മലയാളം വിക്കിപീഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മലയാളം വിക്കിപീഡിയയുടെ പ്രധാന താള്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍

സ്വതന്ത്ര ഓണ്‍ലൈന്‍ ‍വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ . അറിവു പങ്കു വെക്കാനും, ഉയര്‍ന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുകയും, പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓണ്‍ലൈന്‍ സമൂഹമാണ് വിക്കീപീഡിയയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.


ഉള്ളടക്കം

[തിരുത്തുക] മലയാളം വിക്കിപീഡിയയുടെ തുടക്കം

2002 ഡിസംബര്‍ 21-നു അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശിയായ വിനോദ് മേനോന്‍ എം. പി യാണ് മലയാളം വിക്കിപീഡിയയ്ക്കു തുടക്കം ഇട്ടതു. അദ്ദേഹം തന്നെയായിരുന്നു തുടര്‍ന്ന് രണ്ട് വര്‍ഷത്തോളംമലയാളം വിക്കിയെ സജീവമായി വിലനിര്‍ത്താന്‍ പ്രയത്നിച്ചതും. കുറേ കാലത്തോളം അദ്ദേഹം ഒറ്റയ്ക്കായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. മലയാളം വിക്കിപീഡിയയുടെ ആരംഭകാലങ്ങളില്‍ ഉണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു.


[തിരുത്തുക] മറ്റ് ഇന്ത്യന്‍ ഭാഷകളിലുള്ള വിക്കിപീഡിയകള്‍

2001 , ജനുവരി 15-നു ഇംഗ്ലീഷിലാണ് ആദ്യ വിക്കിപീഡിയ തുടങ്ങുന്നത്. 2001 മാര്‍ച്ച് 16നു ആരംഭിച്ച ജര്‍മ്മന്‍ ഭാഷയിലുള്ള വിക്കിപീഡിയയാണ് രണ്ടാമത്തെ വിക്കിപീഡിയ. തുടര്‍ന്നുള്ള മാസങ്ങളില്‍ ഫ്രഞ്ച്, ചൈനീസ്, ഡച്ച്, ഹീബ്രു, ഇറ്റാലിയന്‍, റഷ്യന്‍ തുടങ്ങിയ ഭാഷകളില്‍ വിക്കിപീഡിയ ആരംഭിച്ചു.

വര്‍ഷം ഒന്നു കഴിഞ്ഞ് 2002 പകുതി ആയിട്ടും ഒരു ഇന്ത്യന്‍ ഭാഷയില്‍ പോലും വിക്കി ആരംഭിക്കാനുള്ള ശ്രമങ്ങള്‍‍ ഉണ്ടായില്ല. ഈ വഴിക്കുള്ള ആദ്യത്തെ ശ്രമം ഉണ്ടായത് 2002 ജൂണ്‍ മാസത്തില്‍ പഞ്ചാബി, അസ്സാമീസ്, ഒറിയ ഭാഷകളില്‍ ഉള്ള വിക്കിപീഡിയ ആരംഭിച്ചപ്പോഴാണ്. പക്ഷെ നിര്‍ഭാഗ്യകരം എന്നു പറയട്ടെ ഇന്ത്യന്‍ ഭാ‍ഷകളിലെ ആദ്യത്തെ വിക്കിപീഡിയകളായ ഇവ മൂന്നും ഇപ്പോള്‍ നിര്‍ജീവം ആണ്. ഈ മൂന്നു വിക്കിപീഡിയയിലും ലേഖനങ്ങളുടെ എണ്ണം ഇപ്പോഴും 250-ല്‍ താഴെയാണ്. ഈ മൂന്നു ഭാഷകള്‍ കഴിഞ്ഞാല്‍ വേറൊരു ഇന്ത്യന്‍ ഭാഷയില്‍ വിക്കിപീഡിയ ആരംഭിക്കുന്നത് മലയാളത്തിലാണ്.

മലയാളത്തിനു ശേഷം 2003-ഫെബ്രുവരിയില്‍‍ ബീഹാറി, മെയ് 2003-നു മറാഠി, ജൂണ്‍ 2003-നു കന്നഡ, ജൂലൈ 2003-നു ഹിന്ദി, സെപ്തംബര്‍ 2003-നു തമിഴ്, ഡിസംബര്‍ 2003-നു തെലുഗ്, ഗുജറാത്തി, ജനുവരി 2004-നു ബംഗാളി എന്നിങ്ങനെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഉള്ള വിക്കിപീഡിയകള്‍ ആരംഭിച്ചു.

