യോര്‍ദ്ദാന്‍പുരം പള്ളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
യോര്‍ദ്ദാന്‍പുരം മാര്‍ ഗ്രീഗോറിയോസ് പള്ളി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനത്തില്‍ പെട്ട ഇടവകയാണ്. ഈ പള്ളി സ്ഥിതി ചെയ്യുന്നത് കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കിലെ പാണ്ടനാട് വില്ലേജില്‍ വന്മഴി എന്ന കൊച്ചു ഗ്രാമത്തിലാണ്. ഒരു ചെറിയ കുന്നിന്‍ മുകളിലാണ് പരിശുദ്ധ പരുമല തിരുമേനിയാല്‍ സ്ഥാപിതമായ ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ഈ ദേവാലയം നാനാജാതി മതസ്ഥര്‍ക്കും അനുഗ്രഹം ചൊരിയുന്ന പുണ്യകേന്ദ്രമായി വര്ത്തിക്കുന്നു [അവലംബം ചേര്‍ക്കേണ്ടതുണ്ട്]. ഈ പള്ളി സ്ഥാപിച്ചിരിക്കുന്നത് വി. യൂഹാനോന്‍ മാംദാനായുടെ നാമത്തിലാണ്. 2004 ലാണ് ഈ പള്ളി പുതുക്കി പണിത് യോര്‍ദ്ദാന്‍പുരം എന്ന് അറിയപ്പെട്ടത്. അതുവരെയും കാളികുന്ന് പള്ളി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഈ പള്ളി ഇവിടെ സ്ഥാപിക്കാനുള്ള കാരണം പരിശുദ്ധ പരുമല തിരുമേനിയുടെ പാവങ്ങളോടുള്ള സ്നേഹമായിരുന്നു. അക്ഷരം പോലും അറിയാത്ത സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്ന ഒരു കൂട്ടം പുലയ ജാതിയില്‍ പെട്ട പാവങ്ങളെ ചേറ്റില്‍നിന്നും തിരുമേനിയുടെ കരങ്ങളാല്‍ ഈ കാളികുന്നിലേക്ക് പിടിച്ചു കയറ്റി ജീവനുള്ള ദൈവത്തെ ആരാധിക്കുവാന്‍ പഠിപ്പിച്ചു. ആ സമൂഹത്തിനായാണ് ഈ പള്ളി ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 1890-ലാണ് തിരുമേനി ഈ പള്ളീ ഇവിടെ സ്ഥാപിച്ചത്. അന്ന് 300ല്‍ അധികം കുടുംബങ്ങളെ തിരുമേനി മാമോദീസ മുക്കി സഭയോടു ചേര്‍ത്തിരുന്നു. ഇന്ന് കേവലം 24 കുടുംബങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇവര്‍ക്കു തന്നെ നിലനില്‍ക്കുവാന്‍ ആവില്ലെന്നു കണ്ട സഭ ചെങ്ങന്നൂര്‍ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ പെട്ട് കുറച്ചു കുടുംബങ്ങളെ ഈ പള്ളിയിലേക്ക് 1978-ല്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഈ ഇടവകയില്‍ ആകെ 102 കുടുംബങ്ങളാണുള്ളത്. ചെങ്ങന്നുര്‍ ഭദ്രാസനാധിപന്‍ അഭി. തോമസ് മാര്‍ അത്താനാസിയോസ് തിരുമേനിയുടെ നേരിട്ടുള്ള ഭരണത്തിലാണ് ഈ ദേവലയം ഇപ്പോള്‍. വികാരിയായി സേവനം അനുഷ്ടിക്കുന്നത് റവ. ഫാ. സ്റ്റീഫന്‍ വര്‍ഗീസ് അച്ചനാണ്. അച്ചന്റെ സ്വദേശം പന്തളത്തിനടുത്ത് കുടശ്ശനാട് എന്ന സ്ഥലത്താണ്.