ഇളയമകളും ജനിച്ചു.
[തിരുത്തുക] അവസാനകാലം
1887-ല്‍ ഇന്ത്യ വിട്ടു. വീണ്ടും കുറേനാളുകള്‍ കൂടി ഇന്ത്യയില്‍ സേവനമനുഷ്ഠിച്ചശേഷം ഉദ്യോഗത്തില്‍ നിന്നു വിരമിച്ച് ഇംഗ്ലണ്ടിലേക്ക് മടങ്ങിയ വില്ല്യം ലോഗന്‍ നായാട്ട്, വെടിവെയ്പ്, ഗോള്‍ഫ് കളി എന്നിവ ആസ്വദിച്ച് ജീവിതസായാഹ്നം തള്ളി നീക്കി. അദ്ദേഹത്തിന് സ്വന്തം നാട്ടില്‍ നാല്‍ വീടുകള്‍ ഉണ്ടായിരുന്നു. എഡിന്‍ബറിലെ കോളിങ്ങടിണിലെ സ്വവസതിയില്‍ വച്ച് 1914- ഏപ്രില്‍ 3ന് അദ്ദേഹം അന്തരിച്ചു.
[തിരുത്തുക] വില്യം ലോഗന്റെ സംഭാവനകള്‍
[തിരുത്തുക] ഭരണാധികാരിയെന്ന നിലയില്‍
മലബാറിന്റെ സാമ്പത്തിക പുരോഗതിയില്‍ അദ്ദേഹം വളരെയധികം ശ്രദ്ധിച്ചിരുന്നു. തോട്ടവ്യവസയായ മേഖലയുടെ പ്രാധാന്യം മനസ്സിലാക്കിയ അദ്ദേഹം ലൈബീരിയന്‍ കാപ്പി, വാനില, കൊക്കോ, റബ്ബര്‍, തുടങ്ങിയ വിളകള്‍ വ്യാപിപ്പിക്കേണ്ടതിനായി ശുപാര്‍ശ നടത്തി. ശാസ്ത്രീയമായി കൃഷി നടത്താന്‍ പരീക്ഷണത്തോട്ടവും അവ പഠിപ്പിക്കുന്നതിനു ഗാര്‍ഡന്‍ സ്കൂളും അദ്ദേഹം ശുപാര്‍ശ ചെയ്തു. കോഴിക്കോട് തുറമുഖം വികസിപ്പിക്കാനായി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കി. തിരുവിതാംകൂറില്‍ റസിഡന്റ് ജോലി നോക്കുന്ന സമയത്ത് തിരുവനന്തപുരത്തേയും മധുര, കന്യാകുമാരിയേയും ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതിക്ക് അദ്ദേഹം ശുപാര്‍ശ ചെയ്തിരുന്നു. അട്ടപ്പാടിയിലെ സൈലന്റ് വാലി കയ്യടക്കാനുള്ള സ്വകാര്യ വ്യക്തികളുടെ പരിശ്രമത്തെ പരാജയപ്പെടുത്തിയത് അദ്ദേഹമാണ്. മാപ്പിള സ്കൂളുകള്‍ തുടങ്ങുവാന് നേതൃത്വം കൊടുത്തു.
മലബാറിലെ കുടിയായ്മ നിയമങ്ങളുടേയും സാമൂഹ്യപരിഷ്കാരങ്ങളുടേയും പിതാവാണ് വില്യം ലോഗന്‍. കുടിയാനു മണ്ണില്‍ സ്ഥിരാവകാശം നല്‍കുന്ന നിയമനിര്‍മാണം അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. മലബാറിലെ മരുമക്കത്തായം നിര്‍ത്തലാക്കാനും അദ്ദേഹം പരിശ്രമിച്ചു. എന്നാലേ സാമൂഹ്യപുരോഗതി കൈവരിക്കാനാവൂ എന്നദ്ദേഹം ശുപാര്‍ശ ചെയ്തു.
[തിരുത്തുക] കൃതികള്‍
- മലബാര്‍ മാനുവല്‍
- എ കലക്ഷന്‍ ഓഫ് ട്രീറ്റീസ്, എന്‍ഗേജ്മെന്റ്സ് ആന്‍ഡ് അദര്‍ പേപ്പര്‍സ് ഓഫ് ഇംപോര്‍ട്ടന്റ്സ് റിലേറ്റിങ്ങ് ടു ബ്രിട്ടീഷ് അഫയേര്‍സ് ഇന്‍ മലബാര്‍ (1879)-എഡിറ്റര്‍
- മിസ്റ്റര്‍ ഗ്രെയിംസ് ഗ്ലോസ്സറി ഓഫ് മലയാളം വേര്‍ഡ്സ് ആന്‌ഡ് ഫ്രേയ്സസ്. (1882)-(എഡിറ്റര്‍)
കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികള്‍ | ||
---|---|---|
മെഗസ്തനീസ് | പെരിപ്ലസുകാരന്‍ | പ്ലീനി |ടോളമി |ഫാഹിയാന്‍ | കാസ്മോസ് | ഹുയാന്‍ സാങ് | ഇ-റ്റ്സിങ് | സുലൈമാന്‍ | ഇബ്നു ഖുര്‍ദാദ്ബെ | അബു സെയ്ദ് | അല്‍ മസ്‌ഊദി | അല്‍ബറൂണി |അല്‍ ഇദ്‌രീസി | റബ്ബി ബെഞ്ചമിന്‍ | ചൗ കൂ ക്വാ | കോര്‍വിനോ | മാര്‍ക്കോ പോളോ | അബുല്‍ഫിദ | ഒഡോറിക് | ജോര്‍ഡാനുസ് | ഇബ്ന്‍ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂന്‍ | മാഹ്വാന്‍ | ഫെയ്സീന്‍ | അബ്ദുള്‍ റസാഖ് | പെറോ ഡ കോവിള | വാസ്കോ ഡ ഗാമ | കബ്രാള്‍ | ബാര്‍ബോസ | വര്‍ത്തേമ | നികിതിന്‍ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീന്‍ | സീസര്‍ ഫെഡറിക് | ഫെറിയ | റാല്‍ഫ് ഫിച്ച് | ലിന്‍ ഷോട്ടന്‍ | പിട്രോ ഡെല്ല വെല്ലി | ലാവല്‍ | ഡി പൈവ | ജോണ്‍ ഫ്രയര്‍ | ന്യൂഹോഫ് | ടവണിയര്‍ | ബര്‍ത്തലോമ്യോ | വിഷര്‍ പാതിരി | ഹാമില്‍ട്ടണ്‍ | ഫോര്‍ബാസ് | ഫ്രാന്‍സിസ് ബുക്കാനന്‍ | ക്ലോഡിയസ് ബുക്കാനന്‍ | ജോര്‍ജ്ജ് വുഡ്കോക്ക് | വില്യം ലോഗന്‍ |