[തിരുത്തുക] മലയാളം യൂണിക്കോഡും വിക്കീപീഡിയയും

മലയാളം പോലുള്ള ഭാഷകള്‍ക്ക് കമ്പ്യൂട്ടറില്‍ എഴുതാനും വായിക്കാനുമുപയോഗിക്കുന്ന ലിപിവ്യവസ്ഥകളില്‍ ആദ്യമൊന്നും പൊതുവായ ഒരു മാനദണ്ഡമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഇത്തരം ഭാഷയില്‍ എഴുതുന്ന ലേഖനങ്ങള്‍ വായിക്കാന്‍ പ്രസ്തുത ലേഖനം എഴുതിയ ആള്‍ ഉപയോഗിച്ച ഫോണ്ടും കമ്പ്യൂട്ടര്‍ വ്യവസ്ഥയും തന്നെ ഉപയോഗിക്കണം എന്ന സ്ഥിതി ആയിരുന്നു. യുണികോഡ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടര്‍ ലിപിവ്യവസ്ഥ വന്നതോടുകൂടി മലയാളം കമ്പ്യൂട്ടറിനു വഴങ്ങുന്ന ഒന്നായി. എല്ലാഭാഷയ്ക്കും തനതായ ലിപിസ്ഥാനങ്ങല്‍ നിശ്ചയിച്ചുകൊണ്ട് അന്താരാഷ്ട്രതലത്തില്‍ നിലവില്‍ വന്നിട്ടുള്ള സംവിധാനമാണ് യുണികോഡ്. മലയാളം യൂണിക്കോഡ് സാര്‍‌വത്രികമായി ഉപയോഗിക്കുവാന് തുടങ്ങിയതോടെയാണ്‌ മലയാളം വിക്കിപ്പീഡിയ സജീവമായത്.

[തിരുത്തുക] മന്ദഗതിയിലുള്ള വളര്‍ച്ച

പക്ഷെ ഒന്നോ രണ്ടോ പേര്‍ ചേര്‍ന്ന് ഇത്രയും ബൃഹത്തായ ഒരു പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നത് അസാദ്ധ്യം ആയതിനാല്‍ മലയാളം വിക്കിപീഡിയയുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. 2002-ല്‍ തുടങ്ങിയിട്ടും 2004 വരെ മലയാളം വിക്കിയില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. 2004 മധ്യത്തോടെ മലയാളം യുണിക്കോഡ് എഴുത്തു സാമഗ്രികള്‍ സജീവമായിത്തുടങ്ങിയിരുന്നു. ബ്ലോഗുകളിലും മറ്റും പ്രചരിച്ച ഇത്തരം ടൈപ്പിങ്ങ് ഉപകരണങ്ങളുടെ സഹായത്തോടെ ഏതാനും പേര്‍ വിക്കിപീഡിയയിലും സ്ഥിരമായി എത്തിത്തുടങ്ങി. മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും ഇക്കാലത്ത് ചെറിയ ലേഖനങ്ങളായിരുന്നു അധികവും. അവ മൊത്തത്തില് നൂറെണ്ണം പോലും തികഞ്ഞിരുന്നുമില്ല. 2004 ഡിസംബറിലാണ് മലയാളം വിക്കിയില്‍ നൂറു ലേഖനങ്ങള്‍ തികയുന്നത്. 2005 മധ്യത്തോടെ പിന്നെയും പുതിയ അംഗങ്ങള്‍ എത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാള്‍ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങള്‍ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറില്‍ ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഒരു മാസത്തിനുശേഷം ഇതേയാള്‍ ആദ്യത്തെ ബ്യൂറോക്രാറ്റുമായി. ഇതോടെ സാങ്കേതിക കാര്യങ്ങളില്‍ മലയാളം വിക്കി ഏകദേശം സ്വയം പര്യാപ്തമായി.

