ചരണ്‍ സിംഗ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൌധരി ചരണ്‍സിംഗ് (ജനനം - 1902 ഡിസംബര്‍ 23, മരണം - 1987 മെയ് 29) ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1979 ജൂലൈ 28 മുതല്‍ 1980 ജനുവരി 14 വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിന്റെ കാലാവധി.
ചരണ്‍സിംഗ് സ്വാതന്ത്ര്യസമരത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം അദ്ദേഹം റാം മനോഹര്‍ ലോഹ്യയുടെ ഗ്രാമീണ സോഷ്യലിസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു തുടങ്ങി. അദ്ദേഹത്തീന്റെ രാഷ്ട്രീയ മണ്ഡലം പശ്ചിമഉത്തര്‍പ്രദേശും ഹരിയാനയുമായിരുന്നു. ഈ സ്ഥലങ്ങളില്‍ പ്രബലമായ ജാട്ട് സമുദായത്തിന്റെ അംഗമായിരുന്നു ചരണ്‍സിംഗ്. ജാട്ട് സമുദായത്തിന് പ്രിയങ്കരമായിരുന്ന ആശയമായിരുന്നു ഗ്രാമീണ സോഷ്യലിസം.
1977-ല്‍ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനതാ സഖ്യത്തില്‍ അംഗമായ ഭാരതീയ ലോക് ദള്‍ എന്ന പാര്‍ട്ടിയുടെ തലവനായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിപദം സ്വപ്നം കണ്ട അദ്ദേഹത്തിന് ജയപ്രകാശ് നാരായണന്‍ മൊറാര്‍ജി ദേശായിയെ പ്രധാനമന്ത്രിപദത്തിലേക്ക് പിന്തുണച്ചത് വലിയ തിരിച്ചടിയായി. അദ്ദേഹം ആ സമയത്ത് ഏറെക്കുറെ ആലങ്കാരിക പദവി മാത്രമായ ഉപപ്രധാനമന്ത്രിപദം കൊണ്ടു തൃപ്തിപ്പെട്ടു. പ്രതിപക്ഷത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായിരുന്ന ഇന്ദിരാഗാന്ധി അദ്ദേഹത്തിന് പ്രധാനമന്ത്രിപദത്തിന് കോണ്‍ഗ്രസിന്റെ പിന്തുണ വാഗ്ദാനം ചെയ്തു. ഇതില്‍ ആകൃഷ്ടനായി അദ്ദേഹം ലോക്ദളുമൊന്നിച്ച് ജനതാ സഖ്യത്തില്‍നിന്നു പിന്മാറി. ഇതോടെ ജനതാ സഖ്യം തകരുകയും മൊറാര്‍ജി ദേശായി രാജിവെക്കുകയും ചെയ്തു. വെറും 64 എം.പി. മാരുടെ പിന്തുണയോടെ ചരണ്‍സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ ലോക്സഭ ഒരിക്കല്പോലും കൂടിയില്ല. ലോക്സഭയുടെ ആദ്യത്തെ സമ്മേളനത്തിനു തലേദിവസം കോണ്‍ഗ്രസ് ഭാരതീയ ലോക്ദള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ താഴെവീഴുകയും ചെയ്തു. ചരണ്‍സിംഗ് രാജിവെച്ചു. പുതിയ തിരഞ്ഞെടുപ്പ് ആറു മാസത്തിനുശേഷം നടന്നു.
1987-ല്‍ മരണമടയുന്നതുവരെ അദ്ദേഹം ലോക്ദളിന്റെ പ്രതിപക്ഷനേതാവായിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ മകന്‍ അജിത് സിംഗ് പാര്‍ട്ടി അദ്ധ്യക്ഷനായി. കര്‍ഷകരുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ അദ്ദേഹം കാണിച്ച ശുഷ്കാന്തിയെ മാനിച്ച് ദില്ലിയിലെ അദ്ദേഹത്തിന്റെ സമാധി കിസാന്‍ ഘട്ട് എന്ന് നാമകരണം ചെയ്യപ്പെട്ടു.
മീറട്ട് സര്‍വകലാശാല അദ്ദേഹത്തിനെ അനുസ്മരിച്ച് ചൌധരി ചരണ്‍സിംഗ് സര്‍വകലാശാല എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
[തിരുത്തുക] അനുബന്ധം
ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍ |
---|
ജവഹര്‍ലാല്‍ നെഹ്റു • ഗുല്‍സാരിലാല്‍ നന്ദ • ലാല്‍ ബഹാദൂര്‍ ശാസ്ത്രി • ഇന്ദിരാ ഗാന്ധി • മൊറാര്‍ജി ദേശായി • ചരണ്‍ സിംഗ് • രാജീവ് ഗാന്ധി • വി പി സിംഗ് • ചന്ദ്രശേഖര്‍ • പി വി നരസിംഹ റാവു • എ ബി വാജ്പേയി • എച്ച് ഡി ദേവഗൌഡ • ഐ കെ ഗുജ്റാള്‍ • മന്മോഹന് സിംഗ് |