കുര്‍ബാന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ കുര്‍ബാന അല്ലെങ്കില്‍ കുര്‍ബാന കദീശ (ܩܘܪܒܢܐ ܩܕܝܫܐ qûrbānâ qadîšâ, qurbono qadisho എന്ന് സുറിയാനി ഭാഷയില്‍ ഉച്ചാരണം) കല്‍ദായ, സുറിയാനി രീതികള്‍ പ്രകാരമുള്ള ദിവ്യബലി അല്ലെങ്കില്‍ വിശുദ്ധ സമര്‍പ്പണം ആണ്. സീറോ മലബാര്‍, കിഴക്കിന്റെ അസ്സീറിയന്‍ എന്നീ റീത്തുകള്‍ കല്‍ദായ രീതി പിന്തുടരുമ്പോള്‍, ഇന്ത്യന്‍ ഓര്‍ത്തഡോക്സ്, സിറിയന്‍ ഓര്‍ത്തഡോക്സ്, സീറോ മലങ്കര, മാരൊനൈറ്റ് എന്നീ റീത്തുകള്‍ സിറിയന്‍ രീതി പിന്തുടരുന്നു. സിറിയന്‍ പദമായ കുര്‍ബാന ഹീബ്രു പദമായ കുര്‍ബാനില്‍(קרבן) നിന്ന് ഉദ്ഭവിച്ചതാണ്.
കല്‍ദായ പാരമ്പര്യത്തിലെ അനഫോറ വിശുദ്ധ അദ്ദായിയുടെയും വിശുദ്ധ മാറിയുടെയും അനാഫോറയാണ്, സുറിയാനി പാരമ്പര്യത്തിലേത് വിശുദ്ധ യാക്കോബിന്റെയും. ഈ രണ്ടു ആരാധനാ രീതികള്‍ക്കും മൂന്നാം നൂറ്റാണ്ടോളം പഴക്കമുണ്ട്. അതിനാല്‍ത്തന്നെ ലോകത്തില്‍ ഉപയോഗത്തിലിരിക്കുന്ന ലിറ്റര്‍ജികളില്‍വച്ചുതന്നെ ഏറ്റവും പഴക്കം ചെന്ന ലിറ്റര്‍ജി ഇവയാണ്.
എല്ലാ വിശ്വാസികള്‍ക്കുംവേണ്ടി പരികര്‍മ്മം ചെയ്യപ്പെടുന്നതിനാല്‍ വിശുദ്ധ കുര്‍ബാന സമ്പൂര്‍ണ്ണ ആരാധനയായാണ് കരുതപ്പെടുന്നത്. മറ്റു തിരുക്കര്‍മ്മങ്ങള്‍ വിശ്വാസികളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി പരകര്‍മ്മം ചെയ്യപ്പെടുന്നു. ഈ തിരുക്കര്‍മ്മങ്ങളുടെ പൂര്‍ത്തീകരണമായി വിശുദ്ധ കുര്‍ബാന നിലകൊള്ളുന്നു. അതിനാല്‍ വിശുദ്ധ കുര്‍ബാന സമ്പൂര്‍ണ്ണ ബലി, അല്ലെങ്കില്‍ രാജകീയ ബലി ആയി അറിയപ്പെടുന്നു. സുറിയാനി പാരമ്പര്യത്തില്‍ വിശുദ്ധ കുര്‍ബാനയെ കൂദാശകളുടെ രാജ്ഞി എന്നും വിളിക്കുന്നു.