[തിരുത്തുക] 2006-ലെ കുതിപ്പ്

മലയാളികള്‍ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യനുള്ള അജ്ഞത മൂലം മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. 2006ലാണ് ഇതിനുമാറ്റം കണ്ടുതുടങ്ങിയത്. യൂണീക്കോഡ് മലയാളം ഉപയോഗിച്ച് കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലും ഉള്ള അനേകര്‍ മലയാളത്തില്‍ ബ്ലോഗു ചെയ്യുവാന്‍ തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ്ങ് അനായസം പഠിച്ചെടുത്ത ഇവരില്‍ പലരുടേയും ശ്രദ്ധ ‍ക്രമേണ വിക്കിപീഡിയയിലേക്ക് തിരിഞ്ഞു. അങ്ങനെ കുറച്ച് സജീവ പ്രവര്‍ത്തകര്‍ വിക്കിപീഡിയയിലെത്തിയതോടെ ലേഖനങ്ങളുടെ എണ്ണവും ഉള്ളടക്കത്തിന്റെ വൈവിധ്യവും മെച്ചപ്പെട്ടു. 2006 ഏപ്രില്‍ 10ന് മലയാളം വിക്കിയില്‍ അഞ്ഞൂറാമത്തെ ലേഖനം പിറന്നു. ലേഖനങ്ങളുടെ എണ്ണം അതേവര്‍ഷം സെപ്റ്റംബറില്‍ 1000-വും, നവംബറില്‍ 1500ഉം ആയി ഉയര്ന്നു. ഈ കുതിപ്പ് ഇപ്പോഴും തുടരുകയാണ്. 2007 ജനുവരി 15-നു ലേഖനങ്ങളുടെ എണ്ണം 2000-ഉം, ജുണ്‍ 30ന് 3000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ലും മലയാളം വിക്കിപീഡിയ പിന്നിട്ടു . നിലവില്‍ മലയാളം വിക്കിയില്‍ 6,616 ലേഖനങ്ങള്‍ ഉണ്ട്.

[തിരുത്തുക] മലയാളം വിക്കികളില്‍ ലേഖനം എഴുതാനുള്ള ഉപാധികള്‍

വായിക്കാനെന്നപോലെ കമ്പ്യൂട്ടറില്‍ മലയാളം എഴുതാനും എളുപ്പമാണ്. അതിനുവേണ്ടിയുള്ള പല പ്രോഗ്രാമുകളും ഇന്ന്‌ ലഭ്യമാണ്. ഭൂരിപക്ഷം പേരും മൊഴി വ്യവസ്ഥയിലുള്ള Transliteration സാമഗ്രി ഉപയൊഗിച്ചാണ് മലയാളം ടൈപ്പ് ചെയ്യുന്നത്.

എഴുതേണ്ട മലയാളവാക്കുകള്‍ക്കു സമാനമായി ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് ടൈപ്പുചെയ്യുന്ന മംഗ്ലീഷ് രീതിയെ ശാസ്ത്രീയമായി ലിപിമാറ്റം അഥവാ Transliteration എന്നു പറയുന്നു. ലിപിമാറ്റം തന്നെ പല രീതിയിലും ആവാം. ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള ലിപിമാറ്റരീതി ‘മൊഴി’ എന്ന വ്യവസ്ഥയാണ്. 1998 മുതല്‍ പ്രചാരത്തിലുള്ള മൊഴിയില്‍ മലയാളികള്‍ പൊതുവായി ഉപയോഗിക്കുന്ന മം‌ഗ്ലീഷ് കീ കോമ്പിനേഷന്‍ തന്നെയാണ് ഒരോ മലയാള അക്ഷരത്തിനും ഉപയോഗിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ‘മൊഴി’ സമ്പ്രദായം വളരെ കുറഞ്ഞ സമയം കൊണ്ട് ആര്‍ക്കും പഠിക്കാവുന്നതേ ഉള്ളൂ.

മലയാളം വിക്കിയുടെ തുടക്കത്തില്‍ വരമൊഴി എന്ന പ്രോഗ്രാം ആണ് മലയാളം വിക്കി പ്രവര്‍ത്തകര്‍ മലയാളം ടൈപ്പ് ചെയ്യാന്‍‍ വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരുന്നത്. മലയാളം അക്ഷരങ്ങളുടെ മൊഴി സ്കീമിലുള്ള വിവിധ കീകോംബിനേഷന്‍ പഠിച്ചെടുക്കുന്നതോടെ അതേ കീകോമ്പിനേഷന്‍ ഉപയോഗിക്കുന്ന വേറെ ഉപാധികളും ഉപയോഗിക്കാം എന്നായി. അങ്ങനെ ബ്രൌസറിലേക്ക് നേരിട്ടു മലയാളം ടൈപ്പു ചെയ്യാവുന്ന ഒരു ടൂള്‍ ആയ കീമാന്‍ എന്ന പ്രോഗ്രം ഉപയോഗിക്കാന്‍ തുടങ്ങി.

ഈ അടുത്ത കാലത്ത് വേറെ ഒരു ബാഹ്യ ഉപകരണങ്ങളുടേയും സഹായം ഇല്ലാതെ വിക്കിയില്‍ നേരിട്ട് മലയാളം ടൈപ്പു ചെയ്യാവുന്ന ഒരു ഇന്‍ബില്‍റ്റ് ടൂളും വിക്കിയില്‍ കൂട്ടിച്ചേര്‍ത്തു.

മൊഴി സ്കീമില്‍ താല്പര്യം ഇല്ലാത്ത വേറെ ചിലര്‍ ഒരു മാതിരി എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ളടക്കം ചെയ്തിരിക്കുന്ന ഇന്‍‌സ്ക്രിപ്റ്റ് എന്ന ടൂള്‍ ഉപയോഗിക്കാന്‍ തുടങ്ങി.


[തിരുത്തുക] മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ സ്വഭാവം

വിക്കിപീഡിയയിലെ ഒരു ലേഖനത്തിനും കൃത്യമായൊരു രചയിതാവില്ല. അതായത്‌ ഒരു ലേഖനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പലരുണ്ടാവും. അവരുടെ കാഴ്ചപാടുകളും വ്യത്യസ്തമാവും. അതുകൊണ്ടുതന്നെ, എല്ലാവര്‍ക്കും ഒരു പോലെ യോജിക്കാനാവുന്ന ഒരു മധ്യമാ‍ര്‍ഗത്തിനേ വിക്കിയിലെ ലേഖനങ്ങളില്‍ നിലനില്‍പ്പുണ്ടാവൂ. അതായത്‌ വിക്കി വളരെ സ്വാഭാവികമായി തന്നെ നിഷ്പക്ഷത ഉറപ്പാക്കുന്നു. കാശ്മീര്‍, സിന്ധൂനദീതടസംസ്കാരം, ഇസ്രായേല്‍-പാലസ്തീന്‍ എന്നിങ്ങനെയുള്ള ഏറ്റവും കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളില്‍ പോലും ഏറ്റവും നിഷ്പക്ഷമായ സമീപനത്തിന് പേരുകേട്ടതാണ് ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങള്‍. വിക്കിപീഡിയയിലെ വിവരണം മാത്രമേ ഏതു പ്രശ്നത്തിന്റേയും രണ്ടു വശങ്ങളും ഒരുപോലെ വിവരിക്കുന്നുള്ളൂ എന്നു വിശ്വസിക്കുന്നവരിപ്പോള്‍ ഏറി വരികയാണ്. ഇങ്ങനെ അനേകം പേരുടെ കൂട്ടയ്മയില്‍ നിന്നാണ് ഓരോ ലേഖനങ്ങളുടേയും ആധികാരികത ആരുറപ്പാക്കപ്പെടുന്നത്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തെറ്റെഴുതിയാല്‍ തിരുത്താനും ആളുണ്ടെന്നര്‍ഥം.

എല്ലാവര്‍ക്കും എഴുതാനും മറ്റുള്ളവര്‍ എഴുതിയത് തിരുത്താനും പറ്റുന്ന ഒരു കൂട്ടായ്മയില്‍ നിന്ന് എങ്ങനെയാണ് ഒരു വിശ്വവിജ്ഞാനകോശം പിറക്കുക എന്നത് അല്‍ഭുതപ്പെടുത്തുന്ന കാര്യമാണ്। കൂടുതല്‍ കണ്ണുകള്‍ കാണുകയും തിരുത്തുകയുംചെയ്യുമ്പോള്‍ ലേഖനങ്ങളുടെ ഗുണനിലവാരം ഉയരുന്നു എന്നതാണ് മലയാളം വിക്കിപീഡിയയുടെയും മറ്റ് വിക്കികളുടെയുംപ്രവര്‍ത്തന തത്വം. ഉദാഹരണത്തിന് ഒറ്റവരി ലേഖനത്തെ മറ്റ് ഉപയോക്താക്കള്‍ വന്ന് കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്ത് വലുതാക്കി എടുക്കാറുണ്ട്. ചാലക്കുടി എന്ന ലേഖനം പത്തോളം പേര്‍ ചേര്‍ന്ന് 300-ഓളം തവണ വെട്ടിയും തിരുത്തിയും വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തും എഴുതിയതാണ്.


ഇങ്ങനെ അനേകം വിക്കിപീഡിയരുടെ ശ്രമഫലമായി ഇന്ന് മലയാളം വിക്കിപീഡിയയില്‍ ചെറുതും വലുതുമായി 6,616-ല്‍ ഏറെ ലേഖനങ്ങള്‍ ഉണ്ട്. എല്ലാ മാസവും മുന്നൂറോളം പുതിയ ലേഖനങ്ങള്‍ ചേര്‍ക്കപ്പെടുന്നു. പല ലേഖനങ്ങളും സചിത്ര ലേഖനങ്ങള്‍ ആണ്. ലേഖനങ്ങളിലെ ചിത്രങ്ങളും വിക്കിപീഡിയര്‍ തന്നെയാണ് സംഭാവന ചെയ്യുക. മലയാളം വിക്കിപീഡിയയില്‍ ഉള്ള ലേഖനങ്ങളില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട്, എ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദന്‍, മാണി മാധവ ചാക്യാര്‍, രാജാ രവിവര്‍മ്മ, തുടങ്ങിയവരുടെ ജിവചരിത്ര ലേഖനങ്ങള്‍, സിന്ധു നദീതട സംസ്കാരം, കേരളത്തിലെ നാട്ടുരാജ്യങ്ങള്‍, മാമാങ്കം , തുടങ്ങിയ ചരിത്ര ലേഖനങ്ങള്‍, സൂപ്പര്‍നോവ, ജ്യോതിശാസ്ത്രം, തുടങ്ങിയ ശാസ്ത്ര ലേഖനങ്ങള്‍, കേരളത്തിലെയും ലോകത്തിലെ പല സ്ഥലങ്ങളെയും കുറിച്ചുള്ള ഭൂമിശാസ്ത്ര ലേഖനങ്ങള്‍, ഇസ്ലാം മതം, ക്രിസ്തുമതം, ഹിന്ദുമതം, തുടങ്ങിയ മതപരമായ ലേഖനങ്ങള്‍, കണ്ണ്, ചെവി, ആന, വിശറിവാലന്‍ കൂരമാന്‍, തുടങ്ങിയ ജീവശാസ്ത്ര ലേഖനങ്ങള്‍, സദ്യ, ചോക്കളേറ്റ് കേക്ക്, തുടങ്ങിയ ഭക്ഷണ സംബന്ധിയായ ലേഖനങ്ങള്‍, ഖസാക്കിന്റെ ഇതിഹാസം, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (മലയാളചലച്ചിത്രം) തുടങ്ങിയ സിനിമ / നോവല്‍ സംബന്ധിയായ ലേഖനങ്ങള്‍, കുട്ടിയും കോലും, കിശേപ്പി, ക്രിക്കറ്റ്, തുടങ്ങിയ കളികളെക്കുറിച്ചുള്ള ലേഖനങ്ങള്‍, ലളിത കലകളെയും ക്ഷേത്രങ്ങളെയും കുറിച്ചുള്ള ലേഖനങ്ങള്‍, എന്നുവേണ്ട, മലയാളം അറിയാവുന്ന വായനക്കാര്‍ക്ക് വിജ്ഞാനപ്രദമായ എന്തും വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ക്ക് വിഷയമാവുന്നു.


[തിരുത്തുക] മറ്റെവിടെയും കാണാത്ത ലേഖനങ്ങള്‍

ഒരു വിജ്ഞാനകോശമെന്ന നിലയില്‍ വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രത്യേകത അതിനു കൈവരിക്കാവുന്ന വ്യാപ്തിയാണ്. ഒരു പേപ്പര്‍ വിജ്ഞാനകോശത്തിന് അതിന്റെ വലിപ്പത്തില്‍ നിയന്ത്രണം പാലിക്കേണ്ടതിനാല്‍ ഉള്‍ക്കൊള്ളിക്കാനുള്ളതിലേറെ ഒഴിവാക്കാനുള്ള വിഷയങ്ങളായിരിക്കും ഉണ്ടാവുക. ഇവിടെയാണ് വിക്കിപീഡിയ വ്യത്യസ്തമാകുന്നത്. ഓണ്‍-ലൈന്‍ വിജ്ഞാനകോശമായതിനാല്‍ വിജ്ഞാനപ്രദമായ ഏതു ചെറുവിഷയത്തെയും വിക്കി സ്വാഗതം ചെയ്യുന്നു. ഒരുദാഹരണമെടൂത്താല്‍, മലയാളത്തില്‍ പ്രസിദ്ധീകൃതമായ ചെറുതും വലുതുമായ വിജ്ഞാനകോശങ്ങളിലൊന്നും ഒരുപക്ഷേ കുട്ടിയും കോലും എന്ന കളിയെക്കുറിച്ച് ഒരു ലേഖനം കണ്ടേക്കില്ല. വളരെ നിസാരമെന്നു തോന്നാവുന്ന ഈ വിഷയത്തെക്കുറിച്ചും അറിയാന്‍ താല്പര്യമുള്ളവര്‍ക്കാണും എന്നതില്‍ സംശയമില്ലല്ലോ. മലയാളം വിക്കിപീഡിയയില്‍ ഏറ്റവും താല്പര്യത്തോടെ തിരുത്തപ്പെടുന്ന ലേഖനങ്ങളിലൊന്നാണിത്.

കേരളത്തിനുള്ളിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചു തന്നെ സമഗ്രമായ വിവര ശേഖരമൊന്നും ഇന്റര്‍നെറ്റില്‍ കിട്ടിയേക്കില്ല. ഉള്ളവയാകട്ടെ കേവലം ട്രാവല്‍ ഗൈഡിന്റെ സ്വഭാവമുള്ളതായിരിക്കും. ഈ ഒരു കുറവുനികത്താനും വിക്കിയിലെ ഉപയോക്താക്കള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ചാലക്കുടി എന്ന ലേഖനം ഉദാഹരണം.

നമ്മുടെ സ്കൂളുകളിലെ പഠനസമ്പ്രദായങ്ങള്‍ വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകുന്ന ഇക്കാലത്ത് പാഠപ്പുസ്തകത്തിനപ്പുറമുള്ള വിവരശേഖരണം പ്രധാനമാണല്ലോ. സ്കൂളുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിച്ചുവരുന്നതിനാല്‍ കുട്ടികള്‍ക്ക് മലയാളം വിക്കിപീഡിയ പ്രയോജനപ്പെടുത്താ‍നുള്ള അവസരമുണ്ട്. ചരിത്രം, ഭൂമിശാ‍സ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളില്‍ മലയാളം വിക്കിപീഡിയയിലുള്ള ലേഖനങ്ങള്‍ വിജ്ഞാനപ്രദമാണ്.

[തിരുത്തുക] മലയാളം വിക്കീപീഡിയയുടെ സഹോദര സംരംഭങ്ങള്‍

വിക്കിപീഡിയ എന്ന ഓണ്‍‌ലൈന്‍ വിജ്ഞാനകോശത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയെത്തുടര്‍ന്ന് വിക്കിമീഡിയ ഫൌണ്ടേഷന്‍ ഇതര വിവരശേഖരണ മേഖലകളിലേക്കും ശ്രദ്ധതിരിച്ചു. സ്വതന്ത്ര ബഹുഭാഷാ നിഘണ്ടുവായ വിക്‍ഷ്ണറി, പഠനസഹായികളും മറ്റും ചേര്‍ക്കുന്ന വിക്കിബുക്ക്സ്, സിറ്റിസണ്‍ ജേണലിസത്തെ പ്രോത്സാഹിപ്പിക്കുന്ന വിക്കിന്യൂസ്, പകര്‍പ്പവകാശകാലാവധി കഴിഞ്ഞ പുസ്തകങ്ങള്‍ ശേഖരിച്ചുവയ്ക്കുന്ന വിക്കിസോഴ്സ്, ഓണ്‍‌‌ലൈന്‍ പരിശീലനം നല്‍കുന്നു വിക്കിവാഴ്സിറ്റി, ചൊല്ലുകള്‍ ശേഖരിച്ചുവയ്ക്കുന്ന വിക്കിക്വോട്ട്സ് എന്നിങ്ങനെ ഒട്ടേറെ സഹോദര സംരംഭങ്ങള്‍ വിക്കിപീഡിയയ്ക്കുണ്ട്. ഇതില്‍ വിക്കിസോഴ്സ് മലയാളത്തില്‍ വിക്കിവാ‍യനശാല എന്ന പേരിലും, വിക്ക്ഷ്ണറി വിക്കിനിഘണ്ടു എന്ന പേരിലും, വിക്കിബുക്സ് വിക്കിപുസ്തകശാല എന്ന പേരിലും വിക്കിക്വോട്സ് വിക്കിചൊല്ലുകള്‍ എന്ന പേരിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പദ്ധതികളെല്ലാം തന്നെ മലയാളത്തില്‍ ശൈശവദശയിലാണെന്നു പറയാം.

മേല്‍പ്പറഞ്ഞവയില്‍ മിക്കവയ്ക്കും മലയാളത്തില്‍ ഏറെ പ്രസക്തിയുണ്ട്. പകര്‍പ്പവകാശകാലാവധി കഴിഞ്ഞ് പൊതുസഞ്ചയത്തിലെത്തിയ ഒട്ടേറെ പുസ്തകങ്ങള്‍ നാ‍മിപ്പോഴും വിലകൊടുത്തു വാങ്ങേണ്ടിവരുന്നുണ്ട്. ഇതിനൊരു പരിഹാരമാണ് വിക്കിവായനശാല. അദ്ധ്യാത്മരാമായണം, സത്യവേദപുസ്തകം, വിശുദ്ധ ഖുറാന്‍, കുഞ്ചന്‍‌നമ്പ്യാരുടെ കൃതികള്‍, നാരായണീയം, കൃഷ്ണഗാഥ, ജ്ഞാനപ്പാന എന്നിങ്ങനെ ഒട്ടേറെ അമൂല്യ ഗ്രന്ഥങ്ങള്‍ മലയാളം വിക്കിസോഴ്സില്‍ സമാഹരിച്ചുവരുന്നു.

സൌജന്യ ബഹുഭാഷാ നിഘണ്ടു തയാറാക്കാനുള്ള പരിശ്രമങ്ങളും മലയാളം വിക്കിനിഘണ്ടുവില്‍ നടക്കുന്നുണ്ട്. മലയാളം വാക്കുകള്‍ക്ക് തത്തുല്യമായ ഇതരമലയാള പദങ്ങളും അന്യഭാഷാ പദങ്ങളും ചേര്‍ത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ ഈ സംരംഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ആവശ്യമായ പഠനസഹായികളും മറ്റും പുതുതായി രചിച്ചു ചേര്‍ക്കുന്ന വിക്കിപുസ്തകശാലയും കേരളീയര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. നിലവില്‍ ഈ സംരംഭത്തില്‍ വലിയ പ്രവര്‍ത്തനങ്ങളില്ല. എന്നാല്‍ മത്സരപ്പരീക്ഷാ സഹായികള്‍, വിനോദയാത്രാ സഹായികള്‍, പഠനസഹായികള്‍ എന്നിവ ആര്‍ക്കും രചിച്ചുചേര്‍ക്കാവുന്ന ഈ പദ്ധതി വരും കാലങ്ങളില്‍ ഏറെപ്രയോജനപ്പെട്ടേക്കും.

മലയാളം വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളും അവയുടെ വെബ്‌വിലാസങ്ങളും താഴെച്ചേര്‍ക്കുന്നു:

[തിരുത്തുക] ഇതും കാണുക

മലയാളം ബ്രിട്ടാനിക്ക

ആശയവിനിമയം
ഇതര ഭാഷകളില്